Prabodhanm Weekly

Pages

Search

2015 മെയ്‌ 29

കുട്ടിക്കുറ്റവാളിയുടെ പ്രായമെത്ര?

അഡ്വ. ഒ. ഹാരിസ് കായംകുളം /ലേഖനം

         ''ഞാന്‍ നിങ്ങളോട് ഇപ്പോള്‍ സംസാരിക്കുമ്പോള്‍ ഏതോ വീടുകളുടെ അടുക്കളകളില്‍ വിശ്രമമില്ലാതെ കുരുന്നുകള്‍ പണിയെടുക്കുന്നു. ഖനികളില്‍ കല്ല് ചുമക്കുന്നു. അവരെല്ലാമാണ് ഈ പുരസ്‌കാരത്തിന് അവകാശികള്‍.'' ബാലവേലയ്‌ക്കെതിരെ സ്വജീവിതം ഉഴിഞ്ഞുവെച്ച നോബല്‍ സമ്മാന ജേതാവായ കൈലാഷ് സത്യാര്‍ത്ഥി സമ്മാനം സ്വീകരിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണിത്. ലോകത്ത് ഏറ്റവുമധികം ബാലവേലക്കാരുള്ള രാജ്യമാണ് നമ്മുടേത്.  44 ശതമാനവും 25 വയസ്സിന് താഴെയുള്ളവരുടെ ജന്മഭൂമിയാണിത്. അതുകൊണ്ടാണ് ഇന്ത്യ കുട്ടികളുടെ രാജ്യമെന്ന് അറിയപ്പെടുന്നത്. ആരാണ് കുട്ടി? എത്രവയസ്സാണ് കുട്ടി പ്രായം? കുട്ടിപ്രായം 18 ല്‍ നിന്നും 16 ആയി കുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭ സമീപകാലത്ത്  തീരുമാനമെടുത്തിരുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ പ്രായം എത്രയാണെന്ന് നിജപ്പെടുത്താന്‍  രണ്ട് വര്‍ഷമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ന്യായാധിപന്മാരും സാമൂഹികപ്രവര്‍ത്തകരും മനശ്ശാസ്ത്ര വിദഗ്ധരും, നരവംശ ഗവേഷകരും ശരീര ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും അടങ്ങുന്ന സംഘമാണ് രാജ്യത്തെ നിലവിലുള്ള നിയമം വ്യാഖ്യാനിക്കുന്ന കുട്ടിപ്രായം കുറയ്ക്കാന്‍ തീരുമാനമെടുത്തത്.

ഇന്ത്യയിലെ കുട്ടികളെ സംബന്ധിക്കുന്ന അടിസ്ഥാന നിയമമാണ് ബാലനീതി നിയമം. നമ്മുടെ ഭരണഘടന 14 വയസ്സുവരെയുള്ളവരെ കുട്ടികളായി പരിഗണിക്കണമെന്നാണ് അനുശാസിക്കുന്നതെങ്കിലും രണ്ടായിരാമാണ്ടില്‍  പാര്‍ലമെന്റ് പാസ്സാക്കിയ ബാലനീതി നിയമത്തില്‍ കുട്ടിപ്രായം മറ്റേത് നിയമത്തില്‍ എന്ത്തന്നെ പറഞ്ഞിരുന്നാലും 18 ആയി നിജപ്പെടുത്തിയിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട് ഇരുപതോളം നിയമങ്ങളുള്ള രാജ്യമാണ് നമ്മുടേത്. ഇതിലെല്ലാം തന്നെ കുട്ടിപ്രായം വ്യത്യസ്തമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശൈശവഘട്ടം അവസാനിക്കുന്ന പ്രായം 18 ആയി നിജപ്പെടുത്തിയത് അന്താരാഷ്ട്ര ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ നമ്മുടെ ബാലനീതി നിയമത്തിലാണ്. ഐക്യരാഷ്ട്ര സംഘടനയുടെ 1989-ലെ കുട്ടികളുടെ അവകാശ പ്രഖ്യാപനത്തിലാണ് 18 വയസ്സായി കുട്ടിപ്രായം നിജപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ചുവട് പിടിച്ചാണ് നമ്മുടെ രാജ്യത്ത് 18 വയസ്സിന് താഴെയുള്ള ആണും പെണ്ണും കുട്ടികളായി പരിഗണിക്കാന്‍ പറഞ്ഞിട്ടുള്ളത്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ കുട്ടിപ്രായം വ്യത്യസ്തമാണ്. ചൈനയില്‍ 25 വയസ്സാണെങ്കില്‍ സിംഗപ്പൂരില്‍ 12 വയസ്സാണ്. ഇന്ത്യയില്‍ ഒരാള്‍ കുറ്റവാളിയായി കണക്കാക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 7 വയസ്സ് മുതല്‍ക്കാണ്. 7 വയസ്സിന് താഴെയുള്ളവര്‍ ചെയ്യുന്നത് കുറ്റകൃത്യമല്ലെന്നാണ് ശിക്ഷാ നിയമം നിര്‍വചിച്ചിട്ടുള്ളത്. ബ്രിട്ടനില്‍ 10 വയസ്സും ജപ്പാനില്‍ 14 വയസ്സും പോളണ്ട്, റഷ്യ എന്നിവിടങ്ങളില്‍ 16 വയസ്സും. 

എന്തായാലും സമീപകാലത്ത് ഇന്ത്യയില്‍ കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളുടെ പ്രായത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്റ് ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയും, അതില്‍ ക്രൂരമായ കുറ്റകൃത്യം ചെയ്യുന്ന കുട്ടികളുടെ പ്രായം 16 വയസ്സായി നിജപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ വളഞ്ഞ് വെച്ച് ആക്രമിച്ച് രണ്ട് പല്ല് കൊഴിക്കുകയും മറ്റു പല്ലുകള്‍ക്ക് കേടുപാടുണ്ടാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റകൃത്യം ചെയ്ത ആളിന്റെ പ്രായം 18 ആയതിനാല്‍ കേരള ഹൈക്കോടതി കുട്ടിയെ ബാലകുറ്റവാളിയായി പരിഗണിക്കാന്‍ പറഞ്ഞു. 

കുട്ടിപ്രായം കുറക്കാന്‍ ജ്യുവനൈല്‍ ജസ്റ്റീസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ  ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന 16 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്  ബാലനീതി നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കാന്‍ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള നിയമപ്രകാരം  ശിക്ഷ നല്‍കുന്നതിനുള്ള കരട് ബില്ല് തയാറാക്കിയിരുന്നു. 18 വയസ്സുവരെയുള്ളവരെ നിയമത്തിന് പരിധിയില്‍ വരുത്തുന്ന വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് നിര്‍ദ്ദേശം. ക്രൂരമായ കുറ്റകൃത്യം ചെയ്യുന്ന 16 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കുട്ടികളെന്ന പരിഗണന ലഭിക്കില്ല. മുതിര്‍ന്നവര്‍ക്ക് ബാധകമായ നിയമപ്രകാരം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും . കുറ്റകൃത്യങ്ങള്‍ പരിഗണിക്കേണ്ടത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമാണോയെന്ന് തീരുമാനിക്കേണ്ടത് ജ്യുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ്. കുറ്റവാളിയുടെ സാമൂഹിക, സാമ്പത്തിക, പശ്ചാത്തലം, കുറ്റകൃത്യങ്ങളുടെ ഗൗരവം, തെളിവുകള്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കണം  തീരുമാനം. ഇത്തരം കേസുകളുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളാകുന്ന ബലാത്സംഗകേസുകളുടെ എണ്ണം വര്‍ഷംതോറും കൂടിവരുന്നു.  പൈശാചികവും ഗൗരവതരവുമായ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെടുന്ന 16 -18 ഇടയില്‍ പ്രായമുള്ളവരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രാകരം ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്നാണ് ഭേദഗതി നിര്‍ദ്ദേശം. കുറ്റകൃത്യത്തിന്റെ നിഷ്ഠുരത, തെളിവുകള്‍, കുറ്റവാളിയുടെ സ്വഭാവം, സാമൂഹിക, സാമ്പത്തിക, മാനസിക സ്ഥിതി എന്നിവ പരിശോധിക്കണം. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള വിചാരണക്ക്  വിടണോയെന്ന് ജ്യുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് തീരുമാനിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കും പരിചരണത്തിനും വികസനത്തിനും പുനരുദ്ധാരണത്തിനുമായി രൂപംനല്‍കിയതാണ് ബാലനീതി നിയമം. നിയമവ്യവസ്ഥകള്‍ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനാണ്, പകരം വീട്ടാനുള്ളതല്ല. പുനരധിവസിപ്പിക്കുന്നതിനും കുട്ടിയെ വീണ്ടും പൊതുസമൂഹത്തിന്റെ ഭാഗമാക്കുന്നതിനും വേണ്ടിയാണ്. കുട്ടികളുടെ മാനസിക സാമൂഹിക വൈകാരിക അവസ്ഥ മനസ്സിലാക്കുന്നതില്‍  വൈദഗ്ധ്യം നേടിയവരുടെ നിര്‍ദ്ദേശവുംകൂടി കണക്കിലെടുത്താണ് പ്രായം നിജപ്പെടുത്തേണ്ടത്. കുട്ടികളുടെ മാനസികവും ശീരീരികവും ബുദ്ധിപരവുമായ വളര്‍ച്ച അതാത് പ്രദേശങ്ങളിലെ ഭക്ഷണസമ്പ്രദായത്തിന്റെയും ജൈവികാവസ്ഥയുടെയും കുടുംബജീവിതത്തിന്റെയും പാരമ്പര്യത്തിന്റെയും പശ്ചാത്തലത്തിലാണ് നിര്‍ണയിക്കുന്നത്. കുട്ടികളെ ഭാവിയില്‍ കൊടും കുറ്റവാളികളാക്കി മാറ്റുന്നതിന് പകരം പരിവര്‍ത്തനത്തിന് വിധേയമായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരുന്ന വിധത്തിലാവണം ശിക്ഷാ സമ്പ്രദായം നടപ്പിലാക്കാന്‍. 16-18 വയസ്സിന് ഇടയിലുള്ള ചില കുട്ടികളുടെ കുറ്റവാസന അവരെ സമൂഹത്തിന്റെ ഭാഗമാക്കാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടാകാം. എന്നാല്‍ അത്തരം ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ അടിസ്ഥാന നിയമത്തില്‍ കാതലായ മാറ്റം വരുത്തുന്നതിന് സ്വാധീനിക്കാന്‍ പാടില്ലെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്.

കൗമാരപ്രായക്കാരില്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രവണത ഏറിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നമ്മുടെ രാജ്യത്തെ കുറ്റകൃത്യങ്ങളില്‍  ഒരു ശതമാനത്തോളമാണ് കുട്ടികളുടേതായുള്ളത്. കൂടുതല്‍ കുറ്റങ്ങളും 16-18 ന് ഇടയിലുള്ളവര്‍ ചെയ്യുന്നതായാണ് കാണുന്നത് . മോഷണം, കൊള്ള, റാഗിംഗ്, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, ലൈംഗികപീഡനങ്ങള്‍ തുടങ്ങിയ കേസുകളിലും കുട്ടികളുടെ സ്വാധീനം ഏറിവരുന്നതായാണ് ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. ഇതില്‍ 5ശതമാനത്തോളം പെണ്‍കുട്ടികള്‍ ഭാഗഭാക്കാകുന്നു. എന്താണ് കുറ്റകൃത്യമെന്നത് ഓരോ സമൂഹവും കാലഘട്ടവും നിര്‍വചിക്കുന്നതാണ്. ഒരാളില്‍ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നത് പല സ്ഥലങ്ങളിലും പലവിധ പരിഗണനയിലൂടെയാണ്. പ്രായം ഇതില്‍ ഒരു ഘടകമാണ്. എന്നാല്‍ ഒരാള്‍ സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ കഴിയുന്ന ഒരു വ്യക്തിയായി മാറുന്നതെപ്പോഴെന്നതാണ് ഇവിടെ തീരുമാനിക്കാനുള്ളത്.

ചെയ്യുന്ന കുറ്റത്തിന്റെ വ്യാപ്തിയും സ്വഭാവവും ഗൗരവവും ഓരോ സംഭവത്തിലും വ്യത്യസ്തമാവാം. അപൂര്‍വ്വവും അസാധാരണവും ഒറ്റപ്പെട്ടതുമായ കേസുകളെടുത്ത് മൊത്തത്തില്‍ നിര്‍വചിക്കുന്നത് നീതി നിഷേധമാണ്. എന്തായാലും പ്രായത്തെ അടിസ്ഥാനമാക്കി കുട്ടിയെ നിര്‍വചിക്കുന്നതിനേക്കാള്‍ കുട്ടികള്‍ മുതിര്‍ന്നവരായി മാറുന്ന പ്രക്രിയയിലും, അവര്‍ ജനിച്ച് വളര്‍ന്ന സാഹചര്യത്തില്‍ നിന്നും ലഭിക്കുന്ന പരിപോഷണത്തിലുമാണ് ഊന്നല്‍ നല്‍കേണ്ടത്. കുട്ടികളെ ഗുണപരമായ മാറ്റങ്ങളിലൂടെ തിരികെ സമൂഹത്തിലേക്ക് കൊണ്ടുവരികയാണ് ജയില്‍ ശിക്ഷയേക്കാള്‍ അഭികാമ്യം. മനുഷ്യവിഭവത്തെ യഥാവിധി ഉപയോഗിക്കുന്നതിലാണ് വികസനത്തിന്റെ അടിസ്ഥാന ഘടകം നിലകൊള്ളുന്നത്. കുറ്റവാളിയെ ശിക്ഷിച്ച് കിട്ടിയാല്‍ സമാധാനപരമായി ഉറങ്ങാമെന്ന തോന്നല്‍ മാറണം. ലൈംഗിക താല്‍പര്യം കുറ്റമല്ലെന്നും അത് കുറ്റമാകുന്നത് ഒരാളെ ആക്രമിക്കുമ്പോഴാണെന്നുമുള്ള അറിവാണ് കുട്ടിക്ക് നല്‍കേണ്ടത്. 'കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോള്‍ ഞാന്‍ ദൈവത്തെയാണ് കാണുന്നത്' എന്ന കൈലാഷ് സത്യാര്‍ത്ഥിയുടെ വാക്കുകള്‍ എത്ര അര്‍ത്ഥപൂര്‍ണ്ണമാണ്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /26, 27
എ.വൈ.ആര്‍