ഖുര്ആന് വായനയും മതവിദ്യാഭ്യാസവും
പ്രബോധനം വാരികയിലെ 'ഒരു ഹിന്ദു സന്യാസി ഖുര്‍ആന്‍ വായിക്കുന്നു' എന്ന തുടര്‍ ലേഖനം താല്‍പര്യപൂര്‍വം വായിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടം വരെ എന്നുതന്നെ പറയാം ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ഗ്രന്ഥമാണെന്ന കാഴ്ചപ്പാടായിരുന്നു അധിക മുസ്‌ലിംകളും വെച്ചുപുലര്‍ത്തിയിരുന്നത്. മുസ്‌ലിംകളല്ലാത്തവര്‍ ഖുര്‍ആന്‍ വായിക്കാനോ തൊടാന്‍ പോലുമോ പാടില്ല എന്നതായിരുന്നു പൊതുവെയുള്ള ധാരണ. എന്തിനേറെ, ഗോപാലിക അന്തര്‍ജനം ഖുര്‍ആന്റെ ഭാഷയായ അറബി പഠിപ്പിക്കുന്നതിനെ പോലും കേരള മുസ്‌ലിംകളില്‍ പലരും എതിര്‍ത്തു. ലബനാനിലും ഈജിപ്തിലും സുഡാനിലും തുനീഷ്യയിലുമൊക്കെയുള്ള ക്രിസ്ത്യാനികളും ജൂതരും അറബിഭാഷയാണ് സംസാരിക്കുന്നതെന്ന കാര്യം പോലും മുസ്‌ലിംകള്‍ ഓര്‍ത്തില്ല. ഇന്നിപ്പോള്‍ ഓറിയന്റലിസ്റ്റുകളടക്കം ഒട്ടേറെ അന്യ മതസ്ഥര്‍ വിമര്‍ശനാത്മകമായിത്തന്നെ ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. റജാ ഗരോഡിയും പിക്താളും ലിയോ പോള്‍ഡ് വെയ്‌സും എ.ജെ ആര്‍ബറിയും ജോര്‍ജ് സെയിലും ഗോര്‍ഡന്‍ ചൈല്‍ഡുമൊക്ക വലിയ ഖുര്‍ആന്‍ പണ്ഡിതരായിരുന്നു. അവരില്‍ ചിലര്‍ ഖുര്‍ആന്റെ വിമര്‍ശകരായപ്പോള്‍ പലരും ഖുര്‍ആന്റെ അനുയായികളായിത്തീര്‍ന്നു.
ഐഹിക വിരക്തിയിലധിഷ്ഠിതമായ സന്യാസം ഖുര്‍ആന്‍ അംഗീകരിക്കുന്നില്ലെന്ന് സ്വാമി ശക്തിബോധി ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കിയിട്ടുണ്ടാവണം. ''സന്യാസം അവര്‍ സ്വയം ഉണ്ടാക്കിയതാണ്, നാമത് അവരോട് കല്‍പിച്ചിട്ടുണ്ടായിരുന്നില്ല'' (ഖുര്‍ആന്‍ 57:27). ക്രിസ്ത്രീയ പുരോഹിതന്മാരുടെ ബ്രഹ്മചര്യത്തെക്കുറിച്ചും മറ്റുമാണ് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത്.
മതതാരതമ്യ പഠനത്തിന് വേണ്ടി സര്‍വ മതങ്ങളുടെയും പ്രാമാണിക ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുക എന്ന അല്‍പം ദുഷ്‌കരമായ ദൗത്യമാണ് സ്വാമി ഏറ്റെടുത്തിരിക്കുന്നത്. മതങ്ങളുടെ ബാഹ്യ വ്യത്യസ്തതകളില്‍ ഊന്നാതെ ഒരു തേനീച്ചയുടെ മനോഭാവത്തോടെ മതങ്ങളുടെ ആന്തര രുചി ശേഖരിച്ച് വിശ്വമംഗളത്തിനായി വിതരണം ചെയ്യുക എന്നതാണ് സ്വാമിയുടെ ലക്ഷ്യമായി പറയുന്നത്. എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഏകദൈവവിശ്വാസം അംഗീകരിക്കുന്നുണ്ടെങ്കിലും, പ്രായോഗിക ജീവിതത്തില്‍ മിക്ക മതങ്ങളും ബഹുദൈവങ്ങളെയാണ് വിശ്വസിച്ച് ആരാധിച്ചുവരുന്നത്. നിലവിലുള്ള മതങ്ങളില്‍ ഇസ്‌ലാമും ജൂത മതവുമാണ് ഏകദൈവ വിശ്വാസം പുലര്‍ത്തിവരുന്നത്. ഏകദൈവത്വത്തിലധിഷ്ഠിതമായ ക്രിസ്തുമതം പോലും ത്രിയേകത്വത്തിലാണ് ഇപ്പോള്‍ വിശ്വസിക്കുന്നത്. ദൈവത്തെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായി അവര്‍ വിഭജിക്കുന്നു. ബൈബിളാണെങ്കില്‍ ഏകദൈവവിശ്വാസത്തെ ഊന്നിപ്പറയുകയും ചെയ്യുന്നു. ഇന്നിപ്പോള്‍ മതങ്ങളുടെ വൈവിധ്യങ്ങള്‍ ബാഹ്യതലങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ആന്തരികമായിത്തന്നെ വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അവ ഭിന്നിച്ചു നില്‍ക്കുന്നു.
ബുദ്ധമതത്തില്‍ ദൈവിക സങ്കല്‍പം ഇല്ലെന്നാണ് പറയുന്നത്. പക്ഷേ, മഹായാന ബുദ്ധിസ്റ്റുകള്‍ ബുദ്ധനെ തന്നെ ദൈവമാക്കി പൂജിക്കുന്നു. ചൈനയിലെ ഷിന്റോ മതക്കാര്‍ ഈസ്സാംഗി എന്ന ആണ്‍ ദൈവത്തിലും ഇസ്സായി എന്ന പെണ്‍ദൈവത്തിലും വിശ്വസിക്കുന്നു. ഈ പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ഉല്‍പത്തിയെക്കുറിച്ചും രസകരങ്ങളായ വിവരണങ്ങളാണ് കണ്‍ഫ്യൂഷിയന്‍ മതം നല്‍കുന്നത്. പണ്ട് ഒന്നുമില്ലായിരുന്നു. ഈ ശൂന്യത വളരെക്കാലം നിലനിന്നു. പിന്നെ പാന്‍കു എന്നൊരാള്‍ ഉണ്ടായി. അയാള്‍ മരിച്ചപ്പോള്‍ അയാളുടെ അവസാനത്തെ ശബ്ദത്തില്‍ നിന്ന് ഇടിനാദവും, അവസാനത്തെ ശ്വാസത്തില്‍ നിന്ന് കാറ്റും, ഇടതു കണ്ണില്‍ നിന്ന് സൂര്യനും, വലതു കണ്ണില്‍ നിന്ന് ചന്ദ്രനും ഉണ്ടായി. അയാളുടെ തലമുടി കാടായും മാംസം ഭൂമിയായും രക്തം നദികളും കടലുകളുമായും പരിണമിച്ചു. കണ്‍ഫ്യൂഷിയന്‍ മതക്കാര്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്നു. ഏറ്റവും വലിയ ദൈവം ഷീന്‍ ആണെന്നും അവര്‍ വിശ്വസിക്കുന്നു.
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ മതമാണ് ഹിന്ദുമതം. അത് പ്രധാനമായും ത്രിമൂര്‍ത്തികളിലാണ് വിശ്വസിക്കുന്നത്; ബ്രഹ്മാവ്, വിഷ്ണു, ശിവന്‍. ഇവര്‍ പരമാത്മാവിന്റെ മൂന്ന് രൂപങ്ങളാണ്. ഇവരുടെ ജോലി യഥാക്രമം സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയാണ്. ഈശ്വരന്‍ ഒരു യാഥാര്‍ഥ്യമല്ല, ബ്രഹ്മം മാത്രമാണ് യാഥാര്‍ഥ്യമായിട്ടുള്ളത്.
തിന്മ നന്മയെ കീഴടക്കാതിരിക്കുക എന്നതും ലോകത്തെ മഹാ വിപത്തുകളില്‍ നിന്ന് രക്ഷിക്കുക എന്നതും മഹാ വിഷ്ണുവിന്റെ കര്‍ത്തവ്യമാണ്. വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍ തുടങ്ങി വിഷ്ണുവിന് പല അവതാരങ്ങളുമുണ്ടായിട്ടുണ്ട്. അവസാനകാലത്ത് വിഷ്ണു കല്‍കിയായി അവതരിക്കുന്നതാണ്.
പുനര്‍ജന്മ വിശ്വാസം ഹിന്ദുമതത്തിന്റെ ഒരു പ്രത്യേകതയാണ്. മനുഷ്യാത്മാവിന്റെ അന്തിമ ലക്ഷ്യം പരമാത്മാവിലുള്ള ലയനമാണ്. ഈ ലോക ജീവിതത്തില്‍ നിഷ്‌കാമകര്‍മം അനുഷ്ഠിച്ച പുണ്യാത്മാക്കള്‍ മരണശേഷം പരമാത്മാവില്‍ ലയിക്കുന്നു. പ്രതിഫലേഛയോടെ നല്ല കര്‍മം ചെയ്തവര്‍ ഇന്ദ്രലോകത്തില്‍ പ്രവേശിക്കുന്നു. അവിടെ സ്വര്‍ഗീയ സുഖം അനുഭവിച്ച ശേഷം മനുഷ്യരായി വീണ്ടും ഭൂമിയില്‍ ജനിക്കുന്നു. ഈ ജീവിതത്തില്‍ തെറ്റുകള്‍ ചെയ്തവര്‍ നരകത്തില്‍ പോവുന്നു. കുറെകാലം ശിക്ഷയനുഭവിച്ച് വീണ്ടും മനുഷ്യരായി ജനിക്കുന്നു. വളരെ ഹീനമായ പ്രവൃത്തികള്‍ ചെയ്തവര്‍ കൊതുക്, മൂട്ട തുടങ്ങിയ ക്ഷുദ്ര ജീവികളായി പുനര്‍ജനിക്കുന്നു. ഇത്തരം വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ ഹിന്ദുമതത്തിലുണ്ട്.
സൊറാസ്ട്രിയന്‍ മതത്തില്‍ നന്മക്ക് ഒരു ദൈവവും തിന്മക്ക് മറ്റൊരു ദൈവവുമുണ്ട്. ജൂതായിസവും ഇസ്‌ലാമും ക്രൈസ്തവതയും മരണാനന്തര ജീവിതത്തെക്കുറിച്ച് ഏതാണ്ട് സമാന ചിന്താഗതികളാണ് വെച്ചുപുലര്‍ത്തുന്നത്.
'ഓരോ മതത്തിന്റെയും അനുയായികള്‍ അജ്ഞത മൂലം ഇതര മതങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്' എന്നാണ് ജി. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നത് (പ്രബോധനം വാള്യം 71 ലക്കം 34). ഇന്ന് മതങ്ങളുടെ പേരില്‍ പ്രചാരത്തിലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ വളരെ വ്യത്യസ്തങ്ങളായ വിചാര ധാരകളാണ് അവ വെച്ചുപുലര്‍ത്തുന്നതെന്ന് മനസ്സിലാകും. പല മതങ്ങളുടെയും മൂലഗ്രന്ഥങ്ങള്‍ ലോകത്തിന് നഷ്ടപ്പെടുകയും നിലവിലുള്ള ഗ്രന്ഥങ്ങളില്‍ പലതും മനുഷ്യഭാവനകള്‍ക്ക് അനുസരിച്ച് പില്‍ക്കാലത്ത് വിരചിതമായതുമാണ് മതങ്ങള്‍ പലതാകാനുള്ള പ്രധാന കാരണമെന്ന് അനുമാനിക്കാം. നിലവിലുള്ള മതഗ്രന്ഥങ്ങളില്‍ ഏറ്റവും പുതിയതും അവതരണകാലത്ത് തന്നെ എഴുതപ്പെട്ടതും മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണെന്ന പ്രത്യേകത ഖുര്‍ആന് അവകാശപ്പെടാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.
Comments