Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

നവ്യാനുഭൂതികളുടെ മുപ്പത് നാളുകള്‍

ഡോ. ജാസിമുല്‍ മുത്വവ്വ /ലേഖനം

         പുണ്യത്തിന്റെയും ഐശ്വര്യത്തിന്റെയും അനുഗൃഹീത മാസമാണ് റമദാന്‍. കുടുംബ സംഗമവേളയായ ഈ മാസം ആനന്ദദായകമായ അനുഭവങ്ങള്‍ ആവോളം പ്രദാനം ചെയ്യുന്നതുമാണ്. മഹത്തായ ഈ മാസത്തെ വരവേല്‍ക്കാന്‍ ഉത്സാഹത്തോടെ ഒരുങ്ങിയിരിക്കുകയാണ് നാമെല്ലാവരും. അനവധി സമ്മാനങ്ങളും ഉപഹാരങ്ങളുമായെത്തുന്ന ഈ വിശിഷ്ടാതിഥിയുടെ വരവ് സ്രഷ്ടാവിന്റെ വരദാനമാണ്. അതിഥി വന്നണയുന്ന ആദ്യനാളുകളില്‍ അല്ലാഹുവിന്റെ കാരുണ്യം പെയ്തിറങ്ങും. മധ്യനാളുകളില്‍ പാപമോചനം ലഭിക്കും. ഒടുവിലെ ദിവസങ്ങളില്‍ നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടും. നമ്മോടുള്ള സഹവാസം അവസാനിപ്പിച്ച് ആ വിശിഷ്ടാതിഥി യാത്ര പറയുന്നത് പെരുന്നാളിന്റെ ആനന്ദാനുഭൂതികളുടെ വിലപിടിച്ച സമ്മാനങ്ങളും നല്‍കിയാണ്.

മാറ്റത്തിന്റെ മാസമാണ് റമദാന്‍. ദൈവിക ഗ്രന്ഥങ്ങളുടെയെല്ലാം അവതരണം ഈ മാസത്തിലായിരുന്നു; സബൂര്‍, തൗറാത്ത്, ഇഞ്ചീല്‍, ഒടുവില്‍ ഖുര്‍ആന്‍. റമദാനില്‍ പിശാചുക്കള്‍ ബന്ധിക്കപ്പെടും. നരകവാതിലുകള്‍ അടയും. സ്വര്‍ഗ വാതിലുകള്‍ തുറക്കും. ആകാശ ലോകത്ത് നിന്ന് അശരീരി കേള്‍ക്കാം: 'നന്മ തേടുന്നവനേ മുന്നേറി വരൂ, തിന്മ തേടുന്നവനേ പിറകോട്ടു മാറൂ'. റമദാനില്‍ മനസ്സുകള്‍ മാറും. സ്വഭാവത്തില്‍ മാറ്റം വരും. ജനങ്ങളില്‍ ക്ഷമയുടെ തോതുയരും. ഇഛാശക്തി കൂടും. ഐശ്വര്യത്തിന്റെ ഈ ധന്യ മാസത്തില്‍ ഉദാരത അതിരുകള്‍ ഭേദിക്കും.

പള്ളികള്‍ നിറഞ്ഞു കവിയുന്ന ഈ മഹത്തായ മാസത്തില്‍ ഖുര്‍ആന്‍ പാരായണവും ദൈവിക ഗ്രന്ഥവുമായുള്ള അടുപ്പവും വര്‍ധിക്കും. ജനങ്ങളില്‍ മതവിഷയങ്ങളെ കുറിച്ചുള്ള വര്‍ത്തമാനങ്ങളും ചര്‍ച്ചകളും അന്വേഷണങ്ങളുമായിരിക്കും ഏറെ. പത്രങ്ങളിലും ചാനലുകളിലും മത വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന പരിപാടികളുടെ പെരുമഴയായിരിക്കും. ഈ മാറ്റങ്ങളെല്ലാം ഒരു റമദാന്‍ മാസത്തെ ചൊല്ലിയാണെന്നോര്‍ക്കണം. അപ്പോള്‍ റമദാന്‍ ഒരു സാധാരണ മാസമല്ല. മാസങ്ങളില്‍ മഹത്തായ മാസമാണത്. അതിനാലാണ് ആ മാസത്തെ അല്ലാഹു ഖുര്‍ആന്റെ അവതരണത്തിന് തെരഞ്ഞെടുത്തത്. ''ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍, ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായും സന്മാര്‍ഗത്തിന്റെയും സത്യാസത്യ വിവേചനത്തിന്റെയും തെളിഞ്ഞ മാനദണ്ഡമായി അവതരിച്ച മഹദ് ഗ്രന്ഥം'' (അല്‍ബഖറ).

മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം തങ്ങളെ മാറ്റത്തിലേക്ക് നയിക്കുന്ന ആഗോള ഉത്സവനാളുകളാണ് റമദാനിലേത്. റമദാനില്‍ എല്ലാം മാറും. ഉറക്ക സമയം മാറും, ഭക്ഷണത്തിന്റെയും ജോലിയുടെയും സമയത്തില്‍ മാറ്റം വരും. കടകള്‍ തുറക്കുന്നതും അടയ്ക്കുന്നതും പുതിയ സമയക്രമമനുസരിച്ച്. തെരുവുകള്‍ ഉണരുന്നതും ഉറങ്ങുന്നതും മാറിയ സമയങ്ങളില്‍. സര്‍വത്ര മാറ്റം. തന്റെ സ്വത്വവും തന്റെ സ്വഭാവവും സംസ്‌കാരവും ശീലവും പെരുമാറ്റ രീതികളും ആരാധനാ ക്രമങ്ങളും മാറ്റാന്‍ ഒരാള്‍ ഈ മാസത്തെ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ നഷ്ടം പിണഞ്ഞവനാണവന്‍. തിന്മ കുറയുകയും നന്മ കൂടുകയും ചെയ്യുന്ന ഈ അനുകൂല മാസത്തിലും മാറ്റത്തിന് തയാറാകാത്തവനെക്കാള്‍ വിഡ്ഢി ആരുണ്ട്! അതിനാലാണ് നബി(സ) പറഞ്ഞത്: ''തന്റെ നോമ്പുകൊണ്ട് പൈദാഹം സഹിച്ചുവെന്ന ഗുണമല്ലാതെ മറ്റൊന്നും കിട്ടാത്ത എത്ര  നോമ്പുകാരാണ്! ഉറക്കമൊഴിച്ചു എന്ന നേട്ടമല്ലാതെ മറ്റൊന്നും കിട്ടാത്ത എത്ര നമസ്‌കാരക്കാരാണ്!'' ഇത്തരം ആളുകളുടെ സ്വഭാവത്തിലോ സംസ്‌കാരത്തിലോ റമദാന്‍ ഒരു മാറ്റവും വരുത്തില്ല. നമ്മിലെ ആത്മീയാംശങ്ങളെ പരിപോഷിപ്പിക്കാനും നമ്മുടെ ശരീര കാമനകളെ നിയന്ത്രിച്ചു നിര്‍ത്താനും പ്രേരകമാവണം നമ്മുടെ നോമ്പിന്റെ നാളുകള്‍. ശരീരത്തിന്റെയും ആത്മാവിന്റെയും ചോദനകളെ സമീകരിക്കാനാവണം നമുക്ക്. ശരീരത്തെ മാത്രം സേവിക്കുന്നവന് റമദാനില്‍ നിന്ന് ഒന്നും കിട്ടാനില്ല. കവി പറഞ്ഞപോലെ: ''ശരീരത്തിന്റെ സേവകാ, അതിന്റെ സേവക്കായി എത്രയാണ് നീ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നഷ്ടം പിണയുന്നതിലാണോ നീ ലാഭം തേടുന്നത്?'' (യാ ഖാദിമല്‍ ജിസ്മി കം തസ്ആ ലി ഖിദ്മത്തിഹി/ അ തത്വ്‌ലുബുര്‍രിബ്ഹ മിമ്മാ ഫീഹി ഖുസ്‌റാനു).

തങ്ങളുടെ ബന്ധങ്ങളെ പുനഃപരിശോധനക്ക് വിധേയമാക്കാനും നേട്ട-കോട്ടങ്ങളെ വിലയിരുത്താനും പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനും ഈ റമദാന്‍ മാസത്തെ ദമ്പതികള്‍ക്ക് പ്രയോജനപ്പെടുത്താം. പോരായ്മകളും വൈകല്യങ്ങളും പരിഹരിക്കാനും ഇരുവരുടെയും സമീപനങ്ങളില്‍ തിരുത്തലുകള്‍ വരുത്താനും സമയബന്ധിത പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കാം ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് ഈ റമദാന്‍ മാസത്തില്‍. കുടുംബബന്ധം ചേര്‍ക്കുക, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക, അയല്‍പക്ക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ഖിയാമുല്ലൈല്‍, ഖുര്‍ആന്‍ പാരായണം, അനാഥ സംരക്ഷണം, അഗതി പരിപാലനം, സാധു കുടുംബ സംരക്ഷണം തുടങ്ങി നിരവധി നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് ഈ മാസത്തില്‍ ഏര്‍പ്പെടാം.

മാതാപിതാക്കള്‍ക്കും ഈ മാസം പ്രയോജനപ്പെടുത്താം. ഇഫ്ത്വാര്‍ വേള, കുടുംബാംഗങ്ങളുമായുള്ള കൂടിയിരുത്തം, മതപരവും ആത്മീയവും ധാര്‍മികവുമായുള്ള വിഷയങ്ങളെക്കുറിച്ച സംസാരം- ഇങ്ങനെ അനവധി നേരങ്ങളുണ്ടല്ലോ റമദാനില്‍. മക്കളുമായുള്ള ബന്ധങ്ങള്‍ ഈ വിധം സുദൃഢമാക്കാന്‍ ഈ മാസത്തില്‍ മാതാപിതാക്കള്‍ മനസ്സുവെച്ചാല്‍ സാധിക്കും. ചില കുടുംബങ്ങളെ എനിക്കറിയാം. ഇമാം നനവി(റ)യുടെ രിയാളുസ്സ്വാലിഹീന്‍ എന്ന ഹദീസ് സമാഹാര ഗ്രന്ഥത്തില്‍ നിന്ന് രണ്ട് പേജ്, നബി ചരിത്രകൃതിയില്‍ നിന്ന് ചില ഭാഗങ്ങള്‍, ഇവ പരിശുദ്ധ റമദാനില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് വായിക്കും. വേറൊരു കുടുംബം സകാത്തും സകാത്തിന്റെ കണക്കും പഠിപ്പിക്കാന്‍ ഈ മാസം ഉപയോഗിക്കും. സകാത്തിന്റെ വിതരണത്തിന് മക്കളെ ചുമതലപ്പെടുത്തി സാധുക്കളും ദരിദ്ര കുടുംബങ്ങളുമായുള്ള അവരുടെ ആത്മബന്ധം വളര്‍ത്താന്‍ ഇതുമൂലം ആ കുടുംബത്തിന് കഴിഞ്ഞു.

സാക്ഷാത്കരിക്കാനുള്ള ഒരു ലക്ഷ്യം മുന്നില്‍ വെച്ച് മുന്നേറുന്നവനാണ് ഈ മാസത്തിലെ നേട്ടം കൊയ്തവന്‍. അത് ഒരു ദുസ്സ്വഭാവം വര്‍ജിക്കാനാവാം, അല്ലെങ്കില്‍ ഒരു സല്‍സ്വഭാവം നട്ടുവളര്‍ത്താനാവാം. പുകവലിയുടെ ദുസ്വഭാവമുള്ളവന് അത് നിര്‍ത്താനുള്ള നല്ല നേരമാണിത്. പര സ്ത്രീകളുമായി അവിഹിത ബന്ധമുള്ളവന് അത് അവസാനിപ്പിക്കാന്‍ പറ്റിയ സന്ദര്‍ഭമാണിത്. ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് അത് ധരിച്ചു തുടങ്ങാന്‍ ഈ മാസം ഉപയോഗപ്പെടുത്താം. പലിശ തിന്നുന്നവന് അത് നിര്‍ത്താം. ദാനധര്‍മങ്ങള്‍ ശീലിച്ചിട്ടില്ലാത്തവര്‍ക്ക് ആ ശീലം തുടങ്ങാം. ഖുര്‍ആന്‍ മനഃപാഠമാക്കാത്തവര്‍ക്ക് ഈ മാസത്തില്‍ അതാരംഭിക്കാം. നബി ചരിത്രം അറിയാത്തവര്‍ക്ക് അത് പഠിച്ചു തുടങ്ങാം. അമിത വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആഹാര നിയന്ത്രണത്തിലൂടെ ഈ മാസത്തില്‍ അത് ശീലിക്കാം. റമദാന്‍ മാറ്റത്തിന്റെ മാസമാക്കാന്‍ അങ്ങനെ പല രീതികളുമുണ്ട്.

ഇമാം ഗസ്സാലി(റ) പറഞ്ഞത് പോലെ വ്രതാനുഷ്ഠാനം അല്ലാഹുവിന്റെ അനുഗ്രഹമാവുന്നത് മൂന്ന് തലങ്ങളിലാണ്. ആദ്യതലം, അവയവങ്ങളുടെയും വയറിന്റെയും ഗുഹ്യ സ്ഥാനങ്ങളുടെയും നിയന്ത്രണത്തിന്റെ തലം. രണ്ടാമത്തേത് കേള്‍വി, കാഴ്ച, കൈകാലുകള്‍, നാവ് എന്നീ അവയവങ്ങളെ പാപകര്‍മങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്ന മനഃശക്തിയുടെ തലം. അധമ ചിന്തകളില്‍നിന്ന് ഹൃദയത്തെ തടുത്തുനിര്‍ത്തുന്ന ഘട്ടമാണ് മൂന്നാമത്തേത്. നമ്മുടെ നോമ്പ് ഒന്നാമത്തെ ശാരീരിക തലത്തില്‍ ഒതുങ്ങിപ്പോകരുത്. ദേഹത്തെയും ദേഹിയെയും ആത്മാവിനെയും ശരീരത്തെയും ഒരുപോലെ അഗാധമായി സ്പര്‍ശിക്കുന്നതും സ്വാധീനിക്കുന്നതുമാവണം നമ്മുടെ നോമ്പ്. ''ഐഹിക ജീവിതമെന്നാല്‍ ഭക്ഷണവും പാനീയവും ഉറക്കവും മാത്രം. ഇതിലേതെങ്കിലും ഒന്ന് ഇല്ലാതായാല്‍ ദുന്‍യാവിനോട് വിട പറയാം'' (ഇന്നമുദ്ദന്‍യാ ത്വആമുന്‍ വശറാബുന്‍ വമനാം/ വഇദാ ഫാതക ഹാദാ ഫ അലദ്ദുന്‍യാ സലാം) എന്ന കവി വാക്യത്തെ ആധാരമാക്കിയല്ല നാം ജീവിക്കേണ്ടത്. നമുക്ക് അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തിയാണ് ജീവിക്കേണ്ടത്. നോമ്പുകാരന്റെ ആത്മീയോത്കര്‍ഷവേളയുടെ മഹത്വം വിളംബരം ചെയ്തുകൊണ്ടുള്ളതാണ് ഈ നബി വാക്യം: ''മൂന്ന് വിഭാഗത്തിന്റെ പ്രാര്‍ഥനകള്‍ തള്ളപ്പെടില്ല. നോമ്പനുഷ്ഠിക്കുന്നവന്‍ നോമ്പു തുറക്കുന്നത് വരെ, നീതിമാനായ നേതാവ്, മര്‍ദിതന്‍. നോമ്പുകാരന്‍ അല്ലാഹുവുമായി അടുത്തവന്‍ ആകയാല്‍ ആ പ്രാര്‍ഥന തീര്‍ച്ചയായും സ്വീകരിക്കപ്പെടും. അല്ലാഹുവുമായും സമൂഹവുമായും ബന്ധം ശക്തിപ്പെടാന്‍ ഈ പരിശുദ്ധ റമദാന്‍ സഹായകമാവട്ടെ എന്നാശംസിക്കുന്നു. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍