Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 14

ഉംറയില്‍ കണ്ട ഫക്കീര്‍

നജീബ് കുറ്റിപ്പുറം /ലൈക് പേജ്

        ഭാര്യ നസീമയോടൊപ്പം ഒരു ഉംറ നിര്‍വഹിക്കണമെന്നത് പെട്ടെന്നുള്ള തീരുമാനമായിരുന്നു. റമദാനില്‍ ഉംറ നിര്‍വഹിച്ച് പെരുന്നാള്‍ കഴിഞ്ഞു തിരിച്ചു പോരാനുള്ള വിധത്തില്‍ ഒരുങ്ങിയാണ് പുറപ്പെട്ടത്. മദീനയില്‍ ചെന്നാല്‍ എന്തെന്നില്ലാത്ത ഒരനുഭൂതി ഉണ്ട്. അവിടത്തെ മനുഷ്യര്‍ അന്‍സ്വാരികളെപ്പോലെ ആതിഥേയത്വത്തില്‍ ഇന്നും മാതൃകയാണ്. മദീനയിലെ പള്ളിയില്‍ കുറെ സമയം കഴിച്ചുകൂട്ടുമ്പോള്‍ ഉണ്ടാകുന്ന ഒരാനന്ദം ഒന്ന് വേറെ തന്നെയാണ്. മദീനയില്‍ ഒരു ദിവസം പള്ളിയില്‍ കയറി സുന്നത്ത് നമസ്‌കരിച്ച് കുറച്ച് സമയം ഇഅ്തികാഫ് ഇരിക്കാന്‍ നിയ്യത്ത് വെച്ചാണ് പുറപ്പെട്ടത്. 

പള്ളിയില്‍ കയറി സുന്നത്ത് നമസ്‌കരിച്ച ശേഷം ചുറ്റുമുള്ളവരെ നിരീക്ഷിക്കുന്നതിനിടയിലാണ് ആ കറുത്ത് മെലിഞ്ഞ മനുഷ്യനെ കണ്ണില്‍ പെട്ടത്. അയാള്‍ എന്നെ കണ്ട് പുഞ്ചിരി തൂകി. ഞാന്‍ തിരിച്ചും. പിന്നെ, ഇടക്കിടെ ഞങ്ങള്‍ പരസ്പരം നോക്കും, ചിരിക്കും. ആ മനുഷ്യന്റെ മുഷിഞ്ഞ വസ്ത്രവും തടിച്ച ചുണ്ടും വിടര്‍ന്ന കണ്ണുകളിലെ പ്രകാശവും മൂന്നര മണിക്കൂര്‍ നേരം എന്നെ നോക്കിയിരുത്തിയതെന്തിനായിരിക്കും എന്നോര്‍ത്തിരിക്കുന്നതിനിടയില്‍ ളുഹ്ര്‍ ബാങ്ക് വിളിച്ചു. ഒരിക്കല്‍ കൂടി പരസ്പരം പുഞ്ചിരി സമ്മാനിച്ച് നമസ്‌കാരത്തിന് വേണ്ടി ഞങ്ങള്‍ എഴുന്നേറ്റു. നമസ്‌കാര ശേഷം നന്നായൊന്ന് പ്രാര്‍ഥിച്ചു. വീണ്ടും ആ മനുഷ്യനിലേക്കെന്റെ കണ്ണുകള്‍ ചെന്നു. അദ്ദേഹവും എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എഴുന്നേറ്റ് സലാം പറഞ്ഞ് പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പേര് യൂനുസ്. സുഡാനില്‍ നിന്നാണ്. സംസാരത്തിലും പെരുമാറ്റത്തിലും ഒരു ഫക്കീറിന്റെയോ സ്വൂഫിയുടെയോ ഭാവം. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങി. രണ്ടാള്‍ക്കും രണ്ട് വഴിക്കാണ് പോവേണ്ടത്. എന്നെ ഒന്നാലിംഗനം ചെയ്തശേഷം യൂനുസ് പോക്കറ്റില്‍ തപ്പി നോക്കി. ഒന്നുമില്ല. ഒന്ന് പരതിയ ശേഷം കാലിലുണ്ടായിരുന്ന ചെരുപ്പ് ഊരി എന്റെ നേരെ നീട്ടി. ഞാന്‍ സ്തംഭിച്ചു പോയി. കൈയിലൊന്നുമില്ലാതിരുന്ന ആ മനുഷ്യന് ആകെയുള്ളത് തുന്നിച്ചേര്‍ത്ത ആ പഴയ ചെരുപ്പ് മാത്രമായിരുന്നു. അത് എനിക്ക് ഹദ്‌യയായി (സമ്മാനം) നല്‍കുകയാണ്. എന്റെ കണ്ഠമിടറി. പഴകി മുഷിഞ്ഞ വസ്ത്രം ധരിച്ച കറുത്ത കാരിരുമ്പനായ യൂനുസ് തനിക്കാകെ കൂടിയുള്ള തുന്നിച്ചേര്‍ത്ത ചെരുപ്പ് എനിക്ക് ഊരി നല്‍കുകയാണ്. ആ നിമിഷം അത് സ്വീകരിച്ച് വീട്ടില്‍ കൊണ്ടുപോയി കണ്ണാടിക്കൂട്ടില്‍ വെക്കാനുള്ള അതിയായ മോഹമുണ്ടായെങ്കിലും, ചുട്ടുപൊള്ളുന്ന വെയിലത്ത് യൂനുസിന്റെ കാലിന്റെ സ്ഥിതിയെന്തായിരിക്കുമെന്നോര്‍ത്ത് ഞാനത് സ്വീകരിക്കാതെ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. എന്തെല്ലാമോ കൈയിലുണ്ടായിട്ടും എന്തേ യൂനുസിനെ പോലെ എനിക്കങ്ങനെ ഒരു നിയ്യത്തില്ലാതെ പോയി എന്നോര്‍ത്ത് വല്ലാതെ ഞാന്‍ അസ്വസ്ഥനായി. അദ്ദേഹത്തിന്റെ കവിളില്‍ നിറയെ ഉമ്മ വെച്ചു. കുറെ നേരം അങ്ങനെ നിന്നു. അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് വേണ്ടി കേണപേക്ഷിച്ചുകൊണ്ട് ഒടുവില്‍ ഞങ്ങള്‍ സലാം പറഞ്ഞ് പിരിഞ്ഞു. രൂപത്തിലും ഭാവത്തിലും വസ്ത്രത്തിലുമൊന്നുമല്ല മനുഷ്യത്വമെന്ന് തിരിച്ചറിഞ്ഞ ഞാന്‍ വെയിലില്‍ ആള്‍ക്കൂട്ടത്തിലേക്ക് മായുന്നത് വരെ യൂനുസിനെ നോക്കി നിന്നു. 

ഇങ്ങനെ ധാരാളം മനുഷ്യരുണ്ട്. ആരുമറിയാതെ, ആരോടുമറിയിക്കാതെ ജീവിച്ചു തൃപ്തരാവുന്നവര്‍. സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവര്‍. നമ്മുടെയൊക്കെ സാഹചര്യങ്ങളും ചുറ്റുപാടുകളുമായിരിക്കും ഇങ്ങനെയൊരു ശുദ്ധപ്രകൃതിയില്‍ നിന്നും നിര്‍മല ഭാവത്തില്‍ നിന്നും നമ്മെ അകറ്റി പരുക്കരാക്കുന്നത്. ചിലപ്പോള്‍ എത്ര ശ്രമിച്ചിട്ടും മാറാത്ത നമ്മുടെ പോരായ്മകളുമാകാം. ചരിത്രത്തിലെ പ്രവാചകന്മാരുടെയും സ്വഹാബികളുടെയും മാതൃകകള്‍ പിന്തുടര്‍ന്ന് തെളിഞ്ഞ ഹൃദയത്തോടെ, നിറഞ്ഞ മനസ്സോടെ ജീവിക്കുന്ന ഇത്തരം മനുഷ്യരെ നാം അനുഭവിച്ചറിയുമ്പോഴാണ് അങ്ങനെയൊരു ജീവിതം ഇന്നും സാധ്യമാണെന്ന് തിരിച്ചറിയാനാവുക.

നമ്മുടെ കര്‍മങ്ങളുടെ വിശുദ്ധിക്കും ചിന്തകളുടെ നൈര്‍മല്യത്തിനും കഴിക്കുന്ന അന്നം മാത്രം നന്നായാല്‍ പോരാ. കണ്ണിന് നാം കൊടുക്കുന്ന അന്നം നന്നാവണമെങ്കില്‍ നല്ല കാഴ്ചകള്‍ നാം കാണേണ്ടിയിരിക്കുന്നു. നിരന്തരം നടന്ന് ചിരപരിചിതമായ ഒരേ വഴിയില്‍ നിന്ന് അല്‍പമെങ്കിലും മാറി, പ്രപഞ്ചനാഥന്റെ വിശാലമായ ലോകത്തിന്റെ ഉള്ളറകളിലെ കാഴ്ചകള്‍ കണ്ണുകള്‍ കൊണ്ട് കണ്ട് അകക്കണ്ണ് വഴി ഹൃദയത്തില്‍ എത്തേണ്ടതുണ്ട്.

നമ്മുടെ കാതിനും നല്ല അന്നം അനിവാര്യമാണ്. നല്ലത് കേള്‍ക്കാന്‍ നാം സമയം നീക്കിവെക്കേണ്ടതുണ്ട്. പ്രകൃതിയിലെ ജീവജാലങ്ങളൊക്കെ സ്രഷ്ടാവിനോട് കേഴുന്നുണ്ടാവാം. ശ്രദ്ധിച്ചു കേള്‍ക്കാന്‍ നമുക്ക് കാത് കൊടുത്തു നോക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /52-54
എ.വൈ.ആര്‍