പ്രവാസി കൂട്ടായ്മകളെ തകര്‍ക്കാന്‍ ഛിദ്രശക്തികള്‍ കരുനീക്കുന്നു
പ്രവാസ ലോകത്ത് അടുത്ത കാലത്തായി ഫേസ്ബുക് അഭ്യാസപ്രകടനങ്ങള്‍ പതിവായി കണ്ടുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും മലയാളികളാണ് ഈ അഭ്യാസങ്ങളിലെ പ്രധാന താരങ്ങള്‍. ലോകത്ത് ജീവന്റെ സാന്നിധ്യമുള്ളിടത്തെല്ലാം മലയാളിയുണ്ടെന്നതാണ് വസ്തുത. മലയാളി സമൂഹത്തിന്റെ അന്വേഷണത്വരയുടെയും അത്യധ്വാനത്തിന്റെയും ത്യാഗബോധത്തിന്റെയും അടയാളമാണ് പ്രവാസം. 1950-കളില്‍ എണ്ണപ്പാടങ്ങളില്‍ സ്വര്‍ണം വിളഞ്ഞതിനെ തുടര്‍ന്നുള്ള തൊഴിലവസരങ്ങളാണ് താരതമ്യേന ജനസംഖ്യ കുറഞ്ഞ ഗള്‍ഫുനാടുകളിലേക്കുള്ള കുടിയേറ്റത്തിനു കാരണമായത്. അഭ്യസ്തവിദ്യര്‍ക്കിടയിലെ തൊഴിലില്ലായ്മ ഏറെ രൂക്ഷമായ കേരളത്തില്‍ നിന്ന് എഴുപതുകള്‍ മുതലാണ് സംഘടിതവും കേന്ദ്രീകൃതവുമായ പ്രവാസം സംഭവിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ആകെയുള്ള തൊഴില്‍ശേഷിയുടെ അഞ്ചിലൊന്ന് ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും അവയില്‍ മഹാഭൂരിഭാഗവും മലയാളികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രവര്‍ത്തനക്ഷമതയും സജീവതയും സര്‍ഗാത്മകതയുമാണ് മലയാളി തൊഴില്‍ശേഷിയുടെ ശക്തി. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ദാതാക്കള്‍ക്ക് പ്രിയങ്കരമാകുംവിധം പെരുമാറാനറിയാമെന്നതും മലയാളത്തിന്റെ സവിശേഷതയാണ്. ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പുതന്നെയുള്ള അറബ് മലയാളി വ്യാപാരബന്ധങ്ങളുടെ ആയിരം കൊല്ലത്തെ ചരിത്രവും പാരമ്പര്യവും ഗള്‍ഫിലെ മലയാളി ഇണക്കത്തിന്റെ മാറ്റു വര്‍ധിപ്പിച്ചിട്ടുണ്ട്. ചേരരാജ്യത്തിന്റെ തലവനായ ചേരമാന്‍ പെരുമാള്‍ പ്രവാചകന്റെ കാലത്തുതന്നെ അറേബ്യയിലേക്ക് യാത്രയാവുകയും പ്രവാചകനെ ആശ്ലേഷിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു. ഏഴാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച മാലിക് ബിന്‍ ദീനാറിന്റെ പക്കല്‍ തന്റെ കുടുംബാദികള്‍ക്കുള്ള സന്ദേശം അദ്ദേഹം കൈമാറിയതായും കൊടുങ്ങല്ലൂരില്‍ അദ്ദേഹത്തിന് ചേരമാന്‍ മസ്ജിദ് നിര്‍മിക്കാനുള്ള അനുവാദം നല്‍കിയതായും ചരിത്രപുസ്തകങ്ങളില്‍ കാണാം. ഈ വൈകാരികശേഷിപ്പുകളും അറബ് നാടുകളുമായുള്ള മലയാളബന്ധങ്ങളെ ഊഷ്മളമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഏതാണ്ട് 23 ലക്ഷത്തിലധികം മലയാളികള്‍ ഗള്‍ഫുരാജ്യങ്ങളില്‍ ജീവിക്കുന്നു. കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ നിലനിന്നിരുന്ന സൗഹൃദാന്തരീക്ഷത്തിന്റെ പരിഛേദമാണ് ഗള്‍ഫ് മലയാളികള്‍. ഉപജീവനാര്‍ഥമായുള്ള പലായനമായതുകൊണ്ട് പരിമിതികള്‍ക്കുള്ളില്‍ ജീവിക്കാനുള്ള പാഠങ്ങളവരഭ്യസിച്ചു. തൊഴില്‍ദാതാവ് നല്‍കുന്ന ചെറുമുറികളില്‍ ജാതിയും മതവും നോക്കാതെ ഒരു പാത്രത്തിലുണ്ടും സഹശയനം ചെയ്തും ജീവിതം കഴിച്ചുകൂട്ടി. നബിയും ക്രിസ്തുവും ശ്രീരാമനും പഠിപ്പിച്ച സാഹോദര്യത്തിന്റെ ഉത്തമമാതൃക സ്വജീവിതത്തില്‍ പകര്‍ത്താന്‍ അവര്‍ ശീലിച്ചു. പ്രവാസബന്ധങ്ങള്‍ കുടുംബത്തിലും നാടുകളിലും പരസ്പരസ്‌നേഹത്തിന്റെ സൗന്ദര്യവും മധുരവും പകര്‍ന്നുനല്‍കി. പലതും മത-കുടുംബബന്ധങ്ങളെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ആഴമുള്ള സൗഹൃദങ്ങളായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടായ മലയാളക്കരയെ വര്‍ഗീയാഗ്നിയില്‍ നിന്ന് കാത്തുസൂക്ഷിക്കുന്നതില്‍ മഹത്തായ പങ്കാണ് പ്രവാസി സൗഹൃദകൂട്ടായ്മകള്‍ നിര്‍വഹിച്ചിട്ടുള്ളത്.
പോയകാലത്തെ പ്രവാസജീവിതങ്ങള്‍ പ്രയാസങ്ങളുടെ നൗകകളില്‍ ആടിയുലയുകയായിരുന്നു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്‌ട്രേലിയയിലേക്കുമുളള കുടിയേറ്റങ്ങളില്‍ നിന്ന് ഗള്‍ഫ് പ്രവാസം വ്യത്യസ്തമാകുന്നത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ചൂടും ചൂരും അവയില്‍ തീക്ഷ്ണമായതുകൊണ്ടാണ്. പാസ്‌പോര്‍ട്ടും വിസയും യാത്രാസൗകര്യങ്ങളുമില്ലാതെ ഒരു കെട്ടു സ്വപ്നങ്ങളുമായി സങ്കടക്കടല്‍ താണ്ടിയാണ് മലയാളത്തിന്റെ പൂര്‍വതലമുറ പണ്ട് പ്രവാസിപ്പട്ടം കെട്ടിയത്. അവര്‍ക്കു മുന്നിലുണ്ടായിരുന്നത് പരന്നുകിടക്കുന്ന മരുഭൂമിയും അല്‍പം ആത്മവിശ്വാസവും. സന്ദേശങ്ങള്‍ കൈമാറാന്‍ കത്തുകള്‍ മാത്രമേ അവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. കൂട്ടുകുടുംബങ്ങളില്‍ നിന്ന് വളരെ പെട്ടെന്ന് പ്രവാസത്തിന്റെ ഏകാന്തഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരായതുകൊണ്ട് കടുത്ത മാനസികപ്രയാസങ്ങള്‍ അവര്‍ക്കനുഭവിക്കേണ്ടിവന്നു. അക്കാലങ്ങളിലാണ് കത്തുപാട്ടുകള്‍ പ്രസിദ്ധമായത്. പിന്നീടു പ്രവാസമെഴുത്ത് പ്രത്യേകശാഖയായി വികസിച്ചുവന്നു. 2010-ല്‍ ബെന്യാമിന്റെ ആടുജീവിതത്തിനു സാഹിത്യഅക്കാദമി പുരസ്‌കാരം ലഭിക്കുകയും ചെയ്തു.
ആദ്യകാല പ്രവാസികള്‍ക്ക് ചുട്ടു പഴുക്കുന്ന തൊഴിലും വിശ്രമമുറികളിലെ ഏകാന്തജീവിതവും മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. വിനോദമാധ്യമങ്ങള്‍ അവര്‍ക്ക് അപ്രാപ്യമായിരുന്നു. മലയാളി പ്രവാസികളിലധികവും അക്കാലത്ത് പണം കൊടുത്ത് വിനോദം വിലക്ക് വാങ്ങുവാന്‍ ശേഷിയില്ലാത്ത താഴ്ന്ന വരുമാനമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടവരായിരുന്നു. പലര്‍ക്കും കുടുംബത്തെ കൂടെ കൂട്ടുവാന്‍ കഴിഞ്ഞിരുന്നില്ല. അമ്പതുവയസ്സുകാരും പത്തു മക്കളുള്ളവരും പ്രവാസലോകത്ത് 'ബാച്ച്‌ലര്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടു. കുടുംബമുള്ളവര്‍ തന്നെ കുടംബത്തിന്റെ വൃത്തം ഭാര്യയിലും മക്കളിലും ഒതുക്കി. ഭാര്യ ഗര്‍ഭിണിയാവുകയോ ആരെങ്കിലും രോഗിയാവുകയോ ചെയ്യുമ്പോള്‍ മാതാക്കള്‍ക്കും പറക്കാനുള്ള ഭാഗ്യം ലഭിച്ചു. പിന്നീടാണ് ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും കുടുംബത്തിന്റെയും അടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ ഏകാന്തതയുടെ ഒറ്റപ്പെടലുകളില്‍ നിന്ന് രക്ഷനേടുന്നതിനായി രംഗത്തുവരുന്നത്. അതോടുകൂടി രാഷ്ട്രീയപാര്‍ട്ടികളും വിവിധപേരുകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. നേതാക്കന്മാരും സാംസ്‌കാരികനായകന്മാരും സിനിമാനടന്മാരും മല്‍സരബുദ്ധിയോടെ പ്രവാസികളില്‍ ഉല്‍സവപ്രതീതി സൃഷ്ടിച്ചു. ഇതെല്ലാമൊരര്‍ത്ഥത്തില്‍ പ്രവാസത്തെ സമ്പന്നവും സര്‍ഗാത്മകവുമാക്കുകയായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.
ഇതിനിടയിലാണ് ദൗര്‍ഭാഗ്യകരമെന്നോണം വിഭാഗീയ ചിന്തകളും വര്‍ഗീയ സങ്കുചിതത്വങ്ങളും വിമാനം കയറാന്‍ തുടങ്ങിയത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ ധ്രുവീകരിക്കാന്‍ ശ്രമിക്കുന്നവരും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് മേഖലകളില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിം രാജ്യത്ത് ജീവിക്കുന്ന ഇതരമതജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ ഗവേഷണം ചെയ്തു പര്‍വ്വതീകരിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ബെന്യാമിന്റെ ആടുജീവിതത്തില്‍ നജീബ് അനുഭവിക്കുന്ന തൊഴില്‍ പ്രയാസങ്ങള്‍ എല്ലാവര്‍ക്കുമുണ്ടായിരിക്കെ ഇത് തങ്ങള്‍ ഇതരമതസ്ഥരായിയെന്നതുകൊണ്ടു പ്രത്യേകമായി സംഭവിക്കുന്നതാണെന്ന് വരുത്തിതീര്‍ക്കുന്നതില്‍ ഭിന്നിപ്പ് ആഗ്രഹിക്കുന്നവര്‍ വിജയിച്ചു. ഹിന്ദു വര്‍ഗീയതയെ പ്രതിരോധിക്കാനുള്ള മുസ്‌ലിം സാമുദായിക ശ്രമങ്ങള്‍ മറുവശത്ത് ശക്തി പ്രാപിച്ചതോടെ വര്‍ഗീയതയുടെ നെരിപ്പോടുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരായി മാറി പ്രവാസികളില്‍ ചിലര്‍. ഫേസ്ബുക് , വാട്‌സ്ആപ്പ് തുടങ്ങിയ സാങ്കേതികസൗകര്യങ്ങള്‍ ഈ പ്രവര്‍ത്തനത്തിന് അവര്‍ക്ക് ആവേശം പകര്‍ന്നു. ഫ്രഞ്ചു പ്രസിദ്ധീകരണങ്ങള്‍ ഇടക്കിടെ പ്രവാചകനെതിരെ അപകീര്‍ത്തികരമായ കാര്‍ട്ടൂണുകള്‍ പ്രസിദ്ധപ്പെടുത്തി മതവികാരമിളക്കിവിടുന്നതുപോലെ ഫേസ്ബുക്കില്‍ ചില കുബുദ്ധികള്‍ പ്രവാചകനും മുസ്‌ലിംകള്‍ക്കുമെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങി. മതത്തെ തൊലിപ്പുറത്തുമാത്രം അനുഭവിക്കുന്ന ചില അവിവേകികളാകട്ടെ അതേ ഭാഷയില്‍ അവര്‍ക്കു മറുപടിയും നല്‍കി. മതത്തിന്റെയും പ്രവാചകന്റെയും പേരിലുള്ള സഭ്യമല്ലാത്ത ഈ അഭ്യാസങ്ങള്‍ പ്രവാസി സൗഹൃദസംസ്‌കാരത്തിനു പരിക്കേല്‍പ്പിച്ചുവരികയാണ്.
ഖത്തറില്‍ ഈയിടെ നടന്ന സംഭവങ്ങള്‍ ചില പുനരാലോചനകള്‍ക്ക് പ്രവാസിസമൂഹത്തെ പ്രേരിപ്പിക്കേണ്ടതാണ്. മലയാളക്കരക്ക് നമ്മുടെ മുന്‍ഗാമികള്‍ സമ്മാനിച്ച മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്തസംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ജീവിതത്തില്‍ നാം പുലര്‍ത്തുന്ന മാനവികമൂല്യങ്ങള്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും ബാധകമാണ്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ജീവിതങ്ങളെ വേറിട്ടതായാണ് പലരും മനസ്സിലാക്കുന്നത്. ജീവിതത്തില്‍ അശ്ലീലം ശീലമില്ലാത്ത പലരും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വരുന്നതെന്തും ആസ്വദിക്കുവാനും ഷെയര്‍ ചെയ്യുവാനും തയാറാണ്. ഈ ഇരട്ടമുഖം നാം ഒഴിവാക്കേണ്ടതാണ്. ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ ആകസ്മികമാകട്ടെയെന്നു നമുക്കു ആശിക്കാം. എങ്കിലും ഇതിനു പിന്നിലെ ചില ഗൂഢാലോചനകളെ കാണാതിരുന്നുകൂടാ. പ്രത്യേകിച്ച് സെപ്തംബറില്‍ കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളത്തില്‍ അത്യാവശ്യം തരക്കേടില്ലാത്ത സ്ഥാനങ്ങള്‍ കരസ്ഥമാക്കണമെന്നാഗ്രഹിക്കുന്ന സങ്കുചിത മനസ്സുള്ള വിഭാഗങ്ങള്‍ അതിനുള്ള ഒരുക്കങ്ങള്‍ നേരത്തേ തുടങ്ങിയിട്ടുണ്ട്. സംഘ് പരിവാര്‍ കേരളത്തില്‍ നല്ലൊരു മുന്നേറ്റം സ്വപ്നം കാണുന്നുണ്ട്. മലബാര്‍ ദേശങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കുവാനും ചില തല്‍പരകക്ഷികള്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്. സംഘ് പരിവാറിന്റെ അജണ്ടകളെ നമുക്ക് ഇപ്രകാരം വായിക്കാം. (1). താരതമ്യേന മുസ്‌ലിം സംഘടനകള്‍ കൂടുതല്‍ സജീവമായിട്ടുള്ള ഗള്‍ഫ് മേഖലയില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കി സംഘടനാ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കടുത്ത സെന്‍സറിംഗിന് വിധേയമാക്കുക. ഖത്തറിലെ സംഭവത്തെ തുടര്‍ന്നു ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ സംഘടനാ നേതാക്കളെ വിളിച്ചു കടുത്ത അതൃപ്തി അറിയിച്ചു കഴിഞ്ഞു. നടപടികള്‍ ഈ കുറിപ്പെഴുതുമ്പോഴും തുടരുകയാണ്. (2). മലബാറിലെ മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ സ്രോതസ്സുകളെ ഇല്ലാതാക്കുക. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വിസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക വഴി ഇതു സാധ്യമാണ്. ന്യൂനപക്ഷങ്ങളുടെ 'സ്വര്‍ഗീയജീവിതം' നരകതുല്യമാകുന്നതു കണ്ടു സായൂജ്യമടയാനാഗ്രഹിക്കുന്നവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. അടുത്തകാലത്തായി പ്രമുഖ സംഘനേതാക്കള്‍ ഗള്‍ഫ്‌രാജ്യങ്ങളില്‍ ഊരു ചുറ്റുന്നതു ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേരുപിടിപ്പിക്കാനാണ്. (3). മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഹിന്ദു സമൂഹങ്ങള്‍ കൈയേറ്റം ചെയ്യപ്പെടുമെന്ന പ്രചാരണം ഇന്ത്യയില്‍ നടത്തി വര്‍ഗീയകലാപങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുക. മുസ്‌ലിം കച്ചവടകേന്ദ്രങ്ങള്‍ അഗ്നിക്കിരയാകുന്ന വിധം വളരെ സമര്‍ഥമായാണ് ഇന്ത്യയില്‍ കലാപങ്ങളരങ്ങേറിയത് എന്നത് കലാപബാധിതനഗരങ്ങളുടെ പേരുകളില്‍ നിന്നു നമുക്ക് വായിച്ചെടുക്കാനാകും.
അറബ് വസന്തം സൃഷ്ടിച്ച സ്വദേശി തൊഴില്‍ അവസരങ്ങള്‍ എന്ന ചിന്ത പല പ്രവാസികളുടെയും തിരിച്ചുപോക്കിനു കാരണമായിട്ടുണ്ട്. അടുത്തകാലത്തായി സംഭവിച്ച എണ്ണവിലയിലെ തിരിച്ചടികള്‍ പിരിച്ചുവിടലുകളുടെ ആക്കം കൂട്ടിയിട്ടുണ്ട്. പ്രവാസികള്‍, അവര്‍ തൊഴില്‍ തേടിയെത്തിയ രാജ്യങ്ങളില്‍ നിയമം കൈയിലെടുത്താല്‍ ഭരണാധികാരികളും അവിടത്തെ പൗരസമൂഹവും കൈയും കെട്ടി നോക്കിനില്‍ക്കുമെന്നു നാം കരുതരുത്. കലക്കവെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കുന്നവരെ തിരിച്ചറിയാനും തോല്‍പ്പിക്കാനും മാനവികതയുടെ ഐക്യസന്ദേശവുമായി പ്രവാസികള്‍ മുന്നിട്ടിറങ്ങണം.
Comments