Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

ജീവിതത്തെ കഴുകിയെടുക്കേണ്ട നോമ്പ് നാളുകള്‍

മജീദ് കുട്ടമ്പൂര്‍ /ലൈക് പേജ്

        ഇസ്‌ലാമിന് ഒരു ഭക്ഷണസംസ്‌കാരമുണ്ട്. അത് ഉയര്‍ത്തിപ്പിടിക്കേണ്ട ശ്രേഷ്ഠമായ സന്ദര്‍ഭമാണ് റമദാന്‍. മാത്രമല്ല വിശപ്പിന്റെ ആത്മീയത കൂടി നമ്മെ പഠിപ്പിക്കുന്നു നോമ്പ്. എന്നാല്‍ റമദാന്‍ പല മുസ്‌ലിം വീടുകളിലും അതിരു വിടുന്ന സദ്യവട്ടങ്ങളുടെ കാലമാണ്. പ്രഭാതം മുതല്‍ നോമ്പ് തുറ സമയത്തെ ഭക്ഷണം എങ്ങനെ കെങ്കേമമാക്കാമെന്നാണ് ചിന്ത. സ്ത്രീകള്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളൊരുക്കുന്നതില്‍ വ്യാപൃതരാണ്. 'നോമ്പല്ലേ' എന്ന ന്യായത്താല്‍ പൊരിച്ചതും കരിച്ചതും എണ്ണയില്‍ കുളിപ്പിച്ച് കിടത്തിയതുമായ വിഭവങ്ങളാല്‍ തീന്‍മേശ വിഭവ സമൃദ്ധമാക്കുന്ന തിരക്കിലാണവര്‍. ഇതിനിടയില്‍ നേരെചൊവ്വേ നമസ്‌കരിക്കാനോ ഖുര്‍ആന്‍ പാരായണം ചെയ്യാനോ പലര്‍ക്കും സമയമില്ല. 

പതിവ് സമയങ്ങളില്‍ മാറ്റം വരുത്തി കൂടുതല്‍ ആഹരിക്കുന്നവരാണ് പലരും. പകലില്‍ പട്ടിണിയായതിന്റെ മുഴുവന്‍ 'പ്രതികാരവും' തീര്‍ക്കാനെന്ന മട്ടില്‍ നോമ്പ് തുറക്കുന്ന സമയം തൊട്ട് തുടങ്ങുന്നു തീറ്റ മത്സരം. ഇടവും വലവും നോക്കാതെ എല്ലാം വെട്ടി വിഴുങ്ങി ഇര വിഴുങ്ങിയ ഉരഗത്തെപ്പോലെ ചനലമറ്റ് കിടക്കുന്നവര്‍ ധാരാളം. ഇത് അശാസ്ത്രീയവും അനാരോഗ്യകരവും അതിലുപരി ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കെതിരുമാണെന്ന് പലരും ഓര്‍ക്കാറില്ല. മുസ്‌ലിംകളുടെ ഭക്ഷ്യമേള മാസം ഇതാ സമാഗതമായിരിക്കുന്നുവെന്ന് അമിതാഹാരവും ദുര്‍വ്യയവും അതിനുള്ള വിപണിയും എല്ലാം ചേര്‍ന്ന് ഫലത്തില്‍ ഉദ്‌ഘോഷിക്കുകയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് ഖുര്‍ആന്‍ വിലക്കിയിരിക്കുന്നു. വയറിന്റെ മൂന്നിലൊന്നില്‍ ഭക്ഷണമൊതുക്കണമെന്നാണ് പ്രവാചക പക്ഷം. പലരും അനാവശ്യ അളവില്‍ വിഭവങ്ങളൊരുക്കി ഭക്ഷണം പാഴാക്കുന്നതും റമദാനില്‍ തന്നെ. മനുഷ്യന് ഭക്ഷണം കുറയുന്നതിനേക്കാള്‍ അപകടകരമാണ് അമിത ഭക്ഷണമെന്ന ആരോഗ്യശാസ്ത്ര മുന്നറിയിപ്പുകള്‍ ഈ നോമ്പുകാലത്തെങ്കിലും നാം ഓര്‍ക്കണം. 

അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുരയാണെന്നൊരാപ്ത വാക്യമുണ്ട്. നോമ്പിന്റെ പകലുകളെ നിഷ്‌ക്രിയവും അലസവുമായി തള്ളിനീക്കുന്നവര്‍ അനവധി. സമയം കിട്ടുമ്പോഴൊക്കെ ഉറങ്ങുക എന്ന സ്വഭാവമുള്ളവരുണ്ട്. ഒന്നും ചെയ്യാന്‍ മുതിരാതെ ശൂന്യസമയമായി കണ്ട് നോമ്പിന്റെ പുണ്യകരമായ സമയങ്ങളെ ഉറങ്ങിത്തീര്‍ക്കുന്നവരുണ്ട്. ഇത് നോമ്പിന്റെ ചൈതന്യത്തെ മാത്രമല്ല, ശാരീരികമായ പ്രക്രിയകളെയും തകരാറിലാക്കുന്നു. പകല്‍ സമയം കിടന്നുറങ്ങുന്നത് കരളിനും, പാന്‍ക്രിയാസിനും ഗ്രന്ഥികള്‍ക്കുമൊക്കെ യഥോചിതം പ്രവര്‍ത്തിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി അനാരോഗ്യം ക്ഷണിച്ചുവരുത്തുകയാണ്. 

ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ അമിതോപയോഗവും നോമ്പുകാലത്തെ ആലസ്യത്തില്‍ അകപ്പെടുത്തും. കണ്ടതും കേട്ടതും മുഴുവന്‍ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും പോസ്റ്റ് ചെയ്തും, ടെലിവിഷന്‍ തൊട്ട് ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഗെയിം എല്ലാം ചേര്‍ന്ന് വിലപ്പെട്ട സമയങ്ങളെ ഉല്ലാസ ഭരിതമാക്കുന്നു. ഒപ്പം ഇഫ്താര്‍ മീറ്റുകളുടെ പത്തും കടന്ന് ഷോപ്പിംഗ് മാളുകളിലും തുണിക്കടകളിലും കറങ്ങി അവസാനത്തെ പര്‍ച്ചേസിംഗിന്റെ പത്തും ആഘോഷിച്ച് നോമ്പ് കാലം കഴിയുന്നു. 

അനര്‍ഘ നിമിഷങ്ങളെ നാം നഷ്ടപ്പെടുത്തുമ്പോള്‍ നമുക്കനുവദിച്ച സമയത്തിലെ, കഴിഞ്ഞുപോയതിന്റെയും വരാനിരിക്കുന്നതിന്റെയും ഇടയിലെ ചെറുനിമിഷത്തിലെ നെഞ്ചിടിപ്പുകളെ നാമോര്‍ക്കണം; ഈ നിമിഷത്തിന്റെ ഓരത്ത് മരണം നില്‍പ്പുണ്ടെന്ന വസ്തുതയും. 'എനിക്കിനി എത്ര സമയം ബാക്കിയുണ്ട്' എന്ന വലിയ ചോദ്യം ഈ റമദാനിലല്ലെങ്കില്‍ പിന്നെയെപ്പോഴാണ് നാം ചോദിക്കുക.

റമദാനിലെ സമയത്തിന്റെ നിയന്ത്രണവും പരിപാലനവും നാമെങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണതിന്റെ ജയപരാജയം. വേണ്ടത്ര ആസൂത്രണമില്ലെങ്കില്‍ ഈ അസുലഭ സന്ദര്‍ഭങ്ങള്‍ ചോര്‍ന്ന് പോവും. 

പ്രഭ മങ്ങിത്തുടങ്ങിയ ജീവിതത്തെ ഒന്നുകൂടി കഴുകി വൃത്തിയാക്കാനും ഡിസൈന്‍ ചെയ്യാനുമാണീ നോമ്പ്. ദൈവികോദ്യാനത്തിന്റെ കവാടങ്ങള്‍ നമുക്ക് മുമ്പില്‍ മലര്‍ക്കെ തുറന്ന് കിടക്കുന്നു. മടി, അലസത, ഉറക്കം, ഇഛാശക്തിയില്ലായ്മ, ഗൗരവമില്ലായ്മ തുടങ്ങി, ശീലിച്ച പതിവുശൈലികളിലൂടെയാണ് റമദാന്‍ കടന്നുപോകുന്നതെങ്കില്‍ അത് യാതൊരു മാറ്റവും ഉണ്ടാക്കില്ല. ദേഹേഛയും ഇഛാശക്തിയും ഒരുമിച്ച് കൂടുകയില്ല. ഒന്നില്ലാതാകുമ്പോഴേ മറ്റേത് വളരൂ.

ജീവിതവിജയം അവസരങ്ങളുടെ വിനിയോഗത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഭാഗ്യാവസരങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനാവാത്തവര്‍ക്ക് അവ വന്ന് വാതിലില്‍ മുട്ടുമ്പോള്‍ 'എന്തൊരു ശല്യ'മെന്ന മട്ടിലുള്ള പ്രതികരണമോ നിസ്സംഗതയോ ആണുള്ളതെങ്കില്‍ അവസരം നഷ്ടപ്പെട്ട് പോയിട്ട് പിന്നീടതിനെ അന്വേഷിച്ചിട്ട് എന്ത് കാര്യം..! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍