മുജാഹിദ്-ജമാഅത്ത് സൗഹൃദ കാലത്തെക്കുറിച്ച് ഒരോര്‍മ
മുജാഹിദ്-ജമാഅത്ത് സൗഹൃദ കാലത്തെക്കുറിച്ച് ഒരോര്‍മ
പ്രബോധനം വാരികയില്‍ എ. അബ്ദുസ്സലാം സുല്ലമിയുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം വായിച്ചപ്പോള്‍ (ലക്കം 2900, 2901) പഴയ ചില ഓര്‍മകള്‍ പങ്കുവെക്കണമെന്ന് തോന്നി. എ. അലവി മൗലവിയെ യാഥാസ്ഥിതികര്‍ വധിക്കാന്‍ പദ്ധതിയിട്ട കാര്യം സുല്ലമി സൂചിപ്പിച്ചുവല്ലോ. ആ ഗൂഢ പദ്ധതിയില്‍ അലവി മൗലവിയും അന്ന് അദ്ദേഹത്തിന്റെ കൂടെ കാറില്‍ യാത്ര ചെയ്തിരുന്ന തൃപ്പനച്ചിയിലെ സി.പി കുഞ്ഞിമൊയ്തീന്‍ മൗലവിയും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രണ്ട് പേരും പരിചയമുള്ള ആളുകളുടെ ദൃഷ്ടിയില്‍ പെട്ടതിനാല്‍ അവര്‍ സന്ദര്‍ഭോചിതമായി ഇടപെട്ട് മൗലവിമാരെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ സംഭവം വിശദീകരിച്ച് പിന്നീട് പാട്ടുകള്‍ വരെ എഴുതപ്പെട്ടിരുന്നു.
ഇബാദത്ത് ചര്‍ച്ച കത്തിനില്‍ക്കുന്ന കാലത്ത് ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജ് പ്രഫസറായിരുന്ന പ്രഫ. സി.പി അബൂബക്കര്‍ മൗലവി ദഅ്‌വത്ത് നഗറില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തില്‍ ആ വിഷയകമായി നടത്തിയ പരാമര്‍ശം ഓര്‍മവരുന്നു. 'ഇബാദത്ത് എന്ന സാങ്കേതിക പദത്തിന് വാക്കര്‍ഥം പറയാതെ, അതിന്റെ നിര്‍വചനം പറഞ്ഞാല്‍ മതി' എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ആ ആശയം ഉള്‍ക്കൊണ്ട് അത് വിശദീകരിച്ച് ഈയുള്ളവന്‍ അന്ന് ഉമര്‍ മൗലവിയുടെ സല്‍സബീലിലേക്ക് കുറിപ്പ് അയച്ചിരുന്നു. അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല. പിന്നീട് പ്രബോധനം വാരികയില്‍ 'സാങ്കേതിക ശബ്ദം പരിഭാഷ വേണ്ട' എന്ന ശീര്‍ഷകത്തില്‍ ആ കുറിപ്പ് പ്രസിദ്ധീകരിച്ചു. അബ്ദുസ്സലാം സുല്ലമി തന്നെ ഇബാദത്തിന് അനുസരണമെന്ന് അര്‍ഥമുണ്ടെന്ന് അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കുകയും കെ. ഉമര്‍ മൗലവിയാണ് അതില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് തുറന്നു പറയുകയും ചെയ്തിരിക്കുന്നു. ഈ വിഷയത്തില്‍ സകല പരിധിയും ലംഘിച്ച തെറ്റിദ്ധാരണകളാണ് ഉമര്‍ മൗലവി സ്വന്തമായി പ്രസിദ്ധീകരിച്ച സല്‍സബീല്‍ മാസിക വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. ഇബാദത്തിന് അനുസരണമെന്ന് സയ്യിദ് ഖുത്വ്ബ് തന്റെ തഫ്‌സീറില്‍ അര്‍ഥം കൊടുത്തതിനെ കുറിച്ച് ഉമര്‍ മൗലവി എഴുതിയതിങ്ങനെ: ''സയ്യിദ് ഖുത്വ്ബ് തനിക്ക് പറ്റിയ തെറ്റ് തിരുത്താതെയാണ് മരണപ്പെട്ടത്. അതിനാല്‍ അദ്ദേഹം ബര്‍സഖിയായ ലോകത്ത് വിരല്‍ കടിച്ചു ഖേദിച്ചുകിടക്കുന്നുണ്ടാകും. മൗദൂദി സാഹിബ് ജീവിച്ചിരിക്കുന്നതിനാല്‍ (ഉമര്‍ മൗലവി ഇത് എഴുതുമ്പോള്‍ മൗദൂദി സാഹിബ് ജീവിച്ചിരിപ്പുണ്ട്) അദ്ദേഹത്തിനു പറ്റിയ തെറ്റ് തിരുത്താന്‍ അവസരമുണ്ട്.'' ടി.കെ അബ്ദുല്ലാ സാഹിബ് കേരള ജമാഅത്ത് അമീറായ കാലത്ത് അദ്ദേഹത്തിന് ഉമര്‍ മൗലവി എഴുതിയ കത്ത് ഇങ്ങനെ: ''യാ അബ്ദല്ലാ, അസ്‌ലിം തസ്‌ലിം'' (ഹേ അബ്ദുല്ലാ, നീ മുസ്‌ലിമാവുക എന്നാല്‍ നീ രക്ഷപ്പെടും).
യഥാര്‍ഥത്തില്‍ സുല്ലമി സൂചിപ്പിച്ച പോലെ മുജാഹിദ് വിഭാഗത്തിലെ ഒറ്റപ്പെട്ട ചില വ്യക്തികള്‍ നേതൃത്വം നല്‍കിയ കാമ്പയിന്‍ മാത്രമായിരുന്നു ഇബാദത്ത് ചര്‍ച്ചകള്‍. പിന്നീടത് ഇരു സംഘടനകളും മുഖ്യ അജണ്ടയായി ഏറ്റെടുക്കേണ്ടിവരികയായിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് മുമ്പ് പരസ്പരം സൗഹൃദത്തിന്റെ ചരിത്രമാണ് ജമാഅത്ത്-മുജാഹിദ് സംഘടനകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ഇറങ്ങാന്‍ പോകുന്ന പ്രബോധനം ലക്കങ്ങളെക്കുറിച്ച് അല്‍മനാറില്‍ പരസ്യം പോലും പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. എ.കെ അബ്ദുല്ലത്വീഫ് മൗലവി കെ.എന്‍.എമ്മിന്റെ കാര്യദര്‍ശിയായിരുന്ന കാലത്ത് 'ഇസ്‌ലാമിനെ പരിചയപ്പെടല്‍' എന്നൊരു കാമ്പയിന്‍ ജമാഅത്തും നദ്‌വത്തും സഹകരിച്ചു നടത്തിയിരുന്നു. അബ്ദുല്ലത്വീഫ് മൗലവി സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കേണ്ടി വന്നപ്പോള്‍ പ്രസ്തുത പരിപാടിയും നിലച്ചു. പിന്നീട് അബ്ദുല്ലത്വീഫ് മൗലവി ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുത്തു. പ്രസ്തുത കോളേജില്‍ മുജാഹിദ് പണ്ഡിതന്മാരായ അബുസ്സബാഹ് മൗലവി, നന്മണ്ട അബൂബക്കര്‍ മൗലവി എന്നിവരും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാവക്കാട് ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു മസ്ജിദില്‍ വര്‍ഷങ്ങളോളം മര്‍ഹൂം സി.പി അബൂബക്കര്‍ മൗലവി ഖത്വീബായി സേവനമനുഷ്ഠിച്ചിരുന്നു. ഇവര്‍ക്കാര്‍ക്കും ജമാഅത്തുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തടസ്സമൊന്നുമുണ്ടായിരുന്നില്ല. പുതിയ കാലത്തും ഇരു സംഘടനകളും ആ സൗഹൃദ പാതക്ക് തുടര്‍ച്ചയുണ്ടാക്കുകയാണ് വേണ്ടത്.
കെ.വി.ഒ അബ്ദുര്‍റഹ്മാന്‍ പറവണ്ണ
റോഹിങ്ക്യന്‍ അഭയാര്‍ഥികളും
അന്താരാഷ്ട്ര നിയമങ്ങളും
മ്യാന്മറിലെ വംശഹത്യയില്‍ നിന്ന് രക്ഷതേടിയിറങ്ങി, ഒരു രാജ്യത്തും അടുക്കാന്‍ അനുമതി ലഭിക്കാതെ തെക്ക് കിഴക്കനേഷ്യന്‍ കടലില്‍ ബോട്ടുകളില്‍ മരിച്ചുകൊണ്ടിരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് ഒടുവില്‍ ഫിലിപ്പീന്‍സിന്റെയും തുര്‍ക്കിയുടെയും സഹായം ലഭിച്ചത് മനുഷ്യത്വം തീര്‍ത്തും നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ സൂചനയാണ്.
അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര നിയമമാണ് യു.എന്‍.എച്ച്.സി.ആറിന്റെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ 1951-ലെ അഭയാര്‍ഥി ഉടമ്പടി. ഈ ഉടമ്പടി പ്രകാരം ഇതില്‍ ഒപ്പുവെച്ചിട്ടുള്ള എല്ലാ രാജ്യങ്ങളും, പലവിധ കാരണങ്ങളാല്‍ അഭയാര്‍ഥികളായി എത്തുന്നവരുടെ സംരക്ഷണം ഉറപ്പു വരുത്തണം എന്ന് നിര്‍ദേശിക്കുന്നു.
1951-ലെ ഉടമ്പടിയില്‍ അനുഛേദം 1(എ)2ല്‍ ആരാണ് അഭയാര്‍ഥികള്‍ എന്ന് വിശദീകരിക്കുന്നു. അതിന്‍ പ്രകാരം ജനിച്ച നാട്ടില്‍ വംശം, മതം, രാഷ്ട്രീയം തുടങ്ങിയ കാരണങ്ങളാല്‍ അവഗണിക്കപ്പെടുകയോ പൗരത്വം നിഷേധിക്കപ്പെടുകയോ ആക്രമണത്തിന് ഇരകളാക്കപ്പെടുകയോ മൂലം ആ പ്രദേശത്ത് നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരാണ് അഭയാര്‍ഥികള്‍.
രണ്ടാം ലോക യുദ്ധാനന്തരം അഭയാര്‍ഥികളാകേണ്ടി വന്ന പാശ്ചാത്യര്‍ക്ക് വേണ്ടി മാത്രമായിരുന്നു 1951-ലെ അഭയാര്‍ഥി ഉടമ്പടി രൂപം കൊണ്ടത്. പിന്നീട് 1967-ല്‍ ഇതില്‍ ഭേദഗതി വരുത്തുകയും മറ്റു അഭയാര്‍ഥികള്‍ക്ക് കൂടി ഈ ഉടമ്പടി ബാധകമാക്കുകയും ചെയ്തു. നിലവില്‍ 148 ഓളം രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പ് വെച്ചിട്ടുണ്ട്.
ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പു വെച്ചിട്ടില്ല. സാധാരണഗതിയില്‍ അന്താരാഷ്ട്ര നിയമപ്രകാരം ഉടമ്പടിയില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ ഉടമ്പടി പാലിക്കേണ്ടതില്ല. ഇത് ഒരു കാരണമായെടുത്തിട്ടാകാം, ഈ രാജ്യങ്ങള്‍ റോഹിങ്ക്യ അഭയാര്‍ഥികള്‍ക്ക് തങ്ങളുടെ രാജ്യത്ത് അഭയം നിഷേധിച്ചത്.
1951-ലെ അഭയാര്‍ഥി ഉടമ്പടി (അനുഛേദം 33) പ്രകാരം അഭയം തേടി വന്ന അഭയാര്‍ഥികളെ ഒരു രാജ്യവും മടക്കിയയക്കാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുന്നു (Principle of Non- refoulment). ഈ ഉടമ്പടിയില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ മാത്രമല്ല ലോക രാജ്യങ്ങള്‍ എല്ലാം തന്നെ പാലിക്കേണ്ട ഒരു പൊതു തത്ത്വമാണെന്നാണ് അന്താരാഷ്ട്ര നിയമം പറയുന്നത് (International Customary Law). 1951-ലെ ഉടമ്പടിയില്‍ ഒപ്പു വെച്ച രാഷ്ട്രങ്ങള്‍ അഭയാര്‍ഥികള്‍ക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങള്‍, പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍, കോടതിയെ സമീപിക്കാനുള്ള അവകാശം തുടങ്ങിയവ ലഭ്യമാക്കണം എന്നും നിഷ്‌കര്‍ഷിക്കുന്നു.
പൊതുവെ അന്താരാഷ്ട്ര നിയമങ്ങളുടെ ഒരു ബലഹീനത, ഏതെങ്കിലും രാഷ്ട്രം നിയമം പാലിച്ചില്ലെങ്കില്‍ ആ രാഷ്ട്രത്തിനെതിരെ കാര്യക്ഷമമായ നടപടികള്‍ എടുക്കാന്‍ കഴിയില്ല എന്നതാണ്. ഉടമ്പടിയില്‍ ഒപ്പു വെക്കാത്ത രാജ്യമാണ് നിയമം ലംഘിക്കുന്നതെങ്കില്‍ ഇത്തരമൊരു ചോദ്യം ഉദിക്കുന്നേയില്ല. യഥാര്‍ഥത്തില്‍ ഓരോ രാജ്യവും അവരുടെ മനോധര്‍മമനുസരിച്ച് അന്താരാഷ്ട്ര നിയമങ്ങളില്‍ നിലപാടുകള്‍ എടുക്കുന്നു.
നിലവില്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളെക്കാള്‍ നമ്മെ അലോസരപ്പെടുത്തേണ്ടത് മറ്റു ചില കാര്യങ്ങളാണ്. ഇന്ന് ലോകത്ത് ഒരു മതസമൂഹമെന്ന നിലയില്‍ മുസ്‌ലിം സമൂഹമാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളായിട്ടുള്ളത്. ആഭ്യന്തര സംഘര്‍ഷങ്ങള്‍, തീവ്രവാദം, അധിനിവേശം തുടങ്ങിയവ ഇതിനു ആക്കം കൂട്ടുന്നു. റോഹിങ്ക്യകളും മുസ്‌ലിംകളാണ്. മ്യാന്മറിലെ തീവ്ര ബുദ്ധമതക്കാരും ഭരണകൂടവും അഴിച്ചുവിട്ട അക്രമങ്ങളില്‍ നിന്ന് രക്ഷ തേടിയിറങ്ങിയ അഭയാര്‍ഥികളാണവര്‍. എന്നാല്‍ അവര്‍ക്ക് അഭയാര്‍ഥിത്വം നിഷേധിച്ചവരാകട്ടെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് എന്നിവയും. അന്താരാഷ്ട്ര നിയമത്തെ മാത്രമല്ല, അടിസ്ഥാനപരമായ ഇസ്‌ലാമിക തത്ത്വങ്ങളെ തന്നെയാണ് ഈ രാഷ്ട്രങ്ങള്‍ നിരാകരിച്ചത്. ഈ രാഷ്ട്രങ്ങള്‍ ഇസ്‌ലാമിന്റെ ചരിത്രം ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു. ഇസ്‌ലാം വളര്‍ന്നുവന്നത് പലായനങ്ങളിലൂടെയാണ്. ജനിച്ച നാട്ടില്‍ നിന്ന് വിശ്വാസത്തിന്റെ പേരില്‍ മാത്രം ആട്ടിയോടിക്കപ്പെട്ട് അബ്‌സീനിയയിലേക്കും പിന്നീട് മദീനയിലേക്കും പലായനം ചെയ്യേണ്ടിവന്ന പ്രവാചകന്റെയും അനുയായികളുടെയും ചരിത്രം ഈ രാഷ്ട്രത്തലവന്മാര്‍ പഠിച്ചിരുന്നെങ്കില്‍... മദീനയിലെ അന്‍സാറുകളെ പറ്റി ഇവര്‍ കേട്ടിരുന്നെങ്കില്‍ റോഹിങ്ക്യകളെ മരണക്കയത്തിലേക്ക് ഒരു സങ്കോചവും കൂടാതെ തള്ളിവിടാന്‍ ഇവര്‍ക്കാകുമായിരുന്നില്ല. ഖുര്‍ആനും ഹദീസുമെല്ലാം ആവര്‍ത്തിച്ചാവര്‍ത്തിച്ചു അഭയാര്‍ഥികളുടെ അവകാശങ്ങളെ പറ്റി പറയുന്നത് ഇവരുടെ കണ്ണുകളില്‍ പെടാതെ പോയത് കുറ്റകരം തന്നെ!
ടി. അബുല്‍ ഹസ്സന്‍, ഗവ. ലോ കോളേജ് എറണാകുളം
സുന്നി-മുജാഹിദ് സംഘടനകളുടെ സമ്മേളന വിവരങ്ങളും മറ്റു പ്രധാന വാര്‍ത്തകളും സചിത്രം പ്രസിദ്ധീകരിക്കുന്ന പ്രബോധനം സ്‌നേഹത്തിന്റെ പാലം തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് അങ്ങേയറ്റം ആശാവഹവും പ്രശംസാര്‍ഹവുമാണ്. അഭിനന്ദനം അറിയിക്കുന്നു. ആഴ്ചപ്പതിപ്പിലെ കവിതകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്. നല്ല കഥകളും കൂടി (മുമ്പ് കഥകളും വന്നിരുന്നു) പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
കെ.എം അബൂബക്കര്‍ സിദ്ദീഖ് എറിയാട്
Comments