Prabodhanm Weekly

Pages

Search

2015 ജൂണ്‍ 12

ആദര്‍ശ പ്രചോദിതമാവട്ടെ യൗവനം

         കരുത്ത്, കര്‍മോത്സുകത, ആവേശം, പുതുചിന്ത, നിശ്ചയദാര്‍ഢ്യം, ധീരത തുടങ്ങിയവയുടെ പര്യായ പദമാണ് യൗവനം. ഒരു ജനതയെ ചലനാത്മകമാക്കി നിലനിര്‍ത്തുന്നത് യൗവനമാണ്. ഏതൊരു സമൂഹത്തിന്റെയും വളര്‍ച്ചയിലും തകര്‍ച്ചയിലും വിജയത്തിലും പരാജയത്തിലും യുവത്വത്തിന്റെ ഭാഗധേയം വലുതാണ്. ലോക നാഗരികതകളുടെ ഉത്ഥാനപതനങ്ങളില്‍ യൗവനം നിര്‍ണായക ശക്തിയായിരുന്നു. ചരിത്രത്തിലെന്നും വിപ്ലവങ്ങളുടെ വസന്തം വിരിഞ്ഞപ്പോള്‍ അതിന്റെ മുന്നണിയില്‍ അവരുണ്ടായിരുന്നു. നന്മയെ പുണരുന്നതില്‍, അതിന് വേണ്ടി ത്യാഗം ചെയ്യുന്നതില്‍ യൗവനം മുന്നില്‍ തന്നെയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവരില്‍ ചിലരുടെ ചരിത്രം കോറിയിട്ടത് കാണാം: ''അവര്‍ ഒരു സംഘം യുവാക്കളായിരുന്നു. തങ്ങളുടെ റബ്ബില്‍ അവര്‍ വിശ്വസിച്ചു. നാം അവര്‍ക്ക് സന്മാര്‍ഗത്തില്‍ പുരോഗതിയരുളി. നാം അവരുടെ മനസ്സുകളെ നിശ്ചയദാര്‍ഢ്യമുള്ളതാക്കി'' (അല്‍കഹ്ഫ് 13,14). ഗുഹാവാസികളുടെ ചരിത്രം മുന്‍നിര്‍ത്തി യുവാക്കളുടെ ആദര്‍ശ ധീരതയിലേക്കാണ്  ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നത്.

യൗവനത്തിന് നിര്‍മാണാത്മകതയുടെയും സംഹാരാത്മകതയുടെയും രണ്ട് മുഖങ്ങളുണ്ട്. അമിതാവേശം കൊണ്ട് അവര്‍ അസ്വസ്ഥരാകാം, ചോരത്തിളപ്പില്‍ പൈശാചികതയിലേക്ക് വഴുതി വീഴാം. പ്രതികരണ ത്വരയില്‍ അക്രമങ്ങളുടെ വഴിയെ പോകാം. ഈ വിധത്തില്‍ യുവത്വത്തെ ദുരുപയോഗം ചെയ്യുന്നവരുണ്ട്. എന്നാല്‍, ഈ നിഷേധാത്മക വശത്തെ ഗുണപരമായി പരിവര്‍ത്തിപ്പിച്ച് നിര്‍മാണാത്മക യൗവനത്തെ ഉണര്‍ത്തിവിടുകയാണ് ഇസ്‌ലാം ചെയ്തത്. ആദര്‍ശത്തിന്റെ കരുത്തുള്ള യൗവനത്തെ വളര്‍ത്തിയെടുത്ത ഇസ്‌ലാം ലക്ഷ്യബോധത്തോടെ യുവത്വത്തെ കര്‍മോത്സുകമാക്കി. വികാരങ്ങളിലേക്ക് വിവേകത്തെ ചേര്‍ത്തുവെച്ചു. അപ്പോഴാണവര്‍ ലോകത്തിനു മേല്‍ തുഴയെറിഞ്ഞ് കാലത്തിനു മേല്‍ പുതിയ വഞ്ചി തുഴഞ്ഞത്. ചരിത്രം പുതിയ നാഗരികതയുടെ പിറവിക്ക് സാക്ഷ്യം വഹിച്ചതും ആദര്‍ശ യൗവനത്തിന്റെ കര്‍മോത്സുക മുഹൂര്‍ത്തങ്ങളിലാണ്.

യൗവനത്തിന്റെ ഈ രണ്ട് മുഖങ്ങളും ഇന്നും നമുക്ക് കാണാം. ഉത്തരാധുനികതയുടെ ന്യൂജനറേഷന്‍ കാലത്ത് അതിരുകളില്ലാതെ നുരഞ്ഞു പതയുന്ന 'സ്വാതന്ത്ര്യം' വര്‍ത്തമാന യൗവനത്തെ അരാജകത്വത്തിന്റെ പര്യായമാക്കിയിട്ടുണ്ട്. അരാഷ്ട്രീയതയും അശ്ലീലതയും ഒരു വിഭാഗം പുതു യൗവനത്തെ വിഴുങ്ങിയിട്ടുണ്ട്.  സാങ്കേതിക വിദ്യയും ലഹരിയും അതിന് വഴിയൊരുക്കി കൊടുക്കുകയും ചെയ്യുന്നു. പുതുകാലത്തെ യുവാക്കളില്‍ ഒരു പറ്റം പഴയതിനേക്കാള്‍ കോലം കെട്ടിട്ടുണ്ട് എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പഴിക്കുകയും ആക്ഷേപിച്ച് അകറ്റി നിര്‍ത്തുകയും ചെയ്യുന്നതിനു പകരം അവരെ എങ്ങനെ മാറ്റിയെടുക്കുകയും ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്യാം എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. 

മറുവശത്ത് യൗവനത്തിന്റെ ആദര്‍ശ പ്രചോദിതമായ മുഖവും നാം കാണുന്നു. സാമൂഹികോന്മുഖതയും പോരാട്ട വീര്യവും മുഖമുദ്രയാക്കിയ ഈ യൗവനം ഇന്നത്തെ പ്രതീക്ഷാ നിര്‍ഭരമായ സത്യമാണ്. നമ്മുടെ നാടിനെ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍, നന്മയുടെ ഭിന്ന വഴികളില്‍ നിറഞ്ഞുനില്‍ക്കുന്ന യുവാക്കളുടെ കൂട്ടായ്മകള്‍ പല മത സമുദായങ്ങളിലും കാണാം. അരാജകവാദികളെക്കാള്‍ എത്രയോ കൂടുതലാണ് നിര്‍മാണാത്മക മേഖലകളില്‍ ഇടപെടുന്ന യൗവനം. അവരുടെ ചെറുപ്പത്തിലാണ് നമ്മുടെ നാടിന്റെ ശോഭന ഭാവിയുള്ളത്. നന്മയുടെ വഴികളില്‍, മതാതീതവും സമുദായ വിവേചനങ്ങളില്ലാത്തതുമായ യുവ കൂട്ടായ്മകള്‍ ഗ്രാമ-നഗരങ്ങളിലും സൈബര്‍ ലോകത്തും ഇനിയും വളര്‍ന്നു വരേണ്ടതുണ്ട്.

ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സമീപകാല കുതിപ്പില്‍ യുവാക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ യുവ രക്തത്തിന്റെ കര്‍മോത്സുകതക്ക് പുതിയ ദിശാബോധം തന്നെ നല്‍കുകയുണ്ടായി. മാറിവരുന്ന സാഹചര്യത്തില്‍ അതിനെ കൂടുതല്‍ രചനാത്മക വഴിയിലേക്ക് തിരിച്ചുവിടാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. പുതുകാല യുവത്വത്തിന്റെ ഭാഷയും ശൈലിയും സങ്കല്‍പങ്ങളുമെല്ലാം ആഴത്തില്‍ പഠിക്കണം. സമകാലിക യുവത്വം ഒരു വലിയ പഠന വിഷയമാണ്. അതേറ്റവുമധികം ഗവേഷണ വിഷയമാക്കിയിട്ടുള്ളത് പരസ്യകമ്പനികളാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഈ രംഗത്ത് പുനര്‍ വായനകള്‍ക്ക് വേഗം വര്‍ധിപ്പിക്കണം. കഴിവുറ്റ പുതിയൊരു യുവ നിര മുസ്‌ലിം സമൂഹത്തിനകത്ത് വളര്‍ന്നുവന്നിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഉന്നത ശ്രേണികള്‍ നടന്നുകയറിയ ഇവര്‍ മികച്ച ബൗദ്ധിക നിലവാരവും വ്യതിരിക്തമായ കാഴ്ചപ്പാടുമുള്ളവരാണ്. പാരമ്പര്യ മത നേതൃത്വ  വൃത്തത്തിനും പുറത്താണ് ഇവരുള്ളത്. ഇവരെ ചേര്‍ത്തുപിടിക്കാനും മുന്നണിയില്‍ നിര്‍ത്താനും ഇസ്‌ലാമിക സമൂഹത്തിന് സാധിക്കണം. തലമുറകള്‍ തമ്മിലെ അന്തരം ചിലപ്പോള്‍ ഇതിന് തടസ്സമായേക്കും. യുവാക്കളും അവരെക്കാള്‍ പ്രായമേറിയവരും തമ്മില്‍ പലപ്പോഴും സംഘര്‍ഷപ്പെടാറുണ്ട്. രണ്ട് തലമുറകള്‍ക്കിടയില്‍ സമന്വയം സാധിക്കേണ്ടതിനെക്കുറിച്ച് ഇസ്‌ലാമിക നവോത്ഥാന നായകന്‍ ഉണര്‍ത്തിയിട്ടുണ്ട്. പുതു തലമുറയുടെ ചടുലതയും പുതുജ്ഞാനവും ഉള്‍ക്കൊള്ളാന്‍ അവരെക്കാള്‍ മുതിര്‍ന്നവര്‍ക്ക് കഴിയണം. എന്നാല്‍, മുതിര്‍ന്നവരുടെ അനുഭവജ്ഞാനവും അതില്‍ നിന്ന് രൂപപ്പെടുന്ന പക്വതയാര്‍ന്ന നിലപാടുകളും മനസ്സിലാക്കാനും മാര്‍ഗദര്‍ശകമാക്കാനും യുവത്വത്തിനും കഴിയണം.

സിംഹ ഗര്‍ജനങ്ങള്‍ കൊണ്ടു മാത്രമല്ല, മധുര ഭാഷണങ്ങള്‍ കൊണ്ടും ചരിത്രമെഴുതാമെന്ന് യൗവനം തിരിച്ചറിയണം. ചുരുട്ടിപ്പിടിച്ച മുഷ്ടിയും തെരുവിലെ അലര്‍ച്ചയും മാത്രമല്ല വിപ്ലവത്തിന്റെ വഴി. ആദര്‍ശ പ്രചോദിതമായ ജീവിതവും ജനതതികളിലേക്ക് ഒഴുകി പരക്കുന്ന കാരുണ്യ സേവന പ്രവര്‍ത്തനങ്ങളുമൊക്കെ പരിവര്‍ത്തനത്തിന്റെ തിരി തെളിക്കാന്‍ ശേഷിയുള്ളവയാണ്. മാറ്റത്തിന്റെ അനേകം മാര്‍ഗങ്ങളെയും കര്‍മ വൈവിധ്യങ്ങളെയും വിപ്ലവത്തിന്റെ ഭിന്ന വഴികളെയും കുറിച്ച് യൗവനം ബോധവാന്മാരാകണം. കലഹമാണ് യൗവനം, കലഹിക്കാതിരുന്നാല്‍ യുവാവാകില്ല എന്നൊക്കെയുള്ള ധാരണകള്‍ തിരുത്തണം. ആദര്‍ശവും മൂല്യങ്ങളും ഇസ്‌ലാമിക സംസ്‌കാരവും ചോര്‍ന്നുപോയ, കേവലം ചിഹ്നങ്ങളിലും സാമുദായിക വികാരങ്ങളിലും അഭിരമിക്കുന്ന യൗവനത്തിന് കാലത്തെ അതിജയിക്കാനാകില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /29-31
എ.വൈ.ആര്‍