അഹങ്കാരത്തിന്റെ നരകവും വിനയത്തിന്റെ സ്വര്‍ഗവും
ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-18
'മാലികി യൗമിദ്ദീന്‍'എന്നതിനു നന്മ-തിന്മകള്‍ക്ക് പ്രതിഫലം പ്രദാനം ചെയ്യുന്ന വിധിദിനത്തിനുടയവന്‍ എന്നാണ് അര്‍ത്ഥമെന്നതിലൂന്നി ചില കാര്യങ്ങള്‍ പറയുവാനാണ് ഇതുവരെ ശ്രമിച്ചത്. പക്ഷേ പ്രതിഫലം എന്നതില്‍ മരണാനന്തര സ്വര്‍ഗവും നരകവും മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നു തറപ്പിച്ചു പറയുന്നത് ഖുര്‍ആന് വിരുദ്ധമാകും എന്നൊരഭിപ്രായം കൂടി സവിനയം സൂചിപ്പിക്കട്ടെ. എന്തുകൊണ്ടെന്നാല്‍, പാപം ചെയ്തു പോയേക്കാന്‍ എപ്പോള്‍ വേണമെങ്കിലും സാധ്യതയുള്ള ഒരു സൃഷ്ടി എന്ന നിലയില്‍ മനുഷ്യന് അല്ലാഹുവില്‍ നിന്നു കിട്ടേണ്ട ഏറ്റവും അടിസ്ഥാനപരമായ പ്രതിഫലം എന്നത് മാപ്പാകുന്നു. 'പൊറുത്തു തരണേ പൊന്നു തമ്പുരാനേ' എന്നിങ്ങനെയുള്ള അപേക്ഷ ആത്മാവായിട്ടുള്ള പ്രാര്‍ത്ഥന എന്ന കര്‍മ്മത്തിനു അഥവാ പശ്ചാത്താപ പ്രാര്‍ത്ഥനയ്ക്കു സന്നദ്ധതയുള്ള വിനീത മനസ്‌കതയുള്ള മനുഷ്യര്‍ക്കു മാത്രമേ അല്ലാഹുവിങ്കല്‍ നിന്നുള്ള മാപ്പ് എന്ന പ്രതിഫലത്തിനും അര്‍ഹതയുണ്ടാകൂ. അല്ലാഹുവിനോട് മാപ്പ് അപേക്ഷിക്കേണ്ടി വരാത്ത വിധത്തില്‍ സമ്പൂര്‍ണ്ണമായും നന്മയില്‍ ആയിരിക്കുവാന്‍ കഴിയുന്ന മനുഷ്യര്‍ ആകാശത്തു സൂര്യന്‍ എന്നതുപോലെ വിരലിലെണ്ണാവുന്ന വിധം ചുരുക്കമായേ ഭൂമിയില്‍ ഉണ്ടാവൂ. അതുകൊണ്ടു തന്നെ 'പൊറുത്തു തരണമേ' എന്ന പ്രാര്‍ത്ഥനയാകുന്ന കര്‍മ്മത്തിനു പ്രതിഫലമായി ദയാനിധിയായ അല്ലാഹുവില്‍ നിന്ന് 'മാപ്പ്' എന്ന പ്രതിഫലം ലഭിക്കാതെ ഏതെങ്കിലും വ്യക്തിയോ ജനതയോ സ്വര്‍ഗ്ഗാവകാശികളായിത്തീരും എന്നു പറയുക വയ്യ. അതിനാലാണ്, 'മാപ്പ്' എന്നതാണ് അല്ലാഹുവില്‍ നിന്നു മനുഷ്യരാശിയ്ക്ക് ലഭിക്കേണ്ട അടിസ്ഥാനപരമായ പ്രതിഫലമെന്നും, അതു നേടിയെടുക്കുവാന്‍ മനുഷ്യര്‍ 'പൊറുത്തു തരണമേ' എന്നും വിനയമനസ്‌കതയോടെ പ്രാര്‍ത്ഥനാ നിരതരാകുക എന്ന കര്‍മ്മം അനുഷ്ഠിച്ചേ മതിയാകൂ എന്നുമുള്ള നിഗമനത്തില്‍ എത്തേണ്ടി വരുന്നത്. അല്ലാഹുവില്‍ നിന്നു ലഭിച്ചേക്കാവുന്ന ഏറ്റവും വലിയ പ്രതിഫലം പാപങ്ങള്‍ പൊറുത്തു തരുവാനുള്ള അവിടുത്തെ ദയാവായ്പാണെന്നു ചുരുക്കം. ഇതിനെ അവഗണിച്ച് സത്കര്‍മ്മങ്ങള്‍ക്ക് സ്വര്‍ഗ്ഗം എന്ന അനുഗ്രഹവും ദുഷ്‌ചെയ്തികള്‍ക്ക് നരകം എന്ന ശിക്ഷയും പ്രദാനം ചെയ്യുന്നവന്‍ മാത്രമാണ് അല്ലാഹു എന്നാണ് 'മാലികി യൗമിദ്ദീന്‍' എന്നതിന്റെ ഒരേയൊരര്‍ത്ഥം എന്നു തീര്‍പ്പു കല്‍പ്പിക്കുന്നത് ഖുര്‍ആനിന്റെ ആത്മാവിനു നിരക്കും എന്നു തോന്നുന്നില്ല. കാരണം, പശ്ചാത്താപം എന്ന കര്‍മ്മത്തിനു ലഭിക്കുന്ന 'പൊറുമ' പ്രധാന പ്രതിഫലമാണെന്നതു തന്നെ.
പശ്ചാത്തപിക്കേണ്ടി വരുന്ന വിധം തെറ്റുകളിലേക്ക് മനോ വാക് കര്‍മ്മങ്ങളിലൂടെ തെന്നി വീണേയ്ക്കാവുന്ന ദൗര്‍ബല്യമുള്ളവരാണ് ബഹുഭൂരിപക്ഷം മനുഷ്യരും. ഇക്കാര്യവും അറിയുന്നവനാണു സര്‍വ്വജ്ഞനായ അല്ലാഹു. ദൗര്‍ബല്യത്തിന്റെ തെന്നി വീഴ്ചകളോട് പൊറുക്കാനുള്ള ദയ കൂടി അല്ലാഹുവിനുള്ളതിനാലാണ് ഭൂമിയില്‍ ബഹുഭൂരിപക്ഷം മനുഷ്യരും നിലനില്‍ക്കുന്നത്. ആദ്യത്തെ മനുഷ്യനായ ആദം നബി തന്നെയും അല്ലാഹുവിന്റെ ദയാവായ്പിനാലാണ് പാടെ പുറന്തള്ളപ്പെടാതെ മാനവികതയ്ക്കു മാതൃകയായി നിലനില്‍ക്കുവാന്‍ ഇടയായതെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ. അതിനാല്‍ അല്ലാഹുവിന്റെ പൊറുമ എന്ന പ്രതിഫലത്തിന്റെ തണലാണ് മാനവരുടെ ഇഹ-പര ജീവിതത്തിന്റെ അടിസ്ഥാന ആശ്രയം എന്നു പറയാതെ വയ്യ. 'വീഴ്ച പറ്റിപ്പോയി, പൊറുത്തു തരണം' എന്ന പ്രാര്‍ത്ഥനയ്ക്കു മാപ്പ് എന്ന പ്രതിഫലം അല്ലാഹു പ്രദാനം ചെയ്യുന്നതു കൊണ്ടു കൂടിയാണ് അവിടുന്ന് കരുണാനിധിയും ദയാപരനും ആയി വിശേഷിപ്പിക്കപ്പെടുന്നത്. അല്‍ ഫാത്തിഹയിലെ 'അര്‍റഹ്മാനിര്‍റഹീം'(കരുണാനിധിയും ദയാപരനും) എന്ന പ്രാരംഭ വാക്യവുമായി 'മാലികിയൗമിദ്ദീന്‍'(വിധിദിനത്തിനുടയവന്‍) എന്ന വാക്യത്തെ ചേര്‍ത്തുവെച്ചു ചിന്തിക്കുന്ന ഏതൊരാള്‍ക്കും വീഴ്ചകള്‍ പൊറുത്തു തരിക എന്ന വലിയ പ്രതിഫലത്തിന്റെ തണല്‍ വിരിപ്പ് ഇഹപരങ്ങളില്‍ പശ്ചാത്തപിക്കുന്ന മനുഷ്യര്‍ക്ക് പ്രദാനം ചെയ്യുന്ന മാഹാകാരുണ്യം കൂടിയാണ് അല്ലാഹു എന്നു പറയേണ്ടി വരും. മൂസാനബി തെല്ലിട വിട്ടു നിന്നപ്പോഴേയ്ക്കും പശുക്കുട്ടിയെ ദൈവമാക്കി ആരാധിക്കുക എന്ന പാപത്തിലേക്ക് മൂസായുടെ ജനം തെന്നിവീണു. അല്ലാഹു ആ വിവരക്കേട് പൊറുക്കുവാന്‍ തയ്യാറായതിനാല്‍ മാത്രമാണ് പിന്നീട് ജൂതര്‍ തന്നെ ഭൂമിയില്‍ അവശേഷിക്കുവാന്‍ ഇടയായത്. 'പിഴകള്‍ പൊറുത്തു തരണമേ' എന്ന മൂസാനബിയുടെ പ്രാര്‍ത്ഥനയ്ക്കു ലഭിച്ച പ്രതിഫലമായിരുന്നു അത്. ഇങ്ങനെ, പിഴകള്‍ പറ്റുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്ത വ്യക്തികളോടും ജനങ്ങളോടും അല്ലാഹു പൊറുക്കാനുള്ള ദയ കാണിച്ചതിനു എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താം. പക്ഷേ വിസ്താരഭയത്താല്‍ അതിനിവിടെ ഒരുങ്ങുന്നില്ല. എന്നാല്‍ സൂചിപ്പിക്കുവാന്‍ ഉദ്ദേശിച്ച തത്ത്വം ഇതാണ്: പൊറുമയാണ് അല്ലാഹുവില്‍ നിന്നുള്ള അടിസ്ഥാനപരമായ പ്രതിഫലം. അതു ലഭിക്കാനുള്ള പശ്ചാത്താപപരവശമായ മനോഭാവം ഉണ്ടായിരുന്നാല്‍ മനുഷ്യന് ഇഹ-പരങ്ങളില്‍ പൊറുതി അഥവാ സമാധാനം തീര്‍ച്ചയുമാണ്. സമാധാനത്തിന്റെ അഴിവൊഴിവില്ലാത്ത അവസ്ഥയാണ് സ്വര്‍ഗം; അസമാധാനത്തിന്റെ അഴിവൊഴിവില്ലാത്ത പീഡനാവസ്ഥയാണു നരകം.
ഇത്രയും പറഞ്ഞത് പശ്ചാത്തപിക്കുവാനുള്ള മനോഭാവം ഉണ്ടായിരിക്കുന്നവര്‍ക്കേ ഇഹ-പര സമാധാനം എന്ന പ്രതിഫലം സിദ്ധിക്കൂ എന്നു സൂചിപ്പിക്കുവാനാണ്. എന്നുവെച്ചാല്‍ നരകം, പശ്ചാത്തപിക്കാനുള്ള മനോഭാവം ലവലേശം ഇല്ലാത്തവര്‍ക്കുള്ള സങ്കേതമാണെന്നര്‍ത്ഥം. പശ്ചാത്തപിക്കുവാനുള്ള മനോഭാവം ആര്‍ക്കാണ് ലവലേശം ഇല്ലാതെ വരിക? ഈ ചോദ്യത്തിന് ഉത്തരം തേടേണ്ടതുണ്ട്. അഹങ്കാരികള്‍ക്കേ പശ്ചാത്തപിക്കുവാനുള്ള മനോഭാവം ഇല്ലാതിരിക്കൂ. ഞാന്‍ പണ്ഡിതനാണ്; ഞാന്‍ പണക്കാരനാണ്; ഞാന്‍ സൗന്ദര്യമുള്ളവനാണ് എന്നൊക്കെ കരുതി ഞെളിയുന്നത് അഹങ്കാരമാണെന്നു നാം പറയാറുണ്ട്. പക്ഷെ ഇത്തരം അഹങ്കാരത്തിനൊക്കെ ഒരു അതിരുണ്ട്. എന്തും ചോദിച്ചോളൂ, ഞാന്‍ ഉത്തരം പറയാം എന്ന മട്ടില്‍ ഞെളിയുന്ന പണ്ഡിതന്റെ അഹങ്കാരം 'താങ്കളുടെ ശരീരത്തില്‍ എത്ര രോമമുണ്ട്' എന്ന ചോദ്യ ശരണങ്ങളാല്‍ ഒരു പക്ഷേ മുറിവേറ്റ് തലത്താഴ്ത്തിയേക്കും. പണക്കാരനാണെന്ന അഹങ്കാരം ഭൂമികുലുക്കം, യുദ്ധം, രോഗം എന്നിവയാല്‍ സ്വത്തു മുഴുവന്‍ കൈമോശപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ താനെ ശമിക്കും. സുന്ദരനാണെന്ന അഹങ്കാരം ജരാനര ബാധകളാല്‍ തണുത്തുപോകും. അതുകൊണ്ടു തന്നെ ഇത്തരം അഹങ്കാരങ്ങള്‍ക്കു അതിരുണ്ട്. എന്നാല്‍ മറ്റൊരു അഹങ്കാരമുണ്ട്. അറുതിയും പൊറുതിയും ഇല്ലാത്തതാണത്. 'ഞാന്‍ വിശുദ്ധനാണ്, എനിക്കൊരു തെറ്റും പറ്റുകയില്ല; പറ്റിയിട്ടുമില്ല' എന്ന അഹങ്കാരമാണത്. 'ആദ്ധ്യാത്മികാഹങ്കാരം' എന്നതിനെ വിളിക്കാം. 'ഈശ്വരോഹമഹം ഭോഗി/ സിദ്ധോഹം ബലവാന്‍ സുഖി' എന്നിങ്ങനെ ഇത്തരക്കാരെ ഭഗവദ്ഗീത ആസുര പ്രകൃതരെന്ന നിലയില്‍ അവതരിപ്പിക്കുന്നുണ്ട്. ഞാന്‍ ഈശ്വരതുല്യം ബലവാനും സുഖിയും ഇച്ഛകളെല്ലാം സ്വായത്തമായവനും ആണെന്ന മനോഭാവമാണിത്. എല്ലാ ആള്‍ ദൈവങ്ങളുടെയും മനോഭാവമാണിത്. 'ഈശ്വരതുല്യം വിശുദ്ധനാണു ഞാനെ'ന്നും മറ്റും അഹങ്കരിക്കുന്ന ഒരാള്‍ക്കും പശ്ചാത്തപിക്കുവാനുള്ള വിനയത്തിന്റെ മനോഗുണം ഉണ്ടാവില്ല. തനിക്കു തെറ്റേ പറ്റിയിട്ടില്ലെന്നും തെറ്റ് പറ്റുകയില്ലെന്നും കരുതി ഞെളിയുന്നവര്‍ എങ്ങിനെ പശ്ചാത്തപിക്കും? പുണ്യവാളന്മാര്‍ എങ്ങനെ പാപപരിഹാരാര്‍ത്ഥം പശ്ചാത്താപ പ്രാര്‍ത്ഥന ചെയ്യും? ഇത്തരക്കാര്‍ എല്ലാ മതവിഭാഗങ്ങളിലും ഉണ്ട്. അവരൊക്കെ സ്വര്‍ഗം അവര്‍ക്കുള്ളതാണെന്ന് മേനി നടിക്കുകയും വമ്പു പറയുകയും ചെയ്തു കൊണ്ടിരിക്കും. ഇത്തരം മനോഗതിക്കാരെ വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചു പരാമര്‍ശിച്ചു തുറന്നു കാട്ടുന്നുണ്ട്. ''ആര്‍ക്കെങ്കിലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രേ''(അല്‍ ബഖറ-111)എന്ന ഖുര്‍ആനിലെ പ്രഖ്യാപനം തന്നെ, തങ്ങളുടെ മതം മാത്രമാണു പരിശുദ്ധമെന്നും അതില്‍ അംഗമാകാതെ ആര്‍ക്കും സ്വര്‍ഗം പ്രാപ്തമാകില്ലെന്നുമുള്ള സംഘടിതമായ 'ആദ്ധ്യാത്മികാഹങ്കാര'ത്തെ തുറന്നുകാട്ടുന്നു. സ്വയം പരിശുദ്ധി നടിക്കുന്നവരുടെ നിലപാടുകള്‍ അസാധുവാക്കുന്ന പ്രഖ്യാപനങ്ങളും ഖുര്‍ആനില്‍ വായിക്കാം. ''സ്വയം പരിശുദ്ധരെന്ന് അവകാശപ്പെടുന്നവരെ നീ കണ്ടിട്ടില്ലേ? എന്നാല്‍ അല്ലാഹു അവനുദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട് ഒരു തരിമ്പും അനീതി കാണിക്കുന്നതല്ല''(അന്നിസാഅ്-49) എന്നത്രേ ഖുര്‍ആന്‍ പറയുന്നത്. അവനവനല്ല അല്ലാഹു മാത്രമാണ് മനുഷ്യരെ പരിശുദ്ധരാക്കുവാന്‍ അധികാരപ്പെട്ടവനെന്നു ചുരുക്കം. പക്ഷേ ഇതൊന്നും സ്വയം പ്രഖ്യാപിത പുണ്യാളന്മാരും പുണ്യാളത്തികളും ശ്രദ്ധിക്കില്ല. അവര്‍ തങ്ങള്‍ തെറ്റില്ലാത്തവരാണെന്ന ഉറപ്പില്‍ പശ്ചാത്തപിക്കുവാനുള്ള വിനയം ലവലേശമില്ലാതെ, തിരുത്താനാകാത്ത തെറ്റിലേക്ക് അവര്‍ 'വിശുദ്ധാഹങ്കാരഭാര'ത്തോടെ നിപതിച്ചു കൊണ്ടിരിക്കും. ഇത്തരക്കാര്‍ക്ക് അവകാശപ്പെട്ടതാണു നരകം.
എന്നാല്‍, വിശ്വാസം എന്നതു സ്വയം 'വിശുദ്ധ'നെന്ന നാട്യം കൊള്ളലല്ല. മറിച്ച് തെറ്റുപറ്റിയേക്കാവുന്ന വെറും മനുഷ്യനാണ് താനെന്ന ബോധത്തോടെ, തെറ്റില്‍ നിന്നു കാക്കാനും, പറ്റിപ്പോയ തെറ്റുകള്‍ പൊറുക്കാനും ആയി സര്‍വ്വശക്തനായ അല്ലാഹുവിന്റെ കാരുണ്യം തേടാനുള്ള വിനയം കാത്തുസൂക്ഷിച്ചു ജീവിക്കലാണ്. എന്നുവെച്ചാല്‍ പാപമോചനം തേടുവാനുള്ള സന്നദ്ധത സദാ നിലനിര്‍ത്തി ജീവിക്കലാണ് വിശ്വാസം.
പാപമോചനം തേടാനുള്ള സന്നദ്ധത ഉള്‍പ്പെട്ടതാണു വിശ്വാസം എന്നു ഖുര്‍ആന്‍ പ്രത്യേകം പറയുന്നുണ്ട്. ''അല്ലാഹുവോട് പാപമോചനം തേടുക; തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു''(അന്നിസാഅ്-106). ഈ ഒറ്റ സൂക്തം ഇതുവരെ പറഞ്ഞത് അത്രയും സമര്‍ത്ഥിക്കുവാന്‍ പര്യാപ്തമാണ്. 'തെറ്റുകള്‍ പൊറുക്കണമേ' എന്ന പ്രാര്‍ത്ഥനക്ക് മാപ്പ് എന്ന പ്രതിഫലം നല്‍കുവാന്‍ കരുണയുള്ളവനാണ് അല്ലാഹു എന്നു ബോധ്യപ്പെടുത്തുന്നതാണെന്നു ചുരുക്കം. പാപം ചെയ്തു പോവുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് പൊറുത്തു കൊടുത്തു അവരെ സ്വര്‍ഗത്തോപ്പില്‍ പ്രവേശിപ്പിക്കുന്നതാണ് അല്ലാഹുവിന്റെ കാരുണ്യമെന്നു ഖുര്‍ആനിലെ 3-ാം അധ്യായത്തിലും പറയുന്നുണ്ട്. ''വല്ല നീചകൃത്യവും ചെയ്തു പോയാല്‍ അഥവാ സ്വന്തത്തോടു തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍, അല്ലാഹുവെ ഓര്‍മ്മിക്കുകയും തങ്ങളുടെ പാപങ്ങള്‍ക്കു മാപ്പു തേടുകയും ചെയ്യുന്നവര്‍ക്കു വേണ്ടി പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതാരാണുള്ളത്? ചെയ്തുപോയ ദുഷ്പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചു നില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും താഴ്ഭാഗത്തു കൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും.''(ആലു ഇംറാന്‍-135-136).
ഇതില്‍ നിന്നെല്ലാം, പാപം ചെയ്തുപോവുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്കു മാപ്പ് എന്ന പ്രതിഫലം നല്‍കി അവരെ സ്വര്‍ഗ്ഗത്തോപ്പിനു നിത്യാവകാശികളാക്കുന്നവന്‍ കൂടിയാണ് അല്ലാഹു എന്നതാണു മാലികി യൗമിദ്ദീന്‍ എന്നതിനു നല്‍കാവുന്ന വിശാലാര്‍ത്ഥമെന്നു പറയേണ്ടി വരുന്നു. അതിനാല്‍ പാപം ചെയ്യാത്ത പരിശുദ്ധര്‍ക്ക് മാത്രം പ്രവേശനമുള്ളത് എന്നതിനേക്കാള്‍ പാപം ചെയ്തുപോവുക എന്ന ദൗര്‍ബല്യത്തോടൊപ്പം പശ്ചാത്തപിക്കുവാനുള്ള വിനയവും കാത്തുസൂക്ഷിക്കുന്ന ഭക്തരായ ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണു സ്വര്‍ഗ്ഗം എന്നു പറയുന്നതാകും ഖുര്‍ആനികമായി കൂടുതല്‍ ശരി എന്നു ചിന്തിക്കേണ്ടി വരുന്നു.
Comments