Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

മുസ്‌ലിം ലീഗില്‍ സമസ്തയുടെ സ്വാധീനം- ഒരനുബന്ധം

എ.ആര്‍.എ ഹസന്‍ മാഹി

മുസ്‌ലിം ലീഗില്‍ സമസ്തയുടെ സ്വാധീനം- ഒരനുബന്ധം

'മുസ്‌ലിം ലീഗില്‍ സമസ്തയുടെ സ്വാധീനം' (ലക്കം 2903) എന്ന തലക്കെട്ടില്‍ പ്രബോധനത്തില്‍ 'മുജീബ്' നല്‍കിയ മറുപടിക്കുള്ള അനുബന്ധമാണിത്.

യു.ഡി.എഫ് ഭരിക്കുമ്പോഴും എല്‍.ഡി.എഫ് ഭരിക്കുമ്പോഴും വഖ്ഫ് ബോര്‍ഡില്‍ ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിയെ ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെ ടി. ആരിഫലിയും പിന്നീട് വി.കെ അലിയും വഖ്ഫ് ബോര്‍ഡിലുണ്ടായിരുന്നു. ഒടുവില്‍ പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടിയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് എല്‍.ഡി.എഫ് ഭരണകാലത്താണ്. പക്ഷേ, എല്‍.ഡി.എഫ് ഭരണത്തിലിരിക്കുമ്പോള്‍ തന്നെ ഫലത്തില്‍ ബോര്‍ഡ് യു.ഡി.എഫ് പിടുത്തത്തിലമര്‍ന്നിരുന്നു. പി.ഡി.പി പ്രതിനിധിയും ബാര്‍ കൗണ്‍സില്‍ പ്രതിനിധിയും മുസ്‌ലിം ലീഗില്‍ ചേര്‍ന്നതോടെ ബോര്‍ഡ് മുസ്‌ലിം ലീഗിന്റെ കൈയിലായി. ചെയര്‍മാനായിരുന്ന കെ.വി അബ്ദുല്‍ ഖാദര്‍ തല്‍ സ്ഥാനം രാജിവെച്ച് ഒഴിഞ്ഞതോടെ മുസ്‌ലിം ലീഗിന്റെ പിടുത്തം ഒന്നുകൂടി മുറുകി. മുസ്‌ലിം എം.പി എന്ന നിലക്ക് പ്രതിനിധിയായിരുന്ന കെ.ഇ ഇസ്മാഈലും യോഗത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് 1960-ല്‍ രൂപം കൊണ്ടതു മുതല്‍ അധികകാലവും മുസ്‌ലിം ലീഗിന്റെ കീഴിലായിരുന്നു അത് പ്രവര്‍ത്തിച്ചത്. ബോര്‍ഡിലെ ജീവനക്കാരില്‍ പലരും മുസ്‌ലിം ലീഗിന്റെ ആജ്ഞാനുവര്‍ത്തികളാണെന്ന പരാതി പലര്‍ക്കുമുണ്ട്.

പക്ഷേ, 'പാണക്കാട് തങ്ങളെ നിയന്ത്രിക്കുന്നതാര്' എന്ന പി.എസ് റംഷാദിന്റെ ലേഖനവും (സമകാലിക മലയാളം), ആയതിന് പ്രതികരണമായി മശ്ഹൂര്‍ ദാരിമി എഴുതിയ കുറിപ്പും പൂര്‍ണമായി വായിക്കുമ്പോള്‍ 'മുജീബി'ന്റെ മറുപടി ഭദ്രമല്ലെന്ന് തോന്നുന്നു. സുന്നികളിലെ എ.പി വിഭാഗത്തിന് ഇ.കെ വിഭാഗത്തോടുള്ള ഈറ തീര്‍ക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴച്ചതാണെന്ന് തോന്നുന്നു. മര്‍ഹൂം ഉമറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായുള്ള ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തെ ഉള്‍പ്പെടുത്താതിരിക്കുന്നതില്‍ ഇ.കെ വിഭാഗം വിജയിച്ചിരിക്കാം. എന്നാല്‍ പ്രസ്തുത ബോര്‍ഡില്‍ ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിയായി വി.കെ അലിയുണ്ടായിരുന്നു (ഇ.കെ വിഭാഗം സുന്നികളില്‍ നല്ലൊരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയോട് സഹിഷ്ണുതാപൂര്‍വം പെരുമാറുന്നവരാണ്).

ഇത്തവണ ജമാഅത്തെ ഇസ്‌ലാമിയെയും കാന്തപുരം വിഭാഗത്തെയും ഒഴിവാക്കിയിട്ടുണ്ട്. കാന്തപുരം വിഭാഗത്തെ ഒഴിവാക്കിയ അര്‍ഥത്തിലല്ല ജമാഅത്തെ ഇസ്‌ലാമിയെ ഒഴിവാക്കിയതെന്നും പുതിയ ആക്ടനുസരിച്ച് നേരത്തെ 11 അംഗങ്ങളുണ്ടായിരുന്നത് പത്തായി ചുരുങ്ങിയതിനാലാണ് ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിയെ ഉള്‍ക്കൊള്ളിക്കാനാവാതെ പോയതെന്നുമാണ് ലീഗ് വൃത്തങ്ങളും മറ്റും വിശദീകരിക്കുന്നത്. മഹല്ല് കമ്മിറ്റികളിലും പള്ളി-മദ്‌റസ കമ്മിറ്റികളിലും മറ്റും വനിതകള്‍ക്ക് ന്യായമായ പ്രാതിനിധ്യം നല്‍കണമെന്ന് വാദിച്ചതിനാല്‍ ജമാത്തിനെ തഴഞ്ഞതാവണമെന്നില്ല. ഇതേ വാദഗതിയുള്ള നദ്‌വത്തുല്‍ മുജാഹിദീനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. കൂടാതെ വനിതാ പ്രതിനിധിയും ബോര്‍ഡിലുണ്ട്.

ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളില്‍ പലരുമായും സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണെന്ന് മനസ്സിലാകുന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ഉപാധ്യക്ഷന്‍ പി.പി അബ്ദുര്‍റഹ്മാനാണ്. ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും തമ്മില്‍ അടുക്കുന്നതില്‍ അസഹ്യതയുള്ളവര്‍ സുന്നികളിലും മുസ്‌ലിം ലീഗിലുമുണ്ട്. എന്നാല്‍, എല്ലാവരും അങ്ങനെയല്ല. മുസ്‌ലിം ലീഗുമായി നന്മയില്‍ സഹകരിക്കുന്ന, ഗുണകാംക്ഷ പുലര്‍ത്തുന്ന, രചനാത്മക ശൈലിയാണ് ജമാഅത്തിന്റേതെന്ന് ലീഗിലെ പലര്‍ക്കും നന്നായറിയാം.

എ.ആര്‍.എ ഹസന്‍ മാഹി

മലയാള പത്രങ്ങളുടെ നിലപാട്

ഡോ. യൂസുഫുല്‍ ഖറദാവിക്കും ഡോ. മുര്‍സിയടക്കമുള്ളവര്‍ക്കുമെതിരിലുള്ള കൂട്ട വധശിക്ഷാ വിധിയോട് മലയാള പത്രങ്ങള്‍ സ്വീകരിച്ച നിലപാട് വിശകലനം ചെയ്തുകൊണ്ടുള്ള ജിബ്രാന്റെ ലേഖനം (ലക്കം: 2904) ശ്രദ്ധേയമായി. സിറാജ് ദിനപത്രം മുസ്‌ലിം സമുദായത്തിന്റെ പൊതു നിലപാടില്‍ നിന്ന് എങ്ങനെയൊക്കെ വ്യത്യാസപ്പെടുന്നുവെന്ന് തിരിച്ചറിയാന്‍ ആ എഴുത്ത് സഹായകമായി.

പ്രഫ. ബദീഉസ്സമാന്റെ 'വിദ്യാഭ്യാസത്തെക്കുറിച്ച് ചില വിചാരങ്ങള്‍; സമുദായത്തെക്കുറിച്ചും' എന്ന ലേഖനം സമുദായം ജാഗ്രതയോടെ വായിക്കേണ്ടതാണ്. 

മമ്മൂട്ടി കവിയൂര്‍

നടുറോഡില്‍ നന്മ പിടഞ്ഞ് മരിക്കാതിരിക്കട്ടെ

2015 ഏപ്രില്‍, മേയ് മാസങ്ങളിലായി വായിച്ച മൂന്ന് ചരമ വാര്‍ത്തകള്‍ ആരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടവണ്. ആതുര സേവനരംഗത്ത് മാതൃകകള്‍ സൃഷ്ടിക്കുന്ന കേരളക്കരയില്‍ നടന്ന മൂന്ന് മരണങ്ങളാണ് സജീവ ചിന്താവിഷയമായി വരേണ്ട സംഭവങ്ങള്‍. ഏപ്രില്‍ മാസത്തിലാണ് കടലുണ്ടി റെയില്‍വേ സ്റ്റേഷനടുത്ത് വെച്ച് ബധിരനായ രാമനെ തീവണ്ടി അപകടത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീറും ഐഡിയല്‍ റിലീഫ് വിംഗി(ഐ.ആര്‍.ഡബ്ല്യു)ന്റെ ഗ്രൂപ്പ് ലീഡറുമായിരുന്ന പി.വി അബ്ദുര്‍റഹ്മാന്‍ രക്തസാക്ഷിയാവുന്നത്. തന്റെ ബന്ധുവോ കുടുംബക്കാരനോ ഒന്നും അല്ലാതിരുന്ന, സഹോദര സമുദായാംഗമായ രാമനെ രക്ഷിക്കാനുള്ള സാഹസികമായ ശ്രമത്തില്‍ ആദ്യം അബ്ദുര്‍റഹ്മാനും പിന്നെ രാമനും മരണമടയുകയായിരുന്നു. 

ഈ ഓര്‍മ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഈ മെയ് മാസത്തില്‍ കുന്ദംകുളത്ത് തിരക്കുള്ള ഒരു തെരുവില്‍ ഒരാള്‍ റോട്ടില്‍ കിടന്ന് പിടഞ്ഞു മരിക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുന്ദംകുളം പട്ടണത്തിലെ വ്യാപാര ഭവന് മുന്നില്‍ വീണ് പിടഞ്ഞ ചെറുവത്താനി സ്വദേശി കാരേമ്മല്‍ പറമ്പില്‍ രാധാകൃഷ്‌നാണ് (39) മൂന്ന് മണിക്കൂറോളം റോഡില്‍ കിടന്ന് മരണമടഞ്ഞത്. മരിക്കുന്നതിന് സെക്കന്റുകള്‍ക്ക് മുമ്പ് പോലീസും ഒന്ന് രണ്ട് പൊതു പ്രവര്‍ത്തകരും ഒരു ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി നിസ്സഹായനായ ആ മനുഷ്യനെ അതില്‍ കയറ്റിയെങ്കിലും വൈകിയെത്തിയ സഹായത്തിന് കാത്തുനില്‍ക്കാതെ രാധാകൃഷ്ണന്‍ പരലോകത്തേക്ക് യാത്രയാവുകയായിരുന്നു.

ഈ മൂന്ന് മരണങ്ങള്‍ ഒരുപാട് ചിന്തകളെ മനുഷ്യ മനസ്സിലേക്ക് കൊണ്ടുവരും. അവ വിവരണാതീതമാണ്. ഓരോരുത്തരും ഇത്തിരി സമയം ഈ മരണങ്ങളെ ഓര്‍ത്തുപോയാല്‍ ഒട്ടനവധി പാഠങ്ങള്‍ ജീവിത പരിവര്‍ത്തനത്തിനുതകും വിധം ലഭിക്കുക തന്നെ ചെയ്യും. അതിനെങ്കിലും നമുക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാശിക്കുന്നു.

പാലാഴി മുഹമ്മദ് കോയ

കര്‍ഷകരുടെ പ്രയാസങ്ങള്‍ക്ക്  
കാതു കൊടുക്കണം

കൃഷി ഭൂമി കര്‍ഷകന് - ഈ തത്ത്വം കാലങ്ങളായി നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. കാരണം നമ്മുടെ രാജ്യം ഒരു കാര്‍ഷിക നാടാണ്. മണ്ണിനോടും പ്രകൃതിയോടും അധ്വാനിച്ച് പണിയെടുത്തു ജീവിക്കുന്ന കര്‍ഷകരാണ് ഇവിടെയുള്ളത്.

പട്ടയവും കിടപ്പാടവുമില്ലാത്ത നിരവധി ആളുകള്‍ പല ഭൂപ്രദേശങ്ങളിലും അധിവസിക്കുന്നുണ്ടിപ്പോഴും. എന്നാല്‍, ചില ഭൂമാഫിയകള്‍ ഇത്തരക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും തട്ടിയെടുക്കുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്. സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമങ്ങളൊന്നും കര്‍ഷകര്‍ക്കനുകൂലമായി ഭവിക്കുന്നില്ല എന്നതും വസ്തുതയാണ്. ഭൂമി ഏറ്റെടുക്കല്‍ ബില്‍ വെറും പാക്കേജുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുമ്പോള്‍ കര്‍ഷകരായ ജനസമൂഹം പകച്ചുനില്‍ക്കുകയാണിന്ന്. രാജ്യത്ത് അന്യം നിന്നുപോകുന്ന കാര്‍ഷിക സംസ്‌കാരത്തെ പരിപോഷിപ്പിക്കാനും കര്‍ഷകരെ പ്രസ്തുത രംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ഒരു നിയമ സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം. അന്യാധീനപ്പെട്ടുപോയ കൃഷി ഭൂമികളില്‍ പൊന്ന് വിളയിക്കാനുള്ള അവകാശം കര്‍ഷകന് സാധിച്ചുകൊടുക്കണം. മാറി മാറി വരുന്ന ഗവണ്‍മെന്റുകള്‍ കര്‍ഷകരുടെ സ്വകാര്യ ദുഃഖങ്ങള്‍ കാണുന്നില്ല. കര്‍ഷകര്‍ ഈ നാടിന്റെ സ്വപ്നവും ജീവനാഡിയുമാണ്. അതുകൊണ്ട് കര്‍ഷക സമൂഹത്തെ രക്ഷിക്കാന്‍ ഒറ്റക്കെട്ടാവുക.

ആചാരി തിരുവത്ര ചാവക്കാട്

വിദ്യാഭ്യാസ മേഖലയില്‍ കാലത്തോടൊപ്പം മാറേണ്ട കാഴ്ചപ്പാടുകള്‍

വിദ്യാഭ്യാസത്തെക്കുറിച്ച ചില വിചാരങ്ങള്‍ എന്ന പ്രഫ. ബദീഉസ്സമാന്റെ ലേഖനം (ലക്കം 2904) യഥാര്‍ഥത്തില്‍ മുസ്‌ലിം സമുദായത്തില്‍ രൂപപ്പെട്ടുവരുന്ന വികലമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ അനാവരണം ചെയ്യുന്നതായി.

പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ പുരോഗതിയുടെ പാതയിലേക്ക് എടുത്തു ചാടാന്‍ സാഹചര്യങ്ങളെ സംബന്ധിച്ച അറിവും കാലാനുസൃതമായി മാറാനുള്ള മനസ്സും സൂക്ഷ്മമായ ആസൂത്രണവും ആവശ്യമാണെന്ന ലേഖകന്റെ വീക്ഷണം സമുദായ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തത് സമുദായത്തിന്റെ ഒട്ടു മിക്ക സ്ഥാപനങ്ങളും ഗുണമേന്മയില്‍ മുന്നിട്ടു നില്‍ക്കാന്‍ തടസ്സമാകുന്നു. മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങള്‍, മികച്ച അധ്യാപകര്‍, പര്യാപ്തമായ സേവന വേതന വ്യവസ്ഥകള്‍ തുടങ്ങിയവയെപ്പറ്റി ഏകദേശ ധാരണ പോലുമില്ലാത്തവരാണ് ഇന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത്. കാലത്തിന്റെ താല്‍പര്യമനുസരിച്ച് ഉന്നത ശ്രേണികളിലേക്ക് നമ്മുടെ കുട്ടികളെ കയറ്റിവിടാന്‍ സഹായകമായ സാഹചര്യം ഒട്ടു മിക്ക സ്ഥാപനങ്ങളിലും ലഭ്യമാകുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്.

ഗുണമേന്മ വിദ്യാഭ്യാസത്തിനോ അക്രഡിറ്റേഷന്‍ പോലുള്ള നിലവാര നിര്‍ണയ പ്രക്രിയക്കോ നമ്മുടെ സ്ഥാപനങ്ങള്‍ ക്രിയാത്മകമായി ഒന്നും ചെയ്യാത്ത കാലത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ധിച്ചാലും ഉത്തുംഗ ശ്രേണികളില്‍ സമുദായം എത്തിപ്പെടുകയില്ല എന്നതുതന്നെയായിരിക്കും ഫലം.

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍