സന്താപം സന്തോഷമാക്കുന്ന സൂത്രം
കാണുമ്പോഴും കൂടെ കഴിയുമ്പോഴുമൊക്കെ തന്റെ ദു:ഖം നിറഞ്ഞ കഴിഞ്ഞ കാലത്തെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ സംബന്ധിച്ചുമല്ലാതെ അയാള്‍ക്ക് മറ്റൊന്നും പറയാനുണ്ടാവില്ല. പ്രസന്ന മുഖഭാവത്തോടെ സന്തോഷകരമായ ജീവിതാനുഭവങ്ങള്‍ പങ്കിടുന്ന വാക്കുകള്‍ ഒരിക്കല്‍ പോലും അയാളില്‍ നിന്ന് കേള്‍ക്കാന്‍ എനിക്ക് ഇട വന്നിട്ടില്ല. സഹികെട്ട് ഒരിക്കല്‍ ഞാന്‍ അയാളോട് പറഞ്ഞു: ''നിങ്ങള്‍ക്കറിയുമോ, നിങ്ങള്‍ നിങ്ങളോട് ഈ ചെയ്യുന്നതിന്റെ പേര് 'പൈശാചിക ആത്മഹത്യ' എന്നാണ്.''
തന്റെ സങ്കട കഥനങ്ങള്‍ക്ക് അര്‍ധവിരാമമിട്ട് അയാള്‍ എന്നോട്: ''എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?''
ഞാന്‍ വിശദീകരിച്ചു: ''മനുഷ്യനെ അകര്‍മണ്യതയിലേക്കും നിരാശയിലേക്കും മോഹഭംഗത്തിലേക്കും തള്ളിവിടാനും നാശത്തിന്റെ നിലയില്ലാ കയങ്ങളില്‍ ആഴ്ത്താനും പിശാച് സ്വീകരിക്കുന്ന പല മാര്‍ഗങ്ങളിലൊന്നാണ് കഴിഞ്ഞ കാലങ്ങളില്‍ അവനുണ്ടായ വേദന നിറഞ്ഞ അനുഭവങ്ങളെ കുറിച്ചും ദുഖ:കരമായ സംഭവങ്ങളെ പറ്റിയും നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുക എന്നത്. പിന്നെ സന്തോഷത്തിന്റെ രുചിപോലും അറിയാതെ അയാള്‍ സദാ ദുഃഖിതനും വിഷാദ ചിത്തനുമായി കഴിഞ്ഞു കൂടിക്കൊള്ളും.''
അയാള്‍: ''പിശാചിന് എന്റെ സ്വകാര്യ ദു:ഖങ്ങളുമായി എന്ത് ബന്ധം?''
''പറയാം. വിശ്വാസിയെ ഖിന്നനും ദുഃഖിതനുമാക്കിത്തീര്‍ക്കുക പിശാചിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് അല്ലാഹു സൂചിപ്പിച്ചിട്ടുണ്ട്. 'തീര്‍ച്ചയായും സ്വകാര്യ ഭാഷണങ്ങള്‍ പിശാചില്‍ നിന്നുണ്ടാകുന്നത് മാത്രമാകുന്നു. സത്യവിശ്വാസികളെ ദു:ഖിപ്പിക്കാന്‍ ഉന്നം വെച്ചു കൊണ്ടാകുന്നു അവ. അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ അവര്‍ക്കൊരു ഉപദ്രവവും എല്‍പിക്കാന്‍ അവന്നാവില്ല. അതിനാല്‍ വിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കട്ടെ'(ഖുര്‍ആന്‍). അതായത് ഭൂതകാലത്തെ വേദന നിറഞ്ഞ അനുഭവങ്ങള്‍ മനസ്സില്‍ എടുത്തിട്ടും ഓര്‍മിപ്പിച്ചും നിന്നെ സദാ സങ്കടക്കടലില്‍ ആഴ്ത്തിപ്പിടിക്കാനാണ് പിശാച് ആഗ്രഹിക്കുന്നത്. പിശാചിന്റെ ഈ പ്രേരണക്കും ലക്ഷ്യത്തിനും നീ വശംവദനായാല്‍ സംഭവിക്കുന്നത് നിരാശാജനകവും വേദനാനിര്‍ഭരവുമായ ഓര്‍മ്മകള്‍ നിന്റെ മനസ്സിനെ ഒരു നിമിഷവും വിട്ടൊഴിയുന്നില്ലെന്നതാണ്. എപ്പോഴും ചീത്ത ചിന്തകളും മനസ്സിനെ മഥിക്കുന്ന ഓര്‍മ്മകളും നിന്നെ വേട്ടയാടിക്കൊണ്ടിരിക്കും. അങ്ങനെ കയ്പുറ്റ ഓര്‍മകള്‍ നിന്നെ തിന്നു തീര്‍ക്കും. നിന്റെ ഇപ്പോഴത്തെ അവസ്ഥ തന്നെ ഒന്നാംതരം ഉദാഹരണം. നിന്റെ മുഖം വിവര്‍ണ്ണമാണ്. ശരീരം മെലിഞ്ഞു ഉണങ്ങിയിരിക്കുന്നു. നിന്റെ ജീവിതത്തില്‍ നിന്ന് സന്തോഷം കുടിയൊഴിഞ്ഞ് പോയിരിക്കുന്നു. നീ നിന്നെ സ്വയം പരീക്ഷിക്കുകയും പീഡിപ്പിക്കുകയുമാണ്.''
അയാള്‍: ''അപ്പോള്‍ ഞാന്‍ എന്ത് ചെയ്യണമെന്നാണ് താങ്കള്‍ പറഞ്ഞു കൊണ്ടു വരുന്നത്?''
ഞാന്‍ പറഞ്ഞു:''നിങ്ങള്‍ ഒന്നാമതായി അറിയേണ്ടത്, ഏത് വിപത്തിനും ഒരു വിടുതി ഉണ്ടാകുമെന്നാണ്, ഏതൊരു സങ്കീര്‍ണ്ണ പ്രശ്‌നത്തിനും പരിഹാരത്തിന്റെ ഒരു സന്ദര്‍ഭമുണ്ടാവും. ഓരോ പരീക്ഷണത്തിലും ഉണ്ടാവും ഒരനുഗ്രഹം. പ്രയാസത്തോടൊപ്പം എളുപ്പവും ഉണ്ടാവും. പരീക്ഷണങ്ങളിലും വിപത്തുകളിലും നന്മയുടെ വശം കണ്ടെത്താനായാല്‍ നിങ്ങള്‍ സന്തോഷവാനാകും. ഞാന്‍ നിങ്ങളെ ഓര്‍മിപ്പിച്ച ഖുര്‍ആന്‍ സൂക്തത്തില്‍ അതിന്റെ സൂചനയുണ്ടല്ലോ. സത്യവിശ്വാസിക്ക് ഒരു ഉപദ്രവവും ഏല്‍പിക്കാന്‍ പിശാചിനാവില്ലെന്ന് അല്ലാഹു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. വിശ്വാസിയുടെ ഹൃദയം പ്രഭാപൂരിതമാണ്. അവന്റെ ചിന്തകളും വിചാരങ്ങളും ക്രിയാത്മകമാണ്. അവന്റെ ആത്മാവ് ശാന്തി നിര്‍ഭരമാണ്. അത്യന്തം പ്രയാസകരവും ക്ലേശ പൂര്‍ണ്ണവുമായ ഘട്ടങ്ങളിലും സുസ്‌മേരവദനനായി പ്രസന്ന ഭാവത്തോടെ മാത്രമേ നിങ്ങള്‍ക്ക് വിശ്വാസിയെ കാണാനാവൂ. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഏത് അവസ്ഥയോടും നിഷേധാത്മക സമീപനം സ്വീകരിച്ചുകൊണ്ട് എന്നെന്നും ദുഃഖിതനായി കഴിഞ്ഞു കൂടാം. അല്ലെങ്കില്‍ രചനാത്മക സമീപനം സ്വീകരിച്ചു സമൂഹത്തില്‍ ശിരസ്സുയര്‍ത്തി നിലകൊള്ളാം; പ്രസാദ മധുരമായ പുഞ്ചിരിയോടെ. അതായത് പ്രശ്‌നങ്ങളെ നിങ്ങള്‍ സമീപിക്കുന്ന രീതിയാണ് നിങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്''
അയാള്‍:''നിങ്ങള്‍ ഈ പറയുന്നതൊക്കെ വളരെ പ്രയാസകരമാണ്''
ഞാന്‍:''അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് ജീവിക്കുകയാണെങ്കില്‍ അതില്‍ പ്രയാസകരമായി ഒന്നുമില്ല. അതിനാലാണല്ലോ വിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ എന്ന സൂക്തത്തിനൊടുവില്‍ അവന്‍ പറഞ്ഞ് വെച്ചത്. ഇനി നിങ്ങള്‍ പിശാചിന് അടിയറവ് പറയാനാണ് ഭാവമെങ്കില്‍ എന്നെന്നും ഇങ്ങനെ ദുഃഖിതനായി കഴിഞ്ഞു കൂടാം. തീരുമാനം നിങ്ങളുടേതാണ്. സന്താപത്തെ സന്തോഷമാക്കി മാറ്റിയ മൂന്ന് നിലപാടുകളും സംഭവങ്ങളും ഞാന്‍ നിങ്ങള്‍ക്ക് വിശദീകരിച്ചു തരാം.
ഒന്നാമത്തേത് മഹാ പണ്ഡിതനും മുഹദ്ദിസും ഫഖീഹുമായ ഇമാം അഹ്മദുബ്‌നു ഹമ്പലുമായി(ക്രി:780 ഹി:241)ബന്ധപ്പെട്ടതാണ്. അബ്ദുല്ല അല്‍ വര്‍റാഖ ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു. ഞങ്ങള്‍ അഹ്മദുബ്‌നു ഹമ്പലിന്റെ സദസ്സില്‍ ഇരിക്കുകയാണ്. അപ്പോള്‍ അഹ്മദുബ്‌നു ഹമ്പല്‍:''നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്?''
''അബൂ കുറൈബിന്റെ സദസ്സില്‍ നിന്നാണ്''
അഹ്മദുബനൂ ഹമ്പല്‍:''സദ്‌വൃത്തനായ വ്യക്തിയാണദ്ദേഹം. അദ്ദേഹം റിപ്പോര്‍ട്ടു ചെയ്ത ഹദീസുകള്‍ നിങ്ങള്‍ രേഖപ്പെടുത്തി കൊള്ളൂ.''
''അദ്ദേഹം അങ്ങയെ വിമര്‍ശിക്കുന്നുവല്ലോ'' ഞങ്ങള്‍ ഉണര്‍ത്തി, ''അതിന് ഞാനെന്ത് ചെയ്യാനാണ്: ഞാന്‍ മൂലം പരീക്ഷണത്തില്‍ അകപ്പെട്ട സദ്‌വൃത്തനായ പണ്ഡിതവര്യനാണ് അദ്ദേഹം'' ഇമാം പറഞ്ഞു. തന്നെ കുറിച്ച വിമര്‍ശനങ്ങള്‍ ഇമാം അഹ്മദ് തന്റെ വിശിഷ്ട സ്വഭാവത്തിലൂടെ എങ്ങനെ രചനാത്മകമായി നേരിട്ടു എന്ന് മനസ്സിലായില്ലേ?''
രണ്ടാമത്തെ സംഭവം നബി(സ)യുമായി ബന്ധപ്പെട്ടതാണ്.
ഖുറൈശി പ്രമുഖരുമായി സംസാരിച്ചു കൊണ്ടിരുന്ന നബി(സ) അന്ധനായ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂമിന്റെ സത്യാന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാതെ ആ ഗോത്രത്തലവന്മാരുമായുള്ള വര്‍ത്തമാനങ്ങളിലും ചര്‍ച്ചകളിലും മുഴുകി. നബി (സ)യുടെ ഈ നിലപാടിനെ വിമര്‍ശിച്ച് അല്ലാഹു ഇടപെട്ടു: നബി(സ)യുടെ അടുത്ത് ആ അന്ധന്‍ വന്നപ്പോള്‍ അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞു കളഞ്ഞു. നബിയേ താങ്കള്‍ക്കെന്തറിയാം? ആ അന്ധന്‍ ഒരുവേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ. അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ തന്‍പോരിമ നടിച്ചവനാകട്ടെ, നീ അവന്റെ നേരെ ശ്രദ്ധ തിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരുന്നാല്‍ നിനക്കെന്താണ് ചേതം? എന്നാല്‍ അല്ലാഹുവിനെ ഭയപ്പെട്ട് നിന്റെ അടുക്കല്‍ ഓടിവന്നവനാകട്ടെ അവന്റെ കാര്യത്തില്‍ നീ അശ്രദ്ധ കാണിക്കുന്നു' (അബസ 1-10).
തന്റെ നിലപാടിനെ ചൊല്ലിയുള്ള അല്ലാഹുവിന്റെ ഈ വിമര്‍ശനത്തിന് ശേഷം അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂമിനെ കണ്ടുമുട്ടുമ്പോഴെല്ലാം നബി(സ)യുടെ മുഖം സന്തോഷത്താല്‍ വെട്ടിത്തിളങ്ങും. സദസ്സില്‍ പ്രത്യേകം ആദരിച്ചിരുത്തി തന്റെ തട്ടം അദ്ദേഹത്തിനിരിക്കാനായി വിരിച്ചു കൊടുക്കും. അബ്ദുല്ലയെ സ്വാഗതം ചെയ്ത് നബി (സ) പറയും: ''ഏതൊരു ആള്‍ കാരണമാണോ അല്ലാഹു എന്നെ അധിക്ഷേപിച്ചത്, ആ മഹാന്ന് സ്വാഗതം, വന്നാലും ഇരുന്നാലും''. അല്ലാഹുവിന്റെ അധിക്ഷേപത്തിനിരയായിട്ടും ആ സംഭവം ഒരു സന്തോഷാനുഭവമാക്കി തീര്‍ത്ത നബി (സ)യുടെ ഈ രീതി ജീവിതത്തില്‍ പകര്‍ത്തിയ ഹസനുല്‍ ബസ്വരി(ക്രി:642, ഹിജ്‌റ 21)യിലുമുണ്ട് ഒരുത്തമ മാതൃക. തന്നെക്കുറിച്ച് ഒരാള്‍ ദൂഷണം പറഞ്ഞു നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട മഹാനായ താബിഈ ഹസനുല്‍ ബസ്വരി, അയാള്‍ക്ക് ഒരു പാത്രം നിറയെ മധുരപലഹാരം കൊടുത്തയച്ചു. കൂടെ ഒരു സന്ദേശവും. ''താങ്കള്‍ താങ്കളുടെ സല്‍കര്‍മ്മങ്ങളെല്ലാം എനിക്ക് ഉപഹാരമായി നല്‍കിയതറിഞ്ഞു. പ്രത്യുപകാരമായി എന്റെ ഈ സമ്മാനം സ്വീകരിച്ചാലും.''
സന്താപ കാരണമായേക്കാവുന്ന ഈ മൂന്ന് അനുഭവങ്ങളും സന്തോഷദായകമായ അനുഭവമാക്കി മാറ്റിയ വൈദഗ്ധ്യം ക്രിയാത്മക സമീപന രീതി കൊണ്ടാര്‍ജിച്ചതാണ്. ഇനി നിങ്ങളും നിങ്ങളെ ദ്രോഹിക്കുന്നവന് ഒരു മധുരപലഹാര പൊതി അയച്ചേക്കൂ.
വിവ: പി.കെ ജമാല്‍
Comments