Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

ഖാസിയൂന്‍ ശ്മശാനങ്ങള്‍

ഇബ്‌നു ബത്വൂത്വ /ചരിത്രം-6

          ഖുര്‍ആന്‍ പാരായണവും പ്രവാചകന് വേണ്ടിയുള്ള അനുഗ്രഹ പ്രാര്‍ഥനകളും ഒഴിഞ്ഞ നേരം വളരെ വിരളമാണെന്നതാണ് ഉമവി മസ്ജിദിന്റെ ഒരു ശ്രേഷ്ഠത. എല്ലാ ദിവസവും പ്രഭാത പ്രാര്‍ഥനക്ക് ശേഷം ഈ പള്ളിയില്‍ ആളുകള്‍ ഒത്തുകൂടി ഫാതിഹ ഓതുന്നു. സായാഹ്ന പ്രാര്‍ഥനാനന്തരവും ആളുകള്‍ ഇവിടെ സമ്മേളിച്ച് 'കൗസരിയ്യ' എന്ന പേരിലറിയപ്പെടുന്ന പാരായണത്തില്‍ വ്യാപൃതരാകുന്നു. ഖുര്‍ആനിലെ അല്‍കൗസര്‍ മുതല്‍ അവസാന അധ്യായം വരെയുള്ള പാരായണമാണ് കൗസരിയ്യ. ഇങ്ങനെ പാരായണത്തിനെത്തുന്നവര്‍ക്ക് വേതനമുണ്ട്. അറുനൂറ് പേരാണവര്‍. അതില്‍ സന്നിഹിതരാകാത്ത ആരെങ്കിലുമുണ്ടെങ്കില്‍ ഒരു ഗുമസ്തന്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങി അയാളുടെ പേര് കുറിച്ചെടുക്കും. വേതനം നല്‍കപ്പെടുമ്പോള്‍ ഹാജരില്ലാത്ത കണക്ക് പ്രകാരം അയാളുടെ വിഹിതം കുറയ്ക്കും.

പള്ളിയില്‍ നിന്ന് പുറത്തുപോകാതെ ചുറ്റിപ്പറ്റി നില്‍ക്കുന്ന വലിയൊരു സംഘമുണ്ട്. നമസ്‌കാരത്തിനും പാരായണത്തിനും ദൈവനാമ ജപങ്ങള്‍ക്കും അവര്‍ മുന്‍പന്തിയിലുണ്ടാകും. മടുപ്പും ക്ഷീണവുമില്ലാതെ അവര്‍ സദാ അതില്‍ വ്യാപൃതരായിരിക്കും. മുന്‍ചൊന്ന കിഴക്കന്‍ മഠത്തിനകത്തെ ശുചീകരണ സ്ഥലത്ത് നിന്ന് അവര്‍ വുദൂ(നമസ്‌കാരത്തിനുള്ള അംഗശുദ്ധി) ചെയ്യുന്നു. നാട്ടുകാര്‍ ഇവര്‍ക്ക് ആവശ്യപ്പെടാതെ തന്നെ ഭക്ഷണവും വസ്ത്രവും നല്‍കുന്നു. നാലു കവാടങ്ങളുണ്ട് ഈ പള്ളിക്ക്. 'ബാബുസ്സിയാദ' എന്നറിയപ്പെടുന്ന മുന്‍വശത്തെ കവാടമാണ് ഒന്ന്. അതിന്റെ മുകളില്‍ ഖാലിദ്ബ്‌നുല്‍ വലീദിന്റെ പതാക കെട്ടിയ ഒരു കുന്തം കാണാം. ഈ കവാടത്തിന് വിശാലമായൊരു ഇടനാഴിയുണ്ട്. അവിടെ സ്‌ക്രാപ് കടകള്‍ സ്ഥിതിചെയ്യുന്നു. അതിലൂടെയാണ് 'ദാറുല്‍ ഖൈലി'ലേക്ക് പോവുക. പുറത്ത് ഇടത് വശത്താണ് 'സുമാത്തുസ്വഫാറീന്‍'. പള്ളിയുടെ മുന്‍വശത്തെ ഭിത്തിക്കൊപ്പം നീണ്ടുകിടക്കുന്ന വലിയൊരു ചന്തയാണിത്. ദമസ്‌കസിലെ ഏറ്റവും മനോഹരമായ അങ്ങാടികളിലൊന്ന്. മുആവിയയുടെയും പരിവാരങ്ങളുടെയും വസതികള്‍ ഇവിടെയായിരുന്നു. 'അല്‍ഖദ്‌റാഅ്' എന്നായിരുന്നു അതിന്റെ പേര്. അബ്ബാസികള്‍ അവ തകര്‍ത്ത് അങ്ങാടിയാക്കി.

കിഴക്കാണ് മറ്റൊരു കവാടം. പള്ളിയുടെ ഏറ്റവും വലിയ കവാടമാണിത്. ജൈറൂന്‍ കവാടമെന്നാണ് ഇതിന്റെ പേര്. അതിനുമുണ്ട് വലിയൊരു ഇടനാഴി. അതിലൂടെ നീണ്ട ഒരു അങ്കണത്തിലെത്തും. അങ്കണത്തിന് അഞ്ച് കവാടങ്ങളും ആറ് സ്തംഭങ്ങളുമുണ്ട്. ഇടതുവശത്ത് ഒരു കാഴ്ച സ്ഥലം കാണാം. അവിടെയാണ് പ്രവാചക പൗത്രന്‍ ഹുസൈന്റെ തലയറുത്ത് വെച്ചിരുന്നത്. അതിന്റെ എതിര്‍വശത്ത് ചെറിയൊരു പള്ളി സ്ഥിതി ചെയ്യുന്നു. ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. അതിലൂടെ ഒരു വെള്ളച്ചാല്‍ ഒഴുകുന്നു. അങ്കണത്തിന് മുന്നില്‍ ഇടനാഴിയിലേക്കിറങ്ങുന്ന ചവിട്ടുപടികള്‍ സംവിധാനിച്ചിരിക്കുന്നു. ഉയരമുള്ള ഒരു ജനവാതിലുമായി ബന്ധിച്ച ഗംഭീരന്‍ കിടങ്ങു പോലുണ്ടത്. അടിയില്‍ മരത്തടികള്‍ പോലുള്ള സ്തൂപങ്ങള്‍ കാണാം. ഈ ഇടനാഴിയുടെ ഇരു പാര്‍ശ്വങ്ങളിലുമായുള്ള തൂണുകള്‍ക്ക് മുകളില്‍ വൃത്താകൃതിയില്‍ റോഡുകള്‍ നിര്‍മിച്ചിരിക്കുന്നു. തുണിക്കടകളും മറ്റുമാണവിടെ. നീളത്തിലുള്ള റോഡുകളുമുണ്ട്. ആഭരണക്കടകളും പുസ്തകക്കടകളും അവിടെയാണ്. കൗതുകകരമായ സ്ഫടിക പാത്ര നിര്‍മാതാക്കളെയും അവിടെ കാണാം. കോടതികളുമായി ബന്ധപ്പെട്ട സാക്ഷികളുടെ ഓഫീസുകള്‍ ഒന്നാം കവാടത്തിനനുബന്ധമായുള്ള അങ്കണത്തില്‍ സ്ഥിതി ചെയ്യുന്നു. ശാഫിഈ നിയമസരണിയടക്കം എല്ലാ നിയമസരണികളുമായി ബന്ധപ്പെട്ട നീതിമാന്മാരായ സാക്ഷികള്‍ ഇവിടെ ലഭ്യമാണ്. ജഡ്ജിയാല്‍ നിയമിതനായ വിവാഹ കാര്‍മികനും ഇവിടെ തന്നെ. പട്ടണത്തില്‍ പല ഭാഗങ്ങളിലാണ് എല്ലാ സാക്ഷികളും. ഈ കടകളുടെ സമീപമാണ് കടലാസ് വിപണി. അവിടെ കടലാസും പേനകളും മഷിയും വില്‍പനക്ക് വെച്ചിരിക്കുന്നു.

മുന്‍ചൊന്ന ഇടനാഴിയില്‍ വൃത്താകൃതിയിലുള്ള ഒരു വലിയ മാര്‍ബിള്‍ ജലസംഭരണിയുണ്ട്. അതില്‍ മാര്‍ബിള്‍ തൂണുകള്‍ വഹിക്കുന്ന മേല്‍പുരയില്ലാത്ത മകുടം കാണാം. ജലസംഭരണിയുടെ മധ്യത്തില്‍ ഒരു ചെമ്പ് പൈപ്പ് ഉയരത്തില്‍ വെള്ളം ചീറ്റിക്കൊണ്ടിരിക്കുന്നു. ഒരാളുയരത്തില്‍ വെള്ളം ചീറ്റുന്ന ഈ പൈപ്പിനെ 'ഫവ്വാറ' (ജലാധാര) എന്നാണ് വിളിക്കുന്നത്. അതൊരു കൗതുകമുള്ള കാഴ്ചയാണ്.

ജൈറൂന്‍ കവാടത്തിന് പുറത്ത് വലത് വശത്തായി ഘടികാര കവാടം സ്ഥിതി ചെയ്യുന്നു. വലിയൊരു കമാനാകൃതിയിലുള്ള മുറിയാണിത്. അതില്‍ പകല്‍ മണിക്കൂറുകളുടെ എണ്ണത്തിനനുസരിച്ച് കവാടങ്ങളുള്ള തുറന്ന് കിടക്കുന്ന കുറെ കൊച്ചു വലയങ്ങളുണ്ട്. കവാടങ്ങളിലൂടെ അകം പച്ച നിറവും പുറം മഞ്ഞ നിറവുമാണ്. പകല്‍ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ പച്ച നിറമുള്ള അകം പുറത്തേക്കും മഞ്ഞ നിറമുള്ള പുറം അകത്തേക്കും പോകുന്നു. മുറിക്കകത്ത് മണിക്കൂറുകളുടെ ഗതിക്കനുസരിച്ച് കൈകൊണ്ട് അത് തിരിക്കുന്ന ഒരാളുണ്ടെന്നാണ് പറയപ്പെടുന്നത്. പടിഞ്ഞാറന്‍ കവാടം അറിയപ്പെടുന്നത് തപാല്‍ കവാടം എന്നാണ്. അതിന്റെ പുറത്ത് വലത് വശത്താണ് ശാഫിഈ പാഠശാല. അതിനുമുണ്ട് ഒരു ഇടനാഴി. അവിടെ മെഴുക് നിര്‍മാതാക്കളുടെയും പഴത്തട്ടുകളുടെയും കടകള്‍ സ്ഥിതി ചെയ്യുന്നു. അതിനു മുകളിലായി ഒരു കവാടമുണ്ട്. അതില്‍ ഉയരത്തിലേക്ക് കയറിപ്പോകാന്‍ പാകത്തില്‍ ചവിട്ടുപടികളുള്ള തൂണുകളുണ്ട്. ചവിട്ടു പടികള്‍ക്ക് താഴെ ഇടത്തും വലത്തുമായി വൃത്താകൃതിയില്‍ രണ്ട് ജലം തേവികള്‍ കാണാം. പടിഞ്ഞാട്ട് ഉള്‍ഭാഗത്തുള്ള കവാടം 'നുത്വ്ഫാനികളുടെ കവാടം' എന്ന പേരില്‍ അറിയപ്പെടുന്നു. അതിനുമുണ്ട് ഒരു ഗംഭീരന്‍ ഇടനാഴി. അതിന്റെ പുറത്ത് വലത് വശത്തായി 'ശമീആനിയ്യ' എന്നറിയപ്പെടുന്ന ഒരു ഖാന്‍ഖാഹ് (സൂഫി മഠം) ഉണ്ട്. അതിന്റെ മധ്യേ ഒരു വെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നു. അതില്‍ വെള്ളം ഒഴുകുന്ന അംഗസ്‌നാന സ്ഥലങ്ങള്‍ കാണാം. ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ വീട് ഇവിടെയായിരുന്നുവത്രേ. പള്ളിയുടെ നാല് കവാടങ്ങളിലും വുദൂവിനുള്ള പുരകളുണ്ട്. സമൃദ്ധമായി നീരൊഴുകുന്ന ഇത്തരം ജലഗേഹങ്ങള്‍ നൂറോളം വരും.

 

ഖാസിയൂന്‍ ശ്മശാനങ്ങള്‍

ദമസ്‌കസിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന പര്‍വതമാണ് ഖാസിയൂന്‍. അതിന്റെ താഴ്‌വരയിലാണ് പുണ്യത്തിന് പേര് കേട്ട 'സ്വാലിഹിയ്യ.' കാരണം പ്രവാചകന്മാരുടെ ആരോഹണ സ്ഥലമാണിത്. അവിടത്തെ ശ്രേഷ്ഠ കാഴ്ചസ്ഥലങ്ങളിലൊന്നാണ് ഇബ്‌റാഹീം നബി ജനിച്ച ഗുഹ. നീണ്ടിടുങ്ങിയ ഈ ഗുഹക്ക് മുകളില്‍ വലിയൊരു പള്ളിയുണ്ട്. ഉയരമുള്ളൊരു മഠം അവിടെ കാണാം. ഈ ഗുഹയില്‍ നിന്നാണ്, ഖുര്‍ആനില്‍ പരാമൃഷ്ടമായ പോലെ, ഇബ്‌റാഹീം നബി സൂര്യ ചന്ദ്ര നക്ഷത്രാദികളെ നോക്കിയത്.1 ഗുഹക്ക് മുകളില്‍ അദ്ദേഹം നിന്ന സ്ഥലമുണ്ട്. ഇറാഖില്‍ ഹല്ലയ്ക്കും ബഗ്ദാദിനുമിടയില്‍ ബുര്‍സ്വ് എന്ന പേരിലറിയപ്പെടുന്ന ഒരു ഗ്രാമം ഞാന്‍ കാണുകയുണ്ടായി. ദുല്‍കിഫ്ല്‍ പ്രവാചകന്റെ നാടിന്നടുത്ത ഇവിടെയാണ് ഇബ്‌റാഹീം നബിയുടെ ജന്മസ്ഥലമെന്നും പറയപ്പെടുന്നുണ്ട്. അവിടെ തന്നെയാണത്രേ അദ്ദേഹത്തിന്റെ ഖബ്‌റും. അതിന്റെ പടിഞ്ഞാറുള്ള കാഴ്ചസ്ഥലങ്ങളിലൊന്നാണ് രക്തഗുഹ. അതിന്റെ മുകളിലെ മലയില്‍ ആദാമിന്റെ പുത്രന്‍ ഹാബേലിന്റെ രക്തക്കറ ഒരു കല്ലില്‍ അല്ലാഹു ഇപ്പോഴും അടയാളമായി ബാക്കിവെച്ചിരിക്കുകയാണ്. ചുവന്ന നിറമാണ് ആ കല്ലിന്. അവന്റെ സഹോദരന്‍ അവിടെ വെച്ചാണ് അവനെ വധിച്ചത്. എന്നിട്ട് ഗുഹയിലേക്ക് ജഡം വലിച്ചിഴച്ചു. ആ ഗുഹയില്‍ വെച്ച് ഇബ്‌റാഹീം, മൂസ, ഈസാ, ലൂത്വ് എന്നീ പ്രവാചകന്മാരൊക്കെ നമസ്‌കരിച്ചതായി പറയപ്പെടുന്നു. കെട്ടുറപ്പോടെ നിര്‍മിച്ച ഒരു പള്ളി അതിന് മുകളിലുണ്ട്. ചവിട്ടുപടികളിലൂടെ അതിലേക്ക് കയറിച്ചെല്ലാം. അവിടെ താമസ സൗകര്യമുള്ള വീടുകള്‍ നിര്‍മിച്ചു വെച്ചിരിക്കുന്നു. എല്ലാ തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും അവ തുറന്നിടുന്നു. അന്ന് ഗുഹയില്‍ വിളക്കും മെഴുകുതിരികളും കൊളുത്തും. പര്‍വതത്തിന് മുകളില്‍ ആദമിന്റെ പേരിലും ഒരു പള്ളിയുണ്ട്. ഒരു എടുപ്പുണ്ടവിടെ. വിശപ്പിന്റെ ഗുഹ എന്നറിയപ്പെടുന്ന ഒരു ഗുഹ അതിന്റെ താഴെ സ്ഥിതി ചെയ്യുന്നു. എഴുപത് പ്രവാചകന്മാര്‍ അവിടെ അഭയം തേടുകയുണ്ടായത്രേ. ഒരു റൊട്ടി കൈയിലുണ്ടായിരുന്നത് സ്വയം തിന്നാതെ ഓരോരുത്തരും അപരന് കൈമാറി, ആരും തിന്നാതെ എല്ലാവരും വിശന്ന് മരിച്ചു എന്നാണ് പറയപ്പെടുന്നത്. രാപ്പകല്‍ വിളക്ക് കത്തിക്കൊണ്ടിരിക്കുന്ന ഒരു പള്ളിയുണ്ടിവിടെ. ഇവിടെയുള്ള എല്ലാ പള്ളികള്‍ക്കും ധാരാളം വഖ്ഫ് സ്വത്തുക്കളുണ്ട്. അതില്‍ നിന്നുള്ള വരുമാനമാണ് അവയുടെ പരിപാലനത്തിനാശ്രയം. ഫറാദീസ് കവാടത്തിനും ഖാസിയൂന്‍ പള്ളിക്കുമിടയില്‍ എഴുനൂറ് പ്രവാചകന്മാരുടെ ഖബ്‌റുകളുള്ളതായി പറയപ്പെടുന്നു. എഴുപതിനായിരം പ്രവാചകന്മാരാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പട്ടണത്തിന് പുറത്താണ് പുരാതനമായ ശ്മശാനം. പ്രവാചകന്മാരുടെയും പുണ്യ പുരുഷന്മാരുടെയും ശ്മശാനമാണിത്. അതിന്റെ അറ്റത്ത് പൂന്തോപ്പുകള്‍ക്കടുത്തായി ചെരിഞ്ഞൊരു ഭൂപ്രദേശം കാണാം. ജലസമൃദ്ധമാണവിടം. എഴുപതിനായിരം പ്രവാചകന്മാര്‍ അവിടെ മറമാടപ്പെട്ടതോടെ കൂടുതല്‍ ജഡങ്ങള്‍ മറമാടപ്പെടാതിരിക്കാന്‍ അവിടെ ജലം കെട്ടിനിന്നു എന്നാണ് ഐതിഹ്യം. (തുടരും) 

വിവ: വി.എ.കെ

കുറിപ്പുകള്‍

1. ''അപ്രകാരം നാം ഇബ്‌റാഹീമിന് ആകാശഭൂമികളുടെ ആധിപത്യ രഹസ്യം വെളിപ്പെടുത്തിക്കൊടുക്കുകയായി; അവന്‍ ദൃഢവിശ്വാസിയാകാന്‍ വേണ്ടി. രാവിരുണ്ടപ്പോള്‍ അവന്‍ നക്ഷത്രത്തെ കണ്ടു; ഇതാണ് എന്റെ നാഥന്‍ എന്ന് പറഞ്ഞു. അത് അസ്തമിച്ചപ്പോള്‍ അസ്തമിക്കുന്നവയെ എനിക്കിഷ്ടമില്ലെന്ന് പറഞ്ഞു. അങ്ങനെ ചന്ദ്രനുദിച്ചപ്പോള്‍ ഇതാണെന്റെ നാഥനെന്ന് അവന്‍ പറഞ്ഞു. അത് അസ്തമിച്ചപ്പോള്‍ അവന്‍ പറഞ്ഞു: എന്റെ നാഥന്‍ എന്നെ നേര്‍വഴിക്ക് നയിച്ചില്ലെങ്കില്‍ ഞാന്‍ വഴിപിഴച്ചവരില്‍ പെട്ടുപോയേനേ. സൂര്യന്‍ ഉദിച്ചുയര്‍ന്ന് കണ്ടപ്പോള്‍ ഇതാണെന്റെ നാഥന്‍ ഇതാണ് ഏറ്റവും വലുതെന്നവന്‍ പറഞ്ഞു. അതും അസ്തമിച്ചപ്പോള്‍ അവന്‍ പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ ദൈവത്തില്‍ പങ്കാളികളാക്കുന്നതില്‍ നിന്ന് ഞാന്‍ മുക്തനാണ്'' (അല്‍അന്‍ആം 75-78) എന്ന ഖുര്‍ആന്‍ സൂക്തങ്ങളാണ് ഉദ്ദേശ്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍