Prabodhanm Weekly

Pages

Search

2015 ജൂണ്‍ 12

വിസ്മയ കാഴ്ചയൊരുക്കി ആല്‍പ്‌സ്

ഹുസൈന്‍ കടന്നമണ്ണ /യാത്ര

മിലാനോ മുതല്‍ മ്യൂണിച്ച് വരെ-3

         പഡുവ റെയില്‍വേ സ്റ്റേഷനിലേക്കാണ് പുറപ്പാട്. അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം ജര്‍മനിയിലെ മ്യൂണിച്ചിലെത്തണം. ഏഴ് മണിക്കൂര്‍ നീണ്ട യാത്ര. പഡുവയില്‍ നിന്നാണ് പുറപ്പെടുന്നതെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞ് വെറോണ ജംഗ്ഷനില്‍ ഇറങ്ങി ട്രെയിന്‍ മാറിക്കയറണം.

വെറോണയിലെത്തിയപ്പോള്‍ മ്യൂണിച്ചിലേക്കുള്ള ട്രെയിന്‍ അവിടെ കാത്തുകിടപ്പുണ്ട്. ടിക്കറ്റ് പ്രകാരം 262-ാം കോച്ചിലെ 31-32-33 സീറ്റുകളില്‍ ചെന്നിരുന്നെങ്കിലും എതിര്‍ സീറ്റുകളിലെ കാഴ്ച അത്ര സുഖകരമായിത്തോന്നിയില്ല. ഞാനും ഷംസുവും തൊട്ടടുത്ത കംപാര്‍ട്ട്‌മെന്റുകള്‍ക്ക് മുമ്പിലൂടെ നടന്ന് ഒഴിവുള്ളിടം കണ്ടുപിടിച്ചു. 81-82-83 സീറ്റുകള്‍. പിന്നെ ഉണ്ണ്യേട്ടനെയും കൂട്ടി അങ്ങോട്ടു നീങ്ങി. അവിടെ എതിര്‍ സീറ്റില്‍ ഒരു യുവ കോമളന്‍. ഞങ്ങളുടെ 'ഹായ്'ക്ക് 'മറു ഹായ്' പറഞ്ഞതല്ലാതെ കൂടുതലൊന്നും അയാള്‍ പ്രതികരിച്ചില്ല. ട്രെയിന്‍ ചലിച്ചുതുടങ്ങിയപ്പോള്‍ അയാളുമായി കൂടുതല്‍ അടുത്തു. അമേരിക്കനാണ്. അവിവാഹിതന്‍. പേര് റിക് പൊല്ലി. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍. മൂന്നു മാസത്തെ പരിശീലനത്തിനായി ഇറ്റലിയിലെത്തിയതാണ്. ഏതാനും മാസം മുമ്പ് ജപ്പാനിലായിരുന്നു പരിശീലനം. പിതാവ് അഭിഭാഷകനും മാതാവ് നഴ്‌സറി സ്‌കൂള്‍ അധ്യാപികയുമാണ്. ഞങ്ങളുടെ വിവരങ്ങളും അയാള്‍ ചോദിച്ചറിഞ്ഞു. പെരുമാറ്റത്തില്‍ കുലീനത പ്രകടം.

പിന്നീടങ്ങോട്ട് റിക് ഞങ്ങളുടെ കൂട്ടുകാരനായി. കുറെയേറെ കാര്യങ്ങള്‍ സംസാരിച്ചു. ഒന്നിച്ച് റസ്റ്റോറന്റില്‍ പോയി കാപ്പി കുടിച്ചു. ഇന്ത്യയിലെയും ഗള്‍ഫുനാടുകളിലെയും അമേരിക്കയിലെയുമൊക്കെ സാമൂഹികാന്തരീക്ഷം, കുടുംബഘടന, കലാലയ ജീവിതം, നാട്ടാചാരങ്ങള്‍, ഉപചാരങ്ങള്‍, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാസ്‌കറ്റ് ബാള്‍... പല വിഷയങ്ങളിലൂടെ സംസാരം കറങ്ങിത്തിരിഞ്ഞു.

പ്രശസ്തമായ ആല്‍പ്‌സ് പര്‍വത നിരകളുടെ താഴ്ഭാഗത്തു കൂടിയാണ് ഏറെ നേരമായി ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നത്. മലഞ്ചെരിവുകളില്‍ എണ്ണത്തില്‍ കുറവെങ്കിലും വീടുകളുണ്ട്. 5-6 വീടുകള്‍ ചേര്‍ന്ന ഹൗസിംഗ് കോളനികള്‍. ഇടക്കിടെ ചര്‍ച്ചുകളും കാണാം. ചില മലകള്‍ പോടായി മാറിയിരിക്കുന്നു. മാര്‍ബിളുകള്‍ക്കായി തുരന്നതാണ്.

ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കംപാര്‍ട്ടുമെന്റിലേക്ക് ഒരു അതിഥി കൂടിയെത്തി. ഒന്നും ഉരിയാടാതെ ഗൗരവ ഭാവത്തില്‍ വന്നൊരു ഇരുത്തം. ജീന്‍സും നീളന്‍ കൈ ഷര്‍ട്ടുമാണ് വേഷം. തലയില്‍ ചട്ടിത്തൊപ്പി. മൂക്കത്ത് ഗാന്ധി കണ്ണട. ഒന്നും മിണ്ടാതെ ജനല്‍ചില്ലിന്റെ സുതാര്യതയിലൂടെ, അതിവേഗം പിറകോട്ട് പായുന്ന ആല്‍പ്‌സ് പര്‍വത നിരകളിലേക്ക് നോക്കിയിരിപ്പാണ്. ഇയാള്‍ ആരാണ്? യൂറോപ്യനോ അമേരിക്കനോ ആസ്‌ത്രേലിയക്കാരനോ അതോ ഈജിപ്ഷ്യനോ? അയാളോട് മിണ്ടാന്‍ റിക്കിനും ധൈര്യക്കുറവുള്ള പോലെ. ഒടുവില്‍ ഉണ്ണ്യേട്ടന്‍ തന്നെ ഐസ് പൊട്ടിച്ചു.

ഉണ്ണ്യേട്ടന്‍ തുടങ്ങിവെച്ചതോടെ ആഗതന് ആവേശം. അയാള്‍ അടുത്തടുത്ത് വന്നു- ഡോ. സ്റ്റുവര്‍ട്ട് ലുഡ്‌വിസ്. അമേരിക്കന്‍. മനഃശാസ്ത്ര വിദഗ്ധന്‍. ഒട്ടനവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം കേരളത്തിലൂടെയും കടന്നുപോയിട്ടുണ്ട്. ഏറെ കാലമായി ചൈനയിലെ ഷങ്ഹായിയില്‍ സൈക്കോളജി കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ്. ജര്‍മനിയില്‍ ബിസിനസ്സുണ്ട്. അതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ യാത്ര.

ട്രെയിന്‍ ഇറ്റലി വിട്ട് ഓസ്ട്രിയയിലേക്ക് പ്രവേശിച്ചു. മെല്ലെ മെല്ലെ ഭൂപ്രകൃതിയുടെ രൂപവും ഭാവവും മാറി വരികയാണ്. ഇറ്റലിയുടേതില്‍ നിന്ന് വ്യത്യസ്തമായി മനോഹരമായി അണിയിച്ചൊരുക്കിയ താഴ്‌വരകള്‍. സുന്ദരമായ വീടുകള്‍, കൂട്ടം കൂടി മേയുന്ന ചെമ്മരിയാടുകള്‍, ചര്‍ച്ചുകള്‍. കലണ്ടറുകളിലും ചുവര്‍ ചിത്രങ്ങളിലും പതിവായി കാണാറുള്ള മനോഹര ദൃശ്യങ്ങളുടെ നേര്‍ പകര്‍പ്പ്. ''ഇറ്റാലിയന്‍ ഭൂപ്രകൃതി തനിമയാര്‍ന്നതാണ്. സ്വാഭാവികതയുള്ള സൗന്ദര്യം. ഓസ്ട്രിയയുടേതാകട്ടെ കൃത്രിമം. വെച്ചുപിടിപ്പിച്ചത്. രണ്ടിനുമുണ്ട് മഹത്വം.'' നിരവധി തവണ ഈ പാതയിലൂടെ യാത്ര ചെയ്തിട്ടുള്ള സ്റ്റുവര്‍ട്ടിന്റെ വാക്കുകളില്‍ ആധികാരികതയുടെ മുഴക്കം.

ഞങ്ങള്‍ അഞ്ചുപേരും യാത്രയിലുടനീളം സംസാരിച്ചുകൊണ്ടിരുന്നു. സംസാരം സംവാദത്തിലേക്കും ചര്‍ച്ചയിലേക്കും ആശയപകര്‍ച്ചയിലേക്കും മാറി മറിയുകയാണ്. ചര്‍ച്ചക്ക് ചൂടേറിയത് ഭീകരത, തീവ്രവാദം, അധിനിവേശം തുടങ്ങിയ വിഷയങ്ങളെ തൊട്ടപ്പോഴാണ്. അമേരിക്കയുടെ അഫ്ഗാന്‍-ഇറാഖ് അധിനിവേശങ്ങളെ പരാമര്‍ശിക്കവെ താലിബാനും ഇറാഖിലെ പോരാളികളുമെല്ലാം ഭീകരരാണെന്ന നിലപാടില്‍ റിക്കും സ്റ്റുവര്‍ട്ടും ഉറച്ചുനിന്നു.

''സ്വദേശത്തിനു വേണ്ടി പോരാടുന്നവര്‍ എങ്ങനെ ഭീകരവാദികളാവും? ഇന്നങ്ങനെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും നാളെ അവര്‍ വിമോചകരായി വാഴ്ത്തപ്പെടില്ലേ? ഗാന്ധിജിയും ഇതര ഇന്ത്യന്‍ ദേശീയ നേതാക്കളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരുടെ കണ്ണില്‍ രാജ്യദ്രോഹികളായിരുന്നില്ലേ? അതുതന്നെയല്ലേ ഇപ്പോഴും നടക്കുന്നത്? സ്വദേശത്തേക്ക് അക്രമികള്‍ വരുമ്പോള്‍ ആരെങ്കിലും അവരെ ഇരു കൈയും നീട്ടി സ്വീകരിക്കുമോ?'' ഇങ്ങനെയൊക്കെ ഞാന്‍ ചോദ്യങ്ങളുന്നയിച്ചുകൊണ്ടിരുന്നപ്പോള്‍ ഇരുവരും പ്രതിരോധത്തിലായ പോലെ. ഇത്തിരി ആലോചിച്ച് ഊര്‍ജം സംഭരിച്ച ശേഷം സ്റ്റുവര്‍ട്ട് തുടര്‍ന്നു: ''താലിബാനും അല്‍ഖാഇദയും ഭീകരവാദികളല്ലെങ്കില്‍ എങ്ങനെ 9/2001 സംഭവങ്ങളുണ്ടായി? എന്തിന് അത്രയും നിരപരാധികളെ കൂട്ടക്കുരുതി ചെയ്തു?''

''സെപ്റ്റംബര്‍ സംഭവങ്ങള്‍ തീര്‍ത്തും അപലപനീയം തന്നെ''- ഞന്‍ പറഞ്ഞു. ''പക്ഷേ അതു താലിബാനും അല്‍ഖാഇദയുമാണ് ചെയ്തതെന്നതിന് ഇനിയും തെളിവുകള്‍ ലഭിക്കേണ്ടതില്ലേ? അമേരിക്കയിലെ യുദ്ധോത്സുകരായ ഒരു വിഭാഗം- സര്‍ക്കാറിന്റെ മുന്നറിവോടെ- അധിനിവേശത്തിന് ന്യായീകരണം പടക്കാനായി ഒപ്പിച്ച വേലയാണതെന്ന് സംശയിക്കപ്പെടുന്നില്ലേ? ഡോക്യുമെന്ററി ഫിലിം നിര്‍മാണരംഗത്ത് പ്രശസ്തനായ ഇറാനിയന്‍ സംവിധായകന്‍ നാദിര്‍ താലിബ് സാദയുടെ I was there എന്ന ഡോക്യുമെന്ററി ചിത്രം അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ ആ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് അവിടെ സന്നിഹിതനായിരുന്ന നാദിറുമായി ആശയം വിനിമയം നടത്താന്‍ എനിക്ക് അവസരമുണ്ടായി. വേള്‍ഡ് ട്രേഡ് സെന്ററിനെ വിമാനം വന്ന് ഇടിച്ചപ്പോള്‍ അതിന്റെ തൊട്ടടുത്തുള്ള കൂറ്റന്‍ ടവര്‍ നിലം പൊത്തുന്ന രംഗം കണ്ട മിക്കവരും അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു; അത് നിലം പൊത്തിയത് കൂറ്റന്‍ സൗധങ്ങള്‍ പാതാളത്തിലേക്ക് താഴ്ത്തി തകര്‍ക്കുന്ന ഡയനാമിറ്റ് പ്രയോഗം കൊണ്ടാണെന്ന്. ആ വഴിക്ക് അന്വേഷണം നടത്തിയ നാദിറിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിലം പൊത്തിയ ആ ടവറിന്റെ അടിത്തട്ടില്‍ ഡയനാമിറ്റ് നിക്ഷേപിക്കുന്നത് തലേന്ന് രാത്രി ഷിഫ്റ്റില്‍ അവിടെ ജോലി ചെയ്തിരുന്ന അമേരിക്കക്കാരന്‍ കാണുകയുണ്ടായി. നാദിര്‍ തന്റെ ഫിലിമില്‍ ആ ദൃക്‌സാക്ഷിയെ ഹാജരാക്കുന്നു. I was there എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന ആ സാക്ഷിമൊഴിയുടെ തലവാചകമാണ് പിന്നീട് ചിത്രത്തിന്റെ തലക്കെട്ടായത്. മാത്രമല്ല, ഇടിച്ചത്, പ്രചരിപ്പിക്കപ്പെടുന്നതുപോലെ തട്ടിയെടുത്ത യാത്രാ വിമാനമല്ല. മറിച്ച്, പൈലറ്റില്ലാ യുദ്ധവിമാനമാണെന്നും പരക്കെ സംശയിക്കപ്പെടുന്നു. വേള്‍ഡ് ട്രേഡ് സെന്ററിലും മറ്റുമുണ്ടായിരുന്ന യഹൂദികളായ ജോലിക്കാര്‍ ഇടി നടന്ന ദിവസം എന്തുകൊണ്ട് ജോലിക്ക് ഹാജരായില്ല?''

ഇങ്ങനെയൊക്കെ കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ 'I don't know, it is interesting' എന്നു മാത്രം പ്രതികരിച്ചു സ്റ്റുവര്‍ട്ട്.

സംസാരത്തിനിടക്ക് ഷംസു എന്നെ ഒളിക്കണ്ണിട്ട് നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ''ഇതവരുടെ നാടാണ്. ഇങ്ങനെയൊക്കെ പറയുന്നത് പന്തിയാണോ?'' എന്ന സന്ദേശമാണ് അദ്ദേഹം പകരുന്നത്.

ഏതായാലും ഇത്രയേറെ നിശിതമായ ചര്‍ച്ച നടന്നിട്ടും ഞങ്ങളുടെ സൗഹൃദത്തിനൊട്ടും പോറലേറ്റില്ല. നിലപാടുകള്‍ മാറ്റുരക്കപ്പെടുമ്പോള്‍ ശൈലി ഹൃദ്യമായിരുന്നാല്‍ സ്‌നേഹം കുരുതിക്കൊടുക്കേണ്ടിവരില്ലല്ലോ.

ചൈനയിലെ തന്റെ ജീവിതാനുഭവങ്ങളും സ്റ്റുവര്‍ട്ട് ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. ഇന്ത്യയുടെയും ചൈനയുടെയും പുരോഗതി താരതമ്യം ചെയ്തുകൊണ്ടദ്ദേഹം നടത്തിയ നിരീക്ഷണം പ്രസക്തമായി തോന്നി. ''ചൈനയുടെ പുരോഗതി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ച് സമ്മര്‍ദത്തിലാക്കിക്കൊണ്ടുള്ളതാണ്. അതിന് ഗതിവേഗമേറെയാണെങ്കിലും സമ്മര്‍ദശക്തി- അഥവാ കമ്യൂണിസ്റ്റ് വ്യവസ്ഥ- നാടു നീങ്ങുന്നതോടെ അധോഗതി ആരംഭിക്കും. ഇന്ത്യയുടെതാകട്ടെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമേകിയും സര്‍ഗാത്മകതയിലൂന്നിയുമുള്ളതാണ്. ജനാധിപത്യ വ്യവസ്ഥയുടെ സ്വാഭാവികോല്‍പന്നം. ഗതിവേഗം കുറഞ്ഞാലും സ്ഥിരതയേറുമതിന്.''

ചൈനയെക്കുറിച്ച സംസാരത്തിനിടയില്‍: ''താങ്കള്‍ കുറെ വര്‍ഷമായി ചൈനയിലാണല്ലോ. So do you speak Chinese?'' ആകാംക്ഷയോടെയുള്ള എന്റെ ചോദ്യത്തിന് നര്‍മത്തിലൂടെയാണ് സ്റ്റുവര്‍ട്ട് പ്രതികരിച്ചത്: ''No, but I eat Chinese fluently!''

സംവാദം പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് ഉണ്ണ്യേട്ടന്‍ പുറത്തേക്ക് ചൂണ്ടി: ''നോക്കൂ! വല്ലാത്തൊരു അത്ഭുതം തന്നെ!'' എല്ലാവരുടെയും ദൃഷ്ടി ഒരിടത്ത് കേന്ദ്രീകരിച്ചു. ഒരു കൂറ്റന്‍ മലയുടെ നെറുകയില്‍ നിന്ന് അതുപോലുള്ള മറ്റൊന്നിന്റെ നെറുകയിലേക്ക് മേല്‍പാലം. ഏറെ ഉയരത്തിലുള്ള ആ പാലത്തിലൂടെ ഒഴുകുന്ന ട്രക്കുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ സോപ്പു പെട്ടികളും തീപ്പെട്ടികളുമൊക്കെയായി തോന്നിച്ചു. ഉണ്ണ്യേട്ടന്‍ ഉച്ചഭക്ഷണത്തെക്കുറിച്ചോര്‍മപ്പെടുത്തി. താമസിയാതെ റസ്റ്റോറന്റിലേക്ക് നീങ്ങി.

റസ്റ്റോറന്റില്‍ ജോലിക്കാര്‍ രണ്ടു പേര്‍. മുതലാളിയായി ഇറ്റലിക്കാരന്‍. സഹായിയായി ഒരു ബംഗ്ലാദേശിയും. ബംഗ്ലാദേശിയുമായി ഉര്‍ദുവില്‍ പേശിയപ്പോള്‍ ബില്ലില്‍ ഇത്തിരി ഇളവ് കിട്ടി. ഞാനദ്ദേഹത്തിന്റെ പേര് ചോദിച്ചു. 'ഞാന്‍ റേമണ്‍' തിരക്കിനിടെ അയാള്‍ കാച്ചിവിട്ടു. ''റേമണോ? ബംഗ്ലാദേശി, റേമണോ? റഹ്മാനായിരിക്കും?'' ഞാന്‍ ആരാഞ്ഞു. ''അതെ റഹ്മാന്‍ തന്നെ. പക്ഷേ, ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ. ജീവിച്ചുപോകേണ്ടേ?'' അദ്ദേഹം നിലപാട് വ്യക്തമാക്കി.

ഇതുപോലൊരു ബംഗ്ലാദേശിയെ വെനീസിലെ ബോട്ടുയാത്രക്കിടെ പരിചയപ്പെട്ടിരുന്നു. അദ്ദേഹം തന്റെ പേര് പറഞ്ഞത് 'റോമന്‍' എന്നാണ്. ഓകാരം ബംഗാളികളുടെ കൂടപ്പിറപ്പായതിനാല്‍ എനിക്കപ്പോള്‍ വേഗം പിടികിട്ടി- റഹ്മാനാണെന്ന്.

ഒന്നര മണിക്കൂറിലേറെ ഓസ്ട്രിയന്‍ മണ്ണിലൂടെ ട്രെയിന്‍ ഓടിക്കഴിഞ്ഞു. ഇപ്പോള്‍ ജര്‍മനിയിലേക്ക് പ്രവേശിക്കുകയാണ്. ഭൂപ്രകൃതി വീണ്ടും മാറിത്തുടങ്ങി. വലിയ വലിയ ഫാക്ടറികള്‍ പ്രത്യക്ഷപ്പെടുന്നു. മനുഷ്യര്‍ക്കും കൂടുതല്‍ വലുപ്പം. ജനസാന്ദ്രതയുമേറി. സ്റ്റേഷനുകളില്‍ വണ്ടി നിര്‍ത്തുമ്പോഴൊക്കെ യാത്രക്കാരുടെ ബഹളം. വൈകുന്നേരമായതോടെ ട്രെയിനിനകത്തേക്ക് തണുപ്പ് കേറിത്തുടങ്ങി. കുറച്ചു നേരം പുറത്തേക്ക് നോക്കിയിരുന്നു- പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുറച്ചു തന്നെ. ഇത്രയും മണിക്കൂറുകള്‍ ഇടക്കിടെ മാത്രമേ അതിന് കഴിഞ്ഞുള്ളൂ. ചര്‍ച്ചയും സംവാദവുമൊക്കെയായി സമയം പോയതറിഞ്ഞില്ല. ജര്‍മനിയിലെ മനോഹരമായ കാടുകളും മേടുകളും പുഴകളും തോടുകളും വെട്ടിമുറിച്ചുകൊണ്ടുള്ള ട്രെയിനിന്റെ കുതിപ്പ് അധികനേരം ആസ്വദിച്ചിരിക്കാന്‍ പക്ഷേ, സ്റ്റുവര്‍ട്ട് സമ്മതിച്ചില്ല. ഹിറ്റ്‌ലറെക്കുറിച്ച എന്തോ പരാമര്‍ശം വീണ്ടും അധിനിവേശത്തെക്കുറിച്ച ചര്‍ച്ചയിലേക്കെത്തിച്ചു. അവസരം മുതലെടുത്ത് സ്റ്റുവര്‍ട്ടിനെ ഒന്നു പ്രകോപിപ്പിക്കാനും ഇന്ത്യയുടെ കരുത്ത് ഉയര്‍ത്തിക്കാട്ടാനുമായി ഞാന്‍ പറഞ്ഞു: ''പാശ്ചാത്യരും അവരുടെ പട്ടാളവും ആധിപത്യം സ്ഥാപിച്ച നാടുകളിലൊക്കെ അവിടങ്ങളിലെ തനത് സംസ്‌കാരം അധിനിവേശ സംസ്‌കാരത്തിന് വഴിമാറി കൊടുത്തതായി നാം കാണുന്നു. ഫിലിപ്പൈന്‍സ് ഉദാഹരണം. എന്നാല്‍, ഇന്ത്യയുടെ സ്ഥിതി വ്യത്യസ്തമാണ്. നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് അധിനിവേശത്തിലമര്‍ന്നിട്ടും ഇന്ത്യക്കാര്‍ വസ്ത്രധാരണം, സ്ത്രീ -പുരുഷ സമ്പര്‍ക്കം തുടങ്ങിയ കാര്യങ്ങളില്‍ പാശ്ചാത്യ സംസ്‌കാരത്തിന് വഴങ്ങിയില്ല. അത് ബ്രിട്ടീഷുകാരുടെ ദൗര്‍ബല്യമോ അതോ ഇന്ത്യക്കാരുടോ കരുത്തോ? ഇന്ത്യക്കാര്‍ പരമ്പരാഗതമായി പുലര്‍ത്തുന്ന മതബോധത്തിന്റെ ശക്തിയും, ഒട്ടും പതറാതെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടത്തിയ ചെറുത്തുനില്‍പിന്റെ വീര്യവുമല്ലേ അത് തെളിയിക്കുന്നത്?''

ഇത്തിരി ആലോചിച്ച ശേഷമാണ് സ്റ്റുവര്‍ട്ട് ചോദ്യത്തോട് പ്രതികരിച്ചത്: ''ബ്രിട്ടീഷുകാര്‍ പൊതുവെ അന്തര്‍മുഖരാണ്. അവര്‍ ചെല്ലുന്നിടങ്ങളില്‍ തദ്ദേശീയരുമായി ഇടകലരാതെ, ഇണങ്ങാതെ ജീവിക്കും. അതിനാല്‍ അവരുടെ സംസ്‌കാരം പെട്ടെന്ന് പകരില്ല. അമേരിക്കക്കാര്‍ തിരിച്ചാണ്. പെട്ടെന്ന് ഇണങ്ങിച്ചേരും. അതിനാല്‍ അവരുടെ സംസ്‌കാരം പെട്ടെന്ന് പകരും.''

സ്റ്റുവര്‍ട്ടിന്റെ നിരീക്ഷണത്തില്‍ ശരിയുണ്ടാവാമെങ്കിലും ഇന്ത്യന്‍ ജനതയുടെ പ്രതിരോധത്തിന്റെ കരുത്തില്‍ ഞാന്‍ അപ്പോഴും ആവേശഭരിതനായിക്കൊണ്ടിരുന്നു.

 (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /29-31
എ.വൈ.ആര്‍