നീതി നിര്‍വഹണവും ഭരണകൂടവും
മര്‍ദ്ദകരായ അധികാരി വര്‍ഗം സത്യവിശ്വാസികളെ ചുട്ടുകൊല്ലുന്ന ഒരു രംഗം വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ബുറൂജില്‍ ചിത്രീകരിക്കുന്നുണ്ട്. ആളിക്കത്തുന്ന വിറകു നിറച്ച തീക്കിടങ്ങ്. വിശ്വാസികളെ അതിലേക്ക് വലിച്ചെറിയുന്നു. ആ കിടങ്ങിന്റെ വക്കിലിരുന്ന് മര്‍ദ്ദകര്‍ നിരപരാധികളെ അഗ്നി ജ്വാലകള്‍ വിഴുങ്ങുന്നത് നോക്കിക്കാണുന്നു. അജയ്യനും സ്തുതീയനും ആകാശഭൂമികള്‍ക്കുടയവനുമായ സാക്ഷാല്‍ ദൈവത്തില്‍ വിശ്വസിച്ചു എന്നതുമാത്രമായിരുന്നു അവരുടെ കുറ്റം. അല്ലാഹു എല്ലാറ്റിനും സാക്ഷിയാകുന്നുണ്ടായിരുന്നു. താരരാശികള്‍ നിറഞ്ഞ വിണ്ണിനെയും സുനിശ്ചിതമായ ഉയിര്‍ത്തെഴുന്നേല്‍പുനാളിനെയും അതിന്റെ ദൃഷ്ടാന്തങ്ങളെയും ദൃഷ്ടാന്തങ്ങള്‍ ദര്‍ശിക്കുന്നവരെയുമൊക്കെ സാക്ഷികളാക്കിക്കൊണ്ടാണ് ഖുര്‍ആന്‍ ഈ ദുരന്തം അനുസ്മരിക്കുന്നത്. ഈ യാഥാര്‍ഥ്യങ്ങളെയൊന്നും വകവെയ്ക്കാത്തവരാണ് ഇത്തരം ക്രൂരകൃത്യങ്ങളിലേര്‍പ്പെടുന്നതെന്നാണതിന്റെ ധ്വനി.സത്യവിശ്വാസത്തിനെതിരെ ഇത്തരം രാക്ഷസീയ ചെയ്തികള്‍ അന്ത്യപ്രവാചകന് മുമ്പെന്ന പോലെ പില്‍ക്കാലത്തും നടന്നുവരുന്നുണ്ട്. അതിന്റെ രീതിയിലും ക്രമത്തിലും മാത്രമേ കാലം മാറ്റമുണ്ടാക്കിയിട്ടുള്ളൂ. തീക്കിടങ്ങുകള്‍ക്ക് പകരം തൂക്കുമരങ്ങളും തീ തുപ്പുന്ന തോക്കുകളും വന്നു. പൗരാണിക ധിക്കാരികള്‍ കുറ്റം ചുമത്തുന്നവരില്‍ സത്യസന്ധരായിരുന്നു. തങ്ങളുടെ മത- ദൈവവിശ്വാസങ്ങളില്‍ നിന്ന് ഭിന്നമായ വിശ്വാസം കൈക്കൊണ്ടു എന്നതായിരുന്നു അത്. ഇപ്പോള്‍ വിശ്വാസത്തെ ശിക്ഷാര്‍ഹമായ കുറ്റമായി ആരോപിക്കാന്‍ പൈശാചിക ശക്തികള്‍ക്കും സാധിക്കുന്നില്ല. വിശ്വാസികളുടെ പേരില്‍ വ്യാജ കുറ്റങ്ങള്‍ കെട്ടിച്ചമച്ചു ചുമത്തുകയാണ് പുതിയ രീതി. അത് സ്ഥാപിക്കാനും ശിക്ഷിക്കാനും ആരാച്ചാരന്‍മാരെ ന്യായാധിപരുടെ കരിങ്കുപ്പായമണിയിച്ച് നിയോഗിക്കുന്നു. ഇങ്ങനെ പഴയ തീക്കിടങ്ങിന്റെ പുതിയ രൂപത്തിലുള്ള ആവര്‍ത്തനം ഈജിപ്തിലും ബംഗ്ലാദേശിലും തകൃതിയായി അരങ്ങേറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സാക്ഷാല്‍ ദൈവത്തില്‍ ദൃഢമായി വിശ്വസിക്കുകയും അവന്റെ ഭൂമിയില്‍ അവന്റെ നീതി നടക്കണമെന്നാഗ്രഹിക്കുകയും ചെയ്തതാണ് ഈജിപ്തില്‍ ഇഖ്‌വാന്‍കാരും ബംഗ്ലാദേശില്‍ ജമാഅത്തുകാരും ചെയ്ത യഥാര്‍ഥ 'കുറ്റം'. അതുകൊണ്ട് തന്നെയാണ് ജാഹിലിയ്യാ ലോകം അതിനെ രഹസ്യമായി പ്രോല്‍സാഹിപ്പിക്കുന്നതും. തങ്ങള്‍ ചെയ്യേണ്ട ശത്രൂ നിഗ്രഹം ശത്രുക്കള്‍ സ്വയം ചെയ്യുന്നതിലുള്ള ആശ്വാസത്തിലാണവര്‍. സ്വേഛാധിപത്യത്തെയും സര്‍വ്വാധിപത്യത്തേയും ചോദ്യം ചെയ്യുന്ന ആദര്‍ശത്തെ വെടിയുണ്ട കൊണ്ടും തൂക്കുമരം കൊണ്ടും പിഴുതുകളയാമെന്ന് വ്യാമോഹിക്കുകയാണ് സ്വേഛാധിപതികള്‍. സത്യവിശ്വാസികളെ കൊന്നൊടുക്കാനേ തങ്ങള്‍ക്കു കഴിയൂ, വിശ്വാസത്തെ തോല്‍പ്പിക്കാനോ നശിപ്പിക്കാനോ ഒരിക്കലും കഴിയില്ലെന്ന് മര്‍ത്യകുലത്തിന്റെ ഇന്നോളമുള്ള ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് അവര്‍ കാണുന്നില്ല. സത്യം അനശ്വരമാണ്. അതിന്റെ വിത്ത് ഈ മണ്ണില്‍ എന്നും മരിക്കാതെ കിടക്കും. ശിശിരത്തിന് ശേഷം വീണ്ടും വസന്തം വിടരുകതന്നെ ചെയ്യും.
ഭദ്രമായ ഭരണ വ്യവസ്ഥയുടെ അടിസ്ഥാനോപാധിയാണ് ഭദ്രമായ ജുഡീഷ്യറി. ജനാധിപത്യ വ്യവസ്ഥയില്‍ ജനായത്ത ഭരണകൂടത്തിന്റെ മൂന്നാം തൂണാണത്. എക്‌സ്‌ക്യൂട്ടീവിനെയും അഡ്മിനിസ്‌ട്രേഷനെയും ജീര്‍ണത ബാധിക്കുമ്പോള്‍ അത് പരിഹരിക്കേണ്ട ഘടകമാണ് ജുഡീഷ്യറി. അതിന് സാധിക്കണമെങ്കില്‍ അതിന്റെ നൈതികതയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാനും ഭരണകൂടത്തിന്റെ ജീര്‍ണതകള്‍ക്കതീതമായി നിലകൊള്ളാനും കഴിയണം. ജീര്‍ണ്ണിച്ച ഭരണകൂടം ജുഡീഷ്യറിയെ അതിന്റെ കങ്കാണിയാക്കി മാറ്റാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ജുഡീഷ്യറി വഴങ്ങിക്കൊടുത്താല്‍ പിന്നെ ഏകാധിപത്യവും ജനാധിപത്യവും തമ്മില്‍ അന്തരമില്ലാതാകും. രണ്ടിലും ജനജീവിതവും അഭിലാഷങ്ങളും ചവിട്ടിമെതിക്കപ്പെടുന്നു. സൈനിക സ്വേഛാധിപത്യം നടമാടുന്ന ഈജിപ്തിലും ജനാധിപത്യഭരണം അവകാശപ്പെടുന്ന ബംഗ്ലാദേശിലും ഒരേ മട്ടില്‍ നിഷ്ഠുരനരമേധങ്ങള്‍ നടമാടുന്നത് അതിന്റെ ഉദാഹരണമാണ്.
പല മൂന്നാം ലോക രാജ്യങ്ങളിലും നടക്കുന്ന ജൂഡീഷ്യല്‍ പ്രഹസനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ജുഡീഷ്യറി കാഴ്ചവെക്കുന്നത്. നീതി തേടുന്ന പൗരന്റെ അവസാനത്തെ അത്താണി എന്ന പാരമ്പര്യം അത് ഏറക്കുറെ നിലനിര്‍ത്തുന്നുണ്ട്. അഴിമതിക്കാരെന്ന് തെളിഞ്ഞ അധികാരികളെ മന്ത്രി മന്ദിരങ്ങളില്‍ നിന്ന് ജയിലറകളിലേക്കയക്കാന്‍ നമ്മുടെ കോടതികള്‍ മടിക്കാറില്ല. ഭരണകൂടം കരിനിയമങ്ങളുപയോഗിച്ച് പിടികൂടി ജയലിലടച്ച് പീഡിപ്പിക്കുന്ന നിരപരാധികളെ കുറ്റമുക്തരെന്ന് കണ്ട് വിട്ടയക്കുന്നതിലും ഇന്ത്യന്‍ ജുഡീഷ്യറി ആര്‍ജ്ജവം കാണിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കോടതികളുടെ ഈ സ്വാതന്ത്ര്യവും നൈതിക പ്രതിബദ്ധതയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കപ്പെടേണ്ടതാണ്. നീതിന്യായ പ്രവര്‍ത്തകര്‍ക്കൊപ്പം ജനങ്ങളും അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇതര സ്തംഭങ്ങളെ ബാധിച്ച മൂല്യശോഷണം ക്രമേണ ജുഡീഷ്യറിയിലേക്കും പകരുക സ്വാഭാവികമാണ്. അത്തരം പ്രവണതകള്‍ വളരുന്നതിന്റെ സൂചനകള്‍ ദൃശ്യമാകുന്നത് ആശങ്കാജനകമാകുന്നു. ജഡ്ജിമാരില്‍ അഴിമതിക്കാരുണ്ടെന്ന് ഉന്നത ന്യായാസനങ്ങളിലിരിക്കുന്നവര്‍ തന്നെ പറയുകയുണ്ടായി. പണാപഹരണം മുതല്‍ സ്ത്രീപീഡനം വരെയുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന ജഡ്ജിമാരുണ്ട്. നിയമത്തിന് മുമ്പില്‍ പണക്കാരും പാവങ്ങളും തുല്യരാണെന്ന് കാണിക്കുന്ന വിഖ്യാതമായ പല വിധികളും നമ്മുടെ കോടതികളില്‍ നിന്നുണ്ടാവാറുണ്ട്. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ കീഴ്‌ക്കോടതി വിധിച്ച കുറ്റവും ശിക്ഷയും തള്ളിക്കളഞ്ഞുകൊണ്ട് കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധി, കോടതിയെ ബഹുമാനിച്ചുകൊണ്ട് അംഗീകരിക്കുമ്പോഴും അതിന്റെ അര്‍ഥം ഉള്‍ക്കൊള്ളാനാവാതെ അമ്പരക്കുകയാണ് ജനങ്ങള്‍. ജയലളിതയുടെ ധനശേഷിയും രാഷ്ട്രീയസ്വാധീനവും ഒരു രഹസ്യമല്ല. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകേണ്ടത് കര്‍ണാടക സര്‍ക്കാറാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അവരതിന് തയാറാകുമോ എന്ന് കണ്ടറിയണം.
Comments