ആകാശമോ ഭൂമിയോ അവര്‍ക്കുവേണ്ടി കരഞ്ഞില്ല
ഉദാരമതിയായ ഒരു രാജാവ് ഒരിക്കല്‍ പ്രഖ്യാപിച്ചു: ''അര്‍ഹരായ ആളുകള്‍ക്ക് ഞാന്‍ ദാനം നല്‍കും.''
ആളുകള്‍ ക്യൂനിന്ന് ദാനം വാങ്ങിപ്പൊയ്‌ക്കൊണ്ടിരുന്നു. ഒരാള്‍ രണ്ടാമതും വന്നു. രാജാവ് ഒന്നും പറഞ്ഞില്ല. മൂന്നാമതും അയാള്‍ വന്നു. ''എന്തുകൊണ്ടാണ് മൂന്നു പ്രാവശ്യം ദാനം വാങ്ങിയത്?'' രാജാവ് ചോദിച്ചു.
അയാള്‍ പറഞ്ഞു: ''മൂന്നു പ്രാവശ്യം വരാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എനിക്ക് മൂന്നു ഭാര്യമാരുണ്ട്. ഒന്നാമത്തെ ഭാര്യയുടെ പേര് വിശപ്പ്. രണ്ടാമത്തെ ഭാര്യയുടെ പേര് ദാഹം. മൂന്നാമത്തെ ഭാര്യയുടെ പേര് ആശ. ഒന്നാമത്തെയും രണ്ടാമത്തെയും ഭാര്യമാരെ എളുപ്പം തൃപ്തിപ്പെടുത്താം. മൂന്നാമത്തെ ഭാര്യയെ ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ല. വിശപ്പടങ്ങിയാല്‍ ഭക്ഷണത്തോടുള്ള കൊതി തീരും. ദാഹം ശമിച്ചാല്‍ പിന്നെ വെള്ളം കുടിക്കില്ല. പക്ഷെ, ആശക്ക് അതിരില്ല. എത്ര കിട്ടിയാലും പിന്നെയും ആശിച്ചുകൊണ്ടേയിരിക്കും.'' അയാളുടെ സംസാരം കേട്ട് രാജാവ് ചിന്താമഗ്‌നനായി.
തീരാത്ത ആശയാണ്, ഭൗതിക സുഖങ്ങളോടുള്ള അടങ്ങാത്ത ആര്‍ത്തിയാണ് മനുഷ്യനെ തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എല്ലാ ആശകളുടെയും അടിസ്ഥാന പ്രേരണ ആനന്ദം അനുഭവിക്കാനുള്ള ആഗ്രഹമാണ്. 'ആനന്ദത്തിനു വേണ്ടിയുള്ള ആഗ്രഹമാണ് തെറ്റു ചെയ്യാനുള്ള ഏറ്റവും വലിയ പ്രേരണാശക്തി' എന്ന് തത്ത്വ ചിന്തകനായ പ്ലേറ്റോ പറഞ്ഞിട്ടുണ്ട്.
മരണചിന്തയില്ലാത്തതും മനുഷ്യനെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. യുധിഷ്ഠിരനോട് ഒരാള്‍ ചോദിച്ചു: ''ലോകത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം എന്താണ്?'' ''ചുറ്റും ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു, എന്നിട്ടും ഞാനിപ്പോഴൊന്നും മരിക്കുകയില്ലെന്ന മനുഷ്യന്റെ വിചാരമാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം'' എന്നായിരുന്നു യുധിഷ്ഠിരന്റെ മറുപടി.
മനുഷ്യനെ കുഴിയില്‍ ചാടിക്കുന്ന മറ്റൊരു കൊടും തിന്മയാണ് 'തകാസുര്‍.' 'താന്‍ വലിയ കേമനാണെന്ന നാട്യം നിങ്ങളെ യാഥാര്‍ഥ്യബോധമില്ലാത്തവരാക്കിയിരിക്കുന്നു' എന്ന് ഖുര്‍ആന്‍. അഹന്തമൂലം ജീവിതത്തിന്റെ ശരിയായ ലക്ഷ്യമെന്തെന്ന് ചിന്തിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
മലയാളത്തിന്റെ മഹാകവി ജി.ശങ്കരക്കുറിപ്പിന്റെ ചിന്തോദ്ദീപകമായ കവിതയാണ് 'ആരാമത്തില്‍.' ചിലന്തിയെക്കുറിച്ചാണ് കവിത. ഒരു പ്രഭാതത്തില്‍ തോട്ടത്തില്‍ ചെന്നപ്പോള്‍ മരക്കൊമ്പില്‍ ഒരു ചിലന്തിവല. വിസ്തൃതമായ വലവിരിച്ച് ചിലന്തി ഇരയെ പിടിക്കാന്‍ കാത്തിരിക്കുകയാണ്. വലിയ അഹങ്കാരത്തിലാണ് ചിലന്തി.
'കാലുകള്‍ക്കിടയിലാണെട്ടുദിക്കുകള്‍ നാശ-മേലുകില്ലൊരുനാളുമെന്ന ഭാവനയോടെ'
ചിലന്തി അങ്ങനെ വിരാജിക്കുകയാണ്; തന്റെ രാജാധിപത്യം ഒരു കാലത്തും തകരാന്‍ പോകുന്നില്ല എന്ന അഹന്തയോടെ.
നിസ്സാരനായ ചിലന്തിയുടെ ഗര്‍വം കണ്ടപ്പോള്‍ പ്രകൃതിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പ്രകൃതി ഒന്നു ശക്തമായി ശ്വാസംകഴിച്ചു. നെടുവീര്‍പ്പിട്ടു, അത്രമാത്രം.
''കേവലമൊരു നെടുവീര്‍പ്പിനാല്‍ നൂറായ് ചിന്തിപാഴ്വല, ചിലന്തിതന്നഭിമാനത്തോടൊപ്പം.''
വിസ്താരത്തില്‍ വിരിച്ച വല മാത്രമല്ല തകര്‍ന്നത്, ഒപ്പം ചിലന്തിയുടെ അഹങ്കാരവും തകര്‍ന്നു തരിപ്പണമായി.
എന്നിട്ട് കവി വലിയൊരു സത്യം നമ്മെ ഓര്‍മിപ്പിക്കുന്നു:
''ഞാനോര്‍ത്തു പോയന്നേരം കാലത്തിന്‍ പരപ്പിങ്കല്മാനവന് വിരചിച്ച സാമ്രാജ്യമോരോന്നപ്പോള്‍.''
കാലത്തിന്റെ കറക്കത്തില്‍ മൂക്കുകുത്തി വീണ കൊടും കുറ്റവാളികളുടെയും അഹങ്കാരികളുടെയും ഏകാധിപതികളുടെയും, തകര്‍ന്നടിഞ്ഞ സാമ്രാജ്യങ്ങളുടെയും കഥകള്‍ ചരിത്രത്തില്‍ നാം വായിക്കുന്നു. ഖുര്‍ആന്‍ അത്തരം കഥകള്‍ മനുഷ്യന് പാഠമായി ഉദ്ധരിക്കുന്നുണ്ട്. 'ആകാശമോ ഭൂമിയോ അവര്‍ക്കുവേണ്ടി കരഞ്ഞില്ല' എന്ന് അഴകുറ്റ ശൈലിയില്‍ ആ അഹങ്കാരികളുടെ കഥകള്‍ക്ക് ഖുര്‍ആന്‍ അടിവരയിടുന്നു.
Comments