Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 14

കച്ചവടത്തിന്റെ സകാത്ത് ഒറ്റ പ്രാവശ്യമോ?

ഇല്‍യാസ് മൗലവി

ഞങ്ങള്‍ പ്രസ്ഥാന ബന്ധുക്കള്‍ നടത്തുന്ന ഒരു ഭക്ഷ്യസംസ്‌കരണ വ്യവസായ യൂനിറ്റ് ഗള്‍ഫ് നാട്ടില്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത സ്ഥാപനത്തിന്റെ സക്കാത്ത് കണക്കാക്കിയിരുന്നത് സ്റ്റോക്കിലുള്ള സാധനങ്ങളുടെ വിലയും അറ്റാദായവും ചേര്‍ന്ന് അതിന്റെ രണ്ടര ശതമാനം (2.5%) ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം അറ്റാദായത്തിന്റെ രണ്ടര ശതമാനം മാത്രമാണ് സക്കാത്ത് കണക്കാക്കിയിരിക്കുന്നത്. സ്റ്റോക്കിലുള്ള വസ്തുക്കള്‍ക്ക് ഒറ്റപ്രാവശ്യം സക്കാത്ത് നല്‍കിയാല്‍ മതി എന്ന ചില പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ചാണ് ഈ വര്‍ഷം അറ്റാദായത്തിന് മാത്രം രണ്ടര ശതമാനം സക്കാത്ത് കണക്കാക്കിയത്. ഈ നിലപാട് സാധൂകരിക്കാവുന്നതാണോ? വിശദീകരണം പ്രതീക്ഷിക്കുന്നു. 

         കച്ചവടച്ചരക്കുകള്‍ക്ക് ഒരു പ്രാവശ്യം മാത്രമേ സകാത്ത് കൊടുക്കേണ്ടതുള്ളൂ എന്ന വാദം പ്രാമാണികമോ യുക്തി ഭദ്രമോ അല്ല. സര്‍വാംഗീകൃതമായതിന് വിരുദ്ധവുമാണത്. 10 ലക്ഷം രൂപ ബാക്കിയാക്കി ഒരാള്‍ മരിച്ചെന്ന് സങ്കല്‍പ്പിക്കുക. അയാള്‍ക്ക് അനന്തരാവകാശിയായി ഒരു മകന്‍ മാത്രമേ ഉള്ളൂ എന്നും വിചാരിക്കുക. ഈ 10 ലക്ഷം അവനുള്ളതാണ്. അനാഥകുട്ടിയുടെ സ്വത്ത് 10 ലക്ഷം രൂപ സകാത്തിന്റെ നിസ്വാബ് തികഞ്ഞ സംഖ്യയായതിനാല്‍ കുട്ടിയുടെ രക്ഷിതാവ് (സംരക്ഷകന്‍) അതിന്റെ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. അങ്ങനെ ഓരോ വര്‍ഷവും കൊടുത്താല്‍ ഈ സംഖ്യ കുറഞ്ഞുകൊണ്ടേയിരിക്കും. തന്റെ മുതല്‍ പരിപോഷിപ്പിക്കാനുള്ള പ്രായമോ പക്വതയോ ആ കുട്ടി പ്രാപിച്ചിട്ടില്ലാത്തതിനാല്‍ മറ്റൊരു പരിണതി പ്രതീക്ഷിക്കാനുമില്ല. ഈയൊരു ഗതിവരാതിരിക്കാന്‍ വേണ്ടി നബി (സ) ഇങ്ങനെ നിര്‍ദ്ദേശിച്ചു: ''നിങ്ങള്‍ അനാഥകളുടെ സമ്പത്ത് കച്ചവടത്തിലിറക്കുക. അല്ലെങ്കില്‍ അത് മുഴുവന്‍ സകാത്ത് കൊടുത്ത് തീര്‍ന്നു പോകും.'' പ്രവാചകന്‍ (സ) ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു:“''അറിഞ്ഞു കൊള്ളുക, ആരെങ്കിലും മുതലുള്ള ഒരു യതീമിന്റെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അവനതുകൊണ്ട് കച്ചവടം ചെയ്തുകൊള്ളട്ടെ. സകാത്ത് കൊടുത്ത് തീര്‍ന്നുപോകാന്‍ പാകത്തില്‍ വെറുതെ വെച്ചുകൊണ്ടിരിക്കരുത്.'' (തുര്‍മുദി: 642) 

ഇതേ കാര്യം ഉമറുബ്‌നുല്‍ ഖത്താബ് ഊന്നിപ്പറഞ്ഞതായി ഇമാം സുഫ്‌യാനുസ്സൗരിയില്‍ നിന്ന് ഇമാം ബഗവിയും റിപ്പോര്‍ട്ട് ചെയ്യുന്നു (ശറഹുസ്സുന്ന 6/63). സകാത്ത് കൊടുത്ത് തീര്‍ന്ന് പോകാതെ അനാഥകളുടെ സ്വത്ത് നിങ്ങള്‍ കാത്തുകൊള്ളുക. ഇത് ഇമാം ദാറഖുത്വ്‌നിയും രേഖപ്പെടുത്തിയിട്ടുണ്ട് (ദാറ ഖുത്വ്‌നി: 3/5, 1971). ഇക്കാര്യം ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്യുകയും സ്വഹീഹാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് (ബൈഹഖി: 4/107).

അനാഥകളുടെ സ്വത്ത് പോലും സകാത്ത് കൊടുത്ത് തീര്‍ന്നുപോയേക്കാമെന്നും അതിനിടവരുത്താതെ വല്ല ബിസിനസ്സ് സംരംഭങ്ങളിലും ഇറക്കി പരിപോഷിപ്പിക്കണം എന്നുമാണല്ലോ ഈ പറഞ്ഞത്. എങ്കില്‍ പിന്നെ ഒരു കച്ചവടക്കാരന്‍ തന്റെ മുതലിന് ഒരു പ്രാവശ്യം സകാത്ത് കൊടുക്കുകയും അതോടെ തന്റെ ബാധ്യത തീര്‍ന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുകയില്ലല്ലോ. നിസ്വാബ് തികഞ്ഞ പണത്തിന് എല്ലാ വര്‍ഷവും സകാത്ത് കൊടുക്കണം. ഇതിലാര്‍ക്കും സംശയമില്ല. വേറൊരാള്‍ തന്റെ പണംകൊണ്ട് വല്ല ചരക്കും വാങ്ങി ആ വസ്തു എത്ര വര്‍ഷം സൂക്ഷിച്ചാലും അതിന് സകാത്ത് കൊടുക്കേണ്ടതില്ല എന്ന് പറയുന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. 

ഒരാള്‍ തന്റെ പത്ത് ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചു. മറ്റൊരാള്‍ നല്ല ലാഭമുണ്ടാക്കാനായി ഭൂമി വാങ്ങി. എന്നിട്ടത് മറിച്ചു വില്‍ക്കാമെന്നും വെച്ചു. ഭീമമായ തോതില്‍ വിലവര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ വിലയും ലാഭവും പ്രതീക്ഷിച്ച് മൂന്ന് വര്‍ഷം വരെ അയാളത് വില്‍ക്കാതെ വെച്ചുകൊണ്ടിരുന്നു. ബാങ്കില്‍ നിക്ഷേപിച്ച വ്യക്തി വര്‍ഷം തോറും 2.5 ശതമാനം സകാത്ത് നല്‍കണം. വില്‍പനക്കായി ഭൂമി വാങ്ങിയ മറ്റേ വ്യക്തി സകാത്ത് നല്‍കേണ്ടതില്ലെന്നോ? അതിനാല്‍ കച്ചവടത്തിന്റെ സകാത്ത് മുതലും ആദായവും ചേര്‍ത്ത് കണക്കാക്കി, വര്‍ഷം തോറും കൊടുക്കണമെന്നാണ് ഇമാം ശാഫിഈ, അബൂ ഹനീഫ, ഇമാം അഹ്മദ് തുടങ്ങിയ ബഹുഭൂരിഭാഗം ഫുഖഹാക്കളുടെയും പക്ഷം (ബിദായത്തുല്‍ മുജ്തഹിദ് 1/269, ഇമാം ഇബ്‌നു റുഷ്ദ്).

ഇവിടെ ന്യായമായ പ്രതിബന്ധങ്ങള്‍ കാരണം കച്ചവടം മുടങ്ങിപ്പോയവരാണെങ്കില്‍ അവരുടെ ഒഴികഴിവുകള്‍ മനസ്സിലാക്കാമായിരുന്നു. അങ്ങനെ വരുമ്പോള്‍, എപ്പോഴാണോ വില്‍പന നടക്കുന്നത് അപ്പോള്‍ സകാത്ത് നല്‍കിയാല്‍ മതിയെന്നാണ് ഇമാം മാലികിന്റെ വീക്ഷണം (ഫിഖുഹുസ്സകാത്: അല്‍ മുന്‍തഖാ ശറഹുല്‍ മുവത്വ: 2/122). 

ചുരുക്കത്തില്‍ ഓരോ വര്‍ഷവും കണക്കുകൂട്ടി കച്ചവട ചരക്കുകളുടെ സ്റ്റോക്കെടുത്ത് മൂല്യം കണക്കാക്കി, കുറക്കാവുന്നത് കുറച്ച്, ചേര്‍ക്കാവുന്നത് ചേര്‍ത്ത് രണ്ടര ശതമാനം സകാത്ത് നല്‍കേണ്ടതാണ്. സര്‍വാംഗീകൃതവും ആധികാരികവുമായ അഭിപ്രായങ്ങള്‍ അവഗണിച്ച് ഒറ്റപ്പെട്ട, അതുതന്നെ ഒരു നിലയ്ക്കും പ്രാമാണികമല്ലാത്ത അഭിപ്രായങ്ങളുടെ പിന്നാലെ കൂടി അല്ലാഹുവോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ വീഴ്ച വരുത്താതിരിക്കുക. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /52-54
എ.വൈ.ആര്‍