Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

മുദ്രകള്‍

അബൂസ്വാലിഹ

അക് പാര്‍ട്ടിക്കേറ്റ തിരിച്ചടിയും 
തുര്‍ക്കിയുടെ രാഷ്ട്രീയ ഭാവിയും

ജബ് ത്വയ്യിബ് ഉര്‍ദുഗാനും ദാവൂദ് ഒഗ്‌ലുവും നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (അക്) ക്ക് തുര്‍ക്കി പാര്‍ലമെന്റ്  തെരഞ്ഞെടുപ്പില്‍ തിരിച്ചടി. 41 ശതമാനം വോട്ട് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയാവുകയും രാജ്യമൊട്ടാകെ സ്വാധീനമുള്ള ഏക പാര്‍ട്ടിയെന്ന ഖ്യാതി നിലനിര്‍ത്തുകയും ചെയ്‌തെങ്കിലും അക് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. 258 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 276 സീറ്റ് വേണം. നേരത്തെ പാര്‍ലമെന്റില്‍ അക് പാര്‍ട്ടിക്ക് 311 സീറ്റുണ്ടായിരുന്നു.  കമാല്‍ അത്താ തുര്‍ക്കിന്റെ ആശയഗതികള്‍ പിന്തുടരുന്ന മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി നില അല്‍പം മെച്ചപ്പെടുത്തി 25 ശതമാനം വോട്ടും 132 സീറ്റും നേടി. മറ്റൊരു പ്രധാന പ്രതിപക്ഷമായ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിക്ക് 16.5% വോട്ടും 81 സീറ്റുകളുമാണ് ലഭിച്ചത്.

അട്ടിമറി വിജയം നേടിയത് കുര്‍ദുകളുടെ പാര്‍ട്ടിയായ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി തന്നെയാണ്. സായുധ സമരത്തിന്റെയും ഒളിപ്പോരിന്റെയും പാതയിലായിരുന്ന കുര്‍ദുകള്‍ അക് പാര്‍ട്ടി ഗവണ്‍മെന്റിന്റെ ശ്രമഫലമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നിരുന്നെങ്കിലും, അവരുടെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ സീറ്റ് ലഭിക്കാനുള്ള മിനിമം യോഗ്യതയായ പത്ത് ശതമാനം വോട്ട് നേടാന്‍ കഴിയാതിരുന്നതിനാല്‍ ഇത് വരെ പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഈ കുര്‍ദിഷ് പാര്‍ട്ടി 13 ശതമാനം വോട്ടുകള്‍ നേടി പാര്‍ലമെന്റില്‍ 79 സീറ്റുകള്‍ ഉറപ്പിച്ചു. കുര്‍ദുകളില്‍ വലിയൊരു വിഭാഗം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നുവെങ്കിലും അവരുമായുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ പാതി വഴിയിലാണ്. പ്രതിപക്ഷത്തെ കരുത്തരായ പീപ്പിള്‍സ് പാര്‍ട്ടിയും നാഷനലിസ്റ്റ് പാര്‍ട്ടിയും കുര്‍ദ് പ്രശ്‌നത്തില്‍ തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് കൈക്കൊണ്ട് വന്നിട്ടുള്ളത്. സമാധാന ചര്‍ച്ചകള്‍ക്ക് അവര്‍ എതിരാണ്. സമാധാന ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ പിന്നെയുള്ള ഒരേയൊരു മാര്‍ഗം അക് പാര്‍ട്ടിയും കുര്‍ദ് ഡമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാക്കി ഗവണ്‍മെന്റ് രൂപവത്കരിക്കുക എന്നതാണ്. എന്നാല്‍, അക് പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്ന് തങ്ങള്‍ സഖ്യ ഗവണ്‍മെന്റ് ഉണ്ടാക്കില്ലെന്ന് കുര്‍ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് സ്വലാഹുദ്ദീന്‍ ദിമര്‍താശ് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു (ഇതിന് പിന്നില്‍ ചരട് വലിക്കുന്നത് തുടക്കത്തില്‍ ഉര്‍ദുഗാന്റെ കൂട്ടാളിയും പിന്നെ എതിരാളിയുമായിത്തീര്‍ന്ന ഫത്ഹുല്ല ഗുലന്‍ ആണെന്ന് സംസാരമുണ്ട്. ലോകമെമ്പാടും സ്‌കൂള്‍ ശൃംഖലകളുള്ള ഒരു സ്വൂഫി സെക്ടിന്റെ തലവനാണ് ഗുലന്‍). ചുരുക്കത്തില്‍ കുര്‍ദ് സമാധാന ചര്‍ച്ചയുടെ ഭാവിയെന്ത് എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തിയിരിക്കുന്ന പ്രധാന ചോദ്യം. 

കുര്‍ദ് വംശങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത് തെക്ക് കിഴക്കന്‍ തുര്‍ക്കിയിലാണ്. കുര്‍ദ് പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചതിനാല്‍ പൊതുവെ അക് പാര്‍ട്ടിയെയായിരുന്നു കുര്‍ദിഷ് മുഖ്യധാര പന്തുണച്ചിരുന്നത്. എന്നാല്‍ ഉള്‍ദീര്‍, കൊബേന്‍ തുടങ്ങിയ കുര്‍ദ് പ്രദേശങ്ങളിലെ പ്രശ്‌നങ്ങളോട് അക് ഗവണ്‍മെന്റ് വിമുഖത കാണിച്ചതാണ് ഈ മേഖലയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേല്‍ക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. കുര്‍ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടി അവസരം മുതലെടുക്കുകയും തുര്‍ക്കി പാര്‍ലമെന്റില്‍ ആദ്യമായി തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്തു. 

പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വിധത്തില്‍ തുര്‍ക്കി ഭരണഘടന മാറ്റിയെഴുതണമെന്നാണ് അക് പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രമേയവും അതായിരുന്നു. അങ്ങനെയൊരു ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റില്‍ മുന്നില്‍ രണ്ട് ഭൂരിപക്ഷം (330 സീറ്റ്) വേണം. ആ ഭൂരിപക്ഷം കിട്ടിയാല്‍ പുതിയ ഭരണഘടന ഉണ്ടാക്കുകയും അത് ഹിതപരിശോധനക്ക് വിടുകയും ചെയ്യാം. പാര്‍ലമെന്റില്‍ പ്രാതിനിധ്യം നേടിയ മറ്റു മൂന്ന് കക്ഷികളും പാര്‍ലെമന്റ് സംവിധാനത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അവരുടെ വിമര്‍ശനത്തില്‍ ന്യായമുണ്ട് താനും. ജനാധിപത്യ സംവിധാനങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് പ്രസിഡന്‍ഷ്യല്‍ രീതി യേക്കാള്‍ ഗുണകരം പാര്‍ലമെന്റ് സംവിധാനമാണെന്ന് റാശിദുല്‍ ഗനൂശിയെപ്പോലുള്ള നിരവധി പ്രമുഖര്‍ ചൂണ്ടിക്കാണിച്ചതാണ്. പ്രസിഡന്‍ഷ്യല്‍ രീതി- ഒരാളില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയാണല്ലോ അവിടെ - ഏകാധിപത്യത്തിലേക്ക് വഴി മാറാനുള്ള സാധ്യത കൂടുതലാണ്. തുര്‍ക്കിയിലുള്ളത് നാമമാത്ര പ്രസിഡന്റാണ്. ഉര്‍ദുഗാന്‍ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അധികാരങ്ങളത്രയും അങ്ങോട്ടേക്ക് കേന്ദ്രീകരിക്കാനാണ് പുതിയ ഭരണഘടനയുണ്ടാക്കുന്നതെന്നും ഇത് ഏകാധിപത്യത്തിലേക്കുള്ള തിരിച്ച് നടത്തമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ പ്രചാരണം ഏറ്റു എന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

പതിമൂന്ന് വര്‍ഷം കാര്യമായ രാഷ്ട്രീയ ഭീഷണികളൊന്നുമില്ലാതെ തുര്‍ക്കി ഭരിച്ച അക് പാര്‍ട്ടി ഒട്ടേറെ പുനരാലോചനകള്‍ നടത്തേണ്ടി വരുമെന്ന് തീര്‍ച്ചയാണ്. പ്രസിഡന്‍ഷ്യല്‍ ഭരണരീതി എന്ന അവരുടെ സ്വപ്നം സമീപ ഭാവിയിലൊന്നും യാഥാര്‍ഥ്യമാകാനിടയില്ല. 'നവതുര്‍ക്കി 2023' എന്ന അവരുടെ പ്രൊജക്ടിലും അഴിച്ച് പണി വേണ്ടിവരും. 2002 ല്‍ അധികാരത്തില്‍ വന്നത് മുതല്‍ ഇന്ന് വരെ പരിചയിച്ചിട്ടില്ലാത്ത മുന്നണി രാഷ്ട്രീയം അവര്‍ക്ക് പരീക്ഷിക്കേണ്ടി വരും. അള്‍ട്രാ സെക്യുലറിസ്റ്റുകളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഏതായാലും അക് പാര്‍ട്ടിയുമായി കൂട്ടുകൂടാനിടയില്ല. കുര്‍ദ് ഡമോക്രാറ്റിക് പാര്‍ട്ടിയും മുന്നണി സാധ്യത പാടേ തള്ളിക്കളയുന്നു. നാഷനലിസ്റ്റ് പാര്‍ട്ടിയാണ് പിന്നെയുള്ളത്. അവരും പിന്തുണക്കാമെന്ന് പറഞ്ഞിട്ടില്ല. പിന്തുണച്ചാല്‍ തന്നെ, കുര്‍ദ് സമാധാന ചര്‍ച്ചകള്‍ അക് പാര്‍ട്ടിക്ക് പാടേ ഉപേക്ഷിക്കേണ്ടി വരും. അത് ഏറക്കുറെ ശാന്തമായിക്കഴിഞ്ഞ തുര്‍ക്കിയുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് കുര്‍ദ് സായുധ ഗ്രൂപ്പുകളുടെ കടന്നുവരവിന് കാരണമാകും. ഇത്രയും കാലം ഉര്‍ദുഗാന്‍ തന്റെ ജനപിന്തുണ കൊണ്ട് തള്ളിമാറ്റി നിര്‍ത്തിയിരുന്ന സൈനിക ഇടപെടല്‍ ആവര്‍ത്തിക്കാനത് നിമിത്തമാവുകയും ചെയ്‌തേക്കാം. തുര്‍ക്കിയില്‍ മുന്നണി ഭരണം എക്കാലത്തും വന്‍ പരാജയമായിരുന്നു എന്ന യാഥാര്‍ഥ്യവും ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.

45 ദിവസത്തിനകം  മന്ത്രിസഭ രൂപീകരിക്കാന്‍ സാധ്യമാവാത്ത പക്ഷം ഈ വര്‍ഷം അവസാനത്തിലോ അടുത്ത വര്‍ഷം ആദ്യത്തിലോ മറ്റൊരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ കൂടി അഭിമുഖീകരിക്കുകയേ രക്ഷയുള്ളൂ. അങ്ങനെ സംഭവിക്കുന്ന പക്ഷം ഉര്‍ദുഗാന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഒരിക്കല്‍ കൂടി അക് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ സാധ്യതയുണ്ട്. ഉര്‍ദുഗാന്റെയും ഒഗ്‌ലുവിന്റെയും ചില പിടിവാശികളാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന് പാര്‍ട്ടിക്കകത്ത് തന്നെ മുറുമുറുപ്പ് ഉയരുന്ന പാശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. 

ഗവേഷണത്തിലെ ധീരത

എ.ജി നൂറാനി. രാജ്യ സുരക്ഷ എന്ന കോളത്തില്‍ എളുപ്പം ഉള്‍പ്പെടുത്താവുന്ന വിവാദ വിഷയങ്ങളെക്കുറിച്ച് ഇത്ര നിര്‍ഭയമായും സത്യസന്ധമായും എഴുതുന്ന മറ്റൊരു ഗവേഷകനെ ഇന്ത്യയില്‍ കണ്ടുകിട്ടുക പ്രയാസം; പ്രത്യേകിച്ച് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍. അദ്ദേഹം എഴുതുന്ന ഓരോ പുസ്തകവും പ്രബന്ധവും ആ വിഷയത്തെക്കുറിച്ചുള്ള ആധികാരികമായ ഡോക്യുമെന്റേഷനാണ്. എഴുതുന്ന ഓരോ വാക്യത്തിനും, പ്രകടിപ്പിക്കുന്ന ഓരോ അഭിപ്രായത്തിനും രേഖകളുടെ വേണ്ടത്ര പിന്‍ബലമുണ്ടാവും. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും ഭരണഘടനാ പണ്ഡിതന്മാരുടെയും ലിസ്റ്റില്‍ ഒരുപക്ഷേ ഒന്നാം സ്ഥാനത്തായിരിക്കും എ.ജി നൂറാനിയുടെ സ്ഥാനം എന്നത് അദ്ദേഹത്തിന്റെ രചനകളുടെ ആധികാരികത ഒന്നുകൂടി വര്‍ധിപ്പിക്കുന്നു. ഈ സംഭാവനകളെ മാനിച്ചാണ് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് കഴിഞ്ഞ മെയ് 23-ന് അദ്ദേഹത്തെ ആദരിച്ചത്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഹ്മദി, സുപ്രീം കോടതി ജഡ്ജി അര്‍ജന്‍ കുമാര്‍ സിക്‌രി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

അബ്ദുല്‍ ഗഫൂര്‍ നൂറാനി എന്ന എ.ജി നൂറാനി 1930-ല്‍ മുംബൈയിലാണ് ജനിച്ചത്. മുംബൈ ഗവ. ലോ കോളേജില്‍ നിന്നായിരുന്നു നിയമ പഠനം. ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് സവിശേഷ പഠനം നടത്തിയത്. സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലും അഭിഭാഷകനാണ്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ വകവെക്കാതെ കശ്മീരില്‍ ജയിലിലടക്കപ്പെട്ട ശൈഖ് അബ്ദുല്ലക്ക് വേണ്ടി അദ്ദേഹം വാദിച്ചിരുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രകാരനെന്ന നിലയിലും അദ്ദേഹം പേരെടുത്തു. ഫ്രന്റ് ലൈന്‍ ദൈ്വവാരികയില്‍ അദ്ദേഹം എഴുതിവരുന്ന പ്രബന്ധങ്ങള്‍ വലിയൊരു ചരിത്ര രേഖയാണ്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സമൂഹങ്ങളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് വൈജ്ഞാനിക പിന്‍ബലം നല്‍കുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക രചനകളും.

ഗവേഷകര്‍ തൊടാന്‍ ഭയക്കുന്ന കശ്മീര്‍ പോലുള്ള വീക്ഷണങ്ങളെക്കുറിച്ചാണ് അദ്ദേഹം ധാരാളമായി എഴുതിയിട്ടുള്ളത്. The Kashmir Dispute (1947-2012) എന്ന പുസ്തകം രണ്ട് വാള്യമാണ്. ഇത്രത്തോളം ആധികാരികമായ ഒരു രേഖ ഈ വിഷയത്തില്‍ വേറെ കിട്ടാനില്ല. അദ്ദേഹത്തിന്റെ മറ്റു ചില ഗ്രന്ഥ ശീര്‍ഷകങ്ങള്‍: Article 370: A Constitutional History of Jammu & Kashmir, Consititutional Questions and Citzen's Rights, The Muslims of India: A Documented Record, India- China Boundary Problems (1862-1947): History and Diplomacy, The Trial of Bhagat Singh: Politics of Justice, Jinnah and Tilak: Comraders in the Freedom Struggle, The RSS and the BJP: A Division of Labour and Savarkar and Hindutva, The Destruction of Hyderabad and the Babri Masjid Question (1528-2003): A Matter of National Honour. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍