ഇന്ത്യ എന്ന ആശയത്തിന് എന്ത് സംഭവിക്കുന്നു?
മുംബൈ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ടൈംസ് ഓഫ് ഇന്ത്യ (ജൂലൈ 21) ഒരു അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. 'പാവങ്ങള്‍ക്ക് കൊലക്കയര്‍, പണക്കാരധികവും രക്ഷപ്പെടുന്നു-ഇതാ തെളിവുകള്‍' എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ തലവാചകം. ദല്‍ഹിയിലെ ലോ കമീഷന്റെ സഹായത്തോടെ നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തിയതായിരുന്നു അന്വേഷണം. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ വധശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന 373 പേരുമായി സംസാരിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കൊലക്കയര്‍ കാത്തുകഴിയുന്നവരില്‍ നാലില്‍ മൂന്ന് പേരും പിന്നാക്ക വിഭാഗക്കാരോ മത ന്യൂനപക്ഷങ്ങളില്‍ പെട്ടവരോ ആണെന്ന് അവര്‍ കണ്ടെത്തി. അത്തരം തടവുകാരില്‍ 75 ശതമാനവും സാമ്പത്തികമായി വളരെ പിന്നാക്കവുമാണ്. ഭീകരതയുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ മരണം വിധിക്കപ്പെട്ടവരില്‍ 93.5 ശതമാനം ദലിതുകളോ മത ന്യൂനപക്ഷങ്ങളോ ആണ്. 23 ശതമാനത്തിന് സ്‌കൂള്‍ വിദ്യാഭ്യാസമില്ല. സ്‌കൂളില്‍ പോയവരില്‍ അധികവും സെക്കന്ററി ഘട്ടം പൂര്‍ത്തിയാക്കിയിട്ടുമില്ല. തങ്ങളുടെ കേസുകള്‍ നടക്കുമ്പോള്‍ കോടതിയില്‍ വരാന്‍ ഇവര്‍ക്ക് അനുവാദം നല്‍കാറില്ല. ഇടക്ക് അനുവാദം കിട്ടിയാല്‍ തന്നെ കോടതി വ്യവഹാരങ്ങള്‍ പിന്തുടരാന്‍ അവര്‍ക്ക് കഴിയാറുമില്ല. തങ്ങളുടെ അഭിഭാഷകരുമായി വേണ്ടവിധം ആശയവിനിമയം നടത്താന്‍ കഴിയാത്തതാണ് അതിന് പ്രധാന കാരണം. ഇവരില്‍ പലരും സെല്ലുകളില്‍ ഒറ്റക്ക് താമസിക്കുന്നത് കൊണ്ട് കടുത്ത മാനസിക സംഘര്‍ഷമനുഭവിക്കുകയാണ്. തങ്ങളെയൊന്ന് തൂക്കിലേറ്റിത്തരൂ എന്നു പോലും നിരാശയുടെ പാരമ്യത്തില്‍ അവര്‍ പറഞ്ഞുപോകുന്നു.
ഇതുപോലുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്ത് വെളിച്ചം കാണുകയുണ്ടായി. നടപടി ചട്ടങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് യാക്കൂബ് മേമനെ തൂക്കിലേറ്റിയതെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഈ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും. താന്‍ നിരപരാധിയാണ്, തന്നെ ചതിയില്‍ കുടുക്കുകയായിരുന്നു എന്നാണ് മേമന്‍ അവസാന നിമിഷം വരെ പറഞ്ഞുകൊണ്ടിരുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ 'റോ'യിലെ പ്രമുഖ ഓഫീസറായ ബി.രാമന്‍ എഴുതിയ കുറിപ്പ് മുംബൈ സ്‌ഫോടന പരമ്പരയിലെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ബി.രാമനെ അവിശ്വസിക്കേണ്ട കാര്യമില്ല. അക്കാലത്ത് 'റോ'യില്‍ പാകിസ്താന്‍ കാര്യങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. സ്‌ഫോടനങ്ങള്‍ നടക്കുന്ന സമയത്ത് വിദേശത്തായിരുന്ന യാക്കൂബ് മേമനെ ചില ധാരണകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെത്തിച്ചു അദ്ദേഹം. മാഫിയ തലവന്‍ ദാവൂദ് ഇബ്‌റാഹീമും സ്വന്തം സഹോദരന്‍ ടൈഗര്‍ മേമനും പാക് ചാരസംഘടനയുടെ സഹായത്തോടെയാണ് സ്‌ഫോടന പരമ്പര നടത്തിയത് എന്ന് വ്യക്തമായത് അതോടെയാണ്. അവരുടെ പങ്കാളിത്തം തെളിയിക്കുന്ന രേഖകളുമായാണ് യാക്കൂബ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അറിഞ്ഞുകൊണ്ട് താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ യാക്കൂബ്, താന്‍ ബാങ്കിലിട്ട പണം ഭീകര പ്രവൃത്തികള്‍ക്ക് സഹോദരന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു. മുംബൈ സ്‌ഫോടന പരമ്പരക്ക് തുമ്പുണ്ടാക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ച യാക്കൂബിനെ തൂക്കിലേറ്റരുതെന്നായിരുന്നു ബി. രാമന്‍ എഴുതിയ ലേഖനത്തില്‍ അഭ്യര്‍ഥിച്ചിരുന്നത്. മറ്റു ശിക്ഷകള്‍ നല്‍കുന്നതിന് അദ്ദേഹം എതിരായിരുന്നില്ല. രാമന്‍ 2013-ല്‍ അന്തരിക്കുകയും യാക്കൂബ് തൂക്കിലേറ്റപ്പെടുകയും ചെയ്തതോടെ ഇനി യഥാര്‍ഥ കുറ്റവാളികളെ പിടികൂടിയെങ്കില്‍ മാത്രമേ ബാക്കി വിവരങ്ങള്‍ പുറത്ത് വരൂ.
ഇന്ത്യയുടെ വ്യാപാര സിരാ കേന്ദ്രത്തില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷേ ശിക്ഷ നല്‍കുന്നത് കുറ്റവാളികള്‍ക്ക് തന്നെയാവണം. അവരുടെ ബന്ധുക്കള്‍ക്കായിക്കൂടാ. ഇതാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ഇനി ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് ശിക്ഷ നടപ്പാക്കുന്നതില്‍ എതിരഭിപ്രായമുണ്ടാവാനിടയില്ല. യാക്കൂബ് മേമനെ അയാളുടെ ജന്മദിനത്തില്‍ തന്നെ തൂക്കിക്കൊല്ലാന്‍ ധൃതി കാണിച്ചു എന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുകയാണ് ചെയ്തത്. നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിച്ചുകൊണ്ട് സുപ്രീം കോടതിയിലെ ഒരു ഉദ്യോഗസ്ഥന്‍ തന്റെ ജോലി ഒഴിവാക്കുകപോലുമുണ്ടായി.
ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറം കെടുത്തുന്ന ഒട്ടനവധി സംഭവ വികാസങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സംഘ്പരിവാര്‍ ശക്തികള്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറിയപ്പോള്‍ ഉയര്‍ത്തപ്പെട്ട പ്രധാന ചോദ്യം ഇന്ത്യ എന്ന ആശയത്തിന് എന്ത് സംഭവിക്കും എന്നതായിരുന്നു. ആ ചോദ്യത്തിന് ഇപ്പോള്‍ നമുക്ക് അടിക്കടിയായി ഉത്തരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. 'നാനാത്വത്തില്‍ ഏകത്വം' എന്ന, സ്വതന്ത്ര ഇന്ത്യയെ നിര്‍മിച്ച മഹത്തായ ആശയത്തെ നാലുപാട് നിന്നും വെട്ടിപ്പൊളിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സംഘ്പരിവാര്‍ ശക്തികള്‍. ചരിത്രത്തെയും വിദ്യാഭ്യാസത്തെയും കാവിവത്കരിക്കുന്നത് അതിന്റെ ഭാഗമാണ്. സുപ്രധാന അക്കാദമിക തസ്തികകളില്‍ ഒരു യോഗ്യതയുമില്ലാത്തവരെ തിരുകിക്കയറ്റുന്നു. ഹിന്ദുത്വ പ്രതിബദ്ധത മാത്രം മതി യോഗ്യതയായി. ഭരണനിര്‍വഹണത്തെ മാത്രമല്ല, നീതിന്യായ സംവിധാനങ്ങളെപ്പോലും അത് ബാധിച്ചുതുടങ്ങിയിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യദിന ചിന്തകളില്‍ ഇത്തരം വിഷയങ്ങളും കടന്നുവരണം.
Comments