ഉപവസിക്കുന്നതിലൂടെ നേടുന്നത്
ഉപവാസത്തിന്റെ സുന്ദരനിമിഷങ്ങളാണ് സമാഗതമാവുന്നത്. ഉപവാസത്തിന് മനുഷ്യജീവിതത്തില്‍ വലിയ സ്വാധീനമുണ്ട്. ഉപവാസത്തിലൂടെ ആത്മീയവും ധൈഷണികവുമായ വികാസം ഉണ്ടാവുമെന്ന് വിശ്വസിച്ചുപോരുന്നു. രൂപത്തിലും ഫലത്തിലും വ്യത്യസ്തത പുലര്‍ത്തുന്നുവെങ്കിലും ഓരോ മതസമൂഹവും ഉപവാസത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്. മതഗ്രന്ഥങ്ങളിലാവട്ടെ വ്രതസംബന്ധിയായ അധ്യാപനങ്ങള്‍ കാണാം. ബൈബിള്‍ പറയുന്നു: ''നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപോലെ വിഷാദം നടിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് മനുഷ്യരെ ധരിപ്പിക്കാന്‍ അവര്‍ മുഖം വിരൂപമാക്കുന്നു'' (മത്തായി 6:16). ധര്‍മപദത്തില്‍ ശ്രീബുദ്ധന്‍ ഉണര്‍ത്തുന്നു: ''കര്‍മത്തെ മനസ്സിരുത്താതെ ചെയ്യുന്നവനും വ്രതത്തെ വീഴ്ചവരുത്തുന്നവനും ബ്രഹ്മചര്യക്ക് കളങ്കം വരുത്തുന്നവനും യഥേഷ്ട ഫലത്തെ ലഭിക്കുകയില്ല.'' സമീപത്തു വര്‍ത്തിക്കല്‍ എന്നാണ് ഉപവാസത്തിന്റെ അര്‍ഥം. ഒരു വ്യക്തി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ദൈവത്തിന്റെ സമീപത്തു നിലകൊള്ളുകയാണ് ചെയ്യുന്നത്. സ്വത്വത്തെ ദൈവത്തിന്റെ സന്നിധാനത്തില്‍ സമര്‍പ്പിക്കാന്‍ കഴിയുന്നതുകൊണ്ടായിരിക്കാം മനുഷ്യന്‍ ഉപവാസം ജീവിതചര്യയാക്കി പോരുന്നത്.
മുന്‍ മതങ്ങളുടെ തുടര്‍ച്ചയാണ് ഇസ്‌ലാമികദര്‍ശനം. വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ ഉപവാസത്തെ സംബന്ധിച്ച് അത് സംസാരിക്കുന്നുണ്ട്. വിശ്വാസികള്‍ക്ക് ഉപവാസം നിര്‍ബന്ധമാണെന്ന് വിശുദ്ധവേദം പറയുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നപോലെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍'' (അല്‍ബഖറ 183). ഇസ്‌ലാമികദര്‍ശനത്തിന്റെ നെടുംതൂണായിട്ടാണ് തിരുചര്യ ഉപവാസത്തെ പരിചയപ്പെടുത്തുന്നത്: ''ഇസ്‌ലാം അഞ്ച് കാര്യങ്ങളില്‍ സ്ഥാപിതമാണ്. ദൈവമല്ലാതെ മറ്റൊരു ഇലാഹുമില്ലയെന്നും മുഹമ്മദ് ദൈവത്തിന്റെ ദൂതനാണെന്നുമുള്ള സത്യസാക്ഷ്യം, നമസ്‌കാരം നിലനിര്‍ത്തല്‍, സകാത്ത് നല്‍കല്‍, ഹജ്ജ് നിര്‍വഹിക്കല്‍, റമദാന്‍ മാസത്തിലെ ഉപവാസം എന്നിവയാണവ'' (ബുഖാരി).
ഇസ്‌ലാമികദര്‍ശനത്തിലെ ഏതൊരു ആരാധനക്കും ആത്യന്തികമായി ഒരു ലക്ഷ്യം ഉണ്ടായിരിക്കും. പ്രസ്തുത ആരാധന വഴി ദൈവം ഉദ്ദേശിച്ച അനേകം യുക്തികളും ഉണ്ടായിരിക്കും. ചില യുക്തികള്‍ മനുഷ്യന് മനസ്സിലാവും. ചിലത് മനസ്സിലാവില്ല. ആത്യന്തികമായി എല്ലാറ്റിന്റെയും പൊരുളുകള്‍ അറിയുന്നവന്‍ ദൈവം മാത്രമാണ്. ആരാധനകളുടെ ലക്ഷ്യത്തിന് വലിയ പ്രാധാന്യമുണ്ട്. എങ്കിലും ലക്ഷ്യത്തിന് മുന്നോടിയായി രണ്ട് കാര്യങ്ങള്‍ കൂടിയുണ്ട്. പ്രചോദനം(നിയ്യത്ത്), കര്‍മം (അമല്‍) എന്നിവ. പ്രചോദനം, കര്‍മം, ലക്ഷ്യം എന്നിവ അഭേദ്യമായി ബന്ധം പുലര്‍ത്തുന്ന മൂന്ന് ആശയങ്ങളാണ്. ഏതൊരു ആരാധനയുടെയും പ്രചോദനം നന്നായിരിക്കണം. കര്‍മത്തെയും ലക്ഷ്യത്തെയും വിശുദ്ധമാക്കുന്നതില്‍ പ്രചോദനത്തിന്റെ വിശുദ്ധിക്ക് വളരെ വലിയ പങ്കുണ്ട്. ദൈവത്തിന്റെ തൃപ്തിയാണ് എല്ലാ ആരാധനകളുടെയും പ്രചോദനം. പ്രചോദനം വെടിപ്പായാലേ കര്‍മം സ്വീകാര്യമാവുള്ളൂ. അല്ലെങ്കില്‍ കര്‍മം സ്വീകാര്യമാവുകയില്ല. പ്രചോദനം മാത്രം നന്നായാല്‍ പോരാ. പ്രചോദനത്തോടൊപ്പം കര്‍മവും നന്നായിരിക്കണം. ദൈവം എങ്ങനെയാണോ ആരാധന നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് അത് അപ്പടി നിര്‍വഹിക്കുന്നതിലാണ് കര്‍മത്തിന്റെ പൂര്‍ണത. തുടര്‍ന്ന് കര്‍മത്തോടൊപ്പം ലക്ഷ്യവും സാക്ഷാല്‍കൃതമാവണം. അപ്പോള്‍ പ്രചോദനം പ്രധാനമാണ്, കര്‍മം പ്രധാനമാണ്, ലക്ഷ്യം പ്രധാനമാണ്.
ഇസ്‌ലാമികദര്‍ശനം നിര്‍ബന്ധമാക്കിയ ഉപവാസത്തില്‍ ഈ മൂന്ന് തത്ത്വങ്ങള്‍ ദീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഥവാ അവ മൂന്നും ശ്രദ്ധാപൂര്‍വം നോമ്പുകാരന്‍ ഉറപ്പുവരുത്തുമ്പോഴേ ഉപവാസം പൂര്‍ണമാവുകയുള്ളൂ. ആരാധനകളിലും കര്‍മങ്ങളിലും ദൈവികപ്രചോദനം ഇസ്‌ലാമികദര്‍ശനത്തിന്റെ അടിസ്ഥാനതത്വമാണ്: ''വിധേയത്വം ദൈവത്തിനു മാത്രമാക്കി അവനെ മാത്രം വഴിപ്പെട്ട് നേര്‍വഴിയില്‍ ജീവിക്കാനല്ലാതെ അവരോട് കല്‍പിച്ചിട്ടില്ല'' (അല്‍ബയ്യിന 3). ''ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ഓരോ മനുഷ്യനും അവനുദ്ദേശിച്ചത് ലഭിക്കും'' (ബുഖാരി). ഉപവാസത്തിന് നിശ്ചിത രീതിയിലുള്ള കര്‍മവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. റമദാന്‍ മാസം പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും വിഷയാസക്തിപരമായ ചെയ്തികളും ഉപേക്ഷിച്ച് ധ്യാനനിര്‍ഭരമായി ദൈവത്തെ സ്മരിക്കുക എന്നതാണത്: ''അപ്രകാരം നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല'' (അല്‍ബഖറ 187).
പ്രചോദനം, കര്‍മം എന്നിവക്കുള്ള അത്ര പ്രാധാന്യം ലക്ഷ്യത്തിനും ഇസ്‌ലാമികദര്‍ശനം നല്‍കുന്നുണ്ട്. എന്നാല്‍ പ്രചോദനം, കര്‍മം എന്നിവക്കു നല്‍കുന്ന അത്ര പ്രാധാന്യം ലക്ഷ്യത്തിന് സാമാന്യജനം നല്‍കാറില്ല. ഉപവാസത്തിന്റെ ലക്ഷ്യം വ്യക്തിയുടെ ജീവിതത്തില്‍ ധര്‍മബോധം (തഖ്‌വ) ഉറപ്പാക്കുക എന്നതാണ്. 'അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല, മുഹമ്മദ്(സ) ദൈവത്തിന്റെ ദൂതനാകുന്നു' എന്ന ആദര്‍ശത്തിന്റെ വഴിത്താരയില്‍ ജീവിതം കരുപ്പിടിപ്പിക്കലാണ് ധര്‍മബോധം. ദൈവത്തിന്റെ കല്‍പനകള്‍ അനുധാവനം ചെയ്യലും അവന്റെ വിലക്കുകള്‍ വര്‍ജിക്കലുമാണ് ധര്‍മബോധം. ഈ ധര്‍മബോധം ജീവിതത്തെ മുഴുവന്‍ ചൂഴ്ന്നുനില്‍ക്കുന്ന ദൈവികമായ ആശയമാണ്. ധര്‍മബോധം ഉപവാസത്തിന്റെ ജീവനാണ്. ലക്ഷ്യമില്ലെങ്കില്‍ കേവല പ്രചോദനം കൊണ്ടോ കര്‍മം കൊണ്ടോ യാതൊരു ഫലവുമില്ല.
വ്യക്തിയുടെ ജീവിതത്തില്‍ ഉപവാസം എങ്ങനെയാണ് ധര്‍മബോധം ഉണ്ടാക്കുന്നതെന്ന് പരിശോധിക്കാം. ആത്മാവിനും ശരീരത്തിനുമിടയില്‍ സന്തുലനം ഉണ്ടാക്കുന്നു ഉപവാസം. വ്യക്തിയുടെ സന്തുലനത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ് സംസാരം, ഉറക്കം, ഭക്ഷണം, ലൈംഗികത എന്നിവ. മിതമായ തോതില്‍ ആത്മാവിനും ശരീരത്തിനും ഇവ ആവശ്യമാണ്. മൗനിയായി ജീവിക്കുക അസാധ്യമാണ്. എന്നാല്‍ അമിതമായ സംസാരം വ്യക്തിത്വത്തിന് ചേര്‍ന്നതുമല്ല. മിതമായ സംസാരമാണ് നല്ലത്. അമിതമായ ഉറക്കം ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഉറക്കമില്ലായ്മ ആത്മാവിനും ശരീരത്തിനും ഒരുപോലെ പ്രശ്‌നമാണ്. മിതമായ രീതിയിലുള്ള ഉറക്കമാണ് ആവശ്യം. അമിതമായ ഭക്ഷണം ജീവിതത്തിന് ഹാനികരമാണ്. ഭക്ഷണം തീരെ കഴിക്കാതെ ജീവിക്കുകയെന്നത് അസാധ്യവുമാണ്. മിതമായ ഭക്ഷണരീതിയാണ് ഉത്തമം. അമിതമായ ലൈംഗികാസക്തി ജീവിതത്തില്‍ ഒരുതരം അരാജകത്വമാണ് സൃഷ്ടിക്കുക. ലൈംഗികതയെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള സമീപനം മനുഷ്യപ്രകൃതിയോടുള്ള ഏറ്റുമുട്ടലുമാണ്. ഇവിടെയും സന്തുലിതമായ ലൈംഗികവീക്ഷണമാണ് അഭികാമ്യം. രണ്ട് ആത്യന്തികതകള്‍ക്ക് മധ്യേ നിലകൊള്ളുന്ന സന്തുലിത നിലപാടാണിത്. സംസാരം, ഉറക്കം, ഭക്ഷണം, ലൈംഗികത എന്നിവയില്‍ ഉപവാസം നിയന്ത്രണം കൊണ്ടുവരുന്നതോടെ തികച്ചും സന്തുലിതമായ ഒരു ജീവിതമാണ് രൂപപ്പെടുന്നത്. ഈ സന്തുലിത ജീവിതമാവട്ടെ ധര്‍മബോധത്തിന്റെ മുന്നുപാധിയായിത്തീരുന്നു. ഇവയിലൊന്നും സന്തുലിതത്വം വരുത്താതെ ധര്‍മാനുസാരി(മുത്തഖി)യായി ജീവിക്കാമെന്ന് വിചാരിക്കുന്നത് വെറുതെയാണ്.
ഉപവാസത്തിന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ ലഭ്യമാവുന്ന ഈ സന്തുലിതത്വം അനിവാര്യമായും സ്വത്വത്തിന്റെ മൂന്ന് തലങ്ങളെ സജീവമാക്കുന്നു. ആത്മാവ്, യുക്തി, ആരോഗ്യം എന്നിവയാണവ. സന്തുലിത ജീവിതവീക്ഷണം മനസ്സിന്റെ മാലിന്യങ്ങളെ നീക്കം ചെയ്യുകയും അതിനെ ദൈവത്തില്‍ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സര്‍വവിധ മാലിന്യങ്ങളില്‍ നിന്നും ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കുന്ന ഉലയാണ് ഉപവാസം. സ്വത്വത്തില്‍ ദൈവബോധം നിറച്ച് മാലാഖമാരുടെ പദവിയിലേക്ക് വിശ്വാസിയെ നയിക്കുന്ന പരിചയാണ് ഉപവാസം. ഇതര ആരാധനകള്‍ നല്‍കാത്ത ആത്മീയമായ അനുഭൂതിയും ധ്യാനനിര്‍ഭരമായ ദൈവബോധവും ഉപവാസം നല്‍കുന്നു. പ്രവാചകന്‍ പറയുകയുണ്ടായി: ''എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം,നോമ്പുകാരന്റെ വായയുടെ ഗന്ധം ദൈവത്തിന്റെ അരികില്‍ കസ്തൂരിയേക്കാള്‍ ഗന്ധമുള്ളതായിരിക്കും. കാരണമെന്തെന്നാല്‍ ദൈവം ഇപ്രകാരം അരുള്‍ ചെയ്യുന്നു: അവന്‍ അന്നപാനീയങ്ങളും ദേഹേഛയും എനിക്കുവേണ്ടിയാണ് ഉപേക്ഷിക്കുന്നത്. നോമ്പ് എന്റേതാണ്.ഞാനാണ് അതിന് പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം'' (ബുഖാരി). ഈ പ്രവാചകവചനം ഉപവാസത്തിലൂടെ ഉണ്ടായിത്തീരുന്ന വിശ്വാസിയുടെ ദൈവബന്ധത്തെയാണ് കുറിക്കുന്നത്. ദൈവത്തോടുള്ള വിശ്വാസിയുടെ പ്രണയബന്ധമാണിത്. ഉപവസിക്കുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം നോമ്പുകാരന് പ്രശ്‌നമാണ്. എത്രതന്നെ വൃത്തിയാക്കിയാലും അതിന്റെ ഗന്ധം അവശേഷിക്കും. അപ്പോള്‍ വിശ്വാസി നിരാശപ്പെടേണ്ടതില്ല. ഉപവാസത്തിലൂടെ തന്നെ അഗാധമായി സ്‌നേഹിക്കുന്ന വിശ്വാസിയുടെ ഗന്ധം തനിക്ക് ഒരു പ്രശ്‌നമേയല്ലെന്ന് ദൈവം വ്യക്തമാക്കുകയാണിവിടെ.
ഉപവാസത്തിലൂടെ ലഭ്യമാവുന്ന സന്തുലിതത്വം യുക്തിയെ സജീവമാക്കി നിലനിര്‍ത്തുന്നു. ഉപവാസം ധൈഷണിക വികാസത്തിനുള്ള നിമിത്തമാവുന്നു. പ്രവാചകന്‍ പറയുകയുണ്ടായി: ''സ്വത്വത്തെ നിയന്ത്രണ വിധേയമാക്കുകയും മരണാനന്തര ജീവിതത്തിലേക്ക് ആവശ്യമായ കര്‍മത്തിലേര്‍പ്പെടുകയും ചെയ്യുന്നവനാണ് വിവേകി. സ്വത്വത്തെ ഇഛകളോടൊപ്പം വിട്ടവനും ദൈവത്തെകുറിച്ച് മിഥ്യാധാരണ പുലര്‍ത്തുന്നവനുമാണ് അവിവേകി'' (തിര്‍മിദി). ഇവിടെ സ്വത്വത്തെ നിയന്ത്രണവിധേയമാക്കുകയെന്നാല്‍ ആസക്തികള്‍ക്ക് കടിഞ്ഞാണിടുക എന്നാണ്. മിതമായ ഭക്ഷണവും മിതമായ ഉറക്കവും മിതമായ ലൈംഗികതയും മിതമായ സംസാരവും മനുഷ്യന്റെ ചിന്താശേഷിയെ പതിന്മടങ്ങ് തേജോമയമാക്കാന്‍ പോന്ന ഘടകങ്ങളാണ്. ഈ മിതത്വ ജീവിതരീതിയാണ് മനുഷ്യന്റെ സര്‍ഗശേഷിയെ ഉത്തേജിപ്പിക്കുന്നത്.
ഉപവാസം ആരോഗ്യത്തെയും പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണിത്. അമിതവും ക്രമരഹിതവുമായ ഭക്ഷണരീതിയാണ് രോഗങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍. ദരിദ്രസമൂഹത്തില്‍ കാണപ്പെടുന്ന രോഗങ്ങളേക്കാള്‍ അധികമുണ്ട് ആഡംബര സമൂഹത്തിലെ രോഗങ്ങള്‍. ഹെല്‍ബര്‍ട്ട് ഷെല്‍ട്ടണ്‍ എന്ന അമേരിക്കന്‍ ഭിഷഗ്വരന്‍ ഒരുതരം ഉപവാസരീതി അനുശീലിപ്പിച്ച് തന്റെ രോഗികളുടെ രോഗങ്ങള്‍ ഭേദമാക്കാറുണ്ടായിരുന്നുവത്രെ. അമിതവണ്ണവും വിശപ്പില്ലായ്മയുമായി വരുന്ന രോഗികളെ വിശപ്പോടുകൂടി മിതഭക്ഷണം ആസ്വദിച്ചുകഴിക്കാന്‍ പരിശീലിപ്പിച്ചു അദ്ദേഹം. അതിലൂടെ അവരുടെ രോഗങ്ങള്‍ക്ക് ശമനം ലഭിക്കുകയുണ്ടായി. മിതമായ ഭക്ഷണരീതിയിലൂടെ ആരോഗ്യവും കര്‍മശേഷിയും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഈ പരീക്ഷണം അടിവരയിടുന്നത്. ഉപവാസം നല്‍കുന്ന ആരോഗ്യപരമായ സല്‍ഫലമാണിത്.
ഉപവാസം വിശ്വാസിയുടെ സംസാരം, ഉറക്കം, ഭക്ഷണം, ലൈംഗികത എന്നിവയില്‍ നിയന്ത്രണം ഉണ്ടാക്കുന്നു. ഈ നിയന്ത്രണം സന്തുലിതമായ ജീവിതവീക്ഷണത്തിലേക്ക് അവനെ നയിക്കുന്നു. ജീവിതസന്തുലിതത്വം സ്വത്വത്തിന്റെ മൂന്നു വശങ്ങളായ ആത്മാവ്, യുക്തി, ആരോഗ്യം എന്നിവയില്‍ തികച്ചും ദൈവികവും സര്‍ഗാത്മകവുമായ ഫലങ്ങള്‍ ഉളവാക്കുന്നു. തുടര്‍ന്ന് പ്രചോദനം, കര്‍മം എന്നിവയോടൊപ്പം ഉപവാസത്തിന്റെ ലക്ഷ്യമായ ധര്‍മബോധം വിശ്വാസി സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു.
Comments