Prabodhanm Weekly

Pages

Search

2015 ജൂണ്‍ 12

മുദ്രകള്‍

അബൂസ്വാലിഹ

ജോര്‍ജ് ഗലവെയെ തോല്‍പിച്ചതാര്?

ബ്രിട്ടനില്‍ 2015 മെയ് ഏഴിന് നടന്ന പൊതു തെരഞ്ഞെടുപ്പ് പല അട്ടിമറികള്‍ക്കും സാക്ഷിയായി. ലേബര്‍ പാര്‍ട്ടി വലിയ ഒറ്റക്കക്ഷിയാവുമെന്നും ചെറു പാര്‍ട്ടികളെ കൂട്ടുപിടിച്ച് ഗവണ്‍മെന്റ് രൂപീകരിക്കുമെന്നുമായിരുന്നു മീഡിയാ പ്രവചനം. സംഭവിച്ചത് നേരെ മറിച്ചും. ഭരണകക്ഷിയായ ടോറികള്‍ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തി. വിജയം ഉറപ്പിച്ച പലര്‍ക്കും അടിതെറ്റി. അവരിലൊരാളാണ് റെസ്‌പെക്ട് പാര്‍ട്ടിയുടെ ടിക്കറ്റില്‍ ബ്രാഡ്‌ഫോര്‍ഡ് വെസ്റ്റില്‍നിന്ന് മത്സരിച്ച ജോര്‍ജ് ഗലവെ. 2012-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടിനാണ് ഗലവെ ഇവിടെ നിന്ന് ജയിച്ചുകയറിയത്. ആ വിജയം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് എല്ലാവരും കരുതിയത്. കാരണം എതിരാളി ലേബര്‍ പാര്‍ട്ടിയുടെ നാസ്ഷാ എന്ന വനിതയാണ്. അവര്‍ക്ക് രാഷ്ട്രീയ പരിചയം തീരെ കുറവ്. മാത്രവുമല്ല, അവരുടെ കുടുംബത്തെക്കുറിച്ച് ആളുകള്‍ക്ക് മതിപ്പുമില്ല. രണ്ടാം ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു എന്ന കുറ്റത്തിന് 14 വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞിറങ്ങിയതാണ് നാസിന്റെ മാതാവ് സോറാഷാ. ആദ്യ ഭര്‍ത്താവ് (നാസിന്റെ പിതാവ്) സോറാഷായെ ഉപേക്ഷിച്ച് ഒരു കൗമാരക്കാരിയുടെ കൂടെ ഒളിച്ചോടുകയായിരുന്നു. രണ്ടാം ഭര്‍ത്താവിന്റെ പീഡനം പേടിച്ച് മകള്‍ നാസ് ഷായെ മാതാവ് പാകിസ്താനിലേക്ക് അയക്കുകയായിരുന്നു. അവിടെ വെച്ച് നാസ് പതിനഞ്ചാം വയസ്സില്‍ വിവാഹിതയാവാന്‍ നിര്‍ബന്ധിതയായി.

ഇങ്ങനെ കലങ്ങിമറിഞ്ഞ ജീവിത പശ്ചാത്തലവും രാഷ്ട്രീയത്തിലെ പരിചയക്കുറവും നാസിന് തിരിച്ചടിയാവുമെന്ന് മാധ്യമങ്ങള്‍ വിധിയെഴുതി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, പ്രവചനക്കാരെ ഞെട്ടിച്ച് നാസ് ഷാ 19,977 വോട്ട് നേടി. ഗലവെക്ക് 8557 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ഈ അട്ടിമറി എങ്ങനെ നടന്നു? ഗലവെക്ക് അതിന് കൃത്യമായ ഉത്തരമുണ്ട്. ഇവിടെ തനിക്കെതിരെ യഥാര്‍ഥത്തില്‍ മത്സരിച്ചത് നാസ് ഷാ എന്ന വനിതയായിരുന്നില്ല. ലേബര്‍ പാര്‍ട്ടിയും കോണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തന്നെ തോല്‍പിക്കുന്നതില്‍ ഒറ്റക്കെട്ടായിരുന്നു. എല്ലാ സഹായവുമായി സയണിസ്റ്റ് ലോബിയും സജീവമായിരുന്നു. ഫലസ്ത്വീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന, അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ തുറന്ന് കാണിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ഗലവെയെ തോല്‍പിക്കേണ്ടത് അവരുടെ കൂട്ടായ ആവശ്യമായിരുന്നു. മണ്ഡലത്തില്‍ കുറച്ചധികം വോട്ടുകള്‍ സ്വന്തമായുള്ള ഖാദിയാനികളും ഗലവെയെ കെട്ടുകെട്ടിക്കണമെന്ന വാശിയിലായിരുന്നു. പാക് അധീന കശ്മീരിന്റെ ഭാഗമായ മീര്‍പൂരില്‍ നിന്ന് കുടിയേറിയ വലിയൊരു വിഭാഗവും താമസിക്കുന്നത് ഈ മണ്ഡലത്തിലാണ്. ഈ പ്രവാസി കമ്യൂണിറ്റിയില്‍ പെട്ടയാളാണ് നാസ് ഷായും. അവരുടെ വോട്ട് ഉറപ്പിക്കാന്‍ ഈ ബന്ധം നിമിത്തമായി.

ഈ ഘടകങ്ങളെല്ലാം ഒത്തു ചേര്‍ന്നപ്പോഴാണ് ജോര്‍ജ് ഗലവെക്ക് അടിതെറ്റിയത്. തന്നെ തോല്‍പിച്ചവരാരൊക്കെയെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് നാസ് ഷാ സമര്‍പ്പിച്ച വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ച് ഗലവെ നിയമനടപടിക്ക് ഒരുങ്ങുന്നുണ്ടെങ്കിലും, അതില്‍ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. 

രാഷ്ട്രീയ പ്രാധാന്യമുള്ള 
ഉപതെരഞ്ഞടുപ്പ് ഫലം

മാഅത്തെ ഇസ്‌ലാമിക്കും അവാമി നാഷ്‌നല്‍ പാര്‍ട്ടിക്കും ഒരുപോലെ ആഴത്തില്‍ വേരുകളുള്ള അസംബ്ലി മണ്ഡലമാണ് പാക് പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ ഖ്വായിലെ ലോവര്‍ ദീറിലുള്ള പി.കെ -95. ഇവിടെ അഞ്ചു തവണ ജമാഅത്തും രണ്ടു തവണ അവാമിയും ജയിച്ചിട്ടുണ്ട്. പാകിസ്താന്‍ ജമാഅത്ത് അമീറായി തെരഞ്ഞെടുക്കപ്പെട്ട സിറാജുല്‍ ഹഖാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നു. ദേശീയ രാഷ്ട്രീയത്തിലോ പ്രവിശ്യാ രാഷ്ട്രീയത്തിലോ ഇതിന്റെ ഫലം യാതൊരു ചലനവും സൃഷ്ടിക്കുമായിരുന്നില്ല. എന്നിട്ടും വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തില്‍ അരങ്ങേറിയത്.

ജമാഅത്തെ ഇസ്‌ലാമിയുടെ ഇഅ്‌സാസുല്‍ മുല്‍കും അവാമി നാഷ്‌നല്‍ പാര്‍ട്ടിയുടെ സര്‍ദാര്‍ ബഹാദൂറും തമ്മിലായിരുന്നു മത്സരമെങ്കിലും, ദേശീയ രാഷ്ട്രീയത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലായിരുന്നു യഥാര്‍ഥ പോര്. അവാമി പാര്‍ട്ടി, പീപ്പ്ള്‍സ് പാര്‍ട്ടി, ജംഇയ്യത്ത് (ഫസ്‌ലുര്‍റഹ്മാന്‍ വിഭാഗം), മുസ്‌ലിം ലീഗ് (നവാസ് ശരീഫ് വിഭാഗം), എം.ക്യു.എം എന്നീ അഞ്ച് പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായിരുന്നു സര്‍ദാര്‍ ബഹാദൂര്‍. ഇംറാന്‍ ഖാന്റെ ഇന്‍സാഫ് പാര്‍ട്ടിയുടെ പിന്തുണ മാത്രമാണ് കാര്യമായും ജമാഅത്തിന് ഉണ്ടായിരുന്നത്. ഇന്‍സാഫും ജമാഅത്തും ഏതാനും ചെറുകക്ഷികളും ചേര്‍ന്ന മുന്നണിയാണ് ഖൈബര്‍ പക്തൂണ്‍ ഖ്വാ പ്രവിശ്യ ഭരിക്കുന്നത്. പ്രവിശ്യ ഗവണ്‍മെന്റിന്റെ പ്രകടനത്തെക്കുറിച്ച വിലയിരുത്തല്‍ കൂടിയായി ഉപതെരഞ്ഞെടുപ്പ് മാറി.

നാലായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ജമാഅത്ത് സ്ഥാനാര്‍ഥി ഇഅ്‌സാസുല്‍ ഹഖ് പി.കെ-95 മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. അദ്ദേഹത്തിന് 19,812 വോട്ടും എതിര്‍ സ്ഥാനാര്‍ഥിക്ക് 15,927 വോട്ടും ലഭിച്ചു. വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് ജമാഅത്ത് വക്താക്കള്‍ പ്രതികരിച്ചു. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ രൂപപ്പെടാനിടയുള്ള തെരഞ്ഞെടുപ്പ് സഖ്യങ്ങളിലേക്കും ഇത് സൂചന നല്‍കുന്നുണ്ട്. 

രക്തസാക്ഷികള്‍ സമൂഹ 
വിവാഹത്തിലൂടെ ഓര്‍മിക്കപ്പെടട്ടെ

പരോധത്തില്‍ ശ്വാസം മുട്ടിയ ഗസ്സ നിവാസികള്‍ക്ക് സഹായമെത്തിക്കാനായി വന്ന മാവി മര്‍മര എന്ന തുര്‍ക്കി കപ്പലിനെ ഇസ്രയേല്‍ ആക്രമിക്കുകയും ആക്രമണത്തില്‍ സന്നദ്ധ സേവകരായ പത്ത് തുര്‍ക്കി പൗരന്മാര്‍ വധിക്കപ്പെടുകയും ചെയ്തിരുന്നല്ലോ. സംഭവം നടന്നിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷമായി. ഈ രക്തസാക്ഷികളുടെ ഓര്‍മ പുതുക്കാന്‍ തുര്‍ക്കി ഭരണകൂടം ഗസ്സയിലെ യര്‍മൂക്ക് സ്റ്റേഡിയത്തില്‍ വലിയൊരു ചടങ്ങ് സംഘടിപ്പിച്ചു. വെറും ചടങ്ങല്ല, നാലായിരം ഫലസ്ത്വീനി യുവതീ യുവാക്കളുടെ സമൂഹ വിവാഹ ചടങ്ങ്. വിവാഹത്തിന്റെ എല്ലാ ചെലവുകളും തുര്‍ക്കി ഭരണകൂടമാണ് വഹിച്ചത്. നാല് മില്യന്‍ ഡോളറാണ് മൊത്തം ചെലവ്. തുര്‍ക്കിയിലെ മതകാര്യ വകുപ്പും 'ടീക്ക' എന്ന പേരില്‍ അറിയപ്പെടുന്ന തുര്‍ക്കി കോര്‍ഡിനേഷന്‍ കൗണ്‍സിലുമായിരുന്നു സംഘാടകര്‍.

ചെലവേറിയതാണ് അറബ് നാടുകളില്‍ വിവാഹം. തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടുന്ന ഗസ്സയിലെ യുവാക്കള്‍ക്ക് വിവാഹച്ചെലവുകള്‍ താങ്ങാന്‍ തീരെ ശേഷിയില്ല. ഇത് കണ്ടറിഞ്ഞാണ് തുര്‍ക്കി ഗവണ്‍മെന്റിന്റെ തീരുമാനം. വളരെ പ്രയാസപ്പെടുന്ന നാലായിരം യുവതീ യുവാക്കളെ തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെയും തടവിലാക്കപ്പെട്ടവരുടെയും മക്കള്‍, വീട് പാടെ തകര്‍ക്കപ്പെട്ട കുടുംബങ്ങള്‍ എന്നിവര്‍ക്കായിരുന്നു മുന്‍ഗണന.

ഈ സമൂഹ വിവാഹ ചടങ്ങ് തുര്‍ക്കിയും ഗസ്സയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഹമാസ് രാഷ്ട്രീയ കാര്യാലയത്തിന്റെ ഉപാധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. ''ഇന്ന് ഗസ്സ ഈ വിവാഹച്ചടങ്ങിലൂടെ പ്രഖ്യാപിക്കുകയാണ്: അതിക്രമങ്ങളുടെ ഇരുട്ട് നീങ്ങുക തന്നെ ചെയ്യും. ഉപരോധത്തിന്റെ തേറ്റകള്‍ക്ക് ഞങ്ങളുടെ ഇഛാശക്തിയെ ഒരു ചുക്കും ചെയ്യാനാവില്ല. ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കരിമ്പാറയില്‍ തട്ടി ഗൂഢാലോചനകളത്രയും പൊട്ടിത്തകരുകയാണ്. പലരും ഗസ്സക്ക് മരണം വിധിച്ചിട്ടുണ്ടെങ്കിലും, പോരാളികളുടെ ഈ നാട് ജീവിതത്തിന്റെ പുതിയ പുതിയ അധ്യായങ്ങള്‍ രചിച്ചുകൊണ്ടിരിക്കുകയാണ്.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /29-31
എ.വൈ.ആര്‍