Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 14

ഇസ്‌ലാമിന്റെ ജീവിത സന്ദേശം

കെ. സത്യകന്‍ /കുറിപ്പ്

          ഇസ്‌ലാം സമ്പൂര്‍ണമായ ജീവിത രീതിയാണ്. ഇത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവില്‍ നിന്ന് മുഴുവന്‍ മാനവരാശിക്കും വേണ്ടിയുള്ള ഒരു വഴികാട്ടലാണ്. ജനങ്ങള്‍ അവരുടെ ജീവിതകാലത്ത് അനുവര്‍ത്തിക്കുന്ന എല്ലാ കാര്യങ്ങളെയും ഇസ്‌ലാം കണക്കിലെടുക്കുന്നു. നമ്മുടെ ഉല്‍പത്തിയുടെ ഉദ്ദേശ്യത്തെക്കുറിച്ചും നമ്മുടെ അവസാന വിധിയെക്കുറിച്ചും മറ്റു ജീവികള്‍ക്കിടയില്‍ നമുക്കുള്ള സ്ഥാനത്തെക്കുറിച്ചും ഇസ്‌ലാം നമ്മോട് പറയുന്നു.സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ധാര്‍മികവും ആത്മീയവുമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ, നമ്മുടെ സ്വകാര്യ-പൊതുകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഇസ്‌ലാം കാട്ടിത്തരുന്നു.

'ഇസ്‌ലാം' എന്ന അറബി പദത്തിന് ആജ്ഞാനുവര്‍ത്തിത്വം (Obedience), വഴങ്ങല്‍ (Submission) എന്നൊക്കെയാണ് അര്‍ഥം. ആജ്ഞാനുവര്‍ത്തിത്വം എന്നതിന്റെ അര്‍ഥം, അല്ലാഹുവിന്റെ ആജ്ഞകള്‍ പ്രയോഗത്തില്‍ വരുത്തുകയെന്നാണ്. അല്ലാഹുവിനോടുള്ള അനുസരണവും വഴങ്ങലും സമാധാനം പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ് 'ഇസ്‌ലാം' എന്നതിന് സമാധാനം എന്ന അര്‍ഥം കൈവന്നത്.

മറ്റൊരു അറബി പദമായ 'അല്ലാഹു' എന്നത് ദൈവത്തിന്റെ ശരിയായ നാമമാകുന്നു. ദൈവമെന്ന വാക്കിനേക്കാള്‍ കൂടുതലായി മുസ്‌ലിംകള്‍ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നു. ചില ആളുകള്‍ തെറ്റായി ധരിച്ചിരിക്കുന്നതുപോലെ, അല്ലാഹു എന്നതിന്റെ അര്‍ഥം 'മുസ്‌ലിംകളുടെ ദൈവം' എന്നല്ല. സ്രഷ്ടാവ് തനിക്കുവേണ്ടി തെരഞ്ഞെടുത്ത ഒരു പദമാണത്. ഓരോരുത്തരുടെയും, ഓരോന്നിന്റെയും സ്രഷ്ടാവ് അല്ലാഹു ആകുന്നു. അല്ലാഹു അദ്വിതീയനാകുന്നു; അല്ലാഹുവിന് പുത്രനോ പുത്രിയോ ഇല്ല. 'ദൈവത്തിന്റെ നാമത്തില്‍' എന്ന് അര്‍ഥം വരുന്ന 'ബിസ്മില്ലാഹ്' ചൊല്ലിക്കൊണ്ട് മുസ്‌ലിംകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു.

ഇസ്‌ലാം സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും മാര്‍ഗമാകുന്നു. നമ്മള്‍ ചുറ്റുപാടും ശ്രദ്ധിക്കുകയാണെങ്കില്‍, എല്ലാ സംഗതികളും- സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉയരമുള്ള മലകളും വന്‍ സമുദ്രങ്ങളും- ഒരു നിയമത്തെ അനുസരിക്കുന്നുവെന്ന് കാണാന്‍ കഴിയും; അതായത് അല്ലാഹുവിന്റെ നിയമം. ഇവയ്ക്കിടയില്‍ ക്രമഭംഗമോ അലങ്കോലമോ നമ്മള്‍ കാണുന്നില്ല. അല്ലാഹു സൃഷ്ടിച്ച പ്രകൃതിയുടെ സംവിധാനത്തില്‍ തികഞ്ഞ ക്രമപാലനവും സമ്പൂര്‍ണമായ സൗഹാര്‍ദവും നമ്മള്‍ കാണുന്നു. സൂര്യന്‍ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു. ഈ നിയമത്തില്‍ വ്യത്യസ്തതയോ അപവാദമോ ഉണ്ടായിട്ടില്ല. ചന്ദ്രനും നക്ഷത്രങ്ങളും രാത്രിയില്‍ പ്രകാശിക്കുന്നു. രാത്രിയെ പിന്തുടര്‍ന്ന് ഒരു പുതിയ ദിവസം ആരംഭിക്കുന്നു. ഈ പ്രക്രിയ അനവരതം തുടരുന്നു. ഓരോന്നിനും ഓരോ നിശ്ചിതമായ പ്രവാഹമുണ്ട്. അത് ലംഘിക്കാന്‍ അവയ്ക്ക് കഴിയുകയില്ല. ഈ പ്രകൃതി വസ്തുക്കള്‍ അല്ലാഹുവിന്റെ നിയമം ലംഘിക്കുന്നതായി എപ്പോഴെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ല, ഒരിക്കലുമില്ല. എന്തുകൊണ്ട്? അവ അല്ലാഹുവിനെ അനുസരിക്കുന്നതിനു വേണ്ടി നിര്‍മിക്കപ്പെട്ടവയാണ്. അതനുസരിക്കുകയല്ലാതെ അവയ്ക്ക് മറ്റു വഴികളില്ല. അതുകൊണ്ടാണ്, നമുക്ക് പ്രകൃതിയുടെ സംവിധാനത്തില്‍ ശാശ്വതമായ സമാധാനം കാണാന്‍ കഴിയുന്നത്. എന്നാല്‍, മനുഷ്യജീവികള്‍ വ്യത്യസ്തരാണ്. ശരിയും തെറ്റും തിരിച്ചറിയുന്നതിനുള്ള കഴിവും പ്രാപ്തിയും അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, അല്ലാഹു തന്റെ പ്രവാചകന്മാരെ ഭൂമിയിലേക്ക് അയക്കുകയും നമ്മെ വഴികാട്ടാനുള്ള ഗ്രന്ഥങ്ങള്‍ നല്‍കുകയും കൂടി ചെയ്തു. അല്ലാഹുവിന്റെ അവസാനത്തെ സന്ദേശവാഹകന്‍ മുഹമ്മദ് നബിയും, മാര്‍ഗനിര്‍ദേശങ്ങളുടെ അവസാനത്തെ ഗ്രന്ഥം ഖുര്‍ആനും ആകുന്നു.

എന്നിട്ടും അല്ലാഹുവിനെ അനുസരിക്കുന്നതിനു വേണ്ടി അല്ലാഹു സമ്മര്‍ദം ചെലുത്തുന്നില്ല. അല്ലാഹുവിനെ അനുസരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള ചോയ്‌സ് അല്ലാഹു നമുക്ക് വിട്ടുതന്നിരിക്കുന്നു. എന്തുകൊണ്ട്? കാരണം, നമ്മെ പരീക്ഷിക്കാന്‍ അല്ലാഹു ആഗ്രഹിക്കുന്നു. ഈ പരീക്ഷണത്തിന്റെ അവസാനം പ്രതിഫലത്തിന്റെയും ശിക്ഷയുടെയും ഒരു ദിവസം വന്നുചേരും. ഇതാണ് അന്ത്യന്യായ വിസ്താര ദിനം. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ സമാധാനവും അനന്തമായ സന്തോഷവും പ്രതിഫലമായി ലഭിക്കും. പരാജയപ്പെടുന്നവര്‍ നരകത്തില്‍ ഘോരമായ ശിക്ഷ അനുഭവിക്കേണ്ടിവരും. അല്ലാഹുവിനെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്തുകൊണ്ട് ഈ ഘോരമായ ശിക്ഷ ഒഴിവാക്കാനും പ്രതിഫലം നേടിയെടുക്കാനും മനുഷ്യന് സാധിക്കും.

സമാധാനത്തെ ഇഷ്ടപ്പെടുകയും ക്രമഭംഗത്തെ വെറുക്കുകയും ചെയ്യുകയെന്നത് മനുഷ്യന്റെ സ്വഭാവമാണ്. അല്ലാഹുവിന്റെ നിയമത്തോടുള്ള അനുസരണത്തില്‍ നിന്നാണ് സമാധാനം വരുന്നതെങ്കില്‍, അനുസരണക്കേടിന്റെ അനന്തരഫലമാണ് ക്രമഭംഗം. ഇസ്‌ലാം സ്ഥാപിക്കുന്ന ഈ സമാധാനം മനുഷ്യ സ്വഭാവത്തിന്റെ ഭാഗമാകുന്നു. അതുകൊണ്ടാണ് ഇസ്‌ലാം പ്രകൃതിയുടെ നിയമം (Religion of Nature) എന്നറിയപ്പെടുന്നത്. അറബിയില്‍ ഇതിനെ 'ദീനുല്‍ ഫിത്വ്‌റ' എന്നു പറയുന്നു.

സമൂഹത്തില്‍ സമാധാനം കൈവരിക്കുന്നതിന്, ശരിയുടെ വഴിയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും തിന്മയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. തിന്മയെ പിഴുതെറിയുകയും സത്യത്തെ സ്ഥാപിക്കുകയും ചെയ്യുകയെന്ന ഇരട്ട ദൗത്യം 'ജിഹാദ്' എന്നറിയപ്പെടുന്നു. സമൂഹത്തില്‍ നിന്ന് കാപട്യത്തെ തുരത്തുന്നതിനും സത്യത്തെ ഉയര്‍ത്തുന്നതിനും  ഓരോ മുസ്‌ലിമും അങ്ങേയറ്റം പരിശ്രമിക്കണമെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ജിഹാദിന്റെ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി നേടലാണെന്ന കാര്യം വിസ്മരിച്ചുകൂടാ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /52-54
എ.വൈ.ആര്‍