അനുസ്മരണം
താഹാ കണിയാപുരം
തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് മൂന്നു പതിറ്റാണ്ടായി ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്നിരുന്ന താഹാ സാഹിബ്(56) തിരുവനന്തപുരത്ത് പട്ടം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ മള്‍ട്ടിടാസ്‌ക് അസിസ്റ്റന്റായിരുന്നു. തെക്കന്‍ കേരളത്തില്‍ പ്രസ്ഥാനത്തിന്റെ പോക്കറ്റുകളിലൊന്നായ കണിയാപുരത്ത് ജമാഅത്തിന്റെ ശബ്ദം എത്തിയ നാളുകളില്‍ തന്നെ അത് ഏറ്റെടുക്കാന്‍ രംഗത്തെത്തിയവരിലൊരാളായിരുന്നു അദ്ദേഹം. കുറ്റിയാടി കോളേജില്‍ നിന്ന് പ്രസ്ഥാനത്തെ പഠിച്ച പ്രദേശവാസികളായ സുഹൃത്തുക്കള്‍ വഴിയാണ് എണ്‍പതുകളില്‍ അദ്ദേഹം പ്രസ്ഥാനത്തിലെത്തിയത്. അന്നു മുതല്‍ മരണം വരെ സ്ഥിരോത്സാഹവും നൈര്യന്തര്യവുമുള്ള പ്രവര്‍ത്തനശൈലി നിലനിര്‍ത്തിയിരുന്നു. കണിയാപുരത്ത് പ്രസ്ഥാനത്തിന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്ന കാലത്ത് ശാരീരികമായി മാരക അക്രമണത്തിന് ഇരയായിട്ടുണ്ട് അദ്ദേഹം. കേസിലെ പ്രതികളായ സുഹൃത്തുക്കള്‍ നിയമപോരാട്ടത്തിനൊടുവില്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തില്‍ മാപ്പു നല്‍കിക്കൊണ്ട് അവരെ പ്രസ്ഥാനത്തിന്റെ അഭ്യുദയകാംക്ഷികളും സഹയാത്രികരുമാക്കി മാറ്റാന്‍ സാധിച്ചത് മേഖലയില്‍ പ്രസ്ഥാനചരിത്രത്തില്‍ തന്നെ വഴിത്തിരിവായി.
ചെറുപ്പകാലത്തുണ്ടായ വീഴ്ചയെ തുടര്‍ന്ന് ശാരീരിക വൈകല്യത്തിന് ഇരയായ അദ്ദേഹം അവയെ മറികടക്കുന്ന ജീവിത ശൈലിയുടെ കൂടി ഉടമയായിരുന്നു. വൈകല്യത്തിന്റെ ഭാഗമായി പിടികൂടിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വിടാതെ പിന്തുടരുമ്പോഴും തഹജ്ജുദ് നമസ്‌കാരം അദ്ദേഹം ഒരിക്കലും മുടക്കിയിരുന്നില്ല. മറ്റുള്ളവര്‍ക്ക് ഒരുപടി മുന്നില്‍ നിന്നുകൊണ്ട് കണിയാപുരം ഇസ്‌ലാമിക് സെന്റര്‍ മസ്ജിദ് തുറക്കുന്ന ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുത്ത അദ്ദേഹം വര്‍ഷങ്ങളായി അതിലും ഒരു ദിവസം പോലും വീഴ്ച വരുത്തിയിരുന്നില്ല. അസുഖബാധിതനായി കിടപ്പിലായ രണ്ടു ദിവസം സുബ്ഹി ജമാഅത്ത് മുടങ്ങിയതില്‍ ഏറെ ദു:ഖിതനായ അദ്ദേഹം മൂന്നാം ദിവസം സുബ്ഹി നമസ്‌കാരത്തിന് വുളു ചെയ്തു നമസ്‌കാരത്തിന് പോകാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സമയനിഷ്ഠയിലെന്ന പോലെ സാമ്പത്തിക ഇടപാടുകളിലും കണിശത പുലര്‍ത്തിയിരുന്ന താഹാ സാഹിബ് പ്രാദേശിക ഹല്‍ഖയുടെ കീഴിലെ ഒട്ടുമിക്ക സാമ്പത്തിക ഇടപാടുകളുടെയും ചുമതല വഹിച്ചിരുന്നു. ദീര്‍ഘകാലമായി പ്രദേശത്ത് പ്രബോധനം വിതരണവും അദ്ദേഹമായിരുന്നു നടത്തിയിരുന്നത്. കെട്ടെടുക്കാന്‍ കണിയാപുരം ജംഗ്ഷനിലെത്താറുള്ള അദ്ദേഹം നേരം പുലരുന്നതിനു മുമ്പു തന്നെ വരിക്കാരുടെ വീടുകളില്‍ എത്തിക്കുകയും ചെയ്തിരുന്നു. പ്രബോധനം വരിസംഖ്യ മുതല്‍ മസ്ജിദ് പരിപാലന ഫണ്ട് ഉള്‍പ്പെടെയുള്ള നിരവധി ഫണ്ടുകള്‍ ശേഖരിക്കുന്നതിനു ചുമതലപ്പെട്ടിരുന്ന അദ്ദേഹം പണം നല്‍കുന്നവര്‍ക്ക് ബാക്കി നല്‍കേണ്ടി വന്നാല്‍ അതിനായി ചില്ലറ നാണയങ്ങളടക്കം എല്ലായ്‌പ്പോഴും കൈയില്‍ കരുതുമായിരുന്നു. ദരിദ്രമായ ചുറ്റുപാടില്‍ വളര്‍ന്നു വന്നിട്ടും ആരില്‍ നിന്നും ഒരിക്കലും കടം വാങ്ങാതെയാണ് അദ്ദേഹം യാത്രയായത്. നല്ലൊരു വീടെന്ന സ്വപ്നം നിറവേറ്റാനായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ അദ്ദേഹത്തിന് സര്‍ക്കാര്‍ വായ്പ ലഭിക്കുമായിരുന്നെങ്കിലും അത്തരത്തില്‍ കടക്കാരനാകാന്‍ പോലും അദ്ദേഹം കാത്തുനിന്നില്ല.
തന്റെ കുടുംബത്തെയും പ്രസ്ഥാനത്തിന്റെ മുന്നണി പ്രവര്‍ത്തകരാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. കണിയാപുരം വനിതാ ഹല്‍ഖാ നാസിമത്തും ഏരിയയിലെ സജീവ പ്രവര്‍ത്തകയുമായ ഷാഹിദയാണ് ഭാര്യ. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യയിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ഇപ്പോള്‍ ന്യൂദല്‍ഹി ഹംദര്‍ദ് യൂനിവേഴ്‌സിറ്റിയില്‍ ഗവേഷകനുമായ തന്‍വീര്‍, തസ്‌നി, തൗഫീഖ് എന്നിവര്‍ മക്കളും ഷാബു റഷീദ്, സഹില എന്നിവര്‍ മരുമക്കളുമാണ്.
അബൂനിദ
അഹമ്മദ് മക്കായി
ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനും തൃപ്രയാര്‍ മെഡിക്കോ ലാബ് ആന്റ് എക്‌സ്‌റേയ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായിരുന്നു അഹമ്മദ് മക്കായി സാഹിബ്. ജാതി-മത-ഭേദമന്യേ നാട്ടുകാര്‍ക്കും, പ്രയാസപ്പെടുന്നവര്‍ക്കും സഹായങ്ങള്‍ ചെയ്തിരുന്ന വ്യക്തിയായിരുന്നു. തൃപ്രയാറില്‍ ഒരു ജുമുഅ മസ്ജിദ് വേണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും അതിന് കൂട്ടായ പരിശ്രമത്തിലൂടെ സ്ഥലം വാങ്ങിക്കുകയും 2001ല്‍ പള്ളി സഫലമാക്കുകയും ചെയ്തു. പള്ളിയുടെ പ്രസിഡന്റായും തൃപ്രയാര്‍ ഹല്‍ഖാ നാസിമായും ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു.
പ്രബോധനത്തിനും മാധ്യമത്തിനും വരി ചേര്‍ക്കാനും ഏജന്‍സി എടുത്തു വിതരണം നടത്താനും അദ്ദേഹം കാര്യമായി പരിശ്രമിച്ചിട്ടുണ്ട്. മരിക്കുന്നതു വരെ പ്രബോധനം ഏജന്റായിരുന്നു.
മീഡിയാവണ്ണിന്റെ ഷെയറുകള്‍ സമാഹരിക്കുന്നതിന് അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. എല്ലാ വിഭാഗം ആളുകളുമായി സുഹൃദ്ബന്ധം സ്ഥാപിച്ചിരുന്നു. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം പ്രസ്ഥാന സഹചാരികളാണ്.
പി.കെ അബ്ദുര്‍റഹ്മാന്‍
എം. അസൈനാര്‍
എടയൂര്‍ ജമാഅത്ത് ഹല്‍ഖയിലെ അംഗമായിരുന്ന എം. അസൈനാര്‍ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. ഇശാ നമസ്‌കാരം വരെ തന്റെ പ്രാസ്ഥാനിക ഉത്തരവാദിത്തങ്ങളും ആരാധനാ കര്‍മങ്ങളും നിര്‍വഹിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും വഴിയില്‍ വെച്ചു അന്ത്യശ്വാസം വലിച്ചു.
ഉയര്‍ന്ന വിദ്യാഭ്യാസമോ മറ്റു ഔപചാരിക യോഗ്യതകളോ ഇല്ലാത്ത അസൈനാര്‍ സാഹിബ് പ്രസ്ഥാന പ്രതിബദ്ധതയിലും കര്‍മകുശലതയിലും ഉദാത്ത മാതൃകയായിരുന്നു. പ്രബോധനം, ബോധനം, ആരാമം, മലര്‍വാടി എന്നിവയുടെ വിതരണം അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു. പത്രം കൈപ്പറ്റിയ ഉടനെ വീടുവീടാന്തരം കയറിയിറങ്ങി അവ വിതരണം ചെയ്യാതെ അദ്ദേഹത്തിന് സ്വസ്ഥത ലഭിച്ചിരുന്നില്ല. മസ്ജിദുല്‍ ഇലാഹിയുടെ പരിചരണവും അദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു. ഓരോ മാസവും മസ്ജിദ് ഫണ്ട് പിരിക്കാന്‍ ബക്കറ്റുമെടുത്ത് അദ്ദേഹം പള്ളിയുടെ ഗെയ്റ്റില്‍ നില്‍ക്കും. ഏറ്റവുമധികം മസ്ജിദ് ഫണ്ട് പിരിയുന്ന കേരളത്തിലെ പള്ളികളില്‍ ഒന്നായിരിക്കും എടയൂരിലെ മസ്ജിദുല്‍ ഇലാഹി. യോഗങ്ങളിലും പരിപാടികളിലുമെല്ലാം എപ്പോഴും മുന്‍പന്തിയില്‍ അസൈനാര്‍ സാഹിബുണ്ടാകും. ഇതര പ്രദേശങ്ങളിലേക്ക് സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ അവരുടെ മേല്‍നോട്ടവും അദ്ദേഹത്തെയാണ് ഏല്‍പിക്കാറുള്ളത്.
സ്‌ക്വാഡുപ്രവര്‍ത്തനം, നോട്ടീസ് വിതരണം, പോസ്റ്ററൊട്ടിക്കല്‍, ബാനറുകള്‍ സ്ഥാപിക്കല്‍ എന്നിവക്കെല്ലാം അസൈനാര്‍ സാഹിബ് മുന്‍പന്തിയിലുണ്ടാകും. പള്ളിയിലെ ഇമാമിന് ഭക്ഷണമെത്തിച്ചു കൊടുക്കാനും ഏത് കൂരിരുട്ടിലും അദ്ദേഹം സന്നദ്ധനായിരുന്നു. വെയിലോ മഴയോ ഒന്നും തടസ്സമായിരുന്നില്ല.
കുടുംബത്തെയും കുട്ടികളെയും പ്രസ്ഥാന വഴിയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ അസൈനാര്‍ സാഹിബ് വിജയം വരിച്ചു.
വി.കെ അലി
ഹാജി അബ്ദുല്‍ അസീസ്
തിരുവനന്തപുരം ജില്ലയില്‍ കാരയ്ക്കാമണ്ഡപം ഹല്‍ഖയിലെ ഹാജി അബ്ദുല്‍ അസീസ്(67) അല്ലാഹുവിലേക്ക് യാത്രയായി. എളിമ, മിതഭാഷണം, സത്യസന്ധത എന്നീ സ്വഭാവങ്ങള്‍ വാക്കിനപ്പുറം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു. 'തന്റെ യുവത്വം എന്തിനുവേണ്ടി ചെലവഴിച്ചു' എന്ന രക്ഷിതാവിന്റെ ചോദ്യത്തിന് ധീരമായി മറുപടി പറയാന്‍ കഴിയുന്ന വിധത്തില്‍ നാട്ടില്‍ ഇസ്‌ലാമിക പ്രവര്‍ത്തനം കാഴ്ചവെച്ചു. സ്‌കൂള്‍ പഠനകാലം മുതല്‍ നാട്ടിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു. സഹോദര സമുദായത്തിലെ വ്യക്തികളുമായും അവരുടെ കുടുംബങ്ങളുമായും സൗഹൃദം കാത്ത് സൂക്ഷിക്കുവാന്‍ ഏറെ യത്‌നിച്ചു.
കാരയ്ക്കാമണ്ഡപം, നേമം, വെള്ളയാണി, കുറുവാണി പ്രാവച്ചമ്പലം തുടങ്ങിയ പ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ ആദ്യരൂപമായി മുസ്‌ലിം യൂത്ത് മൂവ്‌മെന്റ് 1968ല്‍ രൂപീകരിച്ചതില്‍ തുടങ്ങി ഗള്‍ഫ് ജീവിതത്തിന് ശേഷം 1979ല്‍ കാരയ്ക്കാമണ്ഡപം സ്റ്റഡി സര്‍ക്കിള്‍, ഇതര വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഇസ്‌ലാമിക് കള്‍ചറല്‍ സെന്റര്‍(ഐ.സി.സി)1980ല്‍ രൂപീകരിക്കുന്നതിലും മുന്‍കൈയെടുത്തു. മഹല്ല് പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. സംഘടിത ഫിത്വര്‍ സകാത്ത് ആദ്യമായി നേമം മഹല്ലില്‍ വിതരണം ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ഇന്ന് നേമം മഹല്ല് ജമാഅത്ത് നടപ്പിലാക്കിയ സംഘടിത ഉളുഹിയ്യത്ത്, സകാത്ത് സംവിധാനങ്ങള്‍ ഐ.സി.സിയിലൂടെ തുടക്കം കുറിച്ചവയായിരുന്നു.
പ്രവാസ ജീവിതം മതിയാക്കിയതിന് ശേഷം ചാലയില്‍ കച്ചവടം നടത്തിയിരുന്നു. കച്ചവടത്തില്‍ ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചു. ഇന്നത്തെ കച്ചവടക്കാരുടെ രീതിശാസ്ത്രത്തിന് വിരുദ്ധമായതിനാല്‍ ഏറെക്കാലം കച്ചവട രംഗത്ത് പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് മക്കളെയും കുടുംബത്തെയും ഇസ്‌ലാമിക മാര്‍ഗത്തിലേക്ക് നയിക്കാനും ചാലയിലെ കച്ചവടത്തിനിടയിലും സമയം കണ്ടെത്തിയിരുന്നു. ദീര്‍ഘകാല അസുഖം ബാധിച്ചതോടെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നു.
ആരിഫ് കാരയ്ക്കാമണ്ഡപം
Comments