Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

അബ്ദുല്‍ ഗഫൂര്‍ തോട്ടുങ്ങല്‍ വാനനിരീക്ഷണ രംഗത്തെ പ്രതിഭ

കെ.കെ സുഹൈല്‍ /സ്മരണ

         ചെറുപ്പം മുതല്‍ തന്നെ വാന നിരീക്ഷണവും വാനശാസ്ത്രവും ഗോളശാസ്ത്രവും ആവേശമായി കൊണ്ടു നടന്ന വ്യക്തിയായിരുന്നു അബ്ദുല്‍ ഗഫൂര്‍. മക്കയിലെ റമദ പ്ലാസ ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്യുമ്പോള്‍ ഡ്യൂട്ടിക്ക് ശേഷം ടെറസ്സില്‍ പോയി വാന നിരീക്ഷണത്തില്‍ മുഴുകിയിരുന്നു. ഒരു ദിവസം വൈകുന്നേരം നടക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരു ടെലസ്‌കോപ്പ് വില്‍ക്കുന്ന ഷോപ്പ് കാണാനിടയായി. അവിടെ കയറി ടെലസ്‌കോപ്പുകളുടെ വില തിരക്കിയപ്പോഴായിരുന്നു ഇത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത സാധനമാണെന്ന് മനസ്സിലായത്. പക്ഷെ അക്കൂട്ടത്തില്‍ ചെറിയ ഒരെണ്ണം അദ്ദേഹം കണ്ടെത്തി. 10x സൂം കപ്പാസിറ്റി മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. അടുത്ത മാസം അത് വാങ്ങാന്‍ വരുമെന്ന് പറഞ്ഞു അദ്ദേഹം അത് ബുക്ക് ചെയ്തു അവിടെ നിന്ന് ഇറങ്ങി. ഹോട്ടലില്‍ നിന്ന് ആദ്യത്തെ ശമ്പളം കിട്ടിയ ഉടനെ അദ്ദേഹം ആ കടയില്‍ പോയി ആ ചെറിയ ടെലസ്‌കോപ്പ് സ്വന്തമാക്കി. അതിനെ സ്വന്തം പ്രയത്‌നം കൊണ്ട് 15x സൂം കപ്പാസിറ്റി ആക്കി മോഡിഫൈ ചെയ്തു. മക്കയില്‍ തന്നെയുള്ള സുഹൃത്തും സമ്പന്നനുമായ ഒരു അറബി, ഗഫൂര്‍ക്കയുടെ വാനനിരീക്ഷണത്തിലുള്ള അഗാധമായ അറിവും പരിജ്ഞാനവും കണ്ട് തന്റെ കൈയിലുള്ള ഒരു നല്ല ടെലസ്‌കോപ്പ് ഉപയോഗിക്കാന്‍ നല്‍കുകയായിരുന്നു. പിന്നീടുള്ള 35 വര്‍ഷം പ്രാപഞ്ചിക രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു അദ്ദേഹം. വാന ശാസ്ത്രവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ ഇരുനൂറിലേറെ ലേഖനങ്ങള്‍ ലോകത്തിലെ പല സയന്‍സ് മാഗസിനുകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. അറബിയിലായിരുന്നു അദ്ദേഹം കൂടുതലായും എഴുതിയിരുന്നത്. 14 ഭാഷകള്‍ അറിയാമായിരുന്ന ഗഫൂര്‍ സാഹിബിന് വാനശാസ്ത്രത്തിന്റെ ചരിത്രം ഒരു പ്രധാന പഠന മേഖല ആയിരുന്നു. nasa യുടെ അമച്ച്വര്‍ അസ്‌ട്രോണമി റിസര്‍ച്ചറായി അദ്ദേഹം. 

അറേബ്യന്‍ വാനനിരീക്ഷണ യന്ത്രങ്ങള്‍ (Astronomical Instruments) കണ്ടെത്തി അതിനെ വികസിപ്പിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തു അദ്ദേഹം. അസ്‌ട്രോലാബ് (Astrolabe), സിനിക്കള്‍ ക്വാഡ്രന്റ്‌സ് (Cynical Quadrants), സെക്‌സ്‌ടെന്റ് (Sextant) എന്നിവ കോയമ്പത്തൂരിലെ ഒരു കമ്പനിയുടെ സഹായത്തോടെ ഓര്‍ഡര്‍ പ്രകാരം പിച്ചള, സ്റ്റീല്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച് ലോകത്തെ പല രാജ്യങ്ങളിലെയും മ്യൂസിയങ്ങളിലേക്കും ഫിസിക്‌സ് ലബോറട്ടറികളിലേക്കും അദ്ദേഹം അയച്ചുകൊടുക്കാറുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ Stainless Steel അസ്‌ട്രോലാബ് നിര്‍മ്മിച്ചത് ഗഫൂര്‍ സാഹിബാണ്. 36 സെ.മീ. വ്യാസം (Diameter), 10 മി.മീ. ഘനം (Thickness) അതിനുണ്ടായിരുന്നു. ലോകത്തിലെവിടെയും ഇവ ഈ രീതിയില്‍ നിര്‍മ്മിക്കുന്നവര്‍ ഇല്ലെന്നു തന്നെ പറയാം.

പട്ടാമ്പി മുതുതലയിലെ തന്റെ വീട്ടു വളപ്പില്‍ കഴിഞ്ഞ 35 വര്‍ഷങ്ങളായി വിദ്യാര്‍ഥികള്‍ക്കും ശാസ്ത്ര കുതുകികള്‍ക്കും അദ്ദേഹം വാനനിരീക്ഷണ ക്യാമ്പുകളും വര്‍ക്ക് ഷോപ്പുകളും നടത്തി വരികയായിരുന്നു. ഓരോ വര്‍ഷവും ശരാശരി 200 പേര്‍ ഇതില്‍ പങ്കെടുക്കാറുണ്ട്. പ്രസ്തുത ക്യാമ്പില്‍ പി.വി.സി പൈപ്പും ലെന്‍സുകളും ഉപയോഗിച്ച് സിമ്പിള്‍ ടെലസ്‌കോപ്പ് ഉണ്ടാക്കാനും പഠിപ്പിക്കുന്നു. ഇതിനു പുറമേ വിവിധ പ്ലാനറ്റോറിയം, സ്‌കൂളുകള്‍, എന്‍.സി.സി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകളും ക്യാമ്പുകളും നടത്താന്‍ ക്ഷണിക്കപ്പെടാറുണ്ട്. 

പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജില്‍ എകണോമിക്‌സ് ബിരുദധാരിയായ ഗഫൂര്‍ സാഹിബ് അറബി കവി കൂടിയാണ്. അദ്ദേഹത്തിന്റെ കവിതകള്‍ പല അറബി മാഗസിനുകളിലും ബ്ലോഗുകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനവും ആവേശവുമായിരുന്നു അദ്ദേഹം. 

പിതാവ്: അവറാന്‍, മാതാവ്: ഫാത്തിമ. ജമീലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്-മുബശ്ശിര്‍ (അബൂദബി), മുഹ്‌സിന (ഫിസിക്‌സ് ലെക്ചറര്‍).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍