Prabodhanm Weekly

Pages

Search

2015 ജൂണ്‍ 12

എന്തിന് മുഖ്യമന്ത്രി, നജീബ് ജംഗുമാര്‍ പോരേ?

ഇഹ്‌സാന്‍

        ജനങ്ങള്‍ വോട്ടു ചെയ്ത് ജയിപ്പിച്ച സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഒരു ലഫ്റ്റനന്റ് ഗവര്‍ണര്‍ ധാരാളം മതിയെന്ന് മോദി സര്‍ക്കാര്‍ തെളിയിച്ച വാരമായിരുന്നു കഴിഞ്ഞു പോയത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്ന് അമിത് ഷായെ കുറ്റ വിമുക്തനാക്കിയ അതേ ജഡ്ജിയുടെ ബെഞ്ചില്‍ കെജ്‌രിവാളിനെതിരെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഹരജി എത്തിയതോടെ മുന്‍ സുപ്രീംകോടതി ന്യായാധിപന്‍ മാര്‍ക്കണ്ടേയ കട്ജു ട്വീറ്ററില്‍ കുറിച്ച 'ആശംസ'യില്‍ എല്ലാമുണ്ടായിരുന്നു. ഏട്ടിലെ ഭരണഘടനയും അങ്ങാടിയിലെ അവകാശവാദങ്ങളും മാത്രമാണ് കെജ്‌രിവാളിന് ഒടുവില്‍ ബാക്കിയായത്. കോടതി വിധി കേന്ദ്രസര്‍ക്കാറിന്റെ വഴിയെ പോയി. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറല്ല, നിയോഗിക്കപ്പെട്ട ഗവര്‍ണര്‍ ഇനി ദില്ലിയെ പിന്‍വാതിലിലൂടെ ഭരിക്കും. പിന്നീടുള്ള ദിവസങ്ങളില്‍ കെജ്‌രിവാളിനെതിരെ കിട്ടുന്നതെന്തും വാര്‍ത്തയാകുന്നതാണ് കാണാനുണ്ടായിരുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനായി കെജ്‌രിവാള്‍ രഹസ്യ ക്യാമറകള്‍ വാങ്ങാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത ഉദാഹരണം. ഇങ്ങനെ ചെയ്യുന്നത് ഉദ്യോഗസ്ഥരും സര്‍ക്കാറും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുമത്രേ! ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കവെ മോദി ഏതോ പെണ്‍കുട്ടിയെ നിരീക്ഷിക്കാന്‍ പോലീസിനെ ഉപയോഗിച്ചെന്ന വാര്‍ത്ത ഒതുക്കാന്‍ മത്സരിച്ചവരായിരുന്നു ആം ആദ്മി സര്‍ക്കാറിനെതിരെയുള്ള ഈ ക്വട്ടേഷന്‍ ഏറ്റെടുത്തത്.

ദില്ലി സംസ്ഥാനത്തിന് സമ്പൂര്‍ണ പദവി നല്‍കുമെന്ന് പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് നേരിട്ട ബി.ജെ.പിയാണ് സാമാന്യമായ അധികാരങ്ങള്‍ പോലും ഇല്ലാതാക്കാന്‍ ഇപ്പോള്‍ ചരടു വലിക്കുന്നത്. ദല്‍ഹി സംസ്ഥാനമേയല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തിനവിടെ വോട്ടെടുപ്പ് നടത്തുന്നു എന്ന ചോദ്യം പ്രസക്തമല്ലേ? ഈ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ജനപ്രതിനിധികളുമെല്ലാം നോക്കുകുത്തികളും രാഷ്ട്രപതിയുടെ പ്രതിനിധിയായി അയക്കുന്ന ഒരു ഗവര്‍ണര്‍ ദില്ലിയെ ഭരിക്കുന്ന സര്‍വാധികാരിയുമാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇതിനേക്കാള്‍ വലിയ തമാശ എന്തുണ്ട്! തനിക്ക് വിവേചന അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിസഭയും തന്നെ ഭരണത്തില്‍ ഉപദേശിക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്നുമാണ് ജംഗ് സ്വന്തം നിലപാടുകളെ ന്യായീകരിച്ച് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ്. രാഷ്ട്രപതിക്കു പോലുമില്ല ഇപ്പോള്‍ ജംഗിനുള്ള അത്രയും അധികാരം. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ മറ്റ് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ബാധകമായ നിയമങ്ങളല്ല ദല്‍ഹിയുടേത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരി എന്ന നിര്‍വചനം മുന്നില്‍ വെച്ചാണ് ഇപ്പോഴത്തെ ദല്‍ഹി-കേന്ദ്ര സര്‍ക്കാര്‍ അധികാര തര്‍ക്കത്തെ സമീപിക്കുന്നതെങ്കില്‍ ജനങ്ങളല്ല, രാജാവാണ് ശരിയെന്ന പഴയ ഇംഗ്ലീഷ് നിയമമാണ് നജീബ് ജംഗും മോദിയും ഉപയോഗിക്കുന്നതെന്ന് കാണാനാവും. ഗവര്‍ണറുടെ ആലങ്കാരികമായ പദവിക്കു പുറത്ത് തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെ മറികടക്കാനുളള ഈ നീക്കങ്ങളെ പരിഹസിച്ചു കൊണ്ട് 'പിശാചിന് ആത്മാവ് വിറ്റ ഫോസ്റ്റിന്റെ കഥയാണ് നജീബ് ജംഗ് ഓര്‍മിപ്പിക്കുന്നതെ'ന്ന് കട്ജു മറ്റൊരു ട്വീറ്റില്‍ കുറിച്ചു. നഗ്‌നമായ ഈ അധികാര ദുര്‍വിനിയോഗത്തില്‍ ബി.ജെ.പിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയാണ് കേന്ദ്രത്തിലെങ്കില്‍ ഇതാവുമായിരുന്നോ ഇന്ത്യയിലെ മാധ്യമങ്ങളുടെ നിലപാട്? കൊന്നു കൊലവിളിക്കുമായിരുന്നില്ലേ അവര്‍? ചെയ്യുന്നത് 'മോദിജി'ക്കു വേണ്ടിയായതു കൊണ്ട് ഇതിനെയും 'നല്ല ദിവസങ്ങളു'ടെ കണക്കിലെഴുതുകയാണ് മീഡിയ ചെയ്തത്. എന്നാല്‍ ഇങ്ങനെയൊരു തലതിരിഞ്ഞ വ്യവസ്ഥ ബി.ജെ.പി മുഖ്യമന്ത്രിമാരായ മദന്‍ലാല്‍ ഖുരാനയുടെയും സുഷമാ സ്വരാജിന്റെയും കാലത്തോ ഷീലാ ദീക്ഷിത് ദല്‍ഹി ഭരിച്ചപ്പോഴോ ഉണ്ടായിരുന്നോ?

സര്‍ക്കാറിന്റെ ശിപാര്‍ശകള്‍ അതേപടി ഒപ്പിട്ട് മുകളില്‍ പ്രസിഡന്റിന്റെ ഓഫീസിലേക്കയക്കുന്ന ഗവര്‍ണര്‍ക്കു പകരം സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് തള്ളാനും കൊള്ളാനും അധികാരമുള്ള പുതിയൊരു ഭരണഘടനാ പദവിയായാണ് ദല്‍ഹിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മാറുന്നത്. ബിഹാറില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥന്മാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചപ്പോള്‍ തന്റെ ഓഫീസ് അക്കാര്യം അറിയാതെ കെജ്‌രിവാളിന് മുന്നോട്ടു പോകാനാവില്ലെന്നാണ് ജംഗിന്റെ ഓഫീസ് വാര്‍ത്താ കുറിപ്പിറക്കിയത്. ഒരു പോലീസുകാരനെ നിയമിക്കാന്‍ പോലും അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ദല്‍ഹിയിലേതെന്ന് മലയാളം. മോദിയും രാജ്‌നാഥ് സിംഗുമൊക്കെ ഈ നാടകം മുകളില്‍ നിന്ന് നോക്കി കൈയടിക്കുന്നുമുണ്ട്. കെജ്‌രിവാളിനേക്കാള്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ദല്‍ഹിയിലെ പാവപ്പെട്ട വോട്ടര്‍മാര്‍ക്ക് നല്‍കാനാണ് ജംഗും ബി.ജെ.പിയും കൂട്ടുകൂടുന്നത് എന്നൊന്നും തെറ്റിദ്ധരിക്കരുത്. സ്വകാര്യ ഊര്‍ജ്ജ ഉല്‍പ്പാദകര്‍ക്കും റീട്ടെയില്‍ രംഗത്തെ ബഹുരാഷ്ട്ര കുത്തക ഭീമന്‍മാര്‍ക്കും ഒത്താശ ചെയ്യാനുള്ള ഉദ്യോഗസ്ഥന്മാരെ ദല്‍ഹിയില്‍ നിയമിക്കാനും അവരിലൂടെ അദാനിക്കും റിലയന്‍സിനും ലാഭം ഉണ്ടാക്കി കൊടുക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഈ പെടാപ്പാട് പെടുന്നതത്രയും. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ജംഗ് നിയമിച്ച ചീഫ് സെക്രട്ടറി ഒന്നാം ആം ആദ്മി സര്‍ക്കാറിന്റെ കാലത്ത് റിലയന്‍സിന് കോടികള്‍ ലാഭമുണ്ടാക്കാനുള്ള ഒരു പദ്ധതിയുടെ ഫയല്‍ മന്ത്രി ഒപ്പിടാനുള്ള മറ്റ് ഫയലുകള്‍ക്കിടെ തിരുകി വെച്ച് വിവാദത്തിലായ ശകുന്തള ഗാംലിന്‍ എന്ന ഉദ്യോഗസ്ഥ ആയിരുന്നു. ചീഫ് സെക്രട്ടറിയുടെ പേര് നിര്‍ദേശിച്ച് കെജ്‌രിവാളിന് കത്തയച്ചുവെന്നും എന്നാല്‍ ഒന്നര ദിവസം കഴിഞ്ഞിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ നിയമിക്കുകയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ലെന്നും ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് വിശദീകരിച്ചു. അതായത് ലഫ്. ഗവര്‍ണറുടെ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചു കൊള്ളണം. ഇതായിരുന്നു ബി.ജെ.പി പിന്തുണച്ചതും ആഭ്യന്തര മന്ത്രാലയം പിന്നീട് ഉത്തരവിറക്കിയതും കേന്ദ്രസര്‍ക്കാര്‍ അതിനെ പിന്തുണച്ച് കോടതിയില്‍ പോവുകയും ചെയ്ത ഭരണഘടനാ 'പ്രതിസന്ധി'. ഈ അസംബന്ധത്തെ രാഷ്ട്രീയ പ്രതിസന്ധി എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നെറികെട്ട കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലൊന്നിന്റെ കൂട്ടിക്കൊടുപ്പുകാരാവുകയാണ് ചെയ്തത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /29-31
എ.വൈ.ആര്‍