എന്റെ റമദാന്‍ ആലോചനകള്‍
മധ്യപൗരസ്ത്യദേശക്കാരനായ ഒരു വിദ്യാര്‍ഥി, ചിരിതൂകിക്കൊണ്ട് എന്നെ അഭിവാദ്യം ചെയ്തു. ഗണിതശാസ്ത്ര വിഭാഗത്തിന്റെ പോസ്റ്റ് ബോക്‌സില്‍ എനിക്കുള്ള കത്തുകള്‍ തിരയുകയായിരുന്നു ഞാന്‍.
''താങ്കള്‍ക്കും അനുമോദനങ്ങള്‍.'' ക്ലാസ് മുറിയിലേക്ക് തിരക്കിട്ടുപോകുന്ന അയാളെ ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു.
''എന്തിനായിരുന്നു ഈ അനുമോദനങ്ങള്‍?'' കത്തു വായിച്ചുകൊണ്ടിരുന്ന ഒരു സഹപ്രവര്‍ത്തകന്‍ തലയുയര്‍ത്തി ചോദിച്ചു.
''ആ വിദ്യാര്‍ഥി ഒരു മുസ്‌ലിമാണ്.'' ഞാന്‍ വിശദീകരിച്ചു: ''നോമ്പു മാസമായ റമദാന്റെ ആരംഭം പ്രമാണിച്ചാണ് അയാള്‍ അനുമോദനങ്ങളറിയിച്ചത്.''
''ഒരു മാസക്കാലം വിശപ്പ് സഹിക്കുന്നതിനാണോ ഈ അനുമോദനങ്ങള്‍?'' അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു. ''മാസത്തിന്റെ അവസാനത്തിലാണെങ്കില്‍ അതു മനസ്സിലാക്കാം. പക്ഷേ, ആരംഭത്തില്‍?''
''ഞങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുണ്ട്''- ഞാന്‍ പറഞ്ഞു:
''ഞങ്ങള്‍ വ്രതാനുഷ്ഠാനത്തെ കാണുന്നത് മാനസികവും ആത്മീയവുമായ വികാസത്തിനുള്ള മഹത്തായ അവസരമായിട്ടാണ്.''
''അതൊരു ആത്മപീഡനമാണെന്നാണ് ഞാന്‍ വിചാരിച്ചത്.'' ഞങ്ങളുടെ സംഭാഷണം ശ്രദ്ധിക്കുകയായിരുന്ന മറ്റൊരു പ്രഫസര്‍ പറഞ്ഞു.
''അല്ല. ഒരിക്കലുമല്ല. ദൈവം ഏറെ പൊറുക്കുന്നവനാണെന്നും റമദാന്‍ മാസത്തില്‍ അവന്റെ മാപ്പ് വിശേഷാല്‍ ഞങ്ങള്‍ക്ക് കിട്ടുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. എങ്കിലും, ആധ്യാത്മികമായ പ്രയോജനം ലഭിക്കുന്ന മാസം എന്ന നിലയിലാണ് കൂടുതലും റമദാനെ ഞങ്ങള്‍ കാണുന്നത്. ജീവിതത്തെ പുനഃപരിശോധിക്കാനും നവീകരിക്കാനും അതുവഴി ദൈവത്തോട് കൂടുതല്‍ അടുക്കാനുമുള്ള അവസരം. വമ്പിച്ച പ്രത്യാശയോടും ശുഭപ്രതീക്ഷയോടും കൂടിയാണ് മുസ്‌ലിംകള്‍ റമദാനെ ഉറ്റുനോക്കുന്നത്.''
''ശരിയായിരിക്കാം'' അദ്ദേഹം അഭിപ്രായപ്പെട്ടു. ''എനിക്കൊരിക്കലും ഒരു മാസത്തെ വ്രതാനുഷ്ഠാനത്തെ അതിജീവിക്കാനാവില്ലെന്ന് തീര്‍ച്ച.''
ചാന്ദ്രവര്‍ഷത്തിലെ റമദാന്‍ മാസത്തില്‍ എല്ലാ ദിവസവും പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ മുസ്‌ലിംകള്‍ ആഹാരപാനീയങ്ങളും ലൈംഗികവേഴ്ചയും വര്‍ജിക്കുന്നു. മാത്രമല്ല, ചീത്ത വൃത്തികളും ചീത്ത വാക്കുകളും ഉപേക്ഷിക്കേണ്ടതുമുണ്ട്. വിശ്വാസിയെ ആത്മനിയന്ത്രണം ശീലിപ്പിക്കുകയും ജീവിതമുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ അവനെ പ്രാപ്തനാക്കുകയുമാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന്റെ പ്രകടമായ ലക്ഷ്യങ്ങളിലൊന്ന്. മറ്റുചില മതങ്ങളിലുള്ളതുപോലെ ആത്മാവിന് മോക്ഷംകിട്ടാന്‍ ശരീരത്തെ പീഡിപ്പിക്കുകയാണ് വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യമെന്ന് ചില അമുസ്‌ലിംകള്‍ തെറ്റായി മനസ്സിലാക്കിയിട്ടുണ്ട്. സൂര്യാസ്തമയത്തിനും പ്രഭാതോദയത്തിനും ഇടയിലുള്ള സമയത്ത് സാധാരണജീവിതം നയിക്കാന്‍ മുസ്‌ലിംകള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയും, രോഗാവസ്ഥയിലും യാത്രാവേളയിലും വ്രതമെടുക്കേണ്ടതില്ല എന്ന ഇളവും ക്ലേശാനുഭവം ഉണ്ടാക്കുകയെന്നല്ലാതെ, ബലക്ഷയം വരുത്തുക നോമ്പിന്റെ ലക്ഷ്യമല്ല എന്നു വ്യക്തമാക്കുന്നു.
വ്രതാനുഷ്ഠാനത്തെ ഇസ്‌ലാമിലെ ഏറ്റവും കഠിനമായ ആരാധനയായി അമുസ്‌ലിംകള്‍ കാണുന്നു. ഇസ്‌ലാമിന്റെ ഈ സ്തംഭത്തെക്കുറിച്ച് അമുസ്‌ലിംകള്‍ക്ക് വിവരിച്ചുകൊടുക്കുമ്പോള്‍ 'എങ്ങനെയാണ് നിങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയുന്നത്' അല്ലെങ്കില്‍ 'എനിക്കിത് ഒരിക്കലും ചെയ്യാന്‍ കഴിയില്ല' എന്നൊക്കെയാണവര്‍ പ്രതികരിക്കുക. മുസ്‌ലിമാകുന്നതിനു മുമ്പ് ഞാനും ഈ മട്ടില്‍ ചിന്തിച്ചിരുന്നു എന്ന് സമ്മതിക്കുന്നു. മാത്രമല്ല, ഇസ്‌ലാം സ്വീകരിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞപ്പോള്‍, വ്രതം ശരിയായും പൂര്‍ണമായും അനുഷ്ഠിക്കാന്‍ സാധിക്കുമോ എന്ന തീവ്രമായ ആശങ്കയും എനിക്കുണ്ടായിരുന്നു. പക്ഷേ, ഒരു ഗ്രീഷ്മത്തില്‍ വന്നെത്തിയ എന്റെ പ്രഥമ റമദാന്‍ ആശങ്കിച്ച ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിച്ചില്ല. ഒന്നുരണ്ടു ദിവസത്തിനകം, ആഹാരശീലത്തില്‍ വന്ന മാറ്റങ്ങളോട് എന്റെ ശരീരം പൊരുത്തപ്പെട്ടു. വ്രതാനുഷ്ഠാനം സംബന്ധിച്ച് പ്രവാചക വചനങ്ങളില്‍ കണ്ട നിര്‍ദേശങ്ങള്‍ പാലിച്ചിടത്തോളം നോമ്പ് എനിക്ക് സുഖദായകമായിരുന്നു. റമദാന്‍ അവസാനിക്കാറായപ്പോഴേക്കും എനിക്ക് പുതിയൊരാത്മവിശ്വാസം കൈവന്നു. വിചാരിച്ചതിലുമേറെ ആത്മനിയന്ത്രണം എനിക്ക് സാധിക്കുമെന്ന് ഞാന്‍ കണ്ടു. അല്‍പം ക്ഷമയും ദൃഢനിശ്ചയവും, പിന്നെ ദൈവസഹായവുമുണ്ടെങ്കില്‍ പ്രത്യക്ഷത്തില്‍ പ്രയാസകരമായി തോന്നുന്ന ഒരു കാര്യം എളുപ്പത്തില്‍ നേടിയെടുക്കാവുന്നതാണെന്നും ഞാന്‍ ഗ്രഹിച്ചു.
ഇത്തരം ക്രിയാത്മകമായ ഒരു മനോഭാവത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. ഖുര്‍ആന്റെ മുഖ്യതത്ത്വങ്ങളിലൊന്നാണത്. ഈ സങ്കല്‍പത്തെ ബലപ്പെടുത്തുന്ന രീതിയിലാണ് ഇസ്‌ലാമിലെ ആരാധനകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളതും. സന്യാസത്തെ ഇസ്‌ലാം നിരുത്സാഹപ്പെടുത്താനുണ്ടായ മുഖ്യ കാരണവും ഇതുതന്നെയായിരിക്കണം. അത്യപൂര്‍വംപേര്‍ക്കേ സന്യസിക്കാനാവൂ. ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ വിശ്വാസികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണെങ്കിലും പതിവാക്കാന്‍ കഴിയാത്തവിധം പ്രയാസകരമല്ല. പതിവായി ചെയ്യുന്നവയാണ് ദൈവത്തിന്റെ ദൃഷ്ടിയില്‍ ഉല്‍കൃഷ്ടമായ ആരാധനാകര്‍മങ്ങള്‍ എന്ന പ്രവാചകവചനം ഇവിടെ ശ്രദ്ധേയമാണ്.
ഇസ്‌ലാമിന്റെ ഓരോ സ്തംഭവും സാമൂഹികമായ ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കുന്നവയാണ്- വ്രതാനുഷ്ഠാനത്തിന്റെ തുടക്കത്തിലിത് പ്രകടമാവില്ലെങ്കിലും. എന്നാല്‍, റമദാന്‍ മാസത്തെപ്പോലെ, മുസ്‌ലിംകള്‍ക്കിടയില്‍ സാഹോദര്യബോധം ഇത്ര ശക്തമായും പ്രകടമായും ദൃശ്യമാകുന്ന മറ്റൊരു സന്ദര്‍ഭം, ഹജ്ജ്കാലം ഒഴിച്ച്, വേറെയില്ല. ഈ മാസത്തില്‍, മുസ്‌ലിംലോകത്തുടനീളമുള്ള പള്ളികള്‍, രാത്രികാലങ്ങളില്‍, ഭക്തജനങ്ങളാല്‍ നിറഞ്ഞുകവിയുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംഭാവനകളും നാടകീയമാംവിധം വര്‍ധിക്കുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ മുസ്‌ലിംകള്‍ പ്രത്യേകം ശുഷ്‌കാന്തി കാണിക്കുന്നു- ദീര്‍ഘകാലമായി കണ്ടിട്ടില്ലാത്തവരെ വിശേഷിച്ചും. നോമ്പ്തുറ മറ്റുള്ളവരുമായി പങ്കിടുന്നത് വലിയൊരനുഗ്രഹമായി അവര്‍ കാണുന്നു. ഒരു മുസ്‌ലിംകുടുംബം ഒറ്റക്ക് നോമ്പുതുറക്കുന്ന അനുഭവം അത്യപൂര്‍വമാണ്. അമുസ്‌ലിംകളടക്കം, അയല്‍ക്കാരെയും സുഹൃത്തുക്കളെയും അവര്‍ ക്ഷണിക്കുന്നു. പാശ്ചാത്യലോകത്തും സാമുദായിക വികാരം, റമദാന്‍ കാലത്ത് വളരെ ശക്തമാണ്. കാരണം, ഇക്കാലത്ത് അവരുടെ ജീവിതശൈലി, അമുസ്‌ലിം ഭൂരിപക്ഷത്തിന്റേതില്‍നിന്ന് തീര്‍ത്തും വ്യതിരിക്തമായിരിക്കുമല്ലോ.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ആധ്യാത്മികമായി ഏറെ പ്രാധാന്യമുള്ള കാലമാണ് റമദാന്‍. അവരതിനെ 'ശാന്തിയുടെ മാസം' എന്നും 'അനുഗ്രഹത്തിന്റെ മാസം' എന്നും പേരിട്ട് വിളിക്കുന്നു. പ്രവാചകനായ മുഹമ്മദിന് ഖുര്‍ആന്റെ വെളിപാട് ആരംഭിച്ച മാസമാണത് (2:185). പരസഹസ്രം മുസ്‌ലിംകള്‍ക്ക് ദൈവത്തില്‍ നിന്നുള്ള ശാന്തിയും സുരക്ഷാബോധവും പ്രദാനം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ഖുര്‍ആന്‍ അവതരിച്ച മാസം. ഈ മാസത്തില്‍ ദൈവത്തിന്റെ അതിരുകളില്ലാത്ത അനുഗ്രഹവും മാപ്പും തങ്ങള്‍ക്ക് ലഭിക്കുമെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. റമദാനിലെ വ്രതാനുഷ്ഠാനവും അതോടൊപ്പം നിര്‍വഹിക്കുന്ന ഐച്ഛികാരാധനകളും ദൈവവുമായുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ സഹായിക്കുന്നു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ റമദാനിലെ വ്രതാനുഷ്ഠാനമാണ്, ഒരുപക്ഷേ ദൈവത്തിനുള്ള ആത്മസമര്‍പ്പണത്തിന്റെ ഏറ്റവും വൈയക്തികമായ പ്രകടനം. ഒരു മുസ്‌ലിം മറ്റു നാല് സ്തംഭങ്ങളും അനുഷ്ഠിക്കുന്നത് നമുക്ക് നിരീക്ഷിക്കാന്‍ കഴിയും. പക്ഷേ, താന്‍ നോമ്പനുഷ്ഠിച്ചിട്ടുണ്ടോ എന്ന് തനിക്കും ദൈവത്തിനുമല്ലാതെ മറ്റാര്‍ക്കും അറിയുക സാധ്യമല്ല. അതിനാല്‍, നോമ്പ്, മറ്റുള്ളവരെ കാണിക്കാനോ അവരുടെ ആദരവ് പിടിച്ചുപറ്റാനോ വേണ്ടി അനുഷ്ഠിക്കാവുന്ന ഒരാരാധനയല്ലാതായിത്തീരുന്നു. ഞാന്‍ നോമ്പെടുത്തിരിക്കുന്നുവെന്ന് എനിക്ക് ജനങ്ങളോട് പറയാം. പക്ഷേ, അത് പരിശോധിക്കാന്‍ അവരുടെ വശം പ്രായോഗിക മാര്‍ഗങ്ങളില്ല. 'നോമ്പ് എനിക്കുള്ളതാണ്' എന്ന ദൈവവചനം ഉദ്ധരിക്കുകവഴി നോമ്പിന്റെ ഈ സവിശേഷതയാണ് പ്രവാചകന്‍ വിവരിക്കുന്നത്.
ദൈവാനുഗ്രഹങ്ങള്‍ അന്യരുമായി പങ്കുവെക്കുന്ന മാസംകൂടിയാണ് റമദാന്‍. സാമൂഹികബന്ധങ്ങള്‍ പുതുക്കുകയും അവക്കേറ്റ മുറിവുകളുണക്കുകയും ചെയ്യുന്ന കാലം. ഈ മാസത്തില്‍, തകര്‍ന്ന പല ബന്ധങ്ങളും പുനഃസ്ഥാപിക്കപ്പെടുകയും പിണക്കങ്ങള്‍ തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. ''ക്ഷതപ്പെട്ട വികാരങ്ങള്‍ റമദാന്‍ മാസത്തില്‍ നന്നാവുന്നില്ലെങ്കില്‍ പിന്നെ അതെപ്പോഴെങ്കിലും നന്നാവുമെന്ന ഒരു പ്രതീക്ഷയും വേണ്ട''- ഒരു മുസ്‌ലിം സുഹൃത്ത് ഒരിക്കല്‍ പറയുകയുണ്ടായി.
മുസ്‌ലിംകളില്‍, പാവങ്ങളോടും അവശവിഭാഗങ്ങളോടുമുള്ള അനുകമ്പ വളര്‍ത്താന്‍ വ്രതാനുഷ്ഠാനത്തിന് പ്രത്യേകിച്ചും കഴിയേണ്ടതുണ്ട്. കാരണം, ഒരു വിശ്വാസി, പൂര്‍ണമായ ഒരു മാസക്കാലം, പകല്‍സമയത്തെ അതിലളിതമായ ആനന്ദംപോലും ത്യജിച്ച് കഴിച്ചുകൂട്ടുകയാണ്. എന്നിട്ടും, ദൈവത്തിന്റെ പ്രതിനിധി എന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്തങ്ങള്‍, വ്രതമനുഷ്ഠിച്ചിരിക്കുന്ന അവസ്ഥയിലും നാം ചിലപ്പോള്‍ മറന്നുപോകുന്നു.
ഒരു റമദാനില്‍ എനിക്ക്, ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി കെട്ടിപ്പിണയേണ്ടിവന്നു. ജീവിതത്തിലെ പ്രശ്‌നസങ്കീര്‍ണമായ അത്തരം ഒരു ഘട്ടത്തില്‍ നോമ്പനുഷ്ഠിക്കേണ്ടിവന്നത് എന്നെ അസ്വസ്ഥനാക്കുകയും എനിക്ക് ഒരുതരം വിഷാദം അനുഭവപ്പെടുകയും ചെയ്തു. വളരെ കഠിനാധ്വാനം ചെയ്യേണ്ടിവന്ന ഒരു ദിവസം, നോമ്പുതുറക്കാന്‍ ആരംഭിക്കവെ, ടി.വി.യില്‍ ഒരു വാര്‍ത്താശകലം പ്രത്യക്ഷപ്പെട്ടു. എത്യോപ്യയെയും സോമാലിയയെയും ബാധിച്ച കടുത്ത പട്ടിണിയെക്കുറിച്ചുള്ളതായിരുന്നു അത്. ക്രമാതീതമായി ചീര്‍ത്ത വയറുമായി അഴുക്കില്‍ കിടന്ന് പ്രാണസങ്കടത്താല്‍ പിടയുന്ന നഗ്നനായ തന്റെ കൊച്ചുകുഞ്ഞിനെ നിസ്സഹായനായി നോക്കിനില്‍ക്കുന്ന, പട്ടിണിമൂലം മെലിഞ്ഞൊട്ടിയ ഒരു സോമാലി പിതാവിന്റെ മുഖം ഞാനിപ്പോഴും ഓര്‍ക്കുന്നു. കുടുംബത്തിലെ മറ്റംഗങ്ങളെല്ലാം അയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിന്റെ ചാരത്ത്, ശാന്തനായി, ദീനഭാവത്തോടെ, കുഞ്ഞിന് ആശ്വാസവുമായെത്തുന്ന മരണത്തെയും കാത്ത് അയാളിരിക്കുകയാണ്. അതേസമയം ഞാന്‍, വിഭവസമൃദ്ധമായ ആഹാരം രുചിച്ചുകൊണ്ട്, എന്റെ സോഫയിലിരുന്ന് അത് വീക്ഷിക്കുകയും! അപ്പോഴും മരണത്തെ പുല്‍കിയിട്ടില്ലാത്ത ആ കുഞ്ഞ്, അതിനോട് ചെയ്ത സര്‍വ അനീതികള്‍ക്കുമെതിരെ, ടെലിവിഷന്‍ ദൃശ്യത്തില്‍ അസ്വസ്ഥരാകുന്നതിന് പകരം അതാസ്വദിക്കുന്ന എന്നെപ്പോലുള്ള ആളുകളുടെ ഹൃദയശൂന്യവും ക്രൂരവുമായ അവഗണനക്കെതിരെ, പ്രതിഷേധിച്ചിട്ടെന്ന മട്ടില്‍ കഠോരമായും ധിക്കാരപൂര്‍വമായും അലറിക്കൊണ്ടേയിരുന്നു.
സോമാലിയയിലെയും എത്യോപ്യയിലെയും ഈ ദുരന്തത്തെക്കുറിച്ച് മാസങ്ങളായി ഞാനറിയുന്നു. പക്ഷേ, ഞാനൊന്നും ചെയ്തിട്ടില്ല. അതൊന്ന് ശ്രദ്ധിക്കാന്‍പോലും ഞാന്‍ സന്നദ്ധനായിട്ടില്ല. മുമ്പില്‍ ഭക്ഷണത്തളികയും വെച്ച് ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ണുനട്ടിരിക്കെ, 'ഒരനീതി കണ്ണില്‍പെട്ടാല്‍ അതിനെ കൈകള്‍കൊണ്ട് മാറ്റുക, സാധ്യമല്ലെങ്കില്‍ നാവുകൊണ്ട്, അതും സാധ്യമല്ലെങ്കില്‍ സ്വഹൃദയത്തിലെങ്കിലും മാറ്റുക, പക്ഷേ അത് വിശ്വാസത്തിന്റെ അതിദുര്‍ബലമായ പ്രകടനമാണ്' എന്ന പ്രവാചക വചനം, എന്നെ പിളര്‍ത്തു കയറി. ഒരു മാസക്കാലം ഞാന്‍ വ്രതമെടുത്തിട്ടും, എന്റെ കണ്‍മുമ്പില്‍ മറ്റുള്ളവര്‍ പേറുന്ന പെരുംദുരിതങ്ങളെക്കുറിച്ച് ഒരിക്കല്‍പോലും ഞാന്‍ ആലോചിച്ചിട്ടില്ല. യഥാസ്ഥാനത്ത് എന്നെ നിര്‍ത്തി, എനിക്ക് ലഭിച്ച സര്‍വവിഭവങ്ങളും കാണിച്ചുതന്ന്, ഞാനെത്ര കൃതഘ്‌നനാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ ദൈവം ആ നിമിഷം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി.
(ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഡോ. ജെഫ്രി ലാംഗിന്റെ 'മാലാഖമാര്‍ പോലും ചോദിക്കുന്നു' എന്ന പുസ്തകത്തില്‍ നിന്ന്)
Comments