Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

ഇസ്‌ലാം മതത്തിന്റെ വ്രതാനുഷ്ഠാനം

മര്‍മഡ്യൂക്ക് പിക്താള്‍ /കവര്‍‌സ്റ്റോറി

      വിമര്‍ശിക്കുന്നതിന് വേണ്ടി ഇസ്‌ലാമിനെ കുറിച്ച് ഗവേഷണപഠനങ്ങള്‍ നടത്തിയ ഓറിയന്റലിസ്റ്റുകളില്‍ അഗ്രഗണ്യനാണ് മര്‍മഡ്യൂക്ക് പിക്താള്‍ (1875-1936). ചിന്തകനും നോവലിസ്റ്റും കൂടിയായിരുന്ന ഈ ബ്രിട്ടീഷുകാരന്‍ പിന്നീട് ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി. അദ്ദേഹം ഇന്ന് ഏറെ ആദരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷയുടെ പേരിലാണ്. പിക്താള്‍ റമദാന്‍ വ്രതത്തിന്റെ പ്രാധാന്യം ദാര്‍ശനിക കാഴ്ചപ്പാടിലൂടെ നോക്കി കാണുകയാണ് സുഊദിയില്‍ നിന്നുള്ള 'അദ്ദഅ്‌വ' ഇംഗ്ലീഷ് മാസികയില്‍ (2005 റമദാന്‍ ലക്കം) പ്രസിദ്ധീകരിച്ച ഈ ലേഖനത്തില്‍.

മറ്റു മതവിശ്വാസികളുടെ വ്രതവുമായി ഇസ്‌ലാമിക വ്രതത്തെ താരതമ്യപ്പെടുത്തി അത് അര്‍ഥ രഹിതവും യുക്തിരഹിതവുമാണെന്ന് ഇതര വിശ്വാസികള്‍ വിമര്‍ശിക്കാറുണ്ട്, കളിയാക്കാറുണ്ട്. മുസ്‌ലിംകള്‍ ഒരു മാസക്കാലം എല്ലാ ദിവസവും പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ വിഭവങ്ങള്‍ വര്‍ജ്ജിക്കുന്നത് എന്തിന്റെ പേരിലാണ്? എന്നാല്‍ പ്രദോഷം മുതല്‍ പ്രഭാതോദയം വരെ വേണ്ടുവോളം തിന്നുകയും കുടിക്കുകയും ചെയ്യുന്നു. എന്താണ് ഇതിനു പിന്നിലെ യുക്തി? ഇത് യഥാര്‍ഥത്തില്‍ ശരീരത്തെ പീഡിപ്പിക്കലാവില്ലേ?  അതായിരിക്കുമോ വസ്തുത? രാവും പകലും തമ്മില്‍ ഇത്ര ഭീമമായ വൈരുധ്യം കാണിക്കുകയും, പകലിനെ രാത്രിയാക്കിയും രാത്രിയെ പകലാക്കിയും കാണിക്കുന്ന ഈ കൃത്രിമത്വം എന്തിനു വേണ്ടിയാണ്? ഈ വിധം വ്രതത്തെ വികലമാക്കിയവതരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്നവര്‍ ഇസ്‌ലാമിലെ വ്രതത്തെക്കുറിച്ച് മാത്രമല്ല ഇസ്‌ലാമിനെ പറ്റി തന്നെ തീര്‍ത്തും അജ്ഞരാണെന്ന് മനസ്സിലാക്കാം.

യഥാര്‍ഥത്തില്‍ ശരീരപീഡനമോ, മാംസപേശികളെ തളര്‍ത്തലോ വ്രതലക്ഷ്യമല്ല. ഇവിടെ പീഡനമെന്ന പദം തന്നെ ബാലിശമാണ്. എന്തെന്നാല്‍ ശരീരവും ആത്മാവും പരസ്പര പൂരകമാണ്. ഒന്നില്ലാതെ മറ്റതില്ല. ശരീര പീഡനത്തിലൂടെ കൂടുതല്‍ ശക്തി നേടുമെങ്കില്‍ കായിക മത്സരാര്‍ഥികള്‍ എന്തുകൊണ്ട് അത്തരമൊരാശയം നടപ്പിലാക്കുന്നില്ല? പട്ടാള പരിശീലനകാലത്ത് എന്തുകൊണ്ട് നമ്മുടെ ജവാന്‍മാര്‍ ആ മാര്‍ഗ്ഗം പിന്തുടരുന്നില്ല? അവരൊന്നും അത് പ്രാവര്‍ത്തികമാക്കുന്നില്ലെങ്കില്‍ മുസ്‌ലിംകള്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല, അത് സംഭവ്യമല്ല. ഇസ്‌ലാമിലെ അനുഷ്ഠാനങ്ങളും അതിന്റെ നിയമസംഹിതകളും മന്ത്രമോ മായയോ കൂദാശയോ അന്ധവിശ്വാസമോ അല്ല; മറിച്ച് ശിക്ഷണപരമായ, പ്രായോഗികമായി ശരിയാണെന്ന് തെളിയിച്ച നിയമസംഹിതയാണ്. ദൈവ വിശ്വാസമില്ലായെങ്കില്‍ പിന്നെ ഇതൊക്കെ അര്‍ഥശൂന്യമായി മാറും. ദൈവം കല്‍പിച്ചു; അതുകൊണ്ടു മുസ്‌ലിംകള്‍ ഇതര മതസ്ഥരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മാസക്കാലം വ്രതമനുഷ്ഠിക്കുന്നു.

അല്ലാഹുവിന്റെ ആജ്ഞയനുസരിച്ചാണ് മുസ്‌ലിംകള്‍ വ്രതമനുഷ്ഠിക്കുന്നത്. അവന്റെ പ്രീതിയാണ് ലക്ഷ്യം. സല്‍കര്‍മ്മികളും നിസ്വാര്‍ഥരുമായി മനുഷ്യനെ വാര്‍ത്തെടുക്കുക എന്നതാണ് ഇസ്‌ലാമിന്റെ ഒന്നാമത്തെ ലക്ഷ്യം. അതോടൊപ്പം ലോകത്തെമ്പാടുമുള്ള മുസ്‌ലിംകളെ മുഴുവന്‍ അത് സാഹോദര്യമാകുന്ന ഒരു ചരടില്‍ കോര്‍ത്തെടുക്കുന്നു. 

നിസ്സാരന്മാരായ ഇവിടത്തെ രാജാക്കന്‍മാര്‍ക്ക് അവരുടേതായ സൈനിക ശക്തിയുണ്ട്. അപ്രകാരം തന്നെ ലോകരാജ്യങ്ങള്‍ക്കൊക്കെ തന്നെ പോലീസും പട്ടാളവുമുണ്ട്. എന്നാല്‍ ഉറക്കമോ മയക്കമോ ബാധിക്കാത്ത, മരണമില്ലാത്ത, പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവായ, രാജാധിരാജന്റെ പരമാധികാര ദൈവരാജ്യത്തിന്റെ ധീരരായ കാവല്‍ ഭടന്മാരാണ് ഞങ്ങള്‍, മുസ്‌ലിംകള്‍. അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നവര്‍. പ്രപഞ്ചമാസകലം ആ അധികാരം അംഗീകരിക്കുന്നു, അനുസരിക്കുന്നു; വര്‍ണവര്‍ഗ വ്യത്യാസമില്ലാതെ, സാമ്പത്തിക ഉച്ച നീചത്വമില്ലാതെ. ഇസ്‌ലാമിക സമൂഹത്തില്‍ പൗരോഹിത്യമില്ല. ഓരോ മുസ്‌ലിമും ആണാവട്ടെ, പെണ്ണാവട്ടെ ഓരോ പാതിരിയാണ്. പക്ഷെ രാജാധിരാജനോടുള്ള ഭയഭക്തി ഹൃദയത്തില്‍ അലയടിക്കുന്നതിനാല്‍ ഞങ്ങള്‍ പാതിരിയെന്ന് പറയാറില്ല. മറിച്ച് ദൈവദാസന്മാരാണ് ഞങ്ങളോരോരുത്തരും. അതുകൊണ്ടുതന്നെ പോലീസോ പട്ടാളമോ ആവശ്യം വരാത്ത വിധം നിയമമനുസരിക്കാനും അംഗീകരിക്കാനും ഞങ്ങള്‍ക്കറിയാം. 14 നൂറ്റാണ്ടുകള്‍ക്കുമുമ്പേ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ അതാണ് പഠിപ്പിക്കുന്നത്. പ്രവാചകന്‍ അതാണ് പ്രബോധനം ചെയ്തത്. ഒരു റമദാന്‍ മാസത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ ആദ്യമായിട്ടവതരിച്ചത്. അതിനാല്‍ റമദാന്‍ മാസം വ്രതാനുഷ്ഠാനത്തിന് മാത്രമല്ല, മറിച്ച് നന്ദി പ്രകടനത്തിനുള്ള അവസരം കൂടിയാണ്.

ലൗകിക സുഖഭോഗങ്ങള്‍ ത്യജിക്കാന്‍ നാം സന്നദ്ധരായിരിക്കണം. ഖുര്‍ആനിക നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോഴേ നാം അനുസരണയുള്ള ദാസന്മാരാകുന്നുള്ളൂ. അല്ലാഹു നമുക്ക് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ സ്മരിക്കാന്‍ തയാറുണ്ടെങ്കില്‍ ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ സസന്തോഷം നാം പാലിക്കും. ആദ്യകാല മുസ്‌ലിം സഹോദരന്മാര്‍ അവരുടെ സുഖസൗകര്യങ്ങളും മറ്റും ദൈവമാര്‍ഗത്തില്‍ പരിത്യജിച്ചതിന്റെ വിജയമാണ് ഇപ്പോള്‍ നാം ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. അതാണ് ഖുര്‍ആനിന്റെ അത്ഭുതവും.

പ്രവാചകാഗമനത്തിനു മുമ്പ് നിത്യജീവിതം മതശാസനകള്‍ക്ക് വിരുദ്ധമായിരുന്നു. പ്രപഞ്ചത്തിലെ സകലമാന ജീവജാലങ്ങളും ദൈവം അവയ്ക്ക് നിശ്ചയിച്ച ധര്‍മം പാലിച്ച് വാഴുകയാണ്. ഭൂമിയുടെയും സൂര്യചന്ദ്രന്മാരുടെയും പ്രയാണവും ദൗത്യവും എല്ലാം ഖുര്‍ആന്‍ അതിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷെ ധിക്കാരിയായ മനുഷ്യന്‍ സത്യത്തിന് നേരെ പുറം തിരിഞ്ഞ് നില്‍ക്കുകയും അസത്യം വാരി പുണരുകയും ചെയ്യുന്നു. 

വിശ്വാസം എന്നത് കേവലം ഒരു പദമല്ല. വിശ്വസിക്കുന്നതിന്റെ പ്രയോഗവല്‍ക്കരണവും കൂടിയാണത്. കര്‍മമില്ലാത്ത വിശ്വാസവും വിശ്വാസമില്ലാത്ത കര്‍മവും സ്വീകാര്യമല്ല. ആത്മശിക്ഷണം പോലെ ഗുണകരമായ മറ്റൊന്നില്ല. ആത്മ സംസ്‌കരണം നേടിയവര്‍ക്ക് ദൈവശാസനകള്‍ അനുസരിക്കുന്നത് ആനന്ദകരമായ അനുഭവമാകുന്നു. റമദാനില്‍ വ്രതമനുഷ്ഠിക്കുന്നതും അപ്രകാരം തന്നെ. ഭക്ഷണപാനീയങ്ങളുടെ കേവല വര്‍ജ്ജനം മൂലം ആത്മസംസ്‌കരണം സിദ്ധിക്കാറില്ല. മറിച്ച് ശരീരപ്രധാനമായതെന്തും ദൈവപ്രീതിയുദ്ദേശിച്ച് അവഗണിക്കുകയും, ത്യജിക്കുകയും, ആത്മാവുമായി ബന്ധപ്പെട്ട മേഖലയുടെ പരിപോഷണത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നവരാണ് അല്ലാഹുവിന്റെ ദൃഷ്ടിയില്‍ യഥാര്‍ഥ ഭക്തന്മാര്‍. അവര്‍ക്ക് മാത്രമാണ് അന്തിമ വിജയം. മനുഷ്യനെ പ്രയാസപ്പെടുത്തുക മതാചാരമല്ല. തന്റെ ദാസന് എളുപ്പമാണ് അല്ലാഹു നിര്‍ദ്ദേശിക്കുന്നത്. ഐഹിക ജീവിതത്തില്‍ മതാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും പ്രയാസം നേരിടുന്നുവെങ്കില്‍ അറിയുക അത് ചില ഉയര്‍ന്ന മൂല്യങ്ങള്‍ സ്വായത്തമാക്കുന്നതിനും, തിന്മക്കെതിരെ അജയ്യമായി നിലകൊള്ളുന്നതിനും വേണ്ടിയുള്ള പരിശീലനമാണ്. ശേഷം പാരത്രിക ജീവിതം സൗഭാഗ്യകരമാവുകയും ചെയ്യും. (വി.ഖു. 2:186). 

അല്ലാഹു കാരുണ്യവാനാണ്. അവന്റെ കരുണാകടാക്ഷം നമ്മില്‍ സദാ വര്‍ഷിക്കുന്നുമുണ്ട്. അല്ലാഹുവിന്റെ സഹായത്തിലും സംരക്ഷണത്തിലും വിശ്വാസമര്‍പ്പിച്ചവരെ സഹായിക്കാന്‍ സദാ സന്നദ്ധനാണ് അല്ലാഹു. അതാണ് റമദാന്‍ വ്രതത്തിന്റെ മര്‍മം. പരിശുദ്ധ മനസ്സിന്റെ പവിത്രമായ ലക്ഷ്യസാക്ഷാത്കാരം. വിശുദ്ധ ഖുര്‍ആന്‍ 2:183-184 സൂക്തങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. 

മുസ്‌ലിം ആണാവട്ടെ പെണ്ണാവട്ടെ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാണ്. റമദാനിന്റെ പരിശുദ്ധിയില്‍ എല്ലാം അതിനായി സജ്ജീകരിക്കപ്പെടുന്നു. അതിലെ രാവുകള്‍ നമസ്‌കാരങ്ങളാലും പകലുകള്‍ വ്രതാനുഷ്ഠാനങ്ങളോടെയുള്ള സല്‍പ്രവര്‍ത്തനങ്ങളാലും സജീവമാണ്. പള്ളികള്‍ ജനനിബിഡമാണ്. എല്ലാവരും ഒരു പരദേശിയെപ്പോലെയാണ്. വിദൂരദിക്കിലേക്കുള്ള യാത്രയിലെ കഷ്ടപ്പാടുകളും പ്രയാസങ്ങളും പരസ്പരം ക്ഷമിക്കുന്നു, സഹിക്കുന്നു. കാരണം എല്ലാം ക്ഷണികമാണെന്ന് അവന് നിശ്ചയമുണ്ട്. 

വ്രതമനുഷ്ഠിക്കാന്‍ നാം കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് നാം അത് അനുഷ്ഠിക്കുന്നതും. പക്ഷെ അത് ശരീരപീഡനമായും ശരീരത്യാഗമായും വിലകുറച്ച് കാണുന്നത് അല്‍പ്പത്തമാണ്. അടിമകള്‍ പട്ടിണികിടക്കണമെന്നോ ശരീരത്തെ ക്ഷയിപ്പിക്കണമെന്നോ അല്ലാഹു ആഗ്രഹിക്കുന്നില്ല. അതിലൂടെ നാം നേടിയെടുക്കുന്ന ആത്മസംസ്‌കരണമാണ് അല്ലാഹു ആഗ്രഹിക്കുന്നത്. യഥാര്‍ഥ നോമ്പുകാരന്‍ സകലവിധ തിന്മകളില്‍ നിന്നും അകന്നു നില്‍ക്കുന്നു എന്നതാണ് സത്യം. 

മദ്യപാനി നോമ്പനുഷ്ഠിച്ചാല്‍ മദ്യപിക്കാനാവില്ല. ഒരാളും വ്രതമനുഷ്ഠിക്കുന്നവനായിക്കൊണ്ട് അക്രമങ്ങളില്‍ മുഴുകകയില്ല. പതിവായി പാപങ്ങളില്‍ മുഴുകിക്കഴിയുന്നവര്‍ വര്‍ഷത്തില്‍ ഒരു പ്രത്യേകമാസം ഏതാനും ദിവസങ്ങള്‍ ഭക്ഷണവിഭവങ്ങള്‍ സ്വയം ത്യജിച്ചുകൊണ്ട് ദൈവത്തെ ധ്യാനിക്കാന്‍ തയ്യാറാകുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ? അനുവദനീയമായ കാര്യങ്ങള്‍ പോലും വല്ലപ്പോഴുമൊക്കെ ത്യജിക്കാന്‍ ശീലിക്കുന്നത് ഒരനുഗ്രഹമായി മനസ്സിലാക്കാനും നിഷിദ്ധങ്ങള്‍ ആസ്വദിക്കാനും, അനുഭവിക്കാനുമുള്ള ശാകീരികാഭിനിവേശം ഇല്ലായ്മ ചെയ്യുവാനും നമുക്ക് സാധിക്കുന്നതാണ്. അതാണ് വ്രതാനുഷ്ഠാനത്തിലൂടെ നാം നേടിയെടുക്കുന്ന അനുഗ്രഹം. ''അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ഭയഭക്തിയുള്ളവരാകാന്‍ വേണ്ടി.'' (വി.ഖു.) 

ഇതര അനുഷ്ഠാനമുറകള്‍ പോലെ വ്രതാനുഷ്ഠാനവും ശിക്ഷണാത്മകമാണ്. അന്ധവിശ്വാസമോ കേവല ആചാരമോ അല്ല. അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ആരാധാനയാകുമ്പോള്‍ മാത്രമേ വ്രതാനുഷ്ഠാനം അര്‍ഥവത്താകുന്നുള്ളൂ. നിങ്ങള്‍ക്ക് വേണ്ടി കര്‍മങ്ങള്‍ നടത്തിത്തരുന്ന പൂജാരിമാര്‍ ഇസ്‌ലാമിനന്യമാണ്. വിശ്വാസികളാണെങ്കില്‍ കര്‍മങ്ങള്‍ സ്വയമേവ അനുഷ്ഠിച്ചുകൊള്ളണം. കല്‍പനകളില്‍ ഏറ്റവും കടുപ്പമുള്ളത് വ്രതാനുഷ്ഠാനത്തിനുള്ള കല്‍പന തന്നെയാണ്. കായികാഭ്യാസികള്‍ മത്സരത്തിനു മുന്നോടിയായി  പരിശീലനത്തിലേര്‍പ്പെടാറുണ്ട്. യുദ്ധരംഗത്തേക്കു മുന്നേറുന്ന പടയാളികളും അവരുടേതായ രീതിയില്‍ കവാത്തുകള്‍ നടത്താറുണ്ട്. മുസ്‌ലിംകള്‍ ഇതിനേക്കാള്‍ വലിയ മത്സരത്തിലേര്‍പ്പെടേണ്ടവരാണ്. ഇതിനേക്കാള്‍ കഠിനമായ സമരം ചെയ്യേണ്ടവരാണ്. അതിനാല്‍ അവര്‍ തീര്‍ച്ചയായും പരിശീലനം നടത്തേണ്ടതില്ലേ? ദൈവം അത് കല്‍പ്പിക്കുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ വിശേഷിച്ചും? 

അങ്ങനെയെങ്കില്‍ പരിശീലന ഘട്ടമായും, നന്ദിപ്രകടനത്തിനുള്ള അവസരമായും റമദാന്‍ മാസം തെരഞ്ഞെടുക്കാന്‍ എന്താണ് കാരണം? പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത് ഈ മാസത്തിലാണ് എന്നത് തന്നെ. ഈ റമദാന്‍ മുഴുവന്‍ ആത്മാര്‍ഥമായി വ്രതമനുഷ്ഠിക്കാനും, അതിനനുസരിച്ച് ആരാധനാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും സാധിച്ചാല്‍ നമ്മുടെ ജീവിതത്തില്‍ അതൊരു പുത്തന്‍ ഉണര്‍വും ഉന്മേഷവും പ്രധാനം ചെയ്യും. നമ്മുടെ പ്രയാസങ്ങള്‍ക്ക് അതൊരു പരിഹാരമാകും. ദൈവദത്തമായ ഒരു നവചൈതന്യം നമ്മില്‍ പ്രകടമാകും. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

പുതിയ റമദാന്‍ ആസന്നമായ ഈ സന്ദര്‍ഭം വ്രതാനുഷ്ഠാനത്തിനു തയ്യാറാറെടുക്കാന്‍ വിനിയോഗിക്കണമെന്നും വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നു. പള്ളിമന്ദിരങ്ങള്‍ നിങ്ങള്‍ക്കായി തുറന്നുകിടപ്പുണ്ടാകും. രാവും പകലും നിങ്ങളവിടെ പോകണം. കഴിവതും നമസ്‌കാരം അതിന്റെ സമയത്ത് ജമാഅത്തായി നിര്‍വഹിക്കുക. പ്രാര്‍ഥനയുടെയും പശ്ചാത്താപത്തിന്റെയും നന്മയുടെയും മാസമായി റമദാനിനെ പരിവര്‍ത്തിപ്പിക്കുക. എങ്കില്‍ മരണത്തെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന, ആത്മവിശ്വാസത്തോടെ ദൈവത്തെ അഭിമുഖീകരിക്കുന്ന, ദൈവസംരക്ഷണം ഉറപ്പുവരുത്താവുന്ന സജ്ജനങ്ങളുടെ കൂട്ടത്തിലേക്ക് നമുക്കും കടന്ന് നില്‍ക്കാം. 

വിവ: കെ.പി.ഒ. റഹ്മത്തുല്ല

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍