Prabodhanm Weekly

Pages

Search

2015 മെയ്‌ 29

ന്യായവിധികളില്ലാത്ത അന്യായ കോടതി

മുഹമ്മദ് അല്‍ മസ്വ്‌രി /കവര്‍‌സ്റ്റോറി

        മരിച്ച് മണ്ണടിഞ്ഞവരെ കുറ്റകൃത്യങ്ങള്‍ നടത്തി എന്നാരോപിച്ചും തടവറകളില്‍ കഴിയുന്നവരെ തെരുവില്‍ കലാപമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയും ശിക്ഷ വിധിക്കുന്ന ജുഡീഷ്യറി സംവിധാനം നിലനില്‍ക്കുന്ന ലോകത്തെ ഏകരാജ്യം ഒരുപക്ഷേ ഈജിപ്തായിരിക്കും. കഴിഞ്ഞ മെയ് 16-ന് ഒരു ഈജിപ്ഷ്യന്‍ കോടതി, ആധുനിക ഈജിപ്തിന്റെ ചരിത്രത്തിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്റായ മുഹമ്മദ് മുര്‍സിക്കും നൂറിലധികം പേര്‍ക്കുമാണ് വധശിക്ഷ വിധിച്ചത്. മരണശിക്ഷ വിധിക്കപ്പെട്ടവരില്‍ രണ്ട് പേരെങ്കിലും, കുറ്റകൃത്യം നടന്നുവെന്ന് പറയപ്പെടുന്ന കാലത്ത് ജീവിച്ചിരുന്നിട്ടില്ലാത്തവരാണ്; മറ്റൊരാള്‍ 1996 മുതല്‍ ഇസ്രയേലി ജയിലില്‍ കഴിയുന്നയാളുമാണ്. ഇതൊരു കങ്കാരു കോടതിയാണെന്ന് വിളിച്ച് പറയാന്‍ മറ്റൊരു തെളിവും ആവശ്യമില്ല.

വിധിപ്രഖ്യാപനം വന്നതിന്റെ പിറ്റേന്ന് ഈജിപ്തില്‍ ആറ് യുവാക്കളെ തൂക്കിലേറ്റിയിരുന്നു. മിലിട്ടറി പോലീസിനെ ആക്രമിച്ചു എന്നായിരുന്നു അവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റം. ഇവരുടെ വിചാരണാ വേളയില്‍ ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ കുറ്റപ്പെടുത്തുന്നു. ബലംപ്രയോഗിച്ച് ഈ യുവാക്കളെ കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. പ്രാഥമിക തെളിവുകള്‍ പോലും ഇവര്‍ക്കെതിരെ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുമില്ല. ആംനസ്റ്റിയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും പറയുന്നു, ഈ യുവാക്കള്‍ കുറ്റകൃത്യം ചെയ്യാന്‍ സാധ്യതകളൊന്നുമില്ലെന്ന്. കാരണം, ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടക്കുന്നതിന് മൂന്ന് മാസം മുമ്പ് തന്നെ ഇവര്‍ ജയിലിലായിരുന്നു.

മെയ് 16-ന് നടന്ന കൂട്ടവധശിക്ഷാ പ്രഖ്യാപനം 2014 വസന്തകാലത്തിന് ശേഷം ഇത് നാലാമത്തേതാണ്. ഒന്നാമത്തെ കൂട്ട വധശിക്ഷാ പ്രഖ്യാപനം കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. ഒരൊറ്റ പോലീസുകാരനെ വധിച്ചു എന്നാരോപിച്ച് അഞ്ഞൂറിലധികം ഈജിപ്തുകാര്‍ക്കാണ് വധശിക്ഷ വിധിച്ചത്. വെറും രണ്ട് ദിവസമായിരുന്നു വിചാരണ. പ്രതികളുടെ അഭിഭാഷകര്‍ക്ക് തെളിവ് നല്‍കാന്‍ പോലും അവസരം നല്‍കിയില്ല. പിന്നീടുള്ള രണ്ട് കൂട്ടവധശിക്ഷാ പ്രഖ്യാപനങ്ങളിലും നീതി തൊട്ടുതെറിച്ചിട്ടില്ലാത്ത വിധത്തിലായിരുന്നു കോടതി വ്യവഹാരങ്ങള്‍. മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കും, 2013 ജൂലൈയിലെ സൈനിക അട്ടിമറിയെ എതിര്‍ക്കുന്നവര്‍ക്കുമെതിരില്‍ കൂട്ടമരണശിക്ഷകള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ഇപ്പറഞ്ഞ കോടതി കൊലപാതകക്കുറ്റം ചുമത്തപ്പെട്ട പോലീസുകാരെയും അഴിമതി ആരോപണം നേരിടുന്ന ഹുസ്‌നി മുബാറക്കിന്റെ മക്കളെയും കുറ്റവിമുക്തരാക്കുന്ന തിരക്കിലായിരുന്നു.

ഈജിപ്തിലെ നീതിന്യായ വ്യവസ്ഥ തീര്‍ത്തും അന്യായത്തിലേക്കും അനീതിയിലേക്കും വഴിമാറിയിരിക്കുന്നു എന്ന് സ്ഥാപിക്കാന്‍ ഈ തെളിവുകള്‍ ധാരാളം. ആഗോളവ്യാപകമായി അംഗീകരിക്കപ്പെട്ട നീതിന്യായ വ്യവസ്ഥകളോട് ഈജിപ്ഷ്യന്‍ കോടതിക്ക് പുഛം മാത്രമേയുള്ളൂവെന്ന് അതിന്റെ സമീപകാല ചരിത്രം വിളിച്ചോതുന്നു. നിയമവ്യവഹാരങ്ങളൊന്നും അവയുടെ യഥാര്‍ഥ റൂട്ടിലല്ല നീങ്ങുന്നത്. തെളിവുണ്ടോ എന്ന പരിശോധനപോലും ഉണ്ടാകാറില്ല പലപ്പോഴും. നിഷ്പക്ഷതയും സ്വാതന്ത്ര്യവും ഈജിപ്ഷ്യന്‍ കോടതിക്ക് കൈമോശം വന്നിരിക്കുന്നു. മനുഷ്യാവകാശ സംഘങ്ങള്‍ അടുത്ത കാലത്തായി ഈജിപ്ഷ്യന്‍ ജുഡീഷ്യറിയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചു വന്നിട്ടുള്ളത്.

മുര്‍സിക്കെതിരെ ചാര്‍ത്തിയ കുറ്റം തന്നെ നോക്കാം. അസംബന്ധം എന്നേ ഇതെപ്പറ്റി പറയാനാവൂ. 2011 ല്‍ ജയില്‍ ചാട്ടം ആസൂത്രണം ചെയ്തു എന്നതാണ് ആരോപിക്കപ്പെട്ട കുറ്റം. ഈജിപ്തില്‍ 2011-ല്‍ നടന്ന വിപ്ലവത്തിന്റെ തുടക്കത്തില്‍ മുബാറക് ഭരണകൂടമാണ് മുര്‍സിയെ അറസ്റ്റ് ചെയ്തത്. അധികാരം പിടിക്കാന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നടത്തുന്ന ശ്രമം എന്ന നിലക്കാണ് മുബാറക് ഭരണകൂടം വിപ്ലവത്തെ കണ്ടിരുന്നത്; ആ പ്രചാരണം ഏശിയില്ലെങ്കിലും. മുബാറക് വിരുദ്ധ പ്രക്ഷോഭത്തില്‍ മുര്‍സി പങ്കെടുത്തത് ഒരിക്കലും ഒരു കുറ്റകൃത്യമാവുന്നില്ല. മാത്രവുമല്ല, അന്യായമായി തടവിലാക്കപ്പെടുകയുമായിരുന്നു അദ്ദേഹം. ആംനസ്റ്റി കൃത്യമായി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്: ''അടിയന്തരാവസ്ഥയുടെ അധികാരങ്ങള്‍ ഉപയോഗിച്ചാണ് മുര്‍സിയെ തടവിലാക്കിയത്. അത് ഭരണകൂട നടപടിയാണ്. അതിന് ജുഡീഷ്യല്‍ സാധുതയില്ല.''

മാത്രവുമല്ല ജയില്‍ ഭേദിച്ച് പുറത്ത് കടക്കാന്‍ മുര്‍സിയും സഹപ്രവര്‍ത്തകരും ആസൂത്രിതമായി ശ്രമിച്ചു എന്നതിനും തെളിവുകളില്ല. യഥാര്‍ഥത്തില്‍, മുബാറക് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടയുടനെ ജയില്‍ കാവല്‍ക്കാരായി ഉണ്ടായിരുന്ന പോലീസുകാരെല്ലാം 'അപ്രത്യക്ഷരാ'വുകയായിരുന്നു. ജയില്‍ നോക്കാനാളില്ലാത്ത അവസ്ഥയിലായി. ആ സന്ദര്‍ഭം വളരെ പ്രധാനമാണ്. രാജ്യമൊട്ടാകെ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ന്ന ഘട്ടത്തിലാണ് ആരോപിക്കപ്പെട്ട 'ജയില്‍ചാട്ടം' ഉണ്ടാവുന്നത്.

സംഭവം നടന്നതിന് മിനുട്ടുകള്‍ക്ക് ശേഷം മുര്‍സിയും മറ്റു ബ്രദര്‍ഹുഡ് നേതാക്കളും അല്‍ജസീറ ചാനലുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ജയില്‍ വാതിലുകള്‍ തുറന്ന് കിടക്കുകയാണെന്നും പരിസരത്തൊന്നും പോലീസുകാരില്ലെന്നുമാണ് അവര്‍ അറിയിച്ചത്. പ്രധാന ജയില്‍ കവാടത്തിന്റെ അടുത്ത്‌നിന്ന് മുര്‍സി ഫോണില്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കാമായിരുന്നു: ''ഞങ്ങള്‍ ഇവിടെനിന്ന് ഓടിപ്പോവുകയില്ല. ഞങ്ങളുമായി ബന്ധപ്പെടാന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും ഓഫീസര്‍ ഈജിപ്തില്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു: ഞങ്ങള്‍ ഇവിടെ ഉണ്ട്.'' പിന്നെ അദ്ദേഹം ജയിലിന്റെ നമ്പറും, അത് നിലകൊള്ളുന്ന തെരുവിന്റെ പേരും കൃത്യമായ ലൊക്കേഷനും നല്‍കി. അങ്ങനെ, ആരും വന്നെത്താതായപ്പോള്‍ മാത്രമാണ് മുര്‍സിയും ബ്രദര്‍ഹുഡ് നേതാക്കളും അവിടം വിട്ടത്.

മറ്റൊരു വിചാരണയില്‍ 'കലാപം ഇളക്കിവിട്ടതിന്' മുര്‍സിയെ കഴിഞ്ഞ ഏപ്രിലില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. മുര്‍സി ഇളക്കി വിട്ടുവെന്ന് പറയപ്പെടുന്ന കലാപം യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ശത്രുക്കള്‍ കുത്തിപ്പൊക്കിയതായിരുന്നു. 2012 ഡിസംബറിലാണ് സംഭവം. ഇതിന് പോലീസിന്റെ സഹായവുമുണ്ടായിരുന്നു. പത്രപ്രവര്‍ത്തകനായ മാക്‌സ് ബ്ലുമെന്തല്‍ പറയുന്നത് ഇങ്ങനെയാണ്: പോലീസ് ആദ്യം പ്രസിഡന്റിന്റെ കൊട്ടാരം വിട്ടുപോയി. വധശ്രമങ്ങളില്‍നിന്ന് പ്രസിഡന്റ് മുര്‍സിയെ സംരക്ഷിക്കേണ്ട ചുമതലയാണ് ഈ പോലീസ് വിഭാഗത്തിന് ഉണ്ടായിരുന്നത്. പുറത്ത് അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. പ്രക്ഷോഭക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ തീബോംബുകള്‍ എറിഞ്ഞു. ക്രെയ്ന്‍ ഉപയോഗിച്ച് കൊട്ടാരം തകര്‍ക്കാന്‍ തുടങ്ങി. അപ്പോഴൊക്കെ പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. ഒടുവില്‍ മുര്‍സിക്ക് പിന്‍വാതിലിലൂടെ രക്ഷപ്പെടേണ്ടിവന്നു.

ഈ സന്ദര്‍ഭത്തില്‍ മുര്‍സിയെയും കൊട്ടാരത്തെയും രക്ഷിക്കാനെത്തിയത് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായിരുന്നുവെന്ന് ബ്ലുമെന്തല്‍ എഴുതുന്നു. ഈ ഘട്ടത്തില്‍ ചില ബ്രദര്‍ഹുഡ് യുവാക്കള്‍ ഹിംസാത്മകമായി എന്തെങ്കിലും ചെയ്തിട്ടുണ്ടാകാം. പക്ഷേ, ഈ സംഭവത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏതാണ്ട് എല്ലാവരും ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായിരുന്നു.

പ്രക്ഷോഭകര്‍ക്കെതിരെ ബലംപ്രയോഗിക്കുന്നതിനെ മുര്‍സി കടുത്ത ഭാഷയില്‍ എതിര്‍ത്തിരുന്നുവെന്ന് അന്നത്തെ ഗവണ്‍മെന്റ് രേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെയായിരുന്നാലും മുര്‍സി ഹിംസക്കോ കലാപം ഇളക്കി വിടുന്നതിനോ ആജ്ഞകൊടുത്തതിന് യാതൊരു തെളിവുമില്ലെന്ന് ഉറപ്പ്. കഴിഞ്ഞ ഏപ്രിലില്‍ ആംനസ്റ്റി ഇന്‍ര്‍നാഷ്‌നല്‍ മുര്‍സി വിചാരണയെ 'പ്രഹസനം' എന്നാണ് വിളിച്ചത്. 'നീതിയെ പരിഹാസ്യമാക്കുന്നു' എന്നും ആംനസ്റ്റി ആരോപിച്ചു.

ചാരവൃത്തി നടത്തി എന്ന കുറ്റാരോപണവും മുര്‍സി നേരിടുന്നുണ്ട്. പ്രസിഡന്റ് എന്ന നിലക്ക് രാഷ്ട്രീയ നയതന്ത്രജ്ഞതയില്‍ കവിഞ്ഞ് മുര്‍സി എന്തെങ്കിലും ചെയ്തതിന് തെളിവുകളില്ല. അത്തരം കൂടിക്കാഴ്ചകള്‍ ഈജിപ്ഷ്യന്‍ സൈനിക ഭരണകൂടം വെറുക്കുന്ന നേതാക്കളുമായിട്ടായിപ്പോയി എന്നത് മാത്രമാണ് പ്രശ്‌നം.

മുര്‍സിയുടെ വധശിക്ഷാവിധിയും പിറ്റേ ദിവസത്തെ തൂക്കിക്കൊലയും പ്രതിയോഗികളെ വകവരുത്തുക എന്ന സൈനിക ഭരണകൂട നയങ്ങളുടെ ഭാഗമായേ കാണാന്‍ കഴിയൂ. 2013 ജൂലൈ 3-ന് സൈന്യം അധികാരം പിടിച്ച ശേഷം ഈജിപ്തിലെ മുഴുവന്‍ ഭരണസ്ഥാപനങ്ങളും ഒത്തുചേര്‍ന്ന് മുസ്‌ലിം ബ്രദര്‍ഹുഡിനെയും അതിന്റെ അനുകൂലികളെയും പൊതുജീവിതത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യാനുള്ള ശ്രമങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ആദ്യമവര്‍ കൂട്ടക്കൊലയും കൂട്ട അറസ്റ്റും നടത്തി. ഇപ്പോഴിതാ കൂട്ട വധശിക്ഷകള്‍. ബ്രദര്‍ഹുഡിനെ ഭീകരസംഘടനയാക്കി ലേബലടിച്ച് അതിനെ നിരോധിക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷം നടത്തുന്ന മുഴുവന്‍ ചാനലുകളും മിലിട്ടറി ഭരണം അടച്ചുപൂട്ടിക്കഴിഞ്ഞു. ബ്രദര്‍ഹുഡ് നടത്തുന്ന ജീവകാരുണ്യ സ്ഥാപനങ്ങളുടെ വേരറുത്തു. ബ്രദര്‍ഹുഡ് അനുഭാവികളായ ജഡ്ജിമാരെ പുറത്താക്കി. ബ്രദര്‍ഹുഡ് അംഗത്വമുള്ളവര്‍-അവര്‍ക്കെതിരെ കുറ്റാരോപണങ്ങളൊന്നുമില്ലെങ്കിലും- സ്വതന്ത്രസ്ഥാനാര്‍ഥികളായി പൊതുസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് തടഞ്ഞുകൊണ്ട് നിയമമുണ്ടാക്കി.

അങ്ങനെ ഈജിപ്ഷ്യന്‍ സൈനിക ഭരണകൂടം സകല അധികാരങ്ങളും കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. ഈജിപ്ഷ്യന്‍ സമൂഹത്തില്‍ അത് ആഴത്തില്‍ വേരുകളാഴ്ത്തിയിരിക്കുന്നു. മിലിട്ടറി സ്വേഛാധിപത്യത്തിനെതിരെ ഈജിപ്ഷ്യന്‍ ജനത ഒറ്റക്കെട്ടായി തെരുവിലിറങ്ങുന്നത് വരെ ഈ അവസ്ഥ തുടരുമായിരിക്കും. ആ പ്രക്ഷോഭം വിജയം കാണുന്ന പക്ഷം കൂട്ട മരണശിക്ഷാ വിധികള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ജഡ്ജിമാര്‍ക്ക്- അവര്‍ കൃത്രിമങ്ങള്‍ കാണിച്ചതിന്റെ തെളിവുകള്‍ പുറത്തായിരിക്കുന്നു- കോടതിയില്‍ ഇപ്പോള്‍ അവര്‍ ഇരിക്കുന്നതിന്റെ എതിര്‍വശത്ത് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതായി വരും.

(അമേരിക്കയിലെ നോര്‍ത്ത് അലബാമ യൂനിവേഴ്‌സിറ്റിയില്‍ കമ്യൂണിക്കേഷന്‍ വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /26, 27
എ.വൈ.ആര്‍