അറബ് ജനാധിപത്യവത്കരണം നേരിടുന്ന വെല്ലുവിളികള്‍
ജനാധിപത്യത്തെ ചുറ്റിപ്പറ്റി അറബ് ലോകത്ത് നടന്നുവരുന്ന പോരാട്ടം, നമ്മള്‍ വിചാരിക്കുന്നതിനേക്കാളേറെ സങ്കീര്‍ണ്ണവും തീക്ഷ്ണവുമാണ്. തുനീഷ്യയില്‍ ഈയിടെ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തില്‍ ഞാനവതരിപ്പിച്ച വിഷയത്തിന്റെ രത്‌നച്ചുരുക്കമാണിത്. ജനാധിപത്യത്തിലേക്കുള്ള അറബ് മേഖലയുടെ പരിവര്‍ത്തനത്തിന് മുന്നില്‍ തടസ്സങ്ങള്‍ തീര്‍ക്കുന്നത് ഏതൊക്കെ ശക്തികളാണ് എന്നറിയാന്‍ 'ഏകാധിപത്യ സ്വരൂപങ്ങളെ' കുറിച്ച് നമുക്ക് നല്ല ധാരണ വേണം. 'രോഗത്തിന്റെ ഗേഹം' അവിടെയാണ്. 'ഏകാധിപത്യ പ്രകൃതങ്ങള്‍'(ത്വബാഇഉല്‍ ഇസ്തിബ്ദാദ്) എന്ന പ്രശസ്ത പുസ്തകത്തില്‍ ഈജിപ്ഷ്യന്‍ പണ്ഡിതനായ അബ്ദുര്‍റഹ്മാന്‍ അല്‍ കവാകിബി(1854-1902)എഴുതിയ കാര്യങ്ങളാണ് ഈ മൂല്യ നിര്‍ണ്ണയത്തിന് ആധാരം. പക്ഷെ മറ്റൊരു രീതിയില്‍ വിഷയത്തെ നോക്കി കാണാനാണ് ഞാനാഗ്രഹിക്കുന്നത്. എല്ലാ അതിക്രമത്തിന്റെയും ഉറവിടം ഏകാധിപത്യമാണ് എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പൊന്നുമില്ല. പക്ഷെ ഞാനിവിടെ പരിശോധിക്കുന്നത്, ജനാധിപത്യപരമായ മാറ്റത്തെ ഏകാധിപത്യം ഏതൊക്കെ വിധത്തില്‍ കൂച്ചുവിലങ്ങിടുന്നു എന്നതാണ്.
കവാകിബിക്ക് പരിചയമുള്ള ഏകാധിപത്യത്തിന്റെ ശൈലികളല്ല നമ്മുടെ കാലത്തെ ഏകാധിപത്യത്തിന്. അതേ സമയം, അധികാരവും സമ്പത്തും കയ്യടക്കുകയാണ് ഏതൊരു ഏകാധിപത്യ ഘടനയുടെയും എക്കാലത്തെയും പൊതു സ്വഭാവമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമൊന്നുമില്ല. ഒരു വ്യക്തി, അയാള്‍ക്ക് ചുറ്റും ശിങ്കിടികളുടെ ഒരു ശൃംഖല, എതിര്‍പ്പുകളെ അടിച്ചൊതുക്കാന്‍ പരമ്പരാഗത രീതികള്‍ ഇതാണ് ഏകാധിപത്യത്തെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള ചിത്രം. പക്ഷെ ഇന്ന് ഓരോ ഏകാധിപത്യ ഭരണകൂടത്തിനും നവംനവങ്ങളായ അടിച്ചമര്‍ത്തല്‍ ഉപകരണങ്ങളുണ്ട്. നിയമഭേദഗതികള്‍, നീതീ പീഠങ്ങള്‍, വിഷ്വല്‍-പ്രിന്റ് മീഡിയ ഇതൊക്കെയും അടിച്ചമര്‍ത്തല്‍ ഉപകരണങ്ങളായി മാറ്റപ്പെടുകയാണ്. വ്യക്തികളെ ശാരീരികമായി ഉന്മൂലനം ചെയ്യുന്നതിന് പകരം അവരെ രാഷ്ട്രീയമായും മറ്റും ഉന്മൂലനം ചെയ്യുകയാണ്. മൃദു ഏകാധിപത്യം എന്നൊക്കെ പറയാവുന്ന ഒന്ന്. കൊലക്കയറോ ചമ്മട്ടിയോ ഇല്ലാതെയും രക്തം ചിന്താതെയും ഈ ഏകാധിപത്വത്തിന് കടന്നുവരാം.
'ജനാധിപത്യ ഏകാധിപത്യം' എന്നുപോലും നാമിതിനെ വിളിച്ചു പോകും. ത്വാരിഖുല്‍ ബശരി എന്ന രാഷ്ട്രീയ നിരീക്ഷകന്റേതാണ് ഈ പ്രയോഗം. ഇവിടെ ഏകാധിപതി അധികാരം സ്വന്തത്തിലേക്ക് മാത്രമായി കേന്ദ്രീകരിക്കാന്‍ രാഷ്ട്ര സ്ഥാപനങ്ങളെയൊന്നും റദ്ദ് ചെയ്യുകയില്ല. ജനാധിപത്യ സ്ഥാപനങ്ങള്‍ ഒന്നൊഴിയാതെ എല്ലാം അതേപടി തന്നെ ഉണ്ടാവും. പക്ഷെ ആ സ്ഥാപനങ്ങള്‍ക്ക് അവയുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ കഴിയുന്നുണ്ടാവില്ല. സമൂഹത്തിന്റെയല്ല, ഏകാധിപതിയുടെ ഇച്ഛക്കൊത്താവും അവ പ്രവര്‍ത്തിക്കുക. ജനതാല്‍പര്യമല്ല, ഈ വ്യക്തിയുടെ താല്‍പര്യമാവും ആ സ്ഥാപനങ്ങളൊക്കെയും സംരക്ഷിക്കുക.
ഗോദയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കാണാനാവും, തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടാകും, പാര്‍ലമെന്റുകള്‍ നിലവില്‍ വരികയും പുതിയ ഭരണകൂടങ്ങള്‍ അധികാരമേല്‍ക്കുകയും ചെയ്യുന്നുണ്ടാകും, എന്‍.ജി.ഒകളും മനുഷ്യാവകാശ സംഘടനകളും രൂപവത്കരിക്കാന്‍ വരെ അനുവാദം നല്‍കപ്പെടുന്നുണ്ടാകും. പക്ഷെ എല്ലാം ഈ വ്യക്തിയുടെ പിടുത്തത്തില്‍ തന്നെയായിരിക്കും. ഈ യഥാര്‍ത്ഥ ഭരണാധികാരി കുറച്ചപ്പുറത്ത് തണലിലേക്ക് മാറി നില്‍ക്കുകയാണ് ചെയ്യുക. ബാക്കിയുള്ള കാര്യങ്ങളൊക്കെ അയാളുടെ സഹായികള്‍ ചെയ്യുന്നുണ്ടാകും.
ഇത്തരം നവീന രീതികള്‍ പരീക്ഷിക്കുന്ന ഏകാധിപതി വളരെ അപകടകാരിയാണ്. അയാള്‍ വര്‍ത്തമാനത്തെ മാത്രമല്ല, ഭാവിയെയും തകര്‍ത്തുകളയും. ഭാവിയെ അതെങ്ങനെ ബാധിക്കും എന്നതാണ് നമ്മുടെ ചര്‍ച്ചാ വിഷയം.
ഏകാധിപതി താന്‍ ജീവിക്കുന്ന വര്‍ത്തമാനകാലത്തെ എങ്ങനെ തകര്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. സാമൂഹികാന്തരീക്ഷം വിഷലിപ്തവും നാശോന്‍മുഖവുമായിത്തീരുമ്പോള്‍ സകല രാഷ്ട്രീയ ശക്തികളും വന്ധ്യമായിത്തീരും. സാമൂഹിക സ്ഥാപനങ്ങളത്രയും ചലനമറ്റ് കഴിഞ്ഞിരിക്കും. ഭാവി സമൂഹത്തിലും അവശേഷിക്കുക ഈ ദുര്‍ബലമാക്കപ്പെട്ട സംവിധാനങ്ങളായിരിക്കും.
ചരിത്രം പരതിയാല്‍ ജനാധിപത്യ മാറ്റത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളെ കണ്ടെത്താനാവും. ഈജിപ്തിന്റെ കാര്യമെടുക്കാം. നേരത്തെ നാം പരാമര്‍ശിച്ച ത്വാരിഖ് ബശരി ഒരു പുസ്തകമെഴുതിയിട്ടുണ്ട്, 'ഭരണോപാധികളും ഭരണ നിര്‍വ്വഹണവും ഈജിപ്തില്‍' എന്ന പേരില്‍. ഭരണ സ്ഥാപനങ്ങളെ ഏകാധിപത്യം എങ്ങനെ വരിഞ്ഞുമുറുക്കുന്നു എന്നാണതില്‍ ചര്‍ച്ച ചെയ്യുന്നത്. ''ഞങ്ങള്‍ ഈജിപ്തില്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി അടിയന്തരാവസ്ഥയിലാണ്. രാഷ്ട്ര സ്ഥാപനങ്ങളൊക്കെയും അടിയന്തരാവസ്ഥക്ക് യോജിക്കും വിധം രൂപപ്പെട്ടിരിക്കുന്നു. ഭരണ നിര്‍വഹണവും പൊതു ജനത്തോടുള്ള പെരുമാറ്റ രീതികളുമെല്ലാം ആ ചട്ടക്കൂടില്‍ തന്നെയാണ് ഉണ്ടായി വന്നിട്ടുള്ളത്.'' അതായത് അടിയന്തരാവസ്ഥയുടെ സംസ്‌കാരം ആണ് നിലനില്‍ക്കുന്നത്. അമിതാധികാര പ്രയോഗം എല്ലാ മേഖലകളിലുമുണ്ടാവും. ഏകാധിപത്യത്തിന്റെ ഭൂമികയിലല്ലാതെ രാഷ്ട്ര സംവിധാനത്തിന് ചലിക്കാനേ കഴിയില്ലെന്നു ചുരുക്കം.
ഏകാധിപത്യത്തിന്റെ നിഴലില്‍ വളര്‍ന്നു വികസിച്ച ഈ രാഷ്ട്ര ഭരണ സംവിധാനം തന്നെയാണ് ജനാധിപത്യ പ്രക്രിയയുടെ മുമ്പിലെ ഏറ്റവും വലിയ തടസ്സം. സുരക്ഷാ സേനയും മറ്റും ആ സംവിധാനത്തിന്റെ ഒരു ഭാഗം മാത്രമാണ്. നിലനില്‍ക്കുന്ന ഈ പഴയ ഭരണ സംവിധാനത്തില്‍ നിങ്ങള്‍ക്ക് പുതിയൊരു വ്യവസ്ഥ കൊണ്ടുവരാനാകില്ല. ഇവിടെയാണ് അട്ടിമറിയും ജനകീയ വിപ്ലവവും തമ്മിലുള്ള പ്രധാന വ്യത്യാസം. അട്ടിമറി (ഇന്‍ഖിലാബ്)എന്നാല്‍ വിക്കീപീഡിയ വിവരണമനുസരിച്ച്, 'രാഷ്ട്ര ഭരണത്തിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന ഒരു വിഭാഗം-അത് പലപ്പോഴും സൈന്യമായിരിക്കും- ഭരണകൂടത്തെ അപ്രതീക്ഷിതമായി നീക്കുകയും അതിന് പകരം സിവിലോ സൈനികമോ ആയ ഒരു ബദല്‍ ഭരണകൂടത്തെ സ്ഥാപിക്കുകയും ചെയ്യുക' എന്നതാണ്.
വിപ്ലവം(ഥൗറ)എന്നാല്‍ ഭരണകൂടത്തിന്റെ സൈന്യം ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ജനകീയ മുന്നേറ്റമാണ്. ഭരണകൂടത്തെ മാറ്റി പ്രതിഷ്ഠിക്കുകയാണ് ലക്ഷ്യം. പുതിയ ഭരണകൂടം ജനതാല്‍പര്യത്തിനൊപ്പം നില്‍ക്കുന്നതായിരിക്കും. എന്നാല്‍ അട്ടിമറി നടത്തുന്ന വിഭാഗവും തങ്ങള്‍ക്ക് സ്വീകാര്യമായ രീതിയില്‍ ഒരു ഭരണമാറ്റം കൊണ്ടുവരുന്നുണ്ട്. പക്ഷെ അത് ജനാഭിലാഷങ്ങളുടെ പ്രതിഫലനമായിരിക്കില്ല. അതിനാലാണ്, നിലവിലുള്ള സൈന്യത്തെയും പോലിസിനെയും പിരിച്ചു വിട്ടാലല്ലാതെ ജനകീയ വിപ്ലവം വിജയിക്കില്ലെന്ന് മാര്‍ക്‌സും ലെനിനും പറഞ്ഞത്. കാരണം വിപ്ലവം അലസിപ്പിക്കാന്‍ പഴയ ഭരണകൂടം ഏറ്റവുമധികം ഉപയോഗിക്കുക സൈന്യത്തെയും പോലിസിനെയുമായിരിക്കും.
അറബ് ലോകം അട്ടിമറിയുടെ യുഗം പിന്നിട്ടിരിക്കുന്നു. ഇപ്പോഴവര്‍ വിപ്ലവത്തിന്റെ വഴിയിലാണ്. 2011 ലെ ജനകീയ വിപ്ലവങ്ങള്‍ ഓര്‍ക്കുക. ഈ ജനകീയ വിപ്ലവങ്ങളെ മനസ്സിലാക്കണമെങ്കില്‍ ചരിത്രത്തിലെ വിപ്ലവ മാതൃകകള്‍ നമുക്ക് മുമ്പില്‍ വേണം. അത്തരം മാതൃകകള്‍ വിശകലനം ചെയ്തുകൊണ്ട് സിറിയന്‍ ഗവേഷകന്‍ ഹുസൈന്‍ അബ്ദുല്‍ അസീസും ഫലസ്ത്വീനി എഴുത്തുകാരന്‍ മുനീര്‍ ശഫീഖും ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. അവര്‍ കണ്ടെടുക്കുന്ന ഗുണപാഠങ്ങള്‍ ഇവയാണ്:
- ജനകീയ വിപ്ലവങ്ങള്‍ മുന്നില്‍ കാണുന്ന മാറ്റം സാക്ഷാത്കരിക്കണമെങ്കില്‍ ദീര്‍ഘിച്ച സമയം ആവശ്യമാണ്. ചിലപ്പോള്‍ നിരവധി പതിറ്റാണ്ടുകള്‍ തന്നെ വേണ്ടി വന്നേക്കും. ഫ്രഞ്ച് വിപ്ലവ(ക്രി:1898)ത്തെ തുടര്‍ന്ന് യൂറോപ്പില്‍ ജനാധിപത്യ സംവിധാനം സ്ഥിരപ്രതിഷ്ഠ നേടാന്‍ ഒരു നൂറ്റാണ്ടെടുത്തു എന്ന വസ്തുത വിസ്മരിക്കരുത്.
-അധിക ജനകീയ പ്രക്ഷോഭങ്ങളും അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നത് ആഭ്യന്തര യുദ്ധത്തോളമെത്തുന്ന കടുത്ത സംഘര്‍ഷങ്ങളിലൂടെയാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍ വിപ്ലവങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
-ഏതൊരു വിപ്ലവത്തെയും ചെറുക്കാന്‍ കടുത്ത പ്രതിവിപ്ലവ ശക്തികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ശക്തി കേന്ദ്രങ്ങളും അനുഭവ പരിചയവും ഉള്ളതുകൊണ്ട് പഴയ ഭരണകൂടത്തിന് പുതിയ അവസ്ഥകളെ വെല്ലുവിളിക്കാനാകും. ഫ്രഞ്ച് വിപ്ലവം കഴിഞ്ഞ് രണ്ടര പതിറ്റാണ്ടായപ്പോഴേക്കും ഫ്രാന്‍സില്‍ ബര്‍ബന്‍ രാജകുടുംബം അധികാരത്തില്‍ തിരിച്ചെത്തിയത് ഓര്‍ക്കുക. ഇറാനില്‍ മുസ്വദ്ദിഖ് നടത്തിയ വിപ്ലവത്തിന് ശേഷം പഹ്‌ലവികള്‍ തന്നെ വീണ്ടും അധികാരം പിടിക്കുകയാണുണ്ടായത്. ചിലിയില്‍ ജനറല്‍ പിനോഷയുടെ നേതൃത്വത്തിലുള്ള പ്രതിവിപ്ലവ ശക്തികള്‍ ബാലറ്റ്‌പെട്ടിയിലൂടെ അധികാരത്തിലെത്തിയ സല്‍വഡോര്‍ അലന്‍ഡയെ അട്ടിമറിക്കുകയായിരുന്നല്ലോ.
-ജനകീയ വിപ്ലവങ്ങളെ ചെറുക്കാനുള്ള കുന്തമുന പലപ്പോഴും ഡീപ്‌സ്റ്റേറ്റ് എന്ന പ്രതിഭാസമാണ്. മുന്‍ ഭരണകൂടത്തിലെ പ്രമുഖരും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരും പോലിസ്, സൈന്യം പോലുള്ള ഭരണകൂട സംവിധാനങ്ങളുമായി കൈക്കോര്‍ക്കുമ്പോഴാണ് ഡീപ്‌സ്റ്റേറ്റ് രൂപപ്പെടുന്നത്. ഡീപ്പ് സ്റ്റേറ്റ് വളരെ നിര്‍ദ്ദാക്ഷിണ്യമായിട്ടായിരിക്കും ജനകീയ സമരങ്ങളെ നേരിടുക. കാരണം അവരെ സംബന്ധിച്ചിടത്തോളം ഇത് ജീവന്‍മരണ പോരാട്ടമാണ്. അതില്‍ തോറ്റാല്‍ അവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റ്‌കൊട്ടയിലാകും. പിന്നെയൊരു തിരിച്ചുവരവ് സാധ്യമാകില്ല.
ഈ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ അറബ് ലോകത്തെ ജനാധിപത്യ വത്കരണ പ്രക്രിയ നേരിടുന്ന വെല്ലുവിളികളെ ഇങ്ങനെ ചുരുക്കി എഴുതാം.
1-ഏകാധിപത്യത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അറബ് ലോകത്തെ പൗരസഞ്ചയം ജനാധിപത്യ പ്രക്രിയയുടെ അടിത്തറ ഉറപ്പിക്കുന്നതിനല്ല, അവരുടെ ദൈനംദിനാവശ്യങ്ങള്‍ നിര്‍വഹിച്ചു കിട്ടുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഇത് കാരണം ഭരണമാറ്റം ഉണ്ടാവുമ്പോഴേക്ക് പുതിയ ഭരണകൂടത്തില്‍ നിന്ന് അവര്‍ വളരെയേറെ പ്രതീക്ഷിച്ച് തുടങ്ങും. പെട്ടെന്ന് തന്നെ തങ്ങളുടെ ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടുമെന്ന് കരുതും. അതേസമയം ഭരണമാറ്റം തിരിച്ചടികളും സംഘര്‍ഷങ്ങളും നിറഞ്ഞതായിരിക്കുമല്ലോ, കാര്യങ്ങള്‍ നേരെയായി വരാന്‍ സമയമെടുക്കും. അപ്പോഴേക്കും അക്ഷമരായ പൊതുസമൂഹം കോപാകുലരായി തെരുവുകളില്‍ ഇറങ്ങിയിട്ടുണ്ടാവും. അവര്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയും പൊതുപണിമുടക്കുകള്‍ക്ക് ആഹ്വാനം നടത്തുകയും ചെയ്യുന്നു. ഇത് സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കുന്നതിലേക്കാവും ചെന്നെത്തുക.
2- ഏകാധിപത്യം നിലനിന്ന സമൂഹങ്ങളില്‍ ഒരുതരം രാഷ്ട്രീയ വരള്‍ച്ചയാണ് അനുഭവപ്പെടുക. ബഹുകക്ഷിത്വമോ ബദല്‍ രാഷ്ട്രീയമോ ഇല്ലാത്തത് കൊണ്ട് രാഷ്ട്രീയമായി കൂമ്പടഞ്ഞ അവസ്ഥയിലായിരിക്കും ഇത്തരം രാഷ്ട്രങ്ങള്‍. അവിടെ ജനാധിപത്യ പ്രക്രിയ വേരുപിടിക്കാന്‍ വളരെ പ്രയാസമാണ്. ജനാധിപത്യ വത്കരണം അനിവാര്യമായ ഒന്നാണെങ്കിലും രാഷ്ട്രീയ കാലാവസ്ഥ അതിന് യോജിച്ചതല്ല എന്നര്‍ത്ഥം. ജനാധിപത്യ സംസ്‌കാരത്തിന്റെയും ജനാധിപത്യ വാദികളുടെയും അഭാവമാണ് മുഖ്യപ്രശ്‌നം.
3- സിവില്‍ സമൂഹത്തെ അരികിലേക്ക് തള്ളിമാറ്റിയിരിക്കും. ഏകാധിപത്യം ഇവിടങ്ങളില്‍ വന്‍ നാശമാണ് വിതച്ചിട്ടുണ്ടാവുക. സാമൂഹിക സ്ഥാപനങ്ങള്‍ ഇല്ലാതാക്കപ്പെടുകയോ ദുര്‍ബ്ബലമാക്കപ്പെടുകയോ അവയുടെ അന്തസ്സത്ത ചോര്‍ത്തപ്പെടുകയോ ചെയ്തിരിക്കും. സാമൂഹിക സ്ഥാപനങ്ങളാണ് ഒരു സമൂഹത്തിന്റെ ശക്തി കേന്ദ്രം. ജനാധിപത്യം വേരുറക്കുന്നത് അവിടെയാണ്. അത് ഇല്ലാതായി പോകുന്നു എന്നതാണ് പ്രശ്‌നം.
4- ഏകാധിപത്യം സര്‍വ അധികാരങ്ങളും കൈപ്പിടിയിലൊതുക്കിയ നാടുകളിലെ രാഷ്ട്രീയ പരിഷ്‌കരണ വാദികള്‍ കാര്യമായും രണ്ട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഒന്ന്, രാഷ്ട്രീയ തീരുമാനങ്ങളിലോ ഭരണ നിര്‍വ്വഹണത്തിലോ കാലങ്ങളായി അവര്‍ക്ക് യാതൊരുവിധ പങ്കാളിത്തവും അനുവദിക്കാത്തതു കൊണ്ട് അവര്‍ക്ക് തീരെ ഭരണപരിചയമുണ്ടാവില്ല. രണ്ട്, ടീം വര്‍ക്കും പങ്കാളിത്ത പ്രവര്‍ത്തനവും അവരില്‍ കുറവായിരിക്കും. അതിനാല്‍ ഭരണമാറ്റത്തിനു മുറവിളി കൂട്ടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പലപ്പോഴും പരസ്പര വിശ്വാസമുണ്ടാവില്ല. അവര്‍ തമ്മില്‍ തമ്മില്‍ തെറ്റായ വിചാരങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ടാവും. ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഇതവര്‍ക്ക് തടസ്സമാവുന്നു. അതിനാല്‍ ഭരണം മാറിയാലും പഴയ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളെ തന്നെ അവലംബിക്കേണ്ട ഗതികേട് വന്നുകൂടുന്നു.
5- പഴയ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളെ പുറന്തള്ളാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ തന്നെ, മാറ്റത്തിനു വേണ്ടി ശബ്ദിക്കുന്ന ഓരോ വിഭാഗവും അവരുടേതായ കണക്കുകൂട്ടലുകളിലേക്കും അജണ്ടകളിലേക്കും മാറിയിട്ടുണ്ടാകും. അറബ് പ്രക്ഷോഭങ്ങള്‍ കടുത്ത അഭിപ്രായ ഭിന്നതകളുടെ ചതിക്കുഴിയില്‍ പെട്ടുപോകാന്‍ അതാണ് കാരണം. ഒരു ഭാഗത്ത് സെക്യുലറിസ്റ്റുകളും ലിബറലുകളും ഇടതുപക്ഷവും, മറുഭാഗത്ത് ഇസ്‌ലാമിക ശക്തികള്‍. ഈ ധ്രുവീകരണം ആത്യന്തികമായി ഇരുപക്ഷത്തെയും ദുര്‍ബ്ബലപ്പെടുത്തുകയും മാറ്റത്തെ സംബന്ധിച്ച് ഒരു പൊതുധാരണയിലെത്തുന്നതിനെ തടസ്സപ്പെടുത്തുകയുമാണ് ചെയ്യുക.
6- മാറ്റത്തിന്റെ ശക്തികളും പഴയ ഭരണ വ്യവസ്ഥയും തമ്മിലുള്ള പോരാട്ടം വളരെ വിപുലവും ആഴത്തിലുള്ളതുമാണ്. ആ പോരാട്ടം അത്ര വിപുലമായി മുന്നോട്ടു കൊണ്ടു പോകാനുള്ള ത്രാണി ജനാധിപത്യ ശക്തികള്‍ക്കില്ല എന്നതാണ് സത്യം. ഭരണ വ്യവസ്ഥയുടെ തലവനെയോ അതിന്റെ ചില ഐക്കണുകളെയോ മാറ്റുക എളുപ്പമാണ്. എന്നാല്‍ പഴയ ഭരണ വ്യവസ്ഥയുടെ സ്ഥൂല ശരീരവും അവയവങ്ങളും ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും പടര്‍ന്നു പന്തലിച്ച് കിടക്കുന്നുണ്ടാകും.അവയെ പിഴുത് മാറ്റാന്‍ ധാരാളം സമയം വേണം. അതിനുള്ള കഴിവും പ്രാപ്തിയും വേണം. അത് പുതിയ ഭരണകൂടത്തിന് ഉണ്ടാവുകയില്ല. നാം നേരത്തെ ഡീപ് സ്റ്റേറ്റ് എന്ന് പറഞ്ഞത് ഇതിനെപ്പറ്റിയാണ്. നീതി പീഠത്തിന്റെയും മീഡിയയുടെയും ഭാഗത്ത് നിന്ന് കനത്ത വെല്ലുവിളി ഉയരും. ഈ രണ്ട് വെല്ലുവിളികളെയും വളരെ കരുതലോടെ വേണം കൈകാര്യം ചെയ്യാന്‍. സ്വതന്ത്രമായ നീതി നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുന്നു എന്നോ മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്നു എന്നോ ആക്ഷേപമുയരാത്ത വിധം വേണം പ്രശ്‌നം കൈകാര്യം ചെയ്യാന്‍.
7- ഒടുവിലായി, പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളെ ഗര്‍ഭത്തിലേ അലസിപ്പിക്കാന്‍ ജനാധിപത്യ വിരുദ്ധ ചേരിയിലുള്ള അയല്‍ രാഷ്ട്രങ്ങളുടെയും മേഖലാ രാഷ്ട്രങ്ങളുടെയും ഗൂഢ ശ്രമങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഭരണമാറ്റം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാവും എന്നതിനാല്‍ ഇസ്രയേല്‍, അമേരിക്ക പോലുള്ള പുറം ശക്തികളും ഈ ജനാധിപത്യ വിരുദ്ധ കൂട്ടായ്മയില്‍ അണി ചേരുന്നു.
അറബ് ലോകത്ത് ജനാധിപത്യത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നു വന്നിട്ടുള്ള പോരാട്ടം വിദൂരമല്ലാത്ത ഭാവിയില്‍ വിധി നിര്‍ണ്ണയത്തിലെത്തും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. കാരണം ജനാധിപത്യ പരീക്ഷണങ്ങളെ അലസിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയവര്‍ അത്രയധികം ആളും കോപ്പുമൊന്നും ഉള്ളവരല്ല. അവരെ സംബന്ധിച്ചിടത്തോളം ഇത് ജീവന്‍മരണ പോരാട്ടമായതു കൊണ്ട് അങ്ങനെ തോന്നിക്കുന്നുവെന്നേയുള്ളൂ.
Comments