Prabodhanm Weekly

Pages

Search

2015 ജൂണ്‍ 12

ഇബാദത്ത് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് പറയാനുള്ളത്

എ. അബ്ദുസ്സലാം സുല്ലമി /ലേഖനം

         പ്രബോധനം വാരികയിലേക്ക് അഭിമുഖ സംഭാഷണം അനുവദിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ എഴുതിയ ഖുര്‍ആന്‍ പരിഭാഷയില്‍ 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായമര്‍ഥിക്കുകയും ചെയ്യുന്നു' എന്ന് പറയുന്ന ഫാതിഹ സൂറത്തിലെ നാലാമത്തെ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നത് കാണുക: ''ഇബാദത്ത് എന്ന പദം ഭാഷയില്‍ അനുസരിക്കുക, അടിമപ്പെടുക എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്നതാണ്. പരിശുദ്ധ ഖുര്‍ആനില്‍ ഭാഷാ പ്രയോഗം എന്ന നിലക്ക് ഈ അര്‍ഥങ്ങളില്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. മതത്തില്‍ നിഷിദ്ധവും അനുവദനീയവും ആക്കാനുള്ള അവകാശം ഒരു ഭരണാധികാരിക്കോ മതപണ്ഡിതനോ ഉണ്ടെന്ന് സങ്കല്‍പിച്ച് അവനെ അനുസരിക്കല്‍ ദൈവത്തില്‍ പങ്കുചേര്‍ക്കലായി ഇസ്‌ലാം ദര്‍ശിക്കുന്നു. സൃഷ്ടികര്‍ത്താവിന് എതിരായി സൃഷ്ടികളെ അനുസരിക്കാന്‍ പാടില്ലെന്നും ഇസ്‌ലാം നിര്‍ദേശിക്കുന്നു. പരമമായ കീഴ്‌വണക്കവും അടിമത്തവും ദൈവത്തിന് മാത്രമേ പാടുള്ളൂവെന്ന് പ്രഖ്യാപിക്കുന്നു. വ്യവസ്ഥകളുടെയും പരിധികളുടെയും ഉള്ളില്‍ നിന്നുകൊണ്ട് മാത്രമായിരിക്കണം ഭരണാധികാരികള്‍, മതപണ്ഡിതന്മാര്‍, നേതാക്കന്മാര്‍, മാതാപിതാക്കള്‍ മുതലായവരെയെല്ലാം അനുസരിക്കലും മറ്റും. ഈ മഹത്തായ തത്ത്വങ്ങളിലേക്ക് ഈ സൂക്തം വെളിച്ചം നല്‍കുന്നു''(ഖുര്‍ആനിന്റെ വെളിച്ചം, വാള്യം 1 പേജ് 19).

ഇതിന്റെ ആദ്യത്തെ പ്രസിദ്ധീകരണം 2001 നവംബര്‍ മാസത്തിലാണ്. ഇബാദത്തിന് അനുസരണമെന്നും അര്‍ഥമുണ്ടെന്ന് ഈ വിധം ഞാന്‍ എന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതിയിട്ടുണ്ടെന്ന് ചുരുക്കം. ഇതെല്ലാമറിഞ്ഞിട്ടും എന്നെ എടവണ്ണ ജാമിഅയുടെ സില്‍വര്‍ ജൂബിലി സമ്മേളന ദിവസങ്ങളില്‍ വരെ കെ.എന്‍.എമ്മിന്റെ പ്രധാന പണ്ഡിതന്മാരും നേതാക്കന്മാരും അവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയുണ്ടായി. ഉപാധികള്‍ വെക്കാതെ നിരുപാധികമായിരുന്നു ക്ഷണം. ജാമിഅ നദ്‌വിയ്യയിലേക്ക് അധ്യാപകനായും എന്നെ വീണ്ടും ക്ഷണിക്കുകയുണ്ടായി. അപ്പോള്‍ ഇബാദത്തിന് അനുസരണമെന്ന അര്‍ഥം ഉണ്ടെന്ന് പറയുക വഴി ഞാന്‍ ജമാഅത്തുകാരനായെങ്കില്‍ അത് മുമ്പേ ആയി എന്നല്ലേ വരിക? അപ്പോള്‍ ആ ജമാഅത്തെ ഇസ്‌ലാമി പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കാനായിരുന്നുവോ എന്നെ ഇവര്‍ ജാമിഅ നദ്‌വിയ്യയിലേക്ക് ക്ഷണിച്ചത്? ജമാഅത്തിന്റെ പ്രധാന സ്ഥാപനമായ ശാന്തപുരം കോളേജിലേക്ക് കുട്ടികള്‍ക്ക് ക്ലാസ്സെടുക്കാന്‍ ജമാഅത്ത് നേതാക്കള്‍ എന്നെ ക്ഷണിക്കുകയുണ്ടായി. അവരുടെ ക്ഷണം കേട്ടപ്പോള്‍ ആദ്യം എന്റെ തലക്ക് ഇടിമിന്നല്‍ ബാധിച്ചതുപോലെയുള്ള അനുഭവമാണ് ഉണ്ടായത്. കാരണം, അവര്‍ എന്നോട് പറഞ്ഞത് നിങ്ങള്‍ മുജാഹിദ് ആദര്‍ശം മാത്രം കുട്ടികളെ പഠിപ്പിച്ചാല്‍ മതി എന്നായിരുന്നു. കേരളത്തിലെ ഏതു മതസംഘടനക്കാണ് ഇത്രത്തോളം വിശാലതയും സഹിഷ്ണുതയും കാണിക്കാന്‍ സാധിക്കുക! ഈ വിശാല മനസ്സിനെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് തെറ്റായിരിക്കുമെന്ന് വിചാരിച്ചാണ് അവിടെ ക്ലാസ്സെടുക്കാന്‍ ഞാന്‍ പോയിരുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല എന്നെ ക്ഷണിച്ചത്. അത് പഠിപ്പിക്കാന്‍ അവരില്‍ തന്നെ ധാരാളം പണ്ഡിതന്മാരുണ്ട്. ചില വിഷയങ്ങളില്‍ മുജാഹിദുകളുടെ വാദം പഠിപ്പിക്കാന്‍ അവര്‍ക്ക് എന്നെ പോലെ സാധിക്കുകയില്ല എന്നും അത് പഠിപ്പിച്ചാല്‍ മതിയെന്നും അവര്‍ എന്നോടു പറയുകയുണ്ടായി. കഴിവുള്ളവര്‍ ആരായിരുന്നാലും അവരുടെ അറിവും കഴിവും ഉപയോഗപ്പെടുത്തുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി പുലര്‍ത്തുന്ന പോലെയുള്ള സമീപനം മറ്റൊരു സംഘടനയില്‍ നിന്നും എനിക്ക് അനുഭവപ്പെട്ടിട്ടുമില്ല. 

ഗ്രൂപ്പ് മാറാതെ ജാമിഅ നദ്‌വിയ്യയിലേക്ക് തിരിച്ചുവന്ന് മുജാഹിദ് ആദര്‍ശം പഠിപ്പിക്കാന്‍ എന്നെ ഒരിക്കലും എടവണ്ണ ജാമിഅ മാനേജ്‌മെന്റ് ക്ഷണിച്ചിട്ടില്ല. ഗ്രൂപ്പ് മാറി അവിടേക്ക് വരാനായിരുന്നു ക്ഷണമെല്ലാം. ഗ്രൂപ്പ് മാറി വരാനുള്ള ഈ ക്ഷണം ഇന്നും തുടരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തിലേക്ക് മാറിയാല്‍ എനിക്ക് ലഭിക്കുന്നതിനെക്കാള്‍ എത്രയോ ഇരട്ടി ഭൗതിക ലാഭമായിരിക്കും ഇവരുടെ ഗ്രൂപ്പിലേക്ക് മാറിയാല്‍ ലഭിക്കുക. ജമാഅത്തെ ഇസ്‌ലാമിയിലേക്ക് മാറിയാല്‍ ഇപ്പോള്‍ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തുഛമായ വരുമാനം പോലും നഷ്ടപ്പെടുകയാണ് ചെയ്യുക. ഞാന്‍ ശാന്തപുരം കോളേജില്‍ ക്ലാസ്സെടുക്കാന്‍ പോയിരുന്ന മാസങ്ങളിലും വലിയ തുകയൊന്നും അവര്‍ എനിക്ക് നല്‍കിയിരുന്നില്ല താനും. അതുകൊണ്ടുതന്നെ ഭൗതികപരമായ ലാഭമല്ല ആശയപരമായ സത്യസന്ധതയാണ് എന്റെ തുറന്നെഴുത്തിന് കാരണം.

സൂറഃ അല്‍അന്‍ആമിലെ 'നിങ്ങള്‍ അവരെ അനുസരിച്ചാല്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍ തന്നെയാണ്' എന്ന് പറയുന്ന 121-ാം സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് എന്റെ പരിഭാഷയില്‍ എഴുതിയത് ഉദ്ധരിക്കട്ടെ: ''ഇസ്‌ലാം ശവം ഭക്ഷിക്കല്‍ നിഷിദ്ധമാക്കിയപ്പോള്‍ ചില യുക്തിവാദികള്‍ മുസ്‌ലിംകളില്‍ ചിലരോടു ഇപ്രകാരം വാദിച്ചു: 'ഒരുജീവി ചാകുമ്പോള്‍ അല്ലാഹു അതിനെ സ്വയം വധിക്കുകയാണ്; മനുഷ്യര്‍ക്ക് യാതൊരു പങ്കുമില്ലാതെ. എന്നാല്‍ അറുക്കുന്ന സന്ദര്‍ഭത്തില്‍ മനുഷ്യര്‍ക്ക് ബാഹ്യമായ പങ്കുണ്ട്. അപ്പോള്‍ മുഹമ്മദ്, അല്ലാഹു സ്വയം വധിക്കുന്നതിനെ ഭക്ഷിക്കാന്‍ പാടില്ലെന്നും മനുഷ്യര്‍ വധിക്കുന്നതിനെ ഭക്ഷിക്കാമെന്നും പറയുന്നു.' ഈ സന്ദര്‍ഭത്തില്‍ ചില ദുര്‍ബല വിശ്വാസികളെ ഇവരുടെ ന്യായവാദം സ്വാധീനിച്ചു. ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിപ്പിക്കപ്പെടുന്നത്. താഴെ പറയുന്ന തത്ത്വങ്ങളിലേക്ക് ഈ സൂക്തം വെളിച്ചം നല്‍കുന്നു: അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കാനും അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കാനും അവകാശം നല്‍കികൊണ്ട് നാം ആരെയെങ്കിലും അനുസരിച്ചാല്‍ അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്...'' (ഖുര്‍ആനിന്റെ വെളിച്ചം 1/428). 2001-ലാണ് ഈ പരിഭാഷ പ്രസിദ്ധീകരിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. വിഗ്രഹത്തിന് അറുത്തത് ഭക്ഷിക്കല്‍ മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് ഒരൊറ്റ ഖുര്‍ആന്‍ വ്യാഖ്യാതാവെങ്കിലും വിശദീകരിച്ചത് ഞാന്‍ കണ്ടിട്ടില്ല. ഇപ്രകാരം വ്യാഖ്യാനിക്കാത്തവര്‍ ജമാഅത്തെ ഇസ്‌ലാമിയാണെങ്കില്‍ അമാനി മൗലവി ഉള്‍പ്പെടെയുള്ളവരെല്ലാം ജമാഅത്തെ ഇസ്‌ലാമിയാകും. ഉമര്‍ മൗലവിയെ ന്യായീകരിക്കാന്‍ വേണ്ടി ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഞാന്‍ അവസാനമായി എഴുതിയതിനോട് ജമാഅത്തെ ഇസ്‌ലാമിക്കും എതിര്‍പ്പുണ്ടാവുകയില്ലെന്ന് ഉറപ്പിക്കുന്നു. ''അല്ലാഹു അനുവദിച്ച ഭൗതിക വിഷയങ്ങളില്‍ അവന്റെ നിയമത്തിന് എതിരാവാതെ നിയമങ്ങള്‍ ഉണ്ടാക്കുന്നതും അത് നടപ്പാക്കുന്നതും ഇസ്‌ലാം അനുവദിച്ചതാണ്. മതം മനുഷ്യര്‍ക്ക് വിശാലമാകാന്‍വേണ്ടി'' (ഖുര്‍ആനിന്റെ വെളിച്ചം, 1/428).

 

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /29-31
എ.വൈ.ആര്‍