Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

പ്രശ്‌നവും വീക്ഷണവും

ഇല്‍യാസ് മൗലവി

നോമ്പുകാരന് രക്തപരിശോധന, 
ഇന്‍സുലിന്‍ കുത്തിവെക്കല്‍ എന്നിവ അനുവദനീയമാണോ?

ഞാന്‍ 60 പിന്നിട്ട ഒരു വൃദ്ധനാണ്. എനിക്ക് പ്രമേഹവും അലര്‍ജിയുമുള്‍പ്പെടെ പല രോഗങ്ങളുമുണ്ട്. എന്നാല്‍ നോമ്പ് നോല്‍ക്കുന്നതിന് ഇവ എനിക്ക് പ്രയാസമുണ്ടാക്കില്ല. ചിലപ്പോള്‍ നോമ്പുകാരനായിരിക്കെ തന്നെ എനിക്ക് രക്തം പരിശോധിക്കേണ്ടി വരും. അതുപോലെ അലര്‍ജിക്ക് സ്‌പ്രേ, മൂക്കിലിറ്റിക്കുന്ന മരുന്ന് എന്നിവയും ഉപയോഗിക്കേണ്ടി വരും. ഇന്‍സുലിന്‍ കുത്തിവെക്കാറുണ്ട്. നോമ്പുകാരനായിരിക്കെ ഇതെല്ലാം ചെയ്യുന്നതിന്റെ വിധിയെന്താണ്? മറ്റൊരു സംശയം, നോമ്പുകാരനായിരിക്കെ പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യാമോ?

രക്ത പരിശോധന

രക്തം പരിശോധിക്കുന്നത് പുതിയകാല പ്രശ്‌നമായതിനാല്‍ മുന്‍കാല പണ്ഡിതന്മാര്‍ ഇതെക്കുറിച്ച് പറഞ്ഞതായി കാണുക സാധ്യമല്ല.  എന്നാല്‍ ആധുനിക പണ്ഡിതന്മാര്‍ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. സമാനമായ ചോദ്യത്തിന് ശൈഖ് ഇബ്‌നുബാസ് (ഇബ്‌നുബാസിന്റെ ഫത്‌വകള്‍: 15/274), ശൈഖ് ഇബ്‌നു ഉസൈമീന്‍ (ഫതാവാ അര്‍കാനില്‍ ഇസ്‌ലാം, പേജ്: 478), ശൈഖ് ഖറദാവി തുടങ്ങിയ പണ്ഡിതന്മാര്‍ നല്‍കിയ മറുപടി നോമ്പു മുറിയുകയില്ലെന്നാണ്; ഇസ്‌ലാമിക ശരീഅത്ത് നോമ്പ് മുറിയുന്ന കാര്യങ്ങളായി പരിഗണിച്ച ഗണത്തില്‍ ഇവ പെടുകയില്ലെന്നും.

സ്‌പ്രേ ഉപയോഗം

അലര്‍ജി, ആസ്ത്മ, ശ്വാസ തടസ്സം തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ നോമ്പൊഴിവാക്കാന്‍ മാത്രം രോഗികളായിരിക്കണമെന്നില്ല. ഇനി രോഗികളായി പരിഗണിച്ച് നോമ്പൊഴിവാക്കിയാല്‍ തന്നെ അലര്‍ജിക്കുള്ള സ്‌പ്രേകള്‍ പോലുള്ളവ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കേ മറ്റൊരവസരത്തിലും അവര്‍ക്ക് നോമ്പെടുക്കാന്‍ സാധിക്കാതെ വരും. ആധുനിക പണ്ഡിതന്മാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നോമ്പുകാരെ സംബന്ധിച്ചിടത്തോളം ഇത്തരം രോഗമുള്ളവര്‍ നോമ്പൊഴിവാക്കുകയല്ല, പ്രത്യുത സ്‌പ്രേ ഉപയോഗിക്കുന്നതോടൊപ്പം അവരും മറ്റള്ളവരെപ്പോലെ നോമ്പെടുക്കുകയാണ് വേണ്ടതെന്നാണ് ഫത്‌വ നല്‍കിയിരിക്കുന്നത് (ഇബ്‌നുബാസിന്റെ ഫതാവാദ്ദഅ്‌വ: 979).

മൂക്കില്‍ മരുന്ന് ഇറ്റിക്കല്‍

''നിങ്ങള്‍ നന്നായിതന്നെ മൂക്കില്‍ വെള്ളം കയറ്റി ചീറ്റുക, എന്നാല്‍ നോമ്പുകാരനാണെങ്കില്‍ അങ്ങനെ ചെയ്യരുത്'' (തിര്‍മിദി). ഈ ഹദിസ് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനിയുള്‍പ്പെടെയുള്ളവര്‍ വിധിയെഴുതിയിട്ടുണ്ട്. കണ്ണ്, ചെവി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി മൂക്ക്, അന്നപാനീയങ്ങള്‍ ആമാശയത്തില്‍ എത്തിക്കാനുള്ള വഴികളിലൊന്നാണ്. അതുകൊണ്ടാണല്ലോ രോഗികള്‍ക്ക് മൂക്കില്‍ കുഴലിട്ട് അതിലൂടെ ദ്രവരൂപത്തില്‍ ആഹാരം നല്‍കുന്നത്. നോമ്പ് നോറ്റവരല്ലെങ്കില്‍ മൂക്ക് വൃത്തിയാക്കുന്നത് നന്നായി വെള്ളം കയറ്റി ചീറ്റിക്കൊണ്ടാകണമെന്ന് തിരുമേനി പറയുമ്പോള്‍ ജലം മൂക്കിലൂടെ ഉള്ളിലേക്ക് പോകാതെ സൂക്ഷിക്കാനായിരിക്കണം അങ്ങനെ നിര്‍ദ്ദേശിച്ചത് എന്ന് മനസ്സാലാക്കാം. ഇതുവെച്ച് നോമ്പുകാരന്‍ മൂക്കില്‍ മരുന്ന് ഇറ്റിക്കുന്നത് നോമ്പിനെ ദുര്‍ബമാക്കുമെന്നാണ് പണ്ഡിതന്മാരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ തൊണ്ടയിലേക്കെത്താത്തത്രയും ചെറിയ തുള്ളിയാണെങ്കില്‍ അത് നോമ്പിനെ ബാധിക്കില്ലെന്നും, ഇനി അഥവാ വല്ലതും തൊണ്ടയില്‍ എത്തിയാല്‍ തന്നെ അത് തുപ്പിക്കളയുകയാണ് വേണ്ടതെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു (ഇബ്‌നു ബാസിന്റെ ഫത്‌വകള്‍: 15/260, 261, ഖറദാവിയുടെ ഫിഖ്ഹുസ്സിയാം, ഫത്‌വകള്‍ തുടങ്ങിയവ നോക്കുക).

ഇന്‍സുലിന്‍ കുത്തിവെക്കല്‍

സുഊദി ഫത്‌വ സമിതിയുടെ ഫത്‌വയനുസരിച്ച് ഇന്‍സുലിന്‍ കുത്തിവെക്കുന്നതുവഴി നോമ്പ് മുറിയുകയില്ല. ഇത്തരം നൂതന പ്രശ്‌നങ്ങള്‍ നോമ്പ് മുറിയുമോ ഇല്ലേ എന്ന് ചര്‍ച്ച ചെയ്ത ആധുനിക ഫിഖ്ഹ് സമിതികളുടെ തീരുമാനവും ഇതുതന്നെയാണ്. 1997-ല്‍ ജിദ്ദയില്‍ ലോകപണ്ഡിതന്മാരും ഫുഖഹാക്കളും ഗവേഷകരും പങ്കെടുത്ത അന്താരാഷ്ട്ര ഫിഖ്ഹ് സമിതിയുടെ തീരുമാനങ്ങളില്‍ ഇഞ്ചക്ഷന്‍, ഇന്‍സുലിന്‍ തുടങ്ങിയവയൊന്നും നോമ്പുമുറിയുന്ന കാര്യങ്ങളല്ലെന്ന് കാണാം. എന്നാല്‍ ശരീര പുഷ്ടിക്കും വിശപ്പും ദാഹവും ശമിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടാണെങ്കില്‍ നോമ്പുമുറിയുമെന്നും അവര്‍ വ്യക്തമാക്കുന്നു.

പേസ്റ്റ് ഉപയോഗിക്കല്‍

വായില്‍ വെള്ളം കയറ്റി കൊപ്ലിക്കുന്നതിനോ ഉഷ്ണമകറ്റാന്‍ വെള്ളമൊഴിച്ച് ശരീരം തണുപ്പിക്കുന്നതിനോ വിരോധമില്ലെന്ന് ഇമാം ഹസനുല്‍ ബസ്വരിയും, നോമ്പെടുക്കുന്നവര്‍ എണ്ണതേച്ച് മുടിചീകി വെച്ചു കൊള്ളട്ടെയെന്ന് ഇബ്‌നു മസ്ഊദും (റ) പറഞ്ഞതായും, നോമ്പുകാരനായിരിക്കെ തിരുമേനി പല്ല് തേക്കാറുണ്ടായിരുന്നുവെന്നും, രാവിലെയെന്നോ വൈകുന്നേരമെന്നോ നോക്കാതെ ഇബ്‌നു ഉമര്‍ (റ) ദന്തശുദ്ധി വരുത്താറുണ്ടായിരുന്നുവെന്നും 'നോമ്പുകാരന്റെ കുളി' എന്ന അധ്യായത്തില്‍ ഇമാം ബുഖാരി രേഖപ്പെടുത്തുന്നു. കൂടാതെ ഈര്‍പ്പമുള്ള പച്ച അറാക്കിന്റെ മിസ്‌വാക്കുകൊണ്ടും പല്ലുതേക്കാമെന്ന് ഇമാം ഇബ്‌നു സീരീന്‍ പറഞ്ഞപ്പോള്‍ ആ കമ്പിന് രുചിയുണ്ടാവുമല്ലോ എന്ന് ആളുകള്‍ ചോദിച്ചു. വെള്ളത്തിനും അതിന്റേതായ രുചിയുണ്ടല്ലോ എന്നിട്ടും നിങ്ങള്‍ വായില്‍ വെള്ളം കൊപ്ലിക്കുന്നില്ലേ എന്ന് ഇമാം തിരിച്ചു ചോദിച്ചതുമെല്ലാം ഇമാം ബുഖാരി രേഖപ്പെടുത്തുന്നു. ഇതെല്ലാം വെച്ചുകൊണ്ടാണ് പേസ്റ്റ് ഉപയോഗിച്ചു നോമ്പുകാരന് എപ്പോള്‍ വേണമെങ്കിലും പല്ലുതേക്കാമെന്ന് ആധുനികരായ ഫുഖഹാക്കള്‍ ഫത്‌വ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഉള്ളിലേക്ക് ഇറങ്ങാതെ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്.

വായ ്‌നാറ്റത്തിന്റെ അസുഖമുള്ളവര്‍ക്കും മറ്റും ആ ശല്യം മറ്റുള്ളവര്‍ക്ക് അനുഭവപ്പെടാതിരിക്കാനായി മൗത്ത് വാഷ് പോലുള്ളവ കൊണ്ട് വായ കഴുകുന്നതോ, സ്‌പ്രേകള്‍ ഉപയോഗിക്കുന്നതോ നോമ്പിനെ തകരാറാക്കില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫതാവാ ശൈഖ് സ്വാലിഹ് ഫൗസാന്‍: 3/121). ഉമിനീര്‍ ഇറക്കുന്നതും നോമ്പിനെ ബാധിക്കുകയില്ല. അതിനാല്‍ വായില്‍ ഉമിനീര്‍ പൊടിയുന്നത് കൂടെ കൂടെ തുപ്പിക്കളയുന്നത് ഒട്ടും ആശാസ്യമല്ല. അത് മറ്റുള്ളവര്‍ക്ക് അരോചകമുളവാക്കും. 

 

മുസ്ഹഫ്, മൊബൈല്‍ തുടങ്ങിയവയില്‍ 
നോക്കി ഇമാമിന് ഓതാമോ?

ഞങ്ങളുടെ നാട്ടില്‍ കഴിഞ്ഞ റമദാനില്‍ ഉണ്ടായ ഒരു തര്‍ക്കം തറാവീഹിന് ഇമാം മൊബൈലില്‍ നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലായിരുന്നു. മുസ്ഹഫില്‍ നോക്കി ഇമാമിന് ഖുര്‍ആന്‍ ഓതാമെങ്കില്‍ മൊബൈലിലും ആവാമെന്ന് ഒരു കൂട്ടരും, പറ്റില്ലെന്ന് മറുകൂട്ടരും ശഠിച്ചു. ഇമാം ഖുര്‍ആന്‍ നോക്കി ഓതുന്നതിന്റെ വിധി എന്താണ്?

ആഇശാ(റ)യുടെ അടിമയായിരുന്ന ദക്‌വാന്‍ മുസ്ഹഫ് നോക്കി ഓതിക്കൊണ്ട് അവര്‍ക്ക് ഇമാമായി നിന്ന് നമസ്‌കരിക്കാറുണ്ടായിരുന്നു എന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട് (1/178). അതിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നു ഹജര്‍ ഇങ്ങനെ പറയുന്നത് കാണാം: നമസ്‌കരിക്കുന്നയാള്‍ക്ക് മുസ്ഹഫ് നോക്കി ഓതുന്നതിന് ചിലര്‍ ഇത് തെളിവാക്കിയിട്ടുണ്ട്. എന്നാല്‍ നമസ്‌കാരത്തില്‍ അധികമായി ചെയ്യുന്ന കര്‍മമായി ഗണിച്ചുകൊണ്ട് മറ്റുചിലരത് വിലക്കുകയും ചെയ്തിട്ടുണ്ട് (ഫത്ഹുല്‍ ബാരി: 2/185).

സുന്നത്ത് നമസ്‌കാരമെന്നോ ഫര്‍ദ് നമസ്‌കാരമെന്നോ വ്യത്യാസമില്ലാതെ നമസ്‌കാരത്തില്‍ മുസ്ഹഫ് നോക്കി ഓതാന്‍ പാടില്ലെന്നാണ് ഹനഫീ വീക്ഷണം. നേരെമറിച്ച് അതനുവദനീയമാണെന്നാണ് ശാഫിഈ വീക്ഷണം. എന്നാല്‍ സുന്നത്ത് നമസ്‌കാരങ്ങളില്‍ അത് അനുവദനീയമാണെന്നും ഫര്‍ദില്‍ അങ്ങനെ പറ്റില്ലെന്നുമാണ് മാലികീ വീക്ഷണം.

ഇതെല്ലാം വെച്ച് കൊണ്ട് അവശ്യ സന്ദര്‍ഭങ്ങളില്‍ മുസ്ഹഫ് നോക്കി ഓതിക്കൊണ്ട് നമസ്‌കരിക്കാമെന്നാണ് ഇബ്‌നുബാസ് ഫത്‌വ നല്‍കിയിട്ടുള്ളത്. തുടര്‍ച്ചയായി ചെയ്യുന്ന അധിക കര്‍മങ്ങളേ നമസ്‌കാരത്തെ ബാധിക്കുകയുള്ളൂ എന്നും, ഇവിടെ അതില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. തദ്വിഷയകമായി ആയിശ (റ) യുടെ മാതൃക അദ്ദേഹം ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട് (ഇബ്‌നു ബാസിന്റെ ഫത്‌വകള്‍: 11/117). 

പല സ്വഹാബിമാര്‍ക്കും അതറിയാമായിരുന്നു. എന്നു മാത്രമല്ല അനസ് (റ) വിന്റെ പിന്നില്‍ ഒരു പയ്യന്‍ മുസ്ഹഫ് പിടിച്ച് നമസ്‌കരിക്കാറുണ്ടായിരുന്നുവെന്നും വല്ല ആയത്തും തെറ്റുമ്പോള്‍ അവന്‍ മുസ്ഹഫ് തുറന്ന് കൊടുക്കാറുണ്ടായിരുന്നുവെന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (മുസ്വന്നഫ് അബീ ശൈബ: 1/194).

ഇങ്ങനെ മുസ്ഹഫ് നിവര്‍ത്തുന്നതും ഇടക്ക് പേജുകള്‍ മറിക്കുന്നതും തുടര്‍ച്ചയായി ചെയ്യാതിരുന്നാല്‍ നമസ്‌കാരം ബാത്വിലാവുകയില്ല എന്ന ശാഫിഈ മദ്ഹബിന്റെ  ഗ്രന്ഥങ്ങളിലും കാണാം (ശര്‍വാനി: 2/152, മുഗ്‌നി: 3/31).

ഞങ്ങളില്‍ ഏറ്റവും ഉത്തമരായവര്‍ മുസ്ഹഫ് നോക്കി ഓതാറുണ്ടായിരുന്നുവെന്ന് ഇമാം സുഹ്‌രി പ്രസ്താവിച്ചിട്ടുണ്ട് (അല്‍ മൗസൂഅല്‍ ഫിഖ്ഹിയ്യ: 33/57).

ചുരുക്കത്തില്‍ മനഃപാഠമുള്ളവര്‍ അത് കൂടുതല്‍ ദൃഢമാക്കി മുസ്ഹഫ് കൂടാതെ തന്നെ ഓതുകയാണ് വേണ്ടത്. എന്നാല്‍ അങ്ങനെയുള്ളവര്‍ ഇല്ലാത്ത അവസ്ഥയില്‍ ഓതാനറിയുന്നവര്‍ തറാവീഹ് പോലുള്ള സുന്നത്ത് നമസ്‌കാരങ്ങളില്‍ മുസ്ഹഫ് നോക്കി ഓതാം എന്ന വീക്ഷണമനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് നല്ലത്. അത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായാലും തരക്കേടില്ല. പക്ഷെ ചലനങ്ങള്‍ പരമാവധി കുറച്ചുകൊണ്ട് നമസ്‌കാരത്തിന്റെ സുപ്രധാന ഘടകമായ ഖുശൂഇന് (ഏകാഗ്രതയും ഭക്തിയും) ഭംഗം വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. 

 

തറാവീഹിന്റെ പിന്നില്‍ ഇശാ നമസ്‌കാരം?

കഴിഞ്ഞ റമദാനില്‍ തറാവീഹ് നടന്നുകൊണ്ടിരിക്കെ പള്ളിയിലേക്കെത്തിയ ഞാന്‍ തറാവീഹ് ജമാഅത്തിന് പിന്നില്‍ അണിനിരന്നവരോടൊപ്പം ഇശാ നമസ്‌കരിക്കാന്‍ നിയ്യത്ത് ചെയ്ത് രണ്ട് റക്അത്ത് നമസ്‌കരിച്ചു. ഇമാം സലാം വീട്ടിയപ്പോള്‍ ബാക്കി രണ്ട് റകഅത്ത് പൂര്‍ത്തിയാക്കുകയും ചെയ്തു. നമസ്‌കാരം കഴിഞ്ഞപ്പോള്‍ ഒരു മൗലവി പറഞ്ഞു, 'സുന്നത്തിന് പിന്നില്‍ ഫര്‍ദ് നമസ്‌കരിക്കാന്‍ പറ്റില്ലെ'ന്ന്. അപ്പോള്‍, 'ഇപ്പോള്‍ നടക്കുന്ന സുന്നത്തായ തറാവീഹ് ജമാഅത്താണെന്നറിയാതെ പിന്തുടര്‍ന്നാലോ' എന്ന ചോദ്യത്തിന് 'അറിയാതെ ആയാല്‍ അതിന് കുഴപ്പമില്ല' എന്ന് പറഞ്ഞു. എന്താണ് തറാവീഹ് ജമാഅത്തിന് പിന്നില്‍ ഇശാഅ് നമസ്‌കരിക്കുന്നതിന്റെ കര്‍മശാസ്ത്രം?

ശാഫിഈ മദ്ഹബനുസരിച്ച്, സുന്നത്ത് നമസ്‌കരിക്കുന്നവന്റെ പിന്നില്‍, സുന്നത്താണ് നമസ്‌കരിക്കുന്നതെന്ന് അറിഞ്ഞുകൊണ്ടാണെങ്കിലും ഫര്‍ദ് നമസ്‌കരിക്കുന്നതും, ഫര്‍ദ് നമസ്‌കരിക്കുന്നവന്റെ പിന്നില്‍ സുന്നത്ത് നമസ്‌കരിക്കുന്നതും സാധുവാകും; ഫര്‍ദാണ് നമസ്‌കരിക്കുന്നതെന്നറിഞ്ഞുകൊണ്ടാണെങ്കിലും. നമസ്‌കാരത്തിന്റെ രൂപത്തില്‍ മാറ്റമുണ്ടാവരുതെന്ന് മാത്രം. ഉദാഹരണത്തിന് മയ്യിത്ത് നമസ്‌കാരം. കാരണം അതില്‍ മറ്റു നമസ്‌കാരങ്ങളിലെ ഫര്‍ദുകളായ റുകൂഅ്, സുജൂദ് തുടങ്ങിയവയൊന്നുമില്ലല്ലോ. അതിനാല്‍ അതിനെത്തുടര്‍ന്ന് മറ്റു നമസ്‌കാരം സാധുവാകില്ല.

ഇമാം നവവി പറയുന്നു: തറാവീഹിന്റെ പിന്നില്‍ ഇശാ നമസ്‌കരിക്കുന്നത് അനുവദനീയമാണ്. അങ്ങനെ ഇമാം സലാം വീട്ടിയാല്‍ ശേഷിച്ച രണ്ട് റക്ത്തുകള്‍ എഴുന്നേറ്റ് പൂര്‍ത്തിയാക്കേണ്ടതാണ്. അങ്ങനെ ഒറ്റക്കത് പൂര്‍ത്തിയാക്കുന്നതാണ് നല്ലത്. ഇനി ഇമാം വീണ്ടും എഴുന്നേല്‍ക്കുമ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ കൂടെ തുടരാമോ എന്നതില്‍ രണ്ടഭിപ്രായമുണ്ട് (ശറഹുല്‍ മുഹദ്ദബ്: 4/270, റൗദ: 1/368, നിഹായ: 6/203).

അതിനാല്‍ ഇശാ കഴിഞ്ഞ് വൈകി പള്ളിയിലെത്തുന്നവര്‍ തറാവീഹ് തുടങ്ങിയിട്ടുണ്ടെങ്കില്‍ അവിടെത്തന്നെ മറ്റൊരു ജമാഅത്ത് നടത്തുന്നത് കര്‍ശനമായി വിലക്കപ്പെട്ട കാര്യമാകയാല്‍ അത്തരക്കാര്‍ ഇശാഇന്റെ നിയ്യത്തോടെ തറാവീഹ് നമസ്‌കരിക്കുന്ന ഇമാമിന്റെ പിന്നില്‍ ചേരുകയും ഇമാം സലാം വീട്ടുന്ന മുറക്ക് ശേഷിച്ച റക്അത്തുകള്‍ എഴുന്നേറ്റ് പൂര്‍ത്തിയാക്കുകയുമാണ് വേണ്ടത്.

ജാബിറുബ്‌നു അബ്ദില്ലാ നിവേദനം ചെയ്യുന്നു: ''മുആദ് (റ) തിരുമേനിയോടൊപ്പം നമസ്‌കരിക്കുകയും പിന്നെ ചെന്ന് അതേ നമസ്‌കാരം വീട്ടില്‍ തന്റെ വീട്ടുകാര്‍ക്കായി വീണ്ടും നമസ്‌കരിക്കുകയും ചെയ്യാറുണ്ടായിരുന്നു'' (ബുഖാരി, മുസ്‌ലിം). ഇവിടെ മുആദ് രണ്ടാമത് നമസ്‌കരിക്കുന്നത് അദ്ദേഹത്തിന് സുന്നത്തും വീട്ടുകാരെ സംബന്ധിച്ചിടത്തോളം ഫര്‍ദുമാകുന്നു (ഇമാം ശാഫിഈ, ഇഖ്തിലാഫുല്‍ ഹദീസ്). ഈ ഹദീസാണ് ഇമാം ശാഫിഈയുടെ തെളിവ്. ഏറ്റവും പ്രബലവും വിശാലവും സ്വഹാബിമാരുടെ ഇജ്മാഉം ഉള്ള വീക്ഷണമാണിതെന്നുമാണ് ഇമാം മാവര്‍ദി പ്രസ്താവിച്ചിട്ടുള്ളത് (അല്‍ ഹാവി: 2/316).

 

ഒരു രാത്രിയില്‍ രണ്ട് വിത്ര്‍ നമസ്‌കരിക്കാമോ?

വിത്ര്‍ നമസ്‌കരിച്ച ഒരാള്‍ക്ക് വീണ്ടും നമസ്‌കരിക്കണമെന്ന് തോന്നിയാല്‍ വിത്ര്‍ ആവര്‍ത്തിക്കേണ്ടതുണ്ടോ? ഒരു രാത്രിയില്‍ രണ്ട് വിത്‌റില്ല എന്ന ഹദീസിന് എതിരാവുകയില്ലേ അങ്ങനെ ചെയ്യുന്നത്?

സ്ഥിരമായി ഉറങ്ങിയെഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിച്ച് ശീലമുള്ളവരും, തഹജ്ജുദ് നമസ്‌കരിക്കാന്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം എഴുന്നേല്‍ക്കുമെന്ന് ഉറപ്പുള്ളവരും തങ്ങളുടെ വിത്ര്‍ നമസ്‌കാരം ഏറ്റവും അവസാനത്തെ നമസ്‌കാരത്തോടൊപ്പം ആക്കേണ്ടതാണ്. തിരുമേനി പറഞ്ഞു: ''രാത്രിയില്‍ നിങ്ങളുടെ നമസ്‌കാരത്തില്‍ ഏറ്റവും അവസാനത്തേത് വിത്‌റാക്കുവിന്‍'' (ബുഖാരി: 998, മുസ്‌ലിം: 751). രാത്രിയില്‍ ഒരാള്‍ക്ക് എത്രയും നമസ്‌കരിക്കാം. പക്ഷെ, വിത്‌റായി(ഒറ്റയായി)ട്ടായിരിക്കണം അവസാനിപ്പിക്കുന്നത് എന്നാണ് ഈ ഹദീസിന്റെ താല്‍പര്യം എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. മാത്രമല്ല തിരുമേനിയോട് ഒരാള്‍ രാത്രി നമസ്‌കാരം എങ്ങനെയാണെന്ന് ചോദിക്കുകയുണ്ടായി. അന്നേരം നബി (സ) പറഞ്ഞു: “രാത്രി നമസ്‌കാരം ഈരണ്ട് ഈരണ്ടായിട്ടാണ് നിര്‍വഹിക്കേണ്ടത്. അങ്ങനെ സുബ്ഹ് ആയിപ്പോവുമെന്ന് ആശങ്കിച്ചാല്‍ ഒറ്റയാക്കി അവസാനിപ്പിക്കുക (ബുഖാരി: 1137). 

രാത്രി നമസ്‌കാരത്തെപ്പറ്റി നിശ്ചയമില്ലാത്ത ഒരാള്‍ അതേപ്പറ്റി ചോദിച്ചാല്‍ അദ്ദേഹത്തിന് അവ്യക്തത തോന്നാത്ത വിധം ഉത്തരം വ്യക്തമായി വിശദീകരിച്ച് കൊടുക്കേണ്ടതാണ്. അതാണ് നബി (സ) ഇവിടെ ചെയ്തതും. ഇത്ര റക്അത്തേ നമസ്‌കരിക്കാന്‍ പറ്റൂ എന്നല്ല പറഞ്ഞത്. പ്രത്യുത ഈരണ്ട് ഈരണ്ടായി പുലരുവോളം നമസ്‌കരിക്കാം, പ്രഭാതമായിപ്പോകുമെന്ന് ആശങ്കയുണ്ടായാല്‍ ഒരു റക്അത്ത് നമസ്‌കരിച്ച് അവസാനിപ്പിക്കുക എന്ന മറുപടിയിലൂടെ വളരെ വിശാലമായ ഒരു കാഴ്ചപ്പാടാണ് നബി (സ) വ്യക്തമാക്കുന്നത്.

അതിനാല്‍ ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയും സാഹചര്യവും പരിഗണിച്ചും, സൗകര്യം അനുസരിച്ചും നമസ്‌കരിക്കാവുന്നതാണ്. റക്അത്തുകളുടെ എണ്ണം കുറച്ച് ഏറെ നേരം നമസ്‌കരിക്കുന്നതായിരിക്കും ചിലര്‍ക്ക് എളുപ്പവും സൗകര്യവും. എന്നാല്‍ വേറെ ചിലര്‍ക്ക് ഏറെ നേരം നില്‍ക്കുക എന്നതായിരിക്കും വലിയ പ്രയാസം. എന്നാല്‍ സുജൂദും റുകൂഉം എത്ര വര്‍ദ്ധിപ്പിച്ചാലും പ്രശ്‌നമായിരിക്കില്ല. അത്തരക്കാര്‍ റക്അത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് നമസ്‌കരിച്ചു കൊള്ളട്ടെ. അല്ലാതെ രാത്രി നമസ്‌കാരം കൂട്ടാനോ കുറക്കാനോ പാടില്ലാത്ത വിധം കൃത്യമായ എണ്ണം റക്അത്തുകളേ പാടുള്ളൂ എന്ന് നബി(സ) പഠിപ്പിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് അബദ്ധമാണെന്നും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ വ്യക്തമാക്കിയിട്ടുണ്ട് (മജ്മൂഉല്‍ ഫതാവാ 22/272 കാണുക).

ഇമാം നവവി തന്നെ പറയുന്നു: ''വിത്വ്‌റാക്കുകയും എന്നിട്ട് ഐഛികമോ അല്ലാതെയോ നമസ്‌കരിക്കണമെന്ന് വിചാരിച്ചാല്‍ യാതൊരു കറാഹത്തും കൂടാതെ അനുവദനീയമാകും. എന്നാല്‍ വീണ്ടും വിത്വ്‌റാക്കരുത്. ആഇശ(റ)യുടെ ഹദീസാണ് അതിന് തെളിവ്'' (ശറഹുല്‍ മുഹദ്ദബ് 3/512).

ചുരുക്കത്തില്‍, രാത്രി നമസ്‌കാരം അവസാനിക്കുമ്പോള്‍ റക്അത്തുകളുടെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കണം. മൊത്തം റക്അത്തുകളുടെ എണ്ണമാണ് ഇവിടെ പരിഗണനീയം. അഥവാ ഒരിക്കല്‍ വിത്ര്‍ നമസ്‌കരിച്ചയാള്‍ വീണ്ടും വിത്ര്‍ നമസ്‌കരിക്കരുത് എന്നര്‍ത്ഥം. പതിനൊന്ന് റക്അത്ത് നമസ്‌കരിച്ച ഒരാള്‍ ഉറങ്ങിയെഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിക്കുന്നുവെന്നിരിക്കട്ടെ. എങ്കില്‍ അയാള്‍ക്ക് താഴെപ്പറയുന്ന രണ്ടിലേതെങ്കിലും ഒരു മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്.

ഒന്ന്: ആദ്യം ഒരു റക്അത്ത് നമസ്‌കരിക്കുക. അപ്പോള്‍ നേരത്തെ നമസ്‌കരിച്ച പതിനൊന്ന് റക്അത്ത് എന്നത് പന്ത്രണ്ട് റക്അത്തായി. തുടര്‍ന്ന് ഈരണ്ട് വിതം നമസ്‌കരിച്ച് അവസാനം ഒറ്റ റക്അത്ത് വരും വിധം നമസ്‌കാരം അവസാനിപ്പിക്കുക. സ്വഹാബിമാരില്‍ ഉസ്മാന്‍(റ), ഇബ്‌നു ഉമര്‍(റ) തുടങ്ങിയവര്‍ ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്. പക്ഷെ, ഈ രൂപത്തില്‍ ചെയ്യുന്നത് ആഇശ(റ) ശക്തമായി നിരൂപണം ചെയ്യുകയും ഇവര്‍ നമസ്‌കാരം കൊണ്ട് കളിക്കുകയാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു (തുഹ്ഫത്തുല്‍ അഹ്‌വദി).

രണ്ട്: ഏറ്റവും ഉത്തമമായ രൂപം ഇതാണ്. നേരത്തെ വിത്ര്‍ നമസ്‌കരിച്ച ഒരാള്‍ ഉറങ്ങിയെഴുന്നേറ്റ് വീണ്ടും നമസ്‌കരിക്കണമെന്ന് ഉദ്ദേശിച്ചാല്‍ പിന്നീട് വിത്ര്‍ നമസ്‌കരിക്കേണ്ടതില്ല. ഈരണ്ട് വീതം എത്രയും നമസ്‌കരിക്കാം. മൊത്തം അദ്ദേഹം നമസ്‌കരിച്ചത് കണക്കുകൂട്ടുമ്പോള്‍ ഒറ്റയില്‍ ആയിരിക്കും അവസാനിച്ചിട്ടുണ്ടാവുക. പതിനൊന്ന് നമസ്‌കരിച്ചവര്‍ വീണ്ടും രണ്ട് റക്അത്ത് നമസ്‌കരിക്കുമ്പോള്‍ പതിമൂന്ന് റക്അത്താവും. അങ്ങനെ അവസാനം ഒറ്റയില്‍ തന്നെയാവും അവസാനിക്കുക. അബൂബകര്‍(റ) അങ്ങനെയായിരുന്നു ചെയ്തിരുന്നത് എന്ന് ആഇശ(റ) വ്യക്തമാക്കുന്നുണ്ട്. ഇബ്‌നു അബ്ബാസിനെപ്പോലുള്ള പ്രമുഖരായ പണ്ഡിതസ്വഹാബിമാരും, സുഫ്‌യാനു സൗരി, ഇമാം മാലിക്, ഇമാം അഹ്മദ്, ഇമാം ശാഫിഈ വരെ ഈ വീക്ഷണക്കാരാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍