Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 14

കൗമാരത്തെ കൈകാര്യം ചെയ്യേണ്ട വിധം

ഡോ. സമീര്‍ യൂനുസ് /കുടുംബം

        വളരെ വേദനയോടെ ആ ഉമ്മ പറഞ്ഞു: ''പത്ത് വര്‍ഷം മുമ്പ് എന്റെ ഭര്‍ത്താവ് മരണപ്പെട്ടു. അന്നെനിക്ക് മുപ്പത് വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു. എന്നെയും മുലകുടി പ്രായത്തിലുള്ള മകളെയും തനിച്ചാക്കിയാണദ്ദേഹം പോയത്. ശേഷമുള്ള എന്റെ ജീവിതം കേന്ദ്രീകരിച്ചിരുന്നത് അല്ലാഹുവിനുള്ള ഇബാദത്തുകളിലായിരുന്നു. അവളുടെ ഉപ്പയില്‍ നിന്നെനിക്ക് പകര്‍ന്ന് കിട്ടിയതായിരുന്നു അത്. അവളുടെ സന്തോഷത്തിനായി ഞാന്‍ ദുഖം സഹിച്ചു, അവളുറങ്ങാന്‍ ഞാന്‍ ഉറക്കമൊഴിച്ചു, അവളുടെ വിശപ്പ് മാറ്റാന്‍ ഞാന്‍ വിശപ്പ് സഹിച്ചു. രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ഞാന്‍ ചിന്തിക്കാതിരുന്നത് പോലും അവള്‍ക്കു വേണ്ടിയായിരുന്നു. എന്റെ ഭര്‍ത്താവ് അവളോട് പരുഷമായി പെരുമാറിയാലോ എന്നായിരുന്നു ഭയം. ഇന്ന് മകള്‍ വലുതായിരിക്കുന്നു. ഇപ്പോള്‍ അവള്‍ പ്ലസ്ടുവിനാണ് പഠിക്കുന്നത്. ഇതുവരെ കാണാത്ത ചില മാറ്റങ്ങള്‍ അവളുടെ പെരുമാറ്റത്തില്‍ ഞാനിന്ന് കാണുന്നു. അവള്‍ വലുതാകുമ്പോള്‍ എന്നെ പരിഗണിക്കുകയും പരിചരിക്കുകയും ചെയ്യുമെന്ന് കരുതിയ എന്റെ പ്രതീക്ഷകള്‍ അവള്‍ തച്ചുടച്ചിരിക്കുന്നു. 

''ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതാണ് അവളില്‍ നിന്ന് എനിക്ക് കിട്ടിയത്. എന്നോട് വിയോജിച്ച്, എന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. അവളുടെ ശബ്ദം എന്നെക്കാള്‍ ഉയരുന്നു. എന്റെ ഉപദേശങ്ങള്‍ക്കവള്‍ യാതൊരു വിലയും കല്‍പിക്കുന്നില്ല എന്നുമാത്രമല്ല അവക്ക് നേര്‍വിപരീതം കാണിക്കുകയും ചെയ്യുന്നു. പഠനത്തില്‍ യാതൊരു ശ്രദ്ധയും നല്‍കാതെ ഇന്റര്‍നെറ്റിന് മുന്നിലാണവളുടെ രാത്രികള്‍. കൂട്ടുകാരികളോടൊപ്പം ചുറ്റിക്കറങ്ങലിലും ഫോണ്‍വിളികളിലുമാണ് സമയം ചിലവഴിക്കുന്നത്. എന്നോടൊപ്പം പുറത്തിറങ്ങാന്‍ മടിക്കുന്ന അവള്‍ വീട്ടില്‍ നിന്ന് പോകുന്നതിലും തിരിച്ച് വരുന്നതിലും യാതൊരു വിലക്കുകളും പാലിക്കുന്നില്ല. അതിനെക്കുറിച്ച് ഓര്‍മപ്പെടുത്തുമ്പോള്‍ 'ഞാന്‍ ചെറിയ കുട്ടിയൊന്നുമല്ല' എന്ന മറുപടിയാണെനിക്ക് കിട്ടുന്നത്. 'എന്തിനാണ് ചെറിയ കുട്ടികളോടെന്ന പോലെ എന്നോട് പെരുമാറുന്നത്, എന്നെ നിങ്ങള്‍ക്ക് വിശ്വാസമില്ലേ?'  ഇത്തരത്തിലായിരിക്കും അവളുടെ വാക്കുകള്‍. അവസാനം അത്യുച്ചത്തില്‍ 'എനിക്ക് സ്വാതന്ത്ര്യമുണ്ട്' എന്ന അവളുടെ പ്രഖ്യാപത്തോടെയാണ് ഞങ്ങളുടെ സംസാരം അവസാനിക്കാറ്. ഞാനവളെ മാനസികമായി പ്രയാസപ്പെടുത്തുകയാണെന്നാണ് അവളുടെ പരാതി. വീടുവിട്ട് പോകുമെന്ന് ഇടക്കിടെ ഭീഷണിയും ഉയര്‍ത്തുന്നു. അവളുടെ കൗമാരം എന്റെ ത്യാഗങ്ങളെയെല്ലാം വൃഥാവിലാക്കിയിരിക്കുകയാണ്...''

ഇവിടെ പരാമര്‍ശിച്ച ഉമ്മയുടെ പരാതി വളരെ വേദനാജനകം തന്നെയാണ്. മകളെ വല്ലാതെ സ്‌നേഹിക്കുകയും അവള്‍ക്ക് വല്ല അപകടവും സംഭവിക്കുന്നതില്‍ ഭയക്കുകയും ചെയ്യുന്ന ഉമ്മ. യൗവനത്തിന്റെ തുടക്കത്തിലാണ് തന്റെ മകള്‍. അവള്‍ക്ക് ജീവിതാനുഭവങ്ങള്‍ വളരെ കുറവാണ്. ജീവിതാനുഭവങ്ങളിലൂടെ താന്‍ നേടിയെടുത്ത പാഠങ്ങള്‍ മകളെ പഠിപ്പിക്കാനാണ് ഉമ്മയുടെ ശ്രമം. അശ്രദ്ധകളില്‍ നിന്നും കാലിടര്‍ച്ചകളില്‍ നിന്നും മകളെ രക്ഷിക്കുന്നതിനാണത്. ഉമ്മക്ക് മകളോടുള്ള സ്‌നേഹത്തില്‍ ആരും സംശയിക്കില്ല. ഏകമകളുടെ സംസ്‌കരണത്തിന് ഉമ്മ നല്‍കുന്ന ശ്രദ്ധയും അവളുടെ കാര്യത്തിലുള്ള ഭയവുമെല്ലാം അത് വ്യക്തമാക്കുന്നു. മാതൃത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയുമാണത്. തന്റെ ആണ്‍കുട്ടിയേക്കാള്‍ ശ്രദ്ധ അര്‍ഹിക്കുന്നത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുന്നത് കൊണ്ടാണവരത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവളുടെ കാര്യത്തില്‍ കൂടുതല്‍ ഭയക്കുക സ്വാഭാവികം.

ഇവിടെ പറഞ്ഞ പെണ്‍കുട്ടിയുടെ ഉമ്മയുടെയും അത്തരക്കാരായ മാതാക്കളുടെയും മുന്നില്‍ ചില നിര്‍ദേശങ്ങള്‍ വെക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഒന്നാമതായി, നിങ്ങള്‍ ജീവിച്ച കാലത്തിലേക്ക് നിങ്ങളുടെ മകളെ കൊണ്ടുപോകാന്‍ നിര്‍ബന്ധം പിടിക്കരുത്. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതും അവരുടെ കാര്യത്തില്‍ ഭയക്കുന്നതും അവരെ പരിഗണിക്കുന്നതുമെല്ലാം നല്ലതുതന്നെയാണ്. എന്നാല്‍ അവര്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെയും നിങ്ങളുടെ യൗവനകാലത്തിന്റെയും സവിശേഷതകളും മാറ്റങ്ങളും നിങ്ങള്‍ അവഗണിക്കരുത്. രണ്ടും അതിന്റേതായ സവിശേഷതകളുള്ള കാലഘട്ടങ്ങള്‍ തന്നെയാണ്. അപ്പോള്‍ നാം ജീവിച്ച പോലെ ജീവിക്കാനും നാം വസ്ത്രം ധരിച്ചപോലെ വസ്ത്രം ധരിക്കാനും അവരെ എങ്ങനെ നിര്‍ബന്ധിക്കും? അമീറുല്‍ മുഅ്മിനീന്‍ അലി(റ)യുടെ വാക്കുകള്‍ അവിടെയാണ് പ്രസക്തമാവുന്നത്: ''നിങ്ങളുടെ സ്വഭാവത്തിലാകാന്‍ നിങ്ങള്‍ മക്കളെ നിര്‍ബന്ധിക്കരുത്. കാരണം നിങ്ങളുടേതല്ലാത്ത മറ്റൊരു കാലത്തിനായി സൃഷ്ടിക്കപ്പെട്ടവരാണ് അവര്‍.''

കൗമാരത്തിന്റെ മാറ്റങ്ങളെ അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ കാണുന്ന മാറ്റങ്ങളെ മാതാപിതാക്കള്‍ പരിഗണിക്കണം. അത് മനസ്സിലാക്കാതെ മാതാപിതാക്കള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സന്താനപരിപാലനത്തിന്റെ തെറ്റായ രീതിയാണ് അവര്‍ സ്വീകരിക്കുന്നത്. നിര്‍ബന്ധിക്കുന്നതിനും പരുഷമായി പെരുമാറുന്നതിനുമെല്ലാം അത് കാരണമാകും. തെറ്റായ ഫലമാണത് മക്കളില്‍ ഉണ്ടാക്കുക. അവരുടെ വ്യക്തിത്വത്തെയും അഭിപ്രായങ്ങളെയും പ്രായത്തിന്റെ സവിശേഷതകളെയും താല്‍പര്യങ്ങളെയും അവഗണിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

നിങ്ങളുടെ മകളുടെ വൈകാരികമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുകയെന്നതാണ് മൂന്നാമത്തേത്. മക്കളുടെ വൈകാരികമായ ആവശ്യങ്ങള്‍ പൂര്‍ത്തീരിക്കുക മാതാപിതാക്കളുടെ ബാധ്യതയാണ്. അവയില്‍ പ്രധാനമാണ് സ്‌നേഹവും അംഗീകാരവും, പ്രത്യേകിച്ച് കൗമാര പ്രായത്തില്‍.

സന്താനപരിപാലനത്തിന്റെ അടിസ്ഥാനങ്ങള്‍ അറിഞ്ഞുകൊണ്ട് മക്കളോട് പെരുമാറുകയെന്നതാണ് നാലാമത്തെ കാര്യം. അതില്‍ പ്രധാനം അവര്‍ വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തുകയാണ്.  അവരുടെ വ്യക്തിത്വത്തില്‍ അടങ്ങിയിരിക്കുന്ന കഴിവുകള്‍ തിരിച്ചറിയേണ്ടതുണ്ട്. അവയെ പരിപോഷിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കണം. ലളിതമായ രീതിയില്‍ അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുക, ശാന്തമായ അന്തരീക്ഷത്തില്‍ അവരുമായി ചര്‍ച്ചകളും സംഭാഷണങ്ങളും അധികരിപ്പിക്കുക, അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ അവസരം നല്‍കുക, അഭിപ്രായങ്ങള്‍ തെറ്റാണെങ്കിലും ശരിയാണെങ്കിലും അവരുടെ വ്യക്തിത്വത്തെ മാനിക്കുക, അവരുടെ അഭിപ്രായത്തെ അടച്ചാക്ഷേപിക്കുന്നതും നിസ്സാരമാക്കുന്നതും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അവരോട് എന്തെങ്കിലും കാര്യങ്ങള്‍ കല്‍പ്പിക്കുമ്പോള്‍ പാരുഷ്യം വെടിഞ്ഞ് വളരെ നൈര്‍മല്യത്തോടെയാണത് ചെയ്യേണ്ടത്. ചെറിയ വീഴ്ചകളെ പെരുപ്പിച്ച് കാണിച്ച് അതിന്റെ പേരില്‍ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നത് പലരിലും കാണുന്ന രീതിയാണ്. മക്കളുടെ ആത്മവിശ്വാസത്തെയാണതിലൂടെ ഇല്ലാതാക്കുന്നതെന്ന് നാം മനസ്സിലാക്കണം. അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. അവരുടെ ഒഴിവു സമയങ്ങള്‍ ശരിയായി വിനിയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പ്രേരണയും നല്‍കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. ക്രിയാത്മകമായ രീതിയില്‍ അതുപയോഗപ്പെടുത്തുമ്പോള്‍ വഴികേടിനുള്ള സാധ്യത വളരെ കുറയുന്നു. 

പെണ്‍കുട്ടികളുടെ ഉമ്മമാരോടുള്ള അഞ്ചാമത്തെ ഉപദേശം നിങ്ങളവര്‍ക്ക് ഒരു കൂട്ടുകാരിയായിരിക്കണമെന്നാണ്. നിശ്ചയദാര്‍ഢ്യം കാണിക്കുക, നൈര്‍മല്യം കാത്തുസൂക്ഷിക്കുക തുടങ്ങിയവയൊക്കെയായിരിക്കണം നിങ്ങളതില്‍ സ്വീകരിക്കേണ്ട രീതി. പാരുഷ്യവും അശ്രദ്ധയും നിങ്ങളില്‍ നിന്നുണ്ടാവരുത്. നിങ്ങളുടെ മകളുടെ മാനസിക സ്വാസ്ഥ്യം നശിപ്പിക്കുന്നതിന് നിങ്ങള്‍ കാരണമാകരുത് എന്നതാണ് മാതാക്കളോട് നല്‍കാനുള്ള ആറാമത്തെ നിര്‍ദേശം. പല മാതാക്കളുടെയും സമീപനം മകളെ സമ്മര്‍ദത്തിലാക്കുകയും വിഷാദ രോഗിയാക്കുകയും ചെയ്യുന്നു. ധിക്കാരത്തിലേക്കും പലപ്പോഴും പ്രതികാര മനോഭാവത്തിലേക്കും അവരെ എത്തിക്കുന്നതിനത് കാരണമാകും. തങ്ങളുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി തെറ്റായ പ്രവണതകളിലേക്കവര്‍ മാറുന്നതിനും അത് കാരണമാകും. നിങ്ങളെയും കുടുംബത്തെയും ധിക്കരിക്കുന്നതിലേക്ക് അതവരെ കൊണ്ടെത്തിക്കും.

മകളെ അഭിസംബോധന ചെയ്യുന്നത് വളരെ മാന്യമായ രീതിയിലായിയിരിക്കണം. അവളെ നിന്ദിക്കുന്നതും നിസ്സാരവത്കരിക്കുന്നതുമായ പരുക്കന്‍ പ്രയോഗങ്ങള്‍ ഉപേക്ഷിക്കുക. ആത്മനിയന്ത്രണത്തിന് മാതാക്കള്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കണം. നിങ്ങളുടെ നിസ്സംഗത കൗമാരത്തിലുള്ള മകളെ പ്രയാസപ്പെടുത്തുമെന്നതില്‍ സംശയമില്ല. അവളുടെ വ്യക്തിത്വത്തെ തന്നെയത് ദോഷകരമായി ബാധിക്കും. ആത്മവിശ്വാസം നഷ്ടപ്പെടുകയും മാനസിക പ്രയാസങ്ങള്‍ക്കും രോഗങ്ങള്‍ക്കും അത് കാരണമാവുകയും ചെയ്യും.

കൗമാരത്തോടുള്ള ഇടപെടലുകളില്‍ മധ്യമമായ രീതിയാണ് സ്വീകരിക്കേണ്ടത്. സംരക്ഷിക്കുന്നതിലും ലാളിക്കുന്നതിലും ഇത് കര്‍ശനമായി തന്നെ പാലിക്കണം. അധികാര മനോഭാവത്തോടെയല്ല മക്കളോട് പെരുമാറേണ്ടത്, മറിച്ച് സൗഹൃദത്തോടെയാണ്. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പ്രതിയെ വിചാരണ ചെയ്യുന്ന രീതിയിലായിരിക്കരുത് അവരോടുള്ള പെരുമാറ്റം. വീടുകളില്‍ ഇത്തരം കാര്യങ്ങള്‍ കുട്ടിയല്ലേ എന്ന പരിഗണനയില്‍  വിസ്മരിക്കപ്പെടാറുണ്ട്.  കൗമാരത്തിലേക്ക് കാലെടുത്തു വെക്കുന്ന പെണ്‍കുട്ടികളുടെ മാറ്റത്തെ കുറിച്ച് മാതാക്കള്‍ അശ്രദ്ധരായിരിക്കും. മക്കള്‍ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുകയും വ്യക്തിത്വം രൂപപ്പെടുത്തുകയും ചെയ്യുന്ന കാലമാണത്. ഉമ്മ അവളോട് സൗഹൃദത്തോടെയായിരിക്കണം പെരുമാറേണ്ടത്. അവള്‍ വായിക്കുന്ന പുസ്തകങ്ങള്‍  തന്നെ മറിച്ചു നോക്കാവുന്നതാണ്. എന്നാല്‍ അത് തന്നെ നിരീക്ഷിക്കാനാണെന്ന് അവള്‍ക്ക് തോന്നരുത്. അങ്ങനെ തോന്നിയാല്‍ നിങ്ങള്‍ക്കിടയിലുള്ള ബന്ധത്തെ അത് ബാധിക്കും. അവളെ അവിശ്വസിക്കുന്നത് മാനസികമായ അകല്‍ച്ച സൃഷ്ടിക്കും. അന്ധമായി പരിധിവിട്ട് വിശ്വസിക്കണമെന്നല്ല പറയുന്നത്. അവളറിയാത്ത രൂപത്തിലായിരിക്കണം അവളെ പിന്തുടരേണ്ടത്.

പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ ബന്ധനത്തിലാക്കിയാല്‍ നല്ല ഫലമല്ല അതുളവാക്കുക. അവളുടെ മേല്‍ സമ്മര്‍ദം ചെലുത്താതെ അവളില്‍ വിശ്വാസം അര്‍പ്പിക്കണം. സമ്മര്‍ദം പൊട്ടിത്തെറിക്കാണ് കാരണമാവുക. സന്മാര്‍ഗം അല്ലാഹു നല്‍കുന്ന അനുഗ്രഹമാണെന്ന് വിസ്മരിക്കരുത്. ഖുര്‍ആന്‍ വളരെ വ്യക്തമായി തന്നെയത് പറഞ്ഞിട്ടുള്ളതാണ്. മറ്റൊരാളുടെ മേല്‍ നിര്‍ബന്ധം ചെലുത്താനും നിങ്ങള്‍ക്കാവില്ല. അത് സാധിക്കുമായിരുന്നെങ്കില്‍ പ്രവാചക(സ)ന് അത് സാധിക്കണമായിരുന്നു.  സന്താന പരിപാലനം അല്ലാഹു നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാണ്. അവന്റെ പ്രീതിക്കായിട്ടാണ് നാമത് ചെയ്യുന്നതും.

മകളോട് സംവദിക്കുന്നത് വളരെ നല്ല രീതിയിലായിരിക്കണം. അടുത്ത് ചേര്‍ത്ത് പിടിച്ച് സ്‌നേഹത്തോടെ സംസാരിക്കുന്നത് നല്ല ഫലങ്ങള്‍ ഉണ്ടാക്കും. നിങ്ങള്‍ അവളെ സ്‌നേഹിക്കുന്നുണ്ടെന്നും നല്ല ഒരു കൂട്ടുകാരിയാണെന്നും അവരെ ബോധ്യപ്പെടുത്തുന്നതായിരിക്കണമത്. അവളുടെ ഉറക്കം, പഠനം, ഭക്ഷണം പോലുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്ന സമയത്തായിരിക്കരുത് നിങ്ങളതിന് സമയം കണ്ടെത്തേണ്ടത്. സംസാരിക്കുന്നതിന് തെരഞ്ഞെടുക്കുന്ന സ്ഥലവും വളരെ പ്രധാനം തന്നെയാണ്. അവള്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം നിങ്ങള്‍ കേള്‍ക്കണം. തെറ്റായ കാര്യങ്ങളില്‍ നിന്ന് അവളെ രക്ഷപ്പെടുത്തുന്നിതിനുള്ള ഉമ്മയുടെ താല്‍പര്യം സംസാരത്തിലൂടെ അവള്‍ക്ക് ബോധ്യപ്പെടണം. അതിന് നിങ്ങള്‍ക്കുള്ള പ്രേരണ അവളോടുള്ള സ്‌നേഹമാണെന്നും അവള്‍ തിരിച്ചറിയണം. വളരെ ശാന്തമായി, ശബ്ദമുയര്‍ത്താതെയായിരിക്കണം സംസാരമെന്നതും പ്രധാനം തന്നെയാണ്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവള്‍ക്ക് നല്‍കണം. കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തി പ്രശ്‌ന പരിഹാരം അവളോട് തന്നെ കണ്ടെത്താനാവശ്യപ്പെടാം. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ബഹിഷ്‌കരിക്കുകയല്ല, വിട്ടുവീഴ്ച ചെയ്യുകയും മടങ്ങാനുള്ള അവസരം നല്‍കുകയുമാണ് വേണ്ടത്. അതിന്റെ പേരില്‍ അവളെ ശ്വാസം മുട്ടിക്കുകയും കളവ് പറയിപ്പിക്കുകയും ചെയ്യുകയല്ല വേണ്ടത്. വാക്കുകളിലും പ്രവൃത്തികളിലും വരുന്ന വീഴ്ചകളെ വേട്ടയാടാനാവരുത് നിങ്ങളുടെ ശ്രമം. സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അവളുടെ നന്മക്കായി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും വേണം. മാതാപിതാക്കളെ അനുസരിക്കുന്നതിനെ സംബന്ധിച്ച ഖുര്‍ആനിക കല്‍പനകളും ചരിത്രങ്ങളും വിവരിച്ച് കൊടുക്കുകയും ചെയ്യാം. സൂറഃ അല്‍ ഇസ്‌റാഇലെ 23 ാം സൂക്തവും ജുറൈജിന്റെ കഥയുമെല്ലാം അവയിലുള്‍പ്പെടുത്താം. 

വിവ : അഹ്മദ് നസീഫ് തിരുവമ്പാടി 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /52-54
എ.വൈ.ആര്‍