Prabodhanm Weekly

Pages

Search

2015 മെയ്‌ 29

കൊലക്കയര്‍ കാട്ടി പേടിപ്പിക്കുകയാണോ?

ഡോ. യൂസുഫുല്‍ ഖറദാവി /കവര്‍സ്‌റ്റോറി

         എനിക്കെതിരെ വധശിക്ഷ പുറപ്പെടുവിച്ചതറിഞ്ഞ് മീഡിയയില്‍നിന്ന് പലരും വിളിച്ചിരുന്നു. കൈറോയിലെ ക്രിമിനല്‍ കോടതിയുടെതാണ് പരിഹാസ്യമായ ഈ വിധി. ഈ ഏര്‍പ്പാടിനെ കോടതി എന്നൊക്കെ പറയാമോ! കൊലപാതകികളെയും ക്രിമിനലുകളെയും വിചാരണ ചെയ്യുന്നതിന് പകരം, പണ്ഡിതന്മാരെയും നേതാക്കളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയുമാണ് അത് വിചാരണ നടത്തുന്നത്.

ഈ കെട്ടിച്ചമച്ച ആരോപണത്തിന് ഞാന്‍ പുല്ലുവില കല്‍പിക്കുന്നില്ല. അന്യായമായി കുറ്റം ചാര്‍ത്തപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വന്ന ആളുകളും ആ വിധിപ്രസ്താവത്തെ കാര്യഗൗരവത്തിലെടുത്തിട്ടില്ല. സൈനിക ഭരണകൂടം പിടിച്ചുകൊണ്ട് വന്നത്‌കൊണ്ടാണ് അവര്‍ പ്രതിക്കൂട്ടില്‍ കയറിനിന്നത്. അല്ലെങ്കില്‍ ഈ വിചാരണ പ്രഹസനം കാണാന്‍ അവര്‍ വരുമായിരുന്നില്ല. ഈജിപ്തിലെ മാത്രമല്ല, ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമറിയാം, ആദരവര്‍ഹിക്കുന്ന ഒരു നീതിന്യായ സംവിധാനമേ ഈജിപ്തില്‍ ഇല്ലെന്ന്. പ്രതിപക്ഷത്തെയും, മാന്യമായ ജീവിതത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കും വേണ്ടി മുറവിളി കൂട്ടുന്നവരെയും ഉന്മൂലനം ചെയ്യാന്‍ പട്ടാള ഭരണകൂടം ജുഡീഷ്യറിയെ ഉപകരണമാക്കുകയാണ്.

ഏറ്റവും അമ്പരപ്പുണ്ടാക്കുന്ന കാര്യം, മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക്ക് വിചാരണ ചെയ്യപ്പെടേണ്ടതായ കുറ്റകൃത്യമൊന്നും ചെയ്തതായി ഈ കോടതി കരുതുന്നില്ല എന്നതാണ്. മുപ്പത് വര്‍ഷം നാട് അടക്കിഭരിച്ച ആളാണ് മുബാറക്ക്. എന്തൊക്കെ അതിക്രമമുണ്ടോ അതൊക്കെ അയാള്‍ ചെയ്തു. കിട്ടാവുന്നിടത്തോളം കൊള്ളയടിച്ചു. സര്‍വതും വ്യാജങ്ങളെക്കൊണ്ട് നിറച്ചു. അയാളുടെ ഭരണകാലത്തിന്റെ അന്ത്യത്തില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയ നിരവധി യുവാക്കളെ കൂട്ടക്കുരുതി നടത്തി. ഈ കോടതി ഇതിന്റെ പേരിലൊന്നും ഇയാളെ വിചാരണ ചെയ്യുന്നില്ല. ഇയാളുടെ മക്കളെയോ പ്രധാനമന്ത്രിയെയോ അന്നത്തെ ഭരണകക്ഷിയിലെ പ്രമുഖരെയോ ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരെയോ മുന്‍ ആഭ്യന്തരമന്ത്രിയെയോ ഒന്നും വിചാരണക്കായി കൊണ്ടുവരുന്നില്ല. പ്രക്ഷോഭകരെ വെടിവെച്ച് കൊന്ന സുരക്ഷാ സൈന്യത്തിലെ ഒരാളെ പോലും വിചാരണ ചെയ്യുന്നില്ല. പിന്നെ ആരെയാണ് വിചാരണ ചെയ്യുന്നത്? ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി സംശുദ്ധമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ പ്രസിഡന്റിനെ!

യഥാര്‍ഥത്തില്‍ ഇവര്‍ വിചാരണ ചെയ്യുന്നത് മുഹമ്മദ് മുര്‍സിയെയോ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയോ അല്ല; ഈജിപ്ഷ്യന്‍ ജനകീയ വിപ്ലവത്തെ തന്നെയാണ്. ജനുവരി വിപ്ലവത്തില്‍ പങ്കെടുത്ത മുഴുവനാളുകളെയും തൂക്കാന്‍ പറ്റുമെങ്കില്‍ അതവര്‍ ചെയ്തിരിക്കും. കാരണം ഈ വിപ്ലവം അവരുടെ കിടപ്പറകളെയും സിംഹാസനങ്ങളെയും പ്രകമ്പനം കൊള്ളിച്ചു. അവരുടെ അതിക്രമത്തിന്റെ കോട്ടകൊത്തളങ്ങളുടെ അടിക്കല്ലിളക്കി. ജനങ്ങളെ അരികിലേക്ക് തള്ളിമാറ്റി അടിച്ച് മാറ്റിയ സമ്പത്തിനോടൊപ്പം ഈ അതിക്രമികളും മുങ്ങിത്താഴാന്‍ പോവുകയായിരുന്നു.

എത്രയധികം വ്യാജങ്ങള്‍ പടച്ചാലും സത്യം പുറത്ത് വരിക തന്നെ ചെയ്യും. അത് അല്ലാഹുവിന്റെ നടപടിക്രമമാണ്. ചിന്തിക്കുന്ന മസ്തിഷ്‌കവും, കാണുന്ന കണ്ണും, കേള്‍ക്കുന്ന കാതുമുള്ളവരെല്ലാം സത്യം മനസ്സിലാക്കിയിട്ടുണ്ട്. ജയില്‍ തുറന്നു കൊടുത്തു എന്നാണല്ലോ ആരോപണം. ആരാണ് ജയില്‍ തുറന്നുകൊടുത്തതെന്നും, തടവുപുള്ളികളെ ആരാണ് പുറത്തേക്ക് ഇറക്കിവിട്ടതെന്നും ഈജിപ്തുകാര്‍ കണ്ടതല്ലേ? ഡ്യൂട്ടിയിലുണ്ടായിരുന്ന മേജര്‍ ജനറല്‍ ബത്വ്‌റാന്‍ കൊല്ലപ്പെട്ടത് എന്തിനായിരുന്നു? ജയില്‍ തുറന്നു കൊടുക്കാത്തതിന്! ഇന്റര്‍നെറ്റിലെ വീഡിയോകളില്‍ നാമൊക്കെയും കണ്ടതല്ലേ, പോലീസുകാര്‍ കൊടുംകുറ്റവാളികളായ തടവുകാരെ തുറന്നുവിടുന്നത്? അത് എന്തിനായിരുന്നു എന്നും എല്ലാവര്‍ക്കുമറിയാം; നാട് കുട്ടിച്ചോറാക്കാന്‍ വേണ്ടി.

ഇവരുടെ വ്യാജങ്ങളെ അല്ലാഹു ഓരോന്നായി പുറത്ത് കൊണ്ട് വരികയാണ്; മുസ്‌ലിം സമൂഹത്തോടും അവരുടെ പ്രശ്‌നങ്ങളോടുമുള്ള അവരുടെ ശത്രുതയെയും. ആഗോള മുസ്‌ലിംകളുടെ മുഖ്യപ്രശ്‌നങ്ങളിലൊന്നാണല്ലോ ഫലസ്ത്വീന്‍. ഇക്കാര്യത്തില്‍ ഇവര്‍ നിലയുറപ്പിക്കുന്നത് ശത്രുപാളയത്തിലല്ലേ? സയണിസ്റ്റുകളുടെ കൈകളാല്‍ രക്തസാക്ഷിത്വം വരിച്ച ചിലര്‍ക്ക് കൂടി ഇവര്‍ തൂക്കുകയര്‍ വിധിച്ചിരിക്കുന്നു! സയണിസ്റ്റ് അധിനിവേശകരുടെ ജയിലുകളില്‍ ഇരുപത് വര്‍ഷത്തോളമായി തടവുകാരായി കഴിയുന്നവരുമുണ്ട് വധശിക്ഷ പ്രഖ്യാപിക്കപ്പെട്ടവരുടെ കൂട്ടത്തില്‍!

ഈ വിധിയുടെ പരിഹാസ്യത നോക്കണം. ഞാനുമുണ്ടത്രേ വധശിക്ഷ വിധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍! കുറ്റാരോപണം എന്തെന്നല്ലേ, വാദിനത്വ്‌റൂന്‍ ജയില്‍ കൈയേറ്റം. ഞാന്‍ എന്റെ ഇത്ര കാലത്തെ ജീവിതത്തിനിടക്ക് വാദിനത്വ്‌റൂന്‍ എന്ന സ്ഥലത്ത് പോയിട്ടേയില്ല. അവിടെ ഒരു ജയില്‍ ഉണ്ടെന്ന കാര്യവും എനിക്കറിയില്ല. അവിടെ ഒരുപാട് ഇഖ്‌വാന്‍ നേതാക്കളെ ഇവര്‍ തടവിലിട്ടിട്ടുണ്ടത്രേ. ആ ജയില്‍ കൈയേറാന്‍ ഞാന്‍ എങ്ങനെയാണ് പോവുക? ഞാന്‍ ആയിരക്കണക്കിന് മൈലുകള്‍ക്കിപ്പുറം ഖത്തറിലല്ലേ? ഞാന്‍ വര്‍ഷങ്ങളായി ഇരുന്നുകൊണ്ടാണ് ഖുത്വ്ബ നിര്‍വഹിക്കുന്നത്. ഞാന്‍ എണ്‍പത് വയസ്സ് പിന്നിട്ടിട്ട് തന്നെ വര്‍ഷങ്ങളായി. ദീര്‍ഘയാത്രകളൊക്കെ വീല്‍ ചെയറിലാണ്.

ഇവിടെ മറ്റുള്ളവരോടൊപ്പം ഞാനും ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ഈ ജയില്‍ കൈയേറുന്നതില്‍ മാത്രം അവര്‍ വിജയിച്ചത് എന്തുകൊണ്ട്? മറ്റു ജയിലുകള്‍ കൈയേറാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്?

സത്യവചനം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍, ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ നിങ്ങള്‍ എനിക്ക് നല്‍കുന്ന ശിക്ഷയാണോ ഇത്? നിങ്ങളെന്നെ തൂക്കുകയര്‍ കാണിച്ച് പേടിപ്പിക്കുകയാണോ? ഞാന്‍ എന്റെ ദഅ്‌വ-വൈജ്ഞാനിക ജീവിതം തുടങ്ങിയത് മുതല്‍ ആദര്‍ശമായി കൊണ്ട് നടക്കുന്ന ഒരു വാക്യമുണ്ട്. അത് ഇതാണ്: ''അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുന്നവര്‍; അവര്‍ അല്ലാഹുവെ പേടിക്കുന്നു, അവനല്ലാത്ത ആരെയും പേടിക്കുന്നില്ല, കണക്ക് നോക്കാന്‍ അല്ലാഹു മതിയല്ലോ.'' (അല്‍ അഹ്‌സാബ്: 39)

ഞാനും എന്റെ സഹപ്രവര്‍ത്തകരും യുവാക്കളായിരിക്കുമ്പോള്‍ തന്നെ പ്രഖ്യാപിച്ചതാണ്; 'ദൈവമാര്‍ഗത്തിലുള്ള മരണം ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാണ്.' ഞങ്ങള്‍ രക്തസാക്ഷിത്വത്തെ കൊതിച്ചിട്ടേയുള്ളൂ; ഒരിക്കലും അതിനെ ഭയപ്പെട്ടിട്ടില്ല. ഞങ്ങളുടെ നാവുകള്‍ക്ക് മുമ്പ് ഞങ്ങളുടെ ഹൃദയങ്ങള്‍ മന്ത്രിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്: ''പറയുക, അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ. പറയുക: രണ്ട് നേട്ടങ്ങളില്‍(രക്തസാക്ഷിത്വം, അല്ലെങ്കില്‍ വിജയം) ഏതെങ്കിലുമൊന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ മറ്റെന്തെങ്കിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നതിതാണ്; നേരിട്ടിടപെട്ടോ, ഞങ്ങളുടെ കൈയാലോ അല്ലാഹു നിങ്ങളെ ശിക്ഷിക്കും. അതിനാല്‍ നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. നിങ്ങളോടൊപ്പം ഞങ്ങളും കാത്തിരിക്കാം.'' (അത്തൗബ: 51-52)

ഇനി ശേഷിക്കുന്ന ആയുസ്സിലും ഞാന്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. അല്ലാഹുവിന്റെ കാര്യത്തില്‍ ഞാനൊരു ആക്ഷേപകന്റെയും ആക്ഷേപത്തെയോ അക്രമിയുടെ കോപത്തെയോ ധിക്കാരിയുടെ ഭീഷണിയെയോ ഭയപ്പെടുന്നില്ല. ദുര്‍ബലരാക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള മമതയും അനുഭാവവും തുടരും. ആ മര്‍ദിത വിഭാഗങ്ങള്‍ക്ക് അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും തിരികെ ലഭിക്കേണ്ടതുണ്ട്. ഇതിലൊക്കെ ഇടപെട്ടാണ് ഞാന്‍ ജീവിച്ച് വന്നത്. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കെ മരണം പുല്‍കണം എന്നുമാണ് ആഗ്രഹം.

സീസിയോടും അയാളുടെ സഹായികളോടും അയാളുടെ ജഡ്ജിമാരോടും അയാളുടെ മുഫ്തിമാരോടും അയാളുടെ വലംകൈയായി നില്‍ക്കുന്ന മീഡിയയോടും ഞാന്‍ പറയുന്നു (അധികാരം പൊയ്‌പ്പോകുമെന്ന് ഭയന്ന് അവര്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു): ''നിങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ വിധിയുണ്ടല്ലോ, അത് ഞങ്ങള്‍ക്കെതിരെയല്ല; അത് നിങ്ങള്‍ നിങ്ങള്‍ക്കെതിരെ തന്നെ നടത്തിയ വിധിപ്രസ്താവമാണ്.''

ജീവിത കാലമത്രയും ഞാന്‍ ചെലവഴിച്ചത് ഇസ്‌ലാമിനെ സേവിച്ചുകൊണ്ടാണ്. ഖത്വീബായി, പ്രഭാഷകനായി, മുഫ്തിയായി, ഗ്രന്ഥകാരനായി, കവിയായി, പ്രബോധകനായി...... ലോകത്തുള്ള ഒരാള്‍ക്കും, അയാള്‍ എത്ര ശക്തനായ ഭരണാധികാരിയായി കൊള്ളട്ടെ, എന്റെ ആയുസ്സ് ഒരു നിമിഷം പോലും കൂട്ടാനോ കുറക്കാനോ കഴിയില്ല. ''കാലാവധി വന്നെത്തിയാല്‍ പിന്നെ ഒരു നിമിഷം പോലും അവര്‍ക്കത് വൈകിക്കാനാവില്ല. നേരത്തെയാക്കാനും സാധ്യമല്ല.'' (അന്നഹ്ല്‍: 61) ''അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.'' (അല്‍മുനാഫിഖൂന്‍: 11) 'പടച്ചവനേ, നിന്റെ മാര്‍ഗത്തിലെ രക്തസാക്ഷിത്വം' ഇതാണ് ഞാന്‍ എന്നും ചോദിച്ചിട്ടുള്ളത്.

ഹേ അട്ടിമറിക്കാരേ, ഇന്നലെ നിങ്ങളുടെ മുന്‍ഗാമികളായിരുന്നല്ലോ. അവരെ ഞങ്ങള്‍ പേടിച്ചിട്ടില്ല. അവരുടെ മുഖത്ത് നോക്കി ഞങ്ങള്‍ സത്യത്തിന്റെ വചനം പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ക്ഷമിച്ചും സഹിച്ചും വളരെ സംതൃപ്തിയോടെ തന്നെയാണ് ഈ മാര്‍ഗത്തില്‍ അടിയുറച്ച് നിന്നിട്ടുള്ളത്. ഞങ്ങള്‍ നിങ്ങളെ ഗൗനിക്കുന്നില്ല; ഞങ്ങളെ നിങ്ങള്‍ക്ക് പേടിപ്പിക്കാനുമാവില്ല. ഈ വിധിയിലൂടെ നാടൊന്നാകെ കീഴൊതുങ്ങി എന്നൊന്നും വിചാരിക്കേണ്ട. അല്ലാഹുവാണ, ഇതൊക്കെയും, ''മരുപ്പറമ്പിലെ മരീചിക പോലെ. ദാഹിച്ചു വലഞ്ഞവന്‍ അത് വെള്ളമാണെന്ന് കരുതുന്നു. അവന്‍ അതിന്റെ അടുത്ത് ചെന്നാല്‍ അവിടെയൊന്നും കാണുകയില്ല.'' (അന്നൂര്‍: 39)

(ഈജിപ്ഷ്യന്‍ ഏകാധിപതി സീസിയുടെ നിയന്ത്രണത്തിലുള്ള കോടതി തനിക്കെതിരെ പുറപ്പെടുവിച്ച വധശിക്ഷാ വിധിയോട് പ്രതികരിച്ചുകൊണ്ട് എഴുതിയ കുറിപ്പ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /26, 27
എ.വൈ.ആര്‍