അനുസരണം ഇബാദത്ത് ആകുന്ന സന്ദര്‍ഭങ്ങള്‍
ഭാഷയിലും ഇബാദത്തിനു അനുസരണം എന്നര്‍ത്ഥമില്ലെന്നു സ്ഥാപിക്കുവാന്‍ ഉമര്‍ മൗലവി സര്‍വ പ്രസംഗ വേദികളിലും ഉന്നയിച്ചിരുന്ന ഒരു പ്രധാന തെളിവ് താഴെ വിവരിക്കുന്നു: ''ഞാന്‍ ഇന്ന വിദ്യാര്‍ഥിയോട് ഒരു ചോദ്യം ഉന്നയിച്ചു. മുത്വീഉര്‍ റസൂല്‍ ആരാണ്? മുസ്‌ലിമാണെന്ന് അവന്‍ പറഞ്ഞു. ആബിദുര്‍റസൂല്‍ ആരാണെന്നു ചോദിച്ചു. അവന്‍ മൗനം പാലിച്ചു. ഉത്തരം പറയാതെ നിന്നെ ഞാന്‍ വിടുകയില്ല എന്ന് ഞാന്‍ പറഞ്ഞു. മുശ്‌രിക്കാണ് അല്ലെങ്കില്‍ കാഫിറാണ് എന്ന് മറുപടി പറയണം. ഇതു പറയുവാന്‍ മടി കാണിച്ചത് കൊണ്ടാണ് അവന്‍ മൗനം പാലിച്ചത്.''
യഥാര്‍ഥത്തില്‍ ഒരു തെറ്റിദ്ധാരണയില്‍ നിന്നാണ് ഈ ചോദ്യം ഉത്ഭവിച്ചത്. ഇബാദത്തില്‍ പ്രവേശിക്കുന്ന അനുസരണം മറ്റുള്ളവര്‍ക്കായാല്‍ ശിര്‍ക്കും കുഫ്‌റുമാകുന്നതാണ്. ഈ അനുസരണം അങ്ങേയറ്റത്തെ താഴ്മയോടും വിനയത്തോടും കൂടിയുള്ളതാണ്. ഇത് കൊണ്ടാണ് ഇബാദത്തിന് നിര്‍വചനം പറഞ്ഞ സന്ദര്‍ഭത്തില്‍ പണ്ഡിതന്‍മാര്‍ എല്ലാം തന്നെ ഇപ്രകാരം നിര്‍വചനം പറയുന്നത്. അല്ലാഹു ചിലത് നിഷിദ്ധമാക്കിയിട്ടുണ്ടെന്നും ചിലത് അനുവദനീയമാക്കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് അറിയാം. എങ്കിലും അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുവാനും അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കാനും ഒരു പ്രത്യേക വ്യക്തിക്ക് അവകാശമുണ്ടെന്ന് വിശ്വസിച്ച് അനുസരിക്കലാണ് ഇബാദത്തിന്റെ പരിധിയില്‍ വരുന്ന അനുസരണം. അദൃശ്യവും അഭൗതികവുമായ കഴിവുണ്ടെന്ന് വിശ്വസിച്ചുകൊണ്ടുള്ള അനുസരണമാണ് ഇതെല്ലാം. ഈ അനുസരണങ്ങള്‍ എല്ലാം തന്നെ പ്രാര്‍ഥനയാണ്. പ്രാര്‍ഥന എന്ന് പറയണമെങ്കില്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി 'അല്ലാഹുവേ! എനിക്ക് ഇന്നത് നീ തരണം' എന്ന് സഹായം തേടുക തന്നെ വേണം എന്നില്ല. പ്രാര്‍ഥന എന്ന് മുകളില്‍ വിവരിച്ച അനുസരണത്തിന് പറയാന്‍ പ്രയാസമുള്ളവര്‍ 'പ്രാര്‍ഥനാ മനോഭാവം' എന്ന് പറഞ്ഞ് കൊള്ളുക.
മരണപ്പെട്ടു കിടന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ജഡത്തിന്റെ മുന്നില്‍ വന്ന് സല്യൂട്ട് നല്‍കുന്നതും ബഹുമാനിക്കുന്നതും ബഹുമാനിച്ച് തല കുനിക്കുന്നതും, ഒരു നിരീശ്വരവാദി മറ്റുള്ളവര്‍ക്ക് വിജയം ആശംസിക്കുന്നതും പ്രാര്‍ഥനയാണെന്ന് ഡോക്ടര്‍ ഉസ്മാന്‍ സാഹിബ് പറയാറുണ്ട്. ആരോട് എന്നില്ലാത്ത പ്രാര്‍ഥനയുടെ പ്രേതം എന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കാറുമുണ്ട്. ഇത് കൊണ്ടാണ് വിശുദ്ധ ഖുര്‍ആനിലും മറ്റും നബി(സ)യെ അനുസരിക്കുക, കല്‍പിക്കാന്‍ അവകാശമുള്ളവരെ അനുസരിക്കുക, മാതാപിതാക്കളെ അനുസരിക്കുക എന്ന് പറയുന്ന സ്ഥലത്ത് അനുസരണം എന്ന പദം ഒഴിവാക്കി ഇബാദത്ത് എന്ന പദവും അതിന്റെ ക്രിയാ രൂപങ്ങളും ഉപയോഗിക്കുവാന്‍ സാധിക്കാത്തത്. ഇബാദത്ത് എന്ന പദത്തിന് ഭാഷയില്‍ അനുസരണം എന്നര്‍ഥമില്ലാത്തതു കൊണ്ടല്ല. പ്രത്യുത, ഇബാദത്തില്‍ പ്രവേശിക്കുന്ന അനുസരണം നാം മുകളില്‍ വിവരിച്ച മനോഭാവത്തോടുകൂടിയുള്ള അനുസരണമാണ്. ഇതുകൊണ്ടാണ് ഇബാദത്തിന് അനുസരണം എന്നര്‍ഥം നല്‍കിയ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അല്ലാഹു അല്ലാത്തവരെ അനുസരിക്കുക എന്നു പറഞ്ഞ ഒരു സൂക്തത്തിനു പോലും ഇബാദത്തെടുക്കുക എന്നര്‍ഥം പറയാതിരുന്നത്. ഇപ്രകാരം പറയാത്ത സര്‍വ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇബാദത്തിനും അതിന്റെ ക്രിയാ രൂപങ്ങള്‍ക്കും പല സൂക്തങ്ങള്‍ക്കും അനുസരണം എന്നര്‍ഥം നല്‍കിയിട്ടുമുണ്ട്. ഭാഷയില്‍ ഇബാദത്തിന് അനുസരണം എന്നര്‍ഥം ഇല്ലാത്തതുകൊണ്ടല്ല. ഇബാദത്തില്‍ പ്രവേശിക്കുന്ന അനുസരണം പ്രാര്‍ഥനയാണ്; അല്ലെങ്കില്‍ പ്രാര്‍ഥനാ മനോഭാവം നിറഞ്ഞതാണ്.
ഇബാദത്തിന്റെ വിവക്ഷ ഇന്ന് ഒരു തര്‍ക്ക വിഷയമല്ലാത്തതിനാല്‍ ഈ ചര്‍ച്ച പദപ്രയോഗത്തിലുള്ള തര്‍ക്കം മാത്രമാണ്. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ചെയ്യാത്ത ശിര്‍ക്ക് മുജാഹിദുകള്‍ ചെയ്യുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് പോലും വാദമില്ല; മറിച്ചും. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയുമായി മുജാഹിദുകള്‍ ഇന്ന് ഇബാദത്ത് സംവാദ വിഷയമാക്കേണ്ടതില്ല. ഇതു അവസരവാദം ഉന്നയിക്കുന്നതല്ല. 1999-ല്‍ യുവത പ്രസിദ്ധീകരിച്ച തെറ്റിദ്ധരിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമി എന്ന എന്റെ ഗ്രന്ഥത്തില്‍ എഴുതിയതു കാണുക: ''കള്ളും ചൂതാട്ടവും ഹലാലാക്കുന്ന വിഷയത്തില്‍ വരെ താഗൂത്തി ഗവണ്‍മെന്റിനെ അനുസരിച്ചാല്‍ ശിര്‍ക്കാവുകയില്ലെന്നും പരമാധികാരം നല്‍കിയാല്‍ മാത്രമേ ശിര്‍ക്ക് വരികയുള്ളൂ എന്നും പ്രഖ്യാപിച്ചു. അതിനാല്‍ ഇബാദത്തിന്റെ അര്‍ഥത്തിലുള്ള തര്‍ക്കത്തിന് ഇന്ന് പ്രസക്തിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം'' (പേജ് 123,124). അനുസരണത്തിന് (ഇത്വാഅത്തിന്) ഇബാദത്ത് എന്നര്‍ഥമുണ്ടെന്ന് ഒരൊറ്റ ഖുര്‍ആന്‍ വ്യാഖ്യാതാവും പറയുന്നില്ല. എന്നാല്‍ സര്‍വ്വ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും (ഉമര്‍ മൗലവി ഉള്‍പ്പെടെ) ഇബാദത്തിന് അനുസരണം എന്നര്‍ഥമുണ്ടെന്നും അനുസരണം പ്രത്യേകം ചില വീക്ഷണത്തോടെ ആകുമ്പോള്‍ ഇബാദത്താകുമെന്നും പറയുന്നുണ്ട്. അനുസരണം ഇബാദത്താണെന്ന് പറയുമ്പോള്‍ കേവല അനുസരണമല്ല ഉദ്ദേശ്യം. നബിമാര്‍ക്കും മറ്റുമുള്ള അനുസരണവുമല്ല ഉദ്ദേശ്യം. നാം മുകളില്‍ വിവരിച്ച വീക്ഷണത്തിന്റെയും ദര്‍ശനത്തിന്റെയും അടിസ്ഥാനത്തിലുള്ള അനുസരണമാണ്. ഈ അനുസരണത്തിന് പ്രാര്‍ഥന എന്ന് പറയുമോ എന്നത് പദത്തിലുള്ള തര്‍ക്കം മാത്രമാണ്. പ്രവൃത്തിയില്‍ ഈ തര്‍ക്കത്തിന് യാതൊരു സ്വാധീനവും പ്രതികരണവുമില്ല. യാതൊരു പ്രസക്തിയുമില്ല. ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദും തമ്മിലുള്ള, ഇബാദത്തിന്റെ വിഷയത്തിലുള്ള തര്‍ക്കവും ഭിന്നതയും പര്‍വതീകരിക്കണമെന്ന് ഇന്നും ആഗ്രഹിക്കുന്നവരുണ്ടാകാം. ഇവര്‍ക്ക് ഈ വിഷയത്തില്‍ തര്‍ക്കം പ്രസക്തിയുള്ളതായി തോന്നാം. ഞാന്‍ എന്റെ ഗ്രന്ഥത്തില്‍ എഴുതിയതുപോലെ ഇന്ന് ഈ തര്‍ക്കത്തിന് പ്രസക്തിയില്ല.
ഒരു വാക്കിന്റെ ഭാഷാര്‍ഥം അതിന്റെ മതപരമായ സാങ്കേതിക നിര്‍വചനത്തിന്റെ ആശയം കൂടി ഉള്‍ക്കൊള്ളുന്നതാകും. ഭാഷാപരമായ അര്‍ഥത്തെ നിലനിര്‍ത്തി സാങ്കേതിക നിര്‍വചനത്തില്‍ മറ്റു ചില ആശയങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ചില ഉദാഹരണങ്ങളിലൂടെ ഇത് വിശദീകരിക്കാം. 1. ഹജ്ജ്: ഉദ്ദേശിച്ച് ചെല്ലല്‍ എന്നാണ് ഇതിന്റെ ഭാഷാപരമായ അര്‍ഥം. മതപരമായ ഇതിന്റെ വിവക്ഷ 'ചില പ്രത്യേക കര്‍മ്മം ചെയ്യുവാന്‍ മക്കയെ ഉദ്ദേശിച്ച് ചെല്ലുക' എന്നാണ.് 2. സകാത്ത്: വളര്‍ച്ച, ശുദ്ധീകരണം എന്നാണ് ഭാഷയില്‍ ഇതിന് അര്‍ഥം. മതത്തില്‍ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കും ശുദ്ധിക്കും വേണ്ടി ഇത്ര ധനം ഉണ്ടായാല്‍ ഇത്ര ശതമാനം അര്‍ഹര്‍ക്ക് നല്‍കുക എന്നതാണ് യഥാര്‍ഥത്തില്‍ സകാത്ത്. 3. സ്വൗമ്: പിടിച്ച് നിര്‍ത്തുക എന്നതാണ്് ഭാഷാപരമായ അര്‍ഥം. മതത്തില്‍, പ്രഭാതം മുതല്‍ സൂര്യാസ്തമനം വരെ ഭക്ഷണവും പാനീയവും ഇണചേരലും പിടിച്ചുനിര്‍ത്തുക എന്നതാണ് സ്വൗമിന്റെ വിവക്ഷ. ഇത് പോലെയാണ് ഇബാദത്തില്‍ പ്രവേശിക്കുന്ന അനുസരണം. അതായത് അല്ലാഹു അല്ലാത്തവര്‍ക്ക് ആയിപ്പോയാല്‍ ശിര്‍ക്കും കുഫ്‌റുമാകുന്ന അനുസരണം.
അനുവദനീയമായ കാര്യത്തില്‍ അനുസരിച്ചാല്‍ അനുവദനീയമായി. ഹറാമില്‍ അനുസരിച്ചാല്‍ ഹറാമായി. ശിര്‍ക്കില്‍ അനുസരിച്ചാല്‍ ശിര്‍ക്കായി. കറാഹത്തില്‍ അനുസരിച്ചാല്‍ കറാഹത്തായി. ഇതാണ് പൊതുതത്വം. എന്നാല്‍ കല്‍പിക്കുന്ന വ്യക്തിക്ക് തന്റെ മേല്‍, അല്ലാഹു അനുവദിച്ചതിനെ നിഷിദ്ധമാക്കുവാനും നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുവാനും അവകാശമുണ്ടെന്ന് വിശ്വസിച്ച് അനുവദനീയമായ കാര്യത്തിലും ഹറാമായ കാര്യത്തിലും കറാഹത്തായ കാര്യത്തിലും അനുസരിച്ചാല്‍ പോലും അത് ഇബാദത്തും ശിര്‍ക്കും കുഫ്‌റുമാകുന്നതാണ്. ഒരാള്‍ മറ്റൊരാളെ ആയുധം കാണിച്ച് നീ ശ്രീരാമനെ വിളിക്കൂ, നീ വിഗ്രഹത്തിന് അറുത്തത് ഭക്ഷിക്കൂ, അല്ലാത്ത പക്ഷം നിന്നെ ഇപ്പോള്‍ വധിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് വിചാരിക്കുക; ഈ സന്ദര്‍ഭത്തില്‍ മനസ്സ് വെറുത്തു കൊണ്ട് അവ പ്രവര്‍ത്തിച്ചാലും ശിര്‍ക്കാവുന്നില്ല. അനുവദനീയമാകുക മാത്രമാണ് ചെയ്യുക എന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു (സൂറ: അന്നഹ്‌ല്: 106). അപ്പോള്‍ അനുസരണം ശിര്‍ക്കാവുന്നതിനുള്ള പ്രധാന മാനദണ്ഡം മാനസികമായ വീക്ഷണമാണ.് അനുസരിക്കുന്ന കാര്യത്തെക്കാള്‍. ഇതു പ്രബോധനവുമായി നടത്തിയ അഭിമുഖത്തിന് ശേഷം ഞാന്‍ ഉന്നയിക്കുന്ന അവസരവാദമല്ല. എന്റെ ഗ്രന്ഥങ്ങളില്‍ എല്ലാം തന്നെ ഈ തത്വം വ്യക്തമാക്കിയതാണ്. എന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ സൂറ: ഫുര്‍ഖാനിലെ 43-ാം സൂക്തത്തെ വ്യാഖ്യാനിച്ച് കൊണ്ട് ഞാന്‍ എഴുതിയത് കാണുക: ''അതായത് ചില അനുസരണം ഇച്ഛയെ ഇലാഹാക്കലാണ്. മറ്റു ചില അനുസരണം ഇലാഹാക്കുക എന്ന പരിധിയില്‍ പ്രവേശിക്കുന്നതുമല്ല. വീക്ഷണ വ്യത്യാസവും അനുസരിക്കുന്ന കാര്യങ്ങളും ഇതില്‍ പരിഗണിക്കപ്പെടുന്നതാണ്'' (ഖുര്‍ആനിന്റെ വെളിച്ചം: 3/1197).
പ്രാര്‍ഥനയാണ് ഇബാദത്ത് എന്ന് നബി (സ) പറഞ്ഞതു ഞാന്‍ ഇത്രയും വിവരിച്ചതിന് എതിരാകുന്നില്ല. പ്രാര്‍ഥനയും ഇബാദത്തും ഖുര്‍ആന്‍ പര്യായപദം എന്ന നിലക്ക് പ്രയോഗിച്ചതിനും വിരുദ്ധമല്ല. അല്ലാഹുവിന്റെ വിധി ഇന്നതാണെന്ന് അറിഞ്ഞിട്ടും അതെല്ലാം മാറ്റി മറിക്കുവാന്‍ പ്രത്യേക വ്യക്തിക്കോ ഭരണാധികാരിക്കോ ജനാധിപത്യ ഭരണകൂടത്തിനോ പരമാധികാരമുണ്ടെന്ന് വിശ്വസിച്ച് അല്ലാഹുവിന്റെ നിയമം മാറ്റിമറിക്കുന്ന അവരുടെ തീരുമാനത്തെ മന:സംതൃപ്തിയോടു കൂടി സ്വീകരിച്ചാല്‍ അതു ഇബാദത്തും പ്രാര്‍ഥനയും, അദൃശ്യവും അഭൗതികവുമായ കഴിവുണ്ടെന്ന് ഫലത്തില്‍ വിശ്വസിക്കലുമാണ്. ഈ ധാരണയില്ലെങ്കിലും ഒരാള്‍ മരണപ്പെട്ട മനുഷ്യനെ വിളിച്ച് സഹായം തേടുമ്പോള്‍ പ്രസ്തുത സഹായതേട്ടം ഇബാദത്താണെന്നും ശിര്‍ക്കാണെന്നും വിശ്വാസമില്ലെങ്കിലും അതു ഇബാദത്തും ശിര്‍ക്കുമായിത്തീരും.
ഇനി മറ്റൊരു വിഷയം സൂചിപ്പിച്ച് ഈ എഴുത്ത് അവസാനിപ്പിക്കട്ടെ. എങ്ങനെയെങ്കിലും ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യമെന്നും, നിലനില്‍ക്കുന്ന ഭരണകൂടത്തിന്റെ ഭരണനടപടികള്‍ അനുസരിക്കുന്നത് പോലും അവര്‍ക്ക് ശിര്‍ക്കാണെന്നുമുള്ള ധാരണ മുജാഹിദുകള്‍ക്കിടയിലുണ്ട്. അത് അവര്‍ മനസ്സിലാക്കിയതിലെ അബദ്ധമാണെന്ന് തെളിയിക്കുന്ന ജമാഅത്ത് പ്രസിദ്ധീകരണത്തിലെ തന്നെ ചില ഉദ്ദരണികള്‍ പകര്‍ത്തട്ടെ.
1. ''ചുരുക്കത്തില്‍, വ്യക്തികളെ സംസ്‌കരിക്കുകയും ബഹുജനാഭിപ്രായത്തെ ഇസ്‌ലാമിക സിദ്ധാത്തിനനുകൂലമായി മാറ്റുകയുമത്രേ ഞങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യം. ഇസ്‌ലാമിക രാഷ്ട്രസ്ഥാപനമല്ല'' (പ്രബോധനം മാസിക 1962 ജൂലായ് 1).
2. ''മുസ്‌ലിം നാമധാരികളാല്‍ ഭരിക്കപ്പെടുന്ന ഒരു ഭൗതികരാഷ്ട്രം സ്ഥാപിച്ചതുകൊണ്ട് ഇസ്‌ലാമിന് യാതൊരു നേട്ടവുമില്ല'' (മുസ്‌ലിം ഒരു പാര്‍ട്ടി: പേജ് 16).
3. കേരളത്തിലുണ്ടായിരുന്ന ഇ.എം.എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷേ ഇ.എം.എസ്. മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാല്‍ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലാക്കുവാനുള്ള അന്തിമമായ അധികാരം ഇ.എം.എസ്സിനുണ്ടെന്നോ ഇവിടെയുള്ള മുസ്‌ലിംകളാരും വിശ്വസിക്കുന്നില്ല. ഇതുപോലെ ഇന്ത്യയിലുള്ള മുസ്‌ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും, വിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മ്മാണത്തിന് പരമാധികാരം അവര്‍ക്ക് വകവെച്ച് കൊടുക്കുകയോ ചെയ്യുന്നില്ല'' (വിമര്‍ശിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പ്രബോധനം. മുഖപ്രസംഗം, പു:32 ലക്കം:3). ''വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇ.എം.എസിനെ ദൈവമാക്കുക തന്നെയാണ് ചെയ്യുന്നത്'' (അതേ പുസ്തകം).
അവസാനമായി എഴുതിയതു അംഗീകരിക്കുവാന്‍ മുജാഹിദുകള്‍ക്ക് പ്രയാസമുണ്ടാകുവാന്‍ പാടില്ല. അവര്‍ക്ക് പ്രയാസമുണ്ടാവുകയില്ല. മുകളില്‍ ഉദ്ധരിച്ചതിന് എതിരായി മുജാഹിദുകള്‍ എഴുതിയത് മറക്കുകയും അവഗണിക്കുകയും ചെയ്യുക. അങ്ങനെ ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദുകളും തര്‍ക്കവിഷയങ്ങള്‍ ചുരുക്കി കൊണ്ടുവന്നു നന്മയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക. അല്ലാഹു അതിനുള്ള മഹത്തായ ഭാഗ്യം നമുക്ക് പ്രദാനം ചെയ്യുവാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.
(അവസാനിച്ചു)
Comments