ദമസ്‌കസ് കിഴക്കിന്റെ സ്വര്‍ഗം
ദമസ്‌കസിന്റെ നേരെയുള്ള അതിരറ്റ അഭിനിവേശത്താല്‍ 726 റമദാന്‍ 9 വ്യാഴാഴ്ച ഞാനവിടെ എത്തിച്ചേര്‍ന്നു. ശറാബ്ശിയ്യ എന്ന പേരിലറിയപ്പെടുന്ന മാലികി പാഠശാലയിലാണ് ഞാനിറങ്ങിയത്. സൗന്ദര്യത്തില്‍ ദമസ്‌കസിനെ വെല്ലുന്ന ഒരു നാടില്ല. വര്‍ണനാതീതമാണ് അതിന്റെ മഹിമകള്‍. അബുല്‍ ഹുസൈന്‍ ബിന്‍ ജുബൈരിനേക്കാള്‍ മികച്ച രീതിയില്‍ അതിനെ വര്‍ണിച്ച മറ്റാരുമുണ്ടാകില്ല. ബിന്‍ ജുബൈരിന്റെ ഭാഷയില്‍:
ദമസ്‌കസ്- കിഴക്കിന്റെ സ്വര്‍ഗമാണത്. സ്വര്‍ഗത്തിന്റെ വെളിച്ചമുദിക്കുന്ന കിഴക്കന്‍ ദിക്ക്. ഇസ്‌ലാമിന്റെ നാടുകളെ കുറിച്ച് നാം അന്വേഷിക്കുമ്പോള്‍ അവസാനമെത്തുന്ന നാട്. പട്ടണങ്ങളുടെ മണവാട്ടി. പൂക്കള്‍ ചൂടി, സര്‍വാഭരണ വിഭൂഷിതമായി പട്ടുടയാടകളണിഞ്ഞ് വിലസുന്ന മങ്ക. മിശിഹാക്കും മാതാവിനും 'റബ്‌വ'യില്‍ അഭയം നല്‍കി സുസ്ഥിരതയും ശാന്തിയും പ്രദാനം ചെയ്ത നാട്. എമ്പാടും തണല്‍മരങ്ങള്‍. സ്വര്‍ഗീയ ജലമൊഴുകുന്ന ആറുകള്‍. അതിന്റെ വെള്ളച്ചാലുകള്‍ നാനാവഴിക്കും ഒഴുകിയെത്തുന്നു. പൂവാടികളില്‍ നിന്നുള്ള മന്ദമാരുതന്‍ മനസ്സുകളെ ഉന്മിഷത്താക്കുന്നു. പുതുമണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങി നഗരം കാഴ്ചക്കാരുടെ മുന്നില്‍ കൊഞ്ചിക്കുഴയുന്നു. അവരോടവള്‍ വിളിച്ചു പറയുന്നു: 'വരൂ, ഈ സൗന്ദര്യാഘോഷത്തിലേക്ക് വരൂ.'
ജലസമൃദ്ധിയാല്‍ ആ ഭൂമിക്ക് മടുത്തു. ദാഹം തോന്നിയാല്‍ ഖരഭൂമി പോലും നിങ്ങളോടു വിളിച്ചു പറയും: ''ഇതാ ഇവിടെ കാലിട്ടടിക്കുക. കുടിക്കാനും കുളിക്കാനുമുള്ള ശുദ്ധമായ കുളിര്‍ജലമിതാ.''1 ആരാമങ്ങള്‍ നഗരത്തെ കണ്ണുഴിഞ്ഞുകൊണ്ടിരിക്കുന്നു, ചന്ദ്രന് ചുറ്റുമുള്ള പ്രഭാവലയം പോലെ; കനികളെ പൊതിയുന്ന ശല്‍ക്കങ്ങള്‍ പോലെ. കണ്ണെത്തുമിടങ്ങളിലൊക്കെ ഹരിതഭൂമികള്‍. നാനാ ഭാഗങ്ങളിലേക്ക് കണ്ണോടിക്കൂ... എങ്ങുമെങ്ങും പച്ചത്തെഴുപ്പുകളാല്‍ പ്രഭാവിതം. ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ദമസ്‌കസ് തന്നെ എന്നതില്‍ സംശയമില്ല എന്ന് ആരോ പറഞ്ഞത് എത്ര സത്യം! ഇനി വാനിലുണ്ടെങ്കില്‍ അതിനോടും ഇത് സമം തന്നെ. ആ അര്‍ഥത്തിലുള്ള ഒരു കവിത ഇബ്‌നു ജസ്‌യ് ഉദ്ധരിക്കുന്നു:
''ഭൂമിയിലൊരു സ്വര്ഗമുണ്ടെങ്കില്ദമസ്കസാണത് ദമസ്‌കസ് മാത്രം
ആകാശത്തിലാണിനി സ്വര്‍ഗമെങ്കി
ലാ സ്വര്‍ഗീയാന്തരീക്ഷം പകര്‍ന്നിരിക്കുന്നിവിടം
എത്ര നല്ല നാടെത്ര പൊറുക്കും നാഥന്‍
എല്ലാ പകലിരവും തേടുകതി -
നനുഗ്രഹം.''
തുനീഷ്യയിലിറങ്ങിയ നമ്മുടെ വന്ദ്യ ഗുരുവായ സഞ്ചാരി ശൈഖ് ശംസുദ്ദീന്‍ അബൂ അബ്ദുല്ല മുഹമ്മദ് ബിന്‍ ജാബിര്‍ ബിന്‍ ഹസ്സാന്‍ അല്‍ ഖൈസി അല്‍വാദി ആശീ ഇബ്‌നു ജസ്‌യിന്റെ വാക്കുകള്‍ അതേപടി ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: അദ്ദേഹം വളരെ സുന്ദരമായി ആ നാടിനെ വര്‍ണിച്ചിട്ടുണ്ട്. അത് വായിച്ചാല്‍ അതിന്റെ രൂപ ദര്‍ശനത്തിന് മനസ്സ് വെമ്പും. അവിടെ താമസമാക്കിയിട്ടില്ലെങ്കില്‍ പോലും അവിടത്തെ ഓരോ അടയാളവും യഥാതഥമായി അത് വായിച്ചവന് വിവരിക്കാനാകും. വര്‍ണിച്ചു കേട്ടഅതേ വിധം തന്നെയാണ് ആ നഗരം ഞാന്‍ കണ്ടെതന്നാണ് ഒരാള്‍ പറഞ്ഞത്. നയനാനന്ദകരവും മനോരമ്യവുമാണ് അവിടത്തെ കാഴ്ചകള്‍. ഇബ്‌നു ജസ്‌യ് പറയുന്നു: അസംഖ്യമാണ് ദമസ്‌കസിന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള കവി വര്‍ണനകള്‍:
ഹൂറികള്‍ ബാലക സൗന്ദര്യധ്യാമങ്ങള്നിര്ഭരമീ ദമസ്‌കസിന്‍ നന്ദനോദ്യാനങ്ങളില്‍
പൂനിലാവെങ്ങാന്‍ തംബുരു മീട്ടിയാല്‍
പാടും കുയിലുകള്‍ ഓമന പ്രാവുകള്‍
കാറ്റിന്‍ വിരലുകളോളങ്ങളില്‍ നെയ്യു-
മാടകള്‍ വിസ്മയമായിക കാഴ്ചകള്‍
ദമസ്‌കസുകാര്‍ ശനിയാഴ്ച വേല ചെയ്യാറില്ല. അന്നവര്‍ പാര്‍ക്കുകളിലും ആരാമങ്ങളിലും നദീതീരങ്ങളിലും പകലന്തിയോളം ഉല്ലസിച്ചു കഴിയുന്നു. ദമസ്‌കസിന്റെ സൗന്ദര്യ വര്‍ണനകള്‍ നീണ്ടുപോയി. ഇനി നമുക്ക് ശൈഖ് അബൂ അബ്ദുല്ല2യുടെ വിവരണത്തിലേക്ക് തന്നെ തിരിച്ചുവരാം.
ഉമവി മസ്ജിദ്
ലോകത്തിലെ ഏറ്റവും ഗംഭീരമായ പള്ളിയാണിത്. തികവും മികവുമുറ്റ നിര്‍മാണം. അതിന് തുല്യം മറ്റൊരു പള്ളിയുമില്ല. അമീറുല്‍ മുഅ്മിനീന്‍ വലീദ് ബിന്‍ അബ്ദുല്‍ മലിക് ബിന്‍ മര്‍വാനാണ് അതിന്റെ നിര്‍മാതാവ്. കോണ്‍സ്റ്റന്റിനോപ്പിളിലെ റോമന്‍ രാജാവിനോട് ആവശ്യപ്പെട്ട് കെട്ടിട നിര്‍മാതാക്കളെ വരുത്തിയാണ് അദ്ദേഹം അത് നിര്‍മിച്ചിട്ടുള്ളത്. റോമന്‍ രാജാവ് പന്ത്രണ്ടായിരം നിര്‍മാണ വിദഗ്ധരെ അയച്ചുകൊടുത്തുവത്രേ. മൊസയ്ക്ക് വിരിച്ച് അലങ്കരിക്കപ്പെട്ടിരിക്കുകയാണ് പള്ളി. വിചിത്ര മനോഹരങ്ങളായ നിരവധി ചായങ്ങള്‍ അതില്‍ ഇടകലര്‍ന്നിരിക്കുന്നു. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടു 300 മുഴമാണ് പള്ളിയുടെ നീളം. 'ഖിബ്‌ല3യില്‍ നിന്ന് ഉള്ളിലോട്ട് 135 അടി വീതിയുണ്ട്. സൂര്യ വെളിച്ചം പതിക്കുന്ന വര്‍ണപ്പകിട്ടാര്‍ന്ന 75 ചില്ല് നിര്‍മിതികള്‍ കാണാം. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നീളത്തില്‍ മൂന്ന് തഖയോടുകളുണ്ട്. ഓരോന്നിന്റെയും വീതി 18 അടി വരും. 54 നെടുംതൂണുകളുണ്ട്. അവക്കിടയില്‍ എട്ട് കോണ്‍ക്രീറ്റ് കാലുകള്‍ കാണാം. ആറ് കാലുകള്‍ വര്‍ണ മാര്‍ബിളുകള്‍ പതിച്ചതാണ്. അതില്‍ മിഹ്‌റാബുകളും മറ്റും ചിത്രണം ചെയ്തിരിക്കുന്നു. മിഹ്‌റാബിന് മുന്നില്‍ പരുന്ത് ഗോപുരം എന്നറിയപ്പെടുന്ന ഒരു കാരിരുമ്പ് ഗോപുരത്തിന്റെ ഭാരം താങ്ങി നില്‍ക്കുകയാണത്. പള്ളിയെ ഒരു പരുന്തിനോടു സാദൃശ്യപ്പെടുത്തിയിരിക്കുകയാണവര്‍; കുംഭം പരുന്തിന്റെ തലയും. ലോകത്തിലെ ഏറ്റവും അത്ഭുതകരമായ എടുപ്പാണിത്.
നഗരത്തില്‍ എവിടെ നിന്ന് നോക്കിയാലും പരുന്ത് ഗോപുരം കാണാം. രാജ്യത്തെ എല്ലാ കെട്ടിടങ്ങളെയും കവച്ചുവെക്കുന്ന പൊക്കത്തിലാണതുള്ളത്.
കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും ഉള്‍ഭാഗത്ത് നിന്നും മൂന്ന് തറയോടുകള്‍ അങ്കണത്തെ വലം വെക്കുന്നു. ഓരോന്നിനും 10 അടി വീതിവരും. അതില്‍ 33 സ്തംഭങ്ങളുണ്ട്. 14 കാലുകളുമുണ്ട്. അങ്കണത്തിന്റെ വീതി 100 മുഴം. അതിമനോഹരമാണ് അതിന്റെ ദൃശ്യം. നഗരവാസികള്‍ വൈകുന്നേരങ്ങളില്‍ അവിടെ ഒത്തുകൂടുന്നു. ഖുര്‍ആന്‍ പാരായാണക്കാരും ഹദീസ് നിവേദകരും അതിലൂടെ പോകുന്നവരുമൊക്കെ കൂട്ടത്തിലുണ്ടാകും. മുതിര്‍ന്ന നിയമജ്ഞന്മാരെയോ കൂട്ടുകാരെയോ കണ്ടുമുട്ടിയാല്‍ ധൃതിയില്‍ ഓരോരുത്തരും അരികെ ചെന്ന് തലയില്‍ മുത്തും. ഈ അങ്കണത്തില്‍ മൂന്ന് കുംഭങ്ങളുണ്ട്. അതിലൊന്ന് അതിവിചിത്രമാണ്. ഏറ്റവും വലുതാണത്. 'ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ കുംഭ ഗോപുരം' എന്നാണതിന്റെ പേര്. കാരിരുമ്പിന്റെ മേല്‍പുരയോട് കൂടിയ, വര്‍ണച്ചായം പൂശി മാര്‍ബിള്‍ കല്ലുകള്‍ പതിച്ചലങ്കരിച്ച എട്ട് തൂണുകളിലാണ് അതിന്റെ നില്‍പ്.
ഈ പള്ളിയുടെ സമ്പത്ത് ഖജനാവില്‍ സൂക്ഷിച്ചുവരുന്നതായി പറയപ്പെടുന്നു. അതിന്റെ വാര്‍ഷികവരുമാനവും ആദായങ്ങളും 20000 സ്വര്‍ണ ദീനാര്‍ വരുമെന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്. അങ്കണത്തിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ കുംഭം മറ്റൊരാകൃതിയിലാണ്. ആദ്യത്തേതിനെക്കാള്‍ ചെറുതാണത്. എട്ട് മാര്‍ബിള്‍ തൂണുകളിലാണ് അത് നില്‍ക്കുന്നത്. 'സൈനുല്‍ ആബിദീന്‍ ഗോപുരം' എന്നാണതിന്റെ പേര്. അങ്കണത്തിന്റെ മധ്യത്തിലാണ് മൂന്നാമത്തെ കുംഭം. അഷ്ടകോണാകൃതിയില്‍ കൗതുകം ജനിപ്പിക്കുന്ന മാര്‍ബിളിലാണ് അതിന്റെ നിര്‍മിതി. അടുക്കോടെ ഭദ്രമായാണ് അത് നിര്‍മിച്ചിരിക്കുന്നത്. വെട്ടിത്തിളങ്ങുന്ന നാലു വെള്ള മാര്‍ബിള്‍ തൂണുകളിലാണ് അത് നിലകൊള്ളുന്നത്. താഴെ ഒരു ഇരുമ്പ് ജനവാതിലുണ്ട്. അതിന്റെ നടുക്ക് ഒരു ചെമ്പ് പൈപ്പ് കാണാം. മുകളിലേക്കത് വെള്ളം ചീറ്റുന്നു. വെള്ളം മേലോട്ട് പൊങ്ങി ഒരു വെള്ളി ദണ്ഡ് പോലെ വളഞ്ഞു പതിക്കുന്നു. 'വെള്ളക്കൂട്' എന്നാണ് ആളുകള്‍ അതിനെ വിളിക്കുന്നത്. അവിടെ വായ വെച്ച് വെള്ളം കുടിക്കുന്നതില്‍ ജനം ഇമ്പം കാണിക്കുന്നു.
അങ്കണത്തിന്റെ കിഴക്ക് ഭാഗത്തൊരു കവാടമുണ്ട്. അതിലൂടെ കടന്നാല്‍ 'അലി ബിന്‍ അബീത്വാലിബ് മശ്ഹദ്' എന്നറിയപ്പെടുന്ന മനോഹരമായൊരു പള്ളിയിലെത്തും. അതിന്റെ എതിര്‍ വശത്ത് പടിഞ്ഞാറും അകഭാഗത്തുമുള്ള രണ്ട് തറ നിലങ്ങള്‍ സംഗമിക്കുന്നിടത്ത് ഒരു സ്ഥലമുണ്ട്. അവിടെ വെച്ചാണ് ആഇശ ഹദീസുകള്‍ പറഞ്ഞുകൊടുത്തിരുന്നതെന്ന് പറയപ്പെടുന്നു.
പള്ളിയുടെ വലിയ കാബിന്‍ ഖിബ്‌ലയില്‍ ശാഫിഈ നിയമസരണിയിലെ ഇമാം പ്രാര്‍ഥന നയിക്കുന്നു. അതിന്റെ കിഴക്കേ കോണില്‍ മിഹ്‌റാബിന് അഭിമുഖമായി വലിയൊരു പെട്ടിയുണ്ട്. അമീറുല്‍ മുഅ്മിനീന്‍ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ ശാമിലേക്കയച്ചു കൊടുത്ത മുസ്വ്ഹഫ്4 അതിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും കൂട്ടു പ്രാര്‍ഥനക്ക് ശേഷം ആ പെട്ടി തുറക്കപ്പെടുന്നു. അപ്പോള്‍ ജനം ആ മുസ്വ്ഹഫ് ചുംബിക്കാന്‍ തിക്കിത്തിരക്കുന്നു. കടബാധ്യതയുള്ളവരോട് ജനം ഇവിടെ വെച്ച് സത്യം ചെയ്യിക്കുന്നു. കാബിന്റെ ഇടത് വശത്താണ് 'സഹാബ മിഹ്‌റാബ്.' ഇസ്‌ലാമില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട മിഹ്‌റാബാണ് ഇതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഇവിടെ വെച്ചാണ് മാലികി നിയമസരണിക്കാരനായ ഇമാം പ്രാര്‍ഥന നയിക്കുന്നത്. കാബിന്റെ വലതുവശം ഹനഫി നിയമസരണിക്കാരുടെ മിഹ്‌റാബ് സ്ഥിതി ചെയ്യുന്നു. ഹനഫികളുടെ ഇമാം ഇവിടെ അവരുടെ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നു. ഹമ്പലികളുടെ മിഹ്‌റാബ് അതിന്റെ അടുത്താണ്. അവരുടെ ഇമാം നമസ്‌കാരത്തിന് അവിടെ നേതൃത്വം വഹിക്കുന്നു. ഈ പള്ളിക്ക് മൂന്ന് മഠങ്ങളുണ്ട്. ഒന്ന് കിഴക്ക് ഭാഗത്താണ്. റോമക്കാര്‍ നിര്‍മിച്ചതാണത്. പള്ളിക്കകത്താണതിന്റെ കവാടം. അതിന്റെ താഴെ ഒരു ശുചീകരണ സ്ഥലവും വുദൂ (അംഗശുദ്ധി)ക്കായുള്ള പുരകളുമുണ്ട്. പള്ളിയില്‍ ഇഅ്തികാഫി5ന് ഇരിക്കുന്നവരും സ്ഥിരമായി ഇടപഴകുന്നവരും ഇവിടെ വെച്ച് അംഗശുദ്ധി വരുത്തുകയും കുളിക്കുകയും ചെയ്യുന്നു. പടിഞ്ഞാറ് ഭാഗത്താണ് രണ്ടാമത്തെ മഠം. അതിന്റെ നിര്‍മാതാക്കളും റോമക്കാര്‍ തന്നെ. വടക്ക് ഭാഗത്താണ് മൂന്നാമത്തെ മഠം. മുസ്‌ലിംകള്‍ നിര്‍മിച്ചതാണത്. എഴുപതോളം ബാങ്ക് വിളിക്കാരുണ്ടിവിടെ. പള്ളിയുടെ കിഴക്ക് ഒരു വലിയ മഠമുണ്ട്. അവിടെ ഒരു ജലസംഭരണി സ്ഥിതി ചെയ്യുന്നു. സുഡാനിലെ 'സയാലിഅ'6 വിഭാഗക്കാരുടേതാണത്. പള്ളിയുടെ മധ്യത്തിലാണ് സകരിയ്യ നബിയുടെ ഖബ്ര്‍. രണ്ട് സിലിണ്ടറുകള്‍ക്കിടയില്‍ വിലങ്ങനെ അതിന്മേല്‍ ഒരു പെട്ടിയുണ്ട്. അതിനെ മൂടിയ കറുത്ത പട്ടുതുണിയുടെ മേല്‍ വെളുത്ത അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''ഹേ, സകരിയ്യാ, യഹ്‌യാ എന്ന് പേരുള്ള ഒരു കുഞ്ഞിനെക്കുറിച്ചു നാം നിനക്ക് സന്തോഷ വാര്‍ത്ത അറിയിക്കുന്നു.'' ദമസ്‌കസിലെ പള്ളിയുടെ പോരിശയെക്കുറിച്ച് അവിടത്തെ നമസ്‌കാരം മുപ്പതിനായിരം നമസ്‌കാരത്തിന് തുല്യമാണെന്ന് സുഫ്‌യാനുസ്സൗരി പ്രസ്താവിച്ചതായി ഞാന്‍ വായിച്ചിട്ടുണ്ട്. നബി പറഞ്ഞതായി ഇങ്ങനെയും ഒരു പില്‍ക്കാല റിപ്പോര്‍ട്ടുണ്ട്: ''ലോക നാശാനന്തരം ഈ പള്ളിയില്‍ നാല്‍പത് മാസം അല്ലാഹു ആരാധിക്കപ്പെടും.'' മുന്‍ വശത്തുള്ള ഇവിടത്തെ ചുമര്‍ ഹൂദ് നബി നിര്‍മിച്ചതാണെന്ന ഒരു ഐതിഹ്യമുണ്ട്. അവിടെ അദ്ദേഹം മറമാടപ്പെട്ടതായും പറയപ്പെടുന്നു.യമനിലെ ഇഫാര്‍ നഗരത്തിന് സമീപം അഹ്ഖാഫ് എന്ന് പറയപ്പെടുന്ന ഒരു സ്ഥലത്ത് ഞാനൊരു എടുപ്പ് കണ്ടിരുന്നു. അവിടെയും ഇത് ഹൂദ് നബിയുടെ ഖബ്‌റാണെന്ന് എഴുതിവെച്ചിട്ടുണ്ട്.
വിവ: വി.എ.കെ
(തുടരും)
കുറിപ്പുകള്‍
1. രോഗപീഡിതനായ അയ്യൂബ് നബി (ഈയോബ്)ക്ക് നല്‍കപ്പെട്ടതായി ഖുര്‍ആനില്‍ ഉദ്ധരിക്കപ്പെട്ട സാന്ത്വനം.
2. ഇബ്‌നു ബത്വൂത്വ.
3. നമസ്‌കാരത്തിന്റെ ദിശാ ഭാഗം.
4. ഖുര്‍ആന്‍ പകര്‍ത്തെഴുതിയ ഏട്.
5. വീട്ടിലേക്ക് പോകാതെ ദിവസം മുഴുവന്‍ പള്ളിയില്‍ ആരാധനയില്‍ മുഴുകി കഴിയുന്ന ചടങ്ങ്.
6. സയാലിഗ
Comments