മിലാനോ മുതല്‍ മ്യൂണിച്ച് വരെ
എമിറൈറ്റ്‌സ് ജംബോ വിമാനം മിലാനോ വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ടു പറന്നപ്പോള്‍ സീറ്റ് ബെല്‍റ്റ് മുറുക്കി ജനല്‍പ്പാളിയിലൂടെ താഴോട്ടു നോക്കിയിരുന്നു. ഇടതൂര്‍ന്ന് നില്‍ക്കുന്ന പൈന്‍മരങ്ങള്‍, സ്വര്‍ണ്ണക്കതിരുകള്‍ വിളഞ്ഞുനില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍, ഇടതടവില്ലാതെ വാഹനങ്ങളൊഴുകുന്ന മനോഹരമായ നിരത്തുകള്‍. ബഹുനിലകെട്ടിടങ്ങള്‍... വന-നഗര വത്കരണങ്ങളുടെ സമന്വയം തീര്‍ത്ത അപാര സൗന്ദര്യത്തില്‍ ഒരു മെട്രോപൊളിറ്റന്‍ നഗരത്തിന്റെ ഹാവഭാവങ്ങളോടെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന മിലാനോയുടെ പരിസരം ഇമവെട്ടാതെ നിരീക്ഷിച്ചു നില്‍ക്കെ വിമാനത്തിന്റെ പിന്‍കാലുകളും പിന്നെ മുന്‍കാലുകളും റണ്‍വേയിലമര്‍ന്നു. അരമുറുക്കി അമര്‍ന്നിരിക്കുന്ന യാത്രക്കാര്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.
വിമാനമിറങ്ങിയതൊന്നും ഉണ്ണ്യേട്ടന്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. തൊട്ടരികിലിരിക്കുന്ന ഇറ്റലിക്കാരി കിഴവിയുമായി ഇടമുറിയാത്ത സംസാരത്തിലാണദ്ദേഹം. ഇറ്റലിയിലെ മിലാനോ വിശേഷങ്ങളായിരിക്കാം ചോദിച്ചറിയുന്നത്. വിമാനത്തിന്റെ ചലനം നിലച്ചതോടെ യാത്രക്കാരൊന്നാകെ ഇടനാഴികയിലേക്കിറങ്ങി, മുകളിലെ കാബിനില്‍ നിന്ന് ബാഗേജുകള്‍ വലിച്ചെടുക്കാനാരംഭിച്ചു. ഷംസു ഉണ്ണ്യേട്ടനെ തട്ടിവിളിച്ചപ്പോഴാണ് അദ്ദേഹം എഴുന്നേറ്റത്.
വിമാനത്തില്‍ നിന്നിറങ്ങി ആഗമന ടെര്‍മിനലിലേക്കു പ്രവേശിച്ചപ്പോള്‍ പുത്തരിയിലേ കല്ലു കടിച്ചപോലെ. യൂറോപ്യരെ കുറിച്ച ധാരണ തിരുത്തേണ്ടി വരുമോ എന്നാശങ്കിച്ചു. ''ചിട്ടയും വ്യവസ്ഥയും പാലിക്കുന്നവര്‍'' എന്നതാണല്ലോ യൂറോപ്യരുടെ മഹിമ. പക്ഷെ ഇവിടെ എമിഗ്രേഷന് വരിനില്‍ക്കുന്നതില്‍ ചിട്ടയുമില്ല, വ്യവസ്ഥയുമില്ല. ആകെക്കൂടി ഒരു ബഹളം. ഒരു കുത്തിയൊഴുക്ക്. അതിനിടക്ക് 'യൂറോപ്യന്‍ പാസ്‌പോര്‍ട്ടുകാരെ' പ്രത്യേക കവാടത്തിലൂടെ കടത്തിവിടുന്നുമുണ്ട്. ആളുകള്‍ക്ക് ജന്മദേശത്ത് മുന്‍ഗണന നല്‍കുന്നത് മനസ്സിലാക്കാമെങ്കിലും അതൊക്കെ കാണുമ്പോള്‍ ഒരു തരം നീരസം. നമ്മുടെ നാട്ടില്‍ തിരിച്ചാണ്. പലപ്പോഴും സ്വദേശികളെക്കാള്‍ പ്രാധാന്യം വിദേശികള്‍ക്കു കിട്ടുന്നു. തമിഴ്‌നാട്ടിലെ ട്രിച്ചി വിമാനത്താവളത്തില്‍ വന്ന മലേഷ്യക്കാരെ നമ്മുടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വന്ന് ''Malayasian passport holders please come(First)'' എന്നു പറഞ്ഞു കൂട്ടികൊണ്ടുപോയി. അത് നമ്മുടെ 'ആതിഥ്യമര്യാദ'യായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നതെങ്കിലും അവിടെ നിന്ന് വിധേയത്വത്തിലേക്കുള്ള ദൂരം വളരെ കുറവാണ്.
മിലാനോ വിമാനത്താവളം വളരെ പുരാതനം. ഒന്നര ദശലക്ഷം ജനങ്ങളധിവസിക്കുന്ന മിലാനോ ഇറ്റലിയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. നഗരത്തിന്റെ വലുപ്പത്തിന് ചേരുന്ന വിധത്തിലല്ല വിമാനത്താവളത്തിന്റെ കോലം. ''What is happening here?'' യാത്രക്കാരുടെ ലക്കും ലഗാനുമില്ലാത്ത തള്ളിക്കയറ്റം കണ്ട് റഷീദിന്റെ കമന്റ്. ''യാര്‍, Dont expect much more here. Italy is the capital of world mafia'' സലീമിന്റെ മറുപടി. സലീമും റഷീദും ഞങ്ങളുടെ അഞ്ചംഗ യാത്രാ സംഘത്തില്‍ പെട്ടവരാണ്. ഇരുവരും ആന്ധ്രാ പ്രദേശുകാര്‍. ദുബൈയിലെ ഒരു പ്രമുഖ കമ്പനിയില്‍ സീനിയര്‍ ഉദ്യോഗസ്ഥനായ സലീം വൈശാഖനാണ്; അഥവാ വിശാഖ പട്ടണത്തുകാരന്‍. ഇറ്റലിയില്‍ ഇടക്കിടെ വന്നുപോകുന്നയാളായതുകൊണ്ടാണ് അദ്ദേഹം ആധികാരികമായി പ്രതികരിക്കുന്നത്. റഷീദും മോശക്കാരനല്ല. ഖത്തറിലെ ഒരു നിര്‍മ്മാണ കമ്പനിയില്‍ ജനറല്‍ മാനേജറായ ഈ ഹൈദരാബാദുകാരന്‍ 78 ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള യാത്രാ വീരനാണ്. പത്തനംതിട്ട സ്വദേശികളായ ഉണ്ണികൃഷ്ണന്‍ ഖത്തറില്‍ ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ജനറല്‍ മാനേജറും, ഷംസു ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറുമാണ്.
എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൂട്ടത്തിരക്കില്‍ നിന്ന് കുതറിച്ചാടിയപോലെ. മനസ്സിനും ശരീരത്തിനും ആശ്വാസം. പുറത്ത് മാവ്‌റോ, വാനുമായി കാത്തു നില്‍ക്കുന്നു. ഞങ്ങളുടെ ലഗേജുകളത്രയും വാനിന്റെ പിന്‍വശത്ത് അട്ടിയിട്ട് മാവ്‌റോ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നു. നെറ്റിപ്പുറത്തേറ്റിയ കൂളിംഗ് ഗ്ലാസ്സ് മുക്കിന്‍ പുറത്തേക്ക് തട്ടിയിറക്കി സീറ്റ് ബെല്‍റ്റ് മുറുക്കി ഒറ്റക്കുതിപ്പ്. വേഗതാസൂചിക 140 ല്‍ നിന്നിറങ്ങിയത് അപൂര്‍വമായി മാത്രം. റോഡിനു ഇരുവശത്തും പൈന്‍ മരങ്ങളും നെല്‍വയലുകളും മലഞ്ചെരിവുകളും തോടുകളും പുഴകളും മരക്കൂട്ടങ്ങളും മിന്നിമറഞ്ഞു.
** ** **
പത്ത് ഹെക്ടറിലധികം വരുന്ന സ്ഥലത്ത് പരന്നുകിടക്കുന്ന പാസ്‌ട്രോഫിഗാരോ കമ്പനി മൊത്തത്തിലൊന്നു നടന്നു കണ്ടതിനു ശേഷം പിറ്റേന്ന് വിശദമായി കാണാമെന്ന തീരുമാനത്തോടെ മാവ്‌റോ ഞങ്ങളെ ഹോട്ടല്‍ മുളിനോവില്‍ എത്തിച്ചു. അവിടെയാണ് ഞങ്ങള്‍ക്ക് താമസം ഏര്‍പ്പാടാക്കിയിട്ടുള്ളത്. വിശാലമായ നെല്‍വയലുകള്‍ക്ക് മധ്യേ ഒറ്റപ്പെട്ടു നില്‍ക്കുന്ന സ്റ്റാര്‍ ഹോട്ടലാണ് മുളിനോ. പാസ്‌ട്രോ ഫിഗാരോയില്‍ നിന്ന് അധികം ദൂരമില്ല ഹോട്ടലിലേക്ക്. ഇറ്റലിയില്‍ ഞങ്ങള്‍ക്ക് ആതിഥ്യമരുളുന്ന രണ്ടു കമ്പനികളില്‍ ഒന്നാണ് ഫാസ്‌ട്രോഫിഗാരോ.
കമ്പനിയും ഹോട്ടലുമുള്ളത് അലസ്സാണ്ട്രിയ(Alessandria)എന്ന പ്രദേശത്താണ്. പ്രദേശനാമത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ഞാന്‍ കൊസിനോവിനോട് ചോദിച്ചു. ഹോട്ടല്‍ റെസ്റ്റോറന്റില്‍ രാത്രി ഭക്ഷണം കഴിക്കുന്നതിനിടക്കാണ് ചോദ്യം തൊടുത്തത്. ഈജിപ്തിലെ അലക്‌സാണ്ട്രിയ നഗരവുമായി പ്രദേശത്തിനുള്ള ബന്ധം കൂടി അറിയാന്‍ ഞാനാഗ്രഹിച്ചു. ''ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച മാസിഡോണിയന്‍ ചക്രവര്‍ത്തി അലക്‌സാണ്ടര്‍ ദ ഗ്രേറ്റിലേക്കു ചേര്‍ത്താണ് അലക്‌സാണ്ട്രിയ ഉണ്ടായത്. ഇവിടുത്തെ മാത്രമല്ല, ഈജിപ്തിലെയും ഒരേ പേരുള്ള നിരവധി സ്ഥലങ്ങള്‍ യൂറോപ്പിലുണ്ട്. യൂറോപ്പിലുള്ള സ്ഥലപ്പേരുകള്‍ അമേരിക്കയിലും കാണാം. ലോകം വികസിച്ചത് കുടിയേറ്റത്തിലൂടെയല്ലേ?'' കൊസിനോ വിശദീകരിച്ചു.
പാസ്‌ട്രോഫിഗാരോയില്‍ പി.ആര്‍.ഒ ആയ അദ്ദേഹം രാത്രി ഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേര്‍ന്നതാണ്. സ്‌പെയിനിലെ കോര്‍ദോവക്കാരനാണ് കൊസിനോ. സംസ്‌കാരം, നാഗരികത, തത്വചിന്ത തുടങ്ങിയ വിഷയങ്ങളില്‍ ഏറെ തല്‍പ്പരനായ അദ്ദേഹം സ്പാനിഷ് സംസ്‌കാരത്തെക്കുറിച്ച് വാചാലനായി. ''സ്‌പെയിന്‍ ഇന്നും ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. അറബികള്‍ ഞങ്ങള്‍ക്ക് നല്‍കിയ ''അല്‍''(അലിഫ്‌ലാം)ഭാഷയില്‍ മാത്രമല്ല, സംസ്‌കാരത്തിലും ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നു.'' കൊസിനോ കൂട്ടിച്ചേര്‍ത്തു.
സ്‌പെയിനില്‍ നിന്ന് ഇസ്‌ലാം കുടിയിറക്കപ്പെട്ട ദാരുണ രംഗം ഞാനോര്‍ത്തുപോയി. വൈജ്ഞാനിക മികവിന്റെയും വിശ്വാസ തെളിമയുടെയും ബലത്തില്‍ നാഗരികതയുടെ നെറുകയിലെത്തി ലോകത്തെ ദീപ്തമാക്കിയ സംസ്‌കൃതിയുടെ പടിയിറക്കം സ്വമനസ്സാലെ ആയിരുന്നില്ലല്ലോ. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍ വംശഹത്യയുടെ പേറ്റന്റ് 15-ാം നൂറ്റാണ്ടില്‍ അറഗോണ്‍ ഭരിച്ച ഫെര്‍ഡിനാന്റ് രാജാവിനവകാശപ്പെട്ടതാണ്. ഇന്നത്തെ സ്‌പെയിനും പോര്‍ച്ചുഗലുമടങ്ങിയ അന്നത്തെ അന്ദുലുസിന്റെ ഒരു കഷ്ണമായിരുന്നു അറഗോണ്‍. അന്ദുലുസില്‍ അറബികളുടെ അവസാന ശക്തി കേന്ദ്രമായിരുന്ന ഗ്രനഡയും വീണപ്പോള്‍ അവസാനത്തെ രാജാവ് അബൂ അബ്ദുല്ല ഒരു പിഞ്ചുബാലന്റെ കൈപിടിച്ച് മലയിറങ്ങി നാടുവിട്ട കദനകഥ ചരിത്രാഖ്യായികളില്‍ വായിച്ചപ്പോഴൊക്കെ കണ്ണുകള്‍ ആര്‍ദ്രമായിട്ടുണ്ട്.
രാത്രി ഭക്ഷണം കഴിക്കാനാണ് ഇരുന്നതെങ്കിലും മുമ്പില്‍ നിരത്തിവെച്ച വിഭവങ്ങളത്രയും തിളക്കമറ്റു കിടന്നു. കൊസിനോ തന്റെ നെഞ്ചകത്തില്‍ സൂക്ഷിക്കുന്ന അനുഭവങ്ങളുടെ നിറവറയില്‍ നിന്ന് വിളമ്പിയ അമൂല്യ സാംസ്‌കാരിക വിഭവങ്ങള്‍ അവയെ നിഷ്പ്രഭമാക്കുകയായിരുന്നു.
** ** **
അലസ്സാണ്ട്രിയയില്‍ നിന്ന് പഡുവയിലെത്തിയത് ഒരു വൈകുന്നേരമാണ്. 5 മണി സമയം. ഇറ്റലിയിലെ പുരാതന നഗരങ്ങളിലൊന്നാണ് പഡുവ. ഒട്ടേറെ ചരിത്ര സ്മൃതികളുറങ്ങുന്നിടം. മൂന്നുമണിക്കൂര്‍ നീണ്ട ട്രെയിന്‍ യാത്രക്കിടയില്‍ മിലാനോ സെന്‍ട്രല്‍, വെറോണ, ബ്രസിയ തുടങ്ങിയ സ്റ്റേഷനുകളിലൂടെ കടുന്നുപോരുകയുണ്ടായി. കൂട്ടത്തില്‍ വെറോണ വല്ലാതെ ഗൃഹാതുരത്വം പകര്‍ന്നു. വെറോണയിലെ രണ്ടു ബാലന്മാരെ കുറിച്ച കഥ നേരത്തെ വായിച്ചിരുന്നു. രോഗിണിയായി ആശുപത്രിയില്‍ കിടക്കുന്ന പെങ്ങളെ ചികിത്സിക്കാനുള്ള വക കണ്ടെത്താനായി വെറോണ നഗരത്തില്‍ പഴങ്ങള്‍ വിറ്റു നടക്കുന്ന സഹോദരന്മാരുടെ കഥ. മനസ്സിനെ വല്ലാതെ നോവിച്ച കഥയാണത്.
വെറോണയില്‍ ഞങ്ങള്‍ക്ക് ബോഗി മാറിക്കയറേണ്ട സാഹചര്യമുണ്ടായി. അലസ്സാണ്ട്രിയയില്‍ നിന്ന് കയറേണ്ടിയിരുന്നത് 9-ാം നമ്പര്‍ ബോഗിയിലാണ്. കയറിയതാവട്ടെ 7 ലും. വെറോണയിലെത്തിയപ്പോള്‍ കുറച്ചു സായിപ്പുമാര്‍ ''ഇത് ഞങ്ങളുടെ സീറ്റാണ്'' എന്ന വാദവുമായി സമീപിച്ചു. ''അല്ല, ഇതു ഞങ്ങളുടേതാണ്''. സലീം തര്‍ക്കിക്കാനൊരുങ്ങിയപ്പോള്‍ ''Check your tickets please'' എന്നായി അവര്‍. അബദ്ധം ബോധ്യപ്പെട്ടതോടെ ഞങ്ങള്‍ മാറിക്കേറി. ''ഭാഗ്യം, തര്‍ക്കം കുറച്ചുകൂടി നീണ്ടിരുന്നെങ്കില്‍ മഹാത്മജിക്ക് ദക്ഷിണാഫ്രിക്കയിലുണ്ടായ ദുരനുഭവം ആവര്‍ത്തിച്ചേനേ''. പെട്ടിയും വലിച്ച് ബോഗി മാറിക്കയറുന്നതിനിടെ ഷംസുവിന്റെ നര്‍മ്മം.
പഡുവ റെയില്‍വേ സ്റ്റേഷനില്‍ മി. സ്റ്റീഫന്‍ ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. ഇറ്റലിയില്‍ ഞങ്ങള്‍ക്കാതിഥ്യമരുളുന്ന രണ്ടാമത്തെ കമ്പനിയായ 'ഇന്‍ട്രാക്കി'ന്റെ എക്‌സ്‌പോര്‍ട്ട് മാനേജറാണ് സ്റ്റീഫന്‍.
സ്റ്റേഷനില്‍ നല്ല തിരക്ക്. സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ജനക്കൂട്ടം ജോലി കഴിഞ്ഞ് വീടുപിടിക്കാനുള്ള തത്രപ്പാടിലാണ്. സ്റ്റേഷന്‍ മുറ്റത്ത് സൈക്കിളുകളുടെ നീണ്ട നിര. ഓരോ സൈക്കിളും ഓരോ ഇരുമ്പു കുറ്റിയില്‍ തളച്ചിട്ടിരിക്കുകയാണ്. കുതിരകളെ തളച്ചിട്ടപോലെ. റയില്‍വേയുമായി ബന്ധപ്പെട്ട ജോലിക്കാരുടേതായിരിക്കാം അവ. അല്ലെങ്കില്‍ വിദൂര സ്ഥലങ്ങളില്‍ ജോലിയുള്ളവര്‍ പ്രഭാതത്തില്‍ കുറ്റിയില്‍ കുടുക്കിയിട്ട് ട്രെയിന്‍ കയറിയതാവാം. ഏതായാലും വാഹനത്തിരക്കുള്ള നിരത്തുകളില്‍ സായിപ്പുമാര്‍ക്ക് ഇപ്പോഴും സൈക്കിള്‍ ഇഷ്ടവാഹനം തന്നെ.
ഞങ്ങള്‍ സ്റ്റീഫനൊപ്പം സ്റ്റേഷന്‍ വിട്ടു. അപ്പോഴേക്ക് നേരം ഇരുട്ടി. ചക്രവാളത്തില്‍ അസ്തമയശോഭ കോറിയിട്ട ചിത്രങ്ങള്‍ ചിതറിക്കിടക്കുന്നു. കുളിരുള്ള സന്ധ്യ. തെരുവുവിളക്കുകള്‍ കണ്‍മിഴിച്ചു. പഡുവ നഗരം വെളിച്ചത്തില്‍ മുങ്ങി. സ്റ്റീഫന്റെ വോള്‍സ് വാഗണ്‍ വാന്‍ നഗരത്തിലെ റൗണ്ട് എബൗട്ടുകള്‍ ചുറ്റി, മേല്‍പ്പാലങ്ങള്‍ കയറിയിറങ്ങി ഒരു നക്ഷത്ര ഹോട്ടലിന്റെ സന്നിധാനത്ത് ചെന്നുനിന്നു. 'ഹോട്ടല്‍ ക്രൗണ്‍ പ്ലാസ'. ഇവിടെയാണ് അടുത്ത മൂന്ന് ദിവസം താമസിക്കേണ്ടത്. ''നിങ്ങള്‍ റൂമില്‍ പോയി ഫ്രഷ് ആയി വരിക. ഞാനിവിടെ ലോബിയിലുണ്ടാവും'' സ്റ്റീഫന്‍ പറഞ്ഞു.
** ** **
മിതമായ തണുപ്പുള്ള രാവില്‍ കാലത്തെ വെല്ലുവിളിച്ചു നില്‍ക്കുന്ന പുരാതന സൗധങ്ങള്‍ക്കിടയിലൂടെ കോണ്‍ക്രീറ്റു ഫലകങ്ങള്‍ പാകിയ തറയിലൂടെ ഞങ്ങള്‍ മൂളിപ്പാട്ടു പാടി നടന്നു. 'പ്യാസ കാവോര്‍' (Piazza cavour) എന്ന പുരാതന നഗരിയിലേക്കാണ് ഞങ്ങള്‍ പുറപ്പെട്ടതെന്ന് അവിടെ എത്തിയപ്പോഴാണ് അറിയുന്നത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ഫ്രഷായി തിരിച്ചെത്തിയപ്പോള്‍ ലോബിയില്‍ സ്റ്റീഫനൊപ്പം വിശ്രമിക്കുന്ന ഇന്‍ട്രാക് മാനേജര്‍ ക്രിസ്റ്റ്യാനോ, 'നമ്മള്‍ പോകുന്നത് 800 വര്‍ഷം പഴക്കമുള്ള ചരിത്രപ്രധാനമായൊരു സ്ഥലത്തേക്കാണ്' എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഊരിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. 'അവിടം ചുറ്റിക്കാണാം' എന്ന ധാരണയിലാണ് പുറപ്പെട്ടത്.
ചരിത്ര നഗരിയില്‍ ചെന്ന സമയം രാത്രിയായതിനാല്‍ അതിന്റെ പൂര്‍ണ്ണ ഓജസ്സ് ഒപ്പിയെടുക്കാനായില്ല. ഇറ്റാലിയന്‍ ചരിത്രത്തിലെ വീരനായകരായ പലരുടെയും പ്രതിമകള്‍ പലയിടങ്ങളിലായി കുത്തി നിറുത്തിയിരിക്കുന്നു. ഒന്നാംലോക യുദ്ധത്തിലോ മറ്റോ രാജ്യത്തിനു വേണ്ടി അടരാടിയ തോമസോ അല്‍ ബിനോനി, 1861 ല്‍ ഇറ്റലിയെ ഏകീകരിച്ച ഭരണാധികാരി കാമില്ലോ ബെന്‍സോ തുടങ്ങിയവരെല്ലാം പ്രതിമവല്‍ക്കരിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
കാമില്ലോയുടെ പ്രതിമക്കടുത്താണ് പഡുവ മേയറുടെ ആസ്ഥാന മന്ദിരം. മന്ദിരത്തിനു മുമ്പിലാണ് ഇറ്റലിയിലെ പുരാതന സര്‍വകലാശാലകളിലൊന്നായ പഡുവ സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. ലോക പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ ഗലീലി ഈ സര്‍വ്വകലാശാലയില്‍ അധ്യാപകനായിരുന്നു.
പോര്‍ട്ടാ അള്‍ട്ടിമൈറ്റ്(Porta Altimate)എന്നെഴുതിയിട്ടുള്ള സര്‍വകലാശാലാ കവാടത്തിനു മുമ്പില്‍ നാല് തൂണില്‍ കെട്ടിപ്പൊക്കിയ ഒരു ഒറ്റമുറിപ്പുരയുണ്ട്. അതിന്റെ ജനവാതില്‍ ഒരു പ്രതീകമായി എന്നും തുറന്നു കിടപ്പാണ്. ഒരു കാലത്ത് വിജ്ഞാനത്തിന്റെ കിളിവാതിലായിരുന്നുവത്. ആ ഒറ്റമുറിപ്പുരയിലാണത്രേ പഡുവ സര്‍വ്വകലാശാലയില്‍ അധ്യാപകനായിരിക്കെ ഗലീലിയോ കഴിച്ചുകൂട്ടിയത്. കൂടെയുള്ളവര്‍ മുന്നോട്ടു നടന്നു നീങ്ങിയപ്പോഴും ഞാനും ഉണ്ണ്യേട്ടനും ആ കിളിവാതിലിലേക്കു നോക്കി കുറച്ചുനേരം നിര്‍ന്നിമേഷരായി നിന്നു.
'ആധുനിക ശാസ്ത്രത്തിന്റെ പിതാവ്' എന്ന് സ്റ്റീഫന്‍ ഹോക്കിങ് വിശേഷിപ്പിച്ച ഗലീലിയോ ഊര്‍ജ്ജതന്ത്രം, ഗണിത ശാസ്ത്രം, ഗോളശാസ്ത്രം, തത്വചിന്ത തുടങ്ങിയ വിജ്ഞാനശാഖകളിലെല്ലാം അഗ്രഗണ്യനായിരുന്നല്ലോ. ഇറ്റലിയിലെ ഫ്‌ളോറന്‍സ് ജില്ലയുടെ ഭാഗമായിരുന്ന 'പീസ' ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1564 ഫെബ്രുവരി 15ന്. 18 വര്‍ഷത്തോളം (1592-1610)അദ്ദേഹം പഡുവ സര്‍വ്വകലാശാലയില്‍ അധ്യാപകനായിരുന്നു. മഹാനായ ഈ ശാസ്ത്രജ്ഞന്‍ വികസിപ്പിച്ചെടുത്ത ടെലസ്‌കോപ്പാണ് 'ശുക്ര' ഗ്രഹത്തിന്റെ ഭ്രമണപഥവും 'വ്യാഴ' ഗ്രഹത്തിന്റെ നാല് വലിയ ഉപഗ്രഹങ്ങളെയും കണ്ടെത്തിയത്. ആ ഉപഗ്രഹങ്ങള്‍ 'ഗലീലിയന്‍ മൂണ്‍സ്' എന്നറിയപ്പെടുന്നത് അദ്ദേഹത്തോടുള്ള ആദര സൂചനയാണ്. സൗരോപരിതലത്ത് പ്രത്യക്ഷപ്പെടുന്ന 'കാക്കാ പുള്ളികള്‍' കണ്ടെത്തിയത് ആ പ്രതിഭാശാലിയുടെ മറ്റൊരു സംഭാവന.
പിതാവിന്റെ അഭിലാഷം മാനിച്ച് മെഡിസിന് ചേര്‍ന്ന ഗലീലിയോ പാതിവഴിക്ക് നിറുത്തി ഗണിതശാസ്ത്രത്തിനു ചേരുകയായിരുന്നു. 'പ്രതിഭ'യും സമുചിത'ശാല'യും ഒത്തുവരുമ്പോഴാണല്ലോ പ്രതിഭാശാലി പിറവികൊള്ളുന്നത്.
പോളിഷ് ശാസ്ത്രജ്ഞനായ കോപ്പര്‍ നിക്കസിന്റെ ''സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദു, ഭൂമിയും ഇതര ഗ്രഹങ്ങളും സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനു ചുറ്റും കറങ്ങുകയാണ്'' എന്ന നിരീക്ഷണ(Heliocentric View) ത്തെ പിന്തുണച്ചത് ഗലീലിയോയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. വലിയൊരു വിഭാഗം ഗോള ശാസ്ത്രജ്ഞന്മാരും തത്വചിന്തകരും അപ്പോഴും 'ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനമെന്ന' നിലപാടി(Geocentric View)ല്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. മതപുരോഹിതര്‍ ഗലീലിയോയെ ശക്തമായി എതിര്‍ത്തു. 1615ല്‍ അദ്ദേഹത്തെ കാത്തലിക് ചര്‍ച്ചിനു കീഴിലുള്ള 'മതനിന്ദാനിരീക്ഷണ സമിതി' വിചാരണ ചെയ്തു. 'സൗരകേന്ദ്രീകൃത വാദം' ക്രൈസ്തവ പ്രമാണ പാഠങ്ങള്‍ക്കെതിരായതിനാല്‍ അതില്‍ നിന്ന് പിന്മാറണമെന്ന് ചര്‍ച്ച് അദ്ദേഹത്തെ താക്കീത് ചെയ്തു. ഗലീലിയോ വഴങ്ങി. പക്ഷെ 1632ല്‍ Dialogue concerning the Two chief World Systems എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിക്കുക മാത്രമല്ല ശക്തമായി ന്യായീകരിക്കുക കൂടി ചെയ്തതോടെ ചര്‍ച്ച് ഒരിക്കല്‍ കൂടി അദ്ദേഹത്തെ വിചാരണ ചെയ്യുകയും കടുത്ത മതനിന്ദകനായി പ്രഖ്യാപിക്കുകയും ചെയ്തു. ശിഷ്ടകാലം വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന മഹാനായ ആ ശാസ്ത്രജ്ഞന്റെ ജീവിതാന്ത്യം ഹൃദയഭേദകമായിരുന്നു. ഫ്‌ളോറന്‍സ് നഗരത്തില്‍ നിന്നകലെ ആര്‍സെട്രി ഗ്രാമത്തിലെ സ്വന്തം വീട്ടില്‍ കാഴ്ച നഷ്ടപ്പെട്ട്, ഉറക്കമില്ലാതെ കഴിഞ്ഞുകൂടിയ അദ്ദേഹം 1642 ല്‍ ലോകത്തോട് വിട പറഞ്ഞു.
ഗലീലിയോവിനെപ്പോലെയുള്ള ശാസ്ത്രജ്ഞരോട് കാണിച്ച കൊടും ക്രൂരതകളാണ് യൂറോപ്പില്‍ പില്‍ക്കാലത്ത് മതനിരാസ ചിന്തക്ക് ശക്തി പകര്‍ന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
പഡുവ സര്‍വകലാശാലയുടെ പരിസരത്ത് നിന്ന് നടന്നു നീങ്ങുമ്പോള്‍ ഇത്തരം ഓര്‍മ്മകള്‍ ഉണ്ണ്യേട്ടനുമായി പങ്കുവെച്ചുകൊണ്ടിരുന്നു.
(തുടരും)
Comments