Prabodhanm Weekly

Pages

Search

2015 മെയ്‌ 29

സ്വന്തം ജനതയെ തൂക്കിലിടാന്‍ ചണനാരു പിരിക്കുന്ന ഹസീന

പി.ടി. കുഞ്ഞാലി /പുസ്തകം

         ഒരു ഭരണകൂടം അതിന്റെ സ്വന്തം പൗരന്‍മാരെ കൊന്നു തിന്നുന്നത് അത്രയൊന്നും അപൂര്‍വ്വമല്ല. രാജഭരണകാലത്തും ഏകാധിപത്യത്തിന്റെ കൊടൂര നാളുകളിലും  ഇത് സാധാരണമായിരിക്കും. അവിടെ ന്യായവും നീതിയും എന്നും അധികാര വംശത്തിന്റെ താല്‍പര്യം മാത്രം. അതിനു സിദ്ധാന്തങ്ങളുടെ കപട കിന്നരികള്‍ ചിലപ്പോള്‍ കണ്ടേക്കാം. എന്നാല്‍ ആധുനികതയിലേക്കുണര്‍ന്ന ദേശരാഷ്ട്രങ്ങളിലെ ഭരണവും ഇതില്‍നിന്നൊട്ടും ഭിന്നമല്ല. ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയിലും സ്റ്റാലിന്റെ റഷ്യയിലും മാത്രമല്ല, പിരമിഡിന്റെ നാട്ടിലും ഇതു തന്നെയാണ്. ഇതിനു  പ്രത്യയശാസ്ത്ര വ്യതിയാനമെന്നും ഒറ്റിക്കൊടുക്കലെന്നും ദേശദ്രോഹമെന്നും തരാതരം പോലെ നാമവ്യതിയാനം വരുമെന്നു മാത്രം. 

ഏറ്റവും ദരിദ്രമായ ബംഗ്ലാദേശ് എന്ന കൊച്ചു ദേശവും ആധുനിക കാലത്ത് നമ്മുടെ മുന്നില്‍ അനാവൃതമാക്കുന്നത് ഇങ്ങനെയൊരു ദുരന്ത ഭീതിയുടെ ദൃശ്യം തന്നെയാണ്. ഭരണകൂടം ജനവിരുദ്ധവും ദേശ വിരുദ്ധവുമാകുമ്പോഴാണ് അതു  സ്വന്തം പൗരസഞ്ചയത്തിനു നേരെ പാഞ്ഞു കയറുക. അപ്പോള്‍ അവിടെ ഒരു നൈതികതയും പ്രവര്‍ത്തിക്കുകയില്ല. ദേശരൂപീകരണത്തിന്റെ നാല്‍പതാണ്ടു കഴിഞ്ഞിട്ടും നിരക്ഷരതയും വിശപ്പും കൊടുങ്കാറ്റു തീര്‍ക്കുന്ന ഒരു രാഷ്ട്ര നേതൃത്വം ഇതിനെയൊക്കെയും മറച്ചുപിടിക്കാന്‍ സാത്വികരായ ജനനായകര്‍ക്കെതിരെ അധികാരത്തിന്റെ കൊമ്പും തേറ്റയുമായി പുളച്ചോടുന്നതാണ് നാം ബംഗ്ലാദേശില്‍ കാണുന്നത്. സ്വന്തം കഴിവുകേടുകള്‍ മറച്ചുപിടിക്കാന്‍ എക്കാലത്തും മൂഢഭരണകര്‍ത്താക്കള്‍ പ്രയോഗിക്കുന്ന പ്രതിലോമ രാഷ്ട്ര വ്യവവഹാരമാണിത്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളെ ഒന്നാകെ വളഞ്ഞുപിടിച്ച് വിചാരണ പ്രഹസനം നടത്തി തൂക്കിലയക്കാനുള്ള കുടില യത്‌നങ്ങള്‍ ഇതിന്റെ ഭാഗമാണ്. വധശിക്ഷയും പ്രഹസന വിചാരണയും രൂക്ഷമായി വിമര്‍ശിക്കപ്പെടുന്ന വര്‍ത്തമാനകാല യൂറോപ്യന്‍ പൊതുബോധം പോലും ബംഗ്ലാദേശിലെ ഈ മനുഷ്യമേധത്തെ വിമര്‍ശിക്കാന്‍ ഉല്‍സാഹപ്പെടുന്നില്ല എന്നത് അല്‍ഭുതമേ ഉളവാക്കുന്നില്ല.  ഈ ഗൗരവ സത്യത്തിലേക്കുള്ള അന്വേഷണമാണ് 'ബംഗ്ലാദേശ്-തൂക്കിലേറുന്നത് നീതിയും ജനാധിപത്യവും' എന്ന പേരില്‍ അശ്‌റഫ് കീഴുപറമ്പ് എഡിറ്റു ചെയ്ത പുസ്തകം.

ഒ. അബ്ദുറഹിമാന്റെ  ലേഖനത്തോടെയാണു പുസ്തകം ഇതള്‍ വിരിയുന്നത്. പാകിസ്താന്‍ രാജ്യത്തിന്റെ പിറവിയിലേ ഉള്ളടങ്ങിയ പ്രത്യയശാസ്ത്ര ദൗര്‍ബല്യം എങ്ങനെ രാഷ്ട്ര ഛിദ്രതയിലേക്ക്  ദുര്‍നിമിത്തമായെന്ന് അദ്ദേഹം ഗഹനതയില്‍ അന്വേഷിക്കുന്നു. നിരക്ഷരതയില്‍ ആമഗ്നമായ ഒരു സമൂഹത്തെ കേവല വൈകാരികതയില്‍ ഉദ്ദീപിപ്പിച്ചു നിര്‍ത്തിയതിന്റെ  ഒന്നാം പരിണതിയാണു പാകിസ്താന്‍. അതുതന്നെ പുനരാവര്‍ത്തിതമായപ്പോള്‍ രാഷ്ട്ര വിഭജന ദുരന്തം വീണ്ടും സംഭവിച്ചെന്നും അദ്ദേഹം വീക്ഷിക്കുന്നു. ഒപ്പം ഇസ്‌ലാമികപക്ഷത്തു നിന്നു ഇമ്മാതിരി പ്രതിസന്ധികളെ എങ്ങനെ സംബോധന ചെയ്യണമെന്ന നിരീക്ഷണവും. 

ഈ ലേഖനത്തോടു ചേര്‍ന്നു നില്‍ക്കുന്നതു തന്നെയാണ്  വി.എ കബീറിന്റെ പ്രബന്ധവും. അധികാര തിരിമറികളുടെ പേരില്‍ പ്രതിപക്ഷം അപ്പാടെ ബഹിഷ്‌കരിച്ച ഒരു തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ അവാമി വാഴ്ചയാണ് ഇന്ന് ജമാഅത്ത് നേതാക്കളെ ശാരീരികമായിത്തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.  ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍ ജനറല്‍ ഇര്‍ഷാദിന്റെ ഭരണത്തിനെതിരെയുള്ള ജനകീയ പോരാട്ടത്തില്‍ ഹസീനയും അവാമികളും  ജമാഅത്തെ ഇസ്‌ലാമിയെ ചേര്‍ത്ത് മുന്നണിയുണ്ടാക്കിയവരാണ്.  ഇന്നവര്‍ തൂക്കിലേറ്റുന്ന  നേതാക്കളുടെ കൂടെ സമരം നയിച്ചതും, അന്നില്ലാത്ത ദേശദ്രോഹ ആക്ഷേപം ഇന്ന് ജമാഅത്തിനെതിരെ ചൊരിയുന്നതും കബീര്‍ അനാവരണം ചെയ്യുന്നു.

പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രബന്ധം കലീമിന്റെ 'തൂക്കുമരം കയറുന്ന നീതി'യാണ്. ഒരു ദരിദ്ര രാജ്യത്തെ നവോത്ഥാനപ്പെടാന്‍ ഉല്‍സാഹിക്കുന്ന അതിന്റെ തന്നെ പൈതൃകമായ ഇസ്‌ലാമിക സത്തയെ ശിഥിലമാക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചന എത്ര കൃത്യവും വ്യക്തവുമാണെന്ന് ന്യായപ്രമാണങ്ങളോടെ കലീം കണ്ടെത്തുന്നു. ഹസീനയുടെ മകനും മതേതരനുമായ സാജിബ് വാഹിദ് ജോയ് തയ്യാറാക്കിയ 'ബംഗ്ലാദേശിലെ ഇസ്‌ലാമിക തീവ്രവാദം തടയുന്നതെങ്ങനെ' എന്ന കുടിലരേഖയില്‍ ജമാഅത്ത് രൂക്ഷമായി ഉന്നംവെക്കപ്പെടുന്നുണ്ട്. ഇവിടെ തെളിവുകള്‍ അന്വേഷിക്കേണ്ടതേയില്ല. ആറ്റുജലം കലങ്ങിയിട്ടുണ്ടെങ്കില്‍ അതു മാന്‍പേടയോ മാന്‍പേടയുടെ അച്ഛനോ ആണെന്ന കാട്ടുനീതിയാണ് ഇവിടെയൊക്കെ പ്രവര്‍ത്തിക്കുക. കാരണം ഭരണകൂടം ശത്രുവിനെ നേരത്തേ നിര്‍ണ്ണയിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇതിന്റെ ഭാഗമായാണ് നാല്‍പ്പതിലേറെ വര്‍ഷം മുമ്പു നടന്നെന്നു പറയപ്പെടുന്ന 'അപരാധ'ത്തിനു ഉത്തരവാദികളെ തേടി ഹസീന ജമാഅത്ത് ഓഫീസുകളിലേക്ക് ഇരമ്പിക്കയറിയത്. അതോ, എഴുപത്തി ഒന്നില്‍ ഇറങ്ങിയ അവാമി അനുകൂല പത്രങ്ങളുടെ കട്ടിംഗുകളും കേട്ടുകേള്‍വിയും ആളില്ലാ മൊഴികളുമായി! പ്രതിഭാഗം സാക്ഷികളെ തുരത്തിയോടിച്ചും വാദി ഭാഗം സാക്ഷികളെ എതിര്‍ വിസ്താരത്തിനുപോലും അനുവദിക്കാതെയും നടന്ന വിചാരണ പ്രഹസനം എത്ര മുന്‍ നിശ്ചിതമായിരുന്നുവെന്ന് ലോകം കണ്ടു നില്‍ക്കുന്നു. അന്താരാഷ്ട്ര  വാര്‍ ക്രൈം ട്രിബ്യൂണല്‍ എന്ന പേരിട്ടതല്ലാതെ ഈ ട്രൈബ്യൂണലിന് ഒരു അന്താരാഷ്ട്ര പിന്തുണയുമില്ല. അല്ലെങ്കിലും എഴുപതിലെ തിരഞ്ഞെടുപ്പില്‍ അവാമികള്‍ക്ക് കിട്ടിയ ജനപിന്തുണ വെറും 42 ശതമാനം മാത്രമാണ്. അഥവാ 58 ശതമാനം ജനത നിലയുറപ്പിച്ചത് മുജീബുര്‍റഹ്മാന്റെ തീരുമാനത്തിനെതിരായിരുന്നു. ദീര്‍ഘിച്ചു നിന്ന ഒരു ആഭ്യന്തര സംഘര്‍ഷത്തില്‍ നിലപാടുകള്‍ പരസ്പരം ഭിന്നമാവുക സ്വാഭാവികം. ഇത്തരം ദേശീയ സ്വാതന്ത്ര്യ സമരത്തില്‍  ജമാഅത്ത് ഐക്യ പാകിസ്താന്റെ പക്ഷത്തുനിന്നെന്നതാണ് ഒരാക്ഷേപം. തമിഴ് നാട്ടിലെ വിഘടനവാദം സായുധ സമരമായി വികാസം തേടുമ്പോള്‍  ഉത്തരവാദിത്ത്വമുള്ള ദേശീയ കക്ഷികള്‍ കേന്ദ്രഭരണത്തെ പിന്തുണച്ചാല്‍ അതെങ്ങനെ രാഷ്ട്ര വിരുദ്ധമാവും? ഇതൊരു അപരാധമാണെങ്കില്‍ അതേ ജമാ അത്തെ ഇസ്‌ലാമി ചെയ്തിട്ടുള്ളു. സ്വാതന്ത്ര്യ പ്രാപ്തമായി ബംഗ്ലാദേശ് രൂപീകൃതമായ ആദിഘട്ടത്തില്‍ തന്നെ മുജീബുര്‍റഹ്മാന്റെ പൊതുമാപ്പില്‍ ഇതുള്‍പ്പെടെ എല്ലാം രാഷ്ട്രം ഉപേക്ഷിച്ചതാണു താനും. ബംഗാളികളുടെ വിശാല മനസ്‌കത ലോകം കാണട്ടെ എന്നാണ് അന്ന് മുജീബ് പ്രഖ്യാപിച്ചത്. 

അല്ലെങ്കിലും അന്ന് ഏറ്റവും കൂടുതല്‍ ആക്രമണത്തിനു വിധേയരായവര്‍ ന്യൂനപക്ഷമായിരുന്ന ബിഹാരികളും പാക് വംശജരുമാണ്. ഇവരെ കൂട്ടക്കശാപ്പ് ചെയ്തതും കൊള്ള ചെയ്തതും പക്ഷേ അവാമി കക്ഷികളുടെ മിലീഷ്യകളായിരുന്ന മുക്തിബാഹിനിയും. ഇതിനൊക്കെ നേതൃത്വം നല്‍കിയവര്‍ അവാമി ഭരണ സംവിധാനത്തിന്റെ ഭാഗമായി മാറി. അവരില്‍ ചിലര്‍  ഹസീനക്ക് ശിങ്കിടിപ്പണി ചെയ്യുന്നവരും. ഇവരെയൊക്കെ പരമാവധി സംരക്ഷിച്ചും മധുരം നല്‍കിയുമാണ് ഇന്നു ഹസീന സമസ്താപരാധവും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശീര്‍ഷത്തില്‍ സമര്‍പ്പിച്ചു കപട ദേശസ്‌നേഹ പ്രഘോഷണം നിര്‍വഹിക്കുന്നതെന്ന പരമസത്യം സ്ഫുട സാന്ദ്രമായാണ് കലീം സ്ഥാപിക്കുന്നത്. ഭരണകൂടത്തിന്റെ പരസ്യ ഒത്താശയോടെ 2013 ല്‍ ഷാബാഗില്‍ ഒത്തുചേര്‍ന്ന അവാമികളുടെ നിഗൂഢ ലക്ഷ്യം  എന്തുമാത്രം കുടിലവും നിര്‍ലജ്ജവുമായിരുന്നെന്നു ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനുമായ വില്യം നിക്കോളാസ് വിശദീകരിക്കുന്നു.

ബംഗ്ലാദേശിലെ ഒരു വെറും പ്രാദേശിക കോടതിയെ വ്യക്തമായ രാഷ്ട്രീയ കുടില ലക്ഷ്യത്തോടെ എങ്ങനെയാണ് സര്‍ക്കാര്‍ അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണല്‍ എന്ന കപട നാമത്തില്‍ സംഘാടനം ചെയ്തതെന്നും അവര്‍ എന്തുമാത്രം നിര്‍ണ്ണിത ലാക്കോടെയാണ്  കലുഷിതയാമങ്ങളില്‍ നാട്ടില്‍ പോലും ഇല്ലാതിരുന്ന ജ്ഞാനവൃദ്ധനായ ഗുലാം അഅ്‌സമിനെയും, അക്കാലങ്ങളില്‍ പ്രായപൂര്‍ത്തി പോലുമാകാത്ത ഖമറുസ്സമാനെയും അതുപോലെ നിരവധി ഇസ്‌ലാമിക പ്രവര്‍ത്തകരെയും ഇല്ലാതാക്കിയതെന്നും പുസ്തകം പറയുന്നു. വിധിതീര്‍പ്പും അതിന്റെ ധൃതിപ്പെട്ട നടപ്പാക്കലും എത്രമാത്രം മുന്‍നിശ്ചിതമായിരുന്നു എന്നറിയാന്‍ ട്രിബ്യൂണല്‍ ചെയര്‍മാന്‍ നിസാമുല്‍ ഹഖും അവാമികളുടെ അഭിഭാഷകനായ അഹ്മദ് സിയാവുദ്ദീനും തമ്മില്‍ നടത്തിയ ദീര്‍ഘമായ  ടെലിഫോണ്‍ സംഭാഷണം മാത്രം മതി. 'നിങ്ങളെന്താണ് അറച്ചു നില്‍ക്കുന്നത്? പ്രതികളെ ഞങ്ങള്‍ പറഞ്ഞു തന്നില്ലേ.. ? അവര്‍ക്കെതിരെയുള്ള ആരോപണങ്ങളും, വിധിക്കേണ്ട ശിക്ഷയും...? നിങ്ങളിതൊന്ന് പരസ്യപ്പെടുത്തിയാല്‍ മതിയല്ലോ.. വേഗമാവട്ടെ... നിങ്ങള്‍ക്കില്ലെങ്കിലും ഞങ്ങള്‍ക്കിതിന് ധൃതിയുണ്ട്'. ഇതാണ് ആ സംഭാഷണത്തിന്റെ ചുരുക്കം. ലണ്ടനിലെ ഇക്കണോമിസ്റ്റ് വാരിക പുറത്തുവിട്ട  ഈ സംഭാഷണ രേഖ ഈ പുസ്തകത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. 

സലീം മൗലവിയുടേയും അശ്‌റഫ് കീഴുപറമ്പിന്റേയും ആഖ്യാനങ്ങളാണ്  ഈ കൂട്ടക്കശാപ്പിന്റെ പ്രത്യയശാസ്ത്ര പരിവൃത്തത്തിലേക്ക് ആഴത്തില്‍ പതിയുന്നത്.  ഇസ്‌ലാമിന്റെ സാമൂഹിക ശാസ്ത്രപരവും വിമോചനപരവുമായ ഉള്ളടക്കങ്ങളെ ഉയര്‍ത്തി നിര്‍ത്തുന്ന ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ആഗോള മൂലധന ശക്തികള്‍ എങ്ങനെയാണ് ഭയക്കുന്നതെന്ന് കണ്ടറിയുമ്പോള്‍ നാം ഞെട്ടിനില്‍ക്കും. 

എന്നും ഇത്തരം സാമ്രാജ്യത്വ ശക്തികള്‍ ഭയക്കുക ഇസ്‌ലാമികരെ മാത്രമായിരിക്കും. അവര്‍ കമ്പോളത്തില്‍ വില്‍പ്പനക്കു വെച്ചവരല്ലല്ലോ.  സ്വന്തത്തെ വില്‍ക്കേണ്ടത് ഭൗതിക ലോകത്തിലെ ഭംഗുര വിപണിയിലല്ലെന്നും അത് പ്രപഞ്ച നാഥന്റെ അനശ്വര കമ്പോളത്തിലാണെന്നും അറിഞ്ഞവരാണ് ഗുലാം അഅ്‌സമും അബ്ദുല്‍ ഖാദിര്‍ മുല്ലയും ഖമറുസ്സമാനും.  സാക്ഷികളും എതിര്‍ വിചാരണയും ഇല്ലാത്ത പ്രഹസനക്കോടതിയില്‍ ഗുലാം അഅ്‌സമും മുല്ലയും ഖമറുസ്സമാനും ഇത് പ്രഖ്യാപിച്ചതുമാണ്.     

ബംഗ്ലാദേശില്‍ ഇന്നത്തെ പ്രധാന  വ്യവസായവും തൊഴില്‍ മേഖലയും  തുണി വ്യവസായമാണ്. കാലം ഉപേക്ഷിച്ച ചണ വ്യവസായം ഇന്നവരും ഉപേക്ഷിച്ചതാണ്. അവിടെ ഇന്ന് പ്രധാനപ്പെട്ട മുപ്പതോളം ടെക്സ്റ്റയില്‍ വ്യവസായ ഭീമന്‍മാരുണ്ട്.  ഇതൊക്കെയും യൂറോ അമേരിക്കന്‍ മള്‍ട്ടി കമ്പനികളും. ബനാട്ടന്‍, പ്യൂമ, ടോമി തുടങ്ങി നമുക്കുപോലും പരിചിതമായ കമ്പനികള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. ഇവരൊക്കെയും ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്നത് ഹസീനയുടെ അവാമികള്‍ക്കും ഖാലിദയുടെ നാഷണല്‍ പാര്‍ട്ടികള്‍ക്കും കപ്പം കൊടുത്തുകൊണ്ടാണ്. പകരം അവര്‍ നേടുന്നത് ചെലവു കുറഞ്ഞ ഭൂമിയും അതിനേക്കാള്‍ ചെലവു കുറഞ്ഞ തൊഴിലാളികളെയുമാണ്. യാതൊരു സുരക്ഷിതത്വവുമില്ലാതെ  തൊഴില്‍ മണ്ഡലത്തില്‍ പണിയെടുക്കുന്ന അവര്‍ക്കു കിട്ടുന്നത് ആയിരവും രണ്ടായിരവും ഡാക്ക മാത്രമാണ്. യാതൊരു തൊഴില്‍ നിയമങ്ങളും പാലിക്കേണ്ടതുമില്ല. ഇത്തരം സാഹചര്യത്തില്‍ ജനത്തെ നിര്‍ത്തിക്കൊടുക്കാന്‍ പ്രധാന കക്ഷികള്‍  ബാധ്യസ്ഥരാണ്. ഇതിനെതിരെ നടക്കുന്ന ഏതു സമര സന്നാഹങ്ങളും കുത്തകകളും ഭരണകൂടവും അവരുടെ ശിങ്കിടികളും ഒന്നിച്ചു തകര്‍ത്തുകൊടുക്കും.  എപ്പോഴൊക്കെ തൊഴിലാളി പ്രശ്‌നങ്ങള്‍ ബംഗ്ലാദേശില്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നുവോ അപ്പോള്‍ ഈ രണ്ടു കക്ഷികളും ജാഗ്രത്താവും. ഇത്തരം ലോക വാണിജ്യ കുത്തകകള്‍ക്ക് വിലക്കു വാങ്ങാന്‍ കഴിയാത്തവരാണ് ഖമറുസ്സമാന്റെയും മുല്ലയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം. അപ്പോള്‍ പിന്നെ സംഭവിക്കുക മുക്കൂട്ടു ഗൂഢാലോചന തന്നെയാണ്. അതുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കാന്‍ ബില്‍ തയ്യാറായി വരികയാണെന്ന് 2013 ഫെബ്രുവരി 13 നു മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നത് ടെക്സ്റ്റയില്‍ മന്ത്രി അബ്ദുള്‍ ലത്തീഫ് സിദ്ദീഖിയാകുന്നത്. 

എം. അഅ്‌സം, അലി അല്‍ഗാമിദി, ഡോ. മുഹമ്മദ് അബ്ദുള്‍ ജലീല്‍, ഷര്‍മ്മിള ബോസ് തുടങ്ങിയ കൃതഹസ്തരായ മാധ്യമ പ്രവര്‍ത്തകര്‍ പുസ്തകത്തില്‍ രചനകളുമായെത്തുന്നു. ജനഹിതമില്ലാതെ അധികാരത്തിലെത്തിയ ഒരു കങ്കാണി വര്‍ഗ്ഗം എത്ര നീചവും ഹിംസാത്മകവുമായാണ് സ്വന്തം പൗര സമൂഹത്തിലെ കുലീന മാതൃകകളെ അധികാര സുഖത്തിനായി കൊന്നു തള്ളുന്നതെന്ന് ഈ പുസ്തക പാരായണം നമ്മെ ബോധ്യപ്പെടുത്തുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /26, 27
എ.വൈ.ആര്‍