Prabodhanm Weekly

Pages

Search

2015 ജൂണ്‍ 12

പുനര്‍നിര്‍ണയിക്കപ്പെടുന്ന മുസ്‌ലിം യുവതിയുടെ കര്‍തൃത്വം

ഫാസില എ.കെ /കവര്‍‌സ്റ്റോറി

         കുടുംബത്തിലെയും നാട്ടിലെയും കാരണവന്മാര്‍ക്ക്, കാരണോത്തിമാര്‍ക്ക് യുവാക്കളുടെ ലോകം എന്നും നിഗൂഢവും പൊല്ലാപ്പ് നിറഞ്ഞതുമാണ്. അതേസമയം, ഓരോ കാലഘട്ടത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും സമയാ സമയങ്ങളില്‍ അവയുടെ ഗതി നിര്‍ണയിച്ചതും യുവജനങ്ങള്‍ തന്നെയാണ് താനും. ഭാഷ, കല, വസ്ത്രം, ഭക്ഷണം എന്നിവയിലൊക്കെ പുതുമകള്‍ തേടിയതും തങ്ങളുടെ വാര്‍പ്പ് മാതൃകകളോട് കലഹിച്ചതും പ്രതിരോധിച്ചതും പൊളിച്ചടുക്കിയതും യുവാക്കള്‍ തന്നെയാണ്. അതുകൊണ്ട് ഓരോ സമൂഹത്തിന്റെയും പുരോഗതിയുടെയും സാമൂഹിക വ്യതിയാനങ്ങളുടെയും പഠനങ്ങള്‍ക്കായി അതത് സമൂഹത്തിലെ യുവാക്കളുടെ ഭാഷ, വിനോദം, വസ്ത്രധാരണം തുടങ്ങിയ പല കാര്യങ്ങളെയും മാനദണ്ഡമാക്കാറുണ്ട്. എന്നാല്‍ യുവത്വത്തെക്കുറിച്ച നമ്മുടെ ബോധങ്ങള്‍ എപ്രകാരം പുരുഷാധിപത്യപരമാണോ അത്ര തന്നെ 'പൗരുഷ'മുണ്ട് കേരളത്തിലെ യുവ സംസ്‌കാര വ്യവഹാരങ്ങള്‍ക്ക്. കാരണം ഇത്തരം വ്യവഹാരങ്ങളില്‍ നിന്ന് പൊതുവെ അപ്രത്യക്ഷമാണ് യുവതികളുടെ ജീവിതരീതികളും ഇഷ്ടാനിഷ്ടങ്ങളും. മുസ്‌ലിം സമുദായത്തിനകത്തും സ്ഥിതി ഒട്ടും വ്യത്യസ്തമല്ലെന്ന് മുസ്‌ലിം യുവജന പ്രസ്ഥാനങ്ങളുടെ ഘടനയും അവയുടെ നയപരിപാടികളും പരിശോധിച്ചാല്‍ മനസ്സിലാവും.

അതിനാല്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീയുടെ യൗവന കാലത്തെ ഇടങ്ങളെയും ഇടപെടലുകളെയും കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ വെളിച്ചത്തില്‍ ചില കാര്യങ്ങള്‍ വരഞ്ഞിടാന്‍ ശ്രമിക്കുകയാണ്. 

സമ്പന്ന പൈതൃകത്തിന്റെ തുടര്‍ച്ച

പണ്ട് മുതലേയുള്ള മുസ്‌ലിംകളുടെ വാണിജ്യ -വ്യവസായങ്ങളും സാംസ്‌കാരിക വിനിമയങ്ങളുമെല്ലാം മുസ്‌ലിം സ്ത്രീയുടെ ഭാഷയിലും വസ്ത്രത്തിലും ഭക്ഷണത്തിലുമൊക്കെ നന്നായി സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ഭര്‍തൃഗൃഹങ്ങളില്‍ ആണധികാരത്തിനു കീഴില്‍ ഹോമിക്കപ്പെട്ട മുസ്‌ലിം യുവതിയുടെ ഭൂതകാലത്തിനെ നമുക്ക് പോസിറ്റീവായും വായിക്കാന്‍ ശ്രമിക്കാം. ഭാഷാ-സാംസ്‌കാരിക-വാണിജ്യ ഇടപാടുകളിലൂടെ സമ്പന്നമായ മുസ്‌ലിം പൈതൃകത്തിന്റെ ഗുണഭോക്താക്കള്‍ മുസ്‌ലിം സ്ത്രീകള്‍ കൂടിയായിരുന്നു. വീടകങ്ങളിലെ വലിയ അടുക്കളകള്‍ മുതല്‍ കൃഷിയും മറ്റു സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വരെ തന്റേടത്തോടെ മേല്‍നോട്ടം വഹിച്ചിരുന്ന മുസ്‌ലിം ചെറുപ്പക്കാരികളുണ്ടായിരുന്നു. ഗള്‍ഫ് കുടിയേറ്റം തുടങ്ങിയതിന് ശേഷം, മലബാറിന്റെ സാമ്പത്തിക പ്രവണതകളെയും മാര്‍ക്കറ്റ് താല്‍പര്യങ്ങളെയും നിയന്ത്രിക്കുന്ന ഗള്‍ഫ് ഭാര്യമാര്‍ അവരുടെ മക്കളോ പേരക്കുട്ടികളോ ഒക്കെയാണ്. ഇതര സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ അര്‍ഥത്തിലും വിജ്ഞാന സമ്പാദനം നിഷേധിക്കപ്പെട്ടിരുന്ന സമയത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ മദ്‌റസാ പഠനം നടത്തുകയും മാതൃഭാഷ അല്ലാത്ത അറബി മലയാള ഭാഷയില്‍ പ്രാവീണ്യം നേടുകയും ചെയ്തിരുന്നു. സമ്പന്നമായ അറബി മലയാള വായനാ ലോകം അവര്‍ക്കുണ്ടായിരുന്നു. മാലപ്പാട്ടുകളുടെ ബൃഹത് ശേഖരം അവര്‍ക്ക് ഹൃദിസ്ഥമായിരുന്നു. ഇസ്‌ലാമിക പ്രമാണങ്ങളിലും പ്രവാചക ചരിത്രങ്ങളിലും ആഴത്തില്‍ അറിവുണ്ടായിരുന്ന കുറെ യുവതികള്‍ മൊല്ലാച്ചിമാരെന്ന പേരില്‍ പുതു തലമുറക്ക് അറിവ് പകര്‍ന്ന് നല്‍കാന്‍ തയാറായി. ബൈത്തുകളും മാലപ്പാട്ടുകളും ഹൃദിസ്ഥമാക്കാന്‍ മത്സരിച്ചിരുന്ന അന്നത്തെ ആ ചെറുപ്പക്കാരികളുടെ നാവിലൂടെയാണ് രേഖപ്പെടുത്തപ്പെടാത്ത ഒരു കാലഘട്ടം നമുക്ക് മുന്നില്‍ അനാവൃതമാവുന്നത്. പ്രവാചക കുടുംബത്തെയും അനുയായികളെയും കുറിച്ച് നിമിഷ നേരം കൊണ്ട് പാട്ട് കെട്ടിപ്പാടി വിവാഹമടക്കമുള്ള ആഘോഷവേളകളെ സാംസ്‌കാരിക വിനിമയത്തിന്റെ സമ്പന്ന വേദികളാക്കിയതും അക്കാലത്തെ മാപ്പിള പെണ്‍കൊടികളാണ്.

വസ്ത്രത്തിലും ഭക്ഷണത്തിലും അടക്കം എല്ലാ പുതിയ ഫാഷനുകളെയും എളുപ്പത്തില്‍ സ്വാംശീകരിക്കുന്ന മുസ്‌ലിംസ്ത്രീയുടെ സവിശേഷത കാരണം ഇത്തരം വിഷയങ്ങളില്‍ ഇതര സമുദായ സ്ത്രീകളുടെ അസൂയാര്‍ഹരായ മാതൃകകളായിരുന്നു മുസ്‌ലിം ചെറുപ്പക്കാരികള്‍. സിലോണ്‍, സിംഗപ്പൂര്‍ മുതലായ നാടുകളുമായുള്ള മുസ്‌ലിംകളുടെ ബന്ധങ്ങള്‍ വഴി സില്‍ക്കിന്റെയും നൈലോണിന്റെയും തുണിത്തരങ്ങള്‍ ആദ്യമുപയോഗിക്കുന്നത് മുസ്‌ലിം പെണ്‍കുട്ടികളായിരുന്നു. പുതിയ സ്റ്റൈലുകളെയും ഫാഷനുകളെയും ഇസ്‌ലാമിക മാനങ്ങളോടു കൂടി സ്വാംശീകരിക്കാന്‍ ശ്രമിക്കുന്ന ന്യൂജനറേഷന്‍ മുസ്‌ലിം യുവതികളുടെ ആവേശവും, പൊരുതാനുള്ള ചങ്കുറപ്പും അവര്‍ക്ക് അവരുടെ ഉമ്മയുമ്മൂമമാരില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്.

ട്രന്റുകളെ നിര്‍ണയിക്കുന്നു

എക്കാലത്തും അതത് സമയങ്ങളിലെ സ്ത്രീകളുടെ ട്രന്റുകളെ നിര്‍ണയിക്കുന്നതിലും അത് നടപ്പാക്കുന്നതിലും വലിയ സ്വാധീനം ചെലുത്തിയിരുന്നു മുസ്‌ലിം യുവതികള്‍. തുടക്കം മുതലേയുള്ള വിദേശ ബന്ധങ്ങളില്‍ നിന്നാര്‍ജിക്കുന്ന വിദേശ ട്രന്റുകളെ ഇസ്‌ലാമിക മാനങ്ങളോടെ സ്വാംശീകരിക്കാനും, അതിന് സാധ്യമല്ലെങ്കില്‍ അവയെ ഇസ്‌ലാമീകരിച്ച് ശീലിക്കാനും മിടുക്കികളാണിവര്‍. പ്രവണതകളെ സൃഷ്ടിക്കാനും സ്വാംശീകരിക്കാനും ഉള്ള ഈ കഴിവ് മുസ്‌ലിം സ്ത്രീകളുടെ പൈതൃക സ്വത്താണ്. മലബാറിലെ വസ്ത്ര വ്യാപാര മേഖല ഇതിന് മികച്ച ഉദാഹരണമാണ്. മുസ്‌ലിംകള്‍ ധാരാളമായി താമസിക്കുന്ന മലബാറിലാണ് കേരളത്തിലെ എല്ലാ പുതിയ മോഡല്‍ വസ്ത്രങ്ങളും ആദ്യമിറങ്ങുന്നത്. മുസ്‌ലിം വസ്ത്രധാരണ രീതിയെ സമന്വയിപ്പിച്ച് മലബാറിലേക്ക് വേണ്ടി മാത്രം ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളുമുണ്ട്. പര്‍ദ മുസ്‌ലിം സ്ത്രീകളെ ഒറ്റ വസ്ത്രധാരണ രീതിയിലേക്ക് ചുരുക്കുന്നു എന്ന് ആശങ്കപ്പെടുന്നവര്‍ ശ്രദ്ധിക്കാതെ പോവുന്നത്, മുസ്‌ലിം യുവതികളാണ് ഏറ്റവും വൈവിധ്യപൂര്‍ണമായി വസ്ത്രം ധരിക്കുന്നതെന്ന യാഥാര്‍ഥ്യമാണ്. ഹിജാബ് ധരിക്കാന്‍ ഏറ്റവും മനോഹരവും വൈവിധ്യവുമായ വഴികള്‍ തെരഞ്ഞെടുക്കുന്ന മുസ്‌ലിം യുവതികളുടെ ക്രിയാത്മകത അവരുടെ വസ്ത്രധാരണ രീതികളില്‍ പ്രകടമാണ്.

മുസ്‌ലിം യുവതികള്‍ക്കിടയിലെ ട്രെന്റുകളെ അവയുടെ ദൃശ്യതയുടെ  അടിസ്ഥാനത്തില്‍ ബാഹ്യം, ആന്തരികം എന്ന് രണ്ടായി തരം തിരിക്കാന്‍ കഴിയും. പൊതു സമൂഹവുമായി നേരില്‍ ബന്ധപ്പെടുന്നതും സമൂഹത്തിന് പ്രത്യക്ഷത്തില്‍ ദൃശ്യപ്പെടുന്നതുമായ പ്രവണതകളാണ് ബാഹ്യ പ്രവണതകള്‍. വസ്ത്രധാരണം, വിദ്യാഭ്യാസം, പൊതു പ്രവര്‍ത്തനം, കലാ സാഹിത്യ മേഖലകളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഇവയൊക്കെ പൊതുസമൂഹത്തിന് പെട്ടെന്ന് ദൃശ്യപ്പെടുന്നതും അവ ആധുനിക സൂചകങ്ങളുമാണ്. എന്നാല്‍ വിവാഹം, ശിശുപരിപാലനം, വായന, ഹോം മേക്കിംഗ് ഇവയിലെല്ലാം മുസ്‌ലിം യുവതി വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പൊതുസമൂഹം അശ്രദ്ധരാണ്. മാത്രമല്ല, അവയത്രയും പൊതുസമൂഹത്തിന് ദൃശ്യവുമല്ല.

ശാക്തീകരണവും ആധുനിക നിര്‍വചനങ്ങളും

മുസ്‌ലിം യുവതിയുടെ പ്രവര്‍ത്തന മേഖലകളെയും നിലപാടുകളെയും ശാക്തീകരണത്തിന്റെ ആധുനിക നിര്‍വചനങ്ങള്‍ക്കകത്ത് വെച്ച് വായിക്കാനും അടയാളപ്പെടുത്താനും ശ്രമിക്കുന്നവര്‍ നിരാശരാവുകയേയുള്ളൂ. കാരണം മുസ്‌ലിം സ്ത്രീയുടെ ശാക്തീകരണത്തിന്റെ മാനം ഇസ്‌ലാമില്‍ നിന്നുരുത്തിരിഞ്ഞ് വന്നതാണ്. അതുകൊണ്ടാണവള്‍ക്ക് വിവാഹവും പ്രസവവും വിദ്യാഭ്യാസത്തിനും തൊഴിലിനും തടസ്സമെന്ന നിലയില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്തത്. മുസ്‌ലിം വിദ്യാര്‍ഥിനികളുടെ ഔദ്യോഗിക വിദ്യാഭ്യാസ രംഗത്തേക്കുള്ള കടന്നുവരവിനെ വിപ്ലവകരമായി അടയാളപ്പെടുത്തുന്നവര്‍ ആശങ്കയോടെ അവതരിപ്പിക്കുന്ന മറ്റൊരു യാഥാര്‍ഥ്യമുണ്ട്; ഔദ്യോഗിക തൊഴിലിടങ്ങളില്‍ ആനുപാതികമായ മുസ്‌ലിം സ്ത്രീ തൊഴിലാളി സാന്നിധ്യം കാണാറില്ല എന്ന്. വിവാഹത്തിലേക്ക് വളര്‍ത്തപ്പെടുന്ന പെണ്‍കുട്ടിയുടെ യോഗ്യത മാത്രമാണ് ഉന്നത വിദ്യാഭ്യാസം എന്നാണ് പൊതുവെ ഇതിന് കാരണം പറയാറുള്ളത്. എന്നാല്‍, തൊഴിലിലേക്കുള്ള ചൂണ്ടു പലകയാവുന്നതിനെക്കാളുപരി മാനങ്ങളുള്ളതാണ് മുസ്‌ലിം വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം. സാമ്പത്തിക സുസ്ഥിരതക്ക് അത്യന്താപേക്ഷിതമായത് കൊണ്ട് മാത്രം തൊഴിലെടുക്കുന്ന മുസ്‌ലിം യുവതികളുണ്ട്; കരിയറില്‍ ഉന്നത ലക്ഷ്യങ്ങളോടെ വിദ്യാഭ്യാസം നേടി തൊഴിലെടുക്കുന്നവരുമുണ്ട്. വൈജ്ഞാനികാടിത്തറയുള്ള ഒരു സമുദായത്തിന്റെ ഭാഗമായി നില്‍ക്കണമെന്നും, ആര്‍ജിച്ച അറിവ് അടുത്ത തലമുറകളിലേക്ക് പകര്‍ന്നു നല്‍കണമെന്നും പറയുന്ന യുവതികള്‍, പുരോഗമന ഫെമിനിസ്റ്റുവാദികള്‍ക്കിപ്പോഴും മുസ്‌ലിംസമുദായത്തിനകത്തെ ആണധികാരത്തിന്റെ ഇരയാണ്. ആധുനിക വിദ്യാഭ്യാസം വേണ്ടെന്ന് വെച്ച് ആണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കിയിരുന്ന ഉന്നത മതകലാലയങ്ങളില്‍ പ്രത്യേകാനുമതിയോടെ പ്രവേശനം നേടിയെടുക്കുന്ന മുസ്‌ലിം യുവതികളും ഇവര്‍ക്ക് അത്ഭുതമായിരിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗര്‍ഭിണികളായ വിദ്യാര്‍ഥിനികളെ കൂടി പരിഗണിക്കുംവിധം അടിസ്ഥാന സൗകര്യങ്ങളും സയന്‍സ് ലാബുകളും സജ്ജീകരിക്കണമെന്നും മെറ്റേണിറ്റി ലീവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥാപനാധികൃതര്‍ക്ക് നിവേദനം സമര്‍പ്പിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനി സംഘടനകള്‍ ഇവര്‍ക്ക് പിന്തിരിപ്പന്മാരായിരിക്കും.

മുസ്‌ലിം യുവതിയുടെ രാഷ്ട്രീയബോധം

ആധുനികതയുടെ ന്യായങ്ങള്‍ക്ക് പുറത്ത് നില്‍ക്കുമ്പോഴും മുസ്‌ലിം യുവതികള്‍ ആധുനികമായ ചില പ്രവണതകളെ ഇസ്‌ലാമൈസ് ചെയ്ത് സ്വീകരിക്കാറുണ്ട്. മുസ്‌ലിം യുവതികള്‍ സ്വയം കണ്ടെത്തുന്നതായാലും, മുന്‍ഗാമികളില്‍ നിന്നോ ഇതര സമാന്തര സമൂഹങ്ങളില്‍ നിന്നോ സ്വീകരിക്കുന്നതായാലും മാറ്റങ്ങളെ സ്വാംശീകരിക്കുമ്പോള്‍ അടിസ്ഥാനമാക്കുന്നത് തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ തന്നെയാണ്. പ്രവാചകന്റെയും അനുയായികളുടെയും മാതൃകകളെ തങ്ങള്‍ അവതരിപ്പിക്കുന്ന മാറ്റങ്ങള്‍ക്ക് പിന്‍ബലമായി കൊണ്ടുവരാറുണ്ട് പുതുതലമുറ മുസ്‌ലിം യുവതികള്‍. തങ്ങള്‍ സ്വീകരിക്കുന്ന മാറ്റങ്ങള്‍ക്ക് സമൂഹത്തിലും സമുദായത്തിനകത്തും ആധികാരികത നല്‍കാന്‍ കൂടി വേണ്ടിയുള്ള ശ്രമമാണിത്.

ഉന്നത വിദ്യാഭ്യാസം തേടി കേരളത്തിനു പുറത്തെ സര്‍വകലാശാലകളിലേക്ക് പോവുന്ന മുസ്‌ലിം യുവതികളുടെ എണ്ണത്തില്‍ അത്ഭുതകരമായ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ഇസ്‌ലാമിക വ്യവഹാരങ്ങളിലൂന്നി അക്കാദമിക ചര്‍ച്ചകളിലിടപെടുന്ന മുസ്‌ലിം യുവതികള്‍ ഇസ്‌ലാം ഒരു പുരുഷാധികാര വ്യവസ്ഥയാണെന്ന ഇവരുടെ ധാരണകളെ ഇല്ലാതാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിവില്‍ സര്‍വീസ് അടക്കമുള്ള ഉന്നത ജോലി സാധ്യതകളെ ലക്ഷ്യം വെച്ച് തയാറെടുത്തുകൊണ്ടിരിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരികളുണ്ട്. കേരളത്തിനകത്തും പുറത്തും വ്യത്യസ്ത മേഖലകളില്‍ ഗവേഷണ പഠനം നടത്തിക്കൊണ്ടിരിക്കുന്നവരുമുണ്ട്. ഇവരില്‍ സാമൂഹിക, സാഹിത്യ മേഖലകളിലെ മിക്കവാറും ഗവേഷകരുടെ ഗവേഷണ വിഷയം മുസ്‌ലിം സ്ത്രീയുമായും അവളുടെ ചരിത്രവുമായും ബന്ധപ്പെട്ടതാണ്. സവര്‍ണ വര്‍ഗം കൈയടക്കിവെച്ചിരിക്കുന്ന ഇത്തരം അധികാര ഗവേഷണ മേഖലകളില്‍ സമുദായത്തെ പ്രതിനിധീകരിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നിവര്‍ പറയുന്നു.

ശിരോവസ്ത്രത്തിന്റെയും പര്‍ദയുടെയും പേരില്‍ ഏറ്റവുമധികം ക്രൂശിക്കപ്പെടുമ്പോഴും മുസ്‌ലിം യുവതികള്‍ അവയൊഴിവാക്കാത്തത് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ അവര്‍ക്ക് മേല്‍ വിജയിച്ചത് കൊണ്ടോ മുസ്‌ലിം പുരുഷ മേല്‍ക്കോയ്മയെ ഭയന്നിട്ടോ ഒന്നുമല്ല. അതവരുടെ വിശ്വാസവുമായുള്ള ബന്ധം കാരണമാണ്. കേരളത്തിന് പുറത്ത് ഉന്നത വിദ്യാഭ്യാസം തേടുന്ന മലയാളി പെണ്‍കുട്ടികള്‍ക്കിടയില്‍ ടി-ഷര്‍ട്ടുകളും സ്ലീവ് ലസ് ടോപ്പുകളും വ്യാപകമായി കണ്ടുവരാറുണ്ട്. എന്നാല്‍, ഈ മാറ്റം ഇതേ അളവില്‍ ഇതേ രൂപത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ കാണാന്‍ സാധിക്കില്ല. വസ്ത്രധാരണത്തെ ഫാഷന്‍ എന്നതിലുപരി രാഷ്ട്രീയ കാഴ്ചപ്പാടുമായി ബന്ധിപ്പിക്കുന്നതുകൊണ്ടാണിത്. മുഴുവന്‍ മൂടുന്ന വസ്ത്രധാരണ രീതിയെ ആക്ഷേപിക്കുന്ന തരം ചര്‍ച്ചകള്‍ നടന്ന അതേ സമയത്ത് തന്നെ, ഹിജാബിന്റെ വന്‍ തോതിലുണ്ടായ വ്യാപനം സൂചിപ്പിക്കുന്നത് രക്ഷാകര്‍തൃ ഭാവങ്ങളോടുള്ള പ്രതിഷേധം കൂടിയാണ്. ഭീകര-തീവ്രവാദ വേട്ടയുടെ സമയങ്ങളില്‍ മുസ്‌ലിം യുവതികള്‍ക്ക് ഹിജാബ് പ്രതിരോധത്തിന്റെയും ഐക്യപ്പെടലിന്റെയും കൂടി അടയാളമാണ്.

കര്‍തൃത്വം കുടുംബ ജീവിതത്തില്‍

കുടുംബത്തിനകത്തെ തങ്ങളുടെ കര്‍തൃത്വത്തെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട് മുസ്‌ലിം യുവതികള്‍ക്ക്. പണ്ട് മുതലേ സ്ത്രീകള്‍ കുടുംബത്തിനകത്ത് നിര്‍വഹിച്ചുവരുന്ന റോളുകളെ കുറിച്ച് തീര്‍ത്തും പുതിയ കാഴ്ചപ്പാടും ഇവര്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെയുള്ള അവകാശ നിഷേധങ്ങളെന്ന് മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും പറഞ്ഞ പല കാര്യങ്ങളിലും മുസ്‌ലിം യുവതികള്‍ തന്നെ നിലപാടറിയിച്ചിരിക്കുന്നു. വിവാഹത്തില്‍ വരനെ തെരഞ്ഞെടുക്കുന്നിടത്തോ മഹ്‌റാവശ്യപ്പെടുന്നേടത്തോ യുവതിക്ക് ഒരു പങ്കും വഹിക്കാനില്ലെന്നതൊക്കെ പഴങ്കഥ. സ്ത്രീധന വിവാഹത്തിന് വിസമ്മതം പറയുന്ന, വിവാഹ വസ്ത്രത്തിലും ആഭരണത്തിലും ഭ്രമമൊട്ടും കാണിക്കാത്ത, വിവാഹത്തിനും മുമ്പും പിമ്പുമുള്ള എല്ലാ നാട്ടാചാരങ്ങളെയും വേണ്ടെന്നു വെക്കുന്ന യുവതികളേറെയുണ്ട്.

പഠനവും സാമൂഹിക പ്രവര്‍ത്തനവും കുടുംബവും ഒരുമിച്ച് കൊണ്ടുപോവണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക യുവതികളും. മൊത്തം കുടുംബാന്തരീക്ഷത്തെ ഇവക്കെല്ലാം അനുഗുണമായ വിധത്തില്‍ കെട്ടിപ്പടുക്കാനും ഇവരിലധിക പേര്‍ക്കും സാധിക്കുന്നുണ്ട്. സാധാരണ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന 'ഇരട്ട ഭാരത്തെ' പുതുതലമുറ മുസ്‌ലിം സ്ത്രീക്ക് താരതമ്യേന കുറഞ്ഞ് അനുഭവപ്പെടും വിധത്തില്‍ കുടുംബത്തെ സജ്ജീകരിക്കുകയും, ശിശുപരിപാലനത്തിന് ഇവ്വിധം നൂതന വഴികള്‍ തേടുകയും ചെയ്യുന്നുണ്ട് ന്യൂജനറേഷന്‍. വീടകങ്ങളില്‍ ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍ സംഘടിപ്പിച്ചും അയല്‍പക്കത്തോടൊത്ത് കൃഷി ചെയ്തും ചെറിയ ബിസിനസ് സംരംഭങ്ങളിലേര്‍പ്പെട്ടും മുസ്‌ലിം യുവതികള്‍ ചലിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.

മുസ്‌ലിം കുടുംബത്തിനകത്തെ  തന്റെ അവകാശങ്ങളെക്കുറിച്ച് ബോധവതിയായതിന്റെ ഒരറ്റം കോടതി വ്യവഹാരങ്ങളില്‍നിന്ന് മനസ്സിലാക്കാം. ഭര്‍ത്താവിനോടൊത്ത് ഒരു നിലക്കും തുടര്‍ന്ന് പോവാനാവില്ലെന്ന് വരുമ്പോള്‍ വിവാഹമോചനത്തിന് ഇസ്‌ലാം അവര്‍ക്ക് നല്‍കിയ അനുവാദം യുവതികള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ മുന്‍കൈയെടുത്ത് നടക്കുന്ന വിവാഹമോചനങ്ങളുടെ എണ്ണം വര്‍ധിച്ചത് ഇക്കാരണം കൊണ്ട് കൂടിയാണ്.

പൊതുപ്രവര്‍ത്തനം

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തന്നെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പ്രത്യേകം സംഘടനകള്‍ രൂപീകരിച്ചത് സാമൂഹികപ്രവര്‍ത്തന മേഖലയില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ പങ്ക് ഒരു പരിധിവരെ സ്വതന്ത്രമായും സൗകര്യപ്രദമായും നിര്‍വഹിക്കാന്‍ വഴിയൊരുക്കുകയുണ്ടായി. ഇതിന്റെ ഫലമായി മുസ്‌ലിം യുവതികള്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും, കലാ സാഹിത്യ മേഖലകളിലെ ഇടപെടലുകളിലൂടെയും മുസ്‌ലിം യുവതികള്‍ പൊതുസമൂഹത്തിനു മുമ്പില്‍ ദൃശ്യരായി. പുരുഷാധികാര രക്ഷാകര്‍തൃത്വത്തില്‍ ആണെങ്കില്‍ പോലും ദേശീയ അന്തര്‍ദേശീയ വിഷയങ്ങളില്‍ ഇടപെട്ട് നിലപാടുകളറിയിച്ചും പ്രതിഷേധിച്ചും മുസ്‌ലിം യുവതികള്‍ കടന്നുവരാന്‍ തുടങ്ങിയത് വളരെ അടുത്താണ്. വൈജ്ഞാനിക കൈമാറ്റങ്ങള്‍ക്കുള്ള പ്ലാറ്റ്‌ഫോമുകള്‍ കൂടിയാണ് ഇപ്രകാരം സൃഷ്ടിക്കപ്പെട്ടത്. ഇത്തരം വൈജ്ഞാനിക വിനിമയ മാര്‍ഗങ്ങളെ സ്വീകരിക്കാനും അതില്‍ മുന്നേറാനും മുസ്‌ലിം യുവതികള്‍ക്കിടയില്‍ ത്വരയുണ്ടായിട്ടുണ്ട്.

ഇതര വനിതാ പ്രവര്‍ത്തകരെ അപേക്ഷിച്ച് നോക്കുമ്പോള്‍ മുസ്‌ലിം യുവതികളുടെ സംഘാടനം നൈസര്‍ഗികമായ വ്യതിരിക്തതകളാല്‍ പെട്ടെന്ന് അടയാളപ്പെടുത്താനാവും. തൊട്ടിലുകളുള്ള സമ്മേളനങ്ങളും ക്യാമ്പുകളും, നിറയെ കുട്ടികള്‍ ഓടിക്കളിക്കുന്ന കൂടിയാലോചനാ സമിതികളും സംഘടിപ്പിക്കാന്‍ വേറൊരു സ്ത്രീ കൂട്ടങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ടാവില്ല.

വെല്ലുവിളികള്‍

നാല് വശങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളെയും സമ്മര്‍ദങ്ങളെയും മുസ്‌ലിം യുവതികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഒരേസമയം സമുദായത്തിന്റെ കൂടെ നിന്ന് സെക്യുലര്‍ പൊതുസമൂഹത്തെ പ്രതിരോധിക്കുമ്പോള്‍ തന്നെ സമുദായത്തിനകത്തെ രക്ഷാകര്‍തൃബോധത്തോടും പൊരുതി മാത്രമേ അവള്‍ക്കവളെ നിലനിര്‍ത്താനാവൂ. കുടുംബവും വിദ്യാഭ്യാസവും ആക്ടിവിസവും ഒന്നിച്ച് കൊണ്ടുപോവുന്ന മുസ്‌ലിം പെണ്‍കുട്ടിയെ ഉള്‍ക്കൊള്ളാന്‍ സമുദായത്തിലെ ആണുങ്ങളും കുടുംബവ്യവസ്ഥകളും പരിചയിച്ച് വരുന്നതിന്റെ സമ്മര്‍ദങ്ങളും ഏറെയുണ്ട്. ഒരേസമയം സമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും കുടുംബത്തിന്റെയും ഘടനകളോട് മറുപടി പറയാന്‍ 'ബാധ്യസ്ഥയായ' മുസ്‌ലിം യുവതിക്ക് ഓരോ ദിവസവും സമരത്തിന്റേതാണ്. എന്നിട്ടും മുസ്‌ലിം സ്ത്രീകള്‍ എല്ലാ അര്‍ഥത്തിലും അവരുടെ ജീവിതങ്ങളെ സ്വയം വായിക്കുന്നതില്‍നിന്ന് തടയപ്പെടുന്നു എന്ന സെക്യുലരിസ്റ്റ് ഊഹം ആണധികാരഘടനയെ സേവിക്കലാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /29-31
എ.വൈ.ആര്‍