Prabodhanm Weekly

Pages

Search

2015 മെയ്‌ 29

വസന്തം പടിയിറങ്ങിയ ചരിത്രത്തിന്റെ പോര്‍നിലങ്ങള്‍

ടി.കെ.എം ഇഖ്ബാല്‍ /കവര്‍‌സ്റ്റോറി

ഒന്നാം ലോകയുദ്ധത്തിന്റെ അവസാനം ജേതാക്കളായ ബ്രിട്ടനും ഫ്രാന്‍സും, മുന്നണിയിലെ മൂന്നാംകക്ഷിയായ റഷ്യയുടെ മൗനാനുവാദത്തോടെ, ശിഥിലമായ ഉസ്മാനിയാ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് മിഡില്‍ ഈസ്റ്റിന്റെ ഇപ്പോഴത്തെ അതിര്‍ത്തികള്‍ ചീന്തിയെടുത്തിട്ട് ഒരു നൂറ്റാണ്ട് തികയാറായി. 1916-ല്‍ സര്‍ മാര്‍ക് സൈക്ക് എന്ന ബ്രിട്ടീഷുകാരനും ജോര്‍ജ് പീകോ എന്ന ഫ്രഞ്ചുകാരനും കുപ്രസിദ്ധമായ സൈക്ക്-പീക്കോ രഹസ്യ ഉടമ്പടിയിലൂടെ വരച്ചിട്ട അറബ് ദേശരാഷ്ട്രങ്ങളുടെ കൃത്രിമ അതിര്‍ത്തി രേഖകള്‍ ഒരു വിശുദ്ധ ദൗത്യംപോലെ മിഡില്‍ ഈസ്റ്റിലെ ഏകാധിപതികളും അവരുടെ യജമാനന്മാരായ പാശ്ചാത്യ ശക്തികളും ചേര്‍ന്ന് സംരക്ഷിച്ചു വരികയായിരുന്നു. ഈജിപ്തിലെ ജമാല്‍ അബ്ദുന്നാസ്വിറിന്റെ നേതൃത്വത്തില്‍, അറബ് ദേശീയത ശക്തിപ്പെട്ട ഒരു ചെറിയ കാലയളവില്‍ മാത്രമാണ് ഈ അതിര്‍ത്തികളെ മാറ്റിവരക്കാനുള്ള ശ്രമം നടന്നത്. 1958-ല്‍ ഈജിപ്തും സിറിയയും ഇറാഖും ചേര്‍ന്ന് യുനൈറ്റഡ് അറബ് റിപ്പബ്ലിക്കിന് രൂപം നല്‍കി. ആ പരീക്ഷണത്തിന് പക്ഷേ, മൂന്ന് വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. നാസറിന്റെ അധികാരവാഞ്ഛയും സിറിയയിലെ സാമ്പത്തിക പ്രതിസന്ധിയും 1961-ല്‍ ആ മുന്നണിയെ ശിഥിലമാക്കി.

സൈക്ക്-പീക്കോ കരാറിന് ഒരു നൂറ്റാണ്ട് തികയുമ്പോള്‍, സര്‍വായുധ വിഭൂഷിതരും വംശീയതയുടെ പ്രതിരൂപങ്ങളുമായ പുതിയ ശിഥിലീകരണ ശക്തികള്‍ മിഡില്‍ ഈസ്റ്റിന്റെ അതിര്‍ത്തികളെ മാറ്റി വരക്കാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ അധിനിവേശം ഛിന്നഭിന്നമാക്കിയ ഇറാഖിന്റെ ശ്മശാനഭൂമിയില്‍നിന്ന് പൊടുന്നനെ അവതരിച്ച് അറബ് ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ ഓങ്ങി നില്‍ക്കുന്ന ഐസിസ് അഥവാ 'ദാഇശ്' ഇറാഖിന്റെയും സിറിയയുടെയും തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ കൈയടക്കി ഒരു സ്വയം പ്രഖ്യാപിത ഖിലാഫത്തിന് രൂപം നല്‍കിയിരിക്കുന്നു. സൈക്-പീകോ കരാര്‍ തിരുത്തിക്കുറിക്കുമെന്ന് പ്രഖ്യാപിച്ച 'ദാഇശ്' സൈനിക മുന്നേറ്റത്തിന് ശേഷം ആദ്യമായി ചെയ്ത കാര്യങ്ങളിലൊന്ന് ഇറാഖിന്റെയും സിറിയയുടെയും ഇടയിലുള്ള ചെക്ക് പോസ്റ്റുകള്‍ കത്തിച്ചുകളയലായിരുന്നു.

കൊളോണിയല്‍ ശക്തികള്‍ നേര്‍രേഖകളില്‍ വരച്ചിട്ട മിഡില്‍ഈസ്റ്റിന്റെ അതിര്‍ത്തികള്‍ എത്രമാത്രം കൃത്രിമമായിരുന്നുവെന്ന് കാണാന്‍ അവയുടെ ഭൂമിശാസ്ത്രവും ജനസംഖ്യാ ഘടനയും പരിശോധിച്ചാല്‍ മതി. ഉസ്മാനിയാ ഭരണത്തിന് കീഴില്‍ സിറിയയും ഇറാഖും വേറിട്ട പ്രദേശങ്ങളായിരുന്നില്ല. ബഗ്ദാദ്, ബസ്വറ, മൊസൂല്‍ എന്നീ മൂന്ന് പ്രവിശ്യകള്‍ ചേര്‍ന്നതായിരുന്നു ഇന്നത്തെ ഇറാഖ്. മറ്റ് നാല് പ്രവിശ്യകള്‍(ദമസ്‌കസ്, ബൈറൂത്ത്, അലപ്പോ, ദൈര്‍സൂര്‍) ഇന്നത്തെ സിറിയ, ലബനാന്‍, ജോര്‍ദാന്‍, ഫലസ്ത്വീന്‍, ദക്ഷിണ തുര്‍ക്കിയുടെ വലിയൊരു ഭാഗം ഉള്‍പ്പെട്ട വലിയൊരു പ്രദേശത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരുന്നു. സുന്നികളും ശീഈകളും കുര്‍ദുകളും തുര്‍ക്കുമാനികളും ക്രിസ്ത്യാനികളും അലവികളും ദുറൂസുകളും ഈ പ്രദേശങ്ങളില്‍ ചിതറിക്കിടക്കുകയായിരുന്നു. ഇറാഖ്, സിറിയ, ലബനാന്‍, ജോര്‍ദാന്‍, ലിബിയ തുടങ്ങിയ പേരുകള്‍ മാത്രമല്ല, അവയുടെ കൊടികളും കൊളോണിയലിസ്റ്റുകളുടെ സംഭാവനയാണ്. തുര്‍ക്കികള്‍ക്കെതിരെ ബ്രിട്ടന്റെ പ്രേരണയോടും പിന്തുണയോടും കൂടി അരങ്ങേറിയ 'അറബ്കലാപ'ത്തില്‍ ഉയര്‍ത്തിയ കൊടിയുടെ മാതൃകയിലാണ്, പച്ചയും ചുവപ്പും വെളുപ്പും കറുപ്പും ചേര്‍ന്ന അറബ് രാഷ്ട്രങ്ങളുടെ പതാകകള്‍ ഉണ്ടായത്. വംശീയമോ ദേശീയമോ ആയ പരിഗണനകള്‍ കൂടാതെ, ബ്രിട്ടനും ഫ്രാന്‍സും സ്വന്തം അഭീഷ്ട പ്രകാരം അറബ് ഭൂപ്രദേശങ്ങള്‍ പങ്ക്‌വെച്ചപ്പോള്‍ സംഭവിച്ചതിങ്ങനെ:

ഇപ്പോള്‍ 23 മില്യനോളം വരുന്ന കുര്‍ദുകള്‍ തുര്‍ക്കി, ഇറാന്‍, ഇറാഖ്, സിറിയ എന്നീ നാല് രാജ്യങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു. അറബ് ശീഈകള്‍, ഇറാഖിലും കുവൈത്തിലും ബഹ്‌റൈനിലും യമനിലും സുഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യകളിലുമായി ചിന്നിച്ചിതറി. ശീഈകളിലെ ന്യൂനപക്ഷവിഭാഗമായ അലവികള്‍ വടക്കന്‍ ലബനാനിലും സിറിയയിലും തുര്‍ക്കിയുടെ തെക്ക് പടിഞ്ഞാറന്‍ തീരങ്ങളിലുമായി കഴിയുന്നു. ക്രിസ്ത്യാനികള്‍ക്ക് ഒരു സുരക്ഷിത കേന്ദ്രം എന്ന നിലയില്‍ രൂപീകരിക്കപ്പെട്ട ലബനാന്‍ സുന്നി, ശീഈ, ദുറൂസ്, അലവി വിഭാഗങ്ങളില്‍പ്പെട്ട വലിയ ജനസഞ്ചയങ്ങളെ ഉള്‍ക്കൊള്ളുന്നു. 1975 മുതല്‍ 1990 വരെ രക്തരൂഷിത വംശീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പതിനെട്ടോളം മതവിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന ലബ്‌നാന്‍ പുതിയ സംഘര്‍ഷങ്ങള്‍ക്കിടയിലും ശാന്തമായി നിലക്കൊള്ളുന്നുവെന്നത് കൗതുകകരമാണ്. യുദ്ധങ്ങളിലൂടെ മാത്രമേ അറബികള്‍ സമാധാനത്തില്‍ എത്തിച്ചേരുകയുള്ളൂവെന്നും വംശീയ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഇറാഖും സിറിയയും യമനും ലിബിയയും ലബ്‌നാന്റെ പാത പിന്തുടരുമെന്നും ഇതില്‍നിന്ന് വായിച്ചെടുക്കാന്‍ പറ്റുമോ?

വംശീയതയുടെ അടിസ്ഥാനത്തില്‍ അറബ് ലോകത്തിന്റെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്ന് വാദിക്കുന്നതില്‍ അര്‍ഥമില്ല. ഇത്തൊരമൊരു ഉദ്യമത്തിന് ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ അത് അവസാനിക്കാത്ത ഒരു പ്രഹേളികയായി തുടരും. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ മത,ജാതി, വംശ, ദേശ, ഭാഷാ വിഭാഗങ്ങള്‍ ഇപ്പോള്‍ അറബ് ലോകത്ത് കാണുന്ന തരത്തിലുള്ള യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളുമില്ലാതെ, താരതമ്യേന സമാധാനപരമായി ജീവിച്ചു പോരുന്നുണ്ട്.

ജനാധിപത്യം നല്‍കുന്ന സമന്വയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സംസ്‌കാരമാണ് വലിയൊരളവോളം അവയെ സംഘര്‍ഷമുക്തമാക്കി നിലനിര്‍ത്തുന്നത്. ബഹുസ്വരതയുടെ ഈ സംസ്‌കാരം എവിടെയൊക്കെ വെല്ലുവിളി നേരിടുന്നുവോ അവിടെയൊക്കെ പ്രശ്‌നങ്ങളുമുണ്ട്. കോളനി വാഴ്ചയില്‍നിന്ന് മോചനം നേടിയ പല ലോകരാജ്യങ്ങളും ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും പാതയിലൂടെ മുന്നോട്ട് പോയപ്പോള്‍, ദേശീയതയുടെ മുഖംമൂടിയണിഞ്ഞ ഏകാധിപത്യത്തിന്റെ ചങ്ങലകളില്‍ തളച്ചിടപ്പെട്ടുകിടക്കുകയായിരുന്നു അറബ് ലോകം. ഹാഫിസ് അസദിന്റെയും സദ്ദാം ഹുസൈന്റെയും ഖദ്ദാഫിയുടെയും അതുപോലുള്ള നിരവധി സ്വേഛാധിപതികളുടെയും ഉരുക്ക് മുഷ്ടിയാണ് വംശീയ സ്വത്വങ്ങള്‍ക്ക് സ്വയം ആവിഷ്‌കരിക്കാന്‍ അവസരം നല്‍കാതെ അറബ് ലോകത്തിന്റെ അതിര്‍ത്തികളെ കാത്ത് പോന്നത്. സിറിയയിലെ സുന്നികള്‍ക്കെതിരെ അസദ് ഭരണകൂടവും, ഇറാഖിലെ ശീഈകള്‍ക്കും കുര്‍ദുകള്‍ക്കുമെതിരെ സദ്ദാം ഹുസൈനും അഴിച്ചുവിട്ട ക്രൂരതകള്‍ ഓര്‍ക്കുക. ഈ ഏകാധിപതികളെ കാലങ്ങളോളം സംരക്ഷിച്ച് നിര്‍ത്തിയത് ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായ പാശ്ചാത്യ ശക്തികളും! അറബ് വസന്തം എന്ന് പേരിടപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളിലൂടെ പല ഏകാധിപതികളും നിലംപൊത്തുകയും മറ്റു പലരുടെയും അടിത്തറയിളകുകയും ചെയ്ത പശ്ചാത്തലത്തിലാണ്, വംശീയ സംഘര്‍ഷങ്ങള്‍ മുമ്പില്ലാത്തവിധം അറബ് ലോകത്തെ പിടിച്ചു കുലുക്കാന്‍ തുടങ്ങിയത്.

വസന്തം തുറന്നിട്ട വാതിലുകള്‍

അറബ് ലോകത്തെ സംഭവ വികാസങ്ങള്‍ക്ക് അറബ് വസന്തത്തെ പഴിപറയുന്നവരുണ്ട്. വിപ്ലവങ്ങള്‍ സൃഷ്ടിച്ച അധികാര ശൂന്യതയില്‍നിന്നാണ് വംശീയ ശക്തികള്‍ ശക്തിയാര്‍ജിച്ചത് എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വാദത്തില്‍ കഴമ്പുണ്ടെങ്കിലും ചരിത്രപരമായ ഒരു അനിവാര്യത എന്നേ ഇതേക്കുറിച്ച് പറയാനാവൂ. ഏകാധിപത്യത്തിന്റെ നുകക്കീഴില്‍ ചരിത്രം മുരടിച്ചുപോയ അറബ് ലോകത്ത് ഒരു രാഷട്രീയ, സാമൂഹിക, സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പ്രത്യാശകള്‍ ഉണര്‍ത്തിയ അറബ് വസന്തം വംശീയ പ്രത്യയശാസ്ത്ര വിഭാഗീയതകളുടെ എല്ലാ മതില്‍ക്കെട്ടുകളും അതിജീവിച്ച ജനകീയാഭിലാഷങ്ങളുടെ സമാധാനപരമായ ആവിഷ്‌കാരമായിരുന്നു. പലതരം പൂക്കളും നിറങ്ങളും അണിചേര്‍ന്ന ഒരു വസന്താനുഭവം തന്നെയായിരുന്നു അത്. വിപ്ലവങ്ങള്‍ പല കാരണങ്ങളാല്‍ തിരിച്ചടികള്‍ നേരിടുകയും സമാധാനപരമായ പ്രക്ഷോഭങ്ങള്‍ പലേടത്തും ലക്ഷ്യം കാണാതെ സായുധമായ ചെറുത്തുനില്‍പ്പുകളിലേക്ക് വഴിമാറുകയും ചെയ്തപ്പോഴാണ് ഹിംസാത്മക വംശീയതക്ക് അരങ്ങ് വാഴാന്‍ അവസരമൊരുങ്ങുന്നത്. അറബ് ലോകത്ത് പുതിയ സൂര്യോദയത്തിന്റെ പ്രതീക്ഷയുണര്‍ത്തിയ വസന്ത സ്വപ്നങ്ങളെ തല്ലിയുടച്ച് ആയുധധാരികളായ ഭീകരസംഘങ്ങള്‍ കൊന്നും കൊള്ളയടിച്ചും കീഴടക്കിയും മുന്നേറുന്ന പ്രാകൃത കാഴ്ചകള്‍ക്കാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. കാര്യങ്ങളെ ഈ പതനത്തില്‍ എത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയാവാം?

സുന്നി-ശീഈ ധ്രുവീകരണം

ഇപ്പോഴത്തെ സംഘര്‍ഷങ്ങളെ ഇസ്‌ലാമിക ഖിലാഫത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള സുന്നി-ശീഈ വിഭാഗീയതയുടെയും അതിന്റെ സമകാലിക രാഷ്ട്രീയ പ്രതിനിധാനം എന്ന് പറയാവുന്ന സുഊദി-ഇറാന്‍ ശീത സമരത്തിന്റെയും കണ്ണടയിലൂടെ നോക്കിക്കാണാനാണ് പലര്‍ക്കും താല്‍പര്യം; പടിഞ്ഞാറന്‍ നിരീക്ഷകര്‍ക്ക് പ്രത്യേകിച്ചും. ലോക ഇസ്‌ലാമിക സമൂഹത്തെ നെടുകെയും കുറുകെയും പിളര്‍ത്തിയ ഈ മതരാഷ്ട്രീയ വിഭാഗീയത വീണ്ടും സജീവമായിരിക്കുന്നു എന്നാണ് ഇത്തരം വിശകലനങ്ങളുടെ പൊരുള്‍. ഈ കാഴ്ചപ്പാടില്‍ ശരിയും തെറ്റുമുണ്ട്. സിറിയയിലും ലിബിയയിലും അഫ്ഗാനിസ്താനിലും സുന്നീ സായുധ സംഘങ്ങള്‍ മേല്‍ക്കോയ്മക്ക് വേണ്ടി പരസ്പരം പൊരുതിക്കൊണ്ടിരിക്കുകയും പലപ്പോഴും സുന്നികള്‍ തന്നെ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങളോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍, സംഘര്‍ഷങ്ങളെ സുന്നി-ശീഈ വിഭാഗീയതയായി ലളിതവല്‍ക്കരിക്കുന്നതില്‍ സൂക്ഷ്മതക്കുറവുണ്ട്. ഈ വായനയുടെ മറ്റൊരു കുഴപ്പം അറബ് വിപ്ലവങ്ങള്‍ക്ക് വഴിതെളിയിച്ച മേഖലയുടെ അടിസ്ഥാന പ്രശ്‌നങ്ങളെ- സ്വാതന്ത്ര്യ നിഷേധം, നീതിനിഷേധം, തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്പത്തിക പിന്നാക്കാവസ്ഥ തുടങ്ങിയവ കാണാതിരിക്കുന്നുവെന്നതാണ്. സുന്നീ-ശീഈ വിഭാഗീയത ഒരു യാഥാര്‍ഥ്യമായിരിക്കെതന്നെ, അതിന്റെ പേരിലുള്ള കലാപങ്ങളും രക്തച്ചൊരിച്ചിലും ഈയടുത്തകാലംവരെ അറബ് ലോകത്ത് അസാധാരണമായിരുന്നു. ആചാരങ്ങളിലും വിശ്വാസങ്ങളിലും വ്യത്യസ്തതകള്‍ പുലര്‍ത്തിക്കൊണ്ട് തന്നെ, സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞു കൂടാന്‍ കാലം ഇരുവിഭാഗത്തെയും പഠിപ്പിച്ചു. പലേടത്തും ഭിന്നതകള്‍ സ്വയം തിരിച്ചറിയാനാവാത്തവിധം നേര്‍ത്തതായിരുന്നു. ഇപ്പോള്‍ വംശീയ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന യമനില്‍, ഹൂഥികള്‍ എന്നറിയപ്പെടുന്ന സൈദീ ശീഈകള്‍ സുന്നികളുമായി വിശ്വാസാചാരങ്ങളില്‍ ഏറ്റവും അടുത്ത് നില്‍ക്കുന്ന വിഭാഗമാണ്. ഇറാഖിലെ സുന്നികളെയും ശീഈകളെയും വിഭജിക്കണമെങ്കില്‍ പല കുടുംബങ്ങളെയും കീറിമുറിക്കേണ്ടിവരും എന്ന് ഇപ്പോഴത്തെ ഉപപ്രധാനമന്ത്രി ഇയാദ് അലാവി അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. കുടുംബ-വിവാഹ ബന്ധങ്ങളിലൂടെ ഇരുവിഭാഗവും അത്രയധികം ഇഴുകിച്ചേര്‍ന്നിരിക്കുന്നുവെന്നര്‍ഥം.

ഖിലാഫത്തിനെക്കുറിച്ച അഭിപ്രായഭിന്നതയില്‍നിന്ന് ഉടലെടുത്ത ശീഈസം അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. പില്‍ക്കാലത്ത് ഇസ്‌ലാമിലേക്ക് കടന്ന് വന്ന, അറബ് മേധാവിത്തം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത അറബേതര ജനസമൂഹങ്ങള്‍, അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും കൂട്ടിച്ചേര്‍ത്താണ് അതിനെ ഒരു സവിശേഷ മതവിഭാഗമായി മാറ്റിയെടുത്തത്. 1501-ല്‍ പേര്‍ഷ്യയില്‍ സഫവീ ഭരണം സ്ഥാപിതമായതോടെ ശീഈസത്തിന് സുസ്ഥിരമായ ഒരു രാഷ്ട്രീയ നേതൃത്വം കൈവന്നു. സഫവികള്‍ ശീഈസത്തെ സ്റ്റേറ്റ് മതമായി അംഗീകരിച്ചു. അതിന് മുമ്പ് ഫാത്വിമീ ഭരണകൂടം മാത്രമാണ് ശീഈകളുടേതായി ഇസ്‌ലാമികലോകത്ത് ഉണ്ടായിരുന്നത്. തുടര്‍ന്നുള്ള രണ്ടു നൂറ്റാണ്ടുകളില്‍ സഫവികള്‍ സുന്നീ ഭരണ കേന്ദ്രമായ ഉസ്മാനിയാ സാമ്രാജ്യവുമായി ഏറ്റുമുട്ടുകയും പതിനേഴാം നൂറ്റാണ്ടോടുകൂടി ആധുനിക ഇറാന്റെയും തുര്‍ക്കിയുടെയും ഭൂമിശാസ്ത്ര അതിരുകളിലേക്ക് ഇരുശക്തികളും ഒതുങ്ങുകയും ചെയ്തു. അതിന്റെ പിന്തുടര്‍ച്ചയായാണ് ഇന്ന് കാണുന്ന ശീഈ-സുന്നീ ജനസമുച്ചയങ്ങള്‍ രൂപപ്പെട്ടതെന്ന് ചരിത്ര വിശകലനങ്ങളില്‍ കാണാം. ഇറാന്‍, ഇറാഖ്, അസര്‍ബൈജാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ ശീഈകള്‍ ഭൂരിപക്ഷമാണ്. ലബനാനില്‍ അവര്‍ ഒരു പ്രബലവിഭാഗമാണ്. സുഊദി അറേബ്യ ഉള്‍പ്പെടെ മറ്റു പല അറബി- അനറബി രാജ്യങ്ങളിലും അവര്‍ക്ക് ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. മൊറോക്കോ മുതല്‍ ഇന്തോനേഷ്യ വരെ നാല്‍പതിലധികം രാജ്യങ്ങളില്‍ സുന്നികള്‍ ഭൂരിപക്ഷമായി തുടരുന്നു.

അധികാര-നേതൃത്വ തര്‍ക്കത്തില്‍ ഉത്ഭവിച്ച സുന്നി-ശീഈ വിഭാഗീയതയെ ഇപ്പോള്‍ പുനരുജ്ജീവപ്പിച്ചിരിക്കുന്നതും അധികാര, രാഷ്ട്രീയ വടംവലികള്‍ തന്നെയാണ്. അമേരിക്കയുടെ സാമ്രാജ്യത്വ അജണ്ടകളും അറബ് ലോകത്ത് സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഇറാന്റെ ഗൂഢനീക്കങ്ങളും അതിനെ പ്രതിരോധിക്കാനെന്ന പേരില്‍ പ്രമുഖ അറബ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന നാടകങ്ങളുമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിയിച്ചത്. മീശവടിച്ച്, താടി നീട്ടിവളര്‍ത്തിയ പണ്ഡിത കേസരികളുടെ ശീഈവിരുദ്ധ ഫത്‌വകളും തലപ്പാവ് വെച്ച മുല്ലമാരുടെ സുന്നീ ഭര്‍ത്സനങ്ങളും അന്തരീക്ഷത്തെ കൂടുതല്‍ വിഷലിപ്തമാക്കുന്നു. മതഭ്രഷ്ടിന്റെ വിസ്മൃതമായ പദാവലികള്‍ ചരിത്രത്തില്‍നിന്ന് ചികഞ്ഞെടുത്ത് പരസ്പരം അഭിഷേകം ചെയ്ത് മതപണ്ഡിതന്മാര്‍ സോഷ്യല്‍ മീഡിയയില്‍ വരെ നിറഞ്ഞാടുമ്പോള്‍, മറുവശത്ത് തീവ്ര ചിന്താധാരകളാല്‍ പ്രചോദിതരായ സായുധ സംഘങ്ങള്‍ അന്യോന്യം തലയറുത്ത് വിശ്വാസികളുടെ ചോരകൊണ്ട് പുതിയ കര്‍ബലകള്‍ തീര്‍ക്കുന്നു!

നിഴല്‍ യുദ്ധങ്ങള്‍

ഇറാനും മേഖലയിലെ പ്രബല ശക്തികളും ഉള്‍പ്പെട്ട 'പ്രോക്‌സി' യുദ്ധങ്ങളില്‍ കാറ്റ് ഇപ്പോള്‍ ഇറാന് അനുകൂലമാണ്. അതിനെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് യുദ്ധവും നയതന്ത്രവും ഒരുപോലെ വഴങ്ങുന്ന ആ രാജ്യത്തിന് അറിയുകയും ചെയ്യാം. തുനീഷ്യയുടെയും ഈജിപ്തിന്റെയും പാത പിന്തുടര്‍ന്ന്, സിറിയയില്‍ അസദ് ഭരണകൂടത്തിന്റെ നാലര പതിറ്റാണ്ട് നീണ്ട ഏകാധിപത്യ വാഴ്ചക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതോടെയാണ് ഇറാന്റെ രാഷ്ട്രീയ കാപട്യം മറനീക്കി പുറത്ത് വരുന്നത്. അറബ് വിപ്ലവങ്ങളെ ആവേശപൂര്‍വം അഭിവാദ്യം ചെയ്ത ഇറാന്‍, സിറിയയിലെത്തിയപ്പോള്‍ ചുവട് മാറ്റി. ഇറാന്റെയും ഹിസ്ബുല്ലയുടെയും പിന്തുണയില്ലായിരുന്നില്ലെങ്കില്‍, ഒരു പക്ഷേ, അസദ് ഭരണകൂടം എന്നേ നിലം പൊത്തിയേനേ. സമാധാനപരമായി ആരംഭിച്ച ജനകീയപ്രക്ഷോഭങ്ങള്‍ സായുധപോരാട്ടമായും പിന്നീട് തുറന്ന ആഭ്യന്തര കലാപമായും പരിണമിച്ചത്, ഇരുപക്ഷത്തെയും അയുധമണിയിച്ച് കൊണ്ടുള്ള ബാഹ്യശക്തികളുടെ ഇടപെടലുകളിലൂടെയാണ്. ആര് ആരോടാണ് യുദ്ധം ചെയ്യുന്നത് എന്ന് തിരിച്ചറിയാനാവാത്തവിധം പരസ്പരം ഏറ്റുമുട്ടുന്ന മിലിഷ്യകളുടെയും 'ജിഹാദി' സംഘങ്ങളുടെയും പറുദീസയായി മാറിയിരിക്കുന്നു സിറിയ.

സിറിയ പോലെതന്നെ കലാപകലുഷിതമായ യമനില്‍ ഹൂഥികള്‍ നിര്‍ണായകമായ മുന്നേറ്റം നടത്തിയതോടെ, 'ഇറാന്‍ ഭീഷണി' സുഊദി അറേബ്യയുടെ അതിര്‍ത്തികളോളം ചെന്നെത്തി. അതിന്റെ പ്രതികരണമാണ് 'ഓപറേഷന്‍ ഡിസിസീവ് സ്റ്റോം.' ശീഈകള്‍ക്കെതിരായ പള്ളിപ്രാര്‍ഥനകളില്‍ പങ്ക് ചേരുന്ന സുന്നികളുടെ എണ്ണം അറബ് ലോകത്ത് മാത്രമല്ല, അതിന് പുറത്തും അനുദിനം കൂടിവരുന്നു.!

ഇറാനെ കുറ്റപ്പെടുത്തുമ്പോള്‍, മറുവശത്തെ കാപട്യം കാണാതെ പോകരുത്. എട്ട് വര്‍ഷം നീണ്ട ഇറാഖ്-ഇറാന്‍ യുദ്ധത്തില്‍ സദ്ദാംഹുസൈനെ പിന്തുണക്കുകയും മൂന്ന് പതിറ്റാണ്ടിലേറെക്കാലം അമേരിക്ക ഇറാനെ ഉപരോധിച്ചപ്പോള്‍ സന്തോഷപൂര്‍വം അതില്‍ പങ്കുചേരുകയും ചെയ്തവരാണ്, ഇറാന്റെ അതിക്രമങ്ങളെച്ചൊല്ലി വിലപിക്കുന്നത്. ഈ രാഷ്ട്രീയക്കളിയില്‍, കാലാവസ്ഥ അനുകൂലമായത് കൊണ്ടും കരുത്തും സാമര്‍ഥ്യവും ഒരിത്തിരി കൂടുതലുള്ളതുകൊണ്ടും ഇറാന്‍ തല്‍ക്കാലം ജയിച്ചുനില്‍ക്കുന്നുവെന്നേയുള്ളൂ. ദീര്‍ഘകാലം ഇരയാക്കപ്പെട്ടതിലൂടെയാണ് ഇറാന്‍ ഈ കരുത്ത് നേടിയത്. അതിന് അമേരിക്കയോടും അയല്‍ അറബ് രാജ്യങ്ങളോടും അവര്‍ നന്ദിപറയണം! സദ്ദാമിനെ തകര്‍ത്തതോടൊപ്പം, അസദ് ഭരണകൂടത്തെ നിലനില്‍ക്കാനനുവദിക്കുകയും ഇപ്പോള്‍ 'ഐസിസി'നെ വേട്ടയാടാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്ത അമേരിക്കയോട് ഇറാന്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നു. മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളും ശാക്തിക ബന്ധങ്ങളും മാറിമറിയുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും.

ദാഇശും അമേരിക്കയും

'ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ' (ISIS) എന്നും പിന്നീട് 'ഇസ്‌ലാമിക് സ്റ്റേറ്റ്' (IS) എന്നും സ്വയം നാമകരണം ചെയ്ത ദാഇശിന്റെ ഉത്ഭവത്തെ, വര്‍ധിച്ചു വരുന്ന സുന്നി-ശീഈ വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ തന്നെ വേണം വിലയിരുത്താന്‍. അറബ് ലോകത്തിന്റെ സാംസ്‌കാരിക കലവറയെന്ന് വിശേഷിപ്പിക്കപ്പെട്ട, യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും ചരിത്രഭൂമിയെ ഛിന്നഭിന്നമാക്കിയ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തില്‍നിന്നാണ് ദാഇശിന്റെ വേരുകള്‍ അന്വേഷിച്ചു തുടങ്ങേണ്ടത്. അധിനിവേശാനന്തര ഇറാഖിനെ അമേരിക്ക കണ്ടത് സുന്നീ-ശീഈ-കുര്‍ദ് പരിപ്രേക്ഷ്യത്തിലൂടെയാണ്. അറബ് വിപ്ലവങ്ങള്‍ ആരംഭിക്കുന്നതിനും എത്രയോ മുമ്പ് തന്നെ, അമേരിക്കന്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍ നിരവധി പൊട്ടിത്തെറികളുടെ രൂപത്തില്‍ ഇറാഖില്‍ നടക്കുന്നുണ്ടായിരുന്നു. ശീഈ ആയ പ്രസിഡന്റ് നൂരി അല്‍ മാലികിയും അമേരിക്കന്‍ പട്ടാളവും ശീഈ മിലീഷ്യകളും ചേര്‍ന്ന് സുന്നീ ചെറുത്തുനില്‍പ് സംഘങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമ പീഡനങ്ങള്‍ അഴിച്ചുവിട്ടപ്പോഴാണ് ഇറാഖിലെ സുന്നികള്‍ ആദ്യമായി അവരുടെ ഭീഷണി നേരിടുന്ന മതകീയ ഐഡന്റിറ്റിയെക്കുറിച്ച് ബോധവാന്മാരാകുന്നത്. ഈ അരക്ഷിതാവസ്ഥയില്‍ നിന്നാണ് 'ദാഇശി'ന്റെ ജനനം. അല്‍ഖാഇദയുടെ ഏറ്റവും ക്രൂരമുഖം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇറാഖിലെ അബൂമുസ്വഅബ് അല്‍ സര്‍ഖാവിയാണ് ശീഈകള്‍ക്കെതിരെ ആക്രമണങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് 'ആഗോള ജിഹാദി'ന് വംശീയതയുടെ മാനം നല്‍കുന്നത്. സര്‍ഖാവി ഇറാഖില്‍ രൂപം കൊടുത്ത ഭീകരസംഘടനയാണ്, പിന്നീട് 'ഐസിസ്' ആയി പരിണമിച്ചത്. സര്‍ഖാവിയെ അമേരിക്ക വധിച്ചതിന് ശേഷം നേതൃത്വം പല കൈകളിലൂടെ കടന്ന് വന്ന്, അബൂബക്കര്‍ അല്‍ബഗ്ദാദിയെന്ന സ്വയം പ്രഖ്യാപിത 'ഖലീഫ'യുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. 'ഐസിസി'നും അവരിലൂടെ ആഗോള ആയുധ ഭീമന്‍മാര്‍ക്കും തഴച്ചുവളരാന്‍ മണ്ണ് പാകമാക്കിക്കൊടുക്കുകയാണ് അമേരിക്ക ചെയ്തത്. അബൂഗുറൈബ് ഉള്‍പ്പെടെയുള്ള ഇറാഖിലെ തടവറകളില്‍നിന്നാണ് 'ഐസിസ്' നേതാക്കള്‍ അവരുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു അസംതൃപ്ത നേതാവിനെ ഉദ്ധരിച്ചു കൊണ്ട് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ആശയപരമായി ഐസിസിന്റെ വിരുദ്ധധ്രുവത്തില്‍ നില്‍ക്കുന്ന സദ്ദാമിന്റെ ബഅ്‌സ് പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന അംഗങ്ങളും നേതാക്കളുമാണ് ഐസിസില്‍ ഇപ്പോള്‍ പല ഉയര്‍ന്ന പദവികളും അലങ്കരിക്കുന്നത്. പ്രത്യയശാസ്ത്രമല്ല, വംശീയതയാണ് ഐസിസിന്റെ അടിത്തറ എന്നര്‍ഥം. ഗോത്ര, വംശീയ ചേരിതിരിവുകളെ സമര്‍ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇറാഖിലും സിറിയയിലും അവര്‍ നിര്‍ണായകമായ സൈനിക മുന്നേറ്റങ്ങള്‍ നടത്തിയത്.

ഐസിസിന്റെ അങ്ങേയറ്റത്തെ ഹിംസാത്മകതയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഹിംസയുടെ ബോധപൂര്‍വമായ ദൃശ്യവല്‍ക്കരണം കൊണ്ടുണ്ടായ ഒരു ആഘാതം മാത്രമാണിത്. അറബ് മേഖലയില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന വ്യവസ്ഥാപിത ഭരണകൂട ഭീകരതയുടെ മറ്റൊരു പതിപ്പ് മാത്രമാണ് ഐസിസിന്റെ ഹിംസാത്മകത. സദ്ദാമിന്റെയും ഹാഫിസ് അസദിന്റെയും ഖദ്ദാഫിയുടെയും ഇറാഖിലെ അമേരിക്കന്‍ പട്ടാളത്തിന്റെയും ഈജിപ്തിലെ അബ്ദുല്‍ ഫത്താഹ് സീസിയുടെയും ക്രൂരതകളുടെ മുമ്പില്‍, ഐസിസ് ഇപ്പോഴും ശിശുവാണെന്ന് പറയേണ്ടിവരും.

അല്‍ഖാഇദയും ഐസിസും തമ്മിലും ഐസിസ് നേതാക്കള്‍ക്കിടയില്‍തന്നെയുമുള്ള ഭിന്നതകളെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ആശയപരം എന്നതിലുപരി അധികാരത്തിനും നേതൃത്വത്തിനും വേണ്ടിയുള്ള തര്‍ക്കങ്ങളാണിവ. ബഗ്ദാദിയുടെ ഖിലാഫത്ത് പ്രഖ്യാപനം തന്നെ 'ജിഹാദിസം' എന്ന് പരക്കെ വ്യവഹരിക്കപ്പെടുന്ന ആഗോള പ്രസ്ഥാനത്തിന്റെ നായകത്വം അവകാശപ്പെടാന്‍ ഒരു മുഴം നീട്ടിയെറിഞ്ഞ കയറാണെന്ന് വിലയിരുത്തുന്നവരുണ്ട്.

അല്‍ഖാഇദയുടെയും ഐസിസിന്റെയും സായുധ ഭീകര ശൈലിക്ക് മുന്നില്‍ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അറബ് വിപ്ലവങ്ങള്‍. സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ ഏകാധിപത്യഭരണകൂടങ്ങളെ താഴെയിറക്കാമെന്ന തിരിച്ചറിവ്, അവയുടെ പ്രത്യയശാസ്ത്രത്തിനേല്‍പിച്ച ആഘാതം ചില്ലയറയല്ല. അറബ് വിപ്ലവങ്ങള്‍ക്കേറ്റ തിരിച്ചടിയും അറബ് ലോകത്ത് രൂപപ്പെട്ട വംശീയ ചേരിതിരിവുകളും, ഭരണകൂടഭീകരതയുടെയും ഇസ്‌ലാമോഫോബിയയുടെയും ബലിയാടുകളായ ഒരുപിടി ചെറുപ്പക്കാരെ ലോകത്തിന്റെ പല ഭാഗത്തുനിന്നും സ്വന്തം പാളയത്തിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കി. അറബ് വസന്തം തുറന്നിട്ട ഇസ്‌ലാമിന്റെ വിമോചന സാധ്യതകളെ, ഷാര്‍ലി എബ്‌ദോ ആക്രമണം ഉള്‍പ്പെടെയുള്ള സംഭവങ്ങളെ കരുവാക്കിക്കൊണ്ട് ഭീകരവാദവായനകളിലേക്ക് ചുരുക്കിക്കെട്ടാന്‍ എതിരാളികളെ സഹായിച്ചുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദുരന്തം.

 

ഇസ്രയേല്‍ ചിരിക്കുന്നു

ഐസിസ് നിലനില്‍ക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യാം. അറബ് ലോകത്ത് പുതിയ വില്ലന്‍ വേഷങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍, യഥാര്‍ഥ വില്ലന്‍ ചിരിക്കുകയാണ്. ഇസ്രയേലിന് സന്തോഷിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അറബ് ലോകം ആഭ്യന്തര സംഘര്‍ഷങ്ങളുടെ നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍, വിസ്മൃതമാവുന്നത് എല്ലാ അസ്ഥിരതകളുടെയും ആണിക്കല്ലായ ഫലസ്ത്വീന്‍ പ്രശ്‌നമാണ്. ഇസ്‌ലാമിന്റെ പേരും മന്ത്രവും ഉരുവിട്ടുകൊണ്ട് പരസ്പരം പോരടിക്കുന്നവര്‍ക്കൊന്നും ഇപ്പോള്‍ ഫലസ്ത്വീനെക്കുറിച്ച് മിണ്ടാട്ടമില്ല. ബ്രദര്‍ഹുഡ് ദുര്‍ബലമാവുകയും സീസി-ഹഫ്തര്‍ കൂട്ടുകെട്ടിലൂടെ അറബ് ലോകത്ത് തങ്ങള്‍ക്കനുകൂലമായ പുതിയ ശാക്തിക ചേരിതിരിവുകള്‍ രൂപപ്പെടുകയും ചെയ്യുന്നുവെന്നതാണ് സയണിസ്റ്റ് രാഷ്ട്രത്തെ സന്തോഷിപ്പിക്കുന്ന മറ്റൊരു ഘടകം. അറബ് വസന്തം പോലെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍, വംശീയ സംഘര്‍ഷങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പെട്ടെന്നൊന്നും അവസാനിക്കാന്‍ സാധ്യതയില്ല. രക്തരൂഷിതമായ വംശീയ കലാപങ്ങളിലൂടെ പ്രയാണം ചെയ്താണ് യൂറോപ്പ് ഉള്‍പ്പെടെ ലോകത്തിലെ പല മേഖലകളും സമാധാനത്തിലും സുസ്ഥിരതയിലും ചെന്നെത്തിയത്. പക്ഷേ, ചരിത്രത്തിന്റെ ഒരുപാട് കാതം പിറകെയാണ് അറബ് ലോകത്തിന്റെ സഞ്ചാരം. പക്ഷേ, എന്തൊക്കെ വിസ്മയങ്ങളാണ് ഭാവിക്ക് വേണ്ടി ചരിത്രം കരുതിവെച്ചിരിക്കുന്നതെന്ന് ആര്‍ക്കറിയാം! ഇസ്‌ലാമിനെ വികൃത വേഷം കെട്ടിക്കുന്ന കപട മതസംരക്ഷകര്‍ വേദി നിറഞ്ഞാടുമ്പോഴും ലോകത്തിന്റെ ഏതെല്ലാമോ കോണുകളില്‍ സത്യത്തിന് വേണ്ടി ദാഹിക്കുന്ന അന്വേഷണ കുതുകികളുടെ മനസ്സുകള്‍ കീഴടക്കിക്കൊണ്ട് ഇസ്‌ലാം അതിന്റെ പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /26, 27
എ.വൈ.ആര്‍