അല്‍ഫാതിഹ അഹങ്കാരത്തിനെതിരായ പ്രാര്‍ഥന
ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-20
''ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ നയിക്കേണമേ; നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍; നിന്റെ കോപത്തിനിരയായവരുടെ മാര്‍ഗത്തിലല്ല. വഴിപിഴച്ചവരുടെ മാര്‍ഗത്തിലുമല്ല''- എന്നാണ് അല്‍ഫാതിഹയിലെ അവസാന വാക്യങ്ങള്‍. ഇതില്‍ നേര്‍മാര്‍ഗം എന്നാല്‍ എന്തെന്ന ചോദ്യത്തിനുള്ള ഉത്തരം 'നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍' എന്നതില്‍ ഉണ്ട്. 'നീ അനുഗ്രഹിച്ചവര്‍' എന്ന ബഹുവചന പ്രയോഗം തീര്‍ച്ചയായും സര്‍വ പ്രവാചകന്മാരെയും ഉള്‍ക്കൊള്ളുന്നു. അതിനാല്‍ സര്‍വ പ്രവാചകന്മാരും കടന്നുപോയ വഴിയാണ് നേര്‍മാര്‍ഗം എന്നു പറയാം. പക്ഷേ, 'നേര്‍മാര്‍ഗത്തില്‍ ഞങ്ങളെ നയിക്കേണമേ' എന്ന പ്രാര്‍ഥന തീര്‍ത്തും പൂര്‍ണമല്ല. അതിനാലാണ് 'നിന്റെ കോപത്തിനിരയായവരുടെ മാര്‍ഗത്തിലല്ല, വഴിപിഴച്ചവരുടെ മാര്‍ഗത്തിലുമല്ല' എന്ന് എടുത്തു പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ എടുത്ത് പറഞ്ഞിരിക്കുന്നു എന്നതിനെപ്പറ്റി ചിലത് ചിന്തിക്കേണ്ടതുണ്ട്.
ചിന്തിക്കുന്നത് എന്തോ അതായിത്തീരുന്ന സ്വഭാവം മാത്രമല്ല മനുഷ്യ മനസ്സിനുള്ളത്. പറയുന്നതും കേള്‍ക്കുന്നതും കാണുന്നതുമായതിന്റെയെല്ലാം ഭാവസ്വരൂപങ്ങള്‍ കൈക്കൊള്ളുന്ന പ്രകൃതവും മനുഷ്യ മനസ്സിനുണ്ട്. നേര്‍മാര്‍ഗത്തില്‍ നയിക്കേണമേ എന്നും, കോപത്തിനിരയായവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗത്തിലാക്കരുതേ ഞങ്ങളെ എന്നും ആവര്‍ത്തിച്ചു പറയുന്ന ഏതൊരു മനുഷ്യനും മുഹമ്മദ് നബി ഉള്‍പ്പെടെയുള്ള പ്രവാചകവരിഷ്ഠന്മാരുടെ ജീവിതം ഓര്‍മിക്കും; അതോടൊപ്പം അല്ലാഹുവിന്റെ കോപത്തിനിരയായവരുടെയും വഴിപിഴച്ചവരുടെയും ജീവിതങ്ങളും അതിന്റെ ദുരന്തപരിണതികളും ഓര്‍മിക്കും. ഇത് വെളിച്ചവും ഇരുട്ടും പോലെ വ്യത്യസ്തമാണ്. അല്ലാഹു അനുഗ്രഹിച്ചവരുടെ ജീവിതവും അല്ലാഹുവിന്റെ കോപത്തിനിരയായവരുടെയും വഴികേടിലായവരുടെയും ജീവിതവും എന്ന തിരിച്ചറിവ് പകരുകയും ചെയ്യും. അങ്ങനെ വെളിച്ചത്തിലേക്കുള്ള തേട്ടം വര്‍ധിക്കും. ഇതാണ് 'ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ നയിക്കേണമേ' എന്നു പറഞ്ഞു നിര്‍ത്താതെ 'നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍; നിന്റെ കോപത്തിനിരയായവരുടെ മാര്‍ഗത്തിലല്ല, വഴിപിഴച്ചവരുടെ മാര്‍ഗത്തിലുമല്ല' എന്ന് പ്രത്യേകം എടുത്തു പറയാന്‍ കാരണമെന്നാണ് ഈയുള്ളവന്റെ ബോധ്യം. ഇത്തരമൊരു പ്രക്രിയ ഭാരതീയ ധര്‍മശാസ്ത്രങ്ങളിലും കാണുന്നുണ്ട്. നിത്യാനിത്യ വിവേകം എന്നാണ് അത് അറിയപ്പെടുന്നത്. ഈശ്വരന്‍ നിത്യമാണ്. പ്രപഞ്ചമോ അനിത്യവുമാണ്. ഈയൊരു ബോധ്യം ഉറപ്പിച്ചെടുക്കാവുന്ന വിധത്തില്‍ സര്‍വത്തെയും വിശകലനം ചെയ്യണം എന്നാണ് ഭാരതീയ ധര്‍മസംഹിതകള്‍ പഠിപ്പിക്കുന്നത്. ദൈവാനുഗൃഹീതരായ പ്രവാചകരുടെ മാര്‍ഗം നിത്യമാണ്; ഒരിക്കലും നശിക്കാത്തതാണ്. എന്നാല്‍ ദൈവകോപത്തിനിരയായവരുടെയും വഴിപഴച്ചവരുടെയും മാര്‍ഗം അനിത്യമാണ്, നശിക്കുന്നവയാണ്. പരീക്ഷണാര്‍ഥമുള്ള കഷ്ടാരിഷ്ടതകള്‍ ഒട്ടൊക്കെയുള്ളതെങ്കിലും ഒരിക്കലും നശിക്കാത്ത നിത്യമാര്‍ഗമാണ് അഥവാ സത്യമാര്‍ഗമാണ് ശാശ്വതം- അഥവാ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ മാര്‍ഗമാണ് ശാശ്വതം. ദൈവകോപത്തിനിരയായവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗം പ്രലോഭനീയമായി കാണപ്പെടാമെങ്കിലും ശാശ്വതമല്ല, നശിക്കുന്നതാണ്. ഈ രണ്ട് മാര്‍ഗങ്ങളും തമ്മിലുള്ള വ്യത്യാസം താരതമ്യം ചെയ്ത് മനസ്സിലാക്കി സുഖങ്ങള്‍ നിറഞ്ഞതെങ്കിലും എപ്പോള്‍ വേണമെങ്കിലും നശിക്കാവുന്ന മാര്‍ഗത്തേക്കാള്‍ കഷ്ടാരിഷ്ടതകള്‍ നിറഞ്ഞതെങ്കിലും ഒരിക്കലും നശിക്കാത്ത മാര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് നല്ലതെന്ന് മനുഷ്യന് ബോധ്യപ്പെടാനാണ് 'നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍, നിന്റെ കോപത്തിനിരയായവരുടെയും വഴികേടിലായവരുടെയും മാര്‍ഗത്തിലല്ല ഞങ്ങളെ നയിക്കേണ്ടതെ'ന്ന് അല്‍ഫാതിഹയില്‍ പറഞ്ഞിരിക്കുന്നതെന്ന് വേണം മനസ്സിലാക്കാന്‍.
ഇനി ആരാണ് കോപത്തിനിരയായവര്‍? ഖുര്‍ആന്‍ അത്തരക്കാരെ പറ്റി ധാരാളം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ആദം നബിയെ വണങ്ങാന്‍ ദൈവം മലക്കുകളോട് കല്‍പിച്ചപ്പോള്‍ വഴങ്ങാതിരുന്നു ഇബ്‌ലീസ്- അവനെയാണ് ചെകുത്താന്‍ എന്ന് ഇപ്പോള്‍ പൊതുവെ ജനം പറഞ്ഞുവരുന്നത്- മുതല്‍ ഫറവോന്‍ രാജാവ് വരെ അല്ലാഹുവിന്റെ കോപത്തിനിരയായവരാണ്. ഇതില്‍ നിന്ന് അല്ലാഹു എത്തരക്കാരോടാണ് കോപിക്കുക എന്ന് മനസ്സിലാക്കാം. ഇബ്‌ലീസിനും ഫറവോനും ഉണ്ടായിരുന്ന പൊതുവായ ഒരു സ്വഭാവം അഹങ്കാരമാണ്. 'അഗ്നിയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ഞാന്‍ എന്തിനു മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ആദം എന്ന ആദ്യത്തെ മനുഷ്യനെ വണങ്ങണം?' ഇത്തരമൊരു ചിന്തയാല്‍ അഹങ്കാരഭരിതനായിരുന്നതിനാലാണ് ഇബ്‌ലീസ് ആദം നബിയെ വണങ്ങാന്‍ കൂട്ടാക്കാതിരുന്നത്. ഈ അനുസരണക്കേടിനാലാണ് ഇബ്‌ലീസ് അല്ലാഹുവിന്റെ കോപത്തിന് ഇരയായിത്തീര്‍ന്നതും. ആകാശവും ആദിത്യ ചന്ദ്രന്മാരും വായുവും അഗ്നിയും വെള്ളവും മണ്ണും എല്ലാം എല്ലാം സൃഷ്ടികളാണ്. അതിനാല്‍ ഏതു സൃഷ്ടിയില്‍ നിന്നുണ്ടാക്കപ്പെട്ടതും അല്ലാഹുവിന്റെ സമക്ഷത്തില്‍ തുല്യരുമാണ്. അഗ്നിയില്‍ നിന്നുണ്ടായവന് പ്രത്യേക പദവിയൊന്നും അല്ലാഹുവിങ്കല്‍ ഇല്ലെന്നര്‍ഥം. ഇത് മനസ്സിലാക്കാനുള്ള വിനയം ദൈവസാമീപ്യത്തില്‍ കഴിഞ്ഞുവന്നിട്ടും അഹങ്കാരത്താല്‍ ഇബ്‌ലീസിനുണ്ടാകാതെ പോയി. മറ്റെന്തിനോടും അല്ലാഹു പൊറുക്കും; പക്ഷേ, അഹങ്കാരത്തോട് അല്ലാഹു പൊറുക്കുകയില്ല. ഈ പരമാര്‍ഥമാണ് ഇബ്‌ലീസിന്റെ കാര്യത്തിലൂടെ വിശുദ്ധ ഖുര്‍ആന്‍ ധ്വനിപ്പിക്കുന്നത്.
അദൃശ്യ ലോകത്തെ അനുഗൃഹീതരില്‍ പെട്ടവരുടെ അഹങ്കാരം പൊറുക്കാത്ത അല്ലാഹു ദൃശ്യലോകത്തിലെ മനുഷ്യരുടെ അഹങ്കാരവും പൊറുക്കുകയില്ല. ഇതിനുള്ള ദൃഷ്ടാന്തമാണ് വിശുദ്ധ ഖുര്‍ആനില്‍ പലവുരു ആവര്‍ത്തിച്ച് ആഖ്യാനം ചെയ്യപ്പെടുന്ന ഫറവോന്‍ ചക്രവര്‍ത്തിയുടെ സംഭവത്തില്‍ കാണുന്നത്. 'നാടുവാഴുന്ന ഞാന്‍ തന്നെയാണ് ജനങ്ങളാല്‍ ആരാധിക്കപ്പെടേണ്ട ദൈവം' എന്നിടത്തേക്ക് വരെ ഫറവോന്റെ അഹങ്കാരം പനപോലെ വളര്‍ന്നു. ഫലമോ മുങ്ങിമരണവും സര്‍വനാശവും. എത്ര വലിയ ചക്രവര്‍ത്തി ആണെങ്കിലും കടല്‍ത്തിരകളെ അടക്കാനാവില്ല. ഇക്കാര്യം ബോധ്യപ്പെടും മുമ്പേ ഫറവോന്റെ അഹങ്കാരം വീര്‍പ്പുമുട്ടി പൊലിഞ്ഞുപോയി. എന്നാല്‍ അല്ലാഹുവിന്റെ വിനീത ദാസന്മാരായിരുന്നവര്‍ കടലിനോട് പിളരാന്‍ ആജ്ഞാപിച്ചപ്പോള്‍ കടല്‍ പിളര്‍ന്നു എന്നതിന് മൂസാ നബിയുടെ ജീവിതവൃത്താന്തത്തിലൂടെ തെളിവു ലഭിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹവും അനുവാദവും നേടാവുന്ന വിധം അല്ലാഹുവില്‍ സര്‍വ സമര്‍പ്പണം ചെയ്യുന്ന മനുഷ്യര്‍ക്ക് കടലിനെ പിളര്‍ക്കാനാവും. പക്ഷേ, ചെങ്കോലും കിരീടവും വന്‍ സൈന്യ സന്നാഹങ്ങളും സ്വന്തമായുണ്ടെന്ന അഹങ്കാരത്താല്‍ അല്ലാഹുവിനെ വണങ്ങാനുള്ള വിനയം നഷ്ടപ്പെട്ടവര്‍ക്ക് എത്ര വലിയ ചക്രവര്‍ത്തിയാണെങ്കിലും കടലിനെ അടക്കാനാവില്ല. ഫറവോന്റെ ജീവിതവൃത്താന്തം ഇതത്രേ പഠിപ്പിക്കുന്നത്.
ഖുര്‍ആനില്‍ ഫറവോനെപ്പറ്റി വായിക്കുമ്പോഴൊക്കെ ഓര്‍ത്തുപോകാറുള്ള മറ്റൊരു ഇന്ത്യന്‍ പുരാണകഥാ പാത്രമുണ്ട്, പ്രഹ്ലാദന്റെ പിതാവായ ഹിരണ്യന്‍. ആരും സര്‍വേശ്വരന്റെ നാമമായ നാരായണ എന്നത് ജപിക്കരുതെന്നും എല്ലാവരും 'ഹിരണ്യായനമഃ' എന്നു ജപിക്കണമെന്നും അധികാരമദോന്മത്തമായ അഹങ്കാരത്തോടെ കല്‍പന പുറപ്പെടുവിച്ച ആളാണ് അസുര ചക്രവര്‍ത്തിയായ ഹിരണ്യന്‍. അഹങ്കാരം അസഹ്യമായതോടെ സര്‍വേശ്വരന്റെ സിംഹ പരാക്രമം അയാളുടെ കഥ കഴിച്ചു. ഇതിനെയാണ് നരസിംഹാവതാരം എന്നു പറയുന്നത്. ചുരുക്കത്തില്‍ അഹങ്കാരികളാണ് സര്‍വേശ്വര കോപത്തിനിരയായവര്‍ എന്നു സര്‍വ മതവിശ്വാസങ്ങളിലെയും പ്രമാണ ഗ്രന്ഥങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനാല്‍ 'കോപത്തിനിരയായവരുടെ മാര്‍ഗത്തിലല്ല' എന്ന ഫാതിഹാ വാക്യത്തിന് അഹങ്കാരത്തിന്റെ വഴിയിലേക്ക് തള്ളരുതേ എന്നാണ് അര്‍ഥമെന്ന് പറയാം.
എന്താണ് അഹങ്കാരം? അല്ലാഹുവിന്റെ സര്‍വാധിപത്യത്തില്‍ പങ്കുചേര്‍ക്കുന്ന നിലപാടാണ് അഹങ്കാരം. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡങ്ങള്‍ മുഴുവനും അല്ലാഹുവിന്റെ സ്വത്തും സ്ഥാനവുമാണ്. ഒരില പോലും അല്ലാഹു അറിയാതെ തളിര്‍ക്കുന്നില്ല, കൊഴിയുന്നുമില്ല. എന്നിരിക്കെ രാജ്യം എന്റെയാണ്, ഈ മതം എന്റെയാണ്; ഈ ഉടലും ഉയിരും എന്റെയാണ് എന്നൊക്കെ ഉറപ്പിച്ച് തന്നിഷ്ടം ചെയ്തുപോകുന്ന പ്രവണതയുണ്ടല്ലോ അതാണ് അഹങ്കാരം. തന്നിഷ്ടത്തെ തന്റെ ദൈവമാക്കുന്ന സ്വഭാവമാണ് അഹങ്കാരം. ഈ അഹങ്കാരം എത്രത്തോളം കനപ്പെട്ടതാണോ അത്രയും കഠിനതരമായിരിക്കും അല്ലാഹുവില്‍നിന്നുള്ള കോപവും. ഭൂമിയിലെ ഏതെങ്കിലും പ്രദേശം ഹിന്ദുക്കളുടെയാണെന്ന് പറയുന്നത് അഹങ്കാരമാണ്. യഹൂദരുടെയോ മുസ്‌ലിംകളുടെയോ ക്രൈസ്തവരുടെയോ ബൗദ്ധരുടെയോ ആണെന്ന് പറയുന്നതും അഹങ്കാരമാണ്. യഥാര്‍ഥത്തില്‍ ഭൂമി ഉള്‍പ്പെടെ സര്‍വവും അല്ലാഹുവിന്റേതാണ്. ദൈവം അനുവദിക്കുന്നേടത്തോളം നമ്മള്‍ക്കിവിടെ പാര്‍ക്കാം; അത്രയേയുള്ളൂ. ഇക്കാര്യം ഇങ്ങനെ തിരിച്ചറിഞ്ഞാല്‍ മാത്രമേ സര്‍വ സമര്‍പ്പണത്തിലേക്ക് പ്രവേശിക്കാനാവൂ. സര്‍വ സമര്‍പ്പണത്തിലേക്ക് പ്രവേശിക്കലാണ് നേര്‍മാര്‍ഗം. അതിന് എല്ലാം അല്ലാഹുവിന്റേതാണെന്ന പരമാര്‍ഥത്തിന് വിരുദ്ധമായി നമ്മില്‍ നിലനില്‍ക്കുന്ന 'ഇതെന്റെ സ്വന്തമാണ്' എന്ന മട്ടിലുള്ള മനോഭാവങ്ങളെ - അഹങ്കാരങ്ങളെ- അതിജയിക്കണം. അഹങ്കാരത്തെ അതിജയിക്കല്‍ അഥവാ അവനവനെ ജയിക്കല്‍. ഭഗവദ് ഗീതയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ജിതേന്ദ്രിയനാകല്‍' തന്നെയാണ് വലിയ ജിഹാദ്. അഹങ്കാരത്തെ അതിജയിക്കുന്ന ഈ വലിയ ജിഹാദ് ചെയ്യുന്നവരായിരിക്കാന്‍ ഞങ്ങളെ തുണക്കേണമേ എന്നാണ് 'നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍, നിന്റെ കോപത്തിനിരയായവരുടെ മാര്‍ഗത്തിലല്ല' എന്ന ഫാതിഹാ വാക്യത്തില്‍ നിന്ന് ഈയുള്ളവന് വായിച്ചെടുക്കാനായ അര്‍ഥ താല്‍പര്യങ്ങള്‍ എന്ന് സവിനയം രേഖപ്പെടുത്തട്ടെ.
അഹങ്കാരം അനുഗ്രഹമാണെന്ന് പഠിപ്പിക്കുന്ന ഒരു വേദഗ്രന്ഥവും ഇല്ലെന്നതിനാലാണ് ഏതു വേദഗ്രന്ഥത്തെ പ്രമാണമാക്കുന്ന ഏതു വിഭാഗക്കാരായ വിശ്വാസികള്‍ക്കും അല്‍ഫാതിഹ ചൊല്ലുന്നതുകൊണ്ട് പാകപ്പിഴയേതും ഉണ്ടാവില്ലെന്ന് പറഞ്ഞത്. കാരണം അല്‍ഫാതിഹ അഹങ്കാരത്തിനെതിരായ പ്രാര്‍ഥനയാണ്. സര്‍വ സമര്‍പ്പണത്തിന്റെ പ്രശാന്തിയിലേക്ക് അഥവാ അഹങ്കാര ഭാരമില്ലാത്ത മനോമംഗളത്തിലേക്ക് മനുഷ്യനെ നയിക്കുന്ന പ്രാര്‍ഥനയാണ് അല്‍ഫാതിഹ എന്നു ചുരുക്കം.
(തുടരും)
Comments