Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

ആത്മാവ് ശരീരത്തോട് പൊരുതി മുന്നേറുന്നതിന്റെ പേരാണ് നോമ്പ്

ഖാലിദ് മൂസ നദ്‌വി /കവര്‍സ്‌റ്റോറി

         ദൈവ കേന്ദ്രീകൃതമായ ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത്. പരലോക കേന്ദ്രീകൃതമായ ചിന്തയാണ് ഈ പ്രപഞ്ചത്തില്‍ നമ്മുടെ ജീവിത വീക്ഷണത്തെ രൂപപ്പെടുത്തുന്നത്. ദൈവചിന്തയും പരലോക ചിന്തയും മൈനസ് ചെയ്താല്‍ പിന്നെ അവശേഷിക്കുന്നത് ഭൗതികത മാത്രമാണ്. തിന്നുക, കുടിക്കുക, ഭോഗിക്കുക, വിനോദിക്കുക, വിശ്രമിക്കുക എന്നതില്‍ കവിഞ്ഞ് ഭൗതികതക്ക് ഒന്നും സംഭാവന ചെയ്യാനില്ല. ദൈവചിന്തയും പരലോക ചിന്തയും ഡിസൈന്‍ ചെയ്യുന്ന ജീവിതബോധത്തില്‍ ആത്മാവിന്റെ ആനന്ദമാണ് സര്‍വ പ്രധാനം. ആത്മാവിന്റെ ആനന്ദം ശരീരത്തിന്റെ ആനന്ദത്തില്‍ നിന്ന് ഏറെ ഭിന്നമാണ്.

വസ്ത്രത്തില്‍ അഴുക്ക് പുരളുമ്പോഴും ശരീരത്തില്‍ മുറിവു പറ്റുമ്പോഴും കീശക്ക് നഷ്ടം സംഭവിക്കുമ്പോഴും സാധാരണഗതിയില്‍ ശരീരം വേദനിക്കുകയാണ് പതിവ്. പക്ഷേ, അപകടത്തില്‍ ചെന്നുചാടാന്‍ പോവുന്ന ഒരു പൈതലിനെയോ, പടുവൃദ്ധനെയോ രക്ഷിക്കാന്‍ സ്വയം എടുത്തു ചാടുന്ന ഒരു വിശ്വാസിയുടെ ശരീരത്തില്‍ പുരളുന്ന ചേറ് അവന്റെ ആത്മാവിനെ ആനന്ദിപ്പിക്കും. അപ്പോള്‍ അവന്റെ ശരീരത്തിനേല്‍ക്കുന്ന മുറിവ് വിശ്വാസിയുടെ ഉള്ളില്‍ ആവേശം പടര്‍ത്തും.

തന്റെ സ്വാര്‍ഥത്തിനെതിരെ സ്വയം സമര്‍പ്പിതനാവലാണ് യഥാര്‍ഥത്തില്‍ ആത്മീയ ജീവിതം. അത്തരമൊരു ആത്മീയ ജീവിതത്തിനു വേണ്ടിയുള്ള തയാറെടുപ്പിനെയാണ് നാം നോമ്പ് എന്ന് വിളിക്കുന്നത്.

നോമ്പ് അടിസ്ഥാനപരമായി കീഴ്‌പ്പെടലാണ്. ദൈവത്തിനു മുമ്പിലുള്ള സമ്പൂര്‍ണമായ കീഴ്‌പ്പെടല്‍. കീഴ്‌പ്പെടാന്‍ മനുഷ്യന്‍ യഥാര്‍ഥത്തില്‍ സന്നദ്ധനല്ല.  കാരണം തലയുയര്‍ത്തി നടക്കുന്ന അഭിമാനിയാണ് മനുഷ്യന്‍. അതിനാല്‍ തന്നെ മറ്റൊരാള്‍ തിന്നരുത്, കുടിക്കരുത്, ഭോഗിക്കരുത്, കളവ് പറയരുത്, അവിഹിതം സമ്പാദിക്കരുത്, അവിഹിത വേഴ്ച നടത്തരുത് എന്നു പറഞ്ഞാല്‍ സ്വാതന്ത്ര്യബോധമുള്ള മനുഷ്യന്‍ സമ്മതിക്കില്ല. പക്ഷേ, മനുഷ്യനോട് അതൊക്കെ പറയാന്‍ ദൈവത്തിന് അധികാരമുണ്ടെന്നതാണ് ശരി. ദൈവത്തിനേ അധികാരമുള്ളൂവെന്നതാണ് ഏറ്റവും വലിയ ശരി. ഈ ശരിയുടെ സാക്ഷ്യമാണ് യഥാര്‍ഥത്തില്‍ നോമ്പ്.

നോമ്പ് എന്നു പറഞ്ഞാല്‍ കുടിയും തീറ്റയും ഉപേക്ഷിക്കലാണോ? അല്ല; തീറ്റയും കുടിയും അല്ലാഹുവിന് വിധേയപ്പെടുത്തലാണത്. പകലില്‍ തിന്നാതിരുന്നാല്‍ മാത്രം നോമ്പ് ആവുകയില്ല. രാത്രി തിന്നാന്‍ സന്നദ്ധമാവുകയും വേണം. അഥവാ ഭൗതിക മോഹങ്ങളെയും ഭോഗചിന്തകളെയും ദൈവത്തിന് വിധേയപ്പെടുത്തുന്നതിന്റെ പേരാണ് നോമ്പ്.

'ഭൗതികത' ഇന്നത്തെ ഏറ്റവും വലിയ വിഗ്രഹമാണ്. മനുഷ്യന്‍ വഴങ്ങി വണങ്ങി വിധേയപ്പെടുന്ന ഭൗതികതയേക്കാള്‍, അവന്റെ ദേഹേഛയെക്കാള്‍ വലിയൊരു വിഗ്രഹം ഇന്നു വേറെയില്ല. യഥാര്‍ഥത്തില്‍ ദൈവവും പരലോകവും ഇല്ലാത്ത മതമാണ് ഭൗതികത. അതിനെ തന്നെയാണ് നാം മുതലാളിത്തമെന്നും ഉപഭോഗ സംസ്‌കാരമെന്നും കോര്‍പറേറ്റ് നാഗരികതയെന്നും വിളിക്കുന്നത്. ലാഭവും സുഖവും ശരീരത്തിന്റെ വിനോദവും ലൈംഗിക ആനന്ദവും മാത്രമാണതിന്റെ അനുഷ്ഠാന മുറകള്‍.

പ്രസ്തുത വിഗ്രഹത്തെ തകര്‍ക്കാതെ ആത്മീയ കേന്ദ്രീകൃതമായ ഒരു ബദല്‍ ജീവിതം രൂപപ്പെടുത്തുക സാധ്യമേയല്ല. അവിടെയാണ് നോമ്പ് ഒരു വിപ്ലവ പ്രവര്‍ത്തനമായി മാറുന്നത്. ആത്മാവ് ശരീരത്തോട് പൊരുതി മുന്നേറുന്നതിന്റെ പേരാണ് നോമ്പ്. ഭൗതിക വിഗ്രഹത്തെ ബഹിഷ്‌കരിച്ച് ദൈവത്തിന്റെ പരമാധികാരത്തിന് വിധേയപ്പെടലാണ് നോമ്പ്. ദൈവ മാര്‍ഗത്തിലെ ശരീര വേദനകളെ ആനന്ദമാക്കി മാറ്റലാണ് നോമ്പ്. നോമ്പുകാരന്‍ നിശ്ചിത സമയം വിശപ്പ് അനുഭവിക്കുക തന്നെ വേണം. ഭക്ഷണം ഉപേക്ഷിക്കുക തന്നെ വേണം. വിശപ്പ് അനുഭവിക്കുക വഴി, ഭക്ഷണം ഉപേക്ഷിക്കുക വഴി നോമ്പുകാരന്‍ പറയുന്നത് ഭക്ഷണം ശരീരത്താല്‍ നിയന്ത്രിക്കപ്പെടേണ്ടതല്ല, ദൈവത്താല്‍ നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നാകുന്നു. ഭക്ഷണത്തിന്റെ ഉടമ അല്ലാഹു ആകുന്നു. ഏത് ഭക്ഷണം കഴിക്കണം എന്നു പറയേണ്ടതും അല്ലാഹു ആകുന്നു. എപ്പോള്‍ കഴിക്കണം എന്നു തീരുമാനിക്കേണ്ടതും അല്ലാഹു ആകുന്നു. എപ്പോള്‍  'കഴിക്കരുത്' എന്ന് ഉത്തരവിടേണ്ടതും അല്ലാഹു തന്നെ.

ഭൗതികതയുടെ വിഗ്രഹത്തിന് വിധേയനാണ് മനുഷ്യനെങ്കില്‍ എല്ലാം ശരീരമാണ് തീരുമാനിക്കുക. അമിത ഭക്ഷണം, ലഹരി ഭക്ഷണം, മലിന ഭക്ഷണം എല്ലാം ആ വിഗ്രഹ വിധേയത്വത്തില്‍ 'ഹലാല്‍' ആയി മാറുന്നത് നമുക്ക് കാണാവുന്നതാണ്. അപ്പോള്‍ നോമ്പ് തൗഹീദിന്റെ അനുഷ്ഠാനമാണ്. ദൈവിക പരമാധികാരത്തിനു വിധേയനാകാനുള്ള മനുഷ്യാത്മാവിന്റെ സന്നദ്ധതയുടെ പ്രതീകാത്മക ആവിഷ്‌കാരമാണത്.

അതുകൊണ്ട് കേവലം പട്ടിണി ഒരിക്കലും നോമ്പ് ആവുകയില്ല. നിയ്യത്ത് വളരെ പ്രധാനമാണ്. നിയ്യത്തെന്നാല്‍ ലക്ഷ്യബോധമാണ്. ലക്ഷ്യബോധത്തോടെ ഭക്ഷ്യതിരസ്‌കാരത്തിന് നോമ്പുകാരന്‍ ബോധപൂര്‍വം തുടക്കം കുറിക്കണം. ഭക്ഷണവും ഭോഗവും തിരസ്‌കരിക്കുന്നത് കൊണ്ട് മാത്രം നോമ്പ് പൂര്‍ണമാകില്ല. ഭക്ഷണവും ഭോഗവും തിരസ്‌കരിക്കുന്നത് ഏറ്റവും വലിയ തിരസ്‌കാരം തന്നെയാണ്. മറ്റെന്തും ദൈവത്തെ മുന്‍നിര്‍ത്തി തിരസ്‌കരിക്കാന്‍ തനിക്ക് കഴിയും എന്ന വിശ്വാസിയുടെ ധീരമായ പ്രഖ്യാപനം കൂടിയാണത്. കളവും വഞ്ചനയും കൈക്കൂലിയും അഴിമതിയും ധൂര്‍ത്തും ദുര്‍വ്യയവും ആഡംബരവും പണപൂജയും... ഇങ്ങനെ ധര്‍മവിരുദ്ധമായതെല്ലാം തിരസ്‌കരിക്കലാണ് വ്രതപൂര്‍ണത എന്ന ബോധം നോമ്പുകാരനെ സ്വാധീനിക്കല്‍ ഏറെ പ്രധാനമാണ്.

ദാനധര്‍മങ്ങളാണ് നോമ്പുകാരന്റെ പ്രധാനപ്പെട്ട മറ്റൊരു ശീലം. നോമ്പു തുറപ്പിച്ചും അത്താഴം കഴിപ്പിച്ചും സ്വദഖകള്‍ നല്‍കിയും നോമ്പുകാരന്‍ തന്റെ സ്വത്ത് വകകളിലുള്ള തന്റെ അധികാരത്തെ നിരാകരിക്കുകയാണ്. 'ചോദിച്ചുവരുന്നര്‍ക്കെല്ലാം ജീവിതമാര്‍ഗം തടയപ്പെട്ടവര്‍ക്കുമെല്ലാം നിന്റെ സ്വത്തില്‍ അധികാരമുണ്ടെന്ന' ദൈവികാഹ്വാനം എത്ര വിനയാന്വിതനായാണ് നോമ്പുകാരന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്!

ഒന്നാലോചിച്ചു നോക്കൂ! ഭൗതികവാദം കെട്ടിപ്പടുത്തിരിക്കുന്നത് തന്നെ ധനമോഹത്തിന്റെ പുറത്താണ്. ലാഭത്തില്‍ കവിഞ്ഞ എന്തു ലക്ഷ്യമാണ് ഭൗതികവാദത്തിനുള്ളത്? 'ചാരിറ്റി'യെന്നത് വിഡ്ഢിത്തമാണെന്ന് പ്രചരിപ്പിക്കുന്ന ഭൗതികവാദികള്‍ക്കിടയില്‍ ദാനധര്‍മം വിപ്ലവകരമായ ഒരു ജീവിതം തന്നെയാണ്. 'ജീവകാരുണ്യമെന്ന' സമകാലിക രാഷ്ട്രീയ ധര്‍മത്തിന്റെ വക്താവാണ് യഥാര്‍ഥത്തില്‍ വ്രതനിഷ്ഠയുള്ള വിശ്വാസി.

പണം എനിക്ക് പുല്ലാണെന്ന ബോധം മനുഷ്യനെ നയിക്കുമ്പോഴേ വിപ്ലവകാരി ജന്മമെടുക്കുകയുള്ളൂ. പുല്ലിനെ കുറിച്ച മുഹമ്മദ് നബിയുടെ പ്രസ്താവം 'അതില്‍ മനുഷ്യര്‍ സമാവകാശികള്‍' ആണെന്നാണ്. തന്റെ എല്ലാ സ്വത്തിനെയും ഒരു വിശ്വാസി അങ്ങനെ കാണലാണ് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ആത്മീയ മാര്‍ഗം എന്നതില്‍ സംശയമില്ല.

സമ്പൂര്‍ണ നിയന്ത്രണമാണ് നോമ്പ്. ഭൗതിക ജീവിതത്തിന്റെ നിഷേധമല്ലത്. ആത്മീയ അതിവാദം ഭൗതികജീവിതത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഭൗതികവാദം ഭൗതികജീവിതത്തെ കടിഞ്ഞാണില്ലാത്ത കുതിരയെപോലെ പായാന്‍ വിടുകയാണ് ചെയ്യുന്നത്. ഇവിടെ ഭൗതിക ജീവിതത്തിന് ആത്മീയബോധത്തിന്റെ ചട്ടക്കൂട് നല്‍കുകയെന്നതാണ് ഇസ്‌ലാമിക ധര്‍മം. ആ ധര്‍മ നിര്‍വഹണ പാതയിലെ തീവ്ര പരിശീലനമാണ് നോമ്പ്.

ഭൗതികജീവിതത്തിന് ആത്മീയതയുടെ ചട്ടക്കൂടാണ് ദൈവസ്മരണ. ദൈവവിസ്മൃതിയില്‍ ആ ചട്ടക്കൂട് തന്നെ മാഞ്ഞുപോകും. 'ദൈവസ്തുതി' വലിയ കാര്യമാണെന്ന് അല്ലാഹു പറഞ്ഞത് അതുകൊണ്ടാണ്. ദൈവസ്മൃതി പ്രയോഗത്തില്‍ അക്ഷരങ്ങളും വാക്കുകളും തന്നെയാണ്, അമൂര്‍ത്ത സങ്കല്‍പമല്ലത്. സുബ്ഹാനല്ലാഹ്, അല്‍ ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നൊക്കെ പറയുമ്പോഴാണ് 'ദിക്ര്‍' ജന്മം കൊള്ളുന്നത്. പക്ഷേ, അവയൊന്നും മൃതാക്ഷരങ്ങളല്ല; അധര വ്യായാമങ്ങളുമല്ല. അര്‍ഥഗര്‍ഭമായ ആശയ പ്രഖ്യാപനങ്ങളാണ്. ജീവിത സംസ്‌കാരത്തെ നിര്‍ണയിക്കുന്ന മുദ്രാവാക്യങ്ങളാണ്.

'അല്ലാഹു പരിശുദ്ധന്‍' എന്ന ഉരുവിടല്‍ പരിശുദ്ധിയെ ജീവിത സംസ്‌കാരമാക്കി മാറ്റാനുള്ള തയാറെടുപ്പാണ്. ലഹരി, ലൈംഗികത, അമിത വിനോദം, പാര്‍ട്ടി, ക്ലബ്ബ് തുടങ്ങി ജീവിതത്തിന്റെ മാലിന്യം നിറഞ്ഞ ഊടുവഴികളോടുള്ള സമര പ്രഖ്യാപനമാണ് 'സുബ്ഹാനല്ലാഹ്' എന്ന മന്ത്രം. 'അല്ലാഹുവിന് മാത്രം സ്തുതി' എന്ന് പറയുന്ന മനുഷ്യന്‍ മുഴുവന്‍ വ്യാജങ്ങളെയും തിരിച്ചറിയുകയാണ് ചെയ്യുന്നത്. വിശ്വാസിയുടെ സ്തുതിവാക്കുകളും കീര്‍ത്തന മന്ത്രങ്ങളും തട്ടിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ആള്‍ദൈവങ്ങളെയും പുരോഹിതപ്പരിശകളെയും ശൈഖ്-ബീവി, സിദ്ധ ജന്മങ്ങളെയും തിരിച്ചറിഞ്ഞ് ദൂരെയെറിയാന്‍ ശേഷിയുള്ളവന്റെ നാക്കില്‍ നിന്ന് പുറപ്പെടുന്ന 'അല്‍ഹംദുലില്ലാഹ്'ക്ക് മാത്രമേ അര്‍ഥധ്വനിയുള്ളൂ.

സ്വയം ചെറുതാവാനുള്ള ആത്മബലമാണ് 'അല്ലാഹു അക്ബര്‍' എന്ന ദിക്ര്‍. ധിക്കാരത്തിന്റെ പൈശാചിക ദുര്‍ഗങ്ങളെ അകത്ത് നിന്ന് അടര്‍ത്തിയെടുത്ത് പുറത്തുകളയുന്ന ആത്മീയ വിപ്ലവ ഗര്‍ജനമാണ് അല്ലാഹു അക്ബര്‍ എന്ന ദിക്ര്‍. നോമ്പുകാരന്‍ സദാ ദിക്‌റില്‍ ആയിരിക്കണം. ദിക്‌റിനാല്‍ അവന്റെ നാവ് ചലിച്ചുകൊണ്ടേയിരിക്കണം. ദിക്‌റിനാല്‍ അവന്റെ ചുണ്ട് നനഞ്ഞുകൊണ്ടേയിരിക്കണം.

ദിക്ര്‍ ധാരാളമായി നിര്‍വഹിക്കാനുള്ള നോമ്പുകാരന്റെ സുവര്‍ണാവസരമാണ് 'ഖിയാമുറദമാന്‍.' ദീര്‍ഘമായി നിന്നും ദീര്‍ഘമായി കുനിഞ്ഞും ദീര്‍ഘമായി സുജൂദില്‍ വീണും ദിക്‌റിന്റെ മാസ്മരിക ലോകത്ത് ലയിച്ചുചേരാനുള്ള അസുലഭ വേളയാണ് ഖിയാമു റമദാന്‍.

'ഖിയാമുറമദാനി'നെ ചെറുതായി കാണുന്നവന്റെ നോമ്പിന് ഒരു ഭംഗിയും ഇല്ല. അലങ്കാരങ്ങളും ചമയങ്ങളും ഇല്ലാതെ അതിഥിയെ സ്വീകരിക്കുന്ന അരസികന്റെ നിലപാടാണ് ഖിയാമുറമദാനിനെ അവഗണിക്കുന്ന നോമ്പുകാരന്റേത്. ഖിയാമുറമദാന്‍ പ്രദാനം ചെയ്യുന്ന കാലുകടച്ചിലില്‍ ആത്മീയതയുടെ ഹരം കണ്ടെത്തിയാലേ നോമ്പ് അര്‍ഥപൂര്‍ണമാവുകയുള്ളൂ. നമ്മുടെ നോമ്പ് വളരണം. ഭക്ഷ്യതിരസ്‌കാരത്തില്‍ നിന്ന് എല്ലാ അരുതായ്മകളുടെയും തിരസ്‌കാരത്തിലേക്ക്. ഉറക്കമൊഴിക്കലില്‍ നിന്ന് ദൈവിക ദീനിന്റെ മയക്കം ബാധിക്കാത്ത കാവല്‍ ഡ്യൂട്ടിയിലേക്ക്. സ്വദഖ, ഹദിയ്യകളില്‍ നിന്ന് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സഹായകമാവുന്ന ധന ത്യാഗത്തിലേക്ക്. കേവല ദിക്‌റുകളില്‍ നിന്ന് ലോകത്തെ മാറ്റിപ്പണിയാനുള്ള മുദ്രാവാക്യങ്ങളിലേക്ക്. ഖിയാമുറമദാനില്‍ നിന്ന് സമ്പൂര്‍ണ ദൈവസ്‌നേഹത്തിന്റെ ആത്മീയ നിര്‍വാണത്തിലേക്ക്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍