Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

സര്‍ഗാത്മകത പ്രതിരോധമാണ്

സച്ചിദാനന്ദന്‍ /അഭിമുഖം

കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് ദോഹ കള്‍ച്ചറല്‍ സെന്റര്‍ ഖത്തറില്‍ സംഘടിപ്പിച്ച 'അക്ഷര പ്രവാസം' പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കവി സച്ചിദാനന്ദനുമായി ത്വയ്യിബ അര്‍ഷദ് സംസാരിക്കുന്നു. 

എഴുത്തുകാര്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് വളരെ വിരളമാണ്.  എഴുത്ത് വെറും ആത്മാവിഷ്‌ക്കാരം മാത്രമാണോ?  സര്‍ഗാത്മകതകൊണ്ട്  സാമൂഹിക തിന്മകള്‍ക്കെതിരിലും, അനീതിക്കെതിരിലും പ്രതിരോധം തീര്‍ക്കേണ്ടവരല്ലേ എഴുത്തുകാര്‍?

പഴയ കാലത്ത് ഉണ്ടായിരുന്ന തരത്തിലുള്ള സാമൂഹിക ജാഗ്രതയും സാമൂഹിക പ്രതിബദ്ധതയും എഴുത്തുകാര്‍ക്ക് കുറഞ്ഞു വരുന്നൊരു കാലത്താണ് നാം ജീവിക്കുന്നതെന്നെനിക്ക് തോന്നുന്നു. പലപ്പോഴും ഭരണകൂടത്തോടുള്ള ഒരു ഭയം, തങ്ങള്‍ക്ക് ലഭിക്കാവുന്ന ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങളോ  പുരസ്‌കാരങ്ങളോ ഒക്കെ സത്യം തുറന്ന് പറഞ്ഞാല്‍ നഷടപ്പെടുമോ എന്നുള്ള ആശങ്ക, സമകാലിക യാഥാര്‍ഥ്യങ്ങള്‍  അതിന്റെ സങ്കീര്‍ണതയില്‍ പൂര്‍ണമായി മനസ്സിലാക്കായ്ക ഇതൊക്കെയാവാം ഒരു പക്ഷേ ഇന്നുണ്ടാകേണ്ടിയിരുന്ന തരത്തിലുള്ള തീവ്രമായ പ്രതികരണങ്ങള്‍ എഴുത്തുകാരില്‍ നിന്ന് ഉണ്ടാകാതിരിക്കാനുള്ള ഒരു പ്രധാന കാരണം. 

അതേസമയം, തങ്ങളുടെ ഭാഷയും തൂലികയും ആയുധമാക്കുന്ന ഒട്ടനവധി എഴുത്തുകാരുണ്ട്. ഞങ്ങള്‍ തന്നെ ഡല്‍ഹിയില്‍  'ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം' എന്ന പേരിലൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി റൊമില ഥാപ്പറും മറ്റു ചരിത്രകാരന്മാരും ബുദ്ധിജീവികളുമൊക്കെ പങ്കെടുത്ത 'ഐഡിയ ഓഫ് ഇന്ത്യ' എന്ന വലിയ  ഒരു സമ്മേളനം ഞങ്ങള്‍ 'സഫ്ദര്‍ഹശ്മി' ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചിരുന്നു. ചരിത്രകാരന്മാരെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും ഒന്നിച്ച് അണിനിരത്തി കൊണ്ട് കോണ്‍ഫറന്‍സുകള്‍ നടത്തുകയും പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയിലൂടെ ഞങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ നടന്നു വരുന്ന ഫാഷിസവത്കരണം, ഇന്ത്യന്‍  ജനാധിപത്യത്തിന്റെ അപചയം, അത് കൂടുതല്‍ കൂടുതലായി സമഗ്രാധിപത്യത്തിലേക്ക് എന്ത് കൊണ്ട് നീങ്ങുന്നു എന്നതിനെ കുറിച്ചൊക്കെയുള്ള അന്വേഷണം, സമഗ്രാധിപത്യ വിരോധപരമായിട്ടുള്ള കവിതകളും കഥകളും ഉള്‍ക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണം തുടങ്ങി പലവിധ പ്രവര്‍ത്തനങ്ങളും ഈ കൂട്ടായ്മയിലൂടെ  ഞങ്ങള്‍ ലക്ഷ്യം വെക്കുന്നു. ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യത്തിലോ ഞങ്ങള്‍ ഒരു വെബ് മാഗസിന്‍ തുടങ്ങും. ക്രമേണ അത് അച്ചടി മാസികയായി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. ഇതിനു വേണ്ടി ഒട്ടേറെ എഴുത്തുകാരെ സമീപിക്കുകയുണ്ടായി. ഈ ചിന്ത ആദ്യമായി വന്നത് എന്റെ മനസ്സിലും, ഒപ്പം ഇംഗ്ലീഷില്‍ വര്‍ഗീയ വിരുദ്ധമായ നിലപാടുകളെടുത്ത് മുമ്പേ തന്നെ എഴുതിക്കൊണ്ടിരിക്കുന്ന ഗീത ഹരിഹരന്‍ എന്ന എഴുത്തുകാരിയുടെ ഉള്ളിലുമാണ്. അനന്തമൂര്‍ത്തി  ജീവിച്ചിരിക്കുമ്പോഴായിരുന്നു  ഇതിനെ കുറിച്ചുള്ള ആദ്യത്തെ ആലോചന വന്നത്. അനന്തമൂര്‍ത്തി  അതിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. അതിന് ശേഷം ഞങ്ങള്‍ മറ്റ് ഭാഷകളില്‍ നിന്നുള്ള ഒരുപാട് ദലിത് എഴുത്തുകാരെ, ആശാദേവിയെ പോലുള്ള വളരെ പ്രശസ്തരായ ബംഗാളിലെ എഴുത്തുകാരെ, കേരളത്തില്‍ നിന്ന് സക്കറിയയും മുകുന്ദനും ആനന്ദും ഉള്‍പ്പെട്ട എഴുത്തുകാരെയൊക്കെ സമീപിച്ചപ്പോള്‍ വളരെയധികം അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. ശരിയായ നേതൃത്വം കൊടുക്കാന്‍ ആളുകളുണ്ടെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ എഴുത്തുകാര്‍ മുന്നോട്ടു വരുമെന്നാണ് മനസ്സിലാകുന്നത്. എന്നു മാത്രമല്ല ആദ്യകാലത്തെ ഭീതിയില്‍ നിന്ന് എഴുത്തുകാര്‍ പുറത്തു വന്നുതുടങ്ങി എന്നതിനും ധാരാളം സൂചനകള്‍ ലഭിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ തെളിയുന്നതിന്റെ ഭാഗമായി കൂടുതല്‍ ആളുകള്‍ വിമര്‍ശനപരമായ സമീപനം ഭരണകൂടത്തോടും അതിന്റെ നയങ്ങളോടും അത് വളര്‍ത്തുന്ന ഹൈന്ദവവര്‍ഗീയതയോടും പ്രകടിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനും ഏകോപിപ്പിക്കുന്നതിനും പറ്റിയ നല്ല സമയമാണിതെന്ന് എനിക്ക് തോന്നുന്നു.

എഴുത്തുകാരെയും സാംസ്‌കാരിക നായകന്മാരെയും തേടി അവരെത്തിത്തുടങ്ങിയിരിക്കുന്നു. പെരുമാള്‍ മുരുകന്റെ അവസ്ഥ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേരെയുള്ള ഫാഷിസ്റ്റ് വേട്ടയുടെ പുതിയ മുഖമല്ലേ? 

ഒരുപാട് വേദികളില്‍ അതിനെക്കുറിച്ച് സംസാരിച്ച ഒരാളാണ് ഞാന്‍. ദല്‍ഹിയില്‍  പെരുമാള്‍ മുരുകന്‍ വിഷയത്തില്‍ മാത്രമായി സഫ്ദര്‍ഹശമി ട്രസ്റ്റ് യോഗം ചേരുകയുണ്ടായി. ചെന്നൈയില്‍ വെച്ചു  ഹിന്ദു പത്രം നടത്തിയ സാഹിത്യോത്സവത്തില്‍ ഞാനും എന്‍. റാമുമൊക്കെ ചേര്‍ന്നുള്ള രണ്ടായിരത്തോളം കാണികള്‍ ഉണ്ടായിരുന്ന സമ്മേളനത്തില്‍ ഒരു പ്രമേയം  പാസാക്കുകയുണ്ടായി. പെരുമാള്‍ മുരുകന്റെ ചരിത്രപരമായ പരാമര്‍ശങ്ങള്‍ ഉള്ള 'അര്‍ധനാരീശ്വരന്‍' എന്ന നോവല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയതാണ്. അത് ഇംഗ്ലീഷില്‍ 'One Part Woman' എന്ന പേരില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടപ്പോഴാണ് വിമര്‍ശത്തിനു വിധേയമായത്. തന്റെ നാട്ടിന്‍പുറത്ത്  നിലനിന്നിരുന്ന ഒരു ആചാരത്തെക്കുറിച്ച് അതില്‍ പറയുന്നുണ്ട്. സന്തതികളില്ലാത്ത സ്ത്രീ തനിക്ക് ഇഷ്ടമുള്ള പുരുഷന്റെ കൂടെ ശയിക്കാറുണ്ടായിരുന്നു എന്ന പരാമര്‍ശമുണ്ട് അതില്‍. അത് നടന്നു പോന്നിരുന്ന ആചാരമായിരുന്നു. ആ പരാമര്‍ശത്തിന്റെ പേരില്‍ ആര്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള ഹൈന്ദവ വര്‍ഗീയ സംഘടനകള്‍ അതിനെ വലിയ പ്രശ്‌നമാക്കി ഊതിപ്പെരുപ്പിക്കുകയും പെരുമാള്‍ മുരുകനെ പലതരത്തിലുള്ള പീഡനങ്ങള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും  വിധേയമാക്കുകയുമൊക്കെ ചെയ്തു. അങ്ങനെ ഒരു സന്ധി ചെയ്യേണ്ടി വരുമെന്ന ഘട്ടം വന്നപ്പോഴാണ് താന്‍ എഴുത്ത് നിര്‍ത്തുന്നു  എന്ന് മുരുകന്‍ പറഞ്ഞത്. ഒരു എഴുത്തുകാരന് സംഭവിക്കാവുന്ന ഏറ്റവും ഭീകരമായ, ആത്മഹത്യാ തുല്യമായ സംഭവമാണത്. ഈ സംഭവം എന്നിലുണര്‍ത്തിയ വേദനയില്‍ നിന്നു പിറവിയെടുത്തതാണ് 'മാപ്പ്' എന്ന എന്റെ കവിത. ഇതിനെ ഒരു കീഴടക്കമായി കാണുന്നവരുണ്ട്. എന്നാല്‍ എനിക്ക് സത്യസന്ധമായി എഴുതാന്‍ കഴിയാത്ത ഒരു സാംസ്‌കാരിക അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെങ്കില്‍ ഞാന്‍ എന്തിന് എഴുതണം എന്നൊരു വലിയ ചോദ്യം  എന്ന നിലയിലാണ് നാം അതിനെ കാണേണ്ടത്.  

തമിഴ് എഴുത്തുകാരായ ഒരുപാട് സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ചെന്നൈയിലോ മറ്റെവിടെയെങ്കിലുമോ അദ്ദേഹത്തിന് അഭയം നല്‍കാന്‍ തയാറെടുപ്പ് നടത്തിയിരുന്നു. തന്റെ ഗ്രാമത്തോടുള്ള അഭിനിവേശവും അടുപ്പവും  മൂലമാണ് തന്റെ എഴുത്ത് മുഴുവനുമുണ്ടായത് എന്ന ബോധ്യം കാരണം ആ ഗ്രാമം വിട്ട് പോരാന്‍ അദ്ദേഹം തയാറായിരുന്നില്ല.

സര്‍ഗാത്മകത കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന താങ്കളെപ്പോലുള്ള എഴുത്തുകാര്‍ക്കും ഭാവിയില്‍ ഇതൊക്കെത്തന്നെയല്ലേ സംഭവിക്കുക?

വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് 'ഭഗവാന്‍ കാല്‍ മാറുന്നു' എന്ന കെ.പി.എ.സി യുടെ നാടകത്തിനെതിരെയുള്ള ഒരാക്രമണം ഒരു സൂചനയായിരുന്നു. അതിന് ശേഷം ഇത്തരം ഒരുപാട് സംഭവങ്ങള്‍. എം.എഫ്.ഹുസൈന്‍ ഇന്ത്യ വിട്ട് ഖത്തറില്‍ ചെന്ന്  അവിടെ വെച്ചു മരണമടയേണ്ടി വന്നു. മല്ലികാസാരഭായിയുടെ ഡാന്‍സ് ട്രൂപ്പിനെതിരെയും അവരുടെ നാട്യ പാഠശാലക്ക് എതിരായും ആക്രമണമുണ്ടായി. പ്രശസ്ത ഉറുദു എഴുത്തുകാരനായ വാലി ദഖ്‌നി (Wali Dakhi) യുടെ   മസാര്‍ (ശവകുടീരം)  ഗുജറാത്ത് കലാപത്തിനിടക്ക് നശിപ്പിക്കപ്പെട്ടു. അവിടെ ടാറിട്ട റോഡ് ഉണ്ടാക്കി. ദീപാ മേത്തയുടെ 'വാട്ടര്‍', നസറുദ്ദീന്‍ഷായുടെ 'പര്‍സാനിയ' തുടങ്ങിയ  സിനിമകള്‍ക്ക് എതിരെയുള്ള പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും, അവയുടെ ഷൂട്ടിംഗ് തടയാനുള്ള ശ്രമങ്ങളുമൊക്കെ നടക്കുകയുണ്ടായി.  ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നീ നടന്മാരെ ബഹിഷ്‌കരിക്കാന്‍ സാധ്വി പ്രാചിയുടെ ആഹ്വാനം തുടങ്ങി ഒരുപാടു സാംസ്‌കാരിക ആക്രമണങ്ങളുടെ വലിയ പരമ്പര തന്നെ എഴുത്തുകാര്‍ക്കും നിര്‍മാതാക്കള്‍ക്കും കലാകാരന്മാര്‍ക്കുമെതിരെ കഴിഞ്ഞ ഇരുപതു വര്‍ഷത്തിനകം നടന്നിട്ടുള്ളതായി കാണാം. 

സാംസ്‌കാരിക സ്ഥാപനങ്ങളെ സ്വാധീനിക്കാനും അവയുടെ നേതൃത്വം അപ്പാടെ മാറ്റിയെടുക്കാനും ആസൂത്രിത ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത ആളുകളെ പിരിച്ചുവിടുകയും ഒരു യോഗ്യതയുമില്ലാത്തയാളുകളെ അവിടെ കുടിയിരുത്തുകയും ചെയ്യുന്നു. ആര്‍.എസ്.എസില്‍ നിന്ന് ഉയര്‍ന്നുവന്ന, യഥാര്‍ഥ ചരിത്ര ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത, മഹാഭാരതവും ഭാഗവതവും രാമായണവുമൊക്കെ ചരിത്രമാണ് എന്ന് വിശ്വസിക്കുന്ന സുദര്‍ശന്‍ റാവു എന്നയാളെയാണ് ICHR (Indian Council for Historical Research) ന്റെ ചെയര്‍മാനായി വെച്ചിരിക്കുന്നത്. അദ്ദേഹം ഈയിടെ റൊമില ഥാപ്പര്‍,  ഇര്‍ഫാന്‍ ഹബീബ്  പോലുള്ള ഇന്ത്യയിലെ മഹാ ചരിത്രകാരന്മാര്‍ അടങ്ങുന്ന വലിയ സമിതിയെ പിരിച്ചു വിട്ടു.  ICCR (Indian Council for Cultural Relations), ഷിംലയിലെ  Institute of Advanced Studies, ലളിതകലാ അക്കാദമി പോലെയുള്ള സ്ഥാപനങ്ങള്‍ നേരിട്ട് കൈയടക്കാനും തങ്ങളുടെ ഗൂഢ പദ്ധതികള്‍ ഈ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കാനുമുള്ള  ശ്രമങ്ങള്‍ നര്‍ലജ്ജമായി മുന്നോട്ട് കൊണ്ട് പോകുന്നു. നാഷണല്‍ ബുക്‌സ് ട്രസ്റ്റില്‍ നിന്ന്  സേതുവിനെ മാറ്റി അവരുടെ ആളെ വെച്ചു. ഒറ്റക്ക് ഭൂരിപക്ഷമുണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ട് ഈ സ്ഥാപനങ്ങളെയൊക്കെ തങ്ങളുടെ പ്രത്യയശാസ്ത്ര സ്ഥാപനങ്ങളാക്കി മാറ്റാനുള്ള നിരന്തര ശ്രമമാണ് നടക്കുന്നത്.

സമകാലിക ഇന്ത്യ ഏകാധിപത്യത്തിലേക്ക് തന്നെയല്ലേ പോയിക്കൊണ്ടിരിക്കുന്നത്? മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഏതൊരാളെയും അസ്വസ്ഥപ്പെടുത്തുമാറ്  തികഞ്ഞ അരക്ഷിതാവസ്ഥയല്ലേ  നിലനില്‍ക്കുന്നത്? 

ഫാഷിസം എന്ന അനുഭവം എന്താണെന്ന്  ലോകത്തിലെ ഒട്ടേറെ ജനതകള്‍ - ഇറ്റലിയെ പോലുള്ള, ജര്‍മനിയെ പോലുള്ള, സ്‌പെയിനിനെ  പോലുള്ള നാടുകളിലെ ജനതകള്‍ - ഏറ്റവും തീക്ഷ്ണവും ക്രൂരവുമായി അനുഭവിച്ചിട്ടുണ്ട്. ഒരുപക്ഷേ നമുക്ക് അതിന്റെ തിരനോട്ടം ഇന്ത്യയില്‍ അനുഭവപ്പെട്ടത് അടിയന്തരാവസ്ഥ കാലത്താണ്.  അതിനെക്കാള്‍ എത്രയോ തീവ്രമായ രൂപത്തില്‍, ദൂരെ നിന്നുള്ള  അതിന്റെ ഇരമ്പം നാം ഇന്ന് ഒരോ ദിനവും  ഇന്ത്യയില്‍ കേട്ട് കൊണ്ടിരിക്കുന്നു. എന്താണ് സാര്‍വലൗകിക ഫാഷിസം എന്ന് പ്രശസ്ത ചിന്തകനും ഭാഷാശാസ്ത്രജ്ഞനും  നോവലിസ്റ്റുമായ  ഉമ്പര്‍ട്ടോ എക്കോ  (Umberto Eco) നിര്‍വചിക്കുന്നുണ്ട്. അത് മനുഷ്യരിലുള്ള ഒരു നിഷേധാത്മക പ്രവണതയാണെന്നും ആ പ്രവണതയുടെ  ആവിഷ്‌കാരം സാമൂഹിക ജീവിതത്തില്‍ സംഭവിക്കുന്നത്  ചില സവിശേഷങ്ങളായ  രീതിതിയിലാണെന്നും അദ്ദേഹം പറയുന്നു. സമകാലികമായ, ആധുനികമായ ചിന്തയുടെ, സംസ്‌കാരത്തിന്റെ  തിരസ്‌കാരമാണ് അതിന്റെ പ്രധാന ലക്ഷണം. പിന്നെ അന്ധമായ പാരമ്പര്യ ആരാധനയും. അതാകട്ടെ എല്ലാ കാലത്തും ഫാഷിസ്റ്റ് പ്രവണതയുടെ സുപ്രധാനമായ ഒരു സ്വഭാവമാണ്.  

സംസ്‌കാരത്തോട് തന്നെയുള്ള വിരോധം ഇതിന്റെ ഭാഗമാണ്. സംസ്‌കാരം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനിക്ക് കൈത്തോക്ക് എടുക്കാന്‍ തോന്നുന്നു എന്ന് ഹിറ്റ്‌ലറിന്റെ  അനുചരനായ ഗീബല്‍സ് പ്രഖ്യാപിച്ചിരുന്നു. സംസ്‌കാരം എന്ന വാക്കിനെ ഭയപ്പെടുന്ന, ചോദ്യങ്ങളെ, അഭിപ്രായ വ്യത്യാസങ്ങളെ, പ്രതിപക്ഷത്തെ, അധികാരത്തെ ചോദ്യം ചെയ്യുന്ന ഏതു സമീപനത്തെയും ഭയപ്പെടുന്ന സിദ്ധാന്തമാണ്, ഒരു മാനസികാവസ്ഥയാണ് സാര്‍വലൗകിക ഫാഷിസം. 

നമ്മുടെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും നമുക്ക് നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്? ഏക ശിലയില്‍ വാര്‍ത്തെടുത്ത ഇന്ത്യ പ്രായോഗികമാണോ? 

ഒരേ മതം  മാത്രമുള്ള, ഒരേ ഭാഷ മാത്രം സംസാരിക്കുന്ന, ഒരേ നിറമുള്ള, ഒരേ വംശീയരായ ആളുകള്‍ മാത്രം ജീവിക്കുന്ന ഒരു പ്രദേശമായി ഇന്ത്യയെ പോലെ വൈവിധ്യം നിറഞ്ഞ ഒരു ദേശത്തെ നിര്‍വചിക്കുന്ന ആ നിമിഷം നിങ്ങള്‍ ഇന്ത്യയുടെ സംസ്‌കാരത്തെ, ഇന്ത്യയുടെ ബഹുലതയെ, അതിന്റെ വര്‍ണശബളതയെ സമ്പൂര്‍ണമായും   നശിപ്പിക്കാനുള്ള ആദ്യത്തെ ചുവടുവെക്കുന്നു. ദുര്‍ബലരെ മുഴുവന്‍ പുഛിക്കുന്ന, മറ്റു മതങ്ങളെ മുഴുവന്‍ അപരരും അന്യരും ആക്രമിക്കപ്പെടേണ്ട  ശത്രുക്കളും ഭീകരവാദികളുമായി കാണുന്ന ഒരു സംസ്‌കാരത്തിന് ജന്മം കൊടുക്കുകയാണ്  എല്ലാകാലത്തും ഫാഷിസം ചെയ്തിട്ടുള്ളത്. ആര്യ വംശത്തിന്റെ മഹിമയെ പ്രകീര്‍ത്തിച്ചു കൊണ്ട് ഉയര്‍ന്നു വന്ന ഹിറ്റ്‌ലര്‍ എങ്ങനെയാണ് യഹൂദ വംശത്തെ മുഴുവന്‍ ഗ്യാസ് ചേമ്പറുകളിലേക്ക്  നയിച്ചതെന്ന് നമുക്കറിയാം. അതിനെ തുടര്‍ന്നുണ്ടായിട്ടുള്ള ഏകാധിപതികളും തങ്ങളുടെ രാഷ്ട്രത്തെ സങ്കുചിതമായി നിര്‍വചിക്കുകയും അതിലെ തങ്ങളല്ലാത്ത  ജനതയെ മുഴുവന്‍ അന്യരായി, വിദേശികളായി മുദ്ര കുത്തുകയും  പീഡിപ്പിക്കുകയും ചെയ്താണ് നിലവില്‍ വന്നിട്ടുള്ളത്. ഇതിന്റെ തന്നെ മറ്റൊരു സ്വഭാവമാണ് 'മാചിസ്‌മോ'  (Machismo) എന്ന് പറയുന്ന മാംസ പേശി പ്രകടനം. ഹിറ്റ്‌ലര്‍ പറയുന്നുണ്ട്; സാമാന്യ ജനത എന്ന് പറയുന്നത് സ്ത്രീകളെ പോലെയാണ്. അവര്‍ അതിവേഗം അതിശക്തരായ പുരുഷന്മാര്‍ക്ക്  കീഴടങ്ങുന്നു. അങ്ങനെ ജര്‍മന്‍ ജനതയെ മുഴുവന്‍ തന്നെ തന്റെ ശക്തിക്ക് വഴിപ്പെടുത്താന്‍ ശ്രമിച്ച ആളായിരുന്നു ഹിറ്റ്‌ലര്‍. അതുപോലെ തന്നെയാണ് കപടമായ ജനകീയത. 'ജനങ്ങള്‍' എന്ന വാക്ക് ആവര്‍ത്തിച്ചു ഉപയോഗിക്കുകയും എന്നാല്‍ ആ വാക്കിന്റെ അര്‍ഥം ഏറ്റവും നിസ്സാരമാക്കി മാറ്റുകയും ചെയ്യുക എന്നതും ഫാഷിസത്തിന്റെ ലക്ഷണമാണ്. ജനങ്ങള്‍   നിശ്ശബ്ദരായിരിക്കുക, അവര്‍ക്ക് വേണ്ടി ഞങ്ങള്‍  കുറച്ച് പേര്‍ സംസാരിച്ചു കൊള്ളാം എന്നാണ് അത് മുന്നോട്ടുവെക്കുന്ന ആശയം.

ഇന്ത്യയിലെ ഹിന്ദുക്കളുടെ തന്നെ ഒരു ചെറിയ ശതമാനത്തെ മാത്രമേ,  'Lunatic Fringe' എന്നുപറയുന്ന ഭ്രാന്തമായ  ഒരരികിനെ മാത്രമേ ഈ ഹിന്ദു വര്‍ഗീയ വാദികള്‍ പ്രതിനിധാനം ചെയ്യുന്നുള്ളൂ. എന്നാല്‍ മൊത്തം ഹിന്ദുക്കളുടെ മുഴുവന്‍ പേരില്‍, ഇന്ത്യക്കാരുടെ മുഴുവന്‍ പേരില്‍  തന്നെയും സംസാരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ട് എന്ന് പറഞ്ഞാണ് ഈ ചെറിയ ഭ്രാന്തന്യൂനപക്ഷം ഇന്ത്യയിലെ ജനങ്ങളെ അടിമകളാക്കാന്‍  ശ്രമിക്കുന്നത്. കാര്യങ്ങളെ മുഴുവനായി കറുപ്പും വെളുപ്പും മാത്രമായി കാണുക, പ്രശ്‌നങ്ങളുടെ  സങ്കീര്‍ണതകള്‍ കാണാതിരിക്കുക, സിവില്‍ സമൂഹം അറിയാതെ ഭരണകൂടം കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുക- അപ്പോഴാണ് ഒരു സമൂഹം മുഴുവനായി ഫാഷിസ്റ്റ് സ്വഭാവത്തിലേക്ക്  നീങ്ങുന്നത്.

പത്ര മാധ്യമങ്ങളെ പോലും അവര്‍ വിലക്കെടുത്തു..?

മുഴുവന്‍  മാധ്യമങ്ങളുടെയും മേല്‍ ഒരുതരം മേല്‍നോട്ടവും നിയന്ത്രണവും വരുത്താനുള്ള ശ്രമം കാര്യമായി നടക്കുന്നുണ്ട്. ഇംഗ്ലിഷിലെ വലിയ പത്രങ്ങള്‍ ഒക്കെ തന്നെ ഭരണകൂടത്തിന്റെ നയങ്ങളെ പിന്തുണക്കുന്നവയാണ്. മുമ്പ് എതിരായിരുന്ന ദ ഹിന്ദു ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഭരണകൂടത്തിന് അനുകൂലമായ തരത്തില്‍ മാറിയിട്ടുണ്ട്. ദ ഹിന്ദു വളരെ അധികം പ്രതിരോധിച്ച് നിന്നിരുന്ന പത്രമായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പോലുള്ള ചില പത്രങ്ങള്‍ മാത്രമാണ്  ഇത്തരം പ്രവണതകള്‍ക്കെതിരെ അല്‍പമെങ്കിലും വിമര്‍ശനപരമായ സമീപനം സ്വീകരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയെ പോലുള്ള പത്രങ്ങള്‍  വാര്‍ത്തകളെ തമസ്‌കരിക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യുന്നു. ഒരു മൂലയില്‍ എവിടെയെങ്കിലും വാര്‍ത്തകളെ ഒതുക്കി  അതിനു പകരം മോദിയുടെ സാമ്പത്തിക പരിപാടിയെ സംബന്ധിച്ച വലിയ വാര്‍ത്തകള്‍ കൊടുക്കുന്നു. കാരണം നമ്മുടെ പത്രങ്ങളൊക്കെ തന്നെ ഒരു കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ പ്രതിനിധികളാണ്. സമഗ്രമായ രീതിയിലുള്ള എതിര്‍പ്പ്  നമ്മുടെ പ്രധാന പത്രങ്ങളിലൊന്നില്‍ നിന്നും ഉണ്ടാവുന്നില്ല.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചു വരികയാണ്. സ്ത്രീകളോടുള്ള നമ്മുടെ നിലപാടിന്റെ മൗലികമായ പ്രശ്‌നം എവിടെയാണ്?

ഒരു ഭാഗത്ത് അത് വര്‍ധിച്ചു വരുന്നുണ്ട്. നമ്മുടെ സമൂഹം ഇപ്പോഴും അതിന്റെ മനോഭാവത്തില്‍ 'ഫ്യൂഡല്‍' എന്ന പറയാവുന്ന ഒരു നാടുവാഴി മനോഭാവം  വെച്ച് പുലര്‍ത്തുകയാണ്. അത് കൊണ്ടാണ് ആരെയെങ്കിലും സ്‌നേഹിച്ചതിന്റെ പേരില്‍ മകളെ അല്ലെങ്കില്‍ സഹോദരിയെ കൊന്നു കളയുക എന്ന  Honor Killing ഒക്കെ നടന്നു വരുന്നത്. മാനഭംഗങ്ങള്‍ വെറും ലൈംഗികമായ അതിക്രമങ്ങള്‍ മാത്രമല്ല, അത് ഒരു ആധിപത്യസ്ഥാപനവും  കൂടിയാണ്. പുരുഷന്റെ അധികാരം സ്ഥാപിക്കല്‍ ആണ് അതില്‍ നടക്കുന്നത്. നമ്മുടെ സമൂഹം ഇപ്പോഴും പുരുഷ മേധാവിത്വ സമൂഹമാണ് എന്ന് തെളിയിക്കുന്നതാണ് ഇത്തരം മാനഭംഗങ്ങള്‍. അതിനോടൊപ്പം തന്നെ അതിനെതിരായിട്ടുള്ള പ്രതിരോധങ്ങള്‍ വളര്‍ന്ന്  വരുന്നുണ്ട്. സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ  നിര്‍ബന്ധം കൊണ്ട് ചെറിയ തോതിലെങ്കിലും  നിയമ നിര്‍മാണങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്.

സുകുമാര്‍ അഴീക്കോടിന് ശേഷം സാഹിത്യലോകത്ത് നിന്ന് ഒരു ശക്തമായ ശബ്ദം പിന്നീടുണ്ടായിട്ടില്ല. എന്ത് കൊണ്ടാണ് അത്തരത്തിലൊരു വിടവ് ഉണ്ടാവുന്നത്?

നിരന്തരമായി സംസാരിക്കാന്‍  കഴിവുള്ള ആളുകളുടെ അഭാവം തീര്‍ച്ചയായും ഉണ്ട്. പൊതുവെ പ്രഭാഷകര്‍ എന്ന് പറയാവുന്ന ആളുകള്‍ തന്നെ കേരളത്തില്‍ വളരെ കുറവാണ്. വര്‍ഗീയത വളരെ അധികം വര്‍ധിച്ചുവരുന്ന ഒരു സന്ദര്‍ഭത്തില്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത, ഭയമില്ലാത്ത ആളുകളുടെ അഭാവം ഉണ്ട്. സുകുമാര്‍ അഴീക്കോടിന് പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 'മതേതരത്വം' എന്ന ആശയത്തില്‍ മരണം വരെ ഉറച്ചു നിന്ന ഒരാളാണ്. ഒരു കാലത്തും അദ്ദേഹം സന്ധി ചെയ്തിട്ടില്ലാത്ത കാര്യമായിരുന്നു മതേതരത്വം. അയോധ്യ, ബാബരി മസ്ജിദ് സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ശബ്ദം കേരളത്തില്‍ മുഴങ്ങി കേട്ടിരുന്നു. 

കവിതകള്‍ താങ്കള്‍ പ്രതിരോധത്തിന്റെ ഭാഗമായി  എഴുതിയിട്ടുള്ളവയാണോ? താങ്കള്‍ക്ക് സമൂഹത്തോട് പറയാനുള്ളതാണോ കവിതകളിലൂടെ അവതരിപ്പിക്കുന്നത്?

കവിത എന്ന് പറയുന്നത് സമഗ്രമായ ഒരു ആവിഷ്‌കാരമാണ്. അതില്‍ പ്രമേയമുണ്ട്, പ്രകൃതിയുണ്ട്, മരണമുണ്ട്. അങ്ങനെയുള്ള ഒട്ടേറെ  മനുഷ്യാനുഭവങ്ങളുടെ വശങ്ങളെ ഞാന്‍ സ്പര്‍ശിച്ചിട്ടുണ്ട്. എന്റെ കവിതകളുടെ  ഒരു വലിയ ഭാഗം സാമൂഹികമായ അവസ്ഥകള്‍ തുറന്ന് കാട്ടുന്നവയാണ്. എന്നെ ചലിപ്പിക്കുന്നത് ഏതെല്ലാം അനുഭവങ്ങളാണോ ആ അനുഭവങ്ങളെ കുറിച്ചാണ് എഴുതുന്നത്. അത്തരം അനുഭവങ്ങളില്‍ സ്വാഭാവികമായും നമ്മുടെ ചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങള്‍ എന്നെ ആഴത്തില്‍ സ്പര്‍ശിക്കുകയും അതു കവിതകളായി മാറുകയും ചെയ്യുന്നു.

തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ  ഗ്രാംഷി, പാബ്ലോ നെരൂദ, മഹ്മൂദ് ദര്‍വേഷ് തുടങ്ങിയവരുടെ രചനകളെ താങ്കള്‍ കേരളത്തിലെ സാഹിത്യ പ്രേമികള്‍ക്ക്  പരിചയപ്പെടുത്തി. ഇത്തരം വിശ്വ സാഹിത്യകൃതികള്‍ താങ്കളുടെ കവിതകളെ സ്വാധീനിച്ചിട്ടുണ്ടോ?

കവിതയെ ഈ പരിഭാഷകള്‍ സ്വാധീനിച്ചിട്ടില്ല. തര്‍ജ്ജമ ചെയ്തിട്ടുള്ളതെല്ലാം എന്റെ അഭിരുചിക്കൊത്ത, അല്ലെങ്കില്‍ എനിക്ക് സവിശേഷമായ താല്‍പര്യമുള്ള കവികളെയാണ്. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ കവിതയും പരിഭാഷയും എതാണ്ടു ഒരുമിച്ചു തന്നെ കൊണ്ടുപോയിട്ടുണ്ട്. ഉമര്‍ ഖയ്യാമിന്റെ 'റുബാഇയ്യാത്ത്' ആണ് എന്റെ ആദ്യത്തെ തര്‍ജ്ജമ. പരിഭാഷകള്‍ മാതൃഭൂമി ബുക്‌സ് നാല് വാള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ സമാനമായ രീതിയിലുള്ള ഉത്കണ്ഠകള്‍, താല്‍പര്യങ്ങള്‍, പുതിയ ലോകത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍, ഇതൊക്കെ  പരിഭാഷ ചെയ്ത കവിതകളിലും ഉണ്ട്.

വര്‍ഷങ്ങളായി ഇംഗ്ലീഷ് പ്രഫസറായി ജോലി ചെയ്യുന്നു. പക്ഷേ കവിതകളെല്ലാം  മലയാളത്തിലാണ്. എന്തുകൊണ്ടാണ് എഴുതാന്‍ മലയാളം തന്നെ തെരഞ്ഞെടുക്കുന്നത്?

തൃശൂരിലെ ക്രൈസ്റ്റ്‌ കോളേജില്‍ 25 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞാണ്  ദല്‍ഹിയിലേക്ക് പോയത്. എന്റെ ഗദ്യങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും, കവിതകളെല്ലാം മലയാളത്തിലുമാണെന്ന് പറയാം. എന്റെ ചിന്തയുടെ ഭാഷ മലയാളവും ഇംഗ്ലീഷുമാണ്. അത് കൊണ്ട് തന്നെ ലോക സാഹിത്യത്തെ കുറിച്ചുള്ള അഞ്ചു നിരൂപണ പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. എന്റെ ആത്മാവിഷ്‌കാരത്തിന്റെ ഭാഷ മലയാളമാണ്. ഇംഗ്ലീഷ് അധ്യാപകനാകുന്നതിനു  മുമ്പ് തന്നെ കോളേജില്‍ പഠിക്കുന്ന കാലത്ത് മലയാളത്തില്‍ ഒരു കവി എന്ന നിലക്ക് ചെറിയ രൂപത്തില്‍ ഞാന്‍ അറിയപ്പെട്ടിരുന്നു. എന്റെ    ഓര്‍മകള്‍, അനുഭവങ്ങള്‍, ബാല്യകാലങ്ങള്‍, ഗ്രാമീണത എല്ലാം മലയാളത്തില്‍ ആയതുകൊണ്ട് കവിത മലയാളത്തില്‍ തന്നെയാണ് ഉണ്ടാകുന്നത്. എന്റെ കവിതകള്‍ ഞാന്‍ ഇംഗ്ലീഷിലേക്ക്  പരിഭാഷപ്പെടുത്തിയപ്പോഴാണ് എത്രമാത്രം മലയാളിയാണ് ഞാനെന്ന് എനിക്ക് മനസ്സിലായത്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ സാധ്യമല്ലാത്ത വിധം മലയാളം, അത്രത്തോളം മലയാളിത്തം എന്റെ  കവിതകളിലുണ്ട്. സൂഫി കവികളെയും ഭക്തി കവികളെയും കുറിച്ചുള്ള, വളരെ ആഴത്തില്‍ കേരളത്തിന്റെ മുദ്രയുള്ള, കേരളത്തിന്റെ പ്രകൃതി, സാഹിത്യം, ചരിത്രം എന്നിവയുമായി അഗാധമായി ബന്ധമുള്ള കവിതകളാണ്. അതുകൊണ്ട് തന്നെ എല്ലാം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ എനിക്ക് കഴിയില്ല. മലയാള ഭാഷയില്‍ മാത്രമേ പൂര്‍ണമായ ആവിഷ്‌കാരം സാധ്യമാവൂ എന്ന ബോധ്യം എനിക്കുണ്ട്. മാത്രവുമല്ല ഇഗ്ലീഷ് ഭാഷ എല്ലാ ഭാഷകളുടെയും മേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുന്ന ഒരു കാലത്ത് മലയാളത്തില്‍ അല്ലെങ്കില്‍ മാതൃഭാഷയില്‍ എഴുതുന്നത് ഒരു പ്രതിരോധ പ്രവര്‍ത്തനമാണ്. 

പുസ്തക വിതരണക്കാര്‍ പറയുന്നു, പുസ്തകങ്ങള്‍ കൂടുതല്‍ വിറ്റഴിയുന്നുണ്ടെന്ന്; മറുഭാഗത്ത് പുതിയ തലമുറയില്‍ നിന്നു വേണ്ടത്ര എഴുത്തുകാര്‍ വരുന്നില്ല എന്ന ആക്ഷേപവും. ഇതില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ട്?

പുതിയ തലമുറക്കാരില്‍ എഴുത്തുകാര്‍ ഉണ്ട്. പക്ഷെ, പലപ്പോഴും ഞാന്‍ കാണുന്ന ഒരു പരിമിതി, വറ്റാത്ത സര്‍ഗാത്മത പുതിയ തലമുറയിലെ എഴുത്തുകാരില്‍ കാണുന്നില്ല എന്നതാണ്. ഇന്നും പഴയ തലമുറയിലെ എം.ടി., സുഗതകുമാരി, എം.മുകുന്ദന്‍  തുടങ്ങിയവര്‍ വറ്റാത്ത രീതിയില്‍ എഴുതിക്കൊണ്ടിരിക്കുന്നു. അതേസമയം പുതിയ എഴുത്തുകാരില്‍ പലരും ഒരു പുസ്തകം കൊണ്ടൊക്കെ എഴുതി അവസാനിച്ചു പോകുന്നു. അല്ലെങ്കില്‍ സര്‍ഗാത്മകമായി ക്ഷീണിച്ച് പോകുന്നു.

സര്‍ഗാത്മകമായ ക്ഷീണം സംഭവിക്കുന്നതിന്റെ കാരണം?

ഒരുപക്ഷേ അനുഭവ സമ്പന്നതയുടെ കുറവായിരിക്കാം. അല്ലെങ്കില്‍ വാണിജ്യപരമായ താല്‍പര്യങ്ങള്‍ കൊണ്ടായിരിക്കാം, പല പുതിയ എഴുത്തുകാരും ഒന്ന് രണ്ടു പുസ്തകങ്ങള്‍ കൊണ്ട് എഴുത്ത് നിര്‍ത്തുന്നത്. ഞങ്ങളുടെ തലമുറയില്‍പ്പെട്ട ഒട്ടേറെ എഴുത്തുകാര്‍ വാണിജ്യപരമായ ഒരു ഉദ്ദേശ്യവുമില്ലാതെ, പ്രതിഫലം പ്രതീക്ഷിക്കാതെ, 'എഴുത്ത്' ഒരു നിയോഗവും ധര്‍മവുമാണ് എന്ന രീതിയില്‍ എഴുതിത്തുടങ്ങിയവരാണ്. പക്ഷേ വളരേ ചെറുപ്പം മുതല്‍ തന്നെ വാണിജ്യപരമായ ഒരു സമീപനം ഇപ്പോള്‍ കൂടിവരുന്നുണ്ട്, പുതിയ തലമുറയിലെ എഴുത്തുകാരില്‍. ഇത്രയധികം കോപ്പികള്‍ ചെലവാകണമെങ്കില്‍ ഏതു തരത്തിലുള്ള സാഹിത്യമാണ് എഴുതേണ്ടത് എന്നന്വേഷിച്ച് നൈസര്‍ഗികമല്ലാത്ത സാഹിത്യ രീതി (അത് ലൈംഗികതയാകാം, അല്ലെങ്കില്‍ െ്രെകം ആകാം), ഒരു കൊമേഴ്‌സ്യല്‍ എഴുത്ത് വര്‍ധിച്ചു വരുന്നുണ്ട്. അത് ആത്മാവിന്റെ ആവശ്യം എന്ന നിലക്ക് പുറത്ത് വരുന്നതല്ല; അതില്‍ പലപ്പോഴും മാര്‍ക്കറ്റിംഗിന്റേതായ അംശം ഉള്ളതായി നമുക്ക് കാണാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍