ആദര്‍ശം പൂത്തുലഞ്ഞ യൗവനങ്ങള്‍
യൗവനമേ, നിന്നെ ഞാന്‍ ആരാധിക്കുന്നുവെന്ന് പറഞ്ഞത് വില്യം ഷേക്‌സിപിയറാണ്. ജീവിതം യൗവനതീക്ഷ്ണമായിരുന്ന അസുലഭ കാലത്തെക്കുറിച്ചെഴുതി വായനക്കാരെ രസിപ്പിച്ചത് വൈക്കം മുഹമ്മദ് ബഷീര്‍. യുവത്വം മുന്നോട്ട് നോക്കുന്നുവെന്നും വാര്‍ധക്യം മിക്കപ്പോഴും പിന്നോട്ടാണ് നോക്കുന്നതെന്നും നിരീക്ഷിച്ചത് ഇമാം ദഹബി. വൃദ്ധന്മാര്‍ വിഡ്ഢികളാണെന്ന് യുവാക്കള്‍ വിചാരിക്കുന്നുവെന്നും യുവാക്കളെങ്ങനെയാണെന്ന് പ്രായമായവര്‍ക്കറിയാമെന്നും പറഞ്ഞത് ജോണ്‍റെ. ധിഷണാധനരായ യുവാക്കളാണ് നമ്മുടെ മുന്നേറ്റത്തിന് എന്നും ആവശ്യമെന്ന് അടിവരയിട്ടത് ഇമാം ഇബ്‌നുകസീര്‍. മൈലാഞ്ചിയിട്ടത് കൊണ്ടൊന്നും യുവത്വത്തെ വീണ്ടെടുക്കാനാവില്ലെന്ന് അബൂ ഹാതിം. അങ്ങനെ ആലോചിച്ച് പോയാല്‍ കറുപ്പിലോ വെളുപ്പിലോ യൗവനത്തെ അടയാളപ്പെടുത്താത്തവര്‍ അപൂര്‍വം. ഏതായാലും ആയുസ്സിന്റെ ഭൂപടത്തില്‍ ദൈവം യൗവനത്തെ വരച്ചിട്ടത് കൊതിപ്പിക്കുന്ന വര്‍ണത്തിലാണെന്നത് വാസ്തവം.
ഓരോ ജീവിതത്തിലേക്കും യൗവനം നൃത്തച്ചുവടുകളുമായി കടന്ന് വരുന്നു. സിരകളില്‍ ഊര്‍ജ പ്രവാഹത്തിന്റെ ഉത്തേജനം പകരുന്നു. സ്വപ്നങ്ങളില്‍ ഒരായിരം വര്‍ണരാജികള്‍ വിടര്‍ത്തുന്നു. കര്‍മോത്സുകതയുടെ മഹാകാശങ്ങള്‍ തുറന്നിടുന്നു. ആശയങ്ങളുടെ അഗ്നിസ്ഫുലിംഗങ്ങള്‍ ഉതിര്‍ക്കുന്നു. ജീവിതത്തെ ആവേശത്തേരിലേറ്റി നക്ഷത്രങ്ങളിലേക്കുയര്‍ത്തുന്നു. പക്ഷേ, എല്ലാറ്റിനും അല്‍പായുസ്സേയുള്ളൂ. അതീവ ഹ്രസ്വതയാര്‍ന്ന ഒരു പൂക്കാലം നല്‍കി യൗവനമെന്ന വസന്തം ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നു.
മതം മാര്‍ഗദര്‍ശനം ചെയ്ത യൗവനങ്ങളില്‍ ആദര്‍ശം പൂത്തുലഞ്ഞ് നിന്നു.അതിനാല്‍ അസാധ്യമായതിനെ സാധ്യമാക്കിത്തീര്‍ക്കുന്ന യൗവനത്തിന്റെ ആവേശക്കുത്തൊഴുക്കിലും അവര്‍ക്ക് നില തെറ്റിയില്ല. അവര്‍ക്ക് യുവത്വത്തിന്റെ ആനന്ദസംത്രാസങ്ങളില്‍ ആത്മവിസ്മൃതി ബാധിച്ചില്ല. മനസ്സ് കൊതിക്കുന്നേടത്തേക്ക് ശരീരം കുതിക്കുന്ന പ്രായത്തിലും, എല്ലാം സ്വന്തം മിടുക്ക് കൊണ്ട് നേടിക്കളയാമെന്ന അഹംഭാവ ചിന്തകള്‍ സ്വാധീനിച്ചില്ല. അവരാരും മാസിഡോണിയയിലെ അലക്‌സാണ്ടറെപ്പോലെ, ലോകം വെട്ടിപ്പിടിക്കാനുള്ള പടയോട്ടങ്ങള്‍ നടത്തിയില്ല. അതിനാല്‍ ചരിത്രം അവരുടെ യൗവനാവേശങ്ങളെ തള്ളിപ്പറഞ്ഞില്ല (മുപ്പത്തിമൂന്നാമത്തെ വയസ്സില്‍, മലമ്പനിയുടെ രൂപത്തിലെത്തിയ മരണത്തിന് മുമ്പില്‍ ആയുധം വെച്ച് കീഴടങ്ങാനായിരുന്നു അലക്‌സാണ്ടറുടെ വിധി).
മതം മാര്‍ഗദര്‍ശനം ചെയ്ത യൗവനങ്ങള്‍ ജീവിതത്തെ ആഴത്തില്‍ നോക്കിക്കണ്ടു. ആ ആഴക്കാഴ്ചകളില്‍ സമയത്തെ മടങ്ങിവരാത്ത അമൂല്യതയായി അവര്‍ തിരിച്ചറിഞ്ഞു. ചെറുപ്പക്കാരനായ ഇബ്‌നു ഉമറിന്റെ ചുമലില്‍ കൈവെച്ച്, 'നീയൊരു പരദേശിയെപ്പോലെ ഇഹലോകത്ത് പുലരണ'മെന്ന് ദൈവദൂതന്‍ മൊഴിഞ്ഞപ്പോള്‍, തിളക്കുന്ന യൗവനങ്ങള്‍ക്ക് കിട്ടിയത് കാതലുള്ള ദിശാബോധമായിരുന്നു. യുവതലമുറയെ നേര്‍വഴിക്ക് നയിക്കുന്ന പ്രവാചക പക്വതയുടെ കരുണാര്‍ദ്രമായ കരസ്പര്‍ശമായിരുന്നു അത്. മുതിര്‍ന്ന തലമുറയുടെ ഈ കരുണയും കരുതലുമില്ലാതാകുമ്പോള്‍ യുവസമൂഹം സാമൂഹിക അനാഥത്വത്തിന്റെ അപകടമുനമ്പിലേക്ക് ആനയിക്കപ്പെടുന്നു. യുവാവായ മുആദുബ്‌നു ജബലിനെ വഴിയില്‍ കണ്ട് മുട്ടിയപ്പോള്‍, 'എന്താണ് നിന്റെ സത്യദര്‍ശനത്തിന്റെ പ്രഭാവ'മെന്ന് പ്രവാചകന്‍ ചോദിക്കുന്നുണ്ട്. വൈകുന്നേരം വരെ ജീവിച്ചിരിക്കുകയില്ലെന്ന് ചിന്തിക്കാത്ത ഒരു പ്രഭാതവും പുലരും വരെ ജീവിച്ചിരിക്കുകയില്ലെന്ന് വിചാരപ്പെടാത്ത ഒരു സായന്തനവും തന്റെ ജീവിതത്തില്‍ സംഭവിക്കുന്നില്ലെന്നും നരകസ്വര്‍ഗങ്ങള്‍ തന്റെ കണ്‍മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞത് പ്രവാചകനെ ആഹ്ലാദിപ്പിച്ചു. 'മുആദ്, നീയിപ്പോള്‍ സത്യത്തെ അറിഞ്ഞിരിക്കുന്നു, ഇത് തുടര്‍ന്നുപോവുക' എന്നായിരുന്നു തിരുനബിയുടെ ഉപദേശം. പിന്നീട് നന്മയുടെ വന്‍മരമായിത്തീര്‍ന്ന ആ ജീവിതം, മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ഭൂമിയില്‍ നിന്ന് വിടവാങ്ങുമ്പോള്‍, സമര്‍പ്പണത്തിന്റെ ആകാശത്തിലെ വെള്ളിനക്ഷത്രമായി കഴിഞ്ഞിരുന്നു. 'ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍, മുആദുബ്‌നു ജബല്‍ ജ്ഞാനികളുടെ നായകനായി ഉയിര്‍പ്പിക്കപ്പെടുമെന്ന'ത്രേ പ്രവാചകന്റെ അഭിനന്ദനം. കലങ്ങിമറിയുന്ന യൗവനത്തെ ആഴമാര്‍ന്ന ജീവിതബോധത്തില്‍ സ്ഥാപിച്ചെടുത്ത നബിനിയോഗത്തിന്റെ സാക്ഷ്യമാണീ സംഭവം. ആഴം ഒരു കടങ്കഥയും, ഉപരിപ്ലവത ആദര്‍ശവുമായിത്തീരുന്ന കാലത്ത് ചരിത്രം വിളക്കുമരമായി മാറുന്നു.
'തങ്ങളുടെ നാഥനായ ദൈവത്തില്‍ അഗാധമായി വിശ്വസിച്ച യൗവനങ്ങള്‍' (ഇന്നഹും ഫിത്‌യതുന്‍ ആമനൂ ബിറബ്ബിഹിം - 18:13) എന്നത്രേ ഖുര്‍ആനില്‍ ആദര്‍ശ യുവതയുടെ മേല്‍വിലാസം. ആദര്‍ശ സംരക്ഷണാര്‍ഥം ഗുഹയിലഭയം തേടിയ യുവാക്കളെ (അസ്ഹാബുല്‍ കഹ്ഫിനെ) അടയാളപ്പെടുത്തുമ്പോഴാണീ പരാമര്‍ശം. നീണ്ട നൂറ്റാണ്ടുകളില്‍ ദിവ്യസംരക്ഷണത്തിന്റെ ശീതളഛായ നുകര്‍ന്ന ആദര്‍ശശാലികളായ ഗുഹാവാസികളുടെ ചരിത്രം, അവാസ്തവങ്ങളില്‍ അലസ നിദ്ര കൊള്ളുന്ന നിസ്സംഗ യൗവനങ്ങള്‍ക്കുള്ള ദൃഷ്ടാന്ത കഥയായിത്തീരുന്നു.
ഏകദൈവാദര്‍ശത്തിനായുള്ള എല്ലാ സംവാദസാധ്യതകളേയും വികസിപ്പിച്ചെടുത്ത ഇബ്‌റാഹീം ഖലീലിന്റെ യൗവനചിത്രവും ഖുര്‍ആന്റെ ചരിത്ര ദര്‍പ്പണത്തിലുണ്ട്. ഒരു ദിവസം, കുടുംബം വക ബിംബാലയത്തില്‍ കയറിയ ഇബ്‌റാഹീം, വിഗ്രഹഭഞ്ജനം നടത്തിയ കഥ നോക്കുക. വലിയ വിഗ്രഹത്തിന്റെ കഴുത്തില്‍ കോടാലി ചാര്‍ത്തി ഇറങ്ങി നടന്ന ഇബ്‌റാഹീം വിചാരണാവേളയില്‍, 'സംസാരിക്കുമെങ്കില്‍ വിഗ്രഹദൈവത്തോട് തന്നെ ചോദിക്കൂ' എന്ന നിലപാടെടുത്ത് ഭക്തജനത്തെ വെട്ടിലാക്കി. പൗരോഹിത്യം മയക്കിക്കിടത്തിയ സ്വതന്ത്ര ചിന്തയുണര്‍ന്നപ്പോള്‍, ഒരു നിമിഷം -ബിംബാരാധനയുടെ മടയത്തം അവര്‍ക്ക് ബോധ്യമായത്രേ. വിഗ്രഹധ്വംസന വാര്‍ത്ത കേട്ട മാത്രയില്‍, സംഭവത്തിന് പിന്നില്‍ അവര്‍ സംശയിച്ചത് 'യുവാവായ' ഇബ്‌റാഹീമിനെയായിരുന്നുവെന്ന് പറയുമ്പോള്‍ ഒരു യുവാവിന് മാത്രം സാധ്യമാകുന്ന ധൈഷണിക സാഹസത്തിനാണ് ഖുര്‍ആന്‍ അടിവരയിടുന്നത്.
മതം മാര്‍ഗദര്‍ശനം ചെയ്ത യൗവനങ്ങള്‍ ഏകദൈവബോധ്യത്തിലും പരലോക വിചാരങ്ങളിലും ഊട്ടപ്പെട്ടവരായിരുന്നു. യൗവനം അവരുടെ വിശ്വാസ ബോധ്യങ്ങളെ അക്ഷരാര്‍ഥത്തില്‍ ആളിക്കത്തിക്കുകയാണുണ്ടായത്. ആദര്‍ശ പ്രചോദനങ്ങളാല്‍ അവര്‍ സമര്‍പ്പണത്തിന്റെ ആള്‍രൂപങ്ങളായിത്തീര്‍ന്നു. അബൂബക്‌റും ഉമറുമുള്‍പ്പടെ തിരുനബിയുടെ മുന്‍നിര സഖാക്കളെല്ലാം ആദര്‍ശപാതയിലെത്തുമ്പോള്‍ നാല്‍പ്പതുകളുടെ താഴെ മാത്രം പ്രായമെത്തിയ യുവകേസരികളായിരുന്നു. അവര്‍, അഗ്നി പരീക്ഷണങ്ങളെ 'ആണുങ്ങളെപ്പോലെ' നേരിട്ടു. ബോധം കെടുത്തുന്ന തല്ല് കിട്ടിയിട്ടും 'നല്ല കുട്ടിയാവാതെ' പിറ്റേന്നും കഅ്ബയില്‍ കയറി വിപ്ലവമന്ത്രം ചൊല്ലാന്‍ അബൂദര്‍റ് മടിച്ചില്ല. 'നിശാപ്രയാണകഥനം' (ഇസ്‌റാഅ്) കേട്ട്, പ്രവാചകന് നേരെ പരിഹാസം ചൊരിഞ്ഞ ജനത്തിലേക്ക് കടന്നുചെന്ന് ദൈവദൂതന്റെ മൂര്‍ധാവില്‍ വിശ്വാസചുംബനമര്‍പ്പിച്ചേ അബൂബക്ര്‍ അടങ്ങിയുള്ളൂ. ഉമ്മുഅമ്മാര്‍ എന്ന യജമാനത്തി തലയില്‍ കോരിയിട്ട തീക്കനലുകളെക്കാള്‍ തീക്ഷ്ണമായിരുന്നു ഖബ്ബാബിന്റെ ആദര്‍ശബോധം. ചുട്ടുപഴുത്ത മണലാരണ്യവും നെഞ്ചത്ത് വെച്ചമര്‍ത്തിയ കൂറ്റന്‍ പാറക്കല്ലും ചര്‍മം ചുരുട്ടിയെടുത്ത ചാട്ടവാറടികളും ബിലാലിന്റെ വിശ്വാസവീര്യത്തിന്റെ മുമ്പില്‍ തോറ്റ് തുന്നം പാടി. അബൂജഹ്‌ലുമാരുടെ ക്രൂര പീഡനങ്ങള്‍ക്ക് തല്ലിക്കെടുത്താനാവാത്ത വിധം ബലിഷ്ഠമായിരുന്നു യാസിര്‍ കുടുംബത്തിന്റെ സത്യബോധം. പതിനേഴിന്റെ ഇളം പ്രായത്തില്‍ പ്രവാചകന്റെ അനുചരസംഘത്തിലെത്തിയ സഅ്ദുബ്‌നു അബീ വഖ്ഖാസിനെ പിന്തിരിപ്പിക്കാന്‍ ബുദ്ധിമതിയായ മാതാവ് പതിനെട്ടടവും പയറ്റിയപ്പോള്‍, ഉഹ്ദു പര്‍വതം കണക്കെ ഉറച്ചതായിരുന്നു മകന്റെ മറുപടി. കുരിശിലേറ്റപ്പെട്ട ഖുബൈബിന്റെ പ്രവാചക സ്‌നേഹത്തിന്റെ മുമ്പില്‍ കൈയടിച്ചുപോയത് ശത്രു നേതാവായിരുന്ന അബൂസുഫ്‌യാന്‍ തന്നെയായിരുന്നു. വിവാഹാഭ്യര്‍ഥനയുമായി പലതവണ തന്നെ സമീപിച്ച സുന്ദരനായ ധനിക യുവാവിനോട് -അബൂത്വല്‍ഹയോട് - ആദര്‍ശ സംവാദം നടത്താനായിരുന്നു ഉമ്മുസുലൈം എന്ന യുവതിയുടെ ഉദ്യമം. ഒടുവില്‍, അബൂത്വല്‍ഹ ഏകദൈവാദര്‍ശ ബോധ്യത്തിലെത്തിയപ്പോള്‍, ആ വിശ്വാസ പരിവര്‍ത്തനത്തെ തന്റെ വിവാഹമൂല്യമായി സ്വീകരിച്ച ഉമ്മൂസുലൈം, വിവാഹങ്ങളില്‍ അവഗണിക്കപ്പെട്ട് പോരുന്ന ആദര്‍ശപ്പൊരുത്തത്തെ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ചുറ്റുപാടുകളില്‍ നിന്നകലെ, സഹജീവിതങ്ങളില്‍ നിന്നകലെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് മാത്രം മുഖം പൂഴ്ത്തിയിരിക്കുന്ന അരാഷ്ട്രീയ യൗവനങ്ങളെ നാണിപ്പിക്കുന്നതത്രേ ആദര്‍ശയൗവനങ്ങളുടെ ഈ മിന്നുന്ന ചരിത്രങ്ങള്‍.
മതം മാര്‍ഗദര്‍ശനം ചെയ്ത മാതൃകാ സമാജങ്ങളില്‍ അവിവാഹിത യൗവനങ്ങള്‍ വ്രതത്തിന്റെ പരിചയും പടച്ചട്ടയുമണിഞ്ഞിരുന്നു.അതവര്‍ക്ക് ദൈവദൂതന്‍ സമ്മാനിച്ച ഫലപ്രദമായ സ്വയം ചികില്‍സാപദ്ധതിയായിരുന്നു. അതിനാല്‍, പ്രതികൂലതകളിലും അവര്‍ തങ്ങളുടെ ചാരിത്ര്യത്തെ കാത്തുസൂക്ഷിച്ചു. ചോരക്ക് തീപ്പിടിപ്പിക്കുന്ന പ്രായത്തെ വിശ്വാസത്തിന്റെ സമചിത്തത കൊണ്ട് നേരിട്ടു. വികാര തരംഗങ്ങളുടെ വേലിയേറ്റങ്ങളെ ദൈവനിരീക്ഷണ ബോധത്താല്‍ നിയന്ത്രിച്ചു. അവര്‍ ലോകസുന്ദരനായ യൂസുഫിന്റെ പിന്‍ഗാമികളായിരുന്നു. സുരക്ഷിത സ്വകാര്യതകളില്‍ പോലും പാപത്തിന്റെ പ്രലോഭനങ്ങളില്‍ നിന്ന് 'ദൈവം ശരണം' (മആദല്ലാഹ്!) എന്നുരുവിട്ട് കുതറിമാറുകയായിരുന്നു യൂസുഫിന്റെ യൗവനം. 'എന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ നിനക്ക് കാരാഗൃഹവാസ'മെന്ന്, മുറിവേറ്റ പെണ്‍കാമം പ്രതികാരദുര്‍ഗയായപ്പോള്‍ 'എങ്കില്‍ ആ തടവറയാണ് തനിക്കിഷ്ട'മെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അപായകരമാം വിധം കാമാതുരമാകുന്ന കൗമാര യൗവനങ്ങള്‍ക്കുള്ള ഖുര്‍ആന്റെ മൂല്യചികിത്സയത്രേ ഈ സംഭവകഥനം.
ഒരു ഒട്ടകയാത്രയില്‍, മുമ്പേ കടന്ന് പോയ പെണ്ണഴകിനെ പിന്തുടര്‍ന്ന ഫദ്‌ലുബ്‌നു അബ്ബാസിന്റെ കണ്ണുകളെ പ്രവാചകന്‍ പിന്തിരിപ്പിച്ചതോര്‍ക്കുക. നോട്ടം തെറ്റുന്ന 'യുവതക്ക്' മേലുള്ള മുതിര്‍ന്ന തലമുറയുടെ കണ്ണായിരുന്നു അത്. ലൈംഗിക വിശുദ്ധി പുലര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗം ഉറപ്പുണ്ടെന്നാണ് നബിമൊഴി. മരണാനന്തര ലോകത്തെ കത്തുന്ന വെയിലില്‍ ദിവ്യത്തണലിന്റെ കുളിര് കിട്ടുന്ന ഏഴ് പേരിലൊരാളെ പ്രവാചകന്‍ ഇങ്ങനെ പരിചയപ്പെടുത്തി: ''ദൈവസമര്‍പ്പണത്തില്‍ വളര്‍ന്നു വന്ന യൗവനം.''
നബി ശിക്ഷണങ്ങളില്‍ രൂപപ്പെട്ട യുവത, ലൈംഗിക ജീവിത വിശുദ്ധിയില്‍ ചരിത്രത്തെ അമ്പരപ്പിച്ചു. മര്‍സദ്ബ്‌നു അബീ മര്‍സദ് ഉദാഹരണം. വിശ്വാസയൗവനത്തിന്റെ സംയമന മികവിന് ചരിത്രം വിളിച്ച പേരാണത്. മക്കയിലെ രൂപവതിയായിരുന്ന അഭിസാരിക 'ഇനാഖി'നോട് 'നോ' പറഞ്ഞതിനാല്‍ ദ്രോഹിക്കപ്പെടുകയായിരുന്നു നിരപരാധിയായ മര്‍സദ്. പ്രവാചക സന്നിധിയില്‍ വന്ന് സ്വന്തം വ്യഭിചാരക്കുറ്റം വെളിപ്പെടുത്തി, വധശിക്ഷ ചോദിച്ച് വാങ്ങിയ മാഇസ്ബ്‌നു മാലികിനെ ഓര്‍ക്കുക. അസ്‌ലം ഗോത്രജനായ അദ്ദേഹം, പശ്ചാത്താപത്തിന്റെ അഗ്നി വിശുദ്ധിയാല്‍ 'സ്വര്‍ഗീയ അരുവികളില്‍ നീന്തിത്തുടിക്കുന്നു' വെന്നാണ് പ്രവാചകന്‍ അറിയിച്ചത്. ഒരു മടക്കയാത്രയുടെ രാത്രിയില്‍ സ്ത്രീ പുരുഷന്‍മാരടങ്ങിയ നബി ശിഷ്യര്‍ ഒരിടത്താവളത്തില്‍ തങ്ങിയ കഥയുണ്ട്. നിദ്രയുടെ അലസനിമിഷങ്ങളില്‍ പോലും സ്ത്രീജനങ്ങളോട് അബദ്ധങ്ങള്‍ സംഭവിക്കരുതെന്ന നിതാന്ത ജാഗ്രതയാല്‍, തങ്ങളാരും ആ രാവില്‍ ഉറങ്ങിയിരുന്നില്ലെന്നാണ് പ്രവാചകന്റെ പുരുഷ സഖാക്കള്‍ പിന്നീട് വെളിപ്പെടുത്തിയത്. തീയും വെടിമരുന്നുമായി മാത്രം ആണ്‍ പെണ്‍ സാമീപ്യങ്ങളെ കാണുന്നതിന് പകരം, ആഴമുള്ള ധാര്‍മികതയുടെ ചട്ടക്കൂടില്‍ വികസിച്ച ആരോഗ്യകരമായ സഹവര്‍ത്തനത്തിന്റെ സംസ്‌കാരമായിരുന്നു അത്. ശ്വാസം മുട്ടിക്കുന്ന പൗരോഹിത്യത്തിനും, അപക്വയൗവനങ്ങള്‍ക്ക് മുമ്പില്‍ അതിരുവിട്ട ഉദാരതയുടെ ഊടുവഴികള്‍ തുറന്നിടുന്ന ഭൗതികതക്കും മധ്യേ, പ്രകൃതി മതത്തിന്റെ രാജപാത.
മതം മാര്‍ഗദര്‍ശനം ചെയ്ത യൗവനങ്ങള്‍ ആദര്‍ശപാതയില്‍ അന്യാദൃശമായ സമര്‍പ്പണങ്ങള്‍ നടത്തി. ആര്‍ഭാടങ്ങള്‍ നിറഞ്ഞ കുബേരയൗവനത്തില്‍ നിന്ന് ആദര്‍ശ പ്രബോധകന്റെ അനാര്‍ഭാട ജീവിതത്തിലേക്കുള്ള മുസ്അബ്ബ്‌നു ഉമൈറിന്റെ മാറ്റം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. യസ്‌രിബിലെ സമര്‍പ്പിത ജീവിതവും ഉഹുദിലെ ഉദാത്ത രക്തസാക്ഷ്യവുമോര്‍ക്കുക. മുസ്അബിന്റെ ഭൗതികജഡം പൂര്‍ണമായി പൊതിയാന്‍ വേണ്ട അളവില്‍ വസ്ത്രമില്ലാതിരിക്കുവോളം അനാസക്തവും നിസ്വവുമായിരുന്നത്രേ ആ മഹദ് ജീവിതം. സഅ്ദുബ്‌നു മുആദ് ആദര്‍ശപാതയിലെത്തുമ്പോള്‍ പ്രായം മുപ്പത്. മരണം മുപ്പത്തിയേഴിലും. പക്ഷേ, അവക്കിടയിലെ ഹ്രസ്വവര്‍ഷങ്ങള്‍ വിശ്രമമറിയാത്ത സമര്‍പ്പണത്തിന്റേതായിരുന്നു. ഒടുവില്‍ ആ ധന്യയൗവനം ഭൂമിയില്‍ നിന്ന് വിടവാങ്ങവെ, പ്രവാചകന്‍ അടയാളപ്പെടുത്തിയതിങ്ങനെ: ''സഅ്ദിന്റെ മരണത്തില്‍ ദിവ്യസിംഹാസനം കുലുങ്ങുന്നു.'' ഒരു പക്ഷേ ചരിത്രം കേട്ട ഏറ്റവും കനത്ത അനുശോചന സന്ദേശമിതായിരിക്കണം.
യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ തന്റെ കൈയിലവശേഷിച്ച കാരക്കകള്‍ വലിച്ചെറിഞ്ഞ് രക്തസാക്ഷ്യത്തിലേക്ക് കുതിച്ച ഹര്‍റാമ്ബ്‌നു മല്‍ജാന്റെ വിപ്ലവയൗവനം, സ്വര്‍ഗവഴിയില്‍ പാഴാക്കാന്‍ സമയമില്ലെന്ന് തെളിയിക്കുന്നതായിരുന്നു. 'മിഖ്ദാദിന്റെ കുതിര' കഴിവുകളുടെ പ്രതീകമായതെങ്ങനെയാണ്? മിഖ്ദാദ് കുതിരയെ ഓമനിച്ച് വളര്‍ത്തിയത് ബദ്‌റിന് വേണ്ടിയായിരുന്നു. അവസരങ്ങള്‍ക്കായി അദ്ദേഹം തന്റെ കുതിരയുമായി കാത്തിരുന്നു.ഒടുവില്‍, ധര്‍മയുദ്ധത്തിലേക്ക് അത് കുതിച്ചപ്പോള്‍ സമര്‍പ്പണത്തിന്റെ പുസ്തകത്തില്‍ പുത്തനധ്യായം പിറന്നു. പ്രവാചകന്റെ യുദ്ധ്വാഹാനം കേട്ട് പടക്കളത്തിലേക്ക് തിരിക്കുമ്പോള്‍, ഹന്‍ദലത്ബ്‌നു അബീ ആമിര്‍ മധുവിധുവിന്റെ ആദ്യ രാത്രിയിലായിരുന്നു. നവവധുവിനോട് 'വിധിയുണ്ടെങ്കില്‍ തിരിച്ചെത്താമെന്നും അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ കണ്ടുമുട്ടാമെന്നും' പറഞ്ഞിറങ്ങിയ ഹന്‍ദല, രക്തസാക്ഷ്യത്തിന് പുതുവര്‍ണം ചാര്‍ത്തി ചരിത്രത്തിലെ നിത്യമണവാളനായി. ഇനിയുമെത്ര ചരിത്ര ചിത്രങ്ങള്‍!! ആത്മസമര്‍പ്പണത്തിന്റെ അനശ്വരഗാഥകള്‍!! അതിനാല്‍ മഹാധിഷണകള്‍ വെളിച്ചപ്പെടുത്തിയ പോലെ, നമുക്ക് ചരിത്രത്തെ ഒപ്പം കൂട്ടാം. കോര്‍പ്പറേറ്റ് ബുദ്ധിശാലകള്‍ രൂപകല്‍പന ചെയ്യുന്ന പൈങ്കിളി യൗവനത്തിന്റെ വാര്‍പ്പുമാതൃകകളെ ധീരമായി തിരസ്‌കരിക്കാം. അധികാരത്തിന്റേയും മൂലധനത്തിന്റേയും പൗരോഹിത്യത്തിന്റേയും മയക്ക് വെടിയേറ്റ് നിദ്ര കൊള്ളുന്ന യൗവനങ്ങളുണരട്ടെ! കൊടും പട്ടിണിയാല്‍ ഒരു പിടിയാഹാരം യാചിച്ചെത്തിയ മധ്യാഫ്രിക്കയിലെ പെണ്‍കൗമാരങ്ങളെ കാമാസക്തിക്കിരയാക്കിയ കശ്മല പട്ടാളയൗവനങ്ങളെയോര്‍ത്ത് അവര്‍ ലജ്ജിക്കട്ടെ! ആട്ടിന്‍ പറ്റത്തില്‍ ചെന്നുപെട്ട സിംഹത്തിന്റെ കഥയിലെന്ന പോലെ, പുതുയുഗയൗവനങ്ങള്‍ ചരിത്രത്തിന്റെ ജലാശയത്തില്‍ സ്വന്തം പ്രതിബിംബം കണ്ട് സ്വത്വബോധം വീണ്ടെടുക്കട്ടെ! അനീതിയുടെ കേന്ദ്രങ്ങളില്‍ അവരുടെ സിംഹഗര്‍ജ്ജനങ്ങള്‍ മുഴങ്ങട്ടെ!!
Comments