Prabodhanm Weekly

Pages

Search

2015 ജൂണ്‍ 12

പുതിയ കാലത്തെ മുസ്‌ലിം ചെറുപ്പവും മുസ്‌ലിം സമുദായവും

ശിഹാബ് പൂക്കോട്ടൂര്‍ /കവര്‍‌സ്റ്റോറി

        കേരളത്തിലെ മുസ്‌ലിം ചെറുപ്പത്തിലധികവും ദേശാടനത്തിലാണ്. സമ്പത്തും വിജ്ഞാനവും തേടി നടത്തിയ ഈ കുടിയേറ്റങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അതിപ്പോള്‍ അധികരിച്ചിരിക്കുന്നു. തൊഴില്‍ തേടി നേരത്തെ നടത്തിയ പ്രവാസത്തില്‍ നിന്നും ലക്ഷ്യത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമാണ് ഇപ്പോള്‍ ചെറുപ്പക്കാരുടെ പ്രവാസം. തൊഴില്‍ വൈവിധ്യങ്ങള്‍, സാങ്കേതി മികവുകള്‍, ഉന്നത നിലവാരമുള്ള മേഖലകളിലേക്കുള്ള കുതിച്ചുചാട്ടം തുടങ്ങി പല അടരുകളായി മാറിയിരിക്കുന്നു പ്രവാസത്തിന്റെ സാധ്യതകള്‍. അതിന്റേതായ ചടുലതയും ഊര്‍ജവും പ്രവാസ ലോകത്തും സ്വന്തം നാട്ടിലും പ്രവാസി ചെറുപ്പം അടയാളപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം സമൂഹത്തില്‍ നിന്ന് പ്രവാസം വരിച്ച ചെറുപ്പക്കാരും വിദഗ്ധ മേഖലകളിലേക്കാണ് കൂടുതല്‍ എത്തിച്ചേരുന്നത്. പ്രവാസലോകത്ത് പ്രത്യേകിച്ചും ഗള്‍ഫ് നാടുകളില്‍ അവരുടെ കൂട്ടായ്മകള്‍, സംഘങ്ങള്‍, സംഘടനകള്‍ എന്നിവ പരിശോധിച്ചാല്‍ ഇത് ബോധ്യമാവും. തൊഴിലിടമായി സ്വീകരിച്ച നാടിന്റെ പരിമിതികള്‍ക്കകത്ത് നിന്നു കൊണ്ട് അവര്‍ തീര്‍ക്കുന്ന ആഘോഷങ്ങള്‍, ആവിഷ്‌കാരങ്ങള്‍, സേവന പ്രവര്‍ത്തനങ്ങള്‍, ആത്മീയവും സാമൂഹികവുമായ സംവാദങ്ങള്‍, വൈജ്ഞാനിക ചര്‍ച്ചകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജസ്വലമായ ചെറുപ്പത്തിന്റെ പങ്കാളിത്തം വളരെയധികമാണ്. കേരളത്തില്‍ മുസ്‌ലിം മത സംഘടനകള്‍, യുവസംഘങ്ങള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവയില്‍ ഇവരുടെ അസാന്നിധ്യം വലിയ നഷ്ടമായി തുടരുകയും ചെയ്യുന്നു. ജന്മനാട്ടിലുള്ള സംഘടനകളുടെയും മറ്റും വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും ഇവരുടെ പങ്ക് കൂടുതലാണ്. സാമൂഹികവും ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ ഇവരില്‍ നിന്ന് കേരളത്തിലെ വ്യക്തികളും മത സംഘടനകളും ആവശ്യപ്പെടുമ്പോഴും, വൈബ്രന്റായ യൂത്ത് കമ്യൂണിറ്റി എന്ന നിലയില്‍ അവരെ പരിഗണിക്കുന്നതിലും ഉപയോഗിക്കുന്നതിലും അല്‍പം പിറകിലാണ്. 

ലോകം ഒരു ഗ്രാമമായി മാറി ആദാന പ്രദാന വിനിമയങ്ങള്‍ക്ക് സാധ്യതകള്‍ കൂടുമ്പോഴും പ്രവാസത്തെയും പ്രവാസ ലോകത്തെയും ചേര്‍ത്ത് നിര്‍ത്താനും അവരോട് സംവദിക്കാനും സാധിക്കാതെ വരുന്നത് മുസ്‌ലിം സമൂഹത്തിന് വലിയ നഷ്ടമാണ്. ഇതിനെ മറികടക്കാനും കേരളത്തിലെ മുസ്‌ലിം യുവ ധാരയിലേക്ക് പ്രവാസി ചെറുപ്പത്തെ ചേര്‍ക്കാനും അവരെ തൊഴിലിന്റെയും ആ രാജ്യത്തിന്റെയും മേഖലയില്‍ മാത്രം തളച്ചിടാതിരിക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. ആശയ പ്രചാരണങ്ങള്‍ക്കും കൈമാറ്റങ്ങള്‍ക്കും അവര്‍ സ്വീകരിക്കുന്ന നൂതനമായ ശൈലികളെയും ആവിഷ്‌കാരങ്ങളെയും മനസ്സിലാക്കാനും ഉപയോഗപ്പെടുത്താനും സാധിക്കേണ്ടതുണ്ട്. കേരളത്തിലെ മുസ്‌ലിം/ഇസ്‌ലാം ആക്റ്റിവിസത്തിന്റെ പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങള്‍ ഇവരുമായി സംവദിക്കേണ്ടതുണ്ട്. പ്രവാസ ലോകത്തിന്റെ പരിമിതിയില്‍ നിന്ന് പുതിയ കാലങ്ങളിലേക്കും ആശയ തലങ്ങളിലേക്കുമുള്ള ഏറ്റവും വേഗതയേറിയ പ്രയാണത്തില്‍ മുസ്‌ലിം സമൂഹത്തില്‍ ആശയപരമായ പങ്കാളിത്തവുംകൂടി വഹിക്കാന്‍ പരസ്പരമുള്ള അംഗീകരിക്കലും സംവാദങ്ങളും ഒരു പരിധിവരെ സഹായകമാവും. കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ രണ്ട് ചെറുപ്പം (നാട്ടിലും മറുനാട്ടിലുമുള്ള) സമുദായത്തിന്റെ ശാക്തീകരണത്തിലും പൊതു ഇടപെടലുകളിലും രണ്ടറ്റങ്ങളില്‍ നിന്ന് ഇടപഴകുന്നതിനും ഇടപെടുന്നതിനും പകരം, പരസ്പരം കൈമാറ്റം ചെയ്യാനും കൂടുതല്‍ ശക്തിയായി ഒന്നിച്ച് മുന്നേറാനും കഴിയുന്ന പൊതു ഇടങ്ങളും രീതികളും കൂടുതല്‍ കൂടുതല്‍ വികസിച്ച് വരേണ്ട കാലമാണിത്. ഒരുമിച്ച് നില്‍ക്കുമ്പോഴും രണ്ട് നാടിന്റെ സാഹചര്യങ്ങള്‍ക്കനുസൃതമായി നീങ്ങുന്നവരില്‍ രൂപപ്പെട്ടേക്കാവുന്ന തിരിയായ്മകള്‍ തിരുത്താനും, അതിലൂടെ ആശയപരമായ കൃത്യതയും പ്രായോഗികമായ പ്രയാണവും എളുപ്പമാക്കാനും കഴിയും.

കേരളത്തിലെ മുസ്‌ലിം സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന പ്രവണതയാണ് വൈജ്ഞാനിക ദേശാടനം. കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഏറ്റവും പുതിയ ചെറുപ്പം ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ മേഖലയിലുമാണ്. ശാസ്ത്ര വിഷയങ്ങളിലും മാനവിക വിഷയങ്ങളിലും ഉന്നത വിദ്യാഭ്യാസം തേടുന്ന ധാരാളം മുസ്‌ലിം ചെറുപ്പക്കാര്‍ ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലുണ്ട്. ഇത് സമുദായത്തിനകത്ത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍, അക്കാദമികമായ ഉന്നതി, സമുദായത്തിന് പുറത്ത് രൂപപ്പെട്ട് വരുന്ന വിവാദങ്ങള്‍, സാമൂഹികവും മനഃശാസ്ത്രപരവുമായ ഉന്മൂലന ശ്രമങ്ങള്‍ ഇവയെല്ലാം പല വിധത്തില്‍ ചര്‍ച്ചയായതാണ്. ഇന്ത്യ, ഏഷ്യന്‍ പസഫിക് രാജ്യങ്ങള്‍, യൂറോപ്പ് തുടങ്ങിയവയില്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഗവേഷണത്തിലും ജോലിയിലുമേര്‍പ്പെട്ടവര്‍ക്കായി ഈയടുത്ത് രൂപപ്പെടുത്തിയ കൂട്ടായ്മയാണ് ഫോറം ഫോര്‍ ഇന്നവേഷന്‍ ആന്റ് റിസര്‍ച്ച് ഇന്‍ സയന്‍സ് ആന്റ് ടെക്‌നോളജി(എഫ്.ഐ.ആര്‍.എസ്.ടി). മലയാളികളായ മുസ്‌ലിം ശാസ്ത്ര ഗവേഷകരുടെ കൂട്ടായ്മയാണിത്. യു.എസ്, യു.കെ, കാനഡ, ജര്‍മനി, ഫ്രാന്‍സ്, ചൈന, ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലുള്ള ഗവേഷകരാണ് ഈ കൂട്ടായ്മയിലുള്ളത്. 

ലോകത്തെ മേത്തരം ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലും ഗവേഷണത്തിലും ഏര്‍പ്പെട്ടിട്ടുള്ള ഈ ചെറുപ്പത്തെ എത്ര കണ്ടാണ് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ അഭിമുഖീകരിച്ചിട്ടുള്ളത്? ഇസ്‌ലാമികമായ സംവാദങ്ങള്‍, ബദല്‍ ശാസ്ത്ര അന്വേഷണങ്ങള്‍, ശാസ്ത്ര മേഖലയിലേക്ക് കാലെടുത്തു വെക്കുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയിലൂടെ സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈനിലൂടെയും തങ്ങളുടെ സാന്നിധ്യം യുവ ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ധരും വിളിച്ചറിയിക്കുന്നു. ഇബ്‌നുസീനയും ഇബ്‌നു ഹൈതമും ഇബ്‌നു മാജിദുമെല്ലാം ഇവരുടെ സംവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ചില പരിചിതമായ വഴികളില്‍ നിന്ന് മാറി പുതുമയാര്‍ന്ന ശാസ്ത്രീയ ബദലുകളിലേക്കും മൂല്യങ്ങളിലേക്കും ശ്രദ്ധ തിരിക്കാന്‍ കെല്‍പുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ മലയാളി മുസ്‌ലിംകളിലുണ്ട് എന്നത് അഭിമാനകരമാണ്. പക്ഷേ ഈയര്‍ഥത്തില്‍ അവരെ അറിയാനും സ്വയം വിശാലമാകാനുമുള്ള ശ്രമത്തില്‍ കേരളത്തിലെ മുസ്‌ലിം സമൂഹം/സംഘടനകള്‍ ഏറക്കുറെ പരാജയമാണ്. സംഘടനകള്‍, സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ഇത്രയും ചുറുചുറുക്കും കഴിവുമുള്ള യുവത്വത്തെ ഉള്‍ക്കൊള്ളാന്‍ എത്രമേല്‍ പാകപ്പെട്ടിട്ടുണ്ട്? ചെറുപ്പത്തിന്റെ  കെടുതികളെ കുറിച്ച് മാത്രം വാചാലരാകുന്നവര്‍ ഇത്രയും ക്രിയാത്മകമായി ചിന്തിക്കുന്ന ഒരു ചെറുപ്പത്തിന്റെ മൂലധനത്തെ കുറിച്ചാണ് നിശ്ശബ്ദരാവുന്നത്. 

സാമൂഹികശാസ്ത്ര, ഭാഷാ വിഷയങ്ങളിലും നിരവധി ഗവേഷകരായ ചെറുപ്പക്കാര്‍ വ്യത്യസ്ത യൂനിവേഴ്‌സിറ്റികളില്‍ പഠിക്കുന്നുണ്ട്. ഇസ്തംബൂള്‍, മലേഷ്യ, ലെയ്ഡന്‍, ലണ്ടന്‍, ബെര്‍ലിന്‍, അമേരിക്കന്‍ രാജ്യങ്ങളിലെയും ഗള്‍ഫ് നാടുകളിലെയും വിവിധ സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഈ സാന്നിധ്യം വര്‍ധിച്ചു വരുന്നുണ്ട്. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ കീഴില്‍ തയാറാക്കിയ ഡാറ്റാ ബാങ്കില്‍ നിന്ന് നാനൂറോളം ഗവേഷക വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ കളക്റ്റ് ചെയ്യാന്‍ സാധിക്കുകയുണ്ടായി. ഇത് ഈ മേഖലയിലെ ചെറിയൊരളവ് മാത്രമാണ്. സമൂഹത്തിലും സര്‍വകലാശാലകളിലും ഇവര്‍ നടത്തുന്ന വൈജ്ഞാനിക ഉല്‍പാദന പ്രക്രിയകളെ അമ്പരപ്പോടെ മാത്രം നോക്കിക്കാണുകയാണ് ഇപ്പോഴും മുസ്‌ലിം സമുദായം. നിലവിലുള്ള പരമ്പരാഗതവും പഴകിയതുമായ കാഴ്ചപ്പാടുകള്‍ക്ക് പകരം പുതിയതും അക്കാദമികവുമായ വിശകലനങ്ങളും വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഇവര്‍ മുന്നോട്ടുവെക്കുന്നുമുണ്ട്. 

പുതിയ ഗവേഷണങ്ങളിലേക്കും പുതിയ മേഖലകളിലേക്കുമുള്ള ഈ വൈജ്ഞാനിക മുന്നേറ്റത്തെ അറിയാനും അഭിമുഖീകരിക്കാനും ഏറക്കുറെ എല്ലാ മുസ്‌ലിം സംഘടനകളും തയാറായി തുടങ്ങിയിട്ടുണ്ട്. റിസര്‍ച്ച് ഫോറങ്ങള്‍, കൂട്ടായ്മകള്‍, ഗവേഷകര്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍, അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വീക്ഷണങ്ങളുമവതരിപ്പിക്കുന്ന കൂട്ടായ്മകള്‍ എന്നിവയൊക്കെ കേരളത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. മുന്‍കാലങ്ങളില്‍ സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, മതസംഘടനകള്‍ എന്നിവയുടെ അജണ്ടകളില്‍ മാത്രം സമുദായം നോട്ടപ്പെട്ടിരുന്ന കാലത്ത് നിന്ന് മാറി അക്കാദമിക, രാഷ്ട്രീയ മേഖലകളിലേക്കും മുസ്‌ലിം സമൂഹം എത്തിച്ചേര്‍ന്നിരിക്കുന്നു. അവിടെ കലഹിച്ചും വിജ്ഞാനങ്ങളെ സ്ഥാപിച്ചും സാന്നിധ്യമറിയിക്കാന്‍ തുടങ്ങിയതോടെ മുസ്‌ലിം സമൂഹത്തിനു പ്രത്യേകമായ മേല്‍വിലാസവും അവര്‍ നേടിക്കൊടുത്തു. മുസ്‌ലിം സമൂഹത്തിന്റെ ചെറുപ്പത്തിന്റെ ഗതി വിഗതികളില്‍ വൈജ്ഞാനികവും അക്കാദമികവുമായി രൂപപ്പെട്ടുവന്ന ഈ പുതിയ മുന്നേറ്റത്തെ മാറ്റി നിര്‍ത്താന്‍ സാധ്യമല്ല; നേരത്തെ സൂചിപ്പിച്ച  പോലെ, പ്രവാസത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെയും. നല്ലൊരു ചെറുപ്പത്തിന്റെ മൂലധനമുള്ള സമുദായമാണ് മുസ്‌ലിം സമുദായം. ഇതിനെ അഭിമുഖീകരിച്ചും ഉള്‍ക്കൊണ്ടും പരസ്പരം തിരുത്തിയും മുന്നേറുന്ന പുതിയൊരു രാഷ്ട്രീയത്തിന്റെ സാധ്യതാ കാലത്തേക്ക് മുസ്‌ലിം സമുദായം എത്തിനില്‍ക്കുന്ന സവിശേഷമായ ഒരു കാലയളവാണിത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /29-31
എ.വൈ.ആര്‍