മുദ്രകള്‍
പൗരസ്ത്യനാണോ,
അയാള്‍ക്കെതിരെ എന്ത് കള്ളവുമെഴുതാം!
അല്‍ ജസീറ ചാനലിന്റെ ഇസ്‌ലാമാബാദ് ബ്യൂറോ ചീഫാണ് സിറിയക്കാരനായ അഹമ്മദ് സൈദാന്‍. അമേരിക്കയിലെ ദേശീയ സുരക്ഷാ ഏജന്‍സി (National Security Agency) യില്‍നിന്ന് ചോര്‍ന്ന ഒരു ഫയലില്‍ ഇദ്ദേഹത്തെ അല്‍ഖാഇദയുടെയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും അംഗമായി പരിചയപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹം അല്‍ഖാഇദക്കാരനാണെന്നതിനോ ബ്രദര്‍ഹുഡുകാരനാണെന്നതിനോ ഈ സുരക്ഷാ ഏജന്‍സിയുടെ കൈവശം തെളിവുകളൊന്നുമില്ല. ചുമ്മാ അങ്ങനെ തട്ടിവിടുക തന്നെ! തങ്ങള്‍ തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ തന്നെ കടുത്ത വൈരുധ്യങ്ങളുണ്ടെന്ന കാര്യം പോലും പരിശോധിക്കുന്നില്ല. ആശയപരമായി ഭിന്നധ്രുവങ്ങളില്‍ നില്‍ക്കുന്ന സംഘടനകളാണ് അല്‍ഖാഇദയും മുസ്‌ലിം ബ്രദര്‍ഹുഡും. രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല, കടുത്ത ശത്രുത പോലുമുണ്ട്. പിന്നെ എങ്ങനെയാണ് ഒരാള്‍ക്ക് രണ്ടിലും ഒരേ സമയം അംഗത്വമെടുക്കാനാവുക?
വംശീയ വിവേചനത്തിന്റെ പ്രകടമായ ഉദാഹരണമായിട്ടാണ് അഹ്മദ് സൈദാന്‍ ഇതിനെ കാണുന്നത്. ആള്‍ പൗരസ്ത്യനാണെങ്കില്‍, തവിട്ടു നിറക്കാരനാണെങ്കില്‍ അയാള്‍ക്കെതിരെ എന്ത് നുണയും എഴുതിപ്പിടിപ്പിക്കാം. അല്‍ഖാഇദ-താലിബാന്‍ നേതാക്കളുമായി അവരുടെ രഹസ്യ കേന്ദ്രങ്ങളില്‍പോയി അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട് അഹ്മദ് സൈദാന്‍. അവരില്‍ ഉസാമ ബിന്‍ലാദനും മുല്ലാ ഉമറുമൊക്കെ ഉള്‍പ്പെടും. അല്‍ഖാഇദ ടേപ്പുകള്‍ പലതും പുറത്തു വന്നത് അദ്ദേഹം മുഖേനയാണ്. സ്വന്തം ജീവന്‍ പണയം വെച്ച് നടത്തിയ ഈ അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ് അല്‍ഖാഇദയെക്കുറിച്ചും താലിബാനെക്കുറിച്ചുമുള്ള യഥാര്‍ഥ ചിത്രം ലോകത്തിന് ലഭിക്കാന്‍ വലിയൊരളവില്‍ സഹായകമായത്. 'ബിന്‍ലാദന്‍ മുഖം മൂടികളില്ലാതെ' എന്നൊരു പുസ്തകവും അദ്ദേഹം എഴുതി.
ബിന്‍ലാദന്‍ ജീവിച്ചിരിക്കുന്ന കാലത്തൊന്നും അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഹ്മദ് സൈദാനെ ചോദ്യം ചെയ്യുകയോ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ശൈലിയില്‍ സംശയം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. 2012 ജൂണിലാണ് അദ്ദേഹത്തിന്റെ പേര് അമേരിക്കയുടെ കരിമ്പട്ടികയില്‍ വരുന്നത്. അതിനൊരു കാരണവുമുണ്ട്. 18 വര്‍ഷമായി ജന്മനാടായ സിറിയ വിട്ട് പ്രവാസിയായി കഴിയുന്ന സൈദാന്‍ ഇദ്‌ലീബ് നഗരത്തില്‍ നടക്കുന്ന പോരാട്ടങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.
ഇതില്‍ പ്രകോപിതനായി സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദ് അദ്ദേഹത്തെ അല്‍ഖാഇദ അംഗമാണെന്ന് ആക്ഷേപിക്കുകയുണ്ടായി. ഈ ആരോപണം അതേപടി തങ്ങളുടെ റിപ്പോര്‍ട്ടില്‍ പകര്‍ത്തി വെക്കുകയാണ് എന്‍.എസ്.എ ചെയ്തത്. ഈ സുരക്ഷാ ഏജന്‍സിയുടെ മറ്റു റിപ്പോര്‍ട്ടുകളും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ.
കൊലക്കയര്‍ വിധിക്കപ്പെട്ടവരില്‍
ഒരു യുവതിയും
ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയോടൊപ്പം വധശിക്ഷ വിധിക്കപ്പെട്ടവരില്‍ ഒരു യുവതിയുമുണ്ട്-സുന്‍ദുസ് ആസ്വിം. ഇഖ്‌വാന്റെ രാഷ്ട്രീയ വിംഗായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവാണ്. ഫലസ്ത്വീനിലെ പ്രതിരോധ സംഘടനയായ ഹമാസിന് രാജ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്നതാണ് മിലിട്ടറി ഭരണകൂടം ചാര്‍ത്തിയ കുറ്റം.
ഇഖ്‌വാന്‍ നേതാവ് എഞ്ചിനീയര്‍ ആസ്വിം ശലബിയുടെയും കമ്യൂണിക്കേഷന്‍സ് വിഭാഗം പ്രൊഫസറായ ഡോ.മനാല്‍ അബുല്‍ ഹസന്റെയും മകളാണ്. കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം ഈജിപ്തിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ ബ്രിട്ടനിലെ ഒക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ 'പരമ്പരാഗത മാധ്യമങ്ങളെ ഉപേക്ഷിച്ച് യുവാക്കള്‍ സോഷ്യല്‍ മീഡിയയെ അവലംബിക്കുന്നത് എന്തുകൊണ്ട്' എന്ന വിഷയത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
പാശ്ചാത്യരാജ്യങ്ങളില്‍ ഇഖ്‌വാനെക്കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കുന്നതിലാണ് 28 കാരിയായ സുന്‍ദുസ് ആസ്വിം കാര്യമായും ശ്രദ്ധിച്ചത്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന അവര്‍ ഇവ്വിഷയകമായി നിരവധി ലേഖനങ്ങള്‍ എഴുതി. പാശ്ചാത്യ നേതാക്കളുമായും മാധ്യമസ്ഥാപനങ്ങളുമായും ബന്ധങ്ങള്‍ സ്ഥാപിച്ചു. മുര്‍സി അധികാരമേറ്റപ്പോള്‍ , പാര്‍ട്ടിയുടെയും ഗവണ്‍മെന്റിന്റെയും പാശ്ചാത്യ നാടുകളിലെ മീഡിയാ കോര്‍ഡിനേറ്റര്‍ ആയിരുന്നു. 2009-ല്‍ പാര്‍ട്ടിയൂടെ ഇംഗ്ലീഷ് വെബ് സൈറ്റായ ഇഖ്‌വാന്‍ ഓണ്‍ലൈനില്‍ ചേരുകയും 2012-ല്‍ അതിന്റെ ഡയറക്ടറാവുകയും ചെയ്തു.
ഇഖ്‌വാന്റെ ചരിത്രത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെടുന്ന ആദ്യയുവതിയാണ് സുന്‍ദുസ് ആസ്വിം. ഇത്തരം ശിക്ഷാവിധികള്‍ രാഷ്ട്രീയ പ്രതിയോഗികളെ ഉന്‍മൂലനം ചെയ്യാനുള്ളതാണെന്നും, നീതിയുടെ തരിമ്പും അതിലില്ലെന്നും മാധ്യമങ്ങള്‍ പ്രതികരിച്ചു കഴിഞ്ഞു.
ഖത്തറിന്റെ കലാപാരമ്പര്യവുമായി 'കത്താറ'
ഖത്തറിന്റെ കലാഗ്രാമമാണ് കത്താറ എന്ന് പറയാം. ലളിത കലാ അക്കാദമികളും പാരമ്പര്യ കലാകേന്ദ്രങ്ങളും ഇവിടെ സജീവമാണ്. ഏറ്റവും മികച്ച അറബി നോവലുകള്‍ക്ക് വന്‍ സമ്മാനത്തുക പ്രഖ്യാപിച്ചുകൊണ്ടാണ് കത്താറ ഇപ്പോള്‍ മധ്യപൗരസ്ത്യ മീഡിയയില്‍ സ്ഥാനം പിടിക്കുന്നത്. സമ്മാനത്തുക ആറര ലക്ഷം ഡോളറാണ്. നാടകം, വിവര്‍ത്തനം എന്നിവക്കാണ് പുരസ്‌കാരം.
'ഒരു പക്ഷെ ഇത്തരത്തിലുള്ള ആദ്യത്തെ പുരസ്‌കാരമായിരിക്കുമിത്.' കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹീം പറഞ്ഞു. പ്രസിദ്ധീകരിക്കപ്പെട്ടവ, പ്രസിദ്ധീകരിക്കപ്പെടാത്തവ എന്നിങ്ങനെ ഇനം തിരിച്ചാണ് സമ്മാനങ്ങള്‍ നല്‍കുക. ഓരോ ഇനത്തിലും അഞ്ച് വീതം സമ്മാനങ്ങള്‍ ഉണ്ടാകും. ഇവയെല്ലാം ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന നോവലുകളില്‍ ഏറ്റവും മികച്ചതിനെ ആസ്പദമാക്കി നാടകമോ തിരക്കഥയോ തയാറാക്കും. വിവര്‍ത്തനത്തിന്റെയും നാടകാവതരണത്തിന്റെയും ചെലവ് കത്താറ വഹിക്കും. നാടകമാക്കി മാറ്റുന്ന മികച്ച കൃതിക്ക് രണ്ട് ലക്ഷം ഡോളറാണ് സമ്മാനത്തുക. പ്രസിദ്ധീകരിക്കപ്പെട്ട മറ്റു കൃതികള്‍ക്ക് അറുപതിനായിരം ഡോളര്‍ വീതം ലഭിക്കും. പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത കൃതികള്‍ക്ക് മുപ്പതിനായിരം വീതവും.
കത്താറയുടെ ആദ്യ അവാര്‍ഡ്് പ്രഖ്യാപനം ഈ വര്‍ഷമായിരുന്നു. അള്‍ജീരിയിലെ വാസീനി അല്‍അഅ്‌റജ് (മംലകത്തുല്‍ ഫര്‍റാശ), സുഡാനിലെ അമീര്‍ താജു സിര്‍റ്(366), ഈജിപ്തിലെ ഇബ്രാഹീം അബ്ദുല്‍ മജീദ് (അദാജിയോ), ബഹ്‌റൈനിലെ മുനീറ സിവാര്‍(ജാരിയ), ഇറാഖിലെ നാസിറ സഅ്ദൂന്‍(ദവാമത്തു റഹീല്‍) എന്നിവരുടെതാണ് അവാര്‍ഡിനര്‍ഹമായ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകള്‍. വാസിനി അല്‍ അഅ്‌റജിന്റെ നോവലാണ് നാടകമാക്കാന്‍ തെരഞ്ഞെടുത്തത്.
ഈ അവാര്‍ഡിന് പിന്നില്‍
രാഷ്ട്രീയമേ ഉള്ളൂ
ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെ വേദിയാണ് 'പെന്‍ അമേരിക്കന്‍ സെന്റര്‍.' ഏതെങ്കിലും മേഖലയിലെ മികച്ച സേവനത്തിന് ഇവര്‍ വര്‍ഷംതോറും ഒരു അവാര്‍ഡും നല്‍കാറുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച പാരീസിലെ ഷാര്‍ലി എബ്‌ദോ മാഗസിനിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കായിരുന്നു ഈ വര്‍ഷത്തെ അവാര്‍ഡ്. പക്ഷേ, ഏകകണ്ഠമായിരുന്നില്ല തീരുമാനം. അവാര്‍ഡ് കമ്മിറ്റിയിലെ ആറ് പ്രമുഖര്‍ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയും അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. മുസ്‌ലിം സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഈ കാര്‍ട്ടൂണിസ്റ്റുകള്‍ എന്ത് സേവനമാണ് ലോകത്തിന് നല്‍കിയതെന്നും അവര്‍ ചോദിച്ചു.
ഫ്രാന്‍സൈന്‍ പ്രോസ് (Francine Prose) എന്ന എഴുത്ത്കാരിയും അവാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. അവര്‍ ഒരുതവണ 'പെന്‍' കൂട്ടായ്മയുടെ പ്രസിഡന്റും ആയിരുന്നിട്ടുണ്ട്. തീരുമാനത്തോട് ശക്തമായി വിയോജിച്ച് അവര്‍ എഴുതിയ ലേഖനം ലോകമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഫ്രാന്‍സൈന്‍ എഴുതി: ''ഷാര്‍ലി എബ്‌ദോയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ കാണിച്ച ധീരതക്കാണ് അവാര്‍ഡ് നല്‍കുന്നതെന്ന പരാമര്‍ശം എന്നെ നിരാശപ്പെടുത്തുന്നു. അഭിപ്രായം തുറന്നുപറയാനുള്ള പത്രത്തിന്റെ അവകാശത്തെ ഞാന്‍ മാനിക്കുന്നു. പക്ഷേ, ഒരു സമൂഹത്തെ മൊത്തം അധിക്ഷേപിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ വരച്ചവര്‍ ഏതര്‍ഥത്തിലാണ് ബഹുമാനിക്കപ്പെടുന്നതെന്ന് മനസ്സിലാവുന്നില്ല. ധീരതക്കാണ് അവാര്‍ഡ് നല്‍കുന്നതെങ്കില്‍ ജീവന്‍ പണയപ്പെടുത്തി സത്യം വിളിച്ചു പറഞ്ഞ എഡ്വേര്‍ഡ് സ്‌നോഡന്‍, ചെല്‍സിയ മാനിംഗ് തുടങ്ങിയ എത്രപേരുണ്ടായിരുന്നു ലോകത്ത്? മെക്‌സിക്കോ ഗവണ്‍മെന്റിന്റെ അഴിമതി പുറത്തു കൊണ്ടുവന്ന ലിഡിയ കാച്ചോ എന്ന പത്രപ്രവര്‍ത്തകക്ക് നല്‍കാമായിരുന്നില്ലേ? മയക്കുമരുന്നുമാഫിയയെക്കുറിച്ച് റിപ്പോര്‍ട്ടെഴുതിയതിന്റെ പേരില്‍ വധിക്കപ്പെട്ട മറ്റു മെക്‌സിക്കന്‍ പത്രപ്രവര്‍ത്തകര്‍ക്ക് മരണാനന്തരമായി കൊടുക്കാമായിരുന്നില്ലേ?......''
അവാര്‍ഡ് ദാനത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് ഫ്രാന്‍സൈന്‍ തുറന്നടിച്ചത്. ഇതിന് മറുപടി പറഞ്ഞത് സല്‍മാന്‍ റുശ്ദിയായിരുന്നു. ഫ്രാന്‍സൈന്‍ ഉന്നയിച്ച ചോദ്യങ്ങളിലേക്കൊന്നും കടക്കാതെ, അവര്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു റുശ്ദി.
Comments