Prabodhanm Weekly

Pages

Search

2015 മെയ്‌ 29

ചോദ്യോത്തരം

മുജീബ്

ഛിദ്രതയുടെ വിത്ത് പാകിയത് 
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍?

അറബ് ഇസ്‌ലാമിക ലോകത്ത് ഛിദ്രതയുടെ വിത്ത് പാകിയത് ഈജിപ്തിലെ സയ്യിദ് ഖുത്വ്ബും ഹസനുല്‍ ബന്നയുമാണ്. എഴുപതുകളില്‍ തന്നെ പ്രത്യക്ഷമായ രൂപത്തില്‍ വിധ്വംസക സായുധ സംഘങ്ങള്‍ ഖുത്്വബിയന്‍ ആശയത്തിന്റെ അടിത്തറയില്‍ രൂപം കൊണ്ടിരുന്നു. മആലിമുന്‍ ഫിത്ത്വരീഖ്, റസാഇലു ദ്ദഅ്‌വ തുടങ്ങിയ കൃതികളും ഹാകിമയ്യത്ത് സിദ്ധാന്തവും വെറുപ്പ് ഉല്‍പാദനത്തിന് പ്രേരകമായി. ഭരണകൂടങ്ങള്‍ക്കെതിരെയുള്ള രഹസ്യ നീക്കങ്ങള്‍ പ്രോല്‍സാഹിപ്പിച്ച് കലഹപ്രിയരെ സൃഷ്ടിക്കാന്‍ മുന്‍ചൊന്ന സിദ്ധാന്തങ്ങള്‍ക്ക് സാധിച്ചു. ഐ.എസിന്റെ പദപ്രയോഗങ്ങളും അതിന്റെ ഘടനയും പേര് തന്നെയും ഖുത്്വബിയന്‍ ചിന്താധാരയുടെ സ്വാധീനം വെളിപ്പെടുത്തുന്നതാണ്. ഇസ്‌ലാമിക് സ്റ്റേറ്റ്, ഹാകിമിയ്യത്ത്, ജാഹിലിയ്യത്ത്, ഖിലാഫത്ത്, അല്‍ ജമാഅത്തുല്‍ മുസ്‌ലിമ തുടങ്ങിയ പദങ്ങളുടെ ആവര്‍ത്തിച്ചുള്ള പ്രയോഗവും അവരുടെ ബുക്കുകളും ലഘുലേഖകളും, ഇടക്കിടെ പുറത്ത് വിടുന്ന വീഡിയോ ക്ലിപ്പുകളും ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ഫലസ്ത്വീന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഇഖ്‌വാന്‍ ബന്ധം വെളിപ്പെടുത്തുന്നുണ്ട്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (ബ്രദര്‍ഹുഡ്) അറബ്-ഇസ്‌ലാമിക ലോകത്തെ ഛിദ്രീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചുവെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അറബ് ലോകത്ത് പ്രച്ഛന്നവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇഖ്‌വാന്‍ ആശയങ്ങളെ തിരിച്ചറിയാന്‍ ആദ്യഘട്ടത്തില്‍ സാധിച്ചില്ലെന്നത് നാശത്തിന്റെ ആഴം കൂട്ടി. അറബ്-ഇസ്‌ലാമിക ലോകത്തെ തകര്‍ത്ത്, വാതിലുകളും മതിലുകളും ഇല്ലാത്ത പൂരപ്പറമ്പാക്കി മാറ്റിക്കൊടുത്തതിനുള്ള സമ്മാനമാണ് ഇഖ്‌വാന്‍ നേതാക്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. ഐ.എസിനെയും അല്‍ഖാഇദയെയും ചൂണ്ടി സുഊദി അറേബ്യയെ അപമാനിക്കാന്‍ പേനയുന്തുന്ന ഇഖ്‌വാന്‍ ബുദ്ധിജീവികള്‍ തങ്ങളുടെ സ്ഥാപക നേതാക്കളുടെ വിദ്വേഷ പ്രത്യയ ശാസ്ത്രത്തിന്റെ ജീവിക്കുന്ന പതിപ്പുകളാണ് ഐ.എസും അല്‍ ഖാഇദയുമെന്ന് തിരിച്ചറിയുന്നില്ല. ഇസ്‌ലാമിക മധ്യമ നിലപാട് സ്വീകരിക്കുന്ന സലഫികളെക്കൂടി വിവാദത്തിലേക്ക് വലിച്ചിട്ട് രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകള്‍ കണ്ണടച്ച് പാലുകുടിക്കുന്നത് ആരും കാണുന്നില്ലെന്ന് കരുതിയോ? ഐ.എസ് ഭീകരതയുടെ വേരറുക്കാന്‍, രാഷ്ട്രീയ ഇസ്‌ലാമിന്റെ വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ അപകടം ലോകത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. പ്രതികാരത്തിന്റെ പ്രത്യയശാസ്ത്രമാണ് പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റേതെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ (വിചിന്തനം വാരികയിലെ ലേഖനത്തില്‍ നിന്ന്). പ്രതികരണം ? 

ഷംസ് ശരീഫ്

ഇരുപതാം നൂറ്റാണ്ടിലെ പ്രഥമവും സുശക്തവുമായ ഇസ്‌ലാമിക പ്രസ്ഥാനമാണ് ശഹീദ് ഹസനുല്‍ ബന്ന 1928ല്‍ ഈജിപ്തില്‍ സ്ഥാപിച്ച അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍(മുസ്‌ലിം ബ്രദര്‍ഹുഡ്). വിവിധ മദ്ഹബുകളെ പിന്‍പറ്റുന്നവരും സലഫികളുമെല്ലാം അണി നിരന്ന ഇഖ്‌വാനിന്റെ നേരെ മത-പണ്ഡിത സംഘടനകള്‍ ഭിന്ന വീക്ഷണങ്ങളാണ് ആദ്യം മുതല്‍ക്കേ പ്രകടിപ്പിച്ചു വന്നിട്ടുള്ളത്. സലഫികളില്‍ നിലനില്‍ക്കുന്ന ഭിന്നാഭിപ്രായങ്ങള്‍ ഇഖ്‌വാന്റെ നേരെയുള്ള സമീപനത്തിലും പ്രതിഫലിക്കുന്നു. എല്ലാ സലഫികളും, ഇഖ്‌വാന്‍ വിധ്വംസകരാണെന്നോ ഛിദ്രീകരണ ശക്തികളാണെന്നോ തീവ്രവാദികളാണെന്നോ അഭിപ്രായമുള്ളവരല്ല. ഹസനുല്‍ബന്ന, സയ്യിദ് ഖുത്വ്ബ്, യൂസുഫുല്‍ ഖറദാവി തുടങ്ങിയ ഇഖ്‌വാനി പണ്ഡിതന്മാരെ കുറിച്ച് പ്രശസ്ത സുഊദി പണ്ഡിതനും മുതിര്‍ന്ന പണ്ഡിതസഭയുടെ അധ്യക്ഷനും ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് അബ്ദുല്ലാ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ബാസ് അടക്കമുള്ളവര്‍ക്ക് മതിപ്പും ബഹുമാനവുമാണുണ്ടായിരുന്നത്.  ജമാല്‍ അബ്ദുന്നാസ്വിറിന്റെ  അറബ് സോഷ്യലിസ്റ്റ് സര്‍ക്കാര്‍ സയ്യിദ് ഖുത്വ്ബിന് വധശിക്ഷ നല്‍കിയതിനോട് സുഊദി സര്‍ക്കാറോ സുഊദി പണ്ഡിതന്മാരോ പൊതുവെ യോജിച്ചിരിന്നുമില്ല. 1975ല്‍ മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ സിന്‍ഡിക്കേറ്റില്‍ ശൈഖ് ഖറദാവിയെ അംഗമാക്കിയിരുന്നു. ഖാലിദ് രാജാവിന്റെ കാലത്തായിരുന്നു അത്. മുസ്‌ലിം വേള്‍ഡ് ലീഗിന്റെ വിവിധ രാഷ്ട്രാന്തരീയ കോണ്‍ഫറന്‍സുകളില്‍ ക്ഷണിതാവുമായിരുന്നു ഖറദാവി. 1977 ഫെബ്രുവരിയില്‍ ശൈഖ് ഇബ്‌നു ബാസിന്റെ അധ്യക്ഷതയില്‍ മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട ആഗോള ഇസ്‌ലാമിക പ്രബോധന സമ്മേളനത്തിലും ഖറദാവി ക്ഷണിതാവായിരുന്നു. അതിലദ്ദേഹം അവതരിപ്പിച്ച പ്രബന്ധമാണ് 'പ്രബോധകന്റെ സംസ്‌കാരം' എന്ന ശ്രേഷ്ഠ കൃതി. സയ്യിദ് ഖുത്വ്ബ് 1965 ല്‍ രക്തസാക്ഷ്യം വരിച്ചിരിക്കെ, അതിന് ശേഷം അദ്ദേഹം ഒന്നും എഴുതിയിട്ടില്ലെന്ന് തീര്‍ച്ച. ജീവിച്ചിരിക്കുമ്പോള്‍ എഴുതിയ മആലിമുന്‍ ഫിത്ത്വരീഖ് തുടങ്ങിയ കൃതികള്‍ ദീനിന് വിരുദ്ധമോ, അപകടകരമോ ആണെന്ന് അഭിപ്രായമുണ്ടായിരുന്നെങ്കില്‍ പ്രമുഖ സലഫി പണ്ഡിതന്മാര്‍ അന്നേ അത് ചൂണ്ടിക്കാട്ടേണ്ടതായിരുന്നു. 

പിന്നീട് സ്ഥിതിഗതികള്‍ മാറി. സാമ്രാജ്യത്വവും സയണിസവും മുസ്‌ലിം ലോകത്ത് പൊതുവെയും അറബ് ലോകത്ത് വിശേഷിച്ചും പിടിമുറുക്കി. പണ്ഡിതന്മാരിലും രാഷ്ട്രത്തലവന്മാരിലും മാധ്യമ പ്രവര്‍ത്തകരിലും സാഹിത്യകാരന്മാരിലും മതേതരത്വത്തിന്റെയും മത-രാഷ്ട്ര വിഭജനത്തിന്റെയും മറവില്‍ വൈതാളികരെ സൃഷ്ടിച്ചെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ, അപകടകാരികളും ഛിദ്രശക്തികളുമായി മുദ്ര കുത്തുവാന്‍ അവര്‍ നിരന്തരം ശ്രമം നടത്തി. സലഫി സംഘടനകളിലും അതിന് അനുരണനങ്ങളുണ്ടായി. ഒരു വിഭാഗം സലഫികള്‍ ദീന്‍-ദുന്‍യാ വിഭജനത്തെ ശക്തമായി എതിര്‍ക്കുകയും ഇസ്‌ലാമിനെ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ മറ്റൊരു വിഭാഗം ഇസ്‌ലാമിനെ സങ്കുചിതമായി മതവല്‍ക്കരിക്കുന്നതിനും മതേതര ഭരണ വ്യവസ്ഥയെ-അതെത്ര തന്നെ ഏകാധിപത്യപരമായിരുന്നാലും- പിന്താങ്ങുന്നതിനുമാണ് ഊര്‍ജ്ജം ചെലവഴിച്ചത്. അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിഖിനെ പോലുള്ളവര്‍ ആദ്യ വിഭാഗത്തില്‍ പെടുമ്പോള്‍, ഗള്‍ഫ് സലഫികളിലും കേരള സലഫികളിലും ഒരു വിഭാഗം രണ്ടാമത്തേതില്‍ ഉള്‍പ്പെടുന്നു. ചോദ്യത്തില്‍ ഉദ്ധരിച്ച വരികള്‍ ആ ചിന്താധാരയെയാണ് പ്രതിഫലിപ്പിക്കുന്നത്. മൂന്നാമത്തെ വിഭാഗം സലഫികള്‍ സായുധ ജിഹാദിന്റെ വക്താക്കളും തീവ്രവാദികളുമായി മാറി. ഉസാമ ബിന്‍ ലാദിന്‍, അയ്മന്‍ സവാഹിരി, ഹാഫിസ് മുഹമ്മദ് സഈദ്, അബൂബക്കറുല്‍ ബഗ്ദാദി തുടങ്ങിയ പ്രതി വിപ്ലവകാരികള്‍ അക്കൂട്ടത്തിലാണ് ഉള്‍പ്പെടുന്നത്. അവരുടെ പേരിലാണ് ആഗോള മീഡിയ മൊത്തം വഹാബി പ്രസ്ഥാനത്തെ വേട്ടയാടുന്നതും. ഈ പ്രോപഗണ്ട തീര്‍ത്തും തെറ്റാണെന്ന പോലെ തന്നെ  അടിസ്ഥാന രഹിതമാണ് ബിന്‍ലാദിന്‍ പ്രഭൃതികളുടെ പ്രചോദനം ബന്നാ, സയ്യിദ് ഖുത്വ്ബ്, മൗദൂദി മുതല്‍ പേരുകളുടെ ആത്യന്തിക ചിന്തകളാണെന്ന ആരോപണവും. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്യുന്ന പോലെ സലഫി തീവ്രവാദികള്‍ ഇസ്‌ലാമിക പ്രസ്ഥാന നായകരുടെ കൃതികളെയും ദുരുപയോഗപ്പെടുത്തുന്നുണ്ടാവാം. അതിനെങ്ങനെ ആ മഹാന്മാര്‍ ഉത്തരവാദികളാവും? സലഫി ഉഗ്രവാദികള്‍ ഇറാന്‍ വിപ്ലവത്തെ തുടര്‍ന്ന് ശീഈ-സുന്നി ഭിന്നതകളെ പരമാവധി ഉദ്ദീപിപ്പിച്ചതിന്റെ ഭവിഷ്യത്ത് കൂടിയാണ് ഇപ്പോള്‍ പശ്ചിമേഷ്യയില്‍ രൂപപ്പെട്ട ആഭ്യന്തര സംഘര്‍ഷങ്ങള്‍.

മുസ്‌ലിം ലീഗില്‍ 
സമസ്തയുടെ സ്വാധീനം

സമകാലീന മലയാളം വാരികയിലെ(2015 ഏപ്രില്‍ 24) 'പാണക്കാട് തങ്ങളെ നിയന്ത്രിക്കുന്നതാര്' എന്ന പി.എസ് റംഷാദിന്റെ ലേഖനത്തിന് പ്രതികരണമായി അതേ വാരികയില്‍ മെയ് 15 ലക്കത്തില്‍ എ.ടി മജ്ഹുല്‍ ദാരിമി-കോഴിക്കോട് ഇങ്ങനെ എഴുതുന്നു. 'കാന്തപുരത്തിന്റെ പ്രതിനിധിയുള്ള വഖഫ് ബോര്‍ഡിന്റെ അധ്യക്ഷനാവാന്‍ താന്‍ സന്നദ്ധനല്ലെന്ന് മര്‍ഹൂം ഉമറലി ശിഹാബ് തങ്ങള്‍ ശഠിച്ചത് വളരെ ശരിയാണ്; തികച്ചും ന്യായവുമാണ്. പുതിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ ഉമറലി ശിഹാബ് തങ്ങളുടെ പുത്രനാണ്. ഇദ്ദേഹത്തിന്റെ നിലപാടും ഇങ്ങനെ തന്നെയാണ്. ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി സാഹിബ് തുനിഞ്ഞപ്പോള്‍ 'സമസ്ത' എതിര്‍ത്തു. കഴിഞ്ഞ ബോര്‍ഡിലുണ്ടായിരുന്ന ജമാഅത്തെ ഇസ്‌ലാമി പ്രതിനിധി മഹല്ല് കമ്മിറ്റികളിലും പള്ളി മദ്രസ്സ കമ്മിറ്റികളിലും മറ്റും വനിതകള്‍ക്ക് ന്യായമായ പ്രാതിനിധ്യം നല്‍കണമെന്ന് പല വേദികളിലും വളരെ ശക്തമായി വാദിച്ചതിനാല്‍ സമസ്ത ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. കൂടാതെ കഴിഞ്ഞ റമദാനില്‍(2014 ജൂണ്‍)ഇദ്ദേഹം ചന്ദ്രിക ആഴ്ചപ്പതിപ്പിലെഴുതിയ 'സകാത്ത്'നെ പറ്റിയുള്ള ലേഖനത്തില്‍ സകാത്ത് എന്ന ദാനം അമുസ്‌ലിംകള്‍ക്കും കൊടുക്കേണ്ടതാണെന്ന് ശക്തിയുക്തം വാദിച്ചിരുന്നു. ഇത് സമസ്ത നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ചന്ദ്രികക്കെതിരെ 'സുപ്രഭാതം' ഇറക്കിയതിന്റെ ന്യായമായ 'ചന്ദ്രിക'യുടെ ഈദൃശ 'പ്രവണത'കളെ 'സമസ്ത' ഉദാഹരണമായി ഉന്നയിക്കുന്നുണ്ട്. സമസ്ത എ.പി സുന്നികളെ മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയെയും എതിര്‍ക്കുന്നുണ്ട് (മുസ്‌ലിംലീഗും സമസ്തയും സമകാലീന മലയാളം 2015 മെയ് 15). എങ്ങനെ പ്രതികരിക്കുന്നു?

എ. ഉമര്‍ വെങ്ങന്നൂര്‍

മലബാറില്‍ പൊതുവെയും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിശേഷിച്ചും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബഹുജനാടിത്തറയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെയും ഭൂമിക എന്ന സത്യം അനിഷേധ്യമാണ്. ന്യായമാണെങ്കിലും അല്ലെങ്കിലും സമസ്ത ചില വിഷയങ്ങളില്‍ ശാഠ്യം പിടിച്ചാല്‍ പിന്നെ ലീഗ് നിസ്സഹായമാണ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം തങ്ങള്‍ കുടുംബത്തില്‍ നിക്ഷിപ്തമായതിന്റെ രഹസ്യവും ഈ വിധേയത്വം തന്നെ. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ സംസ്ഥാന മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായിരുന്ന കാലത്താണ് മോഡേണ്‍ ഏജ് സൊസൈറ്റി രൂപവല്‍ക്കരണത്തില്‍ ഡോ:ഗഫൂര്‍ പങ്ക് വഹിച്ചതിനെ ചൊല്ലി എം.ഇ.എസിന്റെ നേരെ ലീഗ് സമ്പൂര്‍ണ ഊര് വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ലീഗിലെ രണ്ടാമനായ സി.എച്ച് മുഹമ്മദ് കോയക്ക് അത് ദഹിച്ചിരുന്നില്ലെങ്കിലും ബാഫഖി തങ്ങളിലൂടെയുള്ള സമസ്തയുടെ സമ്മര്‍ദത്തില്‍ അദ്ദേഹവും വഴങ്ങേണ്ടി വന്നു.  പില്‍ക്കാലത്ത്, കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായ 'മുസ്‌ലിം സൗഹൃദവേദി'യുടെ രൂപവത്കരണത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് സജീവ പങ്കാളിത്തം വഹിച്ചിരുന്നെങ്കിലും സൗഹൃദ വേദി ക്രമേണ നിഷ്‌ക്രിയവും ഒടുവില്‍ ചരിത്രത്തിന്റെ ഭാഗവുമാവാന്‍ കാരണം സമസ്ത മുശാവറ അതിന്റെ നേരെ സ്വീകരിച്ച നിഷേധാത്മക നിലപാടിനെ അതിജീവിക്കാന്‍ ലീഗിന് കഴിയാതെ വന്നതാണ്. നിയമസഭ മണ്ഡലങ്ങളിലൊന്നില്‍ പോലും ഒരു വനിതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുസ്‌ലിം ലീഗിനുള്ള തടസ്സവും സമസ്തയുടെ എതിര്‍പ്പ് തന്നെ. സമസ്ത ഇ.കെ-എ.പി ഗ്രൂപ്പുകളുടെ പുനരേകീകരണത്തില്‍ മുസ്‌ലിംലീഗ് നടത്തിയ നിരന്തര ശ്രമങ്ങള്‍ വിഫലമാക്കിയത് ഇ.കെ വിഭാഗം സുന്നി യുവനേതാക്കളാണെന്ന വസ്തുതയും ചൂണ്ടിക്കാട്ടാതെ വയ്യ. മതപരമായ വിഭാഗീയതയില്‍ കക്ഷി ചേരേണ്ടതില്ലെന്ന ലീഗിന്റെ നയം പ്രായോഗികമാക്കുന്നതിലെ മുഖ്യ തടസ്സമാണ് സമസ്തയുടെ ഇടപെടല്‍. ഈ പശ്ചാത്തലത്തില്‍ ചോദ്യത്തില്‍ ഉദ്ധരിച്ച വിവരങ്ങള്‍ അടിസ്ഥാനരഹിതമാവണമെന്നില്ല. ഭരിക്കുന്ന സര്‍ക്കാറുകളില്‍ വഖഫ്, ഹജ്ജ് വകുപ്പുകള്‍ കയ്യാളുന്ന മന്ത്രിയുടെ പാര്‍ട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളാണ് തദ്വിഷയകമായ ബോര്‍ഡുകളുടെയും കമ്മിറ്റികളുടെയും അംഗത്വ വിതരണത്തില്‍ നിര്‍ണ്ണായകമാവുക. പി.കെ കുഞ്ഞാലിക്കുട്ടിക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പശ്ചാത്തല ശക്തികളെ അവഗണിക്കാനാവില്ല. പരിമിതമായ സീറ്റുകള്‍ അവര്‍ക്കായി ഓഹരി വെച്ചപ്പോള്‍ അത്രതന്നെ മറ്റു മുസ്‌ലിം സംഘടനകളെ പരിഗണിക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. അതോടൊപ്പം ഔദ്യോഗിക സമസ്തയുടെ എതിര്‍പ്പ് കൂടിയായപ്പോള്‍ മന്ത്രി നിസ്സഹായനായിട്ടുണ്ടാവാം. ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഔദ്യോഗിക സമിതികളിലെ അംഗത്വം ഒരഭിമാന പ്രശ്‌നമൊന്നുമല്ല. അതിനായി ആരുടെയും പിറകെ പോവാറുമില്ല. എന്നാല്‍ സജീവ രംഗത്തുള്ള ഒരു ഇസ്‌ലാമിക സംഘടന എന്ന നിലയില്‍ രാഷ്ട്രീയത്തിനതീതമായി പരിഗണിക്കപ്പെടേണ്ടത് തന്നെയാണ് ജമാഅത്തിന്റെ പങ്കാളിത്തം. അംഗത്വ നിഷേധത്തിന്റെ കാരണങ്ങളായി സമസ്ത ചൂണ്ടിക്കാട്ടിയ രണ്ട് കാര്യങ്ങളിലും ജമാഅത്തിന്റെ നിലപാട് ഇസ്‌ലാമികപരമായി ശരിയും കാഘട്ടത്തിന്റെ താല്‍പര്യവുമാണെന്ന് തീര്‍ത്തുപറയാം. സര്‍വ്വ രംഗങ്ങളിലും മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന സ്ത്രീകളെ, അവരെക്കൂടി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കയ്യാളുന്ന മഹല്ല് കമ്മിറ്റികളില്‍ പൂര്‍ണ്ണമായി തഴയാന്‍ മതപരമോ, മതേതരമോ ആയ ന്യായങ്ങളില്ല. അത് പോലെ രാജ്യത്തെ മാറിയ പരിതസ്ഥിതിയില്‍ മുസ്‌ലിംകളുടെ വിശാല താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് സകാത്ത് വിതരണത്തില്‍ അമുസ്‌ലിംകള്‍ക്ക് പരിഗണന നല്‍കുന്നത് തെറ്റാണെന്ന് പുരോഗമന ചിന്തയുള്ള പണ്ഡിതന്മാര്‍ക്കഭിപ്രായമില്ല. ഇത്‌പോലുള്ള കാര്യങ്ങളില്‍ ആദ്യം എതിര്‍പ്പും പിന്നെ നിസ്സംഗതയും ഒടുവില്‍ യോജിപ്പും എന്നതാണ് മതനേതൃത്വത്തിന്റെ ചിരകാല സമീപനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിം സ്ത്രീ പ്രാതിനിധ്യത്തിന് പച്ചക്കൊടി കാണിച്ച സമസ്ത മറ്റു കാര്യങ്ങളിലും ക്രിയാത്മകമായി ചിന്തിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /26, 27
എ.വൈ.ആര്‍