ഹൃദയവാല്‍വുകള്‍ തുറക്കുന്നു ഓരോ യാത്രയും
ഹൃദയവാല്‍വുകള്‍ തുറക്കുന്നു
ഓരോ യാത്രയും
ഹുസൈന്‍ കടന്നമണ്ണയുടെ 'സഞ്ചരിക്കൂ ജീവിതത്തിന്റെ പൊരുളുകളിലേക്ക്' എന്ന ലേഖനം(ലക്കം: 2900) വായിച്ചപ്പോള്‍ സഞ്ചാരം മനുഷ്യ മനസ്സില്‍ സൃഷ്ടിക്കുന്ന ആന്ദോളനങ്ങള്‍ ചെറുതല്ലെന്ന് തോന്നി. അല്ലാഹുവിന്റെ സൃഷ്ടിവൈഭവങ്ങള്‍ നേരിട്ട് കാണാനുള്ള അവസരമാണല്ലോ യാത്ര. യാത്രയിലുടനീളം പാലിക്കേണ്ട ധാരാളം നിര്‍ദേശങ്ങള്‍ പ്രവാചകന്‍ അക്കമിട്ടു പറഞ്ഞതും അതുകൊണ്ടാകാം.
താന്‍ ജനിച്ചുവളര്‍ന്ന കൊച്ചുഗ്രാമത്തില്‍നിന്ന് പുറത്തെങ്ങും പോകാതെ വളര്‍ന്ന ഒരാളെക്കുറിച്ചോര്‍ക്കുക. അയാള്‍ എത്രവലിയ പണ്ഡിതനാണെങ്കിലും അയാളുടെ ജീവിത ശൈലികളില്‍ ഒരു ഇടുക്കം കാണാം, ഹൃദയം തുറക്കാത്തവനെപ്പോലെ. അയാള്‍ക്ക് അനുഭവപാഠങ്ങളില്ല. അതേസമയം പ്രൈമറി വിദ്യാഭ്യാസംപോലും നേടാത്ത ഒരു യാത്രികനെ പരിശോധിച്ചാല്‍ അയാള്‍ വിശാല മനസ്‌കനും പൊതുജ്ഞാനിയുമായിരിക്കും. യാത്രയില്‍ നമുക്കാസ്വദിക്കാന്‍ കാഴ്ചകള്‍ മാത്രമല്ല, അതിനപ്പുറം ഉള്‍ക്കാഴ്ചകളും തിരിച്ചറിവുകളും ലഭിക്കുന്നു. അറിവുണ്ടായത് കൊണ്ട് തിരിച്ചറിവുണ്ടാകണമെന്നില്ല. തിരിച്ചറിവ് ആര്‍ജിച്ചെടുക്കാനുള്ള കഴിവ് യാത്ര നമുക്ക് നല്‍കുന്നു.
'നാട് വിടുമ്പോഴാണ് വ്യക്തി സ്ഫുടം ചെയ്യപ്പെടുന്നത്. ഒഴുകുമ്പോഴാണ് വെള്ളം വൃത്തിയാവുന്നത്. സഞ്ചരിക്കുമ്പോഴാണ് ബാലചന്ദ്രന്‍ പൂര്‍ണചന്ദ്രനാകുന്നത്' എന്ന ഇമാം ശാഫിഈയുടെ വരികളില്‍ ചില പാഠങ്ങളുണ്ട്. വീട്ടില്‍നിന്ന് പുറത്തിറങ്ങാത്ത പിതാവ് അവിടെ പ്രശ്‌നക്കാരനാകും, കൂട്ടിലിട്ട കടുവയെപ്പോലെ. പുറത്തേക്ക് വിടാത്ത മക്കള്‍ ബ്രോയിലര്‍ കോഴികളെപ്പോലെ, തള്ളിയാല്‍ മാത്രം നീങ്ങുന്ന ജീവച്ഛവങ്ങളായിരിക്കും. അയല്‍ വീടുകളിലും ബന്ധുവീടുകളിലും പോകാതെ വീടുകളില്‍ ചടഞ്ഞുകൂടുന്നവര്‍ വെള്ളം കെട്ടിനിന്ന് മലിനമാകുന്നത് പോലെ ദൂഷ്യങ്ങള്‍ക്കടിപ്പെട്ടവരായിരിക്കും.
യാത്ര നമുക്ക് ത്രില്ല് നല്‍കുന്നു. ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ത്രാണിയേകുന്നു. കാണാത്ത നാടും നാട്ടുകാരും മലയും കുന്നും ചോലകളും കാടും കാട്ടാറും പുതിയ ലോകവുമായി സംവദിക്കാന്‍ നമുക്ക് അവസരം നല്‍കുന്നു. ഹൃദയത്തില്‍ അടിഞ്ഞുകൂടിയ അഹങ്കാരത്തിന്റെയും തിന്മയുടെയും അടിവേരറുത്തു മാറ്റാനുള്ള പ്രചോദനമാണ് യാത്ര നമുക്ക് നല്‍കുന്നത്. ''ഈ ഭൂമിയെ വിശാലമാക്കി വെച്ചതും അതിനെ പര്‍വതങ്ങള്‍കൊണ്ട് നങ്കൂരമിട്ടതും നദികളൊഴുക്കിയതും അല്ലാഹു മാത്രമാകുന്നു'' (ഖുര്‍ആന്‍). പര്‍വതങ്ങളെയും പട്ടണങ്ങളെയും നദികളെയും അരുവികളെയും കാടിനെയും കടലിനെയുമെല്ലാം ഖുര്‍ആന്‍ വര്‍ണിച്ചിരിക്കുന്നു. എന്തിനാണീ വര്‍ണനകള്‍? കേവലം വായിച്ചു തള്ളാനുള്ളവയല്ല അത്. സൃഷ്ടി വൈഭവങ്ങള്‍ കാണാന്‍ സാധിക്കുന്നവര്‍ കാണുകതന്നെ വേണം. കണ്ടവര്‍ അറിയുകയും, സ്വായത്തമാക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യട്ടെ.
കെ.വി ഖയ്യൂം,പുളിക്കല്‍
സ്വാമിയുടെ ഖുര്‍ആന്‍ വായന
സ്വാമി വിശ്വഭദ്രാനന്ദയുടെ 'വിശുദ്ധ ഖുര്‍ആന്‍ വായന'കള്‍ പുതിയ അനുഭവങ്ങളിലേക്കുള്ള വാതില്‍ തുറക്കലാണ്. ഖുര്‍ആന്റെ അര്‍ഥ ആശയ തലങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ അദ്ദേഹത്തിന്റെ പഠനം ചിന്തിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. സൂറ: അല്‍ ഫാത്തിഹയില്‍ വിശിഷ്യ ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം എന്ന സൂക്തത്തെ അധികരിച്ചുള്ള വായനകള്‍ ഗഹനമായിരുന്നു. മറ്റു മതദര്‍ശനങ്ങളെ കൂടി ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ 'ഫാത്തിഹയുടെയും ബിസ്മി'യുടെയും മാധുര്യം ഒന്നുകൂടി വര്‍ധിപ്പിച്ചിട്ടുണ്ട്.
കെ.കെ ഹമീദ് മനക്കൊടി, തൃശൂര്‍
സംഘടനാ ശാഠ്യങ്ങളാണ് നമ്മള്‍ നേരിടുന്ന പ്രയാസം
പ്രബോധനത്തില്‍ എ. അബ്ദുസ്സലാം സുല്ലമിയുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം വായിച്ചു. കേരളീയ മുസ്‌ലിം സമൂഹത്തില്‍ പൗരോഹിത്യം നട്ടുവളര്‍ത്തിയ അന്ധവിശ്വാസവും യാഥാസ്ഥിതികതയും ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പുകള്‍ മറികടന്ന് കുറെക്കൂടി പുരോഗമനപരമായി ഇസ്‌ലാമിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആദ്യകാല മുജാഹിദ് പണ്ഡിതന്മാര്‍. അവരില്‍ ഏറെ പ്രമുഖനായ എ. അലവി മൗലവിയുടെ പുത്രനായ എ. അബ്ദുസ്സലാം സുല്ലമി പ്രഭാഷണ ചാതുരിയിലും ധിഷണയിലും ഏറെ മുമ്പില്‍ നടക്കുന്ന പണ്ഡിതനാണ്. സംഘടനാ ശാഠ്യങ്ങളില്ലാത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ എല്ലാ സംഘടനകള്‍ക്കും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കും പാഠമാകേണ്ടതാണ്. മിക്ക സംഘടനകളും സംഘടനാ ശാഠ്യത്തിന്റെ കാര്യത്തില്‍ സഹിഷ്ണുതയും സൗഹാര്‍ദവും ദൂരെ മാറ്റിനിര്‍ത്തിയിരിക്കുന്നു. സംഘടനാ നേതാക്കളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വൈമനസ്യം കാണിക്കുന്ന സംഘടനാ നേതൃത്വം മുതല്‍ താഴെ തട്ടില്‍ തന്റെ സംഘടനയില്‍ പെട്ടതല്ലാത്തവരുടെ കല്യാണം, മരണം, മറ്റു ചടങ്ങുകള്‍ എന്നിവയില്‍ നിന്ന് വിട്ടകന്ന് നില്‍ക്കുന്ന സംഘടനാശാഠ്യം എതിര്‍ക്കപ്പെടേണ്ടതാണ്.
ഞാന്‍ ശരി, മറ്റുള്ളവരെല്ലാം തെറ്റ് എന്ന നിലപാട് ഇസ്‌ലാം പ്രോത്സാഹിപ്പിച്ചതോ പഠിപ്പിച്ചതോ അല്ല. തന്നിലിലില്ലാത്ത ശരി മറ്റുള്ളവരിലുണ്ടാകുമെന്ന് പഠിക്കുന്നതാണ് സഹിഷ്ണുത. തന്റെ തെറ്റ് സ്വയം അംഗീകരിക്കാന്‍ കഴിയാത്തതിന്റെ പേരാണ് ധിക്കാരം. ഇത് വളര്‍ന്ന് വ്യക്തിതലത്തിലും സംഘടനാതലത്തിലും ചേരിതിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. മുസ്‌ലിം സംഘടനകളുടെ ചേരിതിരിവിന് സംഘടനാ ശാഠ്യം ഉള്‍പ്രേരകമായി വര്‍ത്തിച്ചു എന്നതാണ് വര്‍ത്തമാനകാല മുസ്‌ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രയാസങ്ങളിലൊന്ന്. സംഘടനാ ശാഠ്യത്തിനതീതമായി സ്വന്തം നിലപാടുകള്‍ വിളിച്ചുപറയുന്നവരാണ് യഥാര്‍ഥ നേതാക്കളും പ്രവര്‍ത്തകരും. ഇക്കാര്യത്തില്‍ എ. അബ്ദുസ്സലാം സുല്ലമി മാതൃക സൃഷ്ടിച്ചിരിക്കുന്നു.
എന്‍.പി അബ്ദുല്‍ കരീം
എന്തുകൊണ്ട് ബിലെയാം
മനസ്സിന്റെ അടിത്തട്ടിലേക്ക് ചൂണ്ടുന്ന ചില വിരലുകള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. അതിലൊന്നാണ് സൂറ അല്‍അഅ്‌റാഫിലെ 175-ാമത്തെ സൂക്തം. ബിലെയാമിന് സംഭവിച്ചത് സ്ത്രീ ദൗര്‍ബല്യത്തില്‍നിന്ന് പിണഞ്ഞ അപകടമാണെന്ന് പലരും എഴുതിയിട്ടുണ്ടെങ്കിലും ഖുര്‍ആന്‍ വെറും ഒരു പ്രശ്‌നത്തില്‍ ആ സംഭവം ഒതുക്കിയിട്ടില്ല.
ജമാല്‍ കടന്നപ്പള്ളി ഒരിക്കല്‍ കൂടി ബിലെയാമിനെ ഓര്‍ത്തപ്പോഴും(ലക്കം: 2901) അത് സ്ത്രീവിഷയത്തില്‍ മാത്രം ഒതുങ്ങിപ്പോയി. ഖുര്‍ആന്‍ ഉയര്‍ത്തുന്ന പല മഹാസംഭവങ്ങളും ഇങ്ങനെ ചുരുങ്ങിപ്പോകാറുണ്ട്. സംഭവം സ്ത്രീവിഷയവും ആവാം എന്നുമാത്രം. സ്വാര്‍ഥതയും സാമൂഹികതയും തമ്മിലെ പോരാട്ടത്തില്‍ സാമൂഹികത പരാജയപ്പെടുകയും സ്വാര്‍ഥത വിജയിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ പ്രശ്‌നം. ഓരോ മനുഷ്യനും ഉള്ളിന്റെയുള്ളില്‍ പോറ്റുന്നതും ഒളിച്ചു സൂക്ഷിക്കുന്നതുമായ സ്വകാര്യ തിന്മ ഒരു യാഥാര്‍ഥ്യമാണ്. പക്ഷേ, സാമൂഹികതയുടെ സംസ്‌കരണമെന്ന മെക്കാനിസത്തില്‍ പതുക്കെപ്പതുക്കെ പ്രപഞ്ചനാഥനോട് പ്രാര്‍ഥിച്ചു കൊണ്ടും, ഇഛാശക്തിയോടെ തൂത്തെറിയാന്‍ കരുത്തുകാണിച്ചുകൊണ്ടുമാണ് അതില്‍നിന്ന് മോചിതനാവേണ്ടത്.
അസുഖ ബാധിതനായ സന്ദര്‍ഭത്തില്‍ ചീത്തപറയാന്‍ പ്രേരിപ്പിക്കുന്ന ഘട്ടത്തില്‍ അയ്യൂബ് നബി സാധിച്ച പോസിറ്റീവ് ഇഛാശക്തി, ഒരു യുവതി എന്തൊക്കെ പ്രലോഭനങ്ങളില്‍ വീഴ്ത്താന്‍ ശ്രമിച്ചിട്ടും ആ കെണിയില്‍ വീഴാതെ യൂസുഫ് നബി സാധിച്ച വിപ്ലവവീര്യം, ചെറുപ്പത്തില്‍ ആശ്രയമാവേണ്ട പിതാവിനെയും പ്രായമായപ്പോള്‍ ആശ്രയമാവേണ്ട പുത്രസംരക്ഷണത്തെയും പുല്ലുപോലെ തട്ടിക്കളഞ്ഞ ഇബ്രാഹിം നബിയുടെ കരളുറപ്പ്, ഇങ്ങനെ നിരവധി സംഭവങ്ങളെ നങ്കൂരമാക്കി അതില്‍ പിടിച്ചു രക്ഷപ്പെടാന്‍ ഖുര്‍ആന്‍ തന്നെ വഴികാണിക്കുന്നുണ്ട്. ജീവിത വഴിയില്‍ പരാജയപ്പെടുകയും തളര്‍ന്നു വീഴുകയും ചെയ്യുന്ന ബിലെയാമുകള്‍ക്ക് രക്ഷപ്പെടാന്‍ ഒരോര്‍മപ്പെടുത്തലായി ജമാല്‍ കടന്നപ്പള്ളിയുടെ ലേഖനം. ഭാവുകങ്ങള്‍.
കെ.കെ ബഷീര്‍ ഐല്‍ഐന്‍, യു.എ.ഇ
ശഹീദ് ഖമറുസ്സമാന്റെ അവസാന നിമിഷങ്ങള്‍
''ശഹീദ് ഖമറുസ്സമാന്റെ അവസാന നിമിഷങ്ങള്‍'' എന്ന കുറിപ്പ് (ലക്കം: 2901) വായിച്ചപ്പോള്‍ ശരിക്കും തരിച്ചുപോയി. പത്രങ്ങളിലൂടെയും മറ്റും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം അറിഞ്ഞിരുന്നെങ്കിലും ഇത് വായിച്ചപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. തൂക്കുകയര്‍ ഒരുക്കിയ പ്ലാറ്റ്‌ഫോമിലേക്ക് അദ്ദേഹം ഓടിക്കയറിയ ആ ഭാഗം വായിച്ചപ്പോള്‍ ശരിക്കും അവരൊക്കെ എത്രത്തോളമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
റാഷിദ് പുറത്തൂര്‍
Comments