Prabodhanm Weekly

Pages

Search

2015 ജൂണ്‍ 12

നിസ്സംഗതയുടെ ആഴക്കടലില്‍ ഒരു ജനത

പി.കെ. നിയാസ്/ ലേഖനം

ജന്മനാട്ടിലെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റു വഴികളില്ലാതെ പലായനം തെരഞ്ഞെടുത്ത മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ കദനകഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഒരു രാജ്യത്തിനും വേണ്ടാത്ത മനുഷ്യരായി മാറ്റിനിര്‍ത്തപ്പെട്ടവര്‍ എന്നതിനാലാണ് ലോകത്തിലെ ഏറ്റവും ദുരിതം പിടിച്ച ജനതയെന്ന് ഐക്യരാഷ്ട്ര സഭക്കുപോലും വിശേഷിപ്പിക്കേണ്ടിവന്ന 13 ലക്ഷത്തോളം വരുന്ന റോഹിങ്ക്യകളുടെ പ്രശ്‌നം സവിശേഷ ശ്രദ്ധയാകര്‍ഷിച്ചത്. ജനിച്ചുവെന്നത് തങ്ങള്‍ ചെയ്ത അപരാധമാണോയെന്ന് ഓരോ റോഹിങ്ക്യനും ചോദിക്കുന്നത് നമ്മളോടാണ്. ദൈവത്തിന്റെ ഭൂമിയില്‍ ജീവിക്കാന്‍ ആരുടെയൊക്കെയോ തിട്ടൂരം തേടേണ്ടിവരുന്ന ഹതഭാഗ്യരാണ് ഈ ജനവിഭാഗം. പൗരത്വം നല്‍കാതെ ഭരണകൂടവും അഹിംസാവാദികളെന്ന് പെരുമ്പറയടിക്കുന്ന സഹജീവികളും ക്രൂരതയുടെ പര്യായങ്ങളാകുമ്പോള്‍ പലായനമല്ലാതെ മറ്റെന്തു വഴി? അങ്ങനെയാണ് മനുഷ്യക്കടത്തുകാരുടെ മോഹന വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കടല്‍ കടക്കാന്‍ അവര്‍ തീരുമാനിച്ചത്. ചിലര്‍ മറുകര പറ്റിയപ്പോള്‍ മറ്റുചിലര്‍ക്ക് നടുക്കടലില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. വേറെ ചിലരാവട്ടെ, മനുഷ്യപ്പിശാചുക്കള്‍ തീര്‍ത്ത കുഴിമാടങ്ങളില്‍ അസ്ഥിപഞ്ജരങ്ങളായി. ദുരന്തം സമ്മാനിക്കുന്ന സങ്കടങ്ങള്‍ കാലം മായ്ച്ചുകളയുന്നതുപോലെ നടുക്കടലില്‍ മാസങ്ങളോളം കുടിവെള്ളവും ഭക്ഷണവും കിട്ടാതെ നരകിച്ച ആയിരക്കണക്കിന് അഭയാര്‍ഥികളെയും, പിറന്ന മണ്ണില്‍ ഭീതിയോടെ മാത്രം ജീവിതം തള്ളിനീക്കുന്ന അറാക്കാന്‍ മേഖലയിലെ അവശേഷിക്കുന്ന ജനതയെയും ലോകം വിസ്മൃതിയിലേക്ക് തള്ളാന്‍ അധികകാലമൊന്നും വേണ്ടിവരില്ല. 

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിക്കാന്‍ ആദ്യ നീക്കം നടന്നത് 1982-ല്‍ പട്ടാള ഭരണാധികാരി ജനറല്‍ നെവിന്റെ കാലത്താണ്. ചില ബുദ്ധമത സംഘടനകളുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഇത്. പഴയ ബര്‍മയുടെ മണ്ണില്‍ ജനിച്ചുവളര്‍ന്നവരോ മാതാപിതാമഹന്മാര്‍ വംശീയമായി ബര്‍മക്കാരോ അതുമല്ലെങ്കില്‍ 1942-നു മുമ്പ് ബ്രിട്ടീഷ് ബര്‍മയില്‍ ജനിച്ചവരോ ആയ ആളുകള്‍ക്ക് പൗരത്വം നിജപ്പെടുത്തുന്ന നാഷനാലിറ്റി ലോയാണ് റോഹിങ്ക്യകള്‍ക്ക് പൗരത്വം നിഷേധിക്കാന്‍ ബര്‍മീസ് ഭരണകൂടവും അവിടത്തെ ബുദ്ധതീവ്രവാദികളും പയറ്റിയത്. പ്രസ്തുത നിയമപ്രകാരം 135 വംശീയ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിച്ചെങ്കിലും അറാക്കാന്‍ (റാഖിന്‍) സംസ്ഥാനത്ത് കഴിയുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് മാത്രം അത് നിഷേധിച്ചു. അതോടെ നിയമവിരുദ്ധ താമസക്കാരായി അവര്‍ മുദ്രകുത്തപ്പെട്ടു. ഇതൊരു വലിയ ഗൂഢാലോചനയായിരുന്നു. ചരിത്രം എങ്ങനെ വ്യാഖ്യാനിച്ചാലും റോഹിങ്ക്യകള്‍ക്ക് പൗരത്വം നിഷേധിക്കാനാവില്ല എന്നതാണ് സത്യം. അവര്‍ നൂറ്റാണ്ടുകളായി മ്യാന്മറിലെ (മുന്‍ ബര്‍മ) അറാക്കാന്‍ പ്രദേശത്ത് കഴിയുന്നവരാണ്. പതിനാറാം നൂറ്റാണ്ടു മുതല്‍ ഇവരുടെ തലമുറ ഇവിടെ ജീവിച്ചുപോരുന്നു. എന്നാല്‍, ബര്‍മയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടേക്ക് കുടിയേറിയവരാണ് റോഹിങ്ക്യകളെന്നാണ് രാജ്യത്തെ ഭൂരിപക്ഷവിഭാഗമായ ബുദ്ധമതക്കാരുടെ വാദം. 1826-ലെ ആദ്യ ആംഗ്ലോ-ബര്‍മീസ് യുദ്ധത്തിനുശേഷം അറാക്കാനെ കോളനിയാക്കിയ ബ്രിട്ടന്‍ അവിടത്തെ തോട്ടങ്ങളില്‍ പണിയെടുക്കുന്നതിനായി ബംഗാളില്‍നിന്നുള്ള മുസ്‌ലിംകളുടെ കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിച്ചെന്നും അവരാണ് റോഹിങ്ക്യകളെന്നുമാണ് ഭരണകൂടവും ബുദ്ധമത തീവ്രവാദികളും പ്രചരിപ്പിച്ചുപോന്നത്. അക്കാലത്തുതന്നെ അവിടത്തെ ബുദ്ധമതക്കാര്‍ അവരോട് അസഹിഷ്ണുത കാട്ടിത്തുടങ്ങിയിരുന്നു. രണ്ടാം ലോക യുദ്ധകാലത്ത് വ്യാപകമായ കൂട്ടക്കൊലകള്‍ തന്നെ ഇവിടെ നടക്കുകയുണ്ടായി. ഈ വാദം അംഗീകരിച്ചാലും റോഹിങ്ക്യകള്‍ക്ക് പൗരത്വം നിഷേധിക്കാന്‍ അത് ന്യായമാകുന്നില്ല. 1942-നു മുമ്പ് ഇവിടെയുണ്ടായിരുന്ന ജനങ്ങള്‍ പൗരത്വ നിയമപ്രകാരം ബര്‍മക്കാരാണല്ലോ. പക്ഷേ, തികച്ചും അന്യായമായ നിലപാടുകളുമായി മുന്നോട്ടുപോവാനാണ് ഭരണകൂടം തീരുമാനിച്ചത്.

മുസ്‌ലിംകളെ പൂര്‍ണമായും രാജ്യത്തുനിന്ന് പുറത്താക്കുകയെന്നത് ബുദ്ധ തീവ്രവാദികളുടെ ആത്യന്തിക ലക്ഷ്യമാണ്. അതിനായി അവര്‍ പല തവണ ആക്രമണങ്ങള്‍ അഴിച്ചുവിടുകയുണ്ടായി. 1997-ലും 2014-ലും മന്റാലെയിലും 2001-ല്‍ സിത്‌വെ ടൗംഗോ എന്നിവിടങ്ങളിലും 2012-ല്‍ അറാക്കാനിലും നടന്ന കലാപങ്ങള്‍ എടുത്തുപറയേണ്ടവയാണ്. വ്യാപകമായ കൂട്ടക്കൊലകള്‍ അരങ്ങേറി. വീടുകള്‍ അഗ്നിക്കിരയാക്കി. മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളടയടിക്കപ്പെട്ടു. എല്ലാറ്റിനും നേതൃത്വം നല്‍കിയത് ബുദ്ധസന്യാസിമാരായിരുന്നു. പോലീസും സൈന്യവും കാഴ്ചക്കാരായി നിന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഇവരുടെ താണ്ഡവത്തിന് താല്‍ക്കാലിക ശമനമുണ്ടായത്. ഈയിടെ ബുദ്ധ സന്യാസിമാര്‍ നാലിന പരിപാടികളുമായി ഗവണ്‍മെന്റിനെ സമീപിച്ചു. ജനന നിയന്ത്രണ നിയമം, സന്താന നിയന്ത്രണ നിയമം എന്നിവ നടപ്പിലാക്കുക, മിശ്രവിവാഹം നിരോധിക്കുക, വിവാഹ ബാഹ്യ ബന്ധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുക എന്നിവയാണ് ആവശ്യങ്ങള്‍. ഇതില്‍ ജനന നിയന്ത്രണ നിയമം നടപ്പിലാക്കി ഗവണ്‍മെന്റ് ഉത്തരവ് ഇറക്കിക്കഴിഞ്ഞു.

ബര്‍മീസ് തൊഗാഡിയ

റോഹിങ്ക്യ മുസ്‌ലിംകളുടെ ഉന്മൂലനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന അഷിന്‍ വിരാതു എന്ന ബുദ്ധ സന്യാസിയുടെ വിഷം വമിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളുമാണ് പ്രശ്‌നം ആളിക്കത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. സര്‍ക്കാരിന് ഉത്തരവ് നല്‍കുന്ന പണിയും സന്യാസിക്കുപ്പായമണിഞ്ഞ ഈ ഭീകരന്‍ ഏറ്റെടുത്തിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഇയാള്‍ 'ബര്‍മീസ് ബിന്‍ ലാദിനാ'ണെങ്കിലും, ബര്‍മീസ് തൊഗാഡിയ എന്ന പേരാണ് ചേരുക. പതിനാലാം വയസ്സില്‍ സ്‌കൂള്‍ പഠനം മതിയാക്കി ബുദ്ധ ധര്‍മത്തില്‍ അധിഷ്ഠിതമെന്ന് അവകാശപ്പെടുന്ന '969 പ്രസ്ഥാന'ത്തില്‍ ചേര്‍ന്ന വിരാതു 2001 മുതല്‍ അവിടെനിന്ന് പഠിച്ചത് മുസ്‌ലിം വിരോധവും ഉന്മൂലന സിദ്ധാന്തവുമായിരുന്നു. മുസ്‌ലിം കച്ചവട സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കാനായിരുന്നു ഇയാളുടെ ആദ്യ ആഹ്വാനം. ക്രമേണ അത് മുസ്‌ലിം ഉന്മൂലന സിദ്ധാന്തത്തിലേക്ക് നീങ്ങി. ബുദ്ധിസ്റ്റ് ഭീകരതയുടെ മുഖം (The Face of Buddhist Terror) എന്ന തലക്കെട്ടിലാണ് 2013 ജൂണ്‍ 20-ന് പുറത്തിറങ്ങിയ ടൈം വാരിക മുഖലേഖനത്തിലൂടെ വിരാതുവിനെ പരിചയപ്പെടുത്തിയത്. ''നിങ്ങള്‍ക്ക് മനസ്സുനിറയെ ദയയും സ്‌നേഹവുമാകാം. പക്ഷേ, ആ നായ്ക്കളെ വിശ്വസിക്കാന്‍ പറ്റില്ല. നാം ദുര്‍ബലരായാല്‍ നമ്മുടെ നാട് മുസ്‌ലിംകളുടെ കൈയിലാവും...'' വിരാതുവിന്റെ വാക്കുകള്‍ ടൈം ഉദ്ധരിക്കുന്നു.

2007 മുതല്‍ 2011 വരെ പ്രധാനമന്ത്രിയും തുടര്‍ന്ന് പ്രസിഡന്റുമായ മുന്‍ സൈനിക കമാണ്ടര്‍ തെയ്ന്‍ സെയിനിന്റെ പൂര്‍ണ പിന്തുണ വിരാതുവിനുണ്ട്. ഇവര്‍ തമ്മിലുള്ള നിരന്തരമായ കൂടിക്കാഴ്ചകള്‍ മുസ്‌ലിംകളെ നാട്ടില്‍നിന്ന് പുറത്താക്കാനുള്ള പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിരാതുവിനെതിരായ ടൈം റിപ്പോര്‍ട്ടിനെ രൂക്ഷമായ ഭാഷയിലാണ് പ്രസിഡന്റ് അപലപിച്ചത്. മുസ്‌ലിംകള്‍ക്കെതിരെ അതിനീചമായ ഭാഷ ഉപയോഗിച്ച വിരാതുവിനെ ബുദ്ധന്റെ യഥാര്‍ഥ പുത്രനായും സമാധാനത്തിനായി നിലകൊള്ളുന്ന വിശുദ്ധനായും എഴുന്നള്ളിക്കാനുള്ള തൊലിക്കട്ടിപോലും പ്രസിഡന്റിനുണ്ടായി. വിരാതുവിന്റെ അപകടകരമായ ആശയങ്ങളെ സ്വന്തം മതത്തിലെ തന്നെ സമുന്നതരായ സന്യാസികള്‍ തള്ളിപ്പറയുന്നുണ്ട്.

ഇസ്‌ലാം വിരുദ്ധ മുഖം

അഹിംസയുടെയും സമാധാനത്തിന്റെയും മതമായി അവതരിപ്പിക്കപ്പെടുന്ന ബുദ്ധമതത്തിന്റെ അനുയായികള്‍ ഇവ്വിധം മനുഷ്യപ്പിശാചുകളായി മാറുമോയെന്ന് ശുദ്ധമനസ്‌കര്‍ പോലും അല്‍ഭുതം കൂറുന്ന അതിഭീകരമായ സംഭവങ്ങളാണ് മ്യാന്‍മറില്‍നിന്ന് പുറത്തുവരുന്നത്.

ബുദ്ധമതത്തിന്റെ അസഹിഷ്ണുത നേരത്തെ ശ്രീലങ്കയിലും വെളിപ്പെട്ടിരുന്നു. അവിടെ മുസ്‌ലിംകള്‍ക്ക് ഹലാല്‍ മാംസം വിതരണം ചെയ്യുന്നതാണ് ബുദ്ധ സന്യാസിമാരെ പ്രകോപിപ്പിച്ചത്. ഒരുവിഭാഗം ജനത ഹലാല്‍ മാംസം കഴിക്കുന്നത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനൊന്നും മറുപടിയില്ല. 2014ല്‍ ശ്രീലങ്കയിലെ കാലുതറ ജില്ലയിലെ മൂന്നിടങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ സിംഹള ബുദ്ധമതക്കാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെടുകയും എണ്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എന്നാല്‍ ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജ്യത്തെ മാധ്യമങ്ങള്‍ അവ മൂടിവെക്കുകയായിരുന്നു. ബോദു ബാല സേനയെന്ന തീവ്രവാദി ബുദ്ധസംഘടന നടത്തിയ റാലിയെത്തുടര്‍ന്നാണ് മുസ്‌ലിം വിരുദ്ധ കലാപം അരങ്ങേറിയത്. 2012 മുതല്‍ ഈ സംഘടന മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഗവണ്‍മെന്റ് യാതൊരു നടപടികളും കൈക്കൊണ്ടിരുന്നില്ല. അക്രമികള്‍ക്കെതിരെ നിലകൊണ്ട വിജിത എന്ന ബുദ്ധസന്യാസിയെ കലാപകാരികള്‍ മാത്രമല്ല, പോലീസും വെറുതെവിട്ടില്ല. അദ്ദേഹത്തെ കള്ളക്കേസുകളില്‍ കുടുക്കുകയായിരുന്നു.

തീവ്ര ബുദ്ധമത പാര്‍ട്ടി പ്രതിനിധിയും സാങ്കേതിക -ഗവേഷണ വകുപ്പ് മന്ത്രിയുമായ ചാംപിക രണവാക്യയാണ് ഹലാല്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ 2013 ഫെബ്രുവരി 13-ന് രംഗത്തുവന്നത്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഒഴിവാക്കിയില്ലെങ്കില്‍ തന്റെ സംഘടന അത് നിര്‍ത്തലാക്കുമെന്ന മന്ത്രിയുടെ വെല്ലുവിളി സാമുദായിക സംഘര്‍ഷത്തിലേക്കാണ് നീങ്ങിയത്. ഹലാല്‍ മാംസം കഴിക്കുകയെന്നത് തങ്ങളുടെ മതപരമായ അവകാശമാണെന്നും അത് ആരിലും അടിച്ചേല്‍പിക്കുന്നില്ലെന്നും ഹലാല്‍ മാംസം ഇഷ്ടപ്പെടാത്തവര്‍ അത് വാങ്ങേണ്ടതില്ലെന്നുമുള്ള നിലപാടായിരുന്നു മുസ്‌ലിംകളുടേത്. എന്നാല്‍ അത് ശ്രീലങ്കന്‍ സമൂഹത്തിന്റെ ഐക്യത്തിന് പോറലേല്‍പിക്കുമെന്ന ബുദ്ധിശൂന്യമായ വര്‍ത്തമാനമാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബുദ്ധതീവ്രവാദികള്‍ പ്രചരിപ്പിച്ചത്. 'സേ നോ റ്റു ഹലാല്‍' എന്ന പേരില്‍ ഒരു കാമ്പയിന്‍ പോലും രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. 2014 സെപ്റ്റംബറില്‍ കൊളംബോയില്‍ നടന്ന ഗ്രേറ്റ് സംഗ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടത് മ്യാന്‍മര്‍ ഭീകര നേതാവ് വിരാതുവായിരുന്നു. തന്റെ സംഘടനയായ '969 പ്രസ്ഥാനം' ശ്രീലങ്കയിലെ ബോദു ബാല സേനയുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനം നടത്തിയാണ് അയാള്‍ മടങ്ങിയത്.

സൂകിയുടെ മൗനം

മുസ്‌ലിംകള്‍ക്കെതിരെ ബുദ്ധതീവ്രവാദികള്‍ നടത്തുന്ന നിഷ്ഠൂരതക്കെതിരെ നാവനക്കാത്ത നൊബേല്‍ പുരസ്‌കാര ജേതാവും മ്യാന്‍മറിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ നേതാവുമായ ഓങ് സാന്‍ സൂകി ലോക മാധ്യമങ്ങളില്‍ ഇന്ന് സംസാര വിഷയമാണ്. പൗരാവകാശത്തിന്റെ വക്താവും സമാധാനത്തിന്റെ അപ്പോസ്തലയുമായി വാഴ്ത്തപ്പെട്ട സൂകിയുടെ തനിനിറം പുറത്തുവരുന്നത് ഇപ്പോഴൊന്നുമല്ല. റോഹിങ്ക്യ പ്രശ്‌നം രൂക്ഷത പ്രാപിച്ച 2013-ല്‍ സൂകിയുമായി ബി.ബി.സിയുടെ മിഷ്അല്‍ ഹുസൈന്‍ നടത്തിയ അഭിമുഖം അവരുടെ മനോഭാവം വ്യക്തമാക്കുന്നതായിരുന്നു. റോഹിങ്ക്യകളുടെ ന്യായമായ ആവശ്യങ്ങളെ ഒരു തരത്തിലും അനുകൂലിക്കാന്‍ തയാറാകാതിരുന്ന സൂകി രണ്ടു ഭാഗത്തും കുറ്റം കണ്ടെത്താനാണ് ശ്രമിച്ചത്.പട്ടാള ജണ്ടയുടെ പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ, ജനാധിപത്യത്തിനും പൗരാവകാശ സംരക്ഷണത്തിനുമായി 21 വര്‍ഷം വീട്ടുതടങ്കലില്‍ കഴിച്ചുകൂട്ടിയ സൂകി എന്ന മനുഷ്യസ്‌നേഹിയെയല്ല, പട്ടാള മേധാവികളുമായും ബുദ്ധതീവ്രവാദികളുമായും സമരസപ്പെട്ട് മൂല്യങ്ങള്‍ അടിയറവെച്ച കേവല രാഷ്ട്രീയ നേതാവിനെയാണ്  മ്യാന്മറില്‍ നാം കാണുന്നത്. ബര്‍മയുടെ അടുത്ത പ്രസിഡണ്ടാവാന്‍ കാത്തിരിക്കുന്നതിനാല്‍ പട്ടാളത്തെയോ ഭൂരിപക്ഷ മതവിഭാഗത്തെയോ പിണക്കാന്‍ സൂകി തയാറല്ലെന്നാണ് സംസാരം.

മുസ്‌ലിം ലോകത്തിന്റെ നിസ്സംഗത

റോഹിങ്ക്യ വിഷയം ഇത്ര ഗുരുതരമായിട്ടും മുസ്‌ലിം ലോകം കാണിക്കുന്ന നിസ്സംഗത തികച്ചും അപലപനീയമാണ്. സിറിയയും ഇറാഖും യമനുമായി കെട്ടിപ്പിണയുന്ന അറബ് ലോകത്തിന് അങ്ങ് കിഴക്കനേഷ്യയിലെ സഹോദരങ്ങള്‍ ഒരു വിഷയമായി തോന്നിയില്ലെന്നതാണ് ഇത് എഴുതുമ്പോഴും മനസ്സിലാക്കാന്‍ കഴിയുന്ന പരമാര്‍ഥം. അഭയാര്‍ഥികള്‍ നടുക്കടലില്‍ മരിച്ചുജീവിക്കുമ്പോള്‍ അവരെ കരയ്ക്കടുപ്പിക്കില്ലെന്നായിരുന്നു രണ്ടു പ്രമുഖ മുസ്‌ലിം രാജ്യങ്ങളായ ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും പ്രതികരണം. റോഹിങ്ക്യകളെ തീവ്രവാദികളും ഭീകരവാദികളുമായി അധിക്ഷേപിച്ച ബംഗ്ലാദേശിലെ ഹസീന വാജിദിനെ വിട്ടേക്കുക. രാജ്യത്തിന്റെ ഇസ്‌ലാമിക പാരമ്പര്യം അവസാനിപ്പിക്കാന്‍ ആറ്റുനോറ്റിരിക്കുന്ന അവാമി ലീഗ് സുപ്രീമോ ഈജിപ്തിലെ അല്‍ സീസിയെപ്പോലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് കൊലക്കയര്‍ ഒരുക്കി കാത്തിരിക്കുകയാണല്ലോ. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സ് റോഹിങ്ക്യകള്‍ക്ക് മാനുഷിക ഹസ്തം നീട്ടിയപ്പോഴാണ് ഇന്തോനേഷ്യക്കും മലേഷ്യക്കും നാണം തോന്നിയത്. പരിമിതമായ അളവില്‍ പുനരധിവാസം നല്‍കാമെന്ന് ഇരു രാജ്യങ്ങളും ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. അതിനിടയില്‍ തുര്‍ക്കിയും ഖത്തറും പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടു. ഖത്തര്‍ അമീര്‍ അഞ്ചു കോടി ഡോളറിന്റെ സഹായമാണ് പ്രഖ്യാപിച്ചത് - ഇപ്പോള്‍ ഇന്തോനേഷ്യയിലും മലേഷ്യയിലുമുള്ള അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായതിന്റെ ഇരട്ടി. തുര്‍ക്കി പത്തു ലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ചതിനു പുറമെ കടലില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികളെ രക്ഷിക്കാന്‍ കപ്പല്‍ അയച്ചുകൊടുത്തു. ഇപ്പോള്‍ തന്നെ 17 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെ സംരക്ഷിക്കുന്ന രാജ്യമാണ് തുര്‍ക്കി.  അറിഞ്ഞേടത്തോളം മറ്റൊരു മുസ്‌ലിം രാജ്യവും റോഹിങ്ക്യകള്‍ക്ക് സഹായം പ്രഖ്യാപിച്ചിട്ടില്ല. പ്രശ്‌നം രൂക്ഷമായ വേളയില്‍ കുവൈത്തില്‍ ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കണ്‍ട്രീസിന്റെ (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്ക് റോഹിങ്ക്യകള്‍ വിഷയമായില്ലെന്നു പറയുന്നതാവും നീതി. ഒരു പ്രമേയത്തിലൊതുങ്ങി 56 മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മക്ക് തങ്ങളുടെ സഹോദരങ്ങളോടുള്ള ബാധ്യത. പതിവുപോലെ അവര്‍ ഐ.എസിനെയും ഹൂഥികളെയും കുറിച്ചൊക്കെ ചര്‍ച്ച ചെയ്തു. മൂസിലില്‍ (മൊസുല്‍) അല്ലെങ്കില്‍ റഖയില്‍ ഇരുന്ന് ഐ.എസിനെ നിയന്ത്രിക്കുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദിയെപ്പോലെ മണ്ടാലെയിലെ (മ്യാന്‍മര്‍) മാസോയെന്‍ മഠത്തിലിരുന്ന് അഷിന്‍ വിരാതുവെന്ന ഒരു ഭീകര ബുദ്ധിസ്റ്റ് മുസ്‌ലിംകള്‍ക്കെതിരെ പട നയിക്കുകയാണെന്ന വിവരമൊന്നും അവര്‍ ശ്രദ്ധിച്ചിട്ടില്ല. 

റോഹിങ്ക്യകളെ അടിയന്തരമായി മരണക്കയത്തില്‍നിന്ന് രക്ഷിക്കുകയും അവരുടെ പുനരധിവാസത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ഇപ്പോള്‍ വേണ്ടത്. എന്നാല്‍ ഇത് താല്‍ക്കാലിക പരിഹാരം മാത്രമാണ്. റോഹിങ്ക്യകള്‍ക്ക് മറ്റെവിടെയെങ്കിലും പുനരധിവാസം ഒരുക്കിക്കൊടുത്ത് തീര്‍ക്കേണ്ടതല്ല പ്രശ്‌നം.  വിഷയം ഒരു ജനവിഭാഗത്തിന്റെ ജന്മനാടുമായി ബന്ധപ്പെട്ടതാണ്. ബംഗാളി സംസാരിക്കുന്നു എന്നതുകൊണ്ട് അവര്‍ക്ക് പൗരത്വം നിഷേധിക്കാനാവില്ല. അറാക്കാന്‍ പ്രദേശത്തുകാരായ റോഹിങ്ക്യകള്‍ക്കും അവരുടെ ഭാവി തലമുറക്കും അവിടെത്തന്നെ പൂര്‍ണ പൗരത്വത്തോടെ കഴിയാനുള്ള വഴിയൊരുക്കുക മാത്രമാണ് പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരം. പ്രശ്‌നത്തില്‍ ഇടപെടാതെ മാറിനില്‍ക്കുന്ന യു.എന്നിനെ സജീവമായി ഇടപെടീക്കുന്നത് ഉള്‍പ്പെടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഒ.ഐ.സിയുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണം. യു.എന്‍ അംഗരാജ്യങ്ങളില്‍ നാലിലൊന്ന് മുസ്‌ലിം രാജ്യങ്ങളായിട്ട് എന്തു ഫലം? തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ യോജിച്ച നീക്കത്തിനുള്ള സാധ്യത പോലും മങ്ങിയിരിക്കുന്നു. സിറിയയിലെയും മറ്റും അഭയാര്‍ഥി വിഷയം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ചത് ഈയിടെയാണ്. ഇ.യുവിന് വ്യക്തമായ റെഫ്യൂജി പ്ലാനുണ്ട്. അഭയം തേടി ഏത് യൂറോപ്യന്‍ രാജ്യത്താണോ എത്തുന്നത് ആ രാഷ്ട്രം വിഷയത്തില്‍ മാനുഷികമായ നിലപാട് സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ സ്വന്തം സമുദായാംഗങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കുന്നതിന് വഴിയൊരുക്കാന്‍ ഒരു പദ്ധതിപോലും മുസ്‌ലിം രാജ്യങ്ങളുടെ പക്കലില്ല. അമേരിക്ക ഈ വിഷയത്തില്‍ കാണിക്കുന്ന ആത്മാര്‍ഥതയെങ്കിലും മുസ്‌ലിം കൂട്ടായ്മക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. റോഹിങ്ക്യകളെ അടിച്ചമര്‍ത്തുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും വിവേചനപൂര്‍വം പെരുമാറുകയും ചെയ്യുന്ന മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ 2013 നവംബറില്‍ യു.എസ് കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കിയിരുന്നു. മൂന്നാമതൊരു രാജ്യത്ത് കുടിയിരുത്തി പരിഹരിക്കാവുന്നതല്ല റോഹിങ്ക്യകളുടെ പ്രശ്‌നമെന്നും അവര്‍ക്ക് ബര്‍മീസ് പൗരത്വം നല്‍കുക മാത്രമാണ് പ്രതിവിധിയെന്നും പ്രസിഡന്റ് ഒബാമയും യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ആന്‍ റിച്ചാര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.

പിറന്ന മണ്ണില്‍നിന്ന് കുടിയിറക്കപ്പെട്ട ഫലസ്ത്വീനികളുടെ ദുരന്തകഥകള്‍ നമ്മുടെ മുന്നിലുണ്ട്. മുസ്‌ലിംകളായതിന്റെ പേരില്‍ മാത്രം കൂട്ടക്കൊലചെയ്യപ്പെട്ട ബോസ്‌നിയയിലെ മുസ്‌ലികളും ഇസ്‌ലാമിക ലോകത്തിന് പാഠമാണ്. ഗസ്സയും സ്രെബ്രനീക്കയും സമ്മാനിച്ച നടുക്കുന്ന ഓര്‍മകളുടെ കൂട്ടത്തില്‍ അറാക്കാനെയും ചേര്‍ക്കാതിരിക്കാനാവട്ടെ, മുസ്‌ലിം ലോകത്തിന്റെ ശ്രമം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /29-31
എ.വൈ.ആര്‍