Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

ഖുര്‍ആന്‍ - നേര്‍മാര്‍ഗത്തിന്റെ പ്രബോധന ഗ്രന്ഥം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-21

അല്‍ഫാതിഹയിലെ അവസാന വാക്യങ്ങളില്‍ കാണുന്ന 'വഴിപിഴച്ചവരുടെ മാര്‍ഗ്ഗത്തിലുമല്ല' എന്ന പ്രസ്താവനയെ കുറിച്ചും ഒട്ടൊന്നു പറയാതെ അല്‍ഫാതിഹയുടെ വായനാനുഭവ വിവരണം പര്യവസാനിപ്പിക്കുന്നത് ഉചിതമാവില്ല. ആരാണ് വഴിപിഴച്ച മാര്‍ഗ്ഗത്തിലായിരിക്കുന്നവര്‍? ഈ ചോദ്യത്തിനു വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ഉത്തരം മുനാഫിഖുകള്‍ എന്നാണ്-എല്ലാ മതങ്ങളിലേയും കപടവിശ്വാസികളാണ് വഴിപിഴച്ചവര്‍. ഇത്തരക്കാരെ ശ്രീമദ് ഭഗവദ് ഗീത മിഥ്യാചാരന്മാര്‍ എന്നാണു വിളിക്കുന്നത്. ബകധര്‍മ്മികള്‍ എന്നും മിഥ്യാചാരന്മാരെ നീതിശാസ്ത്രത്തില്‍ വിളിക്കുന്നുണ്ട്. ബകം എന്നാല്‍ കൊറ്റി എന്നര്‍ഥം. കൊറ്റി നദിക്കരയില്‍ ഇരിക്കുന്ന മട്ടും ഭാവവും കണ്ടാല്‍ തപസ്സിലാണെന്നു തോന്നും. പക്ഷെ കൊറ്റി നോക്കിയിരിക്കുന്നത് മത്സ്യങ്ങളെയാണ്. ഇതുപോലെ ചിലരുടെ എടുപ്പും നടപ്പും കണ്ടാല്‍ പരമഭക്തനാണെന്നു തോന്നും. പക്ഷേ അയാളുടെ ഭക്തി ആളുകളെ കാണിക്കുവാനും ഭക്തനെന്ന വ്യാജേന ആളുകളെ സ്വാധീനിച്ച് തന്റെ കാര്യം മാത്രം നേടുന്നതിനും വേണ്ടിയായിരിക്കും. വേദഗ്രന്ഥങ്ങള്‍ കൈവന്നു കിട്ടിയതിന് ശേഷവും അതില്‍ ആത്മാര്‍ഥമായി വിശ്വസിക്കാതെ, ഭക്തനെന്ന നാട്യത്തില്‍ നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുവാനായി മാത്രം 'വിശ്വാസം' ഭാവിക്കുന്നവരാണ് മുനാഫിഖുകള്‍. ഇത്തരക്കാരുടെ ശരിയായ ചിത്രം വിശുദ്ധ ഖുര്‍ആനിലെ അല്‍മാഊന്‍ എന്ന അധ്യായത്തിലുണ്ട്. അതിനാല്‍ 'വഴിപിഴച്ചവരുടെ മാര്‍ഗ്ഗത്തിലുമല്ല' എന്നതിന് മുനാഫിഖുകളാക്കരുതേ എന്നാണ് അര്‍ഥം. എന്നു വച്ചാല്‍ ആത്മാര്‍ഥമായ ഭക്തി ദൈവത്തോട് ഉണ്ടാക്കിത്തരണം എന്ന് താല്‍പര്യം. ലോകത്തേക്കാള്‍ ലോകനാഥനെ കണക്കാക്കി ജീവിക്കാനുള്ള സൂക്ഷ്മതയാണ് ആത്മാര്‍ഥമായ ഭക്തി. അതുണ്ടായിരുന്നവരാണ് പ്രവാചകന്മാര്‍. അവര്‍ പോയ വഴിയാണ് അനുഗ്രഹിക്കപ്പെട്ടവരുടെ വഴി. ലോകനാഥനെക്കാള്‍ ലോകത്തിന് ഉള്ളില്‍ പ്രാധാന്യം കൊടുക്കുകയും അതേസമയം ഞങ്ങള്‍ ദൈവഭക്തിയുള്ളവരാണെന്ന് ലോകസമക്ഷം കൊട്ടിഘോഷിക്കുകയും ചെയ്യുന്നവരാണ് മുനാഫിഖുകള്‍. ഇവരുടെ മാര്‍ഗം സ്വര്‍ഗത്തിലേക്ക് എന്ന തോന്നലുണര്‍ത്താവുന്നതും അതേസമയം നരകത്തിലേക്ക് ചെന്നു മുട്ടുന്നതും ആണ്. അതിനാലതു വഴിപിഴവിന്റെ മാര്‍ഗമാണ്. 'ആ മാര്‍ഗ്ഗത്തിലാക്കരുതേ ഞങ്ങളെ' എന്നതാണ് അല്‍ഫാതിഹയിലെ പ്രാര്‍ഥനയുടെ താല്‍പര്യം.

ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നതും കയര്‍ക്കുന്നതുമായ സ്വഭാവം കാപട്യമാണ്. അതുകൊണ്ടുതന്നെ വഴികേടില്‍ എത്തിപ്പെട്ടിരിക്കുന്ന മുനാഫിഖുകളെ കുറിച്ച് ഖുര്‍ആനില്‍ ആവര്‍ത്തിച്ചുള്ള പ്രതിഷേധ സ്വരങ്ങള്‍ കാണാം. ഇതു വെച്ച് ഖുര്‍ആനെ നേര്‍മാര്‍ഗ്ഗത്തിന്റെ പ്രബോധന ഗ്രന്ഥം എന്നു വിശേഷിപ്പിക്കാം. ജീവജാലങ്ങളില്‍ കാപട്യമുള്ള ഒരേയൊരു ജന്തു മനുഷ്യന്‍ മാത്രമാണ്. തെറ്റിദ്ധരിപ്പിക്കാനും തെറ്റിദ്ധരിക്കാനും കഴിവുള്ള ജീവിയും മനുഷ്യന്‍ മാത്രം. തങ്ങള്‍ വലിയ വിശ്വാസികളാണെന്ന് നിഷ്‌കളങ്കരായവരെ തെറ്റിദ്ധരിപ്പിക്കുന്ന ശരീര ചേഷ്ടകളും വസ്ത്രധാരണ രീതികളും ഉപയോഗിച്ചു ജനവഞ്ചന നടത്തുന്ന വിശ്വാസ വഞ്ചകരാണ് മുനാഫിഖുകള്‍. ''ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്നു പറയുന്ന ചില ആളുകളുണ്ട്. അവര്‍ വിശ്വാസികളല്ല. അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ അവര്‍ ആത്മ വഞ്ചന മാത്രമാണ് നടത്തുന്നത്. അവരതു മനസ്സിലാക്കുന്നില്ല.'' എന്നിങ്ങനെ വിശുദ്ധ ഖുര്‍ആനിലെ 2-ാം അധ്യായമായ അല്‍ബഖറയില്‍ മുനാഫിഖുകളെ കുറിച്ച് നിര്‍ദ്ദാക്ഷിണ്യത്തോടെ പറയുന്നത് വായിക്കാം (സൂക്തങ്ങള്‍ 8,9). ഇത്തരം മുനാഫിഖുകളില്‍ കൂടുതല്‍ കൗശലക്കാരായവരാണ് എല്ലാ മതവിഭാഗങ്ങളിലും ആള്‍ദൈവ വേഷങ്ങള്‍ കെട്ടിയാടുന്നത്. അതിനാല്‍ 'വഴിപിഴച്ചവരുടെ മാര്‍ഗത്തിലല്ല' എന്ന അല്‍ഫാതിഹയിലെ പ്രസ്താവനയ്ക്ക് ഇക്കാലത്തും വലിയ പ്രസക്തിയുണ്ടെന്നു കൂടി വ്യക്തമാക്കട്ടെ...

മൂത്രം മുട്ടിയാല്‍ മൂത്രം ഒഴിക്കണം. അല്ലാതെ അത് പിടിച്ച് വച്ചിരുന്നാല്‍ ശരീരത്തിന് അത് കാലാന്തരത്തില്‍ ദോഷം ചെയ്യും. ദേഷ്യം വന്നാല്‍, അതായത് ക്ഷമിക്കാവുന്നതിന്റെ പരിധി അതിലംഘിക്കുന്നത്രയും ദേഷ്യം വന്നാല്‍, ദേഷ്യം പ്രകടിപ്പിക്കണം. മൂസാ നബി തന്റെ ജനങ്ങളോട് ദേഷ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈസാ നബിയും കോപിച്ച സന്ദര്‍ഭങ്ങളുണ്ട്. മുഹമ്മദ് നബി കോപിച്ച സന്ദര്‍ഭങ്ങളെക്കുറിച്ച് വിചാര മധുരമായ പുസ്തകങ്ങള്‍ തന്നെയും പ്രകാശിതമായിട്ടുണ്ട്. 'ജ്ഞാനേ മൗനം; ക്ഷമാശക്തൗ'-ജ്ഞാനിക്ക് മൗനവും ബലവാന് ക്ഷമയും ഭൂഷണമാണെന്ന് ഉപദേശിച്ച ശ്രീരാമന്‍ കോപിച്ച സന്ദര്‍ഭങ്ങളും രാമായണത്തില്‍ വായിക്കാം.  ശ്രീകൃഷ്ണനും കോപിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വെച്ച് ശ്രീകൃഷ്ണന്‍ പ്രകടിപ്പിച്ച കോപഭാവം ഒരുപാട് വിമര്‍ശന വിധേയമായിട്ടുള്ളതാണ്. പരമാവധി പൊറുക്കാന്‍ ശ്രമിക്കുക. പക്ഷേ അതുകൊണ്ട് അടങ്ങുന്നില്ലെങ്കില്‍ കോപിക്കുക. ഇത് ചെയ്യാതെ ഉള്ളില്‍ തിളച്ചുമറിയുന്ന കോപം ഉണ്ടായിരിക്കേ പുറമ്പല്ലുകള്‍ കാട്ടി പുഞ്ചിരിക്കുന്നത് കാപട്യമാണ്. ഇത്തരം കാപട്യമില്ലാത്തവരായിരുന്നു പ്രവാചക വരിഷ്ഠന്മാര്‍ എന്നതിനാലാണ് അവര്‍ പൊറുത്ത സന്ദര്‍ഭങ്ങളോടൊപ്പം കോപിച്ച സന്ദര്‍ഭങ്ങളും ആ മഹിത ജീവിത ചരിതങ്ങളില്‍ കാണുന്നത്. പ്രവാചക ചര്യകളെ മാനിക്കുന്നവര്‍ക്ക് 'പുറമേയ്ക്ക് ചിരിയും അകമേ പകയും' എന്ന മട്ടിലുള്ള ഇരട്ട മുഖം കാണിച്ച് പെരുമാറാനാകില്ല.  അവരുടെ അകവും പുറവും ഒരുപോലെ ആയിരിക്കും. 'നേരെ വാ നേരെ പോ' മട്ടുകാരായിരിക്കും നേര്‍മാര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടവര്‍ എന്നര്‍ഥം. ഇത്രയും പറഞ്ഞുകൊണ്ട് അല്‍ഫാതിഹയുടെ വായനാനുഭവ വിവരണത്തിന് തല്‍ക്കാലം വിരാമമിടുകയാണ്. 20 ലക്കത്തിലേറെയായി നടന്നുവരുന്ന ഈ അല്‍ഫാതിഹാ വിവരണം വായിച്ചാസ്വദിച്ചവര്‍ക്ക് നന്ദി. എന്റെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ആരെയെങ്കിലും നോവിപ്പിക്കുന്നതിന് ഇടയായിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. ഏതെങ്കിലും ഭാഗത്ത് അറിവില്ലായ്മയുടെ അര്‍ഥ പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കിലും പണ്ഡിതലോകം പൊറുക്കണം. ഇനി നമ്മള്‍ ഖുര്‍ആന്റെ വിവിധ പ്രമേയങ്ങളെ അധികരിച്ചുള്ള വായനാനുഭവവിവരണങ്ങളിലേക്കാണ് പ്രവേശിക്കുന്നത്. ദൈവം, പ്രപഞ്ചം, മനുഷ്യന്‍, സ്ത്രീകള്‍, സ്ത്രീപുരുഷ ബന്ധം, വിവിധ മതങ്ങളോടുള്ള സമീപനം, വിവാഹം എന്നിങ്ങനെയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാനായതെന്തെന്ന് വിവിധ സന്ദര്‍ഭങ്ങളിലായി വിവരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. അല്‍ഫാതിഹയുടെ വിവരണം തട്ടും തടസ്സവും കൂടാതെ പൂര്‍ത്തീകരിക്കാന്‍ അഹേതുക കൃപാനിധിയും വിശ്വഗുരുവുമായ സര്‍വേശ്വരന്റെ അനുഗ്രഹത്താല്‍ സാധിച്ചതുപോലെ ബാക്കിയുള്ളതും എഴുതി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു. എല്ലാ വായനക്കാരും ഈ എളിയ ഖുര്‍ആന്‍ വിദ്യാര്‍ഥിക്ക് വേണ്ടി പ്രാര്‍ഥിക്കണം; എല്ലാ വായനക്കാര്‍ക്കും വേണ്ടി ഈയുള്ളവനും പ്രാര്‍ഥിക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍