Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

സമര്‍പ്പണത്തിന്റേതാവട്ടെ നമ്മുടെ റമദാന്‍

എം.ഐ അബ്ദുല്‍ അസീസ് <br>അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള /മുഖവാക്ക്

      ഒരു റമദാനിനു കൂടി നാം സാക്ഷികളാവുകയാണ്. നമ്മുടെ അകവും പുറവും കഴുകി വൃത്തിയാക്കാന്‍ പ്രപഞ്ച നാഥനൊരുക്കിയ ആരാധനാകര്‍മമാണ് വ്രതാനുഷ്ഠാനം. റമദാന്‍ മാസത്തിന്റെ മഹത്വത്തെ വര്‍ണിക്കാന്‍ ഭാഷയ്ക്ക് പരിമിതികളുണ്ട്. മനുഷ്യനു മനസ്സിലാക്കാന്‍ കഴിയുംവിധം സ്രഷ്ടാവായ അല്ലാഹുവും അവന്റെ ദൂതനും അത് വിശദീകരിച്ചിട്ടുണ്ട്. മനുഷ്യ സമൂഹത്തിനു മാര്‍ഗ ദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ ഭൂമിയിലേക്ക് പെയ്തിറങ്ങിയത്  ഈ മാസത്തിലായിരുന്നു. വ്രതമാസത്തിന്റെ പുണ്യമറിഞ്ഞിരുന്നെങ്കില്‍ എന്നും റമദാനായാല്‍ മതിയായിരുന്നെന്ന് വിശ്വാസികള്‍ കൊതിക്കുമെന്ന് പ്രവാചകന്‍(സ)വിശദീകരിക്കുന്നു. 

സഹോദരങ്ങളേ, അല്ലാഹു കനിഞ്ഞരുളിയ അനര്‍ഘ നിമിഷങ്ങളെ ആവോളം ആസ്വദിക്കുക, അനുഭവിക്കുക. അതില്‍ വരുന്ന ഏതു വീഴ്ചയും തീരാദുഖത്തിലേക്കായിരിക്കും നയിക്കുക. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരാനാണ് നോമ്പ് നിര്‍ബന്ധമാക്കിയതെന്ന് ഖുര്‍ആന്‍ (2:183)പറയുന്നു. അല്ലാഹുവിനെ ഭയന്ന്, അവന്റെ അനിഷ്ടത്തെ ഭയന്ന്, അവന്റെ ശിക്ഷയെ ഭയന്ന്, അവനെ സ്‌നേഹിച്ച്, അവനെ തൃപ്തിപ്പെടുത്തി, അവന്റെ സ്വര്‍ഗത്തെ മോഹിച്ച് അരുതായ്മകളെ സൂക്ഷിക്കുന്നതിനും അവന്റെ ഇഷ്ടങ്ങളെ പുല്‍കുന്നതിനുമുള്ള വ്യഗ്രതക്കാണല്ലോ തഖ്‌വയെന്ന് പറയുക. ഭൗതികതയോടുള്ള അടങ്ങാത്ത ആര്‍ത്തിയും ആസക്തിയുമാണ് അല്ലാഹുവിനോടുള്ള സമ്പൂര്‍ണ സമര്‍പ്പണത്തില്‍ നിന്ന് മനുഷ്യനെ വ്യതിചലിപ്പിക്കുന്നത്. ഈ സമര്‍പ്പണത്തിലേക്ക് വീണ്ടും വീണ്ടും തിരിച്ചെത്താന്‍ ആവേശം കാണിക്കുന്നവനാണ് വിശ്വാസി. അവന്റെ മുന്നില്‍ തുറന്നിട്ട വാതിലാണ് റമദാന്‍. കുതിച്ചോടുന്ന ഇച്ഛകളെയും തൃഷ്ണകളെയും പിടിച്ച് നിര്‍ത്താനും നന്മകളുടെ വഴിയേ സഞ്ചരിക്കാനുമുള്ള ഊര്‍ജം അതവന് നല്‍കുന്നു. ദാഹിക്കുമ്പോഴും വെള്ളമിറക്കാതെ, വിശക്കുമ്പോഴും പട്ടിണി തുടര്‍ന്ന്, കോപവും അനാവശ്യ വര്‍ത്തമാനങ്ങളും മാടി വിളിക്കുമ്പോഴും അതില്‍ നിന്നകന്ന് നില്‍ക്കാന്‍ അവനെ സഹായിക്കുന്നത് അല്ലാഹുവിന്റെ കല്‍പന പാലിക്കണമല്ലോ എന്ന ഒരേയൊരു വികാരം മാത്രം. 

സവിശേഷമായ സാഹചര്യത്തിലാണ് ലോകം റമദാനിനെ അഭിമുഖീകരിക്കുന്നത്. ദൈവത്തിന്റെ ശത്രുക്കള്‍, മനുഷ്യ വിരുദ്ധ ശക്തികള്‍ അവരുടെ തേരോട്ടം പൂര്‍വാധികം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ദിശാബോധം നല്‍കിക്കൊണ്ടിരിക്കുന്ന മഹാപണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിക്കും, ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ആവേശമായിരുന്ന ഈജിപ്തിന്റെ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിക്കും വധശിക്ഷ വിധിച്ചിരിക്കുന്നു. നമ്മുടെ അയല്‍ രാജ്യത്ത് ഭരണകൂട താണ്ഡവത്തിനിരയായി പ്രിയ സഹോദരന്‍ ഖമറുസ്സമാന്‍ രക്തസാക്ഷിയായി; അദ്ദേഹത്തോടൊപ്പം പരശ്ശതം നേതാക്കളും പ്രവര്‍ത്തകരും. നടുക്കടലില്‍ അലയുന്ന മ്യാന്‍മറിലെ സഹോദരങ്ങളുടെ രോദനങ്ങള്‍ ചെവിയില്‍ വന്നലക്കുന്നു. റമദാനില്‍ വിശ്വാസിയുടെ വജ്രായുധമാണ് പ്രാര്‍ഥന. ആകാശത്തുള്ളവന്‍ നമ്മുടെ പ്രാര്‍ഥനകള്‍ക്കായി കാത്തിരിക്കുന്നു. പവിത്ര രാവുകളിലെ ഏകാന്തതയില്‍ നടത്തുന്ന പ്രാര്‍ഥനകളില്‍ നാമവരെ ഉള്‍പ്പെടുത്തുക. പ്രാര്‍ഥന അവര്‍ക്കു വേണ്ടി  മാത്രമല്ല, നമുക്ക് വേണ്ടി, മക്കള്‍ക്ക് വേണ്ടി, മാതാപിതാക്കള്‍ക്ക് വേണ്ടി, ഇരകള്‍ക്കും അനാഥര്‍ക്കും തടവറയില്‍ ഭേദ്യം ചെയ്യപ്പെടുന്നവര്‍ക്കും അരികുചേര്‍ത്തെറിയപ്പെട്ടവര്‍ക്കും പോരാളികള്‍ക്കും വേണ്ടി.

മാനവികതയെ നിരാകരിക്കുന്ന ഭരണകൂടമാണ് നമ്മെ ഭരിക്കുന്നത്. വിശ്വാസവും സംസ്‌കാരവും പ്രബോധന പ്രവര്‍ത്തനങ്ങളുമെല്ലാം ഭീഷണി നേരിടുന്ന കാലത്തെ പ്രതീക്ഷിക്കണം. മറുവശത്ത്, ഇസ്‌ലാം നിരാകരിച്ച പൗരോഹിത്യം ഭക്തിയുടെ പുതിയ വേഷപ്പകര്‍ച്ചയിലൂടെ തിരിച്ചു വരുന്നു. വ്രതം സമ്മാനിക്കുന്ന ഭക്തി ആലസ്യത്തിന്റെതല്ല, സമരോത്സുകതയുടെതാണ്. സമരഭൂമിയില്‍ വിധേയപ്പെടാനാവശ്യപ്പെടുന്നവരോട്, അകത്തു നിന്നും പുറത്തു നിന്നും റമദാനിന്റെ പരിചയുയര്‍ത്താന്‍ നമുക്കാവണം. ഭക്തിയുടെ പകല്‍വെളിച്ചത്തില്‍ ഒരു ബദറിനെ സാധ്യമാക്കിയിട്ടുണ്ട് നമ്മുടെ ദീനെന്ന കാര്യം വിസ്മരിക്കരുത്. 

ഖുര്‍ആന്‍ നമ്മുടെ മുന്നില്‍ നടക്കട്ടെ. ഖുര്‍ആന്‍ പാരായണം ചെയ്തും പഠിച്ചും അതിനോട് ആത്മബന്ധം പുലര്‍ത്തുക. അതനുസരിച്ച് ജീവിതത്തെ വിലയിരുത്താനും ചിട്ടപ്പെടുത്താനും ശ്രദ്ധ വേണം. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നമ്മുടെയോ മറ്റൊരാളുടെയോ ശബ്ദമല്ല നമ്മള്‍ കേള്‍ക്കുന്നത്, സ്രഷ്ടാവിന്റെ ആഹ്വാനങ്ങളെയാണ്. ഇസ്‌ലാമികമായ നമ്മുടെ വളര്‍ച്ചയില്‍ കുടുംബവും കൂടെയുണ്ടെന്ന് ഉറപ്പു വരുത്തുക. അല്ലാഹുവിനോടും ഖുര്‍ആനോടും ആത്മബന്ധത്തിന് തുടക്കിമിടാന്‍ ഈ റമദാന്‍ അവര്‍ക്ക് നിമിത്തമാവണം. വീടകങ്ങളെ ഇനി ഖുര്‍ആന്‍ നിര്‍ണയിക്കട്ടെ എന്നു തീരുമാനിക്കുക.

വിശുദ്ധിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു മാത്രമേ നമുക്ക് റയ്യാനിലൂടെ പ്രവേശിക്കാനൊക്കൂ. പാപങ്ങളുടെ കറകള്‍ നമ്മുടെ ആത്മാവിനെ വികൃതമാക്കിയിട്ടുണ്ട്. അനര്‍ഹമായ സമ്പാദ്യങ്ങള്‍ നമ്മെ ദുര്‍ബലമാക്കും. എല്ലാം നാഥന്റെ മുന്നില്‍ തുറന്നു പറഞ്ഞേ പറ്റൂ. പശ്ചാതാപത്തിന്റെ ചൂടില്‍ നമ്മുടെ അഹങ്കാരങ്ങളും കാപട്യങ്ങളും കരിഞ്ഞുണങ്ങട്ടെ. പുതുപ്പിറവിയുടെ വിശുദ്ധിയോടെ പുതുജീവിതത്തിന് നാം ഈ റമദാനിലൂടെ തുടക്കമിടുക.

പുണ്യങ്ങളുടെ ഈ പൂക്കാലത്തിന്റെ സൗരഭ്യം നുകരാന്‍ ഇതര ജനവിഭാഗങ്ങള്‍ക്കും അവകാശമുണ്ട്. നമ്മുടെ ഇഫ്ത്വാറുകളുടെ രുചി അവരുമറിയട്ടെ. ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും ഇഫ്ത്വാറുകളല്ല, ലാളിത്യത്തിന്റെയും ദൈവസ്‌നേഹത്തിന്റെയും ഉയര്‍ന്ന മാതൃകകള്‍ സൃഷ്ടിക്കുന്ന ഇഫ്ത്വാറുകള്‍. ദാനധര്‍മങ്ങളിലും ഫിത്വ്ര്‍ സകാത്തിലും സകാത്ത് വിഹിതത്തിലും അവര്‍ക്ക് അവകാശം നല്‍കുക. വിദ്വേഷത്തിന്റെ സമവാക്യങ്ങള്‍ തീര്‍ക്കുന്നവരോട് ആത്മ സൗഹാര്‍ദത്തിന്റെ ഭാഷയില്‍ സംവദിക്കാന്‍ നോമ്പിനോളം പറ്റിയ സന്ദര്‍ഭമില്ല.

ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ പ്രാദേശിക തലം മുതല്‍ ദേശീയ തലം വരെ നേതൃത്വ മാറ്റം നടക്കുന്ന സമയമാണിത്. ഉത്തരവാദിത്തം ഭാരിച്ചതാണ്. യോഗ്യതയുള്ളതുകൊണ്ടല്ല നാമിതേറ്റെടുക്കുന്നത്. ദൈവികമായ നടപടിക്രമങ്ങളിലൂടെ ഭാരം നമ്മുടെയും നമ്മുടെ നേതാക്കളുടെയും ചുമലില്‍  വന്നു ചേര്‍ന്നിരിക്കുകയാണ്. ഇനി അതിനുള്ള അര്‍ഹത നേടിയേ പറ്റൂ. ഈ പരീക്ഷണത്തെ ഒരു സാധ്യതയായി മനസ്സിലാക്കുക. അല്ലാഹുവിന്റെ പ്രീതി നേടിയെടുക്കാനത് സഹായകമാകും. അതിനായി പ്രാര്‍ഥിക്കുക, ഹൃദയം തുറന്ന്, നിരന്തരമായി. പുതിയ പ്രവര്‍ത്തന കാലയളവിലേക്ക് നാം പ്രവേശിക്കുകയാണ്. ഖുര്‍ആനിന്റെയും തിരുചര്യയുടെയും വെളിച്ചത്തില്‍ പ്രസ്ഥാനത്തെ കാലത്തിനനുസരിച്ച് ഡിസൈന്‍ ചെയ്‌തെടുക്കാന്‍ നമുക്കാവണം. നമ്മുടെ പരസഹസ്രം സഹോദരങ്ങള്‍ക്ക് വെളിച്ചമാവാന്‍ അതിനു കഴിയണം. വെല്ലുവിളികളെ അതിജീവിക്കാനും പുതിയ പാത വെട്ടാനും അവന്‍ നമ്മെ സഹായിക്കും, റമദാനില്‍ നാമവന്റെ ഉറ്റമിത്രങ്ങളും സഹായികളുമായാല്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍