Prabodhanm Weekly

Pages

Search

2015 ജൂണ്‍ 12

മലയാള യൗവനത്തിന്റെ ചുമലെഴുത്തുകള്‍

ഡോ. ജമീല്‍ അഹ്മദ് /കവര്‍‌സ്റ്റോറി

1. യൗവനം

നീക്കുപോക്കുകളില്ലാത്ത നിലപാടാണ് യൗവനം. പുതുമയ്ക്കും ഉത്സാഹത്തിനും ആഹ്ലാദത്തിനും വേണ്ടിയുള്ള നിരന്തരമായ അന്വേഷണമാണത്. ഈ ഉത്സാഹാന്വേഷണത്തിനായി മറ്റെല്ലാ നീക്കുപോക്കുകള്‍ക്കും യൗവനം സന്നദ്ധമാകും എന്നതാണതിലെ കൗതുകം. ചെറുപ്പകാലത്തെക്കുറിച്ച് അക്കാലം പിന്നിട്ടവര്‍ കാണുന്ന പ്രധാന കുറവും അതുതന്നെ. ശരീരത്തെ പരിഗണിക്കാത്ത ഒരുമ്പെടല്‍ (എടുത്തുചാട്ടമെന്ന് വൃദ്ധന്മാര്‍), പുതുമയോടുള്ള അടങ്ങാത്ത അഭിനിവേശം (ഫാഷന്‍ ഭ്രമം എന്ന് പഴമക്കാര്‍), അതിരുകളില്ലാത്ത ആഹ്ലാദപ്രകടനങ്ങള്‍ (അച്ചടക്കമില്ലായ്മ എന്ന് അടക്കം സിദ്ധിച്ചവര്‍), വരുംവരായ്കകളെക്കുറിച്ച കരുതലില്ലായ്മ (ദീര്‍ഘദൃഷ്ടിയുടെ കുറവ് എന്ന് അഭിജ്ഞര്‍) എന്നിവയാണ് യൗവനത്തിന്റെ പൊതു ലക്ഷണങ്ങള്‍.  ഇത്തരം സവിശേഷമനോഭാവങ്ങളെ കാലത്തിന്റെ അതിരുകളില്‍ ഒതുക്കാനാവില്ല എന്നതിനാല്‍ യൗവനം എന്ന അവസ്ഥപോലും പ്രായാതിവര്‍ത്തിയാണ്. വളര്‍ച്ച മുറ്റിയ ശരീരവും മനസ്സുമാണ് യൗവനത്തിന്റെ കൈമുതല്‍. യൗവനം പിന്നിട്ടാലാണ് വ്യക്തിക്ക് പക്വതയുണ്ടാവുക എന്നത് 'പക്വതയാര്‍ജിച്ചവര്‍' പറഞ്ഞുണ്ടാക്കിയ ധാരണയാണ്.  സകല നിലപാടുകളിലും മറ്റുള്ളവര്‍ക്കുവേണ്ടി നീക്കുപോക്കുകള്‍ നടത്തുന്നതിനെയാണ് അവര്‍ പക്വതയെന്ന് പേരിട്ടിരിക്കുന്നത്. 'എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്' എന്ന പേടിയോടെയാണ് യുവാക്കളെ മുതിര്‍ന്നവരും കുട്ടികളും കണ്ടത്. ഭയപ്പാടുകളനുഭവിച്ച കുട്ടിക്കാലത്തുനിന്ന് ഭയപ്പെടുത്തുന്ന പ്രതികാരത്തിലേക്കുള്ള മുതിര്‍ച്ചയാണ് യൗവനം. പ്രതികാരം, പക എന്നിവ മിക്ക യുവജന പ്രിയതകളുടെയും ഉള്ളടക്കമാകുന്നതും, അതിന് യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നതും അതുകൊണ്ടാണ്. ആരോടൊക്കെയോ ഉള്ള പകയും പ്രതികാരമനോഭാവവും ഊറിക്കൂടിയ ചെറുപ്പത്തിന്റെ വീര്യത്തെ എത്ര ഗുണാത്മകമാക്കാനാവും എന്നത് എക്കാലത്തും സാംസ്‌കാരികവേദികള്‍ ഉന്നയിച്ച പ്രശ്‌നമായിരുന്നു.

ലോകത്തുണ്ടായ ചരിത്ര പരിണാമങ്ങളൊക്കെ യുവാക്കളാല്‍ ഉണ്ടായതാണ് എന്ന് പലരും പൊതുവെ കരുതുന്നുണ്ട്. വസ്തുതാപരമായ പിന്തുണയൊന്നും ആ വാദത്തിനില്ല. മറിച്ച് യൗവനയുക്തമായ ആവേശവും ആവേഗവും കൂസലില്ലായ്മയും ഏതാണ്ടെല്ലാ വിപ്ലവങ്ങളുടെയും പിന്നിലുണ്ടായിരുന്നു എന്നത് ചരിത്രസത്യവുമാണ്. സമൂഹത്തിലെ ഏറ്റവും ചലനാത്മകമായ വിഭാഗമാണ് യുവത എന്നതുകൊണ്ടാണ് അത്തരം  മുന്നേറ്റങ്ങളുടെ ബാധ്യത മുഴുവനും യുവജനങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നത്. ആധുനിക ജ്ഞാനോദയം സൃഷ്ടിച്ച നവോത്ഥാനത്തിന്റെ ചാലകശക്തികളായത്  യുവാക്കളുടെ പാരമ്പര്യനിഷേധവും  പുതിയ വ്യവസ്ഥയോടുള്ള അഭിനിവേശവുമായിരുന്നു. അതിനെത്തുടര്‍ന്നുണ്ടായ മാറ്റങ്ങള്‍ക്ക് കുടപിടിച്ചതാകട്ടെ യംഗ് എന്ന പേരിനോടൊപ്പം ലോകത്തെമ്പാടും രൂപംകൊണ്ട സംഘങ്ങളും. 'സ്വാതന്ത്ര്യം, സമത്വം, മാനവികത' എന്നീ ലക്ഷ്യങ്ങളായിരുന്നു അവരുടെ പൊതു മുദ്രാവാക്യം. യംഗ് ഇറ്റലി (1821), യംഗ് യൂറോപ് (1834), യംഗ് അയര്‍ലണ്ട് (1840), യംഗ് തുര്‍ക്ക് (1865), യംഗ് തുനീഷ്യന്‍ തുടങ്ങി രാജാറാം മോഹന്റോയിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ നവോത്ഥാനത്തിന്റെ കേന്ദ്രമായി  ബംഗാളില്‍ രൂപംകൊണ്ട 'യംഗ് ബംഗാള്‍' വരെ ഈ കണ്ണി നീളുന്നു. ആരുടെ സ്വാതന്ത്ര്യം, ആര്‍ തമ്മിലുള്ള സമത്വം, ഏതു മനുഷ്യന്‍ എന്നീ ചോദ്യങ്ങളുയര്‍ത്തിയാണ് ആധുനികതയെ അതിന്റെ ഉത്തരകാലം നേരിട്ടത്.

2. ഉത്തര - ഉത്തരാധുനികത

ആധുനികാനന്തര സമൂഹത്തില്‍ പ്രകടമായ എല്ലാ പ്രത്യേകതകളും കൂടുതല്‍ ബാധിച്ചത് യുവസമൂഹത്തെയാണ്. സാങ്കേതികവിദ്യയുടെ വികാസത്തിന് ഏറ്റവും പ്രവര്‍ത്തനനിരതമായ കണ്ണിയായത് യുവാക്കളാണ് എന്നതിലും തര്‍ക്കമില്ലല്ലോ. കംപ്യൂട്ടറിന്റെ വരവുതൊട്ട് പുതിയ വിവരകൈമാറ്റ തന്ത്രങ്ങളുടെ അമിത സൗകര്യംവരെ ആസ്വദിച്ചതും ഉപയോഗിച്ചതും യുവജനങ്ങളായതുകൊണ്ടുതന്നെ അവ പടച്ചുവിട്ട ക്രമഭംഗങ്ങളിലും അവര്‍തന്നെ ഇരകളും വേട്ടക്കാരുമായി. അതിക്രമങ്ങളുടെ ബൃഹത്തായ കളിസ്ഥലങ്ങള്‍ ആധുനികാനന്തര വ്യവഹാരലോകം സൃഷ്ടിച്ചുവെന്നുമാത്രമല്ല സമൂഹം അതുവരെ പുലര്‍ത്തിയ സാംസ്‌കാരികമായ മറകള്‍ അഴിഞ്ഞുവീഴുകയും ചെയ്തു. അസ്ഥിരമായ ദേശീയതകളും അധിനിവേശത്തിന്റെ മുറിവുകളും അതേവരേ ഇല്ലാത്ത ഭീകരതയുടെയും തീവ്രതയുടെയും നിലപാടുകളിലേക്ക് യുവാക്കളെ നടത്തി. ഈ കളികളില്‍ മുതലിറക്കിയതും അതില്‍നിന്ന് മുതലെടുത്തതും വിപണി ഭരിച്ചവര്‍ തന്നെയായിരുന്നു. അതോടൊപ്പം സര്‍ഗാത്മകതയുടെയും പരസ്പരവിനിമയത്തിന്റെയും ആശയക്കൈമാറ്റങ്ങളുടെയും അപൂര്‍വാനുഭവങ്ങള്‍ ചരിത്രത്തില്‍ ചേര്‍ത്തുവെക്കാനും ഉത്തരാധുനിക യുവസമൂഹത്തിനായി എന്നതും നിഷേധിക്കേണ്ടതല്ല. ഏകമുഖമായ നിരാകരണമോ സ്വീകരണമോ ഇക്കാലത്തെ യുവസമൂഹത്തിന്റെ അഭിരുചികളോട് പാടില്ല എന്നര്‍ഥം. കുട്ടിക്കാലത്തിനോടോ വാര്‍ദ്ധക്യത്തോടോ ചേര്‍ത്തുവെച്ച് യുവതയെ മനസ്സിലാക്കുക എന്ന പിഴവില്‍ നിന്ന് യുവസ്വത്വത്തെക്കുറിച്ചുള്ള പഠനങ്ങളെ രക്ഷപ്പെടുത്തുകയും യൗവനത്തെ അതില്‍വെച്ചുതന്നെ പഠിക്കാനുള്ള സാഹചര്യങ്ങളൊരുക്കുകയും ചെയ്തു എന്നതാണ് ഉത്തരാധുനിക സമീപനങ്ങളുടെ പ്രധാന സവിശേഷത.

സമകാലിക കേരള സമൂഹത്തില്‍ വലിയ വര്‍ത്തനവ്യതിയാനങ്ങള്‍ വരുത്തിയ ഉത്തരാധുനികത ഇപ്പോള്‍ ഏറക്കുറെ അവസാനിച്ചിരിക്കുന്നു. ഉത്തര - ഉത്തരാധുനികതയുടെ കാലമാണിനി. അധികാര വികേന്ദ്രീകരണത്തിനു പകരം മുതലാളിയുടെ പരമാധികാരത്തിന്റെ കീഴിലുള്ള ബഹുസ്വര - ജനകീയ ചെറു അധികാരങ്ങളാണ് ഭാവിപരിപാടികള്‍ മുന്നോട്ടു കൊണ്ടുപോവുക. കേരളത്തിലെ ചെറുപട്ടണങ്ങളില്‍ പോലും 'ലുലുമാളു'കള്‍ വരും. ദരിദ്രര്‍ക്കും ചില്ലറപ്പൈസ നല്‍കി അവിടെനിന്ന് പര്‍ച്ചേസ് ചെയ്യാന്‍ കഴിയും. ഉത്തരാധുനികതയുടെ സ്വാഭാവിക പരിണതിയാണിതെന്ന് പലരും സിദ്ധാന്തിക്കുന്നുണ്ട്. സ്വീകാര്യയോഗ്യതയാണ് ഉത്തര - ഉത്തരാധുനികതയുടെ പ്രധാന ബലതന്ത്രം. ഉത്തരാധുനികതയ്ക്ക് സംഭവിച്ച ഒരു വലിയ പിഴവിനെ തിരുത്തിക്കൊണ്ടാണ് സമകാലിക സമൂഹം മുന്നേറുന്നത്. ആദര്‍ശങ്ങളെല്ലാം 'വലിയ വര്‍ത്തമാനങ്ങളാ'വുകയും (മെറ്റാ നെരേഷന്‍) അങ്ങനെ അവയുടെ അധികാരം ഉപേക്ഷിക്കപ്പെടുകയും ചെയ്തശേഷം ഉണ്ടാകുന്ന ആഴമേറിയ വിടവിലേക്ക് ആര്‍ക്കും കടന്നുചെല്ലാന്‍ പറ്റും. അങ്ങനെ, വളരെ സ്വാഭാവികമായി ആദര്‍ശങ്ങള്‍ക്ക് സമാന്തരവും വിരുദ്ധവുമായ ഒഴുക്ക് സാധ്യമാകും. 

ചില ഉദാഹരണങ്ങള്‍ ഈ കാര്യം കൂടുതല്‍ വ്യക്തമാകാന്‍ ഉപകരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതലാളിത്ത പ്രവണതകളോട് മല്ലടിച്ച് പുറത്തുവന്ന ആള്‍ ബൂര്‍ഷ്വാ മുതലാളിയുടെ ഷോപ്പിംഗ് മാള്‍ ഉദ്ഘാടനം ചെയ്യാനെത്തുന്നു.  ബാങ്ക്മുതലാളി നല്‍കുന്ന പണംകൊണ്ട് പലിശരഹിത വായ്പാമേള നടക്കുന്നു. ഉത്തര - ഉത്തരാധുനികതയില്‍ ഇത്തരം തമാശകള്‍ വളരെ സ്വഭാവികമാണ്. നന്മകള്‍ തുലോം കുറവും തിന്മകളില്‍ നിന്ന് നന്മകള്‍ വേര്‍തിരിച്ചറിയാനുള്ള പ്രയാസവും ഈ കാലത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. യൂറോപ്യന്‍ മുതലാളിത്തവും സാമ്രാജ്യത്വവും സൃഷ്ടിച്ചെടുത്ത ഈ അന്തരീക്ഷത്തില്‍ സ്വാഭാവികമായും ഇരയും ഇടനിലയും ആവുക ചെറുപ്പക്കാരാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ യുവജനങ്ങളുടെ പെരുമാറ്റങ്ങളെ നിരീക്ഷിച്ച് ചില ഭാവി സൂചനകള്‍ നല്‍കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

3. യൗവനം എന്ന ചരക്ക്

സമൂഹത്തിന്റെ പൊതുപ്രവണത നിശ്ചയിച്ചത് പലപ്പോഴും ചെറുപ്പക്കാരായിരുന്നു. ചെറുപ്പക്കാരുടെ അഭിരുചികളാണ് ജനപ്രിയ സംസ്‌കാരത്തെയും അതിന്റെ വിറ്റുവരവുകളെയും നിയന്ത്രിച്ചത്. യൗവനത്തിന്റെ ശാരീരികവും മാനസികവുമായ ക്രയശേഷി തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും അങ്ങാടിനിലവാരത്തിനും അനുഗുണമാക്കുക എന്നത് വന്‍കിട കച്ചവടക്കാര്‍ എന്നും ഉന്നംവെച്ചുകൊണ്ടിരുന്നു. അങ്ങനെ, പുതിയ കാലത്തിലെ യൗവനത്തെ 'പക്വതയാര്‍ജിച്ച' നീക്കുപോക്കുകള്‍ക്ക് തയ്യാറാക്കുക എന്ന വലിയ ഉത്തരവാദിത്തം യൂറോപ്യന്‍ വിപണിതന്ത്രങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നു. അതിന്റെ ചെറിയ പതിപ്പുകളാണ് കേരളത്തെപ്പോലുള്ള നഗരദേശങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. രണ്ടു പതിറ്റാണ്ടിനിടയില്‍ ലോകത്തിലെ ഏറ്റവുമധികം യുവാക്കളുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന പ്രവചനം ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞിരിക്കുന്നു. യുവാക്കളെ ലക്ഷ്യംവെച്ചുള്ള ഉല്‍പന്നങ്ങളുടെ വലിയൊരു ഷോപ്പിംഗ്മാളായി ഇന്ത്യ മാറുന്നുവെന്നുകൂടിയാണ് ഇതിനര്‍ഥം. ഇന്ത്യന്‍നഗരങ്ങളിലെ യുവാക്കളുടെ മനോനിലയില്‍ പുതിയ നൂറ്റാണ്ടിനുശേഷം വന്ന പരിണാമങ്ങള്‍ വലുതാണെന്ന് ദ ടെലഗ്രാഫ് 2009 ല്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. വിദേശീയതക്ക് ലഭിച്ചിരുന്ന സാര്‍വത്രികമായ പ്രിയത നല്ലതോതില്‍ കുറയുകയും ഭാരതീയത എന്ന മനോഭാവത്തിലേക്ക് യുവഹൃദയം മാറുകയും ചെയ്തിട്ടുണ്ട്. ദേശീയപ്രചോദകമായ മുദ്രാവാക്യങ്ങള്‍ യുവജനങ്ങളെ സ്വാധീനിച്ചതാണ് വലതുപക്ഷ ദേശീയവാദപ്രസ്ഥാനങ്ങള്‍ക്ക് വന്‍നഗരങ്ങളില്‍ വേരോട്ടവും വോട്ടും ലഭിക്കാന്‍ കാരണമായത്. ജാതിയുടെ പ്രത്യക്ഷസ്വാധീനം കുറയുകയും ജാതിയെക്കാള്‍ വലുതാണ് മതം എന്ന പൊതുധാരണയിലേക്ക് ഹൈന്ദവ യുവാക്കള്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. മുകേഷ് അംബാനി, സചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്രസിംഗ് ധോണി, നരേന്‍ കാര്‍ത്തികേയന്‍, അമിതാഭ് ബച്ചന്‍ എന്നിവരാണ് അവരുടെ റോള്‍ മോഡലുകള്‍. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ അറുപത്തിയഞ്ചു ശതമാനം വരുന്ന ഈ യുവാക്കള്‍ നാളെയുടെ ഭാരതത്തിനെ ഒരു വലിയ വിപണിയാക്കി മാറ്റുമെന്ന സന്തോഷവാര്‍ത്തയാണ് ഇതുപോലുള്ള സര്‍വേകള്‍ യൂറോപ്യന്‍ മുതലാളിമാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ഓരോ സര്‍വേയും ഒരധികാരത്തിന്റെ അജണ്ട നടപ്പിലാക്കാനുള്ള മണ്ണൊരുക്കുന്നു. കഴിഞ്ഞ പത്താണ്ടുകള്‍ക്കിടയില്‍ വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ വന്ന വ്യാപകമായ പ്രമേയ പരിണാമം നിരീക്ഷിച്ചാല്‍  സര്‍വേഫലങ്ങള്‍ എങ്ങിനെയാണ് പ്രയോഗിക്കപ്പെടുന്നത് എന്ന് വ്യക്തമാകും. അംബാനിയുടെ കുടുംബചരിത്രം വീരോചിതമായി ചിത്രീകരിച്ച മണിരത്‌നം സിനിമ (ഗുരു) ബോളിവുഡിലും കോളിവുഡിലും വമ്പന്‍ ഹിറ്റായതിന്റെ രഹസ്യവും ഇതുതന്നെ. 

പണമുണ്ടാക്കുക എന്ന 'മോട്ടോ' യുവജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ ആഗോളവതക്‌രണ ശക്തികള്‍ വിജയിച്ചു. ജീവിതവിജയമെന്നത് വര്‍ഷാന്തം സമ്പാദിച്ചുകൂട്ടുന്ന പണത്തിന്റെ കണക്കാണ് എന്ന് ഉറപ്പിക്കുകയാണ് എല്ലാ വ്യക്തിത്വവികസന മന്ത്രങ്ങളുടെയും പൊതുവായ ഉള്ളടക്കം. അതിനെ പ്രചോദിപ്പിക്കുന്ന പുസ്തകങ്ങള്‍, സി ഡി കള്‍, ക്ലാസ്സുകള്‍, പ്രസ്ഥാനങ്ങള്‍, പദ്ധതികള്‍ എന്നിവ എത്ര പെട്ടെന്നാണ് നമുക്കിടയില്‍ വ്യാപകമായത് എന്ന അന്വേഷണത്തിന്റെ ഫലം അമ്പരപ്പിക്കുന്നതാണ്. എങ്ങനെ കോടീശ്വരനാകാം എന്ന വിഷയങ്ങളില്‍ പുസ്തകമെഴുതിയും ക്ലാസ്സെടുത്തും പലരും കോടീശ്വരന്‍മാരായി. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് കേരളത്തിലടക്കം അലയടിച്ച ആദര്‍ശയൗവനം എന്ന വികാരത്തെ അസ്ഥിരമാക്കാനും കര്‍മോത്സുകത എന്നത്, സമ്പാദിക്കാനുള്ള കഴിവ് എന്നതിലേക്ക് ചുരുക്കാനും ആഗോളമുതലാളിത്തത്തിന് സാധിച്ചുവെന്നതിന്റെ തെളിവാണ് സര്‍ഗാത്മക യുവജനപ്രസ്ഥാനങ്ങള്‍പോലും വ്യക്തിത്വവികസനമന്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുകയേ ഇനി രക്ഷയുള്ളൂ എന്ന തീരുമാനങ്ങളിലേക്കെത്തിപ്പെട്ടുവെന്നത്.

4. യുവജനസംഘങ്ങള്‍

വയസ്സുമൂത്തവര്‍ക്ക് കൊടുക്കേണ്ട പ്രവര്‍ത്തനപരിപാടികള്‍ പോരാ യുവജനങ്ങള്‍ക്ക് എന്ന് വയസ്സായവര്‍ക്ക് തോന്നിയതുകൊണ്ടാണ് യുവജനപ്രസ്ഥാനങ്ങളുണ്ടായത്. മറ്റൊരു നിരീക്ഷണവും സാധ്യമാണ്. മനുഷ്യജീവിതത്തെ മാറ്റത്തിലേക്ക് വഴിനടത്തിയ ജനകീയപ്രസ്ഥാനങ്ങളില്‍ പലതും യുവമനസ്സുകളുടെ ആവേശത്തില്‍ നിന്ന് ഉരുവം കൊണ്ടതായിരുന്നു. പ്രസ്ഥാനങ്ങള്‍ക്ക് വയസ്സേറുകയും അതിന് നേതൃത്വം കൊടുത്തവര്‍ ചിന്തയുടെ വൃദ്ധസദനങ്ങളിലകപ്പെടുകയും ചെയ്യുമ്പോഴാണ് ആ പ്രസ്ഥാനങ്ങള്‍ക്ക് യുവജനവിഭാഗം ആവശ്യമായിവരുന്നത്. 'യുവാക്കളെയും വിദ്യാര്‍ഥികളെയും പറ്റി'ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്ക് ഇ.എം.എസ് നല്‍കുന്ന മറുപടികള്‍ സമാഹരിച്ച് അതേപേരില്‍ ഒരു മലയാളപുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് (ചിന്ത പബ്ലിഷേഴ്‌സ്, 2013). ലോക യുവജനപ്രസ്ഥാനങ്ങളോടൊപ്പം ഇന്ത്യന്‍ യുവജനപ്രസ്ഥാനങ്ങളും രൂപീകരിക്കപ്പെടാനുള്ള ചരിത്ര സാഹചര്യം ഇ എം എസ് അതില്‍ പങ്കുവെക്കുന്നു. ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ പലതും യുവാക്കള്‍ക്ക് വിപ്ലവപ്രസ്ഥാനങ്ങള്‍ നല്‍കുന്ന അവസരത്തിലെ കുറവിനെക്കുറിച്ച സംശയങ്ങളായിരുന്നു. പ്രായമല്ല വര്‍ഗമാണ് യോഗ്യത എന്ന സൈദ്ധാന്തിക ന്യായീകരണം ഉണ്ടെങ്കിലും യുവാക്കള്‍ക്ക് സാമൂഹിക മാറ്റത്തിലുള്ള പങ്കിനെക്കുറിച്ചുള്ള കാല്‍പനിക സ്വപ്നങ്ങളില്‍നിന്ന് അദ്ദേഹവും വിട്ടൊഴിയുന്നില്ല. അത്തരം ആദര്‍ശാത്മക പ്രതിസന്ധികളാണ് പാര്‍ട്ടിക്ക് യുവജനപ്രസ്ഥാനങ്ങളുണ്ടാക്കാന്‍ വഴിയൊരുക്കിയത് എന്ന യാഥാര്‍ഥ്യംതന്നെയാണ് ഈ പുസ്തകം മറിച്ചുവെച്ചു ചിന്തിച്ചാല്‍ കിട്ടുക.

കേരളത്തിലെ യുവജനപ്രസ്ഥാനങ്ങളുടെ നീക്കുപോക്കുകള്‍ നേരത്തെ പറഞ്ഞ ഉത്തര - ഉത്തരാധുനികതയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് വര്‍ത്തമാനത്തിന്റെ ചരിത്രം അന്വേഷിക്കുക. പാരമ്പര്യ പാര്‍ട്ടികളുടെ യുവനിരയെക്കാളേറെ പ്രതീക്ഷവെക്കേണ്ടത് സമാന്തര യൗവനപ്രസ്ഥാനങ്ങളിലാണ്. 1995 മുതല്‍ 2005 വരെയുള്ള ഉത്തരാധുനികതയുടെ ആഘോഷക്കാലത്ത് സാന്നിധ്യമുറപ്പിച്ച സമാന്തര യുവനിരകള്‍ കേരളത്തില്‍ കാണിച്ച മാതൃകകളാണ് പ്രായംചെന്ന യുവജനപ്രസ്ഥാനങ്ങള്‍ പോലും അനുകരിച്ചത്. ആളും അര്‍ഥവും ധാരാളമുണ്ടായിട്ടുകൂടി ഈ നവയുവമുന്നേറ്റങ്ങളെ അതിജയിക്കാനോ അവയോട് ക്രിയാത്മകമായി പ്രതികരിക്കാനോ പോലും പാരമ്പര്യ പാര്‍ട്ടി യുവവിഭാഗങ്ങള്‍ക്കായില്ല എന്നത് യാഥാര്‍ഥ്യമാണ്. മതത്തിന്റെയും ആത്മീയതയുടെയും ഉള്ളടക്കത്തെ അപരസ്ഥാനത്തുനിറുത്തി സമാന്തരയുവമുന്നേറ്റങ്ങളെ കളിയാക്കിത്തീരുകയായിരുന്നു അവര്‍. തങ്ങളുടെ കാല്‍ചുവട്ടില്‍ നിന്ന് ഊര്‍ന്നുപോകുന്ന മണ്ണൊഴുക്ക് തിരിച്ചറിഞ്ഞ് മുന്നേറിവരുമ്പോഴേക്കും ഇതാ, ഉത്തരാധുനിക സമൂഹം അതിന്റെ ഉത്തര മേഖലയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ഈ അടിയന്തരാവസ്ഥയില്‍ യുവജന പ്രസ്ഥാനങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും എന്ന ആലോചനയാണ് ഇനി ഈ ലേഖനം പങ്കുവെക്കേണ്ടത്.

5. ചുമലെഴുത്തുകള്‍  

ഇത്രയും ആമുഖത്തില്‍ നിന്ന് സമകാല മലയാളിയൗവനം ആവിഷ്‌കരിക്കേണ്ട ചില സര്‍ഗാത്മകസൗന്ദര്യങ്ങളെ പലരും നിര്‍ദേശിച്ചിട്ടുണ്ട്. അവയെ സ്വരൂപിച്ചെടുത്ത് അക്കമിട്ട് വിവരിക്കുകയാണിനി. ഇതില്‍ പലതും ഇന്നത്തെ ബഹുജന - യുവജന സംഘങ്ങള്‍ തീരെ ആവിഷ്‌കരിച്ചിട്ടില്ല എന്നല്ല. ഈ ആവേഗങ്ങള്‍ക്കിടയില്‍ ഓര്‍ത്തുവെക്കാനുള്ള ചില ബാധ്യതകളായി ഇത്തരം കുറിപ്പുകള്‍ മാറും എന്നാണ് ഇതിന്റെ സാംഗത്യം. ബഹുസ്വരതയുടെയും അധികാരവികേന്ദ്രീകരണത്തിന്റെയും പെരുമാറ്റങ്ങളെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ വികസിച്ച സമാന്തര മുസ്‌ലിം - ദലിത് യുവജന മുന്നേറ്റങ്ങള്‍ നടത്തിയത്. ഒരു പരിധിവരെ അത് വിജയിക്കുകയും ചെയ്തു. തൊണ്ണൂറുകള്‍ക്കു ശേഷം യുവജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട, സേവനം, സമരം, ജനകീയത തുടങ്ങിയ ആശയങ്ങളെ പ്രയോഗവത്കരിക്കുക എന്ന അജണ്ട ഏറ്റെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ദേശീയ പ്രസ്ഥാനങ്ങള്‍ നിര്‍ണയിച്ച സവര്‍ണ യുവജനപരിപാടികളുടെ വരണ്ടതും ആധുനികവുമായ ഛായയില്‍ നിന്ന് മാറി ദലിത് - ന്യൂനപക്ഷ അരികുകളെ ചേര്‍ത്തണച്ച് മുന്നോട്ടുപോകാനുള്ള ശ്രമങ്ങളുണ്ടായി. വിവേകാനന്ദന്‍ എന്ന യുവ ഐക്കണ്‍ പ്രചോദിപ്പിച്ച സമരയൗവനങ്ങള്‍ മയിലമ്മയിലേക്കും മേധാ പട്കറിലേക്കും ജാനുവിലേക്കും ഗീലാനിയിലേക്കും മഅ്ദനിയിലേക്കും മാറ്റിസ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഈ മുന്നേറ്റം തുടരുന്നതിനിടയില്‍ അറ്റുപോയ ചില കണ്ണികളെ കൂട്ടിച്ചേര്‍ക്കാനും കാണാതെപോയ ചില മേഖലകളിലേക്ക് വെളിച്ചം നല്‍കാനുമാണ് ഇനി ശ്രമിക്കേണ്ടത്. ഉത്തര-ഉത്തരാധുനികതയുടെ പ്രതിസമര നിരയിലേക്ക് മുതല്‍ക്കൂട്ടാകുന്ന ആ കാര്യങ്ങളെ താഴെ നിരത്തുന്നു; കൂടുതല്‍ ചര്‍ച്ചയും ആലോചനയും വേണ്ടതാണ് ഈ കാര്യങ്ങള്‍ എന്ന മുന്നറിവോടെത്തന്നെ.

ഒന്ന് - പ്രകടനാത്മകപ്രവര്‍ത്തനങ്ങളില്‍ മാത്രമൂന്നിയ യൗവനം എന്നത് ആദര്‍ശരാഹിത്യത്തിന്റെ  ആശയമാണ്. ഉത്തര - ഉത്തരാധുനികതയില്‍ അത് ഒരു ഫാഷനും മുതലാളിയുടെ പബ്ലിക് റിലേഷനുമായി ബന്ധപ്പെട്ട കാര്യവുമാണ്. സഹസ്രകോടീശ്വരന്‍മാര്‍ സാമൂഹിക സേവനരംഗത്ത് മുതലിറക്കുന്നത് അതിനാണ്. തട്ടിപ്പിലൂടെ ശേഖരിച്ച പണംപോലും സാമൂഹിക സേവനത്തിനുപയോഗിച്ച വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ സാമൂഹിക സേവനം, സമരം എന്നിവയുടെ സ്വാഭാവിക വികാസത്തെ പ്രോത്സാഹിപ്പിക്കുകയും ആദര്‍ശങ്ങളെ അടിയറവെച്ചുകൊണ്ട് അവയ്ക്ക് നല്‍കുന്ന അമിത പ്രാധാന്യം ഒഴിവാക്കുകയും വേണം. പകരം, അറിവിലൂന്നിയ യൗവനത്തെ തിരിച്ചുകൊണ്ടുവരാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. ചിന്താപരമായ മുന്നേറ്റത്തിനേ ഇനി വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. ഇന്ന് അമിതലാഭത്തിലൂന്നിയ വിപണിയുടെ പരസ്യതന്ത്രവും പൊതുപ്രവേശനവും കൂടി സാമൂഹികസേവനത്തിലൂടെ നിര്‍വഹിക്കപ്പെടുന്നു. ആരോഗ്യ പരിശോധനാ ക്യാമ്പ് ആശുപത്രിയുടെയും, വിദ്യാഭ്യാസ സെമിനാര്‍ വന്‍കിട വിദ്യാഭ്യാസവില്‍പനകേന്ദ്രത്തിന്റെയും പരസ്യവും ഉപഭോക്താക്കളെ വലയിടാനുള്ള സൂത്രവുമാണ്. ഈ മേഖലകളില്‍ യുവജനസംഘങ്ങളുടെ ആദര്‍ശത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് ഇനി മറുപടി. സമുദായത്തിലെയും സമൂഹത്തിലെയും പ്രശ്‌നങ്ങള്‍ ദാര്‍ശനികമായ പരിഹാരനിര്‍ദേശങ്ങളോടെ യുവജനസംഘടനകള്‍ ഏറ്റെടുക്കണം. സ്ത്രീധനം തുടങ്ങി മൈസൂര്‍ കല്യാണം വരെയുള്ള വൈവാഹിക പ്രശ്‌നങ്ങള്‍, കുറ്റകൃത്യമനോഭാവം, ലഹരി, അസാന്‍മാര്‍ഗിക ജീവിതം, ഗള്‍ഫ്പണത്തിന്റെ വിനിയോഗ അസന്തുലിതത്വങ്ങള്‍, ആഡംബരഭ്രമം, ആല്‍ബംഭ്രാന്ത്, ദാരിദ്ര്യം പോലുള്ള പ്രശ്‌നങ്ങളില്‍ യുവജനങ്ങള്‍ നേരിട്ട് ഇടപെടണം.

രണ്ട് - ആഗോള വിപണിതന്ത്രങ്ങളുടെ പ്രധാന ഉന്നം കൂട്ടായ്മകളെ വിഭജിക്കുക എന്നതാണ്. വ്യക്തികളെ ഒറ്റയൂനിറ്റാക്കി മാറ്റിയാണ് അവര്‍ പരസ്യ തന്ത്രങ്ങള്‍ മെനയുന്നത്. ഇന്റര്‍നെറ്റ് വഴി സാധനസാമഗ്രികള്‍ വാങ്ങാനുള്ള സൗകര്യംകൂടി വന്നത് ഈ വിഭജനം വളരെ എളുപ്പമാക്കി. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉണ്ടാകുന്ന കൂട്ടായ്മകളെക്കൂടി അത് ഒറ്റപ്പെടുത്തി. ഇതിനെ പ്രതിരോധിക്കാനാകുംവിധം  യുവജനസംഘടനകളുടെ ചേര്‍ച്ച ഇനിയും സാധ്യമാക്കേണ്ടതുണ്ട്. ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ ഒറ്റപ്പെട്ടു കിടന്നിരുന്ന സമരസംഘങ്ങളെയും നേതാക്കളെയും  പോരാട്ടത്തിന്റെ പാതയില്‍ ഒരുമിപ്പിക്കാന്‍   സമാന്തര യുവജനപ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി,  സംഘടിത സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ദലിത് - മുസ്‌ലിം യുവജനസംഘങ്ങളെ മാത്രമല്ല തനിമയുള്ള ചെറു പോരാട്ടസംഘങ്ങളെയും പ്രാദേശിക സന്നദ്ധസംഘങ്ങളെയും ഇങ്ങനെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. രക്തദാനം, ജീവന്‍രക്ഷാ മേഖലകള്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ദാരിദ്ര്യ നിര്‍മാര്‍ജനം, വൈവാഹിക സഹായങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്ന, എന്നാല്‍ പ്രത്യേകിച്ചൊരു സംഘടനയുമായും നേരിട്ട് ബന്ധമില്ലാത്ത കൂട്ടായ്മകളെ ചേര്‍ത്തുനിര്‍ത്താനുള്ള പുതിയ വഴികള്‍  കണ്ടെത്തേണ്ടതുണ്ട്. 

മൂന്ന് - വ്യക്തികളെ ഒറ്റപ്പെടുത്തിയശേഷം ആദര്‍ശരഹിത ലാഭക്കൊതിയുടെ ആശയങ്ങള്‍ പരസ്യം ചെയ്യുന്നത് അവരെ ദാര്‍ശനികമായി നിരായുധരാക്കാനാണ്. പ്രത്യേകിച്ചൊരു സംഘടനയുമായും ആഭിമുഖ്യമില്ലാതെ വായനയും എഴുത്തും പ്രതികരണവുമായി കഴിയുന്ന ധാരാളം ചെറുപ്പക്കാര്‍ കേരളത്തിലുണ്ട്. ഒരു ഘട്ടം കഴിഞ്ഞാല്‍ അവര്‍ അകര്‍മണ്യതയുടെ പടുകുഴിയിലേക്ക് പതിയെ ആണ്ടുപോകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തിലെ യുവജനസംഘടനകള്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന അജണ്ടകള്‍ ഉയര്‍ത്തിയത് വളരെ കുറവാണ് എന്നോര്‍ക്കണം. വിദ്യാസമ്പന്നരിലെ പ്രവര്‍ത്തനസജ്ജരായ ആളുകളെ മാത്രമേ ഇന്ന് യുവജനസംഘടനകളില്‍  അണിചേര്‍ക്കാനാവുന്നുള്ളൂ. പ്രഫഷണല്‍ അടക്കമുള്ള കോഴ്‌സുകള്‍ കഴിഞ്ഞ് തികച്ചും തൊഴില്‍ കേന്ദ്രീകൃതരായ ഒരു കൂട്ടം ഉദാസീന യുവാക്കള്‍ കേരളത്തില്‍ ധാരാളമുണ്ട്. സ്വന്തം പ്രതികരണങ്ങള്‍ ഒരു അനിശ്ചിതമായ ലൈക്കിലും ഷയറിലുമൊതുക്കി ആശ്വസിക്കുന്ന ഇക്കൂട്ടരെ രാഷ്ട്രീയമായും ആദര്‍ശപരമായും കണ്ണിചേര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാവണം. 

നാല് - യുവാക്കള്‍ എന്ന വാക്കില്‍നിന്ന് യുവതികള്‍ പുറത്താണ് എന്നതാണ് ആ വാക്കിന്റെ പ്രധാന അയോഗ്യത. പെണ്ണിന്റെ യൗവനം ഏത് എന്ന ക്രമപ്രശ്‌നം യുവജനസംഘടനകളെല്ലാം നേരിടുന്നുണ്ട്. കൃത്യമായ പരിഹാരനിര്‍ദേശം ഇനിയും ഉരുത്തിരിഞ്ഞിട്ടില്ലാത്ത ഈ പെണ്‍പ്രശ്‌നത്തെ ഫെമിനിസത്തിനു പുറത്തും ആത്മീയമായ വെളിച്ചത്തിനകത്തും നിറുത്തി വായിക്കാനുള്ള ശ്രമങ്ങള്‍ തീരെ ഉണ്ടായിട്ടില്ല. പുരുഷന്റെ നിര്‍വചനങ്ങളില്‍ നിന്നും വചനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഓട്ടം വട്ടം തികഞ്ഞ് ഒടുവില്‍ പുരുഷന്റെ കൈവട്ടത്തിലേക്കുതന്നെ എത്തിപ്പെടുന്നു എന്ന അനിവാര്യതയാണ് ഇന്നോളമുണ്ടായിട്ടുള്ള എല്ലാ സ്ത്രീ ചര്‍ച്ചകളും തെളിയിച്ചത്. പുരുഷനെയെന്നപോലെ ആഗോളവിപണി പെണ്ണിന്റെ അഭിരുചികളെയും പ്രത്യേകം ലക്ഷ്യമിടുന്നുണ്ട്. ആണിനു നല്‍കുന്നതിലേറെ സ്വാതന്ത്ര്യവാഗ്ദാനങ്ങള്‍ അവര്‍ പെണ്ണിനു നല്‍കുന്നു. ആ ചതിച്ചുഴിയില്‍ പെട്ടുപോകുന്ന ആദര്‍ശാത്മക പെണ്‍കൂട്ടത്തിനുപോലും മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചമുണ്ടാകേണ്ടതുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /29-31
എ.വൈ.ആര്‍